സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



മാലാഖമാര്‍

August 09, 2010 മുരളി I Murali Mudra

''കണ്ണുകള്‍ക്ക്‌ മീതെ ഒരു കറുത്ത ആവരണം വന്നാല്‍ എന്താവുമെന്ന് നിനക്ക് ഊഹിക്കാമോ...ഇതുവരെ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളെല്ലാം പെട്ടന്ന് മാഞ്ഞുപോയാല്‍...?''

''അതിനല്ലേ അന്ധത എന്നു പറയുന്നത്...നീ കൂടുതല്‍ സംസാരിക്കരുത്...ഒരു പക്ഷേ ഈ ചിന്തകളാവും നിന്നെ വീണ്ടും ഉള്ളിലേക്ക് വലിക്കുന്നത്..''

''സാധാരണ ചിന്തകളില്‍ കടന്നു വരാത്ത എന്തോ ഒന്നു ഈയിടെ മനസ്സിനെ വിഷമിപ്പിക്കുന്നുണ്ട് ....ഇന്നലെ കണ്ട ഒരു സ്വപ്നം...ഒരു തുലാസ്..അതിന്റെ ഒരു തട്ട് എപ്പോഴും താഴ്ന്നിരിക്കുന്നു....അതില്‍ ഒരു ശവപ്പെട്ടി വച്ചിട്ടുണ്ട്..എന്റെ ശവശരീരം മറ്റേ തട്ടിലേക്ക് ആരോ എടുത്തിട്ടു..എന്നിട്ടും ആ തട്ട് താഴുന്നില്ല...കുറേ പേര്‍ ചുറ്റും ഇരുന്നു ലേലം വിളിക്കുന്നു...പക്ഷേ....''

''നിര്‍ത്തൂ....!!!''

അസഹ്യമായപ്പോള്‍ എലിസബത്തിന്റെ ശബ്ദം ഉയര്‍ന്നു...

''ലോകത്ത് എല്ലാ കൊലപാതകികളും കടന്നു പോകുന്ന ഒരു വഴി തന്നെയാണിത്...ഇതാണ് പോയിന്റ്‌.....ഇവിടെ വച്ചാണ്.................''

ഒരു നിമിഷം നിര്‍ത്തി എലിസബത്ത് ആനിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി....

''നിനക്ക് പേടി തോന്നുന്നു അല്ലേ അതോ കുറ്റബോധമോ.....''

ആനി നോട്ടം മാറ്റി...

''..... രണ്ട് കാര്യങ്ങള്‍ ഉണ്ട് .....ഒന്ന് മനസ്സിലെ തീ കെട്ടു പോയ്ക്കഴിഞ്ഞാല്‍ പ്രതികാര ചിന്ത മാഞ്ഞു പോവുമോ എന്ന്...പിന്നെ ഒരു വ്യക്തിയുടെ മരണം എന്ന് പറയുന്നത് അയാളുടെ മനസ്സിന്റെ മരണമല്ലേ...ശരീരം ഭൌതികമായ ഒരു അവസ്ഥ മാത്രം ..അവിടെ ഏല്‍ക്കുന്ന പോറലുകള്‍ മനസ്സ് എങ്ങനെ എടുക്കുന്നുവോ എന്നതിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു...ഈവന്‍ മരണം പോലും..ഇറ്റ്‌ ഈസ്‌ ജസ്റ്റ്‌ നാച്ചുറല്‍ ട്രുത്ത് ഓര്‍ സോ കോള്‍ഡ്‌ ഫേയ്റ്റ്......''

വീല്‍ ചെയറിന്റെ റിമ്മിനുള്ളില്‍ കുടുങ്ങിയ സ്ക്രൂ ഡ്രൈവര്‍ ആയാസപ്പെട്ട്‌ പുറത്തെടുക്കുന്നതിനിടെ എലിസബത്ത് ആനിയെ കഠിനമായി നോക്കി....

''....ഒരു പ്രോസ്റ്റിട്ട്യൂട്ട് ചിന്തിക്കുന്നത് പോലെ.. അല്ലേ....നീ പറയുന്ന ഡിമെന്‍ഷന്‍സ് എനിക്ക് അവിടെ വായിച്ചെടുക്കാം....അവരുടെ ശരീരത്തില്‍ ഏല്‍ക്കുന്ന പോറലുകള്‍ക്ക് പണത്തിന്റെ തലോടലുകളുണ്ട് നിന്റെയും എന്റെയും ദേഹത്തെ മുറിവുകള്‍ ഉണങ്ങിയത്‌ പകയുടെ ചൂടിലാണെന്ന് പറഞ്ഞത് നീ തന്നെയല്ലേ...അയാളുടെ കുടല്‍ മാല തെരുവുപട്ടികള്‍ കടിച്ചു വലിക്കുന്നത് മനസ്സില്‍ കണ്ടുകൊണ്ട് തന്നെയല്ലേ നീയന്ന് ഫുഡ്‌ കഴിച്ചത് പോലും...വെറും മുപ്പത്തിയേഴ് ദിവസങ്ങള്‍ കടന്നു പോകുമ്പോഴേക്കും നിന്റെ മനസ്സിലെ കനല്‍ കെട്ടു പോയി അല്ലേ.....''

"ഇല്ല.... യു ആര്‍ റോങ്ങ്‌...ആ കനല്‍ ഒരിക്കലും കെടില്ല....അയാളെ കൊന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ മാനസിക നില തെറ്റിയവളായി ഏതെങ്കിലും മെന്റല്‍ ഹോസ്പിറ്റലില്‍ കിടക്കുന്നുണ്ടാവുമായിരുന്നു... നിന്നെ അയാള്‍ വീല്‍ ചെയറില്‍ നിന്നും വലിച്ചു കൊണ്ട് പോവുന്നത് മരിക്കുന്നത് വരെ എന്റെ മനസ്സിലുണ്ടാവും...ബട്ട്‌..അതിന്റെ ശമ്പളം അയാള്‍ക്കു കിട്ടിക്കഴിഞ്ഞു......ഇനിയൊരാള്‍ കൂടി ബാക്കി...... പക്ഷേ.......

"അറവുശാലയില്‍ തീയതി വിധിക്കപ്പെട്ടു കിടക്കുന്ന മാടുകള്‍ അറിയുന്നില്ല അവര്‍ തിന്നുന്ന പച്ചിലകള്‍ അയവിറക്കാന്‍ കഴിയാത്തതാണെന്ന്......"

മറ്റൊരു തീയതി കൂടി കുറിക്കപ്പെട്ടു കഴിഞ്ഞതാണ്..മൊബൈലില്‍ വന്ന അവസാന മെസ്സേജിലെ അക്കൗണ്ട്‌ നമ്പരിലേക്ക് മണി ട്രാന്‍സ്ഫര്‍ ചെയ്തു കഴിഞ്ഞു..ഇനി ഒരു ഫോണ്‍ കോളിന്റെ അകലത്തിനപ്പുറത്ത് ഒരു കൊലപാതകം കൂടി ചാനലുകളില്‍ വാര്‍ത്തയാകും...

"ഞാന്‍ കുറേ ആലോചിച്ചു നോക്കി...ഒരാളെ കൊല്ലുമ്പോള്‍ നമ്മള്‍ ആരെയാണ് സത്യത്തില്‍ വേദനിപ്പിക്കുന്നത്...അയാളെയോ അതോ അയാളെ ആശ്രയിക്കുന്ന മറ്റു ചിലരെയോ....ചിലപ്പോള്‍ നമ്മളെ പോലീസ് അറസ്റ്റ് ചെയ്തേക്കും..അപ്പോള്‍ ജയിലില്‍..ഒരാളെ പിടിച്ച് കുറേക്കാലം ഒരു മുറിയില്‍ പൂട്ടിയിടുമ്പോള്‍..??..എന്താണ് അതു കൊണ്ട് അര്‍ത്ഥമാക്കുന്നത്..??..പ്രതിയുടെ മനസ്താപം..അല്ലെങ്കില്‍ മനസ്സിന്റെ ശുദ്ധീകരണം അല്ലേ....മരണം കൊണ്ട് കുറ്റവാളിക്ക് ലഭിക്കുന്നത് മോചനമാണ് .......''

''നീയാണ് നിയമം പഠിച്ചത്...ഐ ആം ജസ്റ്റ്‌ ജസ്റ്റ്‌ എ ഫിസിക്സ്‌ ഗ്രാജ്വെറ്റ്....''

ആ സ്വരത്തിലെ പ്രകടമായ നീരസം ആനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു...ശുഷ്കിച്ച വലതുകാല്‍ വീല്‍ ചെയറിന്റെ കമ്പിയോട് ചേര്‍ത്തു വെക്കാന്‍ പാടുപെട്ടുകൊണ്ട്‌ എലിസബത്ത് മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തു....

"നീ ഓര്‍ക്കുന്നുവോ എലിസബത്ത്...പണ്ടൊരിക്കല്‍ നമ്മുടെ ഓര്‍ഫനെജില്‍ വച്ച് ഒരു സമ്മാനദാനം നടന്നത്....പോളിയോ ബാധിച്ച കാലുകളുമായി വേദിയില്‍ പകച്ചിരുന്ന ഒരു കൊച്ചു കുട്ടിയെ ചൂണ്ടി ഏതോ വിശിഷ്ടാഥിതി ഇവളൊരു മാലാഖയാണെന്ന് പറഞ്ഞിരുന്നു...എന്തോ എനിക്കിപ്പോള്‍ അതെല്ലാം ഓര്‍മ വരുന്നു....."

"മദര്‍ പറയാറുള്ളതോര്‍മയില്ലേ.... ഭൂമിയില്‍ ഒരു പാട് ത്യാഗങ്ങള്‍ സഹിക്കുന്നവരാണത്രെ മരിച്ചു കഴിഞ്ഞ് മാലാഖമാരായിത്തീരുന്നത്.......!!"

"ഞാനോര്‍ക്കുന്നു ...നമ്മുടെ ആദ്യത്തെ ക്രിസ്മസ് നാടകം....മാലാഖയുടെ കഥ.. കുഞ്ഞിച്ചിറകുകളുള്ള തൂവെള്ള ഉടുപ്പിട്ട മാലാഖ....ഒരുപാടു ദുഖങ്ങളുള്ള കാലുവയ്യാത്ത ഒരു കൊച്ചു കുട്ടിയെ കര്‍ത്താവിന്റെ സ്നേഹത്തിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ വന്ന കുഞ്ഞ് മാലാഖയുടെ കഥ......"

എലിസബത്തിന്റെ മുഖത്തെ ചുവപ്പ് മാഞ്ഞു തുടങ്ങിയിരുന്നു..ആനി അടുത്തു ചെന്നിരുന്ന് ആ കണ്ണുകളിലേക്ക് നോക്കി....
ഉണങ്ങിയിട്ടും മാഞ്ഞുപോകാത്ത നഖക്ഷതങ്ങള്‍ നിറഞ്ഞ ആനിയുടെ മുഖത്ത് തലോടിക്കൊണ്ട് എലിസബത്ത് പതിയെ പറഞ്ഞു...

"നീയായിരുന്നു ആ മാലാഖ...."

"നാടകത്തില്‍ ഞാന്‍ മാലാഖയായിരുന്നു...പക്ഷേ ഓര്‍ഫനെജില്‍ എല്ലാവരും നിന്നെയായിരുന്നു എയ്ന്ജല്‍ എന്ന് വിളിക്കാറ്...."

"ആ നാടകത്തിലെ അവസാന ഡയലോഗ് നിനക്കോര്‍മയുണ്ടോ....."

".............എന്റെ പാവം അമ്മയെ കൊന്ന ദുഷ്ടനായ മനുഷ്യാ...എന്നെ കൊണ്ടുപോകാന്‍ വന്ന ഈ മാലാഖയുടെ സ്നേഹത്തിനു മുന്നില്‍ നിനക്ക് വേണ്ടി തയ്യാറാക്കി വച്ചിരുന്ന വിഷപാത്രം ഞാന്‍ ദൂരെക്കളയുകയാണ്............................................."

പുറത്തു മഞ്ഞു വീണു തുടങ്ങിയിരുന്നു....കുറേ നേരത്തേക്ക് ഇരുവരും നിശബ്ദരായി...
ഒടുക്കം കയ്യിലെ മൊബൈല്‍ ഫോണ്‍ ദൂരേക്ക്‌ വലിച്ചെറിയുമ്പോള്‍ എലിസബത്ത് വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.....

മാലാഖമാര്‍ ജന്മമെടുക്കുന്നതെങ്ങിയെന്ന് ഓര്‍ഫനെജിലെ കൊച്ചുകുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു മദര്‍ അപ്പോള്‍...
.

20 Comments, Post your comment:

മുരളി I Murali Mudra said...

ഏറെ നാളുകള്‍ക്കു ശേഷമാണ് ഋതുവില്‍ ഒരു കഥ പോസ്റ്റ്‌ ചെയ്യുന്നത്.വായിച്ചു അഭിപ്രായമെഴുതുമല്ലോ..

Minesh Ramanunni said...

കഥയുടെ എല്ലാ സൗന്ദര്യവും ലക്ഷണവും ഉള്ള ഒരു കഥ. നന്നായിരിക്കുന്നു . ഋതു വീണ്ടും പൂക്കാന്‍ തുടങ്ങുന്നു.
മുരളി ഇനിയും സജീവമാകണം എഴുത്തില്‍.

അനില്‍കുമാര്‍ . സി. പി. said...

മനുഷ്യമനസ്സിനെ, വികാരങ്ങളെ നന്നായി വിശകലനം ചെയ്യുന്ന കെട്ടുറപ്പുള്ള ഒരു കഥ.

റോസാപ്പൂക്കള്‍ said...

മുരളി കഥ അതി മനോഹരം. ഈ കഥ ഇനി മനസ്സില്‍ നിന്ന് മായുകയില്ല. അത്രയ്ക്ക് മനസ്സില്‍ പതിഞ്ഞു

മഴനിലാവ് said...

വളരെ വ്യത്യസ്തമായൊരു തീം ..
Beutifully written..,loved every bit of it.
Keep writing..

M N PRASANNA KUMAR said...

മുരളി
കഥ നന്നായിരിക്കുന്നു
ആശംസകളോടെ

ബിജുകുമാര്‍ alakode said...

കുറെ നാളുകള്‍ക്കു ശേഷമാണ് മുരളിയുടെ ഒരു കഥ വായിയ്ക്കുന്നത്. ചെറിയ ക്യാന്‍‌വാസില്‍ വരച്ച നല്ല കഥ എന്നു പറയാന്‍ ഞാന്‍ മടിയ്ക്കുന്നില്ല. കുറ്റബോധത്തില്‍ നിന്നുളവാകുന്ന നന്മയുടെ ചിത്രം നന്നായി വരച്ചിരിയ്ക്കുന്നു. കഥയുടെ ക്രാഫ്റ്റിന്റെ പ്രത്യേകത കൊണ്ട് ഒറ്റവായനയില്‍ ഉള്ളിലേയ്ക്കിറങ്ങിയെന്നു വരില്ല. ഞാന്‍ മൂന്നുപ്രാവശ്യം വായിച്ചു. ഓരോ പ്രാവശ്യവും കൂടുതല്‍ ആസ്വാദ്യമായിരുന്നു.

ഓര്‍ഫനേജില്‍ വളര്‍ന്ന രണ്ടു യുവതികള്‍ . ആനിയും എലിസബത്തും. എലിസബത്ത് വികലാംഗ. അവളെ (അതോ രണ്ടുപേരെയുമോ?) പീഡിപ്പിച്ച രണ്ടു പേരില്‍ ഒരാളെ വാടക കൊലയാളിയെ കൊണ്ടു വധിച്ചു. മറ്റേയാളെ വധിയ്ക്കാന്‍ പണം നല്‍കി കഴിഞ്ഞു. ഇനി ഒരു ഫോണ്‍കോള്‍ മാത്രമേ വേണ്ടൂ. ഈ സാഹചര്യത്തില്‍ ആ യുവതികള്‍ ഒരു പുനര്‍ചിന്ത നടത്തുന്നു. ഉള്ളിലെ കുറ്റബോധം അവരെ നന്മയിലേയ്ക്കു നയിയ്ക്കുന്നു. വിളിയ്ക്കാനെടുത്ത മൊബൈല്‍ വലിച്ചെറിഞ്ഞു കൊണ്ട് അവര്‍ ക്ഷമയുടെ വഴി തിരഞ്ഞെടുക്കുമ്പോള്‍ , രണ്ടു പേരും മാലാഖമാരായി മാറുന്നു(?). ഇതാണ് എനിയ്ക്കു മനസ്സിലായ കഥ.

ചില നല്ല നിരീക്ഷണങ്ങള്‍ കഥയിലുണ്ട്. ആ സ്വപ്നം തന്നെ, കുറ്റബോധത്തിന്റെ പ്രതീകമാണ്.
<< “ ഒരു വ്യക്തിയുടെ മരണം എന്ന് പറയുന്നത് അയാളുടെ മനസ്സിന്റെ മരണമല്ലേ...ശരീരം ഭൌതികമായ ഒരു അവസ്ഥ മാത്രം ..അവിടെ
ഏല്‍ക്കുന്ന പോറലുകള്‍ മനസ്സ് എങ്ങനെ എടുക്കുന്നുവോ എന്നതിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു...ഈവന്‍ മരണം പോലും“>> ഈ വാക്കുകള്‍ ഉജ്വലമായി.

അതു പോലെ <<“അപ്പോള്‍ ജയിലില് ‍..ഒരാളെ പിടിച്ച് കുറേക്കാലം ഒരു മുറിയില്‍ പൂട്ടിയിടുമ്പോള്‍..??..എന്താണ് അതു കൊണ്ട്
അര്‍ത്ഥമാക്കുന്നത്..??..പ്രതിയുടെ മനസ്താപം..അല്ലെങ്കില്‍ മനസ്സിന്റെ ശുദ്ധീകരണം അല്ലേ....മരണം കൊണ്ട് കുറ്റവാളിക്ക് ലഭിക്കുന്നത്
മോചനമാണ് .......'' >>ഇതും നന്നായിരിയ്ക്കുന്നു.
പഴയ ഒരു നാടകത്തിലെ ഡയലോഗിലൂടെ അവരുടെ ക്ഷമയുടെ വഴി ചിത്രീകരിച്ചതും കൊള്ളാം.
സംഭാഷണങ്ങള്‍ സ്വാഭാവികമായിരുന്നുവെങ്കില്‍ ഞാനീ കഥയ്ക്ക് കുറച്ചുകൂടി മാര്‍ക്കു തരുമായിരുന്നു. കഥ ബുദ്ധിയേക്കാള്‍ ഹൃദയം കൊണ്ടാണ് വായിയ്ക്കപെടേണ്ടത് എന്ന പക്ഷക്കാരനാണ് ഞാന്‍ . ആദ്യവായനയില്‍ തന്നെ മനസ്സിലേയ്ക്ക് കിനിഞ്ഞിറങ്ങാന്‍ കഴിയുന്നവയെ ഉജ്വലം എന്നു വിളിയ്ക്കാം. വായന ബൌദ്ധികവ്യായാമമായി മാറിയാല്‍ ഭാവുകത്വം നഷ്ടമായേക്കുമെന്നെനിയ്ക്കു തോന്നുന്നു. ഏതായാലും നല്ലൊരു രചനയ്ക്ക് മുരളിയ്ക്ക് അഭിനന്ദനങ്ങള്‍ .
പലപ്പോഴും ബ്ലോഗുകളിലെ കമന്റുകള്‍ വെറും വഴിപാടാണ്. എഴുത്തുകാരുടെയും വായനയുടെയും നിലവാരം ഇതിനു കാരണമാകാം.
ഇവിടെയെങ്കിലും നല്ല കഥകള്‍ നന്നായി വായിയ്ക്കുകയും നിലവാരമുള്ള ചര്‍ച്ച നടക്കുകയും ചെയ്യട്ടെ എന്ന ഉദ്ദേശത്തോടെ ആണ് ഈ കുറിപ്പെഴുതിയത്.

വരയും വരിയും : സിബു നൂറനാട് said...

വായനയുടെ സുഖം. കഥ അസ്സലായി.

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ മുരളീ,
കഥ വായിച്ചു.ബിജുകുമാറിന്റെ അഭിപ്രായത്തില്‍ കാര്യമുണ്ട്‌.ഒന്നാമത്‌ കഥ,ബുദ്ധി കൊണ്ടല്ല,ഹൃദയംകൊണ്ടാണ്‌ വായിക്കേണ്ടതെന്ന അദ്ദേഹത്തിന്റെ അഭിപ്രായം വളരെ ശരിയാണ്‌.കഥ നന്നാവുന്നത്‌ എഴുത്തിലെ ശ്രദ്ധേയമായ പരിചരണത്തിലാണ്‌.അതില്‍ അന്യാദൃശമായ നിരീക്ഷണങ്ങളും വിവരണങ്ങളും ഭാഷയും ഒന്നുചേരണം.ഒപ്പം കഥാപാത്രങ്ങളുടെ ഉചിതമായ മനോഗതിയും.ആ കാര്യത്തിലാണ്‌ ഈ കഥ മിഴിവ്‌ കുറഞ്ഞുപോയത്‌.സ്‌ത്രീ കഥാപാത്രങ്ങളെ ആവിഷ്‌കരിക്കുമ്പോള്‍ അലസത തീരെ പാടില്ല.പ്രത്യേകിച്ചും അവരുടെ മനസ്സിനെ പകര്‍ത്തുമ്പോള്‍..!
ഭാവുകങ്ങള്‍.
സുസ്‌‌മേഷ്‌ ചന്ത്രോത്ത്‌

കണ്ണനുണ്ണി said...

മുരളി മാഷെ....നല്ല കഥ
..വളരെ ദീപ ആയ ഒരു പ്ലോട്ട് ആണ്...
മുറിവേറ്റ പകയുമായി നില്‍ക്കുന്ന പെണ്‍ മനസ്സ്...

എല്ലാം ഒറ്റ വായനയില്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടായി തോന്നാം എങ്കിലും...മനോഹരം..

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ‘മാലാഖമാർ ‘മുരളിയുടെ മറ്റുകഥകളുടെ നിലവാരത്തിലേക്ക് ഒട്ടും ഉയർന്നില്ല ...കേട്ടൊ

മുരളി I Murali Mudra said...

കഥ വായിച്ചു അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
@മിനെഷ്‌,അനില്‍കുമാര്‍,റോസാപ്പൂക്കള്‍,ലീ,പ്രസന്നകുമാര്‍,ബിജുകുമാര്‍,സുഷ്മേഷ്,സിബു,കണ്ണനുണ്ണി,മുരളീഭായ് വളരെ നന്ദി.

@ശ്രീ ബിജുകുമാര്‍,
താങ്കളുടെ നല്ല വായനയ്ക്കും ആത്മാര്‍ഥമായ അഭിപ്രായത്തിനും നന്ദി.ഋതു എന്ന സംവിധാനം തന്നെ കഥകള്‍ നന്നായി വിലയിരുത്തപ്പെടാനും നിലവാരമുള്ള ചര്‍ച്ചകള്‍ നടക്കാനുമുള്ളതാണല്ലോ,താങ്കളെപ്പോലുള്ളവരുടെ സാന്നിധ്യം അതിന്റെ ലക്ഷ്യത്തിലേക്ക്‌ ഋതുവിനെ കൊണ്ടെത്തിക്കട്ടെ എന്നാശംസിക്കുന്നു.

@ശ്രി സുഷ്മേഷ് ചന്ദ്രോത്ത്,
താന്കള്‍ ഒരു ബ്ലോഗര്‍ കൂടിയാണെന്ന വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത്.ഞാനേറെ ഇഷ്ടപ്പെടുന്ന എന്റെ പ്രിയ എഴുത്തുകാരനെ ഇവിടെ കണ്ടതില്‍ വളരെ സന്തോഷം.നല്ല അഭിപ്രായത്തിന് നന്ദി.

ആളവന്‍താന്‍ said...

കണ്ണനുണ്ണി പറഞ്ഞ കാര്യത്തോട് യോജിക്കാതെ വയ്യ. ഒറ്റ വായനയില്‍ തന്നെ എല്ലാം മനസ്സിലാവുന്നില്ല. എന്നാലും ഭംഗിയായി.

Balu puduppadi said...

മുരളി,
അഭിനന്ദനങ്ങള്‍. തീര്‍ച്ചയായും ശ്രദ്ധേയമായ രചന തന്നെ. ബ്ലോഗുകളില്‍ സാധാരണ കാണപ്പെടാറുള്ള കഥകളില്‍ നിന്നും വ്യത്യസ്തം. പക്ഷേ അല്പം ക്ലിഷ്ടത എവിടെയൊക്കെയോ ഉള്ളതായി തോന്നുന്നു. ഒറ്റ വായനക്ക് കഥയുടെ ഉള്ളറയിലേക്ക് കടക്കാനാകുന്നില്ല. അത് കഥയുടെ കുറ്റമാണെന്നല്ല പരഞ്ഞുവരുന്നത്. ഈ കഥ ഒന്നു കൂടി പുനരാഖ്യാനം നടത്തി അല്പം വിപുലപ്പെടുത്താന്‍ ശ്രമിച്ചു നോക്കൂ. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങള്‍ ഒന്നു കൂടി വ്യക്തമായാല്‍ നന്നെന്നു തോന്നുന്നു.

ജീവി കരിവെള്ളൂർ said...

നാടകീയത മുന്നിട്ട് നില്കുന്നു കഥയില്‍ .അത് ഗുണമോ ദോഷമോ എന്നുപറയാനറിയില്ല .കഥ എനിക്കിഷ്ടമായി

ഗോപീകൃഷ്ണ൯.വി.ജി said...

മനോഹരമായി എഴുതി...ആശംസകള്‍.

ശിവകാമി said...

മുരളി,
കഥ കൊള്ളാം എന്നേ പറയുന്നുള്ളൂ.. കാരണം അറിയാതെ മുരളിയുടെ മുന്‍സൃഷ്ടികളുമായി താരതമ്യം ചെയ്തുപോകുന്നു.
ഇവിടെ പലര്‍ക്കും തോന്നിയത് എനിക്കും തോന്നിയിരുന്നു. ഒറ്റവായനയില്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അതെന്റെ ആസ്വാദനത്തിന്റെ പരിമിതിആണ്.
പിന്നെ പെണ്‍ മനസുകള്‍ പകര്‍ത്തുന്നതില്‍ നൂറുശതമാനം വിജയിച്ചോ എന്ന് സംശയം തോന്നുന്നു. ഇതൊക്കെയാണെങ്കിലും വ്യത്യസ്തമായ അവതരണം കൊണ്ട് മികച്ചു നില്‍ക്കുന്നു എന്നും പറയാതെ വയ്യ.

നന്ദി.
സ്നേഹം
ശിവകാമി

LiDi said...

കഥയുടെ ക്രാഫ്റ്റ് ആദ്യവായനയിൽ
എന്റെ ഓർമ്മശക്തിക്ക് ഒരു പരീക്ഷണമായിരുന്നെങ്കിലും കഥയുടെ കാമ്പ്‌ നന്നായി..

ഗന്ധർവൻ said...

മനോഹരമായ കഥ.ഒറ്റവായനയിൽ കഥ ഉള്ളിലേക്ക് ചെല്ലുന്നില്ല എന്നത് ഒരു പോരായ്മയാണോ എന്നറിയില്ല.ഒരുപക്ഷെ ലളിതമായ ഒരു പരിചരണം ഈ കഥയുടെ സൌന്ദര്യം കെടുത്തിക്കളഞ്ഞേക്കുമെന്നാണ് എനിക്ക് തോന്നിയത്.ലളിതമായ വിവരണം ഈ കഥക്ക് ഇപ്പോൾ കിട്ടുന്ന ഒരു പ്രതികരണം ഉണ്ടാക്കുമെന്നും ഞാൻ കരുതുന്നില്ല.ഞാൻ ഇഷ്ടപ്പെടുന്ന ബ്ലോഗിലെ ഒരു കഥാകാരനാണ് മുരളിയേട്ടൻ.അതിനു കാരണം അദ്ദേഹം കഥക്ക് നൽകുന്ന ക്രാഫ്റ്റ് ആണ്.തുടർന്നും നല്ല എഴുത്ത് പ്രതീക്ഷിക്കുന്നു..

jayanEvoor said...

നല്ല്ല കഥ.
ഇഷ്ടപ്പെട്ടു.
ക്ലിഷ്ടത ഒരു പ്രശ്നമായില്ല.