സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



അര്‍ഥമില്ലാതെ പെയ്യുന്ന മഴകള്‍

August 05, 2010 KS Binu

അമ്പലമുറ്റത്ത്‌ മഴ കനത്ത്‌ പെയ്യുന്നു. മൂടല്‍ മഞ്ഞ്‌ പോലെ മൂടിക്കെട്ടിപ്പെയ്യുന്ന മഴയില്‍ ആനക്കൊട്ടിലിനുമപ്പുറം ദൂരെ അമ്പലക്കുളവും അതിനുമപ്പുറം പരന്ന് കിടക്കുന്ന നെല്‍പാടവും പിന്നെ കറുത്ത ആകാശവും കണ്ണടയില്ലാത്ത വൃദ്ധന്റെ കാഴ്ച പോലെ അവ്യക്തമാണ്‌. പാടത്തിന്‌ നടുവിലൂടെയുള്ള തീവണ്ടിപ്പാളത്തില്‍ക്കൂടി മഴയില്‍ കുതിര്‍ന്ന് പാഞ്ഞുപോവുന്ന തീവണ്ടിയുടെ ചൂളം വിളി മഴയുടെ സംഗീതത്തില്‍ അലിഞ്ഞ്‌ ഇല്ലാതാവുന്നത്‌ ശ്രദ്ധിച്ച്‌ കണ്ണന്‍ ദേവസ്വം ഓഫീസിന്റെ തിണ്ണയിലുള്ള കസേരയിലിരുന്നു. ഒന്നും ചെയ്യാനില്ലാത്തപ്പോള്‍ മഴയിലേക്ക്‌ മനസ്സ്‌ നട്ട്‌ ഇങ്ങനെ ചാരി ഇരിക്കുന്നത്‌ എപ്പോഴായാലും ഒരു സുഖമുള്ള ഏര്‍പ്പാടാണ്‌; പ്രത്യേകിച്ചും ഒരുപാട്‌ ജോലികള്‍ ചെയ്ത്‌ ക്ഷീണിച്ചിരിക്കുമ്പോള്‍.

ഒരുമണിക്കൂറോളമാവുന്നു ഈ ഇരിപ്പ്‌ തുടങ്ങിയിട്ട്‌. എത്രമണി ആയിക്കാണും..?? മൂന്നോ അതോ മൂന്നരയോ..?? നാരകപ്പറമ്പിലെ രാജപ്പന്‍ നായര്‍ മഴ തുടങ്ങിയപ്പോള്‍ പോയതാണ്‌. ഏതായാലും മഴ വരുന്നതിന്‌ മുന്‍പേ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു എന്നും പറ‍ഞ്ഞ്‌ ആശ്വാസത്തിന്റെ ഒരു നെടിയ നിശ്വാസവുമായാണ്‌ അയാള്‍ പോയത്‌. രാജപ്പന്‍ നായരുടെ ഇളയ മകളുടെ കല്യാണമായിരുന്നു ഇന്ന്. ഇന്നലെ വരെ കുട്ടിപ്പാവാടയുമിട്ട്‌ ഒരു കൊച്ചുപെണ്‍കുട്ടിയായി നടന്നതാണ്‌ സൗമ്യ; കണ്ണന്‍ ഓര്‍ത്തു. എത്ര പെട്ടെന്നാണ്‌ പെണ്‍കുട്ടികള്‍ വളരുന്നത്‌. "സൗമ്യേടെ കല്യാണമാണ്‌ കണ്ണാ, നിന്നെ ഏല്‍പ്പിക്കുകയാണ് എല്ലാ കാര്യങ്ങളും.. നീ വേണം ഈ കല്യാണം നോക്കി നടത്താന്‍." എന്ന് രാജപ്പന്‍ നായര്‍ വന്ന് പറഞ്ഞപ്പോള്‍ യാഥാര്‍ഥ്യം പറഞ്ഞാല്‍ കണ്ണന്‍ ആശ്ചര്യപ്പെട്ട്‌ പോയി. ഒരു സ്ക്കൂള്‍കുട്ടിയെപ്പോലെ തോന്നിക്കുന്ന അവളെ ഒരു കല്യാണപ്പെണ്ണായി സങ്കല്‍പ്പിക്കുവാന്‍ തന്നെ കഴിഞ്ഞില്ല കണ്ണന്‌. കാലരഥത്തിന്റെ ചക്രങ്ങള്‍ക്ക്‌ ഇത്രയും വേഗത അനാവശ്യമാണെന്ന് അയാള്‍ക്ക്‌ തോന്നി. ജീവിതം ഒരു അന്തോം കുന്തോമില്ലാതെ പാഞ്ഞ്‌ പോവുന്നു. എന്തെങ്കിലും ഓര്‍ത്തുവെയ്ക്കാന്‍ പറ്റിയ സംഭവങ്ങളാവട്ടെ വിരളവും. ജീവിതം ശൂന്യമായി ഓടി തീരുന്ന ഒരു സിനിമാറീലുപോലെ.

ഇന്നലെ മുതല്‍ ഉള്ള പാച്ചിലാണ്‌. അച്ഛന്റെ പെട്ടെന്നുള്ള മരണശേഷം അമ്പലത്തില്‍ അച്ഛന്റെ സ്ഥാനത്ത്‌ നിയമിക്കപ്പെടുമ്പോള്‍ കഷ്ടിച്ച്‌ ഇരുപത്‌ വയസ്സ്‌ പ്രായമേ ഉണ്ടായിരുന്നുള്ളു. കുതിരയെപ്പോലെ ലക്ഷ്യമില്ലാതെ ഉള്ള കുതിപ്പിനിടയില്‍ പെട്ടെന്ന് പിടിച്ച്‌ കെട്ടിയിടപ്പെട്ടു. അമ്പലത്തിന്റെ പരിസരത്തേയ്ക്ക്‌ മാത്രമായി ജീവിതം ചുരുങ്ങിയപ്പോള്‍ ആദ്യമാദ്യം വല്ലാത്ത വീര്‍പ്പുമുട്ടല്‍ ആയിരുന്നു. കൂട്ടുകാരൊക്കെ പഠിച്ചും കളിച്ചും നടക്കുന്നു. തന്റെ ചുമലിലാവട്ടെ പെട്ടെന്ന് ചുമത്തപ്പെട്ട കുടുംബഭാരവും. ഔദ്യോഗികജീവിതത്തിന്റെ ആദ്യദിവസങ്ങളില്‍ കല്യാണം എന്ന് കേള്‍ക്കുന്നത്‌ തന്നെ മരണതുല്യമായിരുന്നു. കാരണം അമ്പലത്തില്‍ ഒരു കല്യാണം വന്നാല്‍ സര്‍വ്വചുമതലയും കണ്ണനാണ്‌. ഓഡിറ്റോറിയം തുറന്ന് വൃത്തിയാക്കി നല്‍കണം, പാത്രങ്ങള്‍ കണക്കനുസരിച്ച്‌ നല്‍കണം, പാചകക്കാര്‍ക്ക്‌ വേണ്ടുന്ന സഹായം എല്ലാം ചെയ്ത്‌ നല്‍കണം, കല്യാണമണ്ഡപം ഒരുക്കണം, എന്ന് വേണ്ട ഒരു കല്യാണത്തിന്‌ വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്ത്‌ കൊടുക്കണം. നാട്ടുകാരുടെ അമ്പലവും ദേവസ്വവുമാണ്‌. അപ്പോള്‍ അമ്പലത്തിലെ കാര്യസ്ഥന്‍ എന്ന നിലയ്ക്ക്‌ നാട്ടുകാരുടെ കല്യാണമെന്നാല്‍ സ്വന്തം കല്യാണം പോലെയേ കരുതാനാവൂ. മാത്രമല്ല, നാട്ടിലുള്ള പകുതിയിലധികം ആളുകളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബന്ധുക്കാരും സ്വന്തക്കാരുമാണ്‌. അങ്ങനെയുള്ള സ്ഥിതിവിശേഷമിരിക്കെ ഒരു കല്യാണത്തിനും ഉപേക്ഷ വിചാരിക്കുവാന്‍ പറ്റില്ല.

ഇന്ന്, ഔദ്യോഗികജീവിതത്തിലെ നാലു വര്‍ഷങ്ങള്‍ക്കിപ്പുറം തിരക്കുകള്‍ ജീവിതചര്യയുടെ ഭാഗമായിരിക്കുന്നു. കല്യാണങ്ങളും ഉത്സവങ്ങളും ഇപ്പോള്‍ പുതുമ തീരെയില്ലാത്ത, തികച്ചും സാധാരണമായ സംഭവങ്ങള്‍ ആയി മാറിയിരിക്കുന്നു. നാലു വര്‍ഷങ്ങള്‍ക്കിടയില്‍ എത്രയോ താലികെട്ടുകള്‍ കണ്ടിരിക്കുന്നു. സദ്യ ഉണ്ണുവാനുള്ള ആര്‍ത്തി പിടിച്ച തിരക്കുകള്‍, യാത്രയാവുന്ന പെണ്ണിന്റെ കണ്ണീര്‍ത്തുള്ളികള്‍, അത്‌ കണ്ടുനില്‍ക്കുന്ന വരന്റെ നിസ്സംഗത, മകളെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിച്ച മാതാപിതാക്കളുടെ ആനന്ദനിശ്വാസങ്ങള്‍, അങ്ങനെ അങ്ങനെ എത്രയോ ഭാവങ്ങളുടെ ആവര്‍ത്തനങ്ങള്‍ കണ്മുന്നിലൂടെ കടന്ന് പോയിരിക്കുന്നു.

തിരക്കുകളെല്ലാം ഒതുക്കി, ദേഹണ്ഡക്കാരെ പണം കൊടുത്ത്‌ പിരിച്ച്‌ വിട്ട്‌, ദേവസ്വത്തിലെ സാധനസാമഗ്രികള്‍ എല്ലാം തിരിച്ചേല്‍പ്പിച്ച്‌, കണക്കുകള്‍ എല്ലാം തീര്‍ത്തിട്ടൊടുവില്‍ യാത്ര പറയുമ്പോള്‍ രാജപ്പന്‍ നായരുടെ കണ്ണുകളിലും ഉത്തരവാദിത്വങ്ങളെല്ലാം ഇറക്കിവെച്ച്‌ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു പിതാവിന്റെ ആനന്ദാതിരേകം ഉണ്ടായിരുന്നു. ആകെ ഉള്ള രണ്ട്‌ പെണ്‍കുട്ടികളുടെയും വിവാഹം അയാള്‍ ആഗ്രഹിച്ചതുപോലെ നല്ല നിലയില്‍ കഴിഞ്ഞിരിക്കുന്നു. രണ്ടുമക്കളും സുഖമായി നല്ല രണ്ട്‌ കുടുംബങ്ങളിലേക്ക്‌ യാത്രയായിരിക്കുന്നു. ഇനി സ്വസ്ഥം, സമാധാനം. അതിന്റെ എല്ലാ നിര്‍വൃതിയോടും കൂടിയാണ്‌ അയാള്‍ പോയത്‌. "മഴയ്ക്ക്‌ മുന്‍പ്‌ വീട്‌ പറ്റണം. എന്നിട്ട്‌ ഒന്നു സുഖമായി ഉറങ്ങണം" എന്ന് പറഞ്ഞുകൊണ്ട്‌ കല്ലും മണ്ണും ചുമന്ന് ശുഷ്കിച്ചുപോയ ശരീരവുമായി ആ മനുഷ്യന്‍ ദേവസ്വം ഓഫീസിന്റെ മുന്‍പില്‍ നിന്ന് നടന്ന് പോവുന്നത്‌ നോക്കി നിന്നപ്പോള്‍ ജീവിതത്തിന്‌ എന്തൊക്കെയോ അര്‍ഥങ്ങള്‍ ഉണ്ടാവുന്നു എന്ന് കണ്ണനു തോന്നി. ആ ചാരിതാര്‍ഥ്യത്തോടെ കസേരയിലേക്ക്‌ ചാരിയതാണ്‌. ചന്നം പിന്നം മഴ തൂവി തുടങ്ങിയിരുന്നു അപ്പോള്‍.

മഴ ഇപ്പോഴും തിമിര്‍ത്ത്‌ പെയ്യുകയാണ്‌. ഇന്നിനി മഴ തോരില്ലേ.? കണ്ണന്‍ അതിശയിച്ചു. കാലം തെറ്റിപ്പെയ്ത മഴയാണ്‌. എന്നിട്ടും തുള്ളിക്കൊരു കുടം പോലെ പെയ്യുവാന്‍ തുടങ്ങിയിട്ട്‌ മണിക്കൂര്‍ ഒന്ന് കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ രാജപ്പന്‍ നായരെന്ന പിതാവിന്റെ ആത്മനിര്‍വൃതിയായിരിക്കാം നിര്‍ത്താതെ പെയ്യുന്ന ഈ മഴ എന്ന് കണ്ണനു തോന്നി. അമ്പലത്തിന്റെ കവാടത്തിലേക്ക്‌ അവസാനിക്കുന്ന റോഡിന്റെ അരികത്തുള്ള ശശിയമ്മാവന്റെ കടയുടെ തിണ്ണയിലെ ചെറിയ ബെഞ്ചില്‍ ആരോ രണ്ട്‌ പേര്‍ കൂനിക്കൂടിയിരിക്കുന്നത്‌ അവ്യക്തമായി അയാള്‍ കണ്ടു. ജോലിക്ക്‌ പോവാന്‍ കഴിയാത്ത ആരൊക്കെയോ സമയം കളയുവാന്‍ വന്നിരിക്കുകയാണ്‌. അമ്പലത്തിന്റെ സമീപത്ത്‌ അങ്ങിനെ ചിലര്‍ ഉണ്ട്‌. ഒരു ജോലിക്കും പോവാന്‍ താല്‍പര്യം ഇല്ലാത്തവര്‍. തങ്ങളുടെ ഭാര്യമാര്‍ ചെരുപ്പിന്റെ വള്ളി വെട്ടിയും ഫോട്ടോസ്റ്റാറ്റ്‌ കടയില്‍ ജോലിക്ക്‌ നിന്നും ഉണ്ടാക്കുന്ന തുഛമായ വരുമാനം കൊണ്ട്‌ കഴിയുന്നവര്‍. എന്താണ്‌ ഇവര്‍ ഇങ്ങനെ ആയിപ്പോയത്‌.? അങ്ങോട്ട്‌ തന്നെ നോക്കിക്കൊണ്ട്‌ കണ്ണന്‍ ആലോചിച്ചിരുന്നു. മഴ ശമിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ്‌ ടാറ്‌ പൊളിഞ്ഞ റോഡില്‍ക്കൂടി ഒരു ഓട്ടോറിക്ഷ ആടിയുലഞ്ഞ്‌ വന്ന് അമ്പലത്തിന്റെ കവാടത്തില്‍ നിര്‍ത്തിയത്‌. ഒരു നിമിഷം. ആരോ ഒരാള്‍ ഓട്ടോയില്‍ നിന്ന് മഴയുടെ ചാറ്റലിലേക്ക്‌ ഇറങ്ങി. ആരാണെന്ന് വ്യക്തമാവുന്നില്ല. "ആരാണ്‌ ഈ സമയത്ത്‌.? തൊഴുവാന്‍ വന്നതാണോ.? പക്ഷേ നട തുറക്കുവാന്‍ സമയം ആയിട്ടില്ലല്ലോ. അതിനിനിയുമുണ്ട്‌ രണ്ട്‌ മണിക്കൂറോളം. പിന്നെ ആരാണ്‌.? എന്തിനാണ്‌?" കണ്ണന്‌ ഒരു ഊഹവും കിട്ടിയില്ല.

ഓട്ടോയില്‍ വന്ന മനുഷ്യനു കുടയില്ലായിരുന്നു. അയാള്‍ മഴച്ചാറ്റലിനിടയിലൂടെ പയ്യെ, ഒട്ടും ധൃതിയില്ലാതെ അമ്പലത്തിലേക്ക്‌ നടന്നു വന്നു. തീര്‍ത്തും അപരിചിതനെപ്പോലെ അയാള്‍ ചുറ്റും നോക്കുന്നുണ്ടായിരുന്നു. പരിചയമുള്ള ആളല്ല. കണ്ണനോര്‍ത്തു. ഈ നാട്ടുകാരനല്ല. എവിടെയും കണ്ട്‌ പരിചയവുമില്ല. അമ്പലത്തിലെ ജോലി അയാള്‍ക്ക്‌ ഒന്നൊഴിയാതെ എല്ലാ നാട്ടുകാരെയും ചിരപരിചിതരാക്കിയിരുന്നു. ആരാണാവോ.? നനഞ്ഞ്‌ കയറിവരുന്ന മനുഷ്യനെ നോക്കിക്കൊണ്ട്‌ കണ്ണന്‍ സ്വയം ചോദിച്ചു.

വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച മെലിഞ്ഞ ആ മനുഷ്യന്‍ സന്ദേഹത്തോടെ ദേവസ്വം ഓഫീസിന്റെ തിണ്ണയിലേക്ക്‌ കയറി വന്നു. മഴയില്‍ നനഞ്ഞ കണ്ണട എടുത്ത്‌ മുണ്ടിന്റെ കോന്തലയില്‍ തുടയ്ക്കുന്ന അയാളെ കണ്ണന്‍ ചോദ്യരൂപേണ നോക്കി. ഏകദേശം അന്‍പത്‌ വയസ്സിനടുത്ത്‌ പ്രായമുണ്ടായിരുന്നു ആ മനുഷ്യന്‌.

"ഇളംകാവ്‌ ദേവസ്വം..??" അയാള്‍ ചോദ്യം പാതിവഴിയില്‍ നിര്‍ത്തി.

"അതെ."

പെട്ടെന്ന് ഒരു അസ്വസ്ഥത അയാളുടെ മുഖത്ത്‌ പടര്‍ന്നു. എന്തോ വലിയൊരു വിഷമത അയാളെ അലട്ടുന്നതായി അയാളുടെ കണ്ണുകളും പെരുമാറ്റരീതികളും കണ്ണനോട്‌ പറഞ്ഞു.

"എന്റെ പേര്‌ രാധാകൃഷ്ണന്‍. കൊല്ലത്തുനിന്ന് വരികയാണ്‌."

"ഇങ്ങോട്ടിരിക്കൂ." കസേര മുന്‍പിലേക്ക്‌ നീക്കിയിട്ട്‌ കണ്ണന്‍ പെട്ടെന്ന് ആതിഥ്യമര്യാദ കാട്ടി.

അയാള്‍ സാവധാനം കസേരയിലേക്ക്‌ അമര്‍ന്നു. ജോലിക്കു വേണ്ടി ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുന്‍പില്‍ ഇരിക്കുന്ന ഉദ്യോഗാര്‍ഥിയുടേത്‌ പോലുള്ള ഒരു വിമ്മിട്ടം അയാളുടെ ശരീരഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു. അയാളുടെ പരിഭ്രമവും ആ അപരിചിതമായ സാഹചര്യവും തന്റെ മനസ്സില്‍ അകാരണമായ ഒരു അസ്വസ്ഥത പടര്‍ത്തുന്നത്‌ കണ്ണനറിഞ്ഞു. "എന്തിനാണ്‌ ഇയാള്‍ ഇത്ര ദൂരത്ത്‌ നിന്ന് ഇവിടെ വന്നത്‌.? എന്ത്‌ പറയുവാനാണ്‌ ഇയാള്‍ ഇത്രയധികം ബുദ്ധിമുട്ടുന്നത്‌.?" കണ്ണന്‍ അയാളെ തന്നെ നോക്കിക്കൊണ്ട്‌ തന്റെ കസേരയിലേക്ക്‌ ഇരുന്നു. മഴ അപ്പോഴേക്കും ഏതാണ്ട്‌ പൂര്‍ണ്ണമായി ശമിച്ചിരുന്നു.

"ഞാന്‍ വന്നത്‌....
എന്റെ മകളുടെ വിവാഹം.. ഈ അമ്പലത്തില്‍ വെച്ച്‌ മൂന്നു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്നു എന്ന് ഞാനറിഞ്ഞു..." അയാള്‍ ഒരു നിമിഷം നിര്‍ത്തി.

"അത്‌ സത്യമാണോ എന്ന് അറിയാനാണ്‌.." അയാളുടെ ശബ്ദത്തിന്‌ നേര്‍ത്ത വിറയല്‍ ഉള്ളതായി കണ്ണന്‌ തോന്നി.

കണ്ണന്‍ മിഴിച്ചിരുന്നു. അയാള്‍ക്ക്‌ ആദ്യം ഒന്നും മനസ്സിലായില്ല. "എന്താണ്‌ ഇയാള്‍ പറയുന്നത്‌.? സ്വന്തം മകളുടെ കല്യാണം സത്യമാണോ എന്ന് ഒരാള്‍ അന്യനൊരാളോട്‌ അന്വേഷിക്കുന്നു. എന്താണ്‌ യഥാര്‍ത്ഥത്തില്‍ നടക്കുന്നത്‌.?" കണ്ണന്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവനെ പോലെ ഇരുന്നു.

"കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിയെട്ടിന്‌ നടന്നു എന്നാണ്‌ എനിക്ക്‌ ലഭിച്ച വിവരം. അത്‌ സത്യമാണോ അല്ലയോ എന്ന് ഒന്ന് ഉറപ്പ്‌ വരുത്തുവാനാണ്‌." പറഞ്ഞ്‌ നിര്‍ത്തുമ്പോള്‍ അയാള്‍ ഒരു ആസ്ത്മാ രോഗിയേപ്പോലെ കിതയ്ക്കുന്നുണ്ടായിരുന്നു.

കണ്ണന്‍ ഒന്നും മിണ്ടിയില്ല. എന്ത്‌ പറയണം എന്ന് അയാള്‍ക്ക്‌ ഒരു ഊഹവും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ശരി. കാരണം എന്താണ്‌ തന്റെ മുന്‍പില്‍ ഇരിക്കുന്ന മനുഷ്യന്‍ പറഞ്ഞ്‌ വരുന്നതെന്ന് അയാള്‍ക്ക്‌ അപ്പോഴും പൂര്‍ണ്ണമായി മനസ്സിലായിരുന്നില്ല.

"ഒറ്റ മോളാണ്‌. ബാംഗ്ലൂര്‌ നേഴ്സിംഗിന്‌ പഠിക്കുകയാണ്‌. ഇവിടെ ചങ്ങനാശേരിയില്‍ ഉള്ള ഒരു പയ്യനുമായി ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ തവണ ക്രിസ്മസിന്റെ അവധിക്ക്‌ വന്ന് തിരിച്ച്‌ പോവുന്ന വഴി അവള്‍ ഇവിടെ ഇറങ്ങി, ആ പയ്യനുമായി ഈ അമ്പലത്തില്‍ വന്ന് താലി കെട്ടി എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌." അയാള്‍ നിര്‍ത്തിയിട്ട്‌ ശ്വാസമെടുത്തു. ആ തണുപ്പത്തും അയാളെ വിയര്‍ക്കുന്നതുപോലെ തോന്നി.

പെട്ടെന്ന് കണ്ണന്‌ ഒരു അപകടം മണത്തു. "ദേവീ, ഇതൊരു തൊല്ലയാവുന്ന ലക്ഷണമാണല്ലോ..!" അയാള്‍ മനസ്സില്‍ പറഞ്ഞു. "കെട്ടിക്കൊണ്ട്‌ പോയിട്ട്‌ അവന്‍ ഇനി അവളെ അപകടപ്പെടുത്തുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍..!!" കണ്ണന്‍ ഉള്ളില്‍ ഞെട്ടി. "നമുക്ക്‌ സമാധാനക്കേടുണ്ടാക്കാന്‍ ഓരോ മാരണങ്ങള്‌ വലിഞ്ഞ്‌ കേറി വന്നോളും. പ്രേമം മൂത്ത്‌ മുന്‍പിന്‍ നോക്കാതെ ഓരോ പെണ്‍പിള്ളേര്‍ എടുത്തുചാടും. വല്ലോം സംഭവിച്ചാല്‍ പിന്നെ നമുക്കാണ്‌ കിടക്കപ്പൊറുതിയില്ലത്തത്‌. ഇതുങ്ങളെയൊക്കെ വളര്‍ത്തി വിടുന്ന തന്തയേം തള്ളയേം പറഞ്ഞാല്‍ മതിയല്ലോ." കണ്ണന്‌ പെട്ടെന്ന് മുന്‍പിലിരിക്കുന്ന മനുഷ്യനോട്‌ ഈര്‍ഷ്യ തോന്നി.

"അതിപ്പോ..." എങ്ങനെ തുടങ്ങണം എന്ന് കണ്ണന്‌ ആശയക്കുഴപ്പം തോന്നി.

"ഇവിടെ ഒരു പാട്‌ കല്യാണങ്ങള്‌ നടക്കുന്നതാണ്‌. സാധാരണ കല്യാണങ്ങളും പ്രേമവിവാഹങ്ങളുമൊക്കെ. പ്രായപൂര്‍ത്തിയായതിന്റെ രേഖകള്‍ ഉണ്ടെങ്കില്‍ കല്യാണം നടത്തിക്കൊടുക്കാന്‍ ദേവസ്വം ബാദ്ധ്യസ്ഥരാണ്‌. പക്ഷേ അത്‌ നിയമപരമാവണമെങ്കില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. എങ്കിലേ കല്യാണം സാധുവാകൂ. പഞ്ചായത്തില്‍ ചെന്ന് ഒന്ന് അന്വേഷിക്കുന്നതാവും നല്ലത്‌." കണ്ണന്‍ അയാളെ എത്രയും വേഗം ഒഴിവാക്കുവാന്‍ ആഗ്രഹിച്ചു.

"ഞാന്‍ പഞ്ചായത്തില്‍ പോയിരുന്നു. അവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌ ഇവിടെ വെച്ച്‌ താലികെട്ടി എന്നാണ്‌." രാധാകൃഷ്ണന്‍ പറഞ്ഞു.

അയാളെ ഒഴിവാക്കാന്‍ ഒരു പിടിവള്ളി കിട്ടിയതിന്റെ സന്തോഷം തോന്നി കണ്ണന്‌. " അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. അമ്പലത്തിലെ ചടങ്ങ്‌ പേരിനുമാത്രമാണ്‌. എന്തെങ്കിലും ബോധിപ്പിക്കുവാനുണ്ടെങ്കില്‍ പഞ്ചായത്തില്‍ ബോധിപ്പിച്ചാല്‍ മതി."

"അതല്ല. കല്യാണം നടന്നു എന്ന് അവരു പറഞ്ഞു. താലികെട്ടിയത്‌ ഇവിടെ വെച്ചാണെന്നും അവരു പറഞ്ഞു. എന്റെ ഒരു മനസ്സമാധാനത്തിന്‌, അവസാനമായൊരു തീര്‍ച്ചപ്പെടുത്തലിന്‌, വന്നതാണ്‌. അതിന്റെ രേഖകള്‍ എനിക്കൊന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ട്‌." ദയനീയമായ ഒരു ഭാവം അയാളുടെ മുഖത്ത്‌ ഉണ്ടായിരുന്നു. അത്‌ കണ്ണനെ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.

മനസ്സില്‍ തികട്ടി വന്ന ഈര്‍ഷ്യ ഉള്ളില്‍ ഒതുക്കുവാന്‍ കണ്ണന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആ വെറുപ്പ് ഒരു കള്ളമായാണ് പുറത്ത് വന്നത്; "അങ്ങനെ ചോദിച്ചാല്‍... ഡിസംബറിലെ രജിസ്റ്ററൊന്നും ഇവിടെ ഇല്ല. പഴയ റെക്കോഡുകളെല്ലാം ദേവസ്വം സെക്രട്ടറിയുടെ കൈയ്യിലാണ്‌. സെക്രട്ടറി ഇവിടെ ഇല്ലല്ലോ."

ഒതുക്കി വെച്ച അനിഷ്ടം കണ്ണന്റെ അലക്ഷ്യമായ മറുപടിയില്‍ നിന്ന് രാധാകൃഷ്ണന്‌ വ്യക്തമായിരുന്നു. എങ്കിലും അയാള്‍ ഒരു പതിതനായ ആത്മാവിനേപ്പോലെ വീണ്ടും കേണു.

"സാരമില്ല. ഞാന്‍ വെയിറ്റ്‌ ചെയ്യാം. എപ്പോഴാണ്‌ സെക്രട്ടറി വരിക.?" അയാള്‍ ചോദിച്ചു,

"സന്ധ്യയാവും." കണ്ണന്‍ വര്‍ദ്ധിച്ച അനിഷ്ടത്തോടെ പറഞ്ഞു. "കൃത്യസമയം പറയാന്‍ പറ്റില്ല."

"ആയ്ക്കോട്ടെ. സെക്രട്ടറി വരുന്നതുവരെ ഇവിടെ ഇരിക്കാമല്ലോ അല്ലേ..?" രധാകൃഷ്ണന്‍ ആ ചോദ്യത്തിന്‌ മറുപടി ആഗ്രഹിച്ചില്ല. അയാള്‍ കസേരയിലേക്ക്‌ ചാഞ്ഞു.

കണ്ണന്‍ ഒന്നും പറഞ്ഞില്ല. വെറുതെ കുറെ നിമിഷങ്ങള്‍ രാധാകൃഷ്ണനെ നോക്കിയിരുന്നു. പെട്ടെന്ന് അയാളുടെ മനസ്സിലേക്ക്‌ ഒരു നനവ്‌ പടര്‍ന്നു. സ്വപ്നങ്ങള്‍ തകര്‍ന്നൊരു മനുഷ്യാത്മാവ്‌. ദുഖിതനും നിരാശനുമാണയാള്‍. വളരെയധികം ക്ഷീണിതനും. കണ്ണുകള്‍ അടച്ചിരിക്കുന്നെങ്കിലും ആ മുഖത്ത്‌ അതിയായ വേദന പ്രകടമായിരുന്നു. കണ്ണന്‌ ഉള്ളില്‍ ആരോ കത്തികൊണ്ട്‌ വരയുന്നത്‌ പോലെ തോന്നി. അയാള്‍ നോട്ടം വെളിയിലേക്ക്‌ മാറ്റി. മഴ പൂര്‍ണ്ണമായും മാറിയിരിക്കുന്നു. പക്ഷേ ആകാശം ഇപ്പോഴും മൂടിക്കെട്ടി നില്‍ക്കുകയാണ്‌. അമ്പലമുറ്റത്ത്‌ നിറയെ വെള്ളം തളം കെട്ടിക്കിടക്കുന്നു. അമ്പലമുറ്റത്ത്‌ തന്നെയുള്ള സ്ക്കൂളില്‍ നിന്ന് കൊച്ചുകുട്ടികള്‍ മഴവെള്ളം തെറിപ്പിച്ച്‌ നടന്നുപോവുന്നു. കൊച്ചുകുട്ടിയായിരുന്ന കാലത്തേക്കുറിച്ച്‌ അയാള്‍ പെട്ടെന്ന് ഓര്‍ത്തു. നിഷ്കളങ്കമായ ബാല്യം. വലിയ മനുഷ്യരുടെ വേദനകള്‍, ദുഖങ്ങള്‍. ഒന്നുമറിയണ്ട. വെറുതെ കളിച്ച്‌ ചിരിച്ച്‌ ജീവിക്കുക. അപ്പോള്‍ കണ്ണന്‌ വീണ്ടും പഴയ ആ നാലാം ക്ലാസ്സുകാരനായി അച്ഛന്റെ കൈ പിടിച്ച്‌ മഴയിലൂടെ നടക്കുവാന്‍ തോന്നി.

കുട്ടികളെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു. സ്ക്കൂള്‍ അടയ്ക്കണം. കണ്ണന്‍ എഴുന്നേറ്റു. രാധാകൃഷ്ണനെ ഒന്ന് പാളിനോക്കി. അയാള്‍ കണ്ണടച്ചിരിക്കുകയാണ്‌. തന്നെ അയാള്‍ നോക്കുന്നില്ലല്ലോ എന്ന ആശ്വാസത്തോടെ കണ്ണന്‍ ഓഫീസിന്റെ തിണ്ണയില്‍ നിന്നിറങ്ങി സ്ക്കൂളിന്റെ നേരെ നടന്നു.

സമയം കടന്നുപോവുന്നു. ഓരോ ജോലി ചെയ്ത്‌ നടക്കുമ്പോഴും കണ്ണന്‍ ദേവസ്വം തിണ്ണയിലേക്ക്‌ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. ആ മനുഷ്യന്‍ അവിടെ തന്നെയുണ്ട്‌. തന്റെ നേര്‍ക്കാണ്‌ അയാളുടെ നോട്ടമത്രയും എന്നത്‌ കണ്ണനെ അസ്വസ്ഥനാക്കി. അയാളുടെ സാമീപ്യം ഒഴിവാക്കുവാന്‍ വേണ്ടി മാത്രം ഇല്ലാത്ത ജോലിത്തിരക്കുകള്‍ അഭിനയിച്ച്‌ കണ്ണന്‍ അമ്പലപ്പറമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും വെറുതെ ചുറ്റിത്തിരിഞ്ഞു. പക്ഷേ അയാളുടെ ശ്രദ്ധ മുഴുവന്‍ ഓഫീസിന്റെ തിണ്ണയില്‍ ഇരിക്കുന്ന മനുഷ്യനിലേക്കായിരുന്നു. ആ ദൈന്യമാര്‍ന്ന കണ്ണുകള്‍ തന്റെ പുറകെ നടന്ന് തന്നെ കൊത്തിവലിക്കുന്നതായി കണ്ണന്‌ തോന്നി. സമയം കഴിയുന്തോറും അയാളുടെ മനസ്സ്‌ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥമായിക്കൊണ്ടിരുന്നു. ആ മനുഷ്യനോടു തന്റെയുള്ളില്‍ ആദ്യം തോന്നിയ വെറുപ്പ്‌ അലിഞ്ഞ്‌ ഇല്ലാതായിരിക്കുന്നതായി കണ്ണന്‍ തിരിച്ചറിഞ്ഞു. പകരം അയാളോട്‌ വല്ലാത്തൊരു അനുകമ്പ തന്റെയുള്ളില്‍ വളര്‍ന്ന് വരുന്നു. അതില്‍ പക്ഷേ കണ്ണന്‍ ആശ്ചര്യപ്പെട്ടില്ല. ആ മനുഷ്യനെ കുറിച്ചുള്ള ചിന്ത അത്രമേല്‍ കണ്ണനെ മഥിച്ചിരുന്നു. അയാളോടുള്ള സഹതാപം തന്റെയുള്ളില്‍ ഒരു നീറ്റലായി പടരുന്നത് അയാളറിഞ്ഞു. മക്കളെപ്പറ്റി അച്ഛനമ്മമാര്‍ നെയ്തുകൂട്ടുന്ന സ്വപ്നങ്ങളെപ്പറ്റിയും അവരുടെ വേവലാതികളെപറ്റിയുമൊക്കെ അയാള്‍ ഗാഢമായി ചിന്തിച്ചു. പെട്ടെന്ന് അയാള്‍ക്ക്‌ സ്വന്തം അച്ഛന്റെ ഓര്‍മ്മ വീണ്ടും മനസ്സിലേക്ക്‌ കടന്നു വന്നു. ആനക്കൊട്ടിലിലെ തടിമേശമേല്‍ ചാരി അയാള്‍ കുറെ നിമിഷങ്ങള്‍ ദേവസ്വം ഓഫീസിലേക്ക്‌ തന്നെ നോക്കി നിന്നു. നിമിഷങ്ങള്‍ കടന്നുപോകുംതോറും താന്‍ കീഴടങ്ങുകയാണെന്ന് കണ്ണന്‌ ബോദ്ധ്യപ്പെട്ടു. അയാള്‍ ഓഫീസിന്റെ തിണ്ണയിലേക്ക്‌ നടന്നു.

"ഞാനൊന്ന് നോക്കട്ടെ. ഇനി പുതിയ രെജിസ്റ്ററിലെങ്ങാനും ഉണ്ടോ എന്ന്. തീര്‍ച്ച പറയുവാനൊന്നും പറ്റില്ല. എങ്കിലും നമുക്ക്‌ നോക്കാം." ആദ്യത്തെ അനിഷ്ടത്തിന്‌ പകരം കണ്ണന്റെ ശബ്ദത്തില്‍ അലിവ്‌ പടര്‍ന്നിരുന്നു. അത്‌ ആ അവസ്ഥയില്‍ രാധാകൃഷ്ണന്‍ അര്‍ഹിക്കുകയും ചെയ്തിരുന്നു.

കണ്ണന്‍ അയാളെയും കൂട്ടി ഓഫീസിന്റെ അകത്തേക്ക്‌ നടന്നു.

"കല്യാണം കഴിഞ്ഞിട്ട്‌ മൂന്ന് മാസമായല്ലോ. ഇത്ര നാളും അറിഞ്ഞില്ലേ..??" രജിസ്റ്ററുകള്‍ വെച്ചിരുന്ന ഷെല്‍ഫ്‌ തുറക്കുമ്പോള്‍ കണ്ണന്‍ ചോദിച്ചു.

"താലികെട്ട്‌ കഴിഞ്ഞിട്ട്‌ അവള്‍ ബാംഗ്ലൂര്‍ക്ക്‌ പോയി. ആ പയ്യന്‌ ഇവിടെ ചങ്ങനാശേരി ടൗണില്‍ എന്തോ കടയിലാണ്‌ ജോലിയെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഇപ്പോള്‍ മോള്‍ക്ക്‌ നല്ലൊരു കല്യാണാലോചന വന്നു. അപ്പോഴാണ്‌ അവള്‍ കാര്യം പറയുന്നത്‌. ഞങ്ങള്‍ പറഞ്ഞ്‌ ഒരു വിധം അവളുടെ മനസ്സ്‌ മാറ്റിയെടുത്തു. പക്ഷേ കല്യാണം രെജിസ്റ്റര്‍ ചെയ്തത്‌ കൊണ്ട്‌ ഒന്നും മേലാത്ത അവസ്ഥയിലാണ്‌. അവള്‍ക്കിപ്പോള്‍ ആ ചെക്കനേ വേണ്ട. പക്ഷേ അവന്‍ ഒഴിഞ്ഞ്‌ പോവുന്നുമില്ല. എന്ത്‌ ചെയ്യണമെന്ന് ഒരു രൂപവുമില്ല." ഇനി ഒരു വാക്കുകൂടി പറയേണ്ടി വന്നാല്‍ ആ മനുഷ്യന്‍ കരഞ്ഞ്‌ പോവുമെന്ന് കണ്ണന്‌ തോന്നി. അയാള്‍ക്ക്‌ അതിയായ വിഷമം തോന്നി.

ഡിസംബര്‍ മാസത്തിലെ രജിസ്റ്റര്‍ കയ്യില്‍ എടുക്കുമ്പോള്‍ തന്റെ ഹൃദയത്തില്‍ ഒരു കാട്ടുതീ പെട്ടെന്ന് ആളിപ്പിടിച്ചതുപോലെ കണ്ണന്‌ തോന്നി.

"എന്താ മോളുടെ പേര്‌.?" രജിസ്റ്റര്‍ ബുക്ക്‌ തുറക്കുമ്പോള്‍ അയാള്‍ പരിഭ്രമത്തോടെ ചോദിച്ചു.

"ശാലിനി."
"പയ്യന്റെ പേര്‌ രാജേഷ്‌." പറയുമ്പോള്‍ രാധാകൃഷ്ണന്‍ വല്ലാതെ വികാരാധീനനായിരുന്നു.

താളുകള്‍ മറിക്കുന്തോറും കണ്ണന്‌ തന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നതുപോലെ തോന്നി. ഇരുപത്തിയെട്ടാം തീയതിയുടെ പേജ്‌ അടുത്തുവരുമ്പോള്‍ അയാളുടെ കൈകള്‍ക്ക്‌ വിറയല്‍ അനുഭവപ്പെട്ടു. ഉള്ളം കൈ വിയര്‍ത്തു. ആ പേരുകള്‍ രജിസ്റ്ററില്‍ ഉണ്ടാവരുതേ എന്ന് അയാള്‍ ആത്മാര്‍ഥമായും ആഗ്രഹിച്ചു.

പേജ്‌ നമ്പര്‍ ഇരുപത്തിയെട്ട്‌.

കണ്ണന്‌ തന്റെ ഹൃദയം ഏത്‌ നിമിഷവും ശരീരത്തിനു പുറത്ത്‌ ചാടും എന്ന് തോന്നി. ആ മനുഷ്യനേക്കാള്‍ ഇപ്പോള്‍ ആകാംക്ഷയും വേദനയും അനുഭവിക്കുന്നത്‌ താനാണോ എന്ന് അയാള്‍ അല്‍ഭുതപ്പെട്ടു. വിറയ്ക്കുന്ന വിരലുകളോടെ അയാള്‍ പേജിലൂടെ കണ്ണോടിച്ചു.


രാജേഷ്‌ ചന്ദ്രന്‍
മൂത്തേടത്ത്‌
വാഴപ്പള്ളി പി ഓ
ചങ്ങനാശേരി.

ശാലിനി ആര്‍
പുത്തന്‍പുരയ്ക്കല്‍
ആദിച്ചനല്ലൂര്‍ പി ഓ
കൊല്ലം.

കണ്ണന്‌ ശ്വാസം നിലച്ചതുപോലെ തോന്നി. അയാള്‍ ഉറപ്പു വരുത്താനായി ഒന്നു കൂടി കണ്ണോടിച്ചു. തീവ്രമായ ഒരു വേദന അയാളുടെ മനസ്സില്‍ മുളക്‌ പുരണ്ട മുറിവ്‌ പോലെ വിങ്ങി.

അയാള്‍ മുഖമുയര്‍ത്തി രാധാകൃഷ്ണന്റെ മുഖത്തേക്ക്‌ നോക്കി. ഹൃദയസ്തംഭനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൃദ്രോഗിയേപ്പോലെ തോന്നിച്ചു ആ മനുഷ്യന്‍. ആകാംക്ഷ അടക്കുവാനാവാതെ അയാളുടെ മുഖം പോലും ഇപ്പോള്‍ പലപല കഷ്ണങ്ങളായി പൊട്ടിത്തെറിച്ചേക്കും എന്ന് കണ്ണന്‌ തോന്നി. കണ്ണന്റെ നിരാശമായ മുഖത്തേക്ക്‌ നോക്കിയ മാത്രയില്‍ അയാള്‍ക്ക്‌ നേരത്തെ തന്നെ ഉറപ്പായിരുന്ന ആ സത്യം അന്ത്യവിധി പോലെ ഒന്ന് കൂടി ബോധ്യമായി.

കണ്ണന്‍ ഒന്നും മിണ്ടാതെ ആ രജിസ്റ്റര്‍ ഉയര്‍ത്തി രാധാകൃഷ്ണനെ കാണിച്ചു. രാധാകൃഷ്ണന്‍ ആ പേജിലേക്ക്‌ തന്നെ ഒരു നിമിഷം നോക്കി നിന്നു. അപ്പോള്‍ ഒരു പ്രതിമയാണയാളെന്ന് കണ്ണന്‌ തോന്നി. പെട്ടെന്ന് അയാളുടെ മുഖത്ത്‌ മുറുകി നിന്നിരുന്ന പേശികള്‍ അയഞ്ഞു. പകരം ഏതൊരു മനുഷ്യനെയും ആത്മഹത്യയ്ക്ക്‌ പ്രേരിപ്പിക്കുവാന്‍ പര്യാപ്തമായ, കൊടിയ ഒരു നിരാശ ആ മുഖത്ത്‌ പടര്‍ന്നു. കണ്ണന്‌ അയാളെ ആ ഭാവത്തോടെ കാണുവാനുള്ള ഉള്‍ക്കരുത്ത്‌ ഉണ്ടായിരുന്നില്ല. അയാള്‍ തന്റെ ദൃഷ്ടി ജനലില്‍ കൂടി വെളിയിലേക്ക്‌ പായിച്ചു.

രാധാകൃഷ്ണന്‍ തന്റെ കണ്ണട മുഖത്തുനിന്ന് എടുത്ത്‌ മുണ്ടിന്റെ കോന്തല കൊണ്ട്‌ കണ്ണ്‌ തുടച്ചിട്ട്‌ തിരിഞ്ഞ്‌ നടന്നു. കണ്ണന്‍ പെട്ടെന്ന് രജിസ്റ്റര്‍ മേശപ്പുറത്തേക്ക്‌ ഇട്ടിട്ട്‌ അയാളുടെ പുറകെ ചെന്നു. ആ മനുഷ്യന്റെ തോളില്‍ വെറുതെ ഒന്ന് തൊടാന്‍ കണ്ണന്‍ ഉല്‍ക്കടമായി ആഗ്രഹിച്ചു. എന്തുകൊണ്ടോ പക്ഷേ അയാള്‍ അതിന്‌ ധൈര്യപ്പെട്ടില്ല. ഓഫീസിന്റെ തിണ്ണയില്‍ എത്തിയ രാധാകൃഷ്ണന്‍ നിശബ്ദനായിരുന്നു. കണ്ണന്റെ ഹൃദയത്തിന്റെ അടിത്തട്ട്‌ ഇളക്കാന്‍ പോന്ന ഒരു ശൂന്യമായ നോട്ടത്തില്‍ യാത്രപറച്ചില്‍ ഒതുക്കി അയാള്‍ നടന്നകന്നു.

രാധാകൃഷ്ണന്‍ ദൂരെ വളവില്‍ നടന്ന് മറയുമ്പോള്‍ വീണ്ടും മഴ ചാറാന്‍ തുടങ്ങിയിരുന്നു. പക്ഷേ ഇത്തവണ ആ മഴയുടെ അര്‍ഥമെന്തെന്ന് കണ്ണന്‌ മനസ്സിലായില്ല.

9 Comments, Post your comment:

KS Binu said...

കുറേ നാളുകളായി പല കാരണങ്ങളാല്‍ ബ്ലോഗുകളൊന്നും എഴുതാന്‍ സാധിക്കുന്നില്ല.. പക്ഷേ ഇടയ്ക്കെങ്കിലും ഒരു സാന്നിധ്യം അറിയിക്കാതിരിക്കുന്നത് ശരിയുമല്ലല്ലോ. ഈ കഥ മാസങ്ങള്‍ക്ക് മുന്‍പ് ഒന്ന് രണ്ട് അന്യ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഋതുവില്‍ ആദ്യമായാണ്. അതുകൊണ്ട് തന്നെ ഇത് വായിക്കാത്ത ഒരുപാട് ഋതു ഫോളോവേഴ്സ് ഉണ്ടെന്ന വിശ്വാസത്തില്‍ അവര്‍ക്ക് വേണ്ടി ഞാനിത് ഇവിടെ പ്രസിദ്ധീകരിക്കുന്നു..

yousufpa said...

നാലു പെൺകുട്ടികളുടെ അച്ഛനാണു ഞാൻ.കഥ വായിച്ചപ്പോൾ നെഞ്ചിലെ നെരിപ്പോടിൽ വേദനയുടെ ഒരു ആളൽ.ഈ പോസ്റ്റ് എന്നെ വല്ലാതെ ചിന്തിപ്പിച്ചു.

മഴനിലാവ് said...

മക്കള്‍ മാതാപിതാക്കളുടെ പ്രതീക്ഷയാണ് ..,എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചിലപോഴൊക്കെ ആ പ്രതീക്ഷ കൈവിട്ടു പോകുന്നു ..,തിരിച്ചു പിടിക്കാന്‍ കഴിയാത്ത ദൂരങ്ങളിലേക്ക് .
ഈ കഥ ഒരു പിതാവിന്റെ വേദനയില്‍ ചാലിച്ചെഴുതിയതില്‍ വളരെ സന്തോഷം .
രാധാകൃഷ്ണന്റെ ഹൃദയ വേദന പലര്‍ക്കും ഒരു തിരിച്ചറിവ് ആകട്ടെ .
നന്നായി എഴുതി ..,ഭാവുകങ്ങള്‍.

binoj said...

നന്നായ് എഴുതി. അഭിനന്ദനങള്‍. എവിടെയോ മറഞ്ഞ ബാല്യത്തെ ഈ മഴ ഓര്‍മ്മപ്പെടുത്തുന്നു.

ഋതു said...

പ്രിയ ചന്ദ്രകാന്തന്‍,
തൊട്ടു മുന്‍പത്തെ കഥ കഴിഞ്ഞു 48Hrs കഴിഞ്ഞേ ഋതുവില്‍ കഥ പോസ്റ്റ്‌ ചെയ്യാവൂ എന്ന നിബന്ധന താന്കള്‍ പാലിച്ചു കാണുന്നില്ല.പലപ്പോഴായി പലരോടും അഡ്മിന്‍ മെയിലിലൂടെയും കമന്ടിലൂടെയും അറിയിക്കുന്ന കാര്യമാണിത്.എല്ലാ കഥാകൃത്തുക്കളും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിതെന്നു വ്യക്തമായി തന്നെ അഡ്മിന്‍ എല്ലാവരെയും അറിയിച്ചിട്ടുണ്ട്.നിയമ പ്രകാരം ഈ കഥ ഡിലീറ്റ്‌ ചെയ്യപ്പെടെണ്ടതാണ്.ഇനി മുതല്‍ ദയവായി ശ്രദ്ധിക്കുമല്ലോ??

റോസാപ്പൂക്കള്‍ said...

really a agood story.congrats.

മക്കള്‍ മാതാപിതാക്കളുടെ പ്രതീക്ഷയാണ് ..,എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചിലപോഴൊക്കെ ആ പ്രതീക്ഷ കൈവിട്ടു പോകുന്നു ..,തിരിച്ചു പിടിക്കാന്‍ കഴിയാത്ത ദൂരങ്ങളിലേക്ക്

KS Binu said...

കഥ വായിച്ച എല്ലാ സഹൃദയര്‍ക്കും നന്ദി..

KS Binu said...

പ്രിയപ്പെട്ട ഋതു അഡ്മിനിസ്ട്രേറ്റര്‍,

ക്ഷമിക്കണം. ആ നിയമം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഋതു തുടങ്ങിയ കാലത്തെ പോസ്റ്റ് ചെയ്യുമ്പോളുള്ള നിയമങ്ങള്‍ തന്നെയാണ് എന്ന് കരുതി ബ്ലോഗ് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പുള്ള കുറിപ്പ് ശ്രദ്ധിക്കാതെ പോയതാണ് പ്രശ്നമായത്.. അംഗങ്ങളുടെ എണ്ണം കൂടിയ ശേഷം വന്ന നിയമങ്ങള്‍ താങ്കള്‍ ഇപ്പോള്‍ പറയുമ്പോഴാണ് അറിയുന്നത്. കുറേ നാളുകളായി തിരക്കുകള്‍ മൂലം ഋതുവില്‍ വരുവാനോ ബ്ലോഗെഴുതുവാനോ സാധിക്കാതിരുന്നത് കാരണം പുതിയതായി വന്ന മാറ്റങ്ങള്‍ അറിഞ്ഞിരുന്നില്ല. ഇനി മുതല്‍ ശ്രദ്ധിക്കുന്നതായിരിക്കും. ഈ വിവരം ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി..

JJ said...

പ്രിയ ചന്ദ്രകാന്തന്‍,

താങ്കളുടെ കഥ മനോഹരമായിരിക്കുന്നു. ഒരച്ഛന്‍ അല്ല എങ്കിലും വിവാഹപ്രായമെത്തിയ കുഞ്ഞനുത്തിയെ കുറിച്ചു ചിലപ്പോഴെല്ലാം നെഞ്ചില്‍ നെരിപ്പോട് എരിയാറുണ്ട്. എങ്കിലും ഒത്തിരി നല്ല പ്രതീക്ഷകളും വിശ്വാസങ്ങളും ആണല്ലോ നമ്മുടെയൊക്കെ ജീവിതം മുന്നോട്ടു നയിക്കുന്നത്.

ആശംസകള്‍.