അപ്പുണ്ണി മാഷിന്റെ വീട് ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഗൌതമന്‍ ലക്ഷ്മിയെക്കുറിച്ചാണ് ചിന്തിച്ചത് .മീനമാസത്തിലെ സൂര്യന്‍ തലയ്ക്കു മുകളില്‍ കനല്‍ കൂട്ടിയിടുന്നതൊന്നും അയാള്‍ അറിയുന്നതേ ഉണ്ടായിരുന്നില്ല . ഒരു പക്ഷേ അതിനെ വെല്ലുന്ന പൊള്ളുന്ന ചിന്തകള്‍ ഉള്ളിലുണ്ടായിരുന്നത് കൊണ്ടാകാം . സ്ഥിരചിത്തനല്ലാത്ത ഒരുവന്റെ തോക്കില്‍ നിന്നു ലക്ഷ്യമില്ലാതെ തെറിക്കുന്ന വെടിയുണ്ടകള്‍ പോലെ തലങ്ങും വിലങ്ങും കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ കുതിക്കുന്ന വാഹനങ്ങള്‍ ..ഈ നട്ടുച്ചയ്ക്കും ആളുകള്‍ പരക്കം പായുന്നതില്‍ അയാള്‍ക്കല്‍ഭുതം തോന്നിയില്ല , മറിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി താന്‍ ഓഫീസില്‍ പോകാറെയില്ലെന്ന ചിന്തയിലേക്ക് അത് വഴി തുറന്നപ്പോള്‍ അസ്വസ്ഥത തോന്നുകയും ചെയ്തു .
അപ്പുണ്ണി മാഷിന്റെ വീടിന്റെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തുമ്പോള്‍ മാഷുണ്ടാകുമോ എന്നൊരാശങ്ക തോന്നാതിരുന്നില്ല. ചിന്തിച്ചു നില്‍ക്കുമ്പോള്‍ തന്നെ ഡോര്‍ തുറന്നു..ചോറ് കുഴച്ച വലത്തേ കൈ മടക്കിപ്പിടിച്ചു കൊണ്ട് മാഷ് വാതില്‍ മലക്കെ തുറന്നു ..
"ആഹാ ..ഗൌതമനോ ? വാ.. കേറി വന്നാട്ടെ .താന്‍ വന്നത് നല്ല സമയത്ത് തന്നെ ..കൈ നനച്ചിട്ടിരുന്നോ.ഞാന്‍ പ്ലേറ്റെടുക്കാം.."
"വേണ്ട മാഷേ ..ഇപ്പോള്‍ വേണ്ട ......."
അയാള്‍ തിടുക്കത്തില്‍ പറഞ്ഞു ..
"എന്താ..താന്‍ ഊണ് കഴിഞ്ഞിട്ടാ വരുന്നേ ?"
"അതല്ലാ.......ഇ..പ്പൊ ..."
ഊണ് കഴിച്ചതാണ് എന്നൊരു കള്ളം പറയാത്തതില്‍ അയാള്‍ നാവിനെ പഴിച്ചു.
"ആഹാ ..ഇതാപ്പോ നന്നായെ ..കൈ കഴുകി ഇരുന്നോളൂ ..ഇനീപ്പോ എന്തു വലിയ കാര്യമായാലും ഊണ് സമയത്ത് അത് തന്നെ മുഖ്യം ."
ഊണ് കഴിക്കുന്നതിനിടയില്‍ മാഷിന്റെ സംസാരം മുഴുവനും തന്റെ നള പാചകത്തിലെ പൊടിക്കൈകളെക്കുറിച്ചായിരുന്നു .. വര്‍ഷങ്ങളായി ഒരേ വീട്ടില്‍ ഒറ്റയ്ക്ക് സ്വന്തം ഇഷ്ടത്തിനൊത്ത് വെച്ചുണ്ടാക്കി തിന്നും കുടിച്ചും ശരിക്കും ഒറ്റപ്പെട്ട തുരുത്തുപോലെ മാഷ് ജീവിച്ചു പോരുന്നു ..ഇഷ്ടങ്ങളും അനിഷ്ടങ്ങളും, വിശ്വാസങ്ങളും അവിശ്വാസങ്ങളും ഒന്നും തര്‍ക്കിച്ചിരമ്പാതിരിക്കാന്‍ ഇതിലും നല്ല പോം വഴി വേറെയില്ലെന്ന് ഗൌതമന് തോന്നി .
"താനെന്താ ഹെ! ..പരലോക ചിന്തയിലാണോ ? മതിയാക്കി എണീക്കാന്‍ നോക്ക് ..അതോ ഒന്നും വായ്ക്കു പിടിച്ചില്ലാന്നുണ്ടോ? "
മാഷിന്റെ ചോദ്യം അയാളെ ഉണര്‍ത്തി .
"ഹേയ് അങ്ങനൊന്നുമില്ല എല്ലാം നന്നായിട്ടുണ്ട് .."
പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒട്ടും ആത്മാര്‍ഥതയില്ലാത്ത ഒരു മറുപടിയായിരുന്നു അതെന്നു അയാള്‍ക്ക് തോന്നി .അല്ലെങ്കില്‍ തന്നെ ഹോട്ടല്‍ ഭക്ഷണത്തിന്റെ പുളിച്ച രുചികള്‍, നല്ലതും ചീത്തയും തിരിച്ചറിയാനുള്ള നാവിന്റെ വിരുത് ക്രമേണ ഇല്ലാതാക്കിയിരുന്നു.
"ആട്ടെ ..താനെന്താ ഈ നേരത്ത് ..? വിശേഷി ച്ചെ ന്തെങ്കിലും ...?"
ഊണ് കഴിഞ്ഞ് ഒരു സിഗരറ്റിനു തീ കൊളുത്തി , പായ്ക്കറ്റ് അയാള്‍ക്ക് നേരേ നീട്ടുന്നതിനിടയില്‍ മാഷ് ചോദിച്ചു .
കുറച്ച് നേരത്തേയ്ക്ക് അയാള്‍ നാവനക്കിയില്ല .പിന്നെ നേര്‍ത്ത ശബ്ദത്തില്‍ മറുപടി പറഞ്ഞു ..
"ഞാന്‍ ഓഫീസില്‍ പോയിട്ട് കുറേ ദിവസങ്ങളായി ."
"എന്താ ലീവാണോ ? എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ..?"
"അല്ല മാഷേ ..ഒന്നിലും മനസ്സുറയ്ക്കുന്നില്ല ..ആകെ ഒരു തരം .....എന്താ പറയുക ..ഒറ്റയ്ക്കായീന്നൊക്കെ നമ്മള്‍ പറയില്ലേ .. വായില്‍ നിന്നു വെറുതേ പൊട്ടി വീഴുന്ന വാക്കുകള്‍ പോലും ശത്രുക്കളെ ഉണ്ടാക്കുന്നു. വയ്യ മാഷേ ..മുറിയില്‍ നിന്നു പുറത്തിറങ്ങുന്നത് തന്നെ വിരളമായിട്ടുണ്ട്..ആള്‍ക്കാരുടെ കണ്ണില്‍ ഞാനേതാണ്ടൊരു മനോരോഗിയെപ്പോലാണ് .അല്ലെങ്കില്‍ തന്നെ സ്വബോധമുള്ള ഒരു ഭര്‍ത്താവിനെ പ്രത്യേകിച്ചോരു കാരണവുമില്ലാതെ ഒരു ഭാര്യ ഉപേക്ഷിച്ചു പോകുമോ .."
ചൂണ്ടു വിരല്‍ ഉയര്‍ത്തി തട്ടി സിഗരറ്റ് ചാരം തെറിപ്പിച്ച് വീണ്ടും ചുണ്ടത് വെച്ചു പുകയൂതുന്ന തിനിടയില്‍ അയാള്‍ അപ്പുണ്ണി മാഷിനെ നോക്കി .
"അല്ലാ ..ഇപ്പൊ പെട്ടെന്നിങ്ങനെ ചിന്തിക്കാനൊക്കെ....ലക്ഷ്മി പോയിട്ട് കാലം കുറേ ആയില്ലേ..?ഞാന്‍ കഴിഞ്ഞ ആഴ്ച തന്റച്ഛനെ കണ്ടിരുന്നു ...തനിക്കൊരു പുതിയ ബന്ധത്തിന്റെ കാര്യം ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തു...ഇനി നാട്ടുകാരുടെ തല്ലു കൂടി കൊള്ളണോ എന്നൊരു പൊട്ടിത്തെറി ആയിരുന്നു പ്രതികരണം .."
മാഷ് ചോദ്യ രൂപത്തില്‍ അയാളെ നോക്കി ..
"മ്ഹും .."
അയാള്‍ സിഗരറ്റ് കുറ്റി ആഷ് ട്രെയില്‍ കുത്തിക്കെടുത്തുന്നതിനിടയില്‍ അമര്‍ത്തി മൂളി ..
"ഒന്നോര്‍ത്താല്‍ എല്ലാം താന്‍ വരുത്തി വെച്ചതാണന്നേ ഞാന്‍ പറയൂ ... തന്റെ യുക്തിവാദവും പുരോഗമന ചിന്തേം എല്ലാം നല്ലത് തന്നെ ..ഞാനതിനോടെല്ലാം പൂര്‍ണമായും യോജിക്കുന്നു താനും ..പക്ഷേ സ്വന്തം ജീവിതത്തിന്റെ താളം തെറ്റുന്ന രീതിയില്‍ അതിനെ വഴി തെറ്റിച്ചു വിടരുതായിരുന്നു ...താനൊരാള്‍ വിചാരിച്ചാലൊന്നും നാട് നന്നാവില്ല ..അത്ര എളുപ്പമൊന്നും സമൂഹത്തില്‍ ഒരു മാറ്റമൊന്നും ഇത്തരം ചിന്തകള്‍ വരുത്തുകയുമില്ല ..അത്രത്തോളം ആഴ്ന്നിറങ്ങി വേര് പടര്‍ന്നിട്ടുണ്ട് ആചാരങ്ങളും അനുഷ്ടാനങ്ങളും സാധാരണക്കാരുടെ മനസ്സില്‍ ..."
"സമ്മതിച്ചു മാഷേ ...പക്ഷേ സ്വന്തം ഭാര്യയെങ്കിലും എന്നെ മനസ്സിലാക്കിയില്ലെങ്കില്‍ ......അവള്‍ എന്റെ ചിന്തകള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പിന്നെ നാട്ടുകാര്‍ എങ്ങനെ വില വെയ്ക്കും ..
കല്യാണം കഴിഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞു ...ഞാനൊരവിശ്വാസിയാണ്... അമ്പലങ്ങളിലും പൂജകളിലും എനിക്ക് വിശ്വാസമില്ലന്നും ....മാത്രമല്ല യുക്തിവാദസംഘവുമായി ചേര്‍ന്ന് പ്രവര്ത്തിക്കുകയാണെന്നും ...ആദ്യമൊക്കെ അവളെന്നെ തിരുത്താന്‍ നോക്കി ...നടക്കില്ലാന്ന് കണ്ടപ്പോള്‍ അവളെ അവള്‍ടെ വഴിക്ക് വിട്ടേക്കാന്‍ പറഞ്ഞു ..ഒന്നോര്‍ത്തു നോക്കിക്കേ... ഞാന്‍ ഇരുപത്തിനാല് മണിക്കൂറും യുക്തിവാദി പ്രസ്ഥാനവുമായി നടക്കുമ്പോള്‍ എന്റെ ഭാര്യ എന്ന് പറയുന്നവള്‍ പൂജേം മന്ത്രവാദവുമായി മറുവശത്ത് ..പ്രവര്‍ത്തകര്‍ക്കിടയില്‍ ഞാന്‍ ശരിക്കും നാണം കെട്ടു..അവരെ കുറ്റം പറയാന്‍ കഴിയുമോ ? സ്വന്തം ഭാര്യയെ തിരുത്താന്‍ കഴിയാത്തവന്‍ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങിയാല്‍
എങ്ങനിരിക്കും..?"
"അവിടെയാണ് ഗൌതമാ നിനക്ക് തെറ്റിയത് ...ഒന്നുകില്‍ നീ കല്യാണത്തിന് മുന്നേ തന്നെ അവളോട് എല്ലാം തുറന്ന് പറയണമായിരുന്നു.അത് ചെയ്തില്ലെന്ന് മാത്രമല്ല ,നാട്ടുകാരുടെ മുന്നിലെ നിന്റെ ഇമേജ് നിലനിര്‍ത്താന്‍ നീ പാട് പെട്ടപ്പോള്‍ മറന്നത് നിന്റെ ജീവിതമാണ് ..അവളെ നിനക്ക് തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവളെ അവളുടെ വഴിക്ക് വിടണമായിരുന്നു..എല്ലാ വിശ്വാസങ്ങള്‍ക്കും മീതെയാണ് പരസ്പരം അഗീകരിക്കുക എന്നത് ..അപ്പോള്‍ പിന്നെ വിശ്വാസങ്ങളുടെ നിഴല്‍ യുദ്ധത്തിന് അര്‍ത്ഥമില്ലാതായിക്കോളും..വ്യക്തികള്‍ സമരസപ്പെടുകയും ചെയ്യും ..അത് ഭാര്യയും ഭര്‍ത്താവുമായാലും വ്യക്തിയും സമൂഹവുമായാലും അങ്ങനെ തന്നെ .."
"ഓഹോ ..അത് ശരി .മാഷ് തന്നെ ഇതു പറയണം ....വര്‍ഷങ്ങള്‍ക്കു മുന്‍പ് മാഷിന്റെ പ്രസംഗ വേദികളില്‍ രക്തം തിളച്ച് എന്നെപ്പോലെ കുറേ ചെറുപ്പക്കാര്‍ ഇതിലേക്ക് എടുത്ത് ചാടിയിട്ടുണ്ട് ..ഇപ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ വേദി മാറിയപ്പോള്‍ ഞങ്ങള്‍ മുഖ്യധാരയ്ക്ക് വെറുക്കപ്പെട്ടവരായി മാറി .. അപ്പോള്‍ കാലത്തിനൊത്ത് കോലം മാറുമ്പോള്‍ ആദര്‍ശങ്ങളെ കടലിലെറിയണമെന്നു സാരം ..
അല്ലെങ്കില്‍ എന്നെപ്പോലെ കുറേ കോമാളികള്‍ ആള്‍ക്കാര്‍ക്ക് നേരമ്പോക്കായി നരകിച്ചു തീരും ..അത്ര തന്നെ. "
അയാള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി ..
"ഞാന്‍ നേരത്തേ തന്നെ പറഞ്ഞല്ലോ ഗൌതമാ ഞാനിപ്പോഴും എന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നുവെന്ന്...പക്ഷേ നമ്മുടെ ബന്ധുക്കള്‍ ഉള്‍പ്പടെ എല്ലാവരും ഒറ്റയടിക്ക് നമ്മുടെ പാതയില്‍ നില കൊള്ളണമെന്ന വാശി ഗുണത്തെക്കാളേറെ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുമെന്നേ ഞാനുദ്ദേശിച്ചുള്ളൂ ..ലക്ഷ്മി നിന്റെ ജീവിതത്തില്‍ നിന്നകന്നത് തന്നെ ഏറ്റവും വലിയ ഉദാഹരണം ..അത് നിന്നെപ്പോലെ എനിക്കും വളരെ വിഷമമുണ്ടാക്കിയ കാര്യം തന്നെ ....."
"ഞാനതത്ര കാര്യമാക്കിയിട്ടില്ലെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്... വിവാഹമെന്നാല്‍ ഒരു കുരിശെന്ന നിലയില്‍ അവസാനം വരെ ചുമക്കണ്ടതാണെന്നു കരുതുന്നുമില്ല ..അതവള്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടുമുണ്ട് ..ഒരിക്കല്‍ അവള്‍ പറഞ്ഞു എനിക്ക് വീട്ടുകാര്‍ അറിഞ്ഞു പേരിട്ടതാണെന്ന് ...ഗൌതമ ബുദ്ധനെപ്പോലെ ഞാനും അവളെ ഉപേക്ഷിച്ചു പോകുമെന്ന് ..പറഞ്ഞത് സത്യമായി ..പക്ഷേ പോയതവളാണെന്ന് മാത്രം ......"
കുറച്ച് നേരത്തേയ്ക്ക് ഇരുവരും ഒന്നും മിണ്ടിയില്ല ..ഒടുവില്‍ ഗൌതമന്‍ തന്നെ മൌനത്തെ വാക്കുകള്‍ കൊണ്ട് പൂരിപ്പിച്ചു ..
"ഞാനിറങ്ങുന്നു മാഷേ... വെറുതേ ഇരുന്ന് മുഷിഞ്ഞപ്പോള്‍ മാഷിനെ കാണണമെന്ന് തോന്നി...വരണ്ടായിരുന്നൂന്നു ഇപ്പോള്‍ തോന്നാതെയില്ല ...."
അതും പറഞ്ഞു അയാള്‍ എഴുന്നേറ്റപ്പോള്‍ മാഷ് തടയാന്‍ ശ്രമിച്ചു ..
"ഇരിക്ക് ഗൌതമാ വെയിലാറട്ടേ ...അല്‍പ നേരം കഴിഞ്ഞ് പോകാം ...."
അയാള്‍ അതിന് പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ പുറത്തേക്കിറങ്ങി നടന്നു കഴിഞ്ഞിരുന്നു ...
പിറ്റേന്നു രാവിലെ ഗൌതമന്റെ കൂട്ടുകാരന്‍ മഹേഷിന്റെ ഫോണ്‍ കോളിലൂടെയാണ് അപ്പുണ്ണി മാഷ് ആ വിവരം അറിഞ്ഞത് ..ഗൌതമന്‍ ടൌണിലെ ഹോസ്പ്പിറ്റലില്‍ അഡ്മിറ്റാ ണ് . രാത്രി ഏതോ വണ്ടി തട്ടിയതാണത്രെ...ബന്ധുക്കളെല്ലാരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട് ....താനുടനേ എത്തിക്കോളാമെന്ന് പറഞ്ഞ് കൂടുതല്‍ വിശദീകരണം കാക്കാതെ മാഷ് ഫോണ്‍ വെയ്ക്കുകയായിരുന്നു ..
മാഷ് റിസപ്ഷനില്‍ എത്തിയപ്പോള്‍ തന്നെ ഗൌതമന്റെ അച്ഛനെയും ഒന്നുരണ്ട് അടുത്ത ബന്ധുക്കളെയും പുറത്ത് കണ്ടു ..
"എന്താ ഉണ്ടായത് ?"
മാഷ് തിടുക്കത്തില്‍ അച്ഛനോട് തിരക്കി ..
"വ്യകതമായൊന്നുമറിയില്ല....ഇന്നലെ രാത്രി ആരൊക്കെയോ ചേര്‍ന്നിവിടെ എത്തിക്കുകയായിരുന്നു .. ഏതോ വണ്ടി ഇടിച്ചു വീഴ്തീന്നാ അവര്‍ പറഞ്ഞത് ..വണ്ടി നിര്‍ത്താതെ പോയത്രേ ..."
"ഇപ്പോഴെങ്ങനുണ്ട് ...എന്തെങ്കിലും സീരിയസായി .........??"
മാഷ് പകുതിയില്‍ നിര്‍ത്തി ..
"ഇന്നലെ രാത്രി ബോധമുണ്ടായിരുന്നില്ല ...തലയില്‍ ആഴത്തിലൊരു മുറിവുണ്ട് രക്തം കുറേ പോയിട്ടുണ്ടെന്ന് പറഞ്ഞു..ഇപ്പോള്‍ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട് .."
"ഞാനൊന്ന് കണ്ടിട്ട് വരാം ..ഏതാ റൂം ?"
"ബീ ബ്ലോക്കില്‍ ഏഴാമത്തെ റൂം .."
മാഷ് ചെല്ലുമ്പോള്‍ അടുത്ത് മഹേഷും മറ്റ് ചില സംഘം പ്രവര്‍ത്തകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ ..
"കുറച്ച് മുന്നേ ഒന്നു മയങ്ങി ...ഇനി പേടിക്കാനില്ലെന്നാ ഡോക്ടര്‍ പറഞ്ഞെ ..ബ്ലഡു കൊടുക്കുന്നുണ്ട് .."
മഹേഷ് അപ്പുണ്ണി മാഷിന്റെ അടുത്തേയ്ക്ക് വന്ന് പറഞ്ഞു ..
"ഗൌതമന്റെ അമ്മ വന്നില്ലേ ?"
മാഷ് പെട്ടെന്ന് ചോദിച്ചു ..
"ഇപ്പോള്‍ വീട്ടിലേക്ക് കൊണ്ട് പോയതേയുള്ളൂ..ഇന്നലെ രാത്രി മുഴുവന്‍ കരഞ്ഞ് വിളിച്ചും ,ഉറങ്ങാതെയും ആകെ വല്ലാണ്ടായി ...ഗൌതമന്റെ ചേച്ചീം ഭര്‍ത്താവും വളരെ നിര്‍ബന്ധിച്ചാ കൂട്ടിക്കോണ്ടു പോയത് .."
"മം .."
മാഷ് വെറുതേ മൂളി ..
"നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നാ ഡോക്ടര്‍ പറഞ്ഞത് ...ഒരു പക്ഷേ അങ്ങനെ എന്തേലും ആകാനെ തരമുള്ളൂ ........."
"മ്ഹൂം ... "
മഹേഷിന്റെ ആ മറുപടിക്കും മാഷ് വെറുതേ മൂളുക മാത്രം ചെയ്തു ..
ഉച്ച കഴിഞ്ഞാണ് തികച്ചും അവിചാരിതമായി ലക്ഷ്മിയും ഭര്‍ത്താവും ഗൌതമനെ കാണാനെത്തിയത് ..
അച്ഛനും മഹേഷും അയാള്‍ക്കരുകില്‍ തന്നെയുണ്ടായിരുന്നു ..
ലക്ഷ്മി ഗൌതമന്റെ അച്ഛനെ നോക്കി വളരെ പാടുപെട്ട് ചിരിച്ചെന്നു വരുത്തി..
എന്തെങ്കിലും മറുപടി പറയാതെ അദ്ദേഹം പുറത്തേയ്ക്ക് നടന്നു ..
ഗൌതമന്‍ ലക്ഷ്മിയെ വെറുതേ ഒന്നു നോക്കി ..പിന്നെ മുഖം ചരിച്ച് മിണ്ടാതെ കിടന്നു..
"ഇപ്പോള്‍ എങ്ങനുണ്ട് ഗൌതമാ? പെയിന്‍ തോന്നുന്നുണ്ടോ ?"
ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ വകയായിരുന്നു ചോദ്യം ..
"ഇല്ലാ .."
ഗൌതമന്‍ അയാളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു..
"എന്റെ ഹസ്ബന്റാണ് .."
ആ നോട്ടം കണ്ടിട്ടെന്നോണം ലക്ഷ്മി അയാളോടായി പറഞ്ഞു ..
"അറിയാം .."
ഗൌതമന്‍ ഒറ്റ വാക്കില്‍ പ്രതിവചിച്ചു ..
"ഞങ്ങള്‍ മണ്ണാറശാലയില്‍ തൊഴുതു വരുന്ന വഴിയാ അറിഞ്ഞത് ... അപ്പോള്‍ തന്നെ ഇങ്ങോട്ട് തിരിക്കുകയായിരുന്നു .."
ഇപ്പോഴും സംസാരിച്ചത് ലക്ഷ്മിയുടെ ഭര്‍ത്താവായിരുന്നു ..
"അമ്പലത്തില്‍ വിശേഷിച്ചെന്തെങ്കിലും ..........."
മഹേഷാണ് ചോദിച്ചത് ..
"രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളാകാത്തത്തില്‍ ഇവള്‍ക്ക് ലേശം പരിഭ്രമം ... അപ്പോഴാണ് അവിടുത്തെ ഉരുളി കമഴ്ത്തല്‍ വഴിപാടിനെക്കുറിച്ച് ഇവളുടെ അമ്മ പറഞ്ഞത് .. അപ്പോള്‍ പിന്നെ എല്ലാരുടെയും ഒരു സമാധാനത്തിന് അത് നടത്തിയേക്കാമെന്ന് വിചാരിച്ചു .."
അയാള്‍ പറഞ്ഞു നിര്‍ത്തി ..
തന്നെ മനപ്പൂര്‍വ്വം ഒന്നിരുത്താന്‍ വേണ്ടി ലക്ഷ്മി അതയാളെ കൊണ്ട് പറയിച്ചതാണെന്ന് ഗൌതമന് തോന്നി ...ഒരു ഭര്‍ത്താവിന്റെ കടമ കണ്ട് പഠിച്ചോളൂ എന്ന് പറയും പോലെ ..
പിന്നെയും കുറച്ച് നേരം എന്തൊക്കെയോ പറഞ്ഞ് അവര്‍ തിരിച്ചു പോയി ..ഗൌതമന്‍ അവരുടെ സംസാരം ശ്രദ്ധിക്കുന്നുപോലുമില്ലായിരുന്നു എന്നതായിരുന്നു സത്യം ..
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ഒരു വീര്‍പ്പുമുട്ടല്‍ ഒഴിഞ്ഞ പോലെയായി ..
"എന്നാലും അവള്‍ക്കതിന്റെ ആവിശ്യമില്ലായിരുന്നു...."
ഗൌതമന്‍ ആരോടെന്നില്ലാതെ പറഞ്ഞു..
"അതിപ്പോ പറഞ്ഞിട്ടെന്താ കാര്യം ഗൌതമാ ..നിനക്ക് നല്ല വിഷമമായീന്നറിയാം ..അന്ന് നീയൊന്നു മനസ്സ് വച്ചിരുന്നെങ്കില്‍ ലക്ഷ്മി ഇപ്പോളും നിന്റെ കൂടെ കണ്ടേനെ ..ഇനീപ്പോ .........."
മഹേഷ് പാതിയില്‍ നിര്‍ത്തി ...
"അതല്ലാ ഞാനുദ്ദേശിച്ചത് ...അവരുടെ കല്യാണം കഴിഞ്ഞിട്ട് വര്‍ഷം രണ്ടല്ലേ ആയിട്ടുള്ളൂ ...അതിലിത്ര ആധി പിടിക്കേണ്ട എന്തു കാര്യമാ ഉള്ളെ ...അത് മനസ്സിലാക്കാതെ ഉരുളീം, ചെമ്പും കമഴ്ത്താന്‍ പോയിരിക്കുന്നു ...കഷ്ടം !!"
ആ മറുപടി മഹേഷിന്റെ മേല്ച്ചുണ്ടിനും കീഴ്ചുണ്ടിനുമിടയില്‍ ഒരു വിടവ് തീര്‍ക്കുമ്പോഴും ഗൌതമന്‍ പുച്ഛത്തില്‍ മുഖം വക്രിച്ച് ബ്ലഡ് ബാഗില്‍ നിന്നും തന്റെ ജീവ കോശങ്ങളിലേക്ക് ഒഴുകിയിറങ്ങുന്ന രക്ത തുള്ളികളില്‍ കണ്ണുറപ്പിച്ചു കിടന്നു ...
യുക്തിവാദി !
May 01, 2011
സുരേഷ് ബാബു
Labels: katha
Subscribe to:
Post Comments (Atom)
1 Comments, Post your comment:
Another issue is the fact that all pianos sound different. You can search on the internet for video tutorials for just about any song that you would like to play. piano playing piano players famous learn piano chords online play piano games with chords There are now books available that do a wonderful job of instructions when it comes to learning how to play the piano.
Post a Comment