സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



എഴുതാപ്പുറങ്ങള്‍ !

April 04, 2010 സുരേഷ് ബാബു

ജയില്‍ വരാന്തയിലെ തൂണില്‍ തല ചാരി അയാള്‍ വെറുതെ പുറത്തേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്നു. വെട്ടം പരന്നിട്ട് അധികനേര മായിട്ടുണ്ടായിരുന്നില്ല ...സെല്ലിന് മുന്നിലെ ഒട്ടു മാവിന്‍റെ ഇലകള്‍ക്കിടയിലൂടെ അരിച്ചു വന്ന സൂര്യ വെളിച്ചം അയാളുടെവലത്തേ കവിളിലേക്കു അനുവാദം കാക്കാതെ എത്തിനോട്ടം നടത്തി .

അയാള്‍ തല നിവര്‍ത്തി ചുറ്റും നോക്കി. ഇന്നത്തെ പുലരിക്ക് ഒര് പ്രത്യേക ഉണര്‍വ് തോന്നുന്നുണ്ടോ?
എന്ത് പ്രത്യേകത ...തനിക്കു വെറുതെ തോന്നുന്നതാവും ....അല്ലെങ്കിലം തടവറയിലെ പ്രഭാതങ്ങള്‍ക്ക് എന്ത് വ്യതിയാനങ്ങള്‍ ....
നാല് ചുമരുകള്‍ക്കിടയിലെ വരണ്ട നിശ്വാസങ്ങള്‍ക്ക് കൂട്ടായി നിമിഷ സൂചികളുടെ ചലനങ്ങള്‍ക്കൊപ്പം കൃത്യമായ ഇടവേളകളില്‍ മുറ തെറ്റാതെ രാവും പകലും കാലത്തിന്റെ പ്രയാണത്തിന് സാകഷ്യം വഹിക്കുന്നു . അതിനപ്പുറം ദിവസ കാഴ്ചകളുടെ വേഷപ്പകര്‍ച്ചകള്‍ അഴികള്‍ക്കു പിന്നിലെ ചുമരുകള്‍ക്കന്യം തന്നെ. ഋതു ഭേദങ്ങളുടെ പകര്‍ന്നാട്ടം ഒരു വലിയ മതില്‍ക്കെട്ടിനു പുറത്തു മടിച്ചു നില്‍ക്കുന്നു . ഒന്നോര്‍ത്താല്‍ അദ്ഭുതം തോന്നും ..നിഴലുകള്‍ക്ക് ചലനമറ്റ ഈ കറുത്ത തീരത്തിന് പുറത്തു ഭ്രാന്ത വേഗതയില്‍ സദാ ചലിക്കുന്ന ഒരു വലിയ ലോകം. പിടി തരാതെ കുതറിയോടുന്ന സമയ രഥത്തെ പിന്തുടര്‍ന്ന് തളര്‍ന്നു വീഴുന്നവരുടെ തീരം.

"എന്താ വാസൂ രാവിലെ തന്നെ ചിന്താവിഷ്ടനായ ശ്യാമളനെപ്പോലെ "...
വെളുക്കെ ചിരിച്ചു കൊണ്ടു ഹെഡ് കോണ്‍സ്‌റ്റബിള്‍ ശേഖരന്‍ നായര്‍ അയാളുടെ അടുത്തേക്ക് വന്ന്ചോദിച്ചു.
വികാരങ്ങള്‍ തണ്ത്തു ഘനീഭവിച്ചു കിടക്കുന്ന ഇത് പോലോരിടത്ത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ചില മാനുഷിക സംവേദനങ്ങള്‍ ... ഉള്ളു തുറന്നൊരു ചിരിയും, വെറുതെയുള്ളോരു കുശലാന്വേഷണവും.

"ഒന്നുമില്ല സാര്‍ ....വെറുതെ ഓരോന്നാലോചിച്ച് അങ്ങനെ" ....
"ആ,... ഇന്നൂടെ മതിയല്ലോ ഈ ആലോചന......
നാളെ മുതല് ശുദ്ധ വായൂ ശ്വസിച്ചു തുടങ്ങാല്ലോ..
എല്ലാരും ഫീല്‍ഡിലേക്ക് പോയല്ലോ...നീ പോരുന്നില്ലേ ....?"
"ഇല്ല സര്‍ ...ഇന്നിറങ്ങണ്ടാന്നു വാര്‍ഡന്‍ സാറ് പറഞ്ഞിരുന്നു"....
"ഓഹോ കരിം ഭൂതം അങ്ങനൊരു സൗജന്യം കനിഞ്ഞു നല്‍കിയോ ...
അതിശയം തന്നെ ..ഇന്ന് കാക്ക മലന്നു പറന്നേക്കും"..

ജയില്‍ വാര്‍ഡന്‍ ഐസക് ചാക്കോയുടെ തടവ്‌ പുള്ളികള്‍ക്കിടയിലെ വട്ടപ്പേരാണ് കരിം ഭൂതം ...
രൂപം കൊണ്ടും ഏറെക്കുറെ പെരുമാറ്റ ഗുണം കൊണ്ടും അങ്ങോര്‍ക്ക് ആ പേര് നന്നായി ഇണങ്ങും
"ഞാനും വരട്ടെ സാര്‍ ..
ഇവിടെ ഇങ്ങനെ വെറുതെ ഇരുന്നാല്‍ ഓരോന്നാലോചിച്ച് കൂട്ടി ശ്വാസം മുട്ടും"..
"അത് വേണ്ട വാസൂ ..അയാള് വേണ്ടാന്നു പറഞ്ഞതല്ലേ ..വെറുതെ രാവിലെ തന്നെ ഭൂതത്തിന്റെ മൂഡു കളയണ്ട ...ചെലപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തേക്കും ...ഞാന്‍ ഫീല്‍ഡിലൊന്നു കറങ്ങീട്ടു വരാം...
ശരി എന്നാല്‍ നീ അകത്തോട്ടു നടന്നോ" ....
അതും ഒരു കണക്കിനു ശരിയാണ് ...അയാള് എപ്പോ എങ്ങനാ പെരുമാറുന്നേന്നു ദൈവത്തിനേ അറിയൂ ...
വാസു പതുക്കെ തിരിഞ്ഞു സെല്ലിനുള്ളിലേക്ക് നടന്നു ....
ശേഖരന്‍ നായര്‍ സെല്ല് പൂട്ടി പുറത്തേയ്ക്കും.

അയാള്‍ രണ്ട് അതിര്‍ വരമ്പുകള്‍ക്കിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും കുറെ നടന്നു ....ഒടുവില്‍ സെല്ലിന്‍റെ മദ്ധ്യത്തില്‍ ഭിത്തിയോട് ചേര്‍ന്ന് ഊര്‍ന്നിരുന്നു.ആ ഇരിപ്പില്‍ മുറിവുണങ്ങാത്ത ഓര്‍മകളില്‍ നീറി മനസ്സ് ഏഴു കൊല്ലം പുറകോട്ടു നടന്നു ...മനസ്സ് കൈ വിട്ട ഏതോ ഒരു നിമിഷം വിചാരം വികാരത്തിന് വഴി മാറിപ്പോയി ..ഒരു നിമിഷത്തിന്റെ എന്ന് പറയാന്‍ കഴിയുമോ ?..ഇല്ലാ ദിവസങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ ഞൊടിയിട തെറ്റാത്ത കരു നീക്കങ്ങളിലൂടെ തന്നെയാണ് അത് സംഭവിച്ചത്...ഇരുട്ടിന്റെ മറവില്‍ ഇട വഴിയിലെ കുറ്റിക്കാട്ടില്‍ നിന്നും ചാടി വീഴുകയായിരുന്നു ...വല്ലാത്തോരാവേശത്തില്‍ വലതു കൈ ഉയര്‍ന്നു താണു ...ചീവീടുകളുടെ നിലവിളികള്‍ക്കിടയില്‍ പള്ള തുരന്ന് പിച്ചാത്തിപ്പിടിയോളം ആഴം അളന്നപ്പോള്‍ ..ദിവാകരന്‍ ഒരു തവണ അലറി വിളിച്ചു ..പിന്നെ അതൊരു ഞരക്കത്തിനു വഴി മാറി ...
"എന്നേ കൊല്ലല്ലേ വാസൂ" ......
ഇര വേട്ടക്കാരനെ തിരിച്ചറിഞ്ഞ നിമിഷം ..വാക്കുകള്‍ക്കപ്പുറം പറഞ്ഞറിയിക്കാനാവാത്ത ഒരു നിര്‍വൃതിയില്‍ മനസ്സ് ഇളകി മറിഞ്ഞു .. ഇന്നും തെല്ലും കുറ്റ ബോധം അലട്ടുന്നില്ല. സ്വന്തം മകളെ ജീവന് തുല്യം സ്നേഹിച്ച ഒരച്ഛനും മറിച്ച് ചിന്തിക്കുമെന്ന് തോന്നാനാവുന്നുമില്ല ....


റേഷന്‍ കടക്കാരന്‍ ദിവാകരനും കുടുംബവും തങ്ങള്‍ക്കു അന്യരായിരുന്നില്ല ..അതിനപ്പുറം ഒരു വിളിപ്പാടകലെ എന്തിനും ഏതിനും നേരവും കാലവും നോക്കാതെ ആശ്രയിക്കാവുന്ന നല്ല അയല്‍ക്കാര്‍ ..തങ്ങള്‍ അവര്‍ക്ക് തിരിച്ചും അങ്ങനെ തന്നെയായിരുന്നു ..എന്നിട്ടും അവനതു ചെയ്തു ..ദൈവത്തിനു നിരക്കാത്ത കൊടും പാതകം .എന്‍റെ യമുന മോളെക്കാള്‍ രണ്ട് വയസ്സേ കുറവുണ്ടായിരുന്നുള്ളൂ അവന്‍റെ മോള്‍ക്കും ..എന്നിട്ടും അവനതിനു കഴിഞ്ഞൂന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ആദ്യമൊന്നും. . ഇട വഴിയിലെ പൊന്തക്കാടിനുള്ളില്‍ തണുത്തു മരവിച്ച് പിച്ചി ചീന്തിയ കുഞ്ഞു ശരീരം ..ഒന്നേ നോക്കിയുള്ളൂ ..തളര്‍ന്നു വീണുപോയി ..... വലിയൊരു ദുരന്തത്തില്‍ നിന്ന് പഴയ ജീവിതത്തിലേക്ക് താനും , രമണിയും തിരിച്ചു വന്നത് മാസങ്ങള്‍ക്ക് ശേഷമാണ്.

ദിവാകരന്‍ ജാമ്യത്തിലിറങ്ങിയ നാള്‍ മുതല്‍ ദിവസങ്ങളെണ്ണി കഴിയുകയായിരുന്നു ...ദിവസം കഴിയും തോറും പകയുടെ കനലുകള്‍ തീനാളമായ് മനസ്സില്‍ പടര്‍ന്നു തുടങ്ങിയിരുന്നു . രമണി പോലും ചിന്തകളില്‍ നിന്ന് മാറി നിന്ന ദിവസങ്ങളിലൊന്നായിരുന്നു അത് നടന്നത് ...പേയ് പിടിച്ച നായെപ്പോലെയുള്ള പരക്കം പാച്ചിലിനു തല്‍ക്കാലത്തേക്കെങ്കിലും ഒരറുതി വന്നു.. കാണാത്തൊരു ലോകത്തിരുന്നു എന്‍റെ യമുന മോളുടെ ആത്മാവ് 'എനിക്ക് തൃപ്തിയായച്ഛാ' എന്ന് പറയുന്നുണ്ടായിരുന്നു........ അല്ലെങ്കില്‍ അങ്ങനെ മനസ്സിനെ വിശ്വസിപ്പിച്ചു ..വിലങ്ങണിഞ്ഞ കൈകളുമായി പോലീസ് ജീപ്പിലിരിക്കുമ്പോള്‍ വീണ്ടും രമണി തനിച്ചായി എന്ന ചിന്ത മനസ്സിനെ അലട്ടി തുടങ്ങിയിരുന്നു . എന്നാല്‍ ഇത്തവണ അവള്‍ അലറി വിളിച്ചില്ല ..തളര്‍ന്നു വീണുമില്ല....പൊടി പടര്‍ത്തി കണ്‍ മുന്നില്‍ നിന്നകലുന്ന വാഹനം നോക്കി വരണ്ട കണ്ണുകളുമായി മരവിച്ചു നിന്നു..

"വാസുവേട്ടോ ..പോകാനുള്ള സന്തോഷത്തില്‍ ഊണും വേണ്ടെന്നു വെച്ചോ "..

പുറത്തു നിന്നും കുട്ടന്റെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്‌ ....
അവനും ഒരു ജീവ പര്യന്തത്തിന്റെ പാതയില്‍ തന്നെ ...
മറ്റാരോ ചെയ്ത പാതകത്തിന്റെ പാപം പേറി ...ഇവിടെ എത്തപ്പെട്ടവന്‍ ..
ഇവിടെ ഉള്ളവരില്‍ ചിലരെങ്കിലും ഏതാണ്ടിത് പോലൊക്കെ തന്നെ ..
നീതി പീഠത്തിന്റെ തിമിരം ബാധിച്ച കണ്ണുകള്‍ ഒപ്പിയെടുത്ത നിഴല്‍ ചിത്രങ്ങളില്‍ ജീവിതം ഇരുമ്പഴികള്‍ക്ക് പിന്നിലേക്ക്‌ തളളിയിടപ്പെട്ടവര്‍ . വിധിയെ പഴിച്ച് ഇവിടെ കാലം കഴിക്കുന്നവര്‍..
ഇടയ്ക്ക് , "ഞാനത് ചെയ്തിട്ടില്ലാന്നു' വിളിച്ചു കൂവി ..പിന്നെ നിസ്സഹായതയുടെ നിശ്വാസങ്ങളില്‍ തളര്‍ന്നു വീഴുന്നവര്‍....

സെല്ലിന്‍റെ മൂലയില്‍ നിന്നും കഞ്ഞിപ്പാത്രവും എടുത്ത് അയാള്‍ മെസ്സിലേക്ക് നടന്നു....
രാത്രി തീരെ ഉറക്കം കിട്ടിയില്ല....പുറത്തിറങ്ങാനുള്ള സന്തോഷം കൊണ്ടായിരുന്നില്ല . മറിച്ച് ഒരു തരം വീര്‍പ്പു മുട്ടല്‍.
അതി രാവിലെ തന്നെ പല്ല് തേപ്പും കുളിയുമെല്ലാം കഴിച്ചു ..പിന്നെയും നീണ്ട കാത്തിരുപ്പ് ഒന്‍പതു വരെ നീണ്ടു. തടവ്‌ പുള്ളികളില്‍ പലരും ഫീല്‍ഡിലേക്ക് പോകും മുന്‍പ് കാണാന്‍ വന്നിരുന്നു.

"വാസൂവേട്ടാ.. .ഇനിയൊരു കണ്ട് മുട്ടല്‍ ഉണ്ടായെന്നു വരികില്ലാ...
എന്തായാലും ഇതിനുള്ളില്‍ വെച്ച്‌ വീണ്ടുമൊരു കൂടിക്കാഴ്ച ........;ദൈവം അതിനൊരിക്കലും ഇട വരുത്താതിരിക്കട്ടെ"..
അത് പറയുമ്പോള്‍ കുട്ടന്റെ ശബ്ദം ഇടറിയിരുന്നു ....
"നിന്റെ ചേട്ടനോട് അപ്പീലിന് പോകാന്‍ പറയണം ..
നീ ചെറുപ്പമാണ് ..ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്..എന്‍റെ കൂട്ടല്ല
ഒരു നീണ്ട ജീവിതം നിന്റെ മുന്നില് ബാക്കിയാണ് .....ഇപ്പൊ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ".....
അയാളുടെ വാക്കുകള്‍ പാതി വഴിയില്‍ മുറിഞ്ഞു ......

മ് ..മം ..അവന്‍ വെറുതെ മൂളി ....

"എന്തെങ്കിലുമാകട്ടെ വാസുവേട്ടാ ....അല്ലെങ്കീ ..ഇപ്പൊ ഇവിടെന്താ ഒരു കുറവ് ..നേരം തെറ്റാണ്ട് കഴിക്കാന്‍ കിട്ടുന്നില്ലേ ...തല ചായ്ക്കാന്‍ ഇത്രയും സുരക്ഷിതമായ ഒരിടം വേറെ പുറത്തു കിട്ടുമോ ...ഒന്നോര്‍ത്തു നോക്കിക്കേ ...പിന്നെന്താ ....ഇന്നലകളെ മുഴുവന്‍ മനസ്സിന്റെ പുറമ്പോക്കില്‍ കുഴി കുത്തി മൂടി,...നാളെയെന്ന സ്വപ്നത്തിനു മീതെ ഒരു കറുത്ത പുതപ്പു വലിച്ചു വിരിച്ചിട്ടു .......അങ്ങനങ്ങനെ ............."
അവന്‍ തിരിഞ്ഞു നടന്നു തുടങ്ങിയിരുന്നു ..........
വാസുവിന്റെ മിഴികള്‍ നനഞ്ഞ്...കവിളിലേക്കു ചാല് കീറി.........

"വാസുവേ.... നിന്നെ വിളിക്കുന്നുണ്ട്"....
സെല്ല് തുറന്നു കൊണ്ടു കോന്‍സ്റ്റബിള്‍ ഗോപാലന്‍ പറഞ്ഞു ...
വാര്‍ഡന്റെ മുന്നില്‍ രജിസ്റ്റര്‍ ഒപ്പ് വെച്ച്‌ നിവര്‍ന്നു ...
അയാള്‍ അല്‍പ്പ നേരം വാസുവിന്റെ മുഖത്തേയ്ക്കു നോക്കി ....വികാരങ്ങളുടെ പ്രതിഫലനങ്ങള്‍ ഒന്നുമില്ലാത്ത പതിവ് നോട്ടം ...
"മ് മം ...ആരേലും വരുമോ കൂട്ടാന്‍ "?..
"ഇല്ല സാര്‍ .".
"ആരേം അറിയിച്ചിട്ടില്ല "........

"ശേഖരന്‍ നായരേ".....
അയാള്‍ നീട്ടി വിളിച്ചു ...
" സാര്‍ "..
അയാള്‍ അവിടേക്ക് വന്നു ചോദിച്ചു ..
"ഇനി പ്രത്യേകിച്ച് ഫോര്‍മാലിട്ടീസ്."........?
"ഒന്നു മില്ല സാര്‍ ..
എല്ലാം പതിവ് പോലെ.".
"എന്നാ പിന്നെ പൊയ്ക്കോട്ടേ "....
വാസു വാര്‍ഡനു നേര്‍ക്ക്‌ കൈ കൂപ്പി ..
അയാളില്‍ നിന്ന് അതിനു പ്രത്യേകിച്ചൊരു പ്രതികരണമുണ്ടായില്ല .....

അവിടുന്ന് പുറത്തിറങ്ങി നടക്കാന്‍ തുടങ്ങവേ ശേഖരന്‍ നായര്‍ പറഞ്ഞു..
"ഒന്നും മനസ്സില്‍ വെയ്ക്കണ്ട വാസ്വേ.....
ജീവിതത്തിലെ ഒരിരുണ്ട കാലം കഴിഞ്ഞൂന്ന് കരുതിയാ മതി ...
ഓരോരോ പരീക്ഷണങ്ങള്‍ .. അല്ലാണ്ടെന്താ."...
അയാള്‍ തല കുലുക്കി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു ...

കവലയില്‍ ബസ്സിറങ്ങുമ്പോള്‍ കാലുകള്‍ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു..
വീട്ടിലേക്കുള്ള വഴിയെ തല കുനിച്ചു നടക്കുമ്പോള്‍ അയാള്‍ക്ക്‌ വല്ലാത്ത അസ്വസ്ഥത തോന്നി ..
ഒരു പാട് നടന്ന വഴികളില്‍ ഒരപരിചിതനെപ്പോലെ അയാള്‍ നടന്നു ....
"വാസ്വേ ".....
നീട്ടിയുള്ള വിളി കേട്ട് അയാള്‍ നിന്നു.
പുറകീന്ന് തോളില്‍ കൈ വെച്ച്‌ ചായക്കടക്കാരന്‍ നാരായണന്‍ ..
"നിന്നെ വിട്ടോ"?
"അതോ പരോളാണോ"?
"അല്ല നാരായണ ..ശിക്ഷ കഴിഞ്ഞു ".
"എന്നാലും വാസൂ ..നിന്റെ ഒരു വിധി "...........
അയാള്‍ മറുപടിക്ക് നില്‍ക്കാതെ നടന്നു തുടങ്ങിയിരുന്നു ...
പിന്നെയും ചില പഴയ മുഖങ്ങള്‍ പരിചയം പുതുക്കി..
എല്ലാര്‍ക്കും സഹതാപത്തിന്റെ ഒരേ മുഖം..
എല്ലാ വായില്‍ നിന്നും ഒരേ ചോദ്യവും ..
'വിട്ടതാണോ ..അതോ'?
ജയിലിനുള്ളിലെ ചില നിമിഷങ്ങളിലെ അതേ വീര്‍പ്പുമുട്ടലില്‍ വാസു പുളഞ്ഞു ...

വീട്ടിലേക്കുള്ള ഇടവഴിയില്‍ എത്തിയപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു....
പതുക്കെ മഴയുടെ ശക്തി കൂടി വന്നു..
പിന്നെ വീണ്ടും ചെറു ചാറ്റലിലേക്ക് ഗതി മാറി .
മുറ്റത്തേയ്ക്ക് കയറുമ്പോഴേക്കും രമണി ഓടിയെത്തിയിരുന്നു ..
"എന്‍റെ ദൈവമേ .!...
വന്നോ..
കഴിഞ്ഞ മാസം കാണാന്‍ വന്നപ്പോഴും ഒന്നും പറഞ്ഞില്ലാല്ലോ" !.....
"മം ....അതിനു ശേഷമാ അറിഞ്ഞത് ".
"ന്നിട്ട് ..എന്നേ അറീച്ചില്ലല്ലോ."..
"നീ പിന്നെ അതുമോര്‍ത്തോണ്ടിരിക്കും."..
അതാ വേണ്ടാന്നു വെച്ചേ ..
"അല്ലേങ്കി...ഞാന്‍ ഓര്‍ക്കാണ്ടാ "..?
അവരുടെ കണ്ണു നിറഞ്ഞു തുടങ്ങിയിരുന്നു ...
"നിങ്ങളെന്തേലും കഴിച്ചോ ?
ഞാന്‍ ഇച്ചിരി ചായക്ക്‌ വെള്ളം വെക്കട്ടെ .."
രമണി അടുക്കളേലേക്ക് നടന്നു..

അയാള്‍ പുറത്തേയ്ക്കിറങ്ങി ...
കാലുകള്‍ അറിയാതെ തെക്കേ കുഴിമാടത്തിലേക്ക് നീങ്ങി ..........
അവിടെ നില്‍ക്കുമ്പോള്‍ നെഞ്ചിലൂടെ ഒരു തീ പടര്‍ന്നു താഴേക്കിറങ്ങുന്ന പോലെ....
"മോ ...ളേ "..
അയാളില്‍ നിന്നും ഒരു തേങ്ങല്‍ വിറകൊണ്ടു പുറത്തേയ്ക്ക് വന്നു ...
എത്ര നേരം ആ നില്‍പ്പ് തുടര്‍ന്നൂന്നു അറിയില്ലാ ....
"ചാറ്റ മഴയുണ്ട് ....നനയാന്‍ നില്ക്കണ്ടാ "......
രമണിയുടെ വിളി കേട്ടാണ് ഞെട്ടി തിരിഞ്ഞത് ...
അവര്‍ ചായ ഗ്ലാസ്സുമായി അയാള്‍ക്കരികിലേക്കു വന്നു ...
അപ്പോഴാണയാള്‍ ശ്രദ്ധിച്ചത് .....വരാന്തയില്‍ തൂണിനു പകുതി മറഞ്ഞ് ..ഒരു പാവാടക്കാരി ....
അയാള്‍ ചുളിഞ്ഞ മുഖത്തോടെ രമണിയെ നോക്കി..
"അറിയാമോ അവളേതാന്ന്.".?
അയാള്‍ വീണ്ടും ആ പെണ്‍കുട്ടിയെ നോക്കി ....
പിന്നെ ചോദ്യ ഭാവത്തില്‍ രമണിയേയും..?
ദിവാകരന്റെ മോളാ !..
ശാലിനി ..
അന്നത്തേനു ശേഷം മാലിനീം ഈ കൊച്ചും ഒരു പാട് കഷ്ടപ്പെട്ടു....
അവള്‍ക്കു വീട്ടുകാരെന്നു പറയാന്‍ പണ്ടേ ആരുമില്ലാരുന്നല്ലോ..
ദിവാകരന്റെ വീട്ടുകാരും പതിയെ തിരിഞ്ഞു നോക്കാണ്ടായി ....
ഇതിനെടേല് എന്തോ ദീനമായിട്ട് മാലിനി ആശുപത്രീലായി ....
ഡോക്ടറന്‍മാര് ചികിത്സിച്ച കൂട്ടത്തില് എന്തോ ചില സംശയം വന്ന് രക്തം പരിശോധിക്കണമെന്നോ മറ്റോ പറഞ്ഞു ....പിന്നെ നാട് മുഴുവന്‍ പരന്നത് അവള്‍ക്കു എയിഡ്സ്‌ ആന്നാ ....
ഭേദമായി തിരിച്ചു വന്നിട്ടും അവരെ ജീവിക്കാന്‍ അനുവദിച്ചില്ല ചില എമ്പോക്കികള്...
അത്രയ്ക്ക് മനസ്സാക്ഷിയുള്ളവരല്ലേ ഇവിടുത്തുകാര് ...
പിന്നീട് ഇതുങ്ങളനുഭവിച്ചത് നോക്കുമ്പോ .........
ചെലപ്പോ എനിക്ക് തോന്നും നമ്മളെക്കാളും നരകിച്ചത് ഇതുങ്ങളാന്നു..
തീരെ സഹിക്കാന്‍ വയ്യാഞ്ഞിട്ടാന്നു തോന്നു കഴിഞ്ഞാഴ്ച ഒരു കഷണം കയറില് അവള് എല്ലാം മതിയാക്കി പോയി ."..

"എല്ലാരും പല വഴിക്ക് പിരിഞ്ഞപ്പോ ഈ പെങ്കൊച്ചിനെ പെരുവഴീ കളഞ്ഞേച്ചു പോരാന്‍ എനിക്ക് കഴിഞ്ഞില്ല വാസുവേട്ടാ ........
എനിക്ക് നമ്മുടെ യമുന മോളേ ഓര്‍മ്മ വന്നു..
നിങ്ങളോട് അനുവാദം ചോദിക്കണമെന്ന് വെച്ചതാ ...
പിന്നെ മനസ്സ് പറഞ്ഞു ....
നിങ്ങളും ഇതല്ലാതെ മറിച്ച് പറയില്ലാന്നു" ...
അയാള്‍ ചായ ഗ്ലാസ്സ് അവരെ ഏല്‍പ്പിച്ച്‌ ആ പെങ്കുട്ടിക്കടുത്തേയ്ക്ക് നടന്നു .
അടുത്ത് ചെന്ന് അവളുടെ തലയില്‍ വിരലോടിച്ചു...
"അച്ഛാ "....
അവള്‍ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു ..
കാതങ്ങള്‍ക്കപ്പുറത്തു നിന്നു യമുന വിളിക്കുന്ന പോലെ അയാള്‍ കേട്ടു..
"മോളേ .".....
വിളിക്കുകയായിരുന്നില്ല ...ഒരു തരം വിതുമ്പലോടെ അയാള്‍ അവളെ നെഞ്ചോട്‌ ചേര്‍ത്തു..

മഴയുടെ ആര്‍ത്തിരമ്പം അടുത്തടുത്ത്‌ വന്നു .....
തെക്കേ കുഴി മാടത്തെ ചുറ്റി ഒരു തണുത്ത കാറ്റ് അവരെ വലയം ചെയ്തു ....

*****************************************************

16 Comments, Post your comment:

Sulthan | സുൽത്താൻ said...

സുരേഷ് ബാബു,

പകുതി വായിച്ചപ്പോൾ, ഇത്തരം ഒരു ക്ലയ്മാസ്കായിരിക്കേണമെ എന്ന് പ്രർഥിച്ചത്‌ വെറുതെയായില്ല.

ഉഗ്രൻ. ആശംസകൾ.

എഡിറ്റിങ്ങിൽ ഇത്തിരി പ്രശ്നങ്ങളുണ്ട്‌. ശരിയാക്കുക.

Sulthan | സുൽത്താൻ

കൂതറHashimܓ said...

വായിച്ചില്ലാ... വായിക്കൂലാ‍.. വല്യ പോസ്റ്റുകള്‍ എനിക്കിഷ്ട്ടോല്ലാ..!!!

ഹംസ said...
This comment has been removed by the author.
ഹംസ said...

പോസ്റ്റിന്‍റെ നീളം കണ്ടപ്പോള്‍ വായിക്കുന്നില്ല എന്നു കരുതിയതാ ഇതാ ഇപ്പോള്‍ അല്‍ പ്പം സമയം കിട്ടി ഞാന്‍ വായിച്ചു .. കഥ ഇഷ്ടമായി.. വായിച്ചില്ലങ്കില്‍ നഷ്ടം ആവുമായിരുന്നു.

മറ്റാരോ ചെയ്ത പാതകത്തിന്റെ പാപം പേറി ...ഇവിടെ എത്തപ്പെട്ടവന്‍ ..
ഇവിടെ ഉള്ളവരില്‍ ചിലരെങ്കിലും ഏതാണ്ടിത് പോലൊക്കെ തന്നെ ..
നീതി പീഠത്തിന്റെ തിമിരം ബാധിച്ച കണ്ണുകള്‍ ഒപ്പിയെടുത്ത നിഴല്‍ ചിത്രങ്ങളില്‍ ജീവിതം ഇരുമ്പഴികള്‍ക്ക് പിന്നിലേക്ക്‌ തളളിയിടപ്പെട്ടവര്‍ . വിധിയെ പഴിച്ച് ഇവിടെ കാലം കഴിക്കുന്നവര്‍..
ഇടയ്ക്ക് , "ഞാനത് ചെയ്തിട്ടില്ലാന്നു' വിളിച്ചു കൂവി ..പിന്നെ നിസ്സഹായതയുടെ നിശ്വാസങ്ങളില്‍ തളര്‍ന്നു വീഴുന്നവര്‍....



ഇത് വലിയ ഒരു സത്യം തന്നെ… !!

സുരേഷ് ബാബു said...

അഭിപ്രായം പറഞ്ഞ കൂട്ടുകാര്‍ക്ക് നന്ദി...
ഇത്തിരി നീളം കൂടിപ്പോയത്‌ നിങ്ങളുടെ വായനയെ മുഷിപ്പിച്ചെങ്കില്‍ ....ക്ഷമിക്കുക ...മനപ്പൂര്‍വമല്ല ......

കുഞ്ഞൂസ് (Kunjuss) said...

വായിച്ചു തുടങ്ങിയപ്പോള്‍ ഒരു പ്രതികാരത്തിന്റെ കഥയാവും എന്നാണ് പ്രതീക്ഷിച്ചത്.കണ്ണീരോടെയാണ് അവസാന ഭാഗം വായിച്ചു തീര്‍ത്തത്. ആ അച്ഛന് അങ്ങിനെയേ ചെയ്യാനാവൂ....
നല്ല കഥയും മികച്ച അവതരണവും.
(മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന പോലെ ഒന്നൂടി എഡിറ്റ്‌ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായേനെ, ഒരു എളിയ അഭിപ്രായം മാത്രം ട്ടോ)

സൂര്യ said...

you can make it better with some more editing if possible... good one.. congrats suresh.

രാജേഷ്‌ ചിത്തിര said...

മുകളില്‍ പറഞ്ഞതും നേരത്തെ പറഞ്ഞതും.....

നല്ല കഥ ...ഇനിയും നന്നാക്കാം

ആശംസകള്‍

JIGISH said...

നേരത്തേ വായിച്ചതാണ്..അക്രമത്തിനു മേല്‍
മാനവികത വിജയം വരിക്കുന്നത് അത്യപൂര്‍വം.! ഈ സന്ദേശം അസ്സലായി..!

ക്രാഫ്റ്റിനു പഴമയുടെ ഗുണവും ദോഷവുമുണ്ട്..!!
നല്ല ശ്രമം.

INTIMATE STRANGER said...

an unxpected ending...a nice reading xperience. keep going on.al de best

Unknown said...

കഥ നന്നായി പ്രത്യേകിച്ചും അവസാനം മനോഹരമായി.
ആശംസകള്‍.

priyag said...

ishttamayi nalla katha

Manoraj said...

നല്ല കഥ..

mini//മിനി said...

മനസ്സിൽ ഒരു വേദനയായി തങ്ങിനിൽക്കുന്ന കഥ. നന്നായി.

വിനയന്‍ said...

Good story...

ചാണക്യന്‍ said...

ee kadhayum kollam... avassanam kalakki.....