താഴേത്തൊടിയുടെ കിഴക്കേ അതിരില്‍, ഇലഞ്ഞിമരത്തിന്റെ തണലില്‍, മന്ദാരക്കൂട്ടത്തിനരികില്‍, നാലുപാടും പൊഴിഞ്ഞ് നിലം മൂടുന്ന ഇലഞ്ഞിപ്പൂക്കള്‍ക്കുമേലെ കുത്തിയിരിക്കുകയായിരുന്നു അലന്‍. തൊടിയിലെങ്ങും ആരുമുണ്ടായിരുന്നില്ല. അലനും ഇലഞ്ഞിയും മന്ദാരക്കാടും പിന്നെക്കുറേ മരങ്ങളും മാത്രം. അലന്റെ കൈയ്യില്‍ മൂര്‍ച്ചപോയൊരു ഷേവിംഗ് ബ്ലേഡ് ഉണ്ടായിരുന്നു. നീണ്ടുരുണ്ട മന്ദാരമൊട്ടുകള്‍ ആ ബ്ലേഡുകൊണ്ട് പ്രയാസപ്പെട്ട് മുറിച്ചെടുക്കുകയായിരുന്നു അവന്‍. ആ നേരം അലന്‍ അമ്മയായിരുന്നു. അവന്‍ മക്കള്‍ക്ക് കഴിക്കുവാന്‍ ആഹാരമുണ്ടാക്കുകയായിരുന്നു.
"എന്റെ മക്കള്‍ക്കിപ്പോ അമ്മ കഴിക്കാന്‍ തരാമേ.. മക്കളുവിഷമിക്കണ്ടേ.." അലന്റെ ചുണ്ടുകള്‍ അലനും മന്ദാരക്കാടിനും ഇലഞ്ഞിപ്പൂക്കള്‍ക്കും മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറഞ്ഞുകൊണ്ടിരുന്നു. അവന്‍ മന്ദാരമൊട്ടുകള്‍ ചെറിയതുണ്ടുകളായി മുറിച്ച് വട്ടയിലയില്‍ ഇടുകയായിരുന്നു.
"മക്കള്‍ക്ക് വിശന്നോടീ.? അമ്മയിപ്പോ ചോറുതരാവേ.." അലന്റെ മാതൃഹൃദയം ഒരു വിങ്ങലിന്റെ വരമ്പിലൂടെ, തുളുമ്പലിന്റെ അതിരിലൂടെ സഞ്ചരിക്കുകയായിരുന്നു. നിലത്ത് കിടന്നിരുന്ന ഇലഞ്ഞിപ്പൂക്കള്‍ അതുനോക്കി അല്‍ഭുതപ്പെട്ടു. "മക്കളെ ഊട്ടുമ്പോള്‍ എല്ലാ അമ്മമാരുടെയും ഹൃദയം ഇങ്ങനെ തുളുമ്പുമോ?"
അലന്‍ വട്ടയില കൈയ്യിലെടുത്ത്, അരിഞ്ഞുകൂട്ടിയ മന്ദാരമൊട്ടിന്‍ കഷ്ണങ്ങള്‍ വാരിയെടുത്ത് നീട്ടി. "ഇന്നാ... അമ്മ മോന് ചോറുതരാമല്ലോ.... എന്റെ മക്കള്‍ക്കമ്മ...." പെട്ടെന്ന് അലന്റെയുള്ളിലെ അമ്മ തുളുമ്പിപ്പോയി. പൂക്കള്‍ നോക്കി നില്‍ക്കേ അലന്റെ കണ്ണുകള്‍ നിറഞ്ഞു. അവന്റെ ചുണ്ടുകള്‍ വിതുമ്പുന്നതും നെഞ്ച് കുതിക്കുന്നതും പൂക്കള്‍ കണ്ടു. അവരെല്ലാം അന്യോന്യം നോക്കി.
അലന്‍ വട്ടയില താഴെ വെച്ചു. കൈനിലത്തുകുത്തി താഴേയ്ക്ക് പടഞ്ഞിരുന്നു. അലന്റെ മുഖത്ത് ഇപ്പോള്‍ അമ്മമുഖമല്ലെന്ന് പൂവുകള്‍ കണ്ടു. എങ്കിലും അലന്റെ മുഖം വിതുമ്പുകതന്നെയായിരുന്നു. പെട്ടെന്ന് അലന്റെ കണ്ണില്‍ നിന്ന് ഒരുതുള്ളി കണ്ണുനീര്‍ പൂവിന്റെ മുഖത്തുവീണു. കണ്ണീരിന്റെ ചൂടില്‍ ഞെട്ടിപ്പിടഞ്ഞുപോയ പൂവ് ചോദിച്ചു:
"അലന്‍, നീ കരയുന്നതെന്തിന്? നിന്റെ ഹൃദയം വിറയ്ക്കുന്നതെന്തിന്?"
അലന്‍ നിശബ്ദനായിരുന്നു. കണ്ണീര്‍ പൂക്കള്‍ക്കുമേലെ ചിതറിക്കൊണ്ടിരുന്നു. അവരെല്ലാം ആകാംക്ഷയോടെ അലനോട് കാരണംതേടി.
"എനിക്കാരുമില്ലല്ലോ... അലനൊറ്റയ്ക്കാണല്ലോ... അലന്റെ അച്ചനുമമ്മേംചേച്ചീമെല്ലാം മരിച്ചുപോയി" അലന്‍ പറഞ്ഞത് മുഴുവന്‍ പൂക്കളും കേട്ടു. അവരെല്ലാം വിഷമത്തോടെ പരസ്പരം നോക്കി.
"അവരെങ്ങിനെയാണ് മരിച്ചത് അലന്‍?"
"അവരെല്ലാം വിഷംകഴിച്ച് മരിച്ചുപോയി....." തൊണ്ടയില്‍ കുരുങ്ങി മുറിവുകള്‍ വീണ ശബ്ദത്തില്‍ അലന്‍ പറഞ്ഞു.
ഒരു നിമിഷം അലന്റെയും പൂക്കളുടെയുമിടയില്‍ നിശബ്ദത കയറിനിന്നു.
"അവരെന്തിനാണ് വിഷം കഴിച്ചത് അലന്‍?"
"എനിക്കറിയില്ലല്ലോ... അലന്മോന് അറിയില്ലല്ലോ അതൊന്നും..." അതുപറഞ്ഞപ്പോള്‍ അലന്റെ ചുണ്ടുകള്‍ കൂടുതല്‍ വിതുമ്പിവിറയ്ക്കുന്നതും നെഞ്ച് കുതിക്കുന്നതും പൂവുകള്‍ കണ്ടു. അവരെല്ലാം അലന്റെയൊപ്പം സങ്കടപ്പെട്ടു. അവരെല്ലാം ഉന്മേഷം നഷ്ടപ്പെട്ട് വെറുതെ വാടിക്കിടന്നു.
പടിഞ്ഞാറ് പാടത്തുനിന്നും, പറമ്പുകയറി, പൂക്കളില്‍നിന്ന് മണമെടുത്ത് മടങ്ങിപ്പോകുവാന്‍ വന്ന കാറ്റില്‍ അവരെല്ലാം ഉണര്‍ന്നു. ഇലഞ്ഞിപ്പൂമണം കാറ്റില്‍ പരന്നു. പിന്നെ കാറ്റില്‍ കുഴഞ്ഞു. കാറ്റ് തിരികെപ്പോകുമ്പോള്‍ കൂടെപ്പോകുവാന്‍ നിര്‍ബന്ധിതരായ പൂക്കള്‍ അലനെ തിരിഞ്ഞു നോക്കി. മന്ദാരപ്പൂമൊട്ടിന്റെ ചെറിയകഷ്ണങ്ങളെ വട്ടയിലയിലിട്ടു കുഴയ്ക്കുന്ന അലന്‍. അപ്പോള്‍ അവന്‍ അമ്മയായിരുന്നോ അതോ അലന്‍ തന്നെയായിരുന്നോ എന്ന് അവര്‍ക്ക് വ്യക്തമായിരുന്നില്ല. അവന്‍ വട്ടയിലയിലേയ്ക്ക് മുഖം കുനിച്ചിരിക്കുകയായിരുന്നു.
പരന്നുകിടക്കുന്ന തൊടിയിലേക്ക് തിരിഞ്ഞ്, കാറ്റിന്റെയൊപ്പം പടിഞ്ഞാറേയ്ക്ക് പറക്കുവാനാഞ്ഞ പൂക്കള്‍ ദൂരെയല്ലാതെ, അരികിലല്ലാതെ, പടിഞ്ഞാറേപാടത്തിന്റെ പച്ചനിറത്തിലും, അതിനുമുകളിലെ ആകാശത്തിന്റെ നീലനിറത്തിലുമായി പ്രകാശിനെയും മിനിയെയും സ്നേഹയെയും കണ്ടു. അവരും തൊടിയില്‍ത്തന്നെയായിരുന്നു. ആകാശത്തിനുകീഴെ, ചുവന്ന മണ്ണിനുമേലെ നില്‍ക്കുകയായിരുന്നു അവര്‍.
കാറ്റ് അവര്‍ക്കടുത്തെത്തിയപ്പോള്‍ പെട്ടെന്ന് പൂക്കള്‍ പറഞ്ഞു: "കാറ്റേ, നീ ഒരു നിമിഷം നില്‍ക്കുക."
കാറ്റ് ചോദ്യരൂപത്തില്‍ പൂക്കളെ നോക്കി. കാറ്റ് ഉറഞ്ഞു.
പൂക്കള്‍ അവരുടെ മുന്‍പില്‍ നിന്നു. പൂക്കള്‍ അവരുടെ മുഖങ്ങളിലേയ്ക്ക് നോക്കി. അവര്‍ പക്ഷേ പൂക്കളെ കാണുകയായിരുന്നില്ല. അവര്‍ അലനെ കാണുകയായിരുന്നു. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
"നിങ്ങള്‍ കരയുന്നതെന്തിന്?" പൂക്കള്‍ ചോദിച്ചു.
"എന്റെ അലന്മോന്‍......" മിനിയായിരുന്നു പറഞ്ഞത്. അവളുടെ ശബ്ദത്തില്‍ അല്‍പ്പം മുന്‍പ് അലന്റെ ശബ്ദത്തില്‍ അറിഞ്ഞ അമ്മയുടെ തുളുമ്പല്‍ പൂക്കള്‍ തിരിച്ചറിഞ്ഞു.
"നീ എന്തിന് കരയണം? നിന്റെ മകനെ ഒരുനിമിഷത്തിനപ്പുറത്തെ അനന്തമായ ശൂന്യതയിലേയ്ക്ക് കടത്തിവിട്ടവള്‍ നീ. നിനക്ക് കരയുവാനവകാശമില്ല. നോക്കൂ, ഞങ്ങളെപ്പെറ്റ അമ്മപോലും വളര്‍ച്ചയെത്താതെ ഞങ്ങളെ ഉപേക്ഷിക്കുന്നില്ല. പ്രകൃതിയിലൊരമ്മയും അത് ചെയ്യുന്നില്ല. പക്ഷേ നീയത് ചെയ്തു. അലന്‍.. അവനൊരു പൂമൊട്ടുപോലെ.. കാലംതെറ്റിക്കൊഴിഞ്ഞ്, വെയിലേറ്റ് വാടിമയങ്ങുന്ന ഒരു പൂമൊട്ടുപോലെ. ഇനി നീയെന്തിന് കരയണം?
മിനി നിശബ്ദം നിന്നു. എങ്കിലും അവള്‍ തുളുമ്പിക്കൊണ്ടുമിരുന്നു. പ്രകാശും സ്നേഹയും അവള്‍ക്കൊപ്പം നിശബ്ദം, വേദനതികട്ടി, കണ്ണുനിറഞ്ഞ്..
പൂക്കള്‍ തിരിഞ്ഞുനോക്കി. അലന്‍ അലന്റെ മാത്രം ലോകത്തില്‍. അലനും മന്ദാരക്കാടും ഇലഞ്ഞിപ്പൂക്കളും. അലന്‍ ഒറ്റയ്ക്കായിരുന്നു.
കാറ്റ് തിടുക്കം കൂട്ടി. കടന്നുപോകുന്നതിന് മുന്‍പ് പൂക്കള്‍ ദയവില്ലാത്ത മുഖങ്ങളോടെ പ്രകാശിനെയും മിനിയെയും നോക്കി. പിന്നെ അലിവോടെ സ്നേഹയുടെ കവിളില്‍ തൊട്ടു. അപ്പോള്‍ സ്ഫടികം പോലെ സുതാര്യമായ അവളുടെ കവിളില്‍ ഓളമുയര്‍ന്നു. വെള്ളത്തില്‍ ഒരു കല്ലുവീണാലെന്നപോലെ ഓളങ്ങള്‍ നാലുദിശയിലും പടര്‍ന്നു വായുവിലേയ്ക്ക് പകര്‍ന്നു.
കാറ്റ് പൂമണം പേറി അവരെ കടന്നുപോയി. പൂക്കള്‍ കാറ്റിനൊപ്പം അവരിലൂടെ പടിഞ്ഞാറേയ്ക്ക് പോയി. കാറ്റില്‍ അവര്‍ മൂവരും അലകളായി ഇളകിപ്പരന്നു.
*********
കനലിട്ടെരിച്ച വെയിലിനെ പ്രസാദ് മുറ്റത്തെ ഒട്ടുമാവിന്റെ തണലിനപ്പുറം നിര്‍ത്തിയിരുന്നു. പക്ഷേ ഉറക്കം പലവഴിയലഞ്ഞ രാത്രികളും, അലച്ചിലും ആധിയും വേര്‍പിരിയാതിടചേര്‍ന്ന പകലുകളും പ്രസാദിനൊപ്പം തന്നെയുണ്ടായിരുന്നു. സിറ്റൗട്ടിലെ കസേരയില്‍ ഇരിക്കുകയായിരുന്നു പ്രസാദ്.
"ചേച്ചിയും യാത്രയായി; അലന്‍ ഇനി തനിച്ച്." മയക്കം വിട്ട്, ഇടതുവശത്തേയ്ക്കു തല ചെരിച്ച പ്രസാദിനോട് അവിടെ, മൂലയ്ക്ക് കിടന്നിരുന്ന സ്റ്റൂളില്‍നിന്നും പത്രം പ്രകടമായൊരു സഹതാപത്തോടെ പറഞ്ഞു.
താഴെ ഫോട്ടോയില്‍ അലന്റെ ചിരിക്കുന്ന മുഖം. അവന്‍ കൈനീട്ടി ഒരു ചെത്തിപ്പൂങ്കുല പറിക്കുന്നു.
"ഇന്നലെ എപ്പോഴാണ് അലന്‍ ചിരിച്ചത്? അതോ ഇനി ഫോട്ടോയ്ക്കുവേണ്ടി പത്രക്കാര്‍ അവനെ ചിരിപ്പിച്ചതാണോ?" പ്രസാദ് ആശ്ചര്യപ്പെട്ടു.
ഇരുണ്ടുകലങ്ങിപ്പോയ ഇന്നലെ എന്തൊക്കെ നടന്നിരിക്കാം!"
അയാള്‍ കൈനീട്ടി പത്രം കൈയ്യിലെടുത്തു.
"ഒരു ദിവസത്തിന്റെ ഇടവേളയില്‍ അച്ഛനും അമ്മയ്ക്കും പിന്നാലെ സ്നേഹയും യാത്രയായപ്പോള്‍ ഒന്നുമറിയാതെ കളിച്ചുചിരിച്ചുനടന്ന അലന്റെ ചിത്രം കണ്ടു നിന്നവരെ കണ്ണീരണിയിച്ചു. വിധി അനാഥമാക്കിയ അലന്റെ ജീവിതം ഒരു ദുരന്തത്തിന്റെ ബാക്കിപത്രം പോലെ...." കടലാസിലൂടെ വാര്‍ത്ത പുഴയായൊഴുകിയപ്പോള്‍ പ്രസാദ് അസ്വസ്ഥതയോടെ പത്രം സ്റ്റൂളിലേയ്ക്ക് തിരികെയിട്ടു.
"അനാഥമായ അലന്റെ ജീവിതം!" പ്രസാദ് ലോകത്തോടുമുഴുവന്‍ മൗനമായി ദേഷ്യംകൊണ്ടു. "ജീവിതമെങ്ങനെ അനാഥമാകാനാണ്; ചുറ്റിനും ആളുകളുള്ളപ്പോള്‍..!അതെപ്പോഴും ഇളകിയാര്‍ത്ത് ഒഴുകിക്കൊണ്ടേയിരിക്കും.. നിശ്ചലത എന്നൊന്ന് അതിനില്ലല്ലോ.!"
"അലനെ ചുറ്റിപ്പറ്റി പ്രളയം പോലെ നിറയുന്ന ജീവിതമാണ് അവനെ ഇനി വിഷമിപ്പിക്കുക.. ജീവിതമല്ല, അലനാണ് അനാഥനായത്.!"
"പ്രസാദേട്ടാ, അലനെക്കണ്ടോ.?" രശ്മി മാക്സിയില്‍ കൈതുടച്ചുകൊണ്ട് സിറ്റൗട്ടിലേയ്ക്ക് വന്നു.
"ഉച്ചയ്ക്ക് ഞാനിത്തിരി ചോറുകൊടുത്തതാ. പിന്നെ കണ്ടില്ല. ഞാനോര്‍ത്തു മുറ്റത്ത് കളിക്കുവായിരിക്കുമെന്ന്.. ഇപ്പോ നോക്കീട്ട് കണ്ടില്ല." അവള്‍ തൊടിയിലേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
"അലന്‍....അലന്‍..." പ്രസാദ് ഒരു വെളിപാടുപോലെ പിറുപിറുത്തു. പിന്നെ പെട്ടെന്നെഴുന്നേറ്റ് വെളിയിലേയ്ക്കിറങ്ങി.
*********
തൊടിയുടെ താഴേത്തട്ടിന്റെ തെക്കേഅതിരില്‍, വേലിക്കമ്പില്‍ പിടിച്ചുകൊണ്ട് അലന്‍ നില്‍പ്പുണ്ടായിരുന്നു. അപ്പുറത്തെ പറമ്പിന്റെ തെക്കേ അറ്റത്തേയ്ക്ക് നോക്കിനില്‍ക്കുകയായിരുന്നു അവന്‍. അലന്‍ ഒറ്റയ്ക്കായിരുന്നു. വേലിയ്ക്കപ്പുറം ഭൂമി അലന്റെ മുന്‍പില്‍ കപ്പ പറിച്ചതിന്റെ ശേഷപത്രമായി, ശൂന്യമായി, നീണ്ട് നിവര്‍ന്നു കിടന്നു; ഒരു മരമോ ചെടിയോ പോലുമില്ലാതെ. അലന്‍ ഒറ്റയ്ക്കായിരുന്നു.
"അലന്‍.." പ്രസാദ് അരികില്‍ ചെന്നിട്ട് വിളിച്ചു.
അലന്‍ തിരിഞ്ഞുനോക്കി. പ്രസാദിന്റെ ഉള്ള് പൊള്ളി. അലന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. പക്ഷേ അവന്‍ കരയുകയായിരുന്നില്ല. അവന്റെ കണ്ണുകളില്‍ കണ്ണീര്‍ ഉണ്ടായിരുന്നുവെന്ന് മാത്രം. മുഖത്തും കണ്ണിലും ശൂന്യത നിറഞ്ഞുകനത്തിരിക്കുന്നു.
"അലന്‍.. വാ.. ഇവിടെന്തിനാ ഒറ്റയ്ക്ക് നിക്കുന്നേ.?" പ്രസാദ് അവന്റെ പുറകില്‍ ചെന്നിട്ട് ഇരുതോളുകളിലും കൈ വച്ചു.
അലന്‍ ഒന്നും മിണ്ടിയില്ല. അവന്‍ വീണ്ടും നോട്ടം പഴയ ലക്ഷ്യത്തിലേയ്ക്ക് തിരിച്ചു. അവിടെ അണഞ്ഞ ചിതകള്‍ക്കുമേലെ മൂന്ന് മാലിപ്പുരകള്‍ ഉയര്‍ന്നുനിന്നിരുന്നു.
"അലന്‍....."
"എനിക്കെന്റെ അമ്മേ കാണണം.." അലന്റെ ശബ്ദം അടഞ്ഞിരുന്നു.
"അലന്‍..." പ്രസാദ് അലന്റെ മുന്‍പില്‍ മുട്ടുകുത്തിനിന്നുകൊണ്ട് അവന്റെ തോളില്‍ പിടിച്ച് തിരിച്ചു. ഒരു നിമിഷം അവന്റെ മുഖത്തേയ്ക്ക് നോക്കി നിന്നു. അലന്റെ ചുണ്ടുകള്‍ വിറകൊണ്ടുനില്‍ക്കുന്നത് അയാള്‍ കണ്ടു.
"നിനക്ക് കടല് കാണണ്ടേ അലന്‍.? ചിറ്റപ്പന്‍ ഇന്ന് നിന്നെ കടല് കാണിക്കാന്‍ കൊണ്ടുപോവുന്നുണ്ട്.."
"എനിക്കെന്റെ അമ്മേം അഛനേം ചേച്ചിയേം കാണണം.." അലന്റെ മിഴികള്‍ പെട്ടെന്ന് തുളുമ്പി.
"എന്റെ മോനേ..." കാറ്റുപോലെ പ്രസാദ് പെട്ടെന്ന് അലനെ ഇറുകെകെട്ടിപ്പുണര്‍ന്നു. തന്റെയും കണ്ണുകള്‍ നിറയുന്നതായും നെഞ്ച് വിങ്ങുന്നതായും അയാള്‍ മനസ്സിലാക്കി. അലനെ എടുത്തുകൊണ്ട് അയാള്‍ തിരിഞ്ഞുനടന്നു. അലന്‍ നിശബ്ദനായി പ്രസാദിന്റെ കഴുത്തില്‍ കൈചുറ്റി, തോളില്‍ മുഖം ചേര്‍ത്ത് കിടന്നു. പ്രസാദിന്റെ തോള്‍ നനയുന്നുണ്ടായിരുന്നു. ഒരു ഏഴുവയസ്സുകാരനാണ് തോളത്ത് കിടക്കുന്നതെന്ന് അയാള്‍ക്ക് തോന്നിയില്ല. വാടിയ ഒരു പൂ പോലെ മാത്രമായിരുന്നു അലന്‍.
*********
അന്നത്തെ ദിവസം വേനല്‍മഴയുടേതായിരുന്നു. അന്നുതന്നെയായിരുന്നു അലന്‍ ആദ്യമായി മഴവില്ലിന്റെ രഹസ്യമറിഞ്ഞതും മഴവില്ലിന്റെ ഉടമയായതും.
തൊടിയിലെ മാവിന്റെ ചുവട്ടില്‍ ഒരു കട്ടില്‍ പോലെ കെട്ടിയ, കമ്പുകള്‍കൊണ്ടുള്ള തട്ടില്‍ മൂവാണ്ടന്‍ മാങ്ങ ഉപ്പും മുളകും ചേര്‍ത്ത് തിന്നുകയായിരുന്നു പ്രകാശും പ്രസാദും രശ്മിയും. മിനി മാങ്ങ അരിഞ്ഞുകൊടുക്കുകയായിരുന്നു. സ്നേഹയും അലനും മാങ്ങയുടെ പുളി നുണഞ്ഞുകൊണ്ട് പറമ്പില്‍ കളിക്കുകയും.
ആകാശം ഇരുണ്ടുമൂടിയിരുന്നു. മിനിയാണ് അലനെയും സ്നേഹയെയും വിളിച്ച് മഴവില്ല് കാണിച്ചുകൊടുത്തത്. അത് തൊടിയിലെ മരങ്ങളുടെ തലപ്പില്‍ ഒരറ്റമൂന്നി ആകാശം മുട്ടെ വളര്‍ന്ന് നില്‍ക്കുകയായിരുന്നു. എന്നിട്ടും അതിന് മറ്റേ അറ്റത്തെ തൊടിയിലേയ്ക്ക് നാട്ടുവാനായിരുന്നില്ല. ആകാശത്തിന്റെ മുകളിലെത്തി, തിരിച്ച് താഴേയ്ക്ക് വളഞ്ഞ്, ഏതാണ്ട് പകുതി എത്തിയപ്പോഴേയ്ക്കും അതിന്റെ വളര്‍ച്ച നിന്നുപോയിരുന്നു.
അലനും സ്നേഹയും കോളുകണ്ട മയിലുകളേപ്പോലെ തോന്നിച്ചു. അവര്‍ മഴവില്ലിനുനേരെ വെറുതെചാടി; എത്തിപ്പിടിക്കാനെന്നപോലെ.
"അതെന്താ ചിറ്റപ്പാ ഈ മഴവില്ല് ഇടയ്ക്കുവെച്ചുനിന്നുപോയേ..?" സ്നേഹ അടുത്തു തട്ടില്‍ ഇരുന്നിരുന്ന പ്രസാദിനോട് ചോദിച്ചു.
"അതേ അവിടെ സൂര്യപ്രകാശം ശരിക്ക് തട്ടാത്തതുകൊണ്ടാടി പെണ്ണേ.." പ്രസാദ് അവളെ വലിച്ച് മടിയിലിരുത്തി.
"സൂര്യപ്രകാശം തട്ടിയില്ലേലെന്നാ..?"
"അതോ... ഈ കാര്‍മേഘത്തില് നെറയെ വെള്ളമൊണ്ട്.. ആ വെള്ളത്തുള്ളിയേല് സൂര്യപ്രകാശം കറക്റ്റായിട്ടടിക്കുമ്പോഴാ ഈ മഴവില്ലുണ്ടാവുന്നേ.. അങ്ങനെ സൂര്യപ്രകാശമടിക്കാത്ത ഭാഗത്ത് മഴവില്ലുണ്ടാകത്തില്ല.. മനസ്സിലായോ..?" പ്രസാദ് സ്നേഹയുടെ കുഞ്ഞുകവിളില്‍ ഒരുമ്മ കൊടുത്തു.
വ്യക്തമായി മനസ്സിലായില്ലെങ്കിലും സ്നേഹയും കേട്ടുനിന്ന അലനും തലയാട്ടി.
"എനിക്കും വേണം മഴവില്ല്.!" അലന്‍ അഛന്റെ അടുത്തുനിന്ന് മഴവില്ലിലേയ്ക്കുനോക്കി ചാടിക്കൊണ്ടു പറഞ്ഞു.
അന്ന് പ്രകാശ് മൂന്ന് കഷണം കണ്ണാടിച്ചില്ലുകളെ ചേര്‍ത്തുവെച്ചുണ്ടാക്കിക്കൊടുത്ത പ്രിസത്തിലൂടെ അലന്‍ ആദ്യമായി ഒരു മഴവില്ലിന്റെ ഉടമയായി.
*********
കാലില്‍ എത്തിപ്പിടിക്കാന്‍ ആര്‍ത്തിപൂണ്ട് കയറിവരുന്ന ഇരുണ്ട തിരകളെ കബളിപ്പിക്കുകയായിരുന്നു അലന്‍. അവന്‍ തിരയിലേയ്ക്ക് കൂടുതല്‍ ഇറങ്ങിപ്പോകാതിരിക്കുവാന്‍ പ്രസാദ് അവന്റെ കൈപിടിച്ച് കൂടെ നിന്നു.
സൂര്യന്‍ കടലിലേയ്ക്ക് അരിച്ചരിച്ച് ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. അതോ കടല്‍ സൂര്യനെ വിഴുങ്ങിത്തുടങ്ങിയതോ.?
പ്രസാദ് അലനെ ചേര്‍ത്തുപിടിച്ച് മണലില്‍ ഇരുന്നു. അലന്‍ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല; പ്രസാദും. തിരയില്‍ കളിച്ചപ്പോള്‍ കിട്ടിയ ഉന്മേഷം തിരയില്‍ തന്നെ അലന് നഷ്ടപ്പെട്ടിരുന്നു.
സൂര്യനെ വിഴുങ്ങിയ കടല്‍ ഇരവിഴുങ്ങിയ പാമ്പിനെപ്പോലെ അസ്വസ്ഥമായിളകി. അത് ഇരുണ്ടും കറുത്തും കിടന്നിരുന്നു. തിരകള്‍ സംഘമായിവന്ന് കരയെ വാരിയെടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. കര ചെറുത്തുനിന്നുകൊണ്ടുമിരുന്നു.
"സൂര്യനെങ്ങോട്ടാ താന്നുപോയേ..?" അലന്‍ അരണ്ട ഇരുട്ടിലിളകുന്ന ചക്രവാളത്തിലേയ്ക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
"സൂര്യനെ കടല്‍ വിഴുങ്ങിയതാണ് അലന്‍.."
"എന്തിനാ കടല് സൂര്യനെ വിഴുങ്ങുന്നേ.?"
"കടല്‍ അങ്ങനെയാണ്.. അത് എപ്പോഴും എന്തിനെയും വിഴുങ്ങും. മുന്നില്‍ കിട്ടുന്നതെന്തിനെയും. അരുവികളെയും, നദികളെയും, കരകളെയും, സൂര്യനെയും, ചന്ദ്രനെയും നക്ഷത്രങ്ങളെയും, ആകാശത്തെയും എല്ലാം.." മദിച്ചുയരുന്ന ഇരുണ്ട കടലിനെ നോക്കി ഒരു നിമിഷം പ്രസാദ് നിശബ്ദനായിരുന്നു. തണുത്ത തിരക്കൈകൊണ്ട് അത് പ്രസാദിന്റെയും അലന്റെയും കാല്‍ വിരലുകളില്‍ തൊട്ടു.
കാലിന്റെ ചുവട്ടില്‍ നിന്ന് മണല്‍ വാരിക്കൊണ്ട് തിരികെ കടലിലേയ്ക്ക് മടങ്ങുന്ന തിരകളില്‍ നോക്കി ഒരു വിസ്മൃതിയിലെന്ന പോലെ പ്രസാദ് മന്ത്രിച്ചു: "കടല്‍ എല്ലാം കൊണ്ടുപോകും.. എല്ലാം.."
പറഞ്ഞുകഴിഞ്ഞപ്പോള്‍ പ്രസാദിന് എന്തോ വല്ലായ്ക തോന്നി. ഹൃദയത്തില്‍ എന്തോ വിങ്ങുന്നതുപോലെ. അയാളുടെ കണ്ണുകള്‍ നിറഞ്ഞു.
*********
മഴ പെയ്ത് തോര്‍ന്നിരുന്നു. വലിയ മഴ. എന്നിട്ടും ആകാശത്താകെ മേഘങ്ങള്‍ നിറഞ്ഞിരുന്നു. മഞ്ഞനിറമായിരുന്നു പക്ഷേ അവയ്ക്ക്. മഴയ്ക്കു ശേഷമുള്ള, തിളങ്ങുന്ന തീമഞ്ഞനിറമുള്ള, ചൂടില്ലാത്ത പോക്കുവെയിലില്‍ ചെമ്മണ്ണ് നിറഞ്ഞ വഴി ഉരുകിയ പൊന്നിന്റെ ചാലുപോലെ നീണ്ടുകിടന്നു. അതിന്റെ ഇരുവശങ്ങളിലും നിന്നിരുന്ന പൂമരങ്ങളും മഞ്ഞനിറമായിരുന്നു. മഞ്ഞയും ചുവപ്പും പൂക്കള്‍ വഴിയാകെ നിറഞ്ഞുകിടന്നിരുന്നു. വഴിയുടെ അറ്റം കടലായിരുന്നു. ഇങ്ങേ അറ്റത്തുനിന്ന് നോക്കുമ്പോള്‍ ദൂരെ, ചുവന്ന സൂര്യനും ചുവന്ന ചക്രവാളവും കടലിനെയും ചുവപ്പിച്ചുകൊണ്ട് അനിവാര്യമായ ദുരന്തത്തെ കാത്തുനിന്നു.. അവിടെ വഴിയുടെ പകുതിയില്‍, വഴിയുടെ നടുവില്‍ അലന്‍ നിന്നു. വഴിയില്‍ വേറെ ആരുമുണ്ടായിരുന്നില്ല. വാടിക്കൊഴിഞ്ഞു മരിച്ചുവീണ പൂക്കള്‍ക്കുമേലെ അലന്‍ നിന്നു. അവന്‍ ഒറ്റയ്ക്കായിരുന്നു. വളരെ ദൂരെ നിന്നിരുന്നതുകൊണ്ട് അവന്റെ മുഖം വ്യക്തമായി കാണുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നിട്ടും... ഒരു വിഷാദരാഗം പോലെയായിരുന്നു അലന്‍. കടലിനെയും കരയെയും ആകാശത്തെയും പൊതിയുന്ന, പുണരുന്ന, മഞ്ഞനിറമാര്‍ന്ന ഒരു വിഷാദരാഗം പോലെ. അതിന്റെ അലകള്‍ മരിച്ചുവീണ എല്ലാ പൂക്കളിലും ചെന്ന് മുട്ടിവിളിച്ചുകൊണ്ടിരുന്നു.
*********
ഇപ്പോള്‍ അലന്‍ കടലിന് നടുവില്‍ ഒരു തുരുത്തിലാണ്. ഒറ്റയ്ക്ക്, ഒരു കുട്ടിക്ക് മാത്രം ഇരിക്കുവാനാവുന്ന, ഒരു തുരുത്തില്‍. അവന്‍ കാല്‍മുട്ടുകളിന്മേല്‍ കൈകള്‍ വെച്ച് മുഖം കൈകള്‍മേലെ വെച്ച് ഇരിക്കുകയായിരുന്നു. അന്തരീക്ഷത്തിന് മാത്രം മാറ്റമുണ്ടായിരുന്നില്ല. പോക്കുവെയിലിന്റെ മഞ്ഞനിറം ഹൃദയത്തില്‍ ഓര്‍മ്മകളുടെയോ നഷ്ടബോധത്തിന്റെയോ അതോ പേരറിയാത്ത മറ്റേതെങ്കിലുമൊക്കെ വേദനയുടെയോ ഗന്ധം പകര്‍ന്ന് ചുറ്റും നിറഞ്ഞിരുന്നു. കടല്‍ അലന്റെ തുരുത്തിനുചുറ്റും അലറിയിളകിക്കൊണ്ടുമിരുന്നു. അതിനും ഇരുണ്ട മഞ്ഞനിറമായിരുന്നു. അലന്‍ ഒറ്റയ്ക്കായിരുന്നു. പൊന്നുരുകിയ വഴിയില്‍ നിന്ന് നോക്കുമ്പോള്‍ ആകാശത്ത്, അലന്റെ തലയ്ക്ക് മീതെ, ചക്രവാളം മുതല്‍ ചക്രവാളം വരെ ചെന്നെത്തുന്ന വലിയ മഴവില്ലുകള്‍ പെയ്തുകൊണ്ടിരുന്നു.. പെയ്തുപെയ്തു തീര്‍ന്നുകൊണ്ടിരുന്നു.. അലന്റെ മഴവില്ലുകള്‍..
അലന്‍....അലന്‍....
അലനെ വിറയ്ക്കുന്നുണ്ടോ.? സൂര്യപ്രകാശം തട്ടാത്ത, ഘനീഭവിച്ച ഒരു മേഘത്തുണ്ട് പോലെ അലന്‍.. ചുറ്റിനും നിറഞ്ഞുപെയ്യുന്ന മഴവില്‍ മേഘങ്ങള്‍ക്കിടയില്‍, മഴവില്ലില്ലാത്ത, ഇരുണ്ടുപോയ ഒരു മേഘത്തുണ്ട് പോലെ..
അലന്‍....ഓഹ്...എന്റെ അലന്‍...
"വിഷമിക്കാതെ.. വിഷമിക്കാതെ.. അവന് നമ്മളില്ലേ....
പ്രസാദേട്ടാ.... വിഷമിക്കാതെ..."
രശ്മി അയാളുടെ മുഖത്തെ വിയര്‍പ്പുതുടച്ചുകൊണ്ട് ചേര്‍ത്തുപിടിച്ചു. ഉറക്കത്തിന്റെ നൂലിഴകളില്‍ ചിലത് പൊട്ടാതവിടവിടെ നിന്നിരുന്നിട്ടും മുറിയിലെ അരണ്ട നാട്ടുവെളിച്ചത്തില്‍ പ്രസാദിന്റെ പാതിയടഞ്ഞ കണ്ണുകളുടെ അരികില്‍ നിന്നും ചെന്നിയിലേയ്ക്ക് ഒഴുകിയിറങ്ങുവാന്‍ ആഞുനില്‍ക്കുന്ന രണ്ടു കണ്ണീര്‍ത്തുള്ളികളെ അവള്‍ കണ്ടു. അവളുടെയും മിഴികള്‍ നിറഞ്ഞിരുന്നു.
പ്രസാദ് വിതുമ്പിക്കൊണ്ട് അവളുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു. മരിച്ചവരേക്കുറിച്ച് താന്‍ ചിന്തിക്കുന്നേയില്ലെന്ന് പ്രസാദ് ഓര്‍ത്തു. മരണമല്ല; പിന്നെയോ, ജീവിതമാണ് വേദനയെന്ന് അയാള്‍ തിരിച്ചറിഞ്ഞു. പ്രളയം പോലെ ചുറ്റും നിറയുന്ന, കരകാണാത്ത, ജീവിതം.
"അലന്‍..." പ്രസാദ് രശ്മിയെകെട്ടിപ്പുണര്‍ന്നു. അവരിരുവരും കരയുകയായിരുന്നു.
********************************
ഒരു വാക്ക് : ഞാന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത, കെട്ടിപ്പുണര്‍ന്നിട്ടില്ലാത്ത എന്റെ അലന്..
ചിത്രങ്ങള്‍ക്ക് കടപ്പാട് ഇന്റര്‍നെറ്റിന്.
അലന്
May 03, 2011
KS Binu
Labels: story, കഥ, ചന്ദ്രകാന്തന്
Subscribe to:
Post Comments (Atom)
3 Comments, Post your comment:
ആഖ്യാനം നന്നായിരിക്കുന്നു. ലളിതമായ ഭാഷയിൽ എന്നാൽ ബോറാക്കാതെ വിഷയം അവതരിപ്പിച്ചു.
'മരണമല്ല, ജീവിതമാണ് വേദന' - ഈ വാക്കുകൾ മനസ്സിൽ വല്ലാതെ ഒന്ന് കൊണ്ടു.
very nice...
really touching...
നല്ല കഥ.മനസ്സില്‍ തട്ടുന്നുണ്ട്.പക്ഷേ കഥയ്ക്ക് നീളം അല്പം അധികമായില്ലേ..
Post a Comment