‘പവീ ... ഈ ആകാശത്തെ എനിക്കൊന്നു തൊട്ടുനോക്കാന്‍ കഴിഞ്ഞെങ്കില്‍ ...!’
മലമുകളിൽ, കൊക്കയിലേക്കു നോക്കി തപസ്സിരിക്കുന്ന കരിമ്പാറയിൽ കൈകളൂന്നി ദൂരെ മലനിരകളിൽ അലിഞ്ഞില്ലാതകുന്ന ആകാശത്തിൽ കണ്ണുറപ്പിച്ച് നന്ദിനി പറഞ്ഞു.
‘എത്തിപ്പിടിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും അതിനായി കാത്തുവെച്ച നമ്മുടെ ജീവിതം പോലെ ഒരു സ്വപ്നം .. അല്ലേ?’
കമ്പിളിപ്പുതപ്പു പോലെ വന്നു പൊതിയുന്ന കോടമഞ്ഞും നോക്കി നിന്ന പവിത്രൻ, കണ്ണടയൂരി ചില്ലുകളെ മൂടിയ മഞ്ഞ് ഊതിക്കളയുന്നതിനിടയിൽ മെല്ലെ മൂളി.
ആകാശത്തിന്റെ തലോടലിൽ മയങ്ങിക്കിടക്കുന്ന ബ്രഹ്മഗിരി മലനിരകളിൽ കണ്ണുനട്ടു നിന്ന അയാള്‍ തിരിഞ്ഞു നന്ദിനിയുടെ കണ്ണുകളിലേക്ക് നോക്കി. കോടമഞ്ഞിൽ അലിഞ്ഞുചേർന്ന ഒരു നെടുവീർപ്പ് അയാളെ പൊള്ളിച്ചു. മൌനം മല കടന്നുവന്ന കോടമഞ്ഞായി അവർക്കിടയിൽ നിറയാന്‍ തുടങ്ങി.
കോട്ടൺ സാരിക്കുള്ളിൽ തണുപ്പരിച്ചുകയറാൻ തുടങ്ങിയപ്പോൾ കഴുത്തിലിട്ടിരുന്ന ഷാളെടുത്ത് നന്ദിനി പുതച്ചു.
'നന്ദാ, നമുക്ക് ആ മലമുകളിലേക്ക് പോയാലോ' അയാള്‍ മുന്നോട്ട് നടന്നു. കൂടെ എത്താന്‍ ആയാസപ്പെട്ട്, ഒപ്പമെത്തുമ്പോഴേക്കും അവള്‍ കിതക്കാന്‍ തുടങ്ങിയിരുന്നു.
ഒരു ഉള്‍പ്രേരണയാലെന്നപോലെ അയാളുടെ നിട്ടിയ കൈകളില്‍ അവള്‍ മുറുക്കിപ്പിടിച്ചു. തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തി അവളുടെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് വിരല്‍ത്തുമ്പു കൊണ്ടു തുടച്ചുമാറ്റി അയാള്‍ പറഞ്ഞു,
'ഒരുപാടുകാലം ജീവിക്കാനുള്ള ചെറുപ്പം നമുക്കിനിയും ബാക്കിയുണ്ട് നന്ദാ ..'
താഴെ ഒരു ഇഴജന്തുവിനെ പോലെ ചുരം കയറി വരുന്ന ബസ്സ്. അയാളോര്‍ത്തു, രാവിലെ സമതല പട്ടണത്തിലെ ഹോട്ടലിൽ നിന്നു ബസ് കയറുമ്പോൾ ഒഴുകിവന്ന വെയിലിനു സുഖമുള്ള ചൂടുണ്ടായിരുന്നു, വെള്ളിവെളിച്ചവും.
തലക്കാവേരിയിലേക്കുള്ള ഈ യാത്ര നന്ദിനിയുടെ സ്വപ്നമായിരുന്നു. ദേവതകൾ സന്ദർശനത്തിനെത്തുന്ന ത്രിവേണീ സംഗമത്തിൽ കൈ കോർത്ത് നടക്കുന്നതിനേ കുറിച്ച് എത്രയോ തവണ അവൾ വാചാലയായിരിക്കുന്നു.
ഒരാഴ്ച മുമ്പ് വന്ന ഇമെയിലില്‍ അവള്‍ എഴുതി,
'പവീ, എനിക്കൊരു യാത്ര ഇപ്പോള്‍ കൂടിയേ തീരൂ ... ഈ മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ എനിക്ക് ശ്വാസം മുട്ടിത്തുടങ്ങിയിരിക്കുന്നു. ഈ യാത്രയില്‍ നീയും എന്നോടോപ്പം ഉണ്ടാവില്ലേ?'
മലമുകളിലേ തീർത്ഥക്കുളത്തിനടുത്തേക്കുള്ള ബസ്സ് യാത്രയിലുടനീളം നന്ദിനി നിശ്ശബ്ദയായിരുന്നു. സൈഡ്സീറ്റിൽ ദൂരേക്ക് കണ്ണും നട്ടിരുന്ന അവളുടെ തലമുടിയിൽ കാറ്റിളകുന്നതും നോക്കിയിരുന്നപ്പോൾ അയാള്‍ കഴിഞ്ഞ രാവിനേ പറ്റി ഓർത്തു.
ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇങ്ങനെ ഒരു കണ്ടുമുട്ടൽ. പലപ്പോഴും മാറ്റിവെച്ച് അവസാനം കാണാന്‍ തിരുമാനിച്ചപ്പോൾ ഈ സ്ഥലത്തേക്കുറിച്ച് ഓർമ്മിപ്പിച്ചതും നന്ദിനി തന്നെ. റിസോർട്ടിലെ റിസപ്ഷൻ ലോഞ്ചിൽ കാത്തിരിക്കുമ്പോൾ മൊബൈൽ, സന്ദേശമറിയിച്ചു വിറച്ചുതുള്ളി.
‘പവീ, ഞാൻ എത്തിക്കഴിഞ്ഞു...’
പതിഞ്ഞ കാലയടിയൊച്ചകൾ തൊട്ടുമുന്നിൽ അവസാനിച്ചപ്പോഴാണ് മുഖം ഉയർത്തിയത്.
നന്ദിനി ... വെളുപ്പില്‍ , ചെറിയ കറുത്ത പൂക്കളുള്ള കോട്ടൺ സാരി ... അവിടവിടെ നര കയറാന്‍ തുടങ്ങിയ തലമുടി കെട്ടിവെച്ചിരിക്കുന്നു... കണ്ണടക്കുള്ളിലെ ചിരിക്കുന്ന കണ്ണുകൾ. കവിളിലെ നുണക്കിഴി തെളിഞ്ഞു മാഞ്ഞു ...
‘ഞാൻ വരില്ലെന്ന് കരുതിയോ?’
‘ഇല്ല, ഇത്തവണ വരുമെന്നുറപ്പുണ്ടായിരുന്നു.’
കോട്ടേജിന്റെ വരാന്തയിൽ ഇരുൾ മലയിറങ്ങി വരുന്നതും നോക്കിയിരുന്നു. കുളി കഴിഞ്ഞെത്തിയ നന്ദിനി തലമുടി വിടർത്തിയിട്ടു. അയാളുടെ കണ്ണുകൾ ആ മുടിയെ തലോടുന്നതു കണ്ടപ്പോൾ അവൾ മെല്ലെ ചിരിച്ചു.
‘ഇനിയിപ്പോ ഈ മുടിയിൽ മുല്ലപ്പൂ ഒന്നും ചൂടണം എന്നു പറയില്ലല്ലൊ, അല്ലേ?’
മുറിയിൽ നിന്നു വന്ന വെളിച്ചത്തിന്റെ ഒരു കീറ് പവിത്രന്റെ കഷണ്ടിയിൽ വീണു ചിതറുന്നത് നോക്കി അവള്‍ ഉറക്കെ ചിരിച്ചു.
റൂം സർവീസിൽ വിളിച്ച് ചപ്പാത്തിയും, എണ്ണയും ഉപ്പുമില്ലാത്ത കറിയും ഓർഡർ ചെയ്ത് അയാള്‍ ചോദ്യഭാവത്തില്‍ അവളുടെ മുഖത്തു നോക്കി ...
‘ഇല്ല, പേടിക്കണ്ട ...അസുഖങ്ങളൊന്നുമില്ല.’
ആഹാരം കഴിഞ്ഞ് ബ്രീഫ്കേസിൽ നിന്ന്‍ അയാള്‍ എടുത്ത ഗുളികകൾ കണ്ട് ഒരു നിമിഷം നന്ദിനി അമ്പരന്നു.
‘പവീ ... ഇത്?’
‘ഇനിയും ആർക്കൊക്കെയോ വേണ്ടി കുറേക്കൂടി വലിച്ചു നീട്ടേണ്ടിയിരിക്കുന്നു ഈ ജീവിതം.’
അടച്ചിട്ട ജനാലച്ചില്ലുകളിൽ നിലാവ് ചിതറി വീണു. പുറത്തേ തണുപ്പ് മുറിക്കുള്ളിലും ഒഴുകി നിറഞ്ഞു. രാവിനൊപ്പം മൌനവും കനത്തു.
കട്ടിലിന്റെ രണ്ടറ്റത്തായി കിടക്കുമ്പോള്‍ ഇടക്കെപ്പോഴോ അവള്‍ ചോദിച്ചു,
'പവീ, എന്തിനായിരുന്നു, ആർക്കുവേണ്ടി ആയിരുന്നു നമ്മൾ നമ്മുടെ ജീവിതം
ഇങ്ങനെ ...?’
നന്ദിനിയുടെ തൊണ്ടയിൽ ഉറഞ്ഞു കൂടിയ കണ്ണുനീർ ഒരു തേങ്ങലായി മുറിഞ്ഞുവീണു.
കയ്യെത്തി അവളെ ചേർത്തു പിടിച്ചു.
‘നന്ദാ, മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെക്കാൻ നമുക്ക് നമ്മുടെ ജീവിതമല്ലേ ഉള്ളു. അവർക്കൊക്കെ ജീവിക്കാനല്ലേ നമ്മൾ ജീവിക്കണ്ടാ എന്നു തീരുമാനിച്ചത്.’
‘എന്നിട്ടോ ...!?’
നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് അവളുടെ തലയിൽ മെല്ലെ തലോടി.
'ഇനിയെങ്കിലും നമുക്കും ജീവിക്കണം നന്ദാ...'
മെല്ലെ മെല്ലെ അവളുടെ തേങ്ങലുകൾ നേർത്തു വന്നു. പുറത്ത് ചീവീടുകൾ കൂട്ടമായി മലയിറങ്ങി തുടങ്ങി.
ഭൂമിയുടെ നിംനോന്നതകളെ തഴുകി ഇറങ്ങുന്ന സ്നേഹത്തിന്‍റെ രണ്ടു നീര്‍ച്ചാലുകള്‍ പോലെ അവര്‍ ഒഴുകി .വികാരങ്ങള്‍ പെരുമഴയായി , പ്രളയമായി അഴിമുഖങ്ങള്‍ തേടി. മനസ്സും ശരീരവും കെട്ടുകളഴിഞ്ഞു അതില്‍ നീന്തി നടന്നു . സുഖദമായ തണുപ്പില്‍ പ്രണയത്തിന്റെ തീനാമ്പുകളില്‍ അലിഞ്ഞു ... രതിയുടെ വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ ഒന്നൊന്നായി തുറന്നു. നന്ദയുടെ കഴുത്തിലൂടെ ഒഴുകി ഇറങ്ങിയ വിയര്‍പ്പുമണിയില്‍ ചുണ്ടുകള്‍ അമര്‍ത്തി പവി ചോദിച്ചു,
'വയസ്സായി എന്നു ഇപ്പോഴും തോന്നുന്നുണ്ടോ?'
'വയസ്സായി എന്നു ഇപ്പോഴും തോന്നുന്നുണ്ടോ?'
മറുപടി പറയാതെ അവള്‍ അയാളുടെ നെഞ്ചില്‍ മുഖം പൂഴ്ത്തി.
പുറത്ത് പാതിരാക്കിളികള്‍ ക്ഷീണിച്ചു മയങ്ങിയിരുന്നു ...
‘അല്ല പവീ, നിന്റെയീ മടി ഇനിയും മാറിയിട്ടില്ലേ?’
മുന്നിൽ ആവി പറക്കുന്ന കാപ്പിയുമായി നന്ദ. ജന്നലിലൂടെ കടന്നു വന്ന സൂര്യൻ അവളുടെ കണ്ണുകളിൽ തിളങ്ങി.
‘എഴുനേൽക്കൂ, തലക്കാവേരിയിലേക്കുള്ള ബസ്സിനു സമയമായി എന്ന് റിസപ്ഷനിസ്റ്റ് വിളിച്ചു പറഞ്ഞു.’
ബസ്സിറങ്ങി ആദ്യം പോയത് ആത്മഹത്യാ മുനമ്പും കടന്നെത്തുന്ന വെള്ളിമേഘങ്ങളെ തൊട്ടുനോക്കാനായിരുന്നു!
‘നന്ദാ, നിനക്ക് ത്രിവേണീ സംഗമത്തിൽ പോകണ്ടേ?’
‘ഉം...’
മലമുകളിലേക്ക് നടക്കുമ്പോൾ ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ നന്ദിനി മുന്നിൽ നടന്നു, അവള്‍ക്ക് പെട്ടെന്ന്‍ ചെറുപ്പമായതുപോലെ.
രണ്ട് തോടുകൾ ഒഴുകി വീഴുന്ന കുളത്തിനരികിൽ എത്തി. പുണ്യം കുപ്പികളിലാക്കുന്നരുടെ തിരക്ക്!
‘ഇവിടെ മൂന്നാമത്തെ നദി എവിടയാണോ എന്തോ!’
‘പവിക്കറിയില്ലേ ... അത് പുണ്യനദിയാണ്, അദൃശ്യയായി ഭൂമിക്കടിയിലൂടെ ഈ നദികളിൽ ചേരുന്നു’.
‘അദൃശ്യമായി ഹൃദയത്തില്‍ ചെന്നുചേരുന്ന സ്നേഹം പോലെ അല്ലേ?’ അയാള്‍ ഉറക്കെ ചിരിച്ചു.
അവളുടെ ചുണ്ടിന്റെ കോണിലും ചിരിയുടെ ഒരു കുഞ്ഞുറവ ഒലിച്ചിറങ്ങി.
‘നന്ദ ഒരു കഥ കേട്ടിട്ടില്ലേ, വർഷത്തിൽ ഒരു ദിവസം മാത്രം, തുലാ സംക്രാന്തിയിൽ ഈ തീർത്ഥക്കുളം നിറഞ്ഞു കവിയുമത്രെ. പാർവ്വതീദേവി ഇതിൽ എത്തുന്നതു കൊണ്ടാണു പോലും അങ്ങനെ ഉണ്ടാവുന്നത്.’
നന്ദിനിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി പാതി മുറിഞ്ഞു.
‘എന്തുപറ്റി?’
‘കഥയില്ലായ്മകൾ മാത്രമുള്ള നമ്മുടെ ജീവിതത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു ഞാന്‍’
താഴ്വാരത്തിലേക്കുള്ള ബസ്സ് വളവുകളും തിരിവുകളും പിന്നിട്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. തന്‍റെ സാമീപ്യം പോലും മറന്ന് ഏതോ ലോകത്താണ് നന്ദിനിയുടെ മനസ്സെന്നു തോന്നി.
'ഉം ..എന്തുപറ്റി ? എന്താ ആലോചിക്കുന്നത് ?'
'ഒരു രാവിലേക്ക് പൂത്തുകൊഴിഞ്ഞ എന്‍റെ സ്വപ്നങ്ങളെ പറ്റി വെറുതെ ഓര്‍ത്തുപോയി...'
'കൊഴിഞ്ഞില്ലല്ലോ നന്ദാ... അത് വൈകിപ്പൂത്ത ഒരു വസന്തമാണ് ... ഒരുപാട് പൂക്കാലങ്ങളുടെ തുടക്കം...'
'അതാ അങ്ങ് താഴവാരത്തില്‍ രണ്ടായി പിരിയുന്ന വഴിയില്‍ നമ്മുടെ യാത്ര അവസാനിക്കും... ഇനി ഒരിക്കലും കാണാതെ ... അല്ലേ പവീ?'
അയാള്‍ അവളെ ചേർത്തു പിടിച്ചു ... മെല്ലെ അവൾ തല തോളിലേക്ക് ചേർത്തു...
'അല്ല... നമുക്കിടയില്‍ ഒഴുകുന്ന, ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍റെ, ആരും കാണാത്ത നദിക്കരയില്‍ നിനക്കൊപ്പം ഞാന്‍ ജീവിക്കാന്‍ പോകുന്നു ... ഇനിയെന്നും ...'
ഒരു നിമിഷത്തെക്ക് അവളുടെ കണ്ണുകള്‍ തിളങ്ങി.
ബസ് ഒരു കിതപ്പോടെ നിന്നു. നന്ദിനി ചെറിയ ബാഗ് തോളിലിട്ടു. പവിയോടു മെല്ലെ തലയാട്ടി...
ബസ് ഒരു കിതപ്പോടെ നിന്നു. നന്ദിനി ചെറിയ ബാഗ് തോളിലിട്ടു. പവിയോടു മെല്ലെ തലയാട്ടി...
'ഞാന്‍ പോട്ടെ പവീ ...'
അവളുടെ കൈ അയാള്‍ മൃദുവായി അമര്‍ത്തി ... പിന്നെ നന്ദിനിയുടെ കയ്യില്‍ നിന്നും ബാഗ് വാങ്ങി തോളിലിട്ട് എവിടേക്കോ പോകാന്‍ തയ്യാറായിനിന്ന ബസ്സിനരികിലേക്ക് നടന്നു.
മുന്നിലെ ഇരുട്ടിനെ ബസ്സിന്റെ ഹെഡ്‌ലൈറ്റ് കീറിമുറിച്ചു. ദൂരെ ആകാശത്തില്‍ ഒരു നക്ഷത്രം വഴികാട്ടിയായി തിളങ്ങിനിന്നു.
(@ അനില്‍കുമാര്‍ സി. പി.)
11 Comments, Post your comment:
ഹൃദയം തൊട്ടു കഥ പറഞ്ഞു .. അഭിനന്ദനങ്ങള്‍ ..
വിവാഹേതര ബന്ധങ്ങള്‍ കഥകളിലൂടെ അവതരിപ്പിക്കുമ്പോള്‍ മനോഹരം എന്ന് കരുതണം അല്ലെ... ;)
പക്ഷെ അനില്‍, കഥയുടെ ഒഴുക്ക് മനോഹരം, ഭാഷയും
"നമുക്കിടയില്‍ ഒഴുകുന്ന, ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍റെ, ആരും കാണാത്ത നദിക്കരയില്‍ നിനക്കൊപ്പം ഞാന്‍ ജീവിക്കാന്‍ പോകുന്നു ... ഇനിയെന്നും ..."
മനസ്സ് നിറഞ്ഞു അനിൽ. പ്രേമത്തിന്റെ വശ്യമായ സുഗന്ധത്തിൽ പ്രകൃതി പോലും മയങ്ങുന്നതായി തോന്നി ചിലയിടങ്ങളിൽ. വായനക്കാരനെ പിടിച്ചിരുത്തി അവനിലേക്ക് കഥാപാത്രങ്ങലെ ആവാഹിക്കുന്ന രചനാശൈലി.
ആശംസകളോടെ
satheeshharipad.blogspot.com
നന്ദി കൂട്ടുകാരേ.
കഥ ഇഷ്ടായി ....
വായിച്ചു ...ഇഷ്ടായി
കഥ, അവതരണ മികവുകൊണ്ട് ഹൃദയ സ്പര്‍ശിയായി. ആശംസകള്‍.
അവതരണത്തിന് ഇളം മഞ്ഞിന്റെ തണുത്ത കരസ്പർശം...നന്നായിപ്പറഞ്ഞിരിക്കുന്നൂ ഈ കഥ എല്ലാ ഭാവുകങ്ങളും
Came here for the first time...Really enjoyed your story...Don't consider me as unromantic..But some how this is my favorite line..
പുണ്യം കുപ്പികളിലാക്കുന്നരുടെ തിരക്ക്!
ishtapettu.....
Post a Comment