സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



സ്മാൾ ടോക്ക് ഓൻ ലൈഫ്(ബാർ അറ്റാച്ച്ഡ്)

September 29, 2010 എന്‍.ബി.സുരേഷ്


“പരാജയപ്പെട്ടുപോയി ഞാൻ.”

“ഹ ഹ ഹ .”

“എന്താ നീ ചിരിച്ചുകളഞ്ഞത്?”

“ഫലിതം കേൾക്കുമ്പോൾ ഞാൻ ഒരിക്കലും ചിരിക്കാതിരുന്നിട്ടില്ല.പ്രത്യേകിച്ചും തിരിച്ചറിവിൽ നിന്നുണ്ടാകുന്നതാവുമ്പോൾ.”

“നിനക്കെന്നോട് അനുതാപമോ, പുച്ഛമോ ഖേദമോ ദേഷ്യമോ മമതയോ ഒക്കെ തോന്നുമെന്നാണ് ഞാൻ കരുതിയത്!"

“എന്തിന്? അതുകൊണ്ടെന്തു കാര്യം? ഞാനങ്ങനെയൊക്കെ കരുതിയെന്ന് വിചാരിക്ക്യാ, നിന്റെ തോന്നലിന് എന്തെങ്കിലും ഇളക്കം സംഭവിക്കുമോ?”

“എങ്കിലും എന്റെ ഒരു ആശ്വാസത്തിന്.....”

“അതിന്റെ ആവശ്യമുണ്ടന്ന് തോന്നുന്നില്ല. ആട്ടെ, നാനാവഴിക്കും ആലോചിച്ചിട്ട് എല്ലാ മാർഗ്ഗങ്ങളും അടഞ്ഞെന്നു തോന്നിയപ്പോഴാണോ നീയിങ്ങനെ ഒരു പ്രസ്താവനയിൽ എത്തിച്ചേർന്നത്?”

“ഇനിയെന്തു വഴി, എവിടേയ്ക്ക് പോകാൻ?. ലങ്കാലക്ഷ്മിയിൽ രാവണൻ ചോദിക്കുന്ന ചോദ്യം ഞാനും ചോദിക്കട്ടെ, നിന്നോട്. പറയൂ എന്റെ ജീവിതം ഒരു പാഴ്ചിലവായിരുന്നോ?”

“കൂട്ടുകാരാ, ഈ ചോദ്യം തന്നെ തെറ്റാണ്. ഒരാൾക്ക് മറ്റൊരാളെ വിലയിരുത്തി ഉത്തരം കണ്ടുപിടിച്ച്നിർദ്ദേശിക്കാൻ കഴിയുമെന്ന മിഥ്യ പണ്ടേ പ്രചരിക്കുന്നുണ്ട്. വെറുതെയാ, എത്ര തൊട്ടുതൊട്ടു നടന്നാലും ഒരാൾ മറ്റൊരാളുടെ അകത്തല്ല പുറത്താണ്. ഒരോരുത്തരുടെയും ജീവിതവഴികൾ വിഭിന്നമല്ലേ?”

“എങ്കിലും എന്റെ ജീവിതം ഏറക്കുറെ നിനക്ക് സുപരിചിതമല്ലേ?”

“എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട എന്ന പ്രയോഗത്തിലൊക്കെ ശരി കുറച്ചേയുള്ളൂ.കടലിൽ പൊന്തിക്കിടക്കുന്ന മഞ്ഞുമലപോലെ നമ്മൾ ഭൂരിഭാഗവും നമ്മുടെ തന്നെ ഉള്ളിലായിരിക്കുമ്പോൾ പിന്നെങ്ങനെ? ഒരോ മനുഷ്യനും കണ്ടുപിടിക്കപ്പെടാത്ത നിരവധി ഭൂഖണ്ഡങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്. അങ്ങനെയിരിക്കെ നമ്മുടെ വിശ്വാസങ്ങളൊക്കെ വിശ്വാസങ്ങളുടെ അപ്പുറം കടക്കാറില്ല.”

“ഞാൻ നിന്നെ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ടല്ലോ...”

“ഹ ഹ ഹ... നീ വീണ്ടും ഫലിതം പറയുന്നു. നീ ഒന്നുകൂടി അടിക്ക്. പോരട്ടെ ചിരിക്കാനുള്ള ഓരോരോ വകകൾ...”

“നീ എന്റെ നോവിനെയും നിരാശയെയും അപഹസിക്കാൻ ശ്രമിക്കുകയാണോ?”

“എന്ന് നിനക്ക് തോന്നിയെങ്കിൽ ഞാൻ ഇത്തിരി മുൻപ് പറഞ്ഞത് ശരിയായി വരുന്നു എന്നാണർത്ഥം. ഇതുവരെ നമ്മൾ പരസ്പരം മനസ്സിലാക്കിയില്ല.”

“എനിക്ക് ഇതൊക്കെ പറയാൻ നീ മാത്രമേയുള്ളൂ...”

“ഇങ്ങനെ വെള്ളമൊഴിക്കാതെ വലിച്ചുകേറ്റല്ലേ. ദാ ഈ ഇറച്ചിത്തുണ്ടൊരണ്ണം ചവയ്ക്ക്. ഞാൻ പുറം തലോടിത്തരണോ? “
“വേണ്ട, സാരമില്ല. എനിക്കാരുമില്ല എന്നൊരു തോന്നൽ ഈയിടെയായി ഉള്ളിലിങ്ങനെ കലങ്ങിമറിയുന്നു.”

“അതൊരു നല്ല തോന്നല് തന്ന്യാ. ചെയ്യേണ്ട കാര്യങ്ങൾ തനിയെ ചെയ്യാൻ അത് ഒരു നിമിത്തമാവും.”

“ഒരു മനുഷ്യന് ഒറ്റപ്പെട്ട് ഒരു ലോകത്തിൽ എത്രകാലം കഴിഞ്ഞുകൂടും.? അതും നിറയെ മനുഷ്യർ കുമിഞ്ഞുകൂടിയ ഈ കാലത്ത്?“

“മനുഷ്യർ മാത്രമല്ലല്ലോ, ലോകത്ത് വേറെയുമുണ്ടല്ലോ ജീവജാലങ്ങൾ. പിന്നെ എപ്പോഴും നമ്മുടെ ചുറ്റിലും നമ്മെ ശ്രദ്ധിച്ച്, നമ്മെ ശ്രവിച്ച്, നമ്മെ സ്നേഹിച്ച്, നമ്മെ പരിചരിച്ച്, മനുഷ്യരുടെ ഒരു കൂട്ടം വേണമെന്ന ആഗ്രഹം ഒരു അത്യാഗ്രഹമാണ്. സ്വാർത്ഥതയിൽ നിന്നു വരുന്ന മണ്ടത്തരം നിറഞ്ഞ ഒരു ആലോചനയാണത്. എല്ലാവരും ഇങ്ങനെ തന്നെയല്ലേ ചിന്തിക്കുന്നത്. അപ്പോൾ കാര്യങ്ങൾ കൂ‍ടുതം സങ്കീർണ്ണമാവില്ലേ ചങ്ങാതീ...?”

“അതൊരു ആഗ്രഹമായിട്ടു പോലും കൊണ്ടു നടക്കാൻ പാടില്ലന്നാണോ?”

“മറ്റുള്ളവരെ ആശ്രയിച്ച് ആഗ്രഹങ്ങളും കിനാവുകളും കൊണ്ടുനടക്കുന്നത് നമ്മെ കുഴപ്പത്തിൽ കൊണ്ടെത്തിക്കും. അധൈര്യവും അപൂർണ്ണതയും നമ്മെ വലയം ചെയ്യും.”

“ഒന്നു മിണ്ടാനും പറയാനുമ്പോലും ആരുമില്ലാതെ മൌനത്തിലും ഏകാന്തതയിലും പെട്ട് നടുക്കടലിൽ തകർന്ന കപ്പൽ പോലെ......!“

“ നടുക്കടലിൽ തകരുന്ന കപ്പലിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്. മാർക്കേസിന്റെ കപ്പൽച്ഛേദം വന്ന നാവികന്റെ കഥ എന്ന നോവൽ നീയല്ലേ എനിക്ക് വായിക്കാൻ തന്നത്.? നടുക്കടലിൽ പെട്ടുപോയ ആ നാവികൻ തന്റെ ശരീരവും ജീവനും കരയിൽ കൊണ്ടെത്തിച്ച ആ അപാര ധൈര്യം നീയെത്ര വാഴ്ത്തിയിരിക്കുന്നു.ഹെമിംങ്‌വേയുടെ കിഴവൻ സാന്റിയാഗോയെ നീയെത്ര ആരാധിച്ചിരിക്കുന്നു. അൽക്കെമിസ്റ്റിൽ കൊയ്‌ലോ രൂപപ്പെടുത്തിയ സാന്റ്റിയാഗോയൂടെ ആത്മവിശ്വാസത്തെ നീ എത്ര പിന്തുടർന്നിരുന്നു. ആ നീ ഇപ്പോൾ ജീവിതം കൈയിൽ നിന്നു വഴുതി മണ്ണിൽ പതിച്ച ജലം പോലെ വറ്റിപ്പോവുന്നു എന്ന് ഓർത്തോർത്ത് കരഞ്ഞാലോ..?”

“ മരുഭൂമിയിൽ പെട്ടുപോയ ഒറ്റമരം പോലെ ഞാൻ....!“

“നീ ഇതുവരെ മറ്റുള്ളവരോടെ സംസാരിക്കുകയായിരുന്നില്ലേ. ആ തിരക്കിനിടയിൽ നീ ഒരാളെ ഓർത്തതേയില്ല.”

“ആര്? ആരാ‍ണത്. ഞാനറിയാത്ത ഒരു അജ്ഞാതൻ?”

“അതെ, നീയറിഞ്ഞില്ല. നിന്നെ തന്നെ ആശ്രയിച്ച്, നീ പുറപ്പെട്ടു പുറത്തേക്ക് പോകുമ്പോഴൊക്കെയും, നീ എത്രവൈകിയാലും വെളിച്ചം കെടുത്താതെ കാത്ത് കാത്ത ഉറങ്ങാതെ ഉള്ളിൽ ഇരിക്കുന്ന ഒരാളെ.”

“നീ എന്താ ഭ്രാന്തു പറയുന്നോ? ഞാൻ അത്ര ഫിറ്റായിട്ടില്ല...”

“ ഹ ഹ.. ചുമ്മാ നീ എല്ലാ കാലത്തും ഫിറ്റായിരുന്നു. സന്തോഷം ഉണ്ടാക്കാൻ സ്വന്തം ശരീരത്തെ നിരന്തരം പീഡിപ്പിക്കുന്നവരാണല്ലോ നാം മനുഷ്യർ. അതിനിടയിൽ ജീവിതം ശരിയായി ജീവിച്ച് അതിന്റെ ലഹരി അനുഭവിക്കാൻ നമുക്ക് കഴിയാറില്ല.”

“എനിക്ക് കേൾക്കണ്ട നിന്റെ ഫിലോസഫി...”

“അതെ നമുക്കെപ്പോഴും ലളിതമായ ഉത്തരങ്ങൾ മാത്രം മതിയല്ലോ. പോട്ടെ, ഞാൻ നിന്റെ ഉള്ളിലിരിക്കുന്ന അപരനെ കുറിച്ചാണ് പറഞ്ഞു വന്നത്. അകത്ത് നീ പൂട്ടിയിട്ടിരിക്കുന്ന അവൻ നിന്റെ ജീവിതത്തെ ഒരു തരി പോലും വേദനിപ്പിക്കാതെ നേർത്ത ഒച്ചയിൽ മുട്ടിവിളിക്കുന്നത് പുറത്ത് നീ ചെന്നു പെട്ട ആരവങ്ങൾക്കിടയിൽ നീ കേട്ടതേയില്ല.?”

“നിർത്ത് എന്റെ തല പെരുക്കുന്നു. നിന്നോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ലന്ന് കരുതൂ.. ഹേയ് ബയറർ വാ ഇവിടെ..

ഒരു റിപ്പീറ്റ്.”

“ഇതാ നിന്റെ പ്രശ്നം എന്നും നീ ഇങ്ങനെ ഒളിച്ചോടുകയായിരുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക്. ആ പോക്ക് പോകെ ഒരു ഭാര്യപ്പോലെ നിന്റെ വരവും കാത്ത് ഇരുന്ന് മടുത്ത നിന്റെ അപരൻ യുഗങ്ങളായി പുറത്തുനിന്നും വാതിലിൽ ഒരു ചെറു തട്ട് പോലും കേൾക്കാതെ മയക്കത്തിലായി. നിന്നിൽ നിന്ന് എന്നെങ്കിലും ചില ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന് കരുതിയ അവൻ വന്ന് വന്ന് തീരെ നിരാശനായി, ഒട്ടും ഊർജ്ജസ്വലനല്ലാതെ ആയിത്തീർന്ന് ഗള്ളിവറെ പോലെ നീണ്ട ഉറക്കത്തിൽ വീണു. നിരന്തരം എണ്ണ പകർന്ന് തെളിക്കുവയ്ക്കാൻ ആളില്ലാത്ത കാരണം ഉള്ളിൽ വെളിച്ചം പകർന്ന വിളക്ക് കരിന്തിരിയെരിഞ്ഞു കെട്ടു..”

“ഹൊ അവനവനെ അറിയുന്ന ഈ വരണ്ട തത്വവിചാരം കേട്ട് മടുത്തു. ഇനി ഫിറ്റാവാൻ ആദ്യം മുതൽ തുടങ്ങണം.”

“അതെ, സത്യങ്ങളെ നേരിടുമ്പോൾ ഒളിച്ചോടാൻ നാം നമ്മുടെ ശരീരത്തിൽ കുത്തിനിറച്ചതൊന്നും തുണയായി വരില്ല. ആത്മാവിനു വിശക്കുമ്പോൾ ശരീരം പുഷ്ടിപ്പെടുത്തിയിട്ടെന്തു കാര്യം എന്ന് പണ്ടുള്ളവർ പറയും..”

“എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ട്.”

“ഹ ഹ ഹ ... ഞാൻ എഴുത്തച്ഛന്റെ രാമായണത്തിലെ ലക്ഷ്മണോപദേശം ഒന്നു നീട്ടിച്ചൊല്ലാം. നിന്റെ പെഗ്ഗിനൊപ്പം ഒരു വെറൈറ്റി കോമ്പിനേഷൻ ആവും. എന്താ തുടങ്ങട്ടോ?”

“നീയും ഉപകരിക്കില്ല അല്ലേ?’

“ ഹ ചൂടായി ഇറങ്ങിപ്പോകാതെ അവിടെ കുത്തിരിക്കിൻ‌ന്ന് എന്റെ മാഷേ. ദേഹമനങ്ങാതെ, ദഹനേന്ദ്രിയങ്ങൾ വേണ്ടത്ര പ്രവർത്തിക്കാത്തപ്പോൾ നീ ഏത് ഭക്ഷണം കഴിച്ചാലും രുചിയുണ്ടാവില്ല. നീ അത് നീക്കിയെറിയും. വിളമ്പുന്നവനെ അവഗണിച്ച് ഇറങ്ങിപ്പോകും. നീ അദ്ധ്വാനിക്കുകയും ക്ഷീണിക്കുകയും ചെയ്യുമ്പോൾ കുറച്ചുമുൻപ് നീക്കിയെറിഞ്ഞ അതേ ഭക്ഷണം വീണ്ടും തന്നാൽ അളവ് കുറഞ്ഞുപോയതിനാവും നീ പരിഭവം പറയുന്നത്, രുചിയെപ്രതിയാവില്ല.”

“നീ കാട് കയറുന്നു.”

“കാട് കയറുന്നത് അത്ര വലിയ കുറ്റമല്ല. മാത്രമല്ല മനസ്സിനും ശരീരത്തിനും വളരെ നല്ലതാണ് താനും. നഗരജീവിതം വെടിഞ്ഞ് മലമുകളിൽ പോയി ഒറ്റയ്ക്ക് പാർത്ത തോറോയുടെ വാൾഡൻ(കാനനജീവിതം) വായിച്ചിട്ട് നീ പണ്ട് പറഞ്ഞത് എനിക്ക് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. എല്ലാം വിട്ടെറിഞ്ഞ് ഒരിക്കൽ അങ്ങനെ ഒരു ജീവിതം നയിക്കണമെന്ന്. ആ നീയാണോ ഇപ്പോൾ ഏകാന്തതയെയും മടുപ്പിനെയും ഒറ്റപ്പെടലിനെയുമൊക്കെ ഓർത്ത് തകർന്നടിഞ്ഞ് എന്റെ മുൻപിൽ ഇരിക്കുന്നത്. മഞ്ഞുമലകളിലൂടെ അലഞ്ഞ് ആത്മാന്വേഷണം നടത്തി ഗാവോ സിങ് ജിയാന് ആത്മശൈലം എന്ന നോവലിന് നോബൽ സമ്മാനം കിട്ടിയപ്പോഴും നീ ആവേശഭരിതനായിരുന്നു. എന്നിട്ടിപ്പോൾ നഗരത്തിന്റെ അലവലാതിത്തരങ്ങൾ കൊഴിഞ്ഞുപോകുന്നതിന്റെ വേവലാതി പരാതിയായി പറയുന്നു. കഷ്ടം..!“

“നീ എന്നെ കുത്തിനോവിക്കല്ലേ, ഞാൻ ഒരു ആഴക്കിണറിലേക്ക് വീണു പോകും‌പോലെ...”

“പോകൂ, ആഴങ്ങളിലേക്ക് പോകൂ, ഇനി നിന്നെ രക്ഷിക്കാൻ നിനക്ക് മാത്രമേ കഴിയൂ. നീ നിന്നോടും തിരിച്ച് മനുഷ്യന്റെ ഭാഷയിൽ വർത്തമാനം പറയാത്ത ജീവജാലങ്ങളോടും സംവദിക്കൂ.നിന്റെ ഉള്ളിൽ വെളിച്ചമണച്ച് കിടന്നുറങ്ങിയവനെ പോയി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചുണർത്ത്. അവൻ ഉണരുമ്പോൾ നീ അത്ഭുതപ്പെട്ടുപോകും. കാരണം നീ നിന്നെ കണ്ണാടിയിൽ ശരിക്ക് കാണാൻ തുടങ്ങുന്നത് അന്നേരം മുതൽ ആവും. പോകൂ.... “

“നീ....”

“ഞാൻ പിന്നാലെ ഉണ്ട്. പതൂക്കെ. നീ ഇപ്പോൾ കാറ്റിൽ ആടിയുലയുന്ന ഒരു മരം പോലെയാണ്. നിന്റെ ജീവിതബോധം പോലെ. ഞാൻ തുണ വരാം ഇന്നും കൂടി.. എന്നും അങ്ങനെ കരുതരുത്.”

“വേണ്ട, ഞാൻ തനിയെ നടക്കാം... ഇപ്പോൾ മുതൽ....”

“ദാ നീ പെൻ‌ടോർച്ച് മറന്നു. വീടിനടുത്തുള്ള ഇടവഴി നീ എങ്ങനെ കടക്കും...”

“ ഇല്ല വെളിച്ചം ഉള്ളിൽ നിന്ന് പതിയെ പുറത്തേക്കു പടരുന്നുണ്ട്......”

(ഇതിനെ കഥ എന്ന് വേണമെങ്കിൽ വിളിക്കാം. വിളിക്കാം.)

7 Comments, Post your comment:

priyag said...

entha parayendathu . ariyilla . enkilum parayukaya orupaadu naalukalkku shesham onnu ullilekku nokki. thanks alot for this katha.

വി.എ || V.A said...

രണ്ടു വ്യക്തിസൂചനകൾ കൂടി കൊടുത്താൽ, ജീവിത വീക്ഷണമായ ഒരു ഏകാങ്കനാടകമായില്ലേ മാഷേ? ആത്മസ്പർശിയായ ചോദ്യങ്ങളിൽ എൻ.എൻ.പിള്ളയുടെ ശൈലി കടന്നിട്ടുണ്ട്. നല്ല ടൈറ്റിൽ കൊടുത്തു. ‘നാടക’മെന്നു മതിയായിരുന്നു, ലേബലിൽ.(എന്റെ മാത്രം തോന്നലാണേ...) ചിലർക്ക് ദഹിക്കുമോ ആവോ....കൊള്ളാം, ആശംസകൾ....

Renjishcs said...

Nice.

ശിവകാമി said...

സ്മാള്‍ ടോക്ക് ആണെങ്കിലും ബിഗ്‌ ബിഗ്‌ കാര്യമായിട്ടാണ്‌ തോന്നിയത്. ചിന്തിപ്പിച്ചു. നന്ദി.

raviprabha said...

സ്വയം അകത്തേക്ക് തുറക്കേണ്ട വാതില്‍
വേറൊരാള്‍ വന്നു പുറത്ത് നിന്നും അകത്തേക്ക്
തുറന്നാല്‍ എങ്ങിനെയിരിക്കും എന്ന് ചിന്തിച്ചു പോയി.
നിധി നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്‌.അതിനെ പുറം ലോകത്ത്
തിരയേണ്ടതില്ല എന്ന് 'ആല്ക്കമിസ്റ്റ്' തന്നെ പറയുന്നു.
വീര്യമുള്ള ജീവിത രസം വളരെ രേസകരമായി
കൈകാര്യം ചെയ്തിരിക്കുന്നു.
അയാള്‍ ഇപ്പോള് വീട്ടില്‍ എത്തിയിരിക്കുമോ?
ഇഷ്ടമായി.അഭിനന്ദനങ്ങള്‍.

റഷീദ് കോട്ടപ്പാടം said...

കഥ ഇഷ്ടമായി...

സ്വപ്നസഖി said...

ഈ ‘ സ്മാള്‍ ടോക്ക് ’ ആദ്യം വായിച്ചപ്പോള്‍ ഒരു പുതുമയും തോന്നിയില്ല. രണ്ടുപേര്‍ തമ്മിലുളള സംഭാഷണം എന്നേ കരുതിയുളളൂ. എന്നാല്‍ ഏതൊരു കവിതയായാലും, കഥയായാലും വായിച്ചു വിലയിരുത്തി, അതിന്റെ പോരായ്മകളും, കൂടുതല്‍ നന്നാക്കാനുളള പോംവഴികളും പറഞ്ഞു കൊടുക്കുന്ന ചുരുക്കം ചിലരില്‍ ഒരാളായ താങ്കള്‍ വെറുതെയൊരു സംഭാഷണം എഴുതി പോസ്റ്റ് ചെയ്യില്ലെന്നെനിക്കുറപ്പായിരുന്നു. അതിനാല്‍ ഒന്നുകൂടി വായിച്ചു നോക്കിയപ്പോഴാണ് ആ സ്മാള്‍ ടോക്കിനുളളിലെ ശക്തമായ പൊരുള്‍ എന്താണെന്നു പിടികിട്ടിയത്. പുതിയരീതി കൊളളാം...വായനക്കാരെ ചിന്തിപ്പിക്കാന്‍ സഹായിക്കുന്ന ശക്തമായ വരികള്‍ . അഭിനന്ദനങ്ങള്‍ !