പണി തീരാത്ത ആ കെട്ടിടത്തിനു മുന്നിൽ അയാൾ ഒരു നെടുവീർപ്പോടെ നിന്നു.
ബെൽറ്റ് വാർത്ത്, തറ കെട്ടിക്കഴിഞ്ഞിരുന്നു ."ഇനിയെന്ത്?" എന്ന ചോദ്യം
പോലെ, തുരുമ്പെടുത്തു തുടങ്ങിയ ഇരുമ്പു കമ്പികൾ അവിടിവിടെയായി പൊങ്ങി
നിന്നു. നന്നേ തണുത്ത ഒരു പ്രഭാതമായിരുന്നിട്ടും അയാളുടെ നെറ്റിയിൽ
വിയർപ്പു ചാലുകൾ ഒഴുകി. ഏഴര കുർബാനയ്ക്കുള്ള മണിയടിച്ചപ്പോഴാണ് അയാൾക്ക്
പരിസരബോധം വന്നത്.
കുർബാന ചൊല്ലേണ്ട വികാരിയച്ചൻ പുത്തൻ പള്ളിയുടെ തറയ്ക്ക് മുന്നിൽ മ്ലാനവദനനായി നില്ക്കുകയാണെന്നറിയാതെ, കപ്യാർ ആവേശത്തോടെ വീണ്ടും വീണ്ടും മണിയടിച്ചു.
"ഈ സീസറച്ചൻ എവിടെപ്പോയി കെടക്കുവാ?...." പഴയ പള്ളിക്കകത്ത് പ്രാർത്ഥിക്കാനായി വീർപ്പുമുട്ടി നിന്നിരുന്ന ഇടവക ജനം പിറുപിറുത്തു.
അഞ്ചു മിനിട്ട് വൈകി അൾത്താരയിൽ രംഗപ്രവേശം ചെയ്തപ്പോഴും സീസറച്ചനെന്ന ഫാ.ജോർജ് പള്ളിത്താനത്തിന്റെ മുഖം ക്രൂശിതനായ യേശു ക്രിസ്തുവിനെ പോലെ മുറുകിയിരുന്നു. ഭൗതിക ചിന്തകൾ അകറ്റണമേയെന്നും ആന്തരിക ശക്തി നൽകണമേയെന്നും ആമുഖ പ്രാർത്ഥന സമയത്ത് മനമുരുകി പ്രാർത്ഥിച്ചിട്ടും എഴുന്നു നിന്നിരുന്ന തുരുമ്പെടുത്ത കമ്പികളും, തഴച്ചു വളർന്നു നിന്നിരുന്ന കമ്മ്യുണിസ്റ്റ് പച്ചയും വികാരിയച്ചന്റെ മനസ്സിനെ അലോസരപ്പെടുത്തി.പള്ളിയിൽ തിങ്ങി നിറഞ്ഞിരുന്ന ഇടവക ജനം പ്രസംഗ സമയത്ത് ഇരിക്കാൻ സ്ഥലം കിട്ടുമോയെന്ന ആശങ്കയിലായിരുന്നു അന്നേരം.
നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയാണ്. ഇടവകയിൽ നൂറോ ഇരുനൂറോ മാത്രം ആൾക്കാർ ഉണ്ടായിരുന്നപ്പോൾ പണി കഴിപ്പിച്ചത്. ഇന്നാകട്ടെ ഇടവകയിൽ ആയിരത്തിലേറെ ആൾക്കാർ. കത്തുന്ന വേനൽ കാലങ്ങളിൽ , ഞായറാഴ്ച കുർബാന സമയത്ത് പള്ളിയിൽ ജനം തിങ്ങി നിറഞ്ഞു. സുഗന്ധ ദ്രവ്യങ്ങളുടെയും അധോവായുവിന്റെയും സമ്മിശ്ര ഗന്ധത്തിൽ പലരും വിയർത്തു കുളിച്ച് പള്ളിയിൽ തല കറങ്ങി വീണു. പുതിയ പള്ളി വേണമെന്നുള്ളത് ന്യായമായ ഒരു ആവശ്യമായിരുന്നു.വൈകാതെ ആ അവശ്യം അരമയിൽ പിതാവിന്റെ അടുത്തും എത്തി.
പള്ളി പണിയണം എന്ന ആവശ്യം ഉയർന്നപ്പോൾ തന്നെ ബിഷപ്പിന്റെ മനസ്സിൽ ഫാ.പള്ളിത്താനത്തിന്റെ മുഖമാണ് തെളിഞ്ഞു വന്നത്. റിയൽ എസ്റ്റെറ്റ് ബിസിനസ്സുകാരുടെ കുടുംബത്തിൽ നിന്ന് വന്ന നല്ല ഒന്നാന്തരം കോട്ടയംകാരൻ. കെട്ടിടം പണി ഒരു ആവേശവും, പ്രേക്ഷിത ദൗത്യവും ആയിരുന്നു പള്ളിത്താനം അച്ചന്. സാമ്പത്തിക പരാധീനതകൾ കാരണം മുടങ്ങി പോകുമെന്ന് കരുതിയിരുന്ന എത്രയോ കെട്ടിടങ്ങൾ അച്ചന്റെ കാർമികത്വത്തിൽ പൊങ്ങി വന്നിരിക്കുന്നു. ആശുപത്രി,സ്കൂൾ,പള്ളികൾ,കണ്‍വെൻഷൻ ഹാളുകൾ എന്ന് വേണ്ട, അച്ചൻ കൈ വെയ്ക്കാത്ത മേഖലകളില്ല! അങ്ങനെ, "കെട്ടിടം പണിയുടെ മധ്യസ്ഥൻ" എന്ന് രൂപതയിലെ കുറച്ചു പേരെങ്കിലും കളിയാക്കിയും, അല്പം അസൂയയോടെയും വിളിച്ചിരുന്ന ഫാ.ജോർജ് പള്ളിത്താനം പുത്തൻ പള്ളിയുടെ ബ്ലൂ പ്രിന്റും ആത്മവിശ്വാസമുള്ള ചിരിയുമായി ഇടവക വികാരിയായി ചാർജെടുത്തു.ഇടവകിൽ വന്നിറങ്ങിയ ഉടൻ അച്ചൻ ചെയ്തത്, അവിടുത്തെ അതി സമ്പന്നരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക എന്നതായിരുന്നു.നാട്ടിലെ അബ്കാരികൾ, കോണ്‍ട്രാക്റ്റെർമാർ, സ്വർണക്കടക്കാർ, മരുന്ന്-പെട്രോൾ വില്പനക്കാർ എന്നിവരടങ്ങുന്ന ബൂർഷ്വാ മുതലാളിമാരുടെ ഒരു ലിസ്റ്റ്! ആ ലിസ്റ്റിൽ പതിനാറു പേരുണ്ടായിരുന്നു എന്ന് കണ്ട് അച്ചൻ സന്തോഷിച്ചു.മുന്നറിയിപ്പൊന്നും കൂടാതെ ആദ്യത്തെ അബ്കാരിയുടെ വീട്ടിൽ ഉച്ച സമയത്ത് "ആദ്യമായി നിങ്ങളുടെ വീട്ടിലാ വരുന്നത്, അത് പിന്നെ അങ്ങനെയല്യോ വേണ്ടിയത്?" എന്ന മുഖവുരയോടെ ചെന്നു കയറിയ അച്ചനു ബീഫ് വരട്ടിയതും ആട്ടിൻ സ്റ്റൂവും പാലപ്പവും നെടിയരി ചോറും ഒടുവിൽ കഴിക്കാൻ സ്ട്രോബെറി പഴവും കിട്ടി.അച്ചൻ ഉടനെ ഒരു പത്തു ലക്ഷം കണക്കിൽ കൂട്ടി.
ഏകദേശം ഒരു മണിക്കൂറത്തെ പ്രബോധനത്തിന് ശേഷവും, "പച്ചരി വാങ്ങാനുള്ള കാശേയുള്ളൂ" എന്ന പ്രസ്താവനയിൽ നിന്ന് അബ്കാരി ഒരടി പോലും പുറകോട്ടു പോയില്ല. ഒടുവിൽ കിട്ടിയ പതിനായിരം രൂപയും വാങ്ങി പടിയിറങ്ങുമ്പോൾ മട്ടൻ സ്റ്റൂവും ബീഫ് വരട്ടിയതും പാലപ്പവും നിശ്ശേഷം ദഹിച്ചിരുന്നു. അടുത്തതായി പോയ സ്വർണക്കടക്കാരന്റെ വീട്ടിലും ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി. പിന്നീട് പോയ രണ്ടു വീടുകളിൽ നിന്ന് അച്ചനു വെറും കട്ടൻ ചായയെ കിട്ടിയുള്ളൂ. ഒരു അബ്കാരിയും മൂന്നു സ്വർണ കടക്കാരും എല്ലാ മരുന്ന് കച്ചവടക്കാരും നിരീശ്വര വാദികളായി മാറിയിരിക്കുന്നുവെന്നും, അതിനാൽ അച്ചൻ അവരുടെ വീടുകളിൽ ചെല്ലേണ്ടതില്ലെന്നും കത്ത് മുഖാന്തിരം അറിയിപ്പ് കിട്ടി. ഒടുക്കം അതി സമ്പന്നരുടെ പട്ടിക അവസാനിച്ചപ്പോൾ അച്ചനു കിട്ടിയത് വെറും നാല്പതിനായിരം രൂപ! അച്ചനു കിട്ടിയ ആദ്യത്തെ അടിയായിരുന്നു അത്. കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പത്തിൽ നടക്കുന്ന നാടല്ല ഇതെന്ന് അച്ചനു വളരെ പെട്ടെന്ന് മനസ്സിലായി. ഞായറാഴ്ച കുർബാനകളിൽ പള്ളി പണിയേണ്ടതിന്റെ ആവശ്യകതയെ പറ്റിയും, അത് തന്റെ മാത്രമല്ല ഇടവകയുടെ മൊത്തം ആവശ്യകത ആണെന്നും അച്ചൻ ആവേശത്തോടെ പ്രസംഗിച്ചു. മഹാനായ സീസർ ചക്രവർത്തി തന്റെ മരണ ശേഷം ഇരു കൈകളും ശവപ്പെട്ടിക്കു പുറത്തേയ്ക്ക് നീട്ടി വയ്ക്കണം എന്ന് പറഞ്ഞ കഥ അച്ചൻ തന്റെ പ്രസംഗങ്ങളിൽ സ്ഥിരമായി ഉൾപ്പെടുത്തി. മഹാനായ സീസർ പോലും മരണശേഷം അഞ്ചു പൈസ പരലോകത്തെയ്ക്കു കൊണ്ടു പോയില്ല എന്നതായിരിന്നു ഗുണപാഠം. ഗുണപാഠകഥ ഇടവക ജനത്തിന്റെ കണ്ണ് തുറപ്പിച്ചില്ല എന്ന് മാത്രമല്ല, ഇടവകയിലെ ചില തല തിരിഞ്ഞ ന്യൂജെനറേഷൻ പിള്ളേർ, സീസറല്ല, അലക്സാണ്ടർ ചക്രവർത്തിയാണ് അങ്ങനെ പറഞ്ഞതെന്ന് ഇൻറർനെറ്റിൽ നോക്കി കണ്ടു പിടിക്കുകയും, "ഫൂളാക്കല്ലേ" എന്ന് അച്ചനോട് പറയാൻ ധൈര്യപ്പെടുകയും ചെയ്തു! അച്ചൻ ഗുണപാഠ കഥ അതോടു കൂടി നിറുത്തിയെങ്കിലും, പള്ളിത്താനം അച്ചനു "സീസറച്ചൻ" എന്ന ഇരട്ടപ്പേര് ഇടവകക്കാർ പതിച്ചു നല്കി.
ഇടവകയിലെ സമ്പന്നരിൽ നിന്നും സംഭാവന വാങ്ങിച്ചെടുക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകത്തെ സൂചിക്കുഴയിലൂടെ കടത്തി വിടുന്നതാണെന്ന് സീസറച്ചനു ക്രമേണ മനസ്സിലായി. തന്റെ ആവനാഴിയിലെ മറ്റു ശരങ്ങളായ ഫുഡ് ഫെസ്റ്റിവൽ, കാർണിവൽ, കലണ്ടർ വിൽപന അങ്ങനെ പലതും എടുത്തു പ്രയോഗിച്ചെങ്കിലും, പിരിഞ്ഞു കിട്ടിയത് കൈ വിരലിൽ എന്നാവുന്ന ലക്ഷങ്ങൾ മാത്രം. അങ്ങനെ ഇരിക്കെയാണ് സ്ഥലത്തെ പ്രധാന റിയാൽ എസ്റ്റേറ്റ് മുതലാളി പത്തു ലക്ഷം രൂപ സംഭാവനയുമായി വന്നത്. തന്റെ പ്രബോധനങ്ങൾ ലക്‌ഷ്യം കണ്ടു തുടങ്ങിയതായി സീസറച്ചനു തോന്നി. എന്നാൽ പത്തു ലക്ഷത്തിനു പകരമായി, പുത്തൻ പള്ളിയുടെ അൾത്താരയിൽ തന്റെ പുതിയ ഫ്ലാറ്റു സമുച്ചയത്തിന്റെ രണ്ടു പരസ്യ ബോർഡുകൾ വയ്ക്കണമെന്ന ആവശ്യം പറഞ്ഞപ്പോൾ അച്ചൻ അയാളെ പള്ളി മുറിയിൽ നിന്ന് ആട്ടി പുറത്താക്കി. ജറുസലേം ദേവാലയത്തിൽ നിന്ന് ചാട്ടവാറിനടിച്ച് കച്ചവടക്കാരെ ഒഴിപ്പിച്ച യേശു ക്രിസ്തുവിന്റെ മുഖഛായ ആയിരുന്നു സീസറച്ചനപ്പോൾ. കറകളഞ്ഞ ഒരു വിപ്ലവകാരിയുടെ മുഖം!
അങ്ങനെ, ആഘോഷപൂർവം പണി തുടങ്ങിയ തറയിൽ, പുത്തൻ പള്ളി മുരടിച്ചു നിന്നു.
ആ തണുത്ത പ്രഭാതത്തിലെ ഏഴര കുർബാനയ്ക്ക് ക്രൂശിതനായ ക്രിസ്തുവിനെ പോലെ പള്ളിക്കകത്ത് നിന്നത് സീസറച്ചൻ മാത്രമായിരുന്നില്ല. പള്ളിയുടെ ദ്രവിച്ചു തുടങ്ങാറായ ഒരു തൂണിൽ കെട്ടിപ്പിടിച്ച്, തന്റെ സ്വാധീനമുള്ള ഒരു കാലിൽ ഊന്നി, മറ്റേക്കാൽ ഊന്നുവടിയിൽ ചാരി, ലോട്ടറിക്കാരൻ ചാക്കോ പള്ളിയിലെ തിരക്കിൽ വളഞ്ഞൊടിഞ്ഞു നിന്നു. കുർബാന കഴിഞ്ഞു, തങ്ങളുടെ മൊബൈലും ഞെക്കിക്കൊണ്ട് പുറത്തേയ്ക്ക് പായുന്ന ജനം തന്നെ തട്ടി താഴെയിടുമെന്നും, അവരുടെ ചവിട്ടു കൊണ്ട് താൻ ചാകുമെന്നും അയാൾ ഭയപ്പെട്ടിരുന്നു. പക്ഷെ അയാളെ കൂടുതൽ അലട്ടിയിരുന്നത് രണ്ടു ദിവസത്തിനകം രണ്ടാമത്തെ മകളുടെ ബി സി എ പരീക്ഷാ ഫീസ് കൊടുക്കണമെന്ന ചിന്തയായിരുന്നു. രണ്ടു ദിവസം കൊണ്ട് എത്ര ലോട്ടറി വിറ്റാലും ആ തുക ഒക്കാൻ പോകുന്നില്ലെന്നു അയാൾക്കറിയാമായിരുന്നു, സീസറച്ചനെ കണ്ടാൽ കഴിഞ്ഞ തവണത്തെപ്പോലെ എന്തെങ്കിലും പോംവഴി ഉണ്ടാക്കുമെന്ന പ്രതീക്ഷയിൽ കുർബാന കഴിഞ്ഞു അയാൾ പള്ളിമുറിയുടെ പരിസരത്ത് ചുറ്റിപറ്റി നിന്നു.
"കൊച്ചിന് പരീക്ഷാ ഫീസ് കൊടുക്കണാരുന്നു... ഒരഞ്ഞൂരു രൂപാ കിട്ടിയാല്.. "
തിരുവസ്ത്രങ്ങൾ മാറ്റി ളോഹയണിഞ്ഞു സീസറച്ചൻ പുറത്തേയ്ക്ക് വന്നപ്പോൾ ചാക്കോ പറഞ്ഞു. സീസറച്ചന്റെ കണ്ണുകൾ ചാക്കോയുടെതുമായി കൂട്ടിമുട്ടി. ക്ലേശമനുഭവിക്കുന്ന രണ്ടു ജോഡി കണ്ണുകൾ! സീസറച്ചൻ തന്റെ പിഞ്ഞി തുടങ്ങിയ ലെതർ പേഴ്സിൽ നിന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് തിക്കും പോക്കും നോക്കിയിട്ട് ചുരുട്ടി ചാക്കോയ്ക്ക് കൊടുത്തു.കരയിൽ നിന്ന് വെള്ളത്തിലേയ്ക്ക് വീണ മീനപ്പോലെ ചാക്കോ ഒരു ദീർഘ നിശ്വാസമുതിർത്തു.
"ചാക്കോച്ചാ, കാശിനു വേണ്ടി എപ്പോഴും ഇങ്ങനെ വന്നാ തരാൻ എന്റെ കയ്യിൽ കാണത്തില്ല കേട്ടോ! പള്ളി പണി നടക്കുവാന്നു ചാക്കോച്ചനറിയത്തില്യോ? മൂത്തവള് അടുത്ത മാസം പ്രസവത്തിനു വരുവാന്നല്ലേ പറഞ്ഞത്? ചാക്കോച്ചൻ വല്ലോം കരുതീട്ടുണ്ടോ? "
ചാക്കോച്ചൻ വീണ്ടും കരയിൽ വീണ മത്സ്യത്തിന്റെ അവസ്ഥയിലായി.
ധനികർക്ക് സംഭവിക്കുന്നത് പോലെ ഒരു ഹാർട്ട് അറ്റാക്കോ മറ്റോ വന്നു ഈ കഷ്ടപ്പാടുകളുടെ ലോകത്ത് നിന്ന് തന്നെ കര കയറ്റിയിരുന്നെങ്കിൽ എന്ന ചിന്തയോടെ ഒരു കണ്ണുനീർ തുള്ളി നെറ്റിയിലെ വിയർപ്പുമായി കലർന്ന് ചാക്കോയുടെ മൂക്കിൻ തുമ്പിൽ നിന്ന് അടർന്നു വീണു. ചരിത്ര പ്രാധാന്യമുള്ള ഒരു നിമിഷമായിരുന്നു അത്. കാരണം, ആ നിമിഷമാണ് ഇടവകയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെടാൻ പോകുന്ന ഒരു തീരുമാനം സീസറച്ചൻ എടുത്തത്. ഒരു വെടിക്ക് പല പക്ഷികളെയും വീഴിക്കാൻ പോന്ന, നവീനമായ ഒരു ആശയം. പുത്തൻ പള്ളിയുടെ ഭാഗധേയം മാറാൻ പോകുകയായിരുന്നു. ചാക്കോയുടെയും... (തുടരും)
©

6 Comments, Post your comment:
നോവൽ വായിക്കാൻ തുടങ്ങുന്നു...
ഇനിയും വരാം.
ആശംസകൾ....
നോവല്‍ ശാലിനിയുടെ ബ്ലോഗില്‍ വായിച്ചിരുന്നു
ആദ്യഭാഗം വായിച്ചു.., വീണ്ടും വരാം, ആശംസകള്‍..
വായിച്ചു. ബാക്കി കൂടെ വരട്ടെ...
തുടക്കം കൊള്ളാം.
തുടക്കം ഉഗ്രന്‍ ..ബാക്കി നോക്കട്ടെ
Post a Comment