വിചിത്രമല്ലെന്ന് ഉറപ്പിച്ചു പറയാൻ ഏത് ചിന്തയുണ്ട് കൂട്ടിന്?
ഒന്നുമില്ല.
എത്രത്തോളം സ്വയം ഒറ്റുകൊടുക്കാം എന്നാലോചിക്കുകയായിരുന്നു വിമല.
വിവാഹത്തിനുശേഷമുള്ള ഒൻപത് വർഷങ്ങളിൽ ഒരിയ്ക്കൽ പോലും ഒറ്റയ്ക്ക് യാത്രചെയ്തിട്ടില്ല അവൾ.
ദേശം മാറുന്നതിനനുസരിച്ച് ഭരതിന്റെ ഇടത്തായും വലത്തായും കൂട്ടിരിക്കുക മാത്രമേചെയ്തിട്ടുള്ളൂ..
ഭരതിനാവട്ടെ യാത്രനീളെ സംസാരിച്ച് കൊണ്ടിരിക്കണം,ഒന്നുകിൽ ക്രിക്കറ്റ്,അല്ലെങ്കിൽ ഭൂമിയിടപാട്,ആരോഗ്യസംരക്ഷണം..വിമലയ്ക്ക് താല്പര്യം തോന്നാത്തതെന്തൊക്കെയുണ്ടോ അതെല്ലാം.
ചിലപ്പോൾ അവൾക്ക് തോന്നും കാറിന്റെ വിൻഡോഗ്ലാസ്സ് താഴ്ത്തി മധുസൂദനൻ നായരുടെ ശബ്ദമനുകരിച്ച് ‘ഇരുളിൻ മഹാനിദ്രയിൽ..’പാടണമെന്നൊക്കെ..
പക്ഷേ ചെയ്യില്ല.
പകരം ഭരതിനു വേണ്ടതെല്ലാം പറഞ്ഞു കൊണ്ടേയിരിക്കും.
അവളില്ലാതെ അയാളെക്കൊണ്ട് ജീവിക്കാനേ വയ്യെന്ന തോന്നൽ വരെ ഉണ്ടവൾക്ക്..
ആദി ജനിച്ചതിനു ശേഷം ചിലരാത്രികളിൽ തന്നെ തീരെ ശ്രദ്ധിക്കുന്നില്ലെന്ന് അയാൾ പരാതി പറയാറുണ്ടെങ്കിലും തനിക്ക് വിശേഷിച്ച് മാറ്റമൊന്നുമില്ലെന്ന് അവൾ സ്വയം വിശ്വസിച്ചു.
ശരീരം കൊണ്ട് പൂർണ്ണമായും മനസ്സ് കൊണ്ട് പകുതിയും ,പതിവു പോലെ അയാളിൽ തന്നെ ജീവിയ്ക്കുകയായിരുന്നു അവൾ.
മനസ്സിന്റെ മറ്റേപ്പാതിയാവട്ടെ അവളുടെ അധീനതയിലുമല്ല.
ഭരതിനെ മാത്രമേ സ്നേഹിക്കാനുണ്ടായിരുന്നുള്ളൂ അവൾക്ക്..
എന്നിട്ടും അവളിലെ അത്യാഗ്രഹിയായ സ്ത്രീയെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല ,അയാളുടെ കരുതലിനൊന്നും.
ചിലപ്പോൾ അവൾക്ക് തോന്നും അവളിലെത്തന്നെ പാതി പുരുഷൻ അവളിലെ പാതി സ്ത്രീയുമായി നിരന്തരം പ്രണയത്തിലാണെന്ന്, എത്ര അടുത്താലും മറ്റാർക്കും പതിച്ചു കൊടുക്കാൻ അനുവദിക്കാത്തവണ്ണം സ്നേഹം ശീലിപ്പിച്ച മുരടനായ പപ്പാതി.
അവളിലെ സ്ത്രീയെ മുഴുവനായി അടക്കിപ്പിടിച്ച അവളിലെത്തന്നെ പുരുഷൻ.
അതാണു പറഞ്ഞത് വിചിത്രമല്ലാത്ത ഒരു ചിന്തയും ബാക്കിയില്ലെന്ന്.
ഇനിയുള്ള പത്തറുപത് ദിവസങ്ങളിൽ യാത്രയിൽ മുഴുവൻ വിമലയ്ക്ക് കൂട്ടിരിക്കേണ്ടത് ഈ ഭ്രാന്ത് തന്നെയാണ്.
ഇങ്ങനെയുള്ള ചിന്തകളുണ്ടാകുന്നത് മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഭരതിനോട് പറയാനൊരുങ്ങിയത്.
‘ എങ്ങോട്ടേക്കെങ്കിലും പോണെന്ന്...’
‘ എങ്ങോട്ടേക്കെങ്കിലും ’ എന്നത് അയാൾക്ക് പ്രായോഗികമായി തോന്നില്ലെന്നറിഞ്ഞതു കൊണ്ട് നാട്ടിൽ അമ്പലങ്ങളിലേക്ക് പോകാമെന്ന് പറഞ്ഞു.
തന്റെ ഇതുവരെയുള്ള നിശ്ചലാവസ്ഥയുടെ ലക്ഷ്യം തന്നെ ചലനമാണെന്ന് തോന്നുകയയിരുന്നു അവൾക്ക്, അവസാനമില്ലാത്ത ചലനം..യാത്ര.
നാട്ടിലേക്ക് വരാൻ ഭരതിന് താല്പര്യമുണ്ടായിരുന്നില്ല.ആദിക്ക് സമ്മർ ക്യാമ്പ്.മഴ നനഞ്ഞ് അമ്പലങ്ങൾ കയറിയിറങ്ങാൻ വയ്യെന്ന് തീർത്ത് പറഞ്ഞു അവൻ.
ഇപ്പോഴത്തെ കുട്ടികളിലധികവും പ്രായോഗികവാദികളാണ്.
അവർ വളരെ വേഗത്തിലാണ് വളരുന്നതു പോലും..
ഏഴു വയസ്സേ ആയുള്ളൂ ആദിക്കെന്ന് വിശ്വസിക്കാൻ വിമലയ്ക്കാണ് ഏറ്റവും പ്രയാസം.
‘ തനിച്ച് പോയിക്കോള്ളൂ ’എന്ന് ഭരത്..
‘ അതാണ് നല്ലത്. അമ്മ ഒന്ന് റിഫ്രഷ്ഡ് ആയിട്ട് വാ ’ എന്ന് ആദി..
‘ അപ്പോ നിങ്ങടെ കാര്യമൊക്കെ..’ ചോദിച്ച് കഴിഞ്ഞപ്പോഴാണ് അതിന്റെ പ്രസ്ക്തിയില്ലായ്മയെക്കുറിച്ച് ഓർത്ത് വിമലയ്ക്ക് സ്വയം പരിഹാസം തോന്നിയത്..
പാചകം..പൊടി തുടയ്ക്കൽ..അലക്കൽ..ഇസ്തിരിയിടൽ..ഷൂ പോളിഷിംഗ്..
അതെല്ലാതെ മറ്റെന്താണ് നടക്കാതിരിക്കുക..??
ഒൻപത് വർഷമായിട്ട് ഒറ്റയ്ക്കൊരിയ്ക്കലും ദൂരെ എവിടേക്കും പോയില്ലല്ലോ എന്നൊരു വേവലാതിയും തോന്നി കൂട്ടത്തിൽ.
യാത്ര നീളെ എല്ലാത്തിലുമൊരു കൊച്ചു കുട്ടിയുടെ കൗതുകം കയറിവരുന്നുണ്ടോ എന്ന് സംശയിക്കുകയായിരുന്നു വിമല.
എന്നാലും ,ഇനി മറ്റാരുടേയും ഇടപെടൽ ഇല്ലാതെ തന്നിൽ തന്നെയുള്ള പുരുഷനും സ്ത്രീയ്ക്കും പരസ്പരം സ്നേഹത്തിന്റെ പുതിയ ശീലങ്ങൾ തുടങ്ങാം.
‘ ഒരു സ്പർശനം വരെ മൗനം അസഹ്യമാണെ’ന്നൊക്കെ പ്രണയാക്ഷരങ്ങൾ എഴുതിത്തുടങ്ങാം..
വിൻഡോഗ്ലാസ്സിനു നേരെ വിരൽ ചൂണ്ടി ‘ നക്ഷത്രത്തിന്റെ അരികോളം വിസ്തൃതമായ തൂവാല കൊണ്ട് ഞാൻ നിന്റെ കണ്ണുപൊത്താം ’ എന്ന് പറഞ്ഞു നോക്കാം..
അവളിലെ സ്ത്രൈണതയുടെ മഞ്ഞശലഭങ്ങൾക്ക് പാതിപൗരുഷത്തിന്റെ കല്ലിൽ നിശ്ചലമായി വിശ്രമിയ്ക്കാം.
നാട്ടിൽ സ്വീകരിയ്ക്കാൻ കാത്ത് നിന്നത് കിട്ടേട്ടനാണ്.അവരുടെ വീട് സൂക്ഷിക്കുന്നതും അയാളാണ്.പിന്നെ ഡ്രൈവർ,പാചകക്കാരൻ..അങ്ങനെ അങ്ങനെ.സിനിമയിലൊക്കെ ശങ്കരാടി ചേട്ടനെയോ പപ്പു ചേട്ടനെയോ ഒക്കെ കാണുമ്പോൾ വിമല ഓർക്കാറുള്ളത് കിട്ടേട്ടനെയാണ്.
പുതിയ വീട്ടിലേക്ക് പോകാൻ പക്ഷേ വിമലയ്ക്ക് മനസ്സ് വന്നില്ല.
ആർക്കിടെക്ചറിനു പഠിക്കുമ്പോൾ കുറഞ്ഞത് തനിക്ക് താമസിയ്ക്കേണ്ട വീടെങ്കിലും സ്വന്തമായി പണിയണമെന്നുണ്ടായിരുന്നു അവൾക്ക്.
‘ ഓകെ വിമലാ..അതൊക്കെ ഗണേഷ് നോക്കിക്കൊള്ളും..ഹി ഈസ് ബ്രില്ല്യന്റ് ..അവന്റെ ഡിസൈൻ ഒക്കെ ഫന്റാസ്റ്റിക്കാണ്.. '
ഭരതിന്റെ വിശ്വാസം തെറ്റിയൊന്നുമില്ല.
ഗൃഹപ്രവേശനം കഴിഞ്ഞ് ആഗ്രഹിക്കാതെ തന്നെ ഒരുപാട് അഭിനന്ദനങ്ങളും കിട്ടി അവൾക്ക്.
‘ ഹൗ ഈസ് ഇറ്റ് വിമലാമാഡം? ’ ഗണേഷും ചോദിക്കുകയുണ്ടായി.
രാത്രി വീട്ടിനകത്ത് അലങ്കാരങ്ങൾ നിറച്ച ബാർ കൗണ്ടറിൽ ഭരതിനോടൊപ്പം ആഘോഷിച്ച് തുടങ്ങുകയായിരുന്നു അയാൾ.
അവർ കഴിക്കുന്നതെന്താണെന്നറിയാൻ കുറേ നേരം ഭംഗിയുള്ള ബോട്ടിലിൽ നോക്കിയിരുന്നെങ്കിലും അക്ഷരങ്ങൾ കൂട്ടിവായിക്കാൻ അന്നേരം അവൾക്ക് കഴിഞ്ഞില്ല.
ബാർ കൗണ്ടറിന്റെ സ്ഥാനത്ത് ഒരു പുസ്തകഷെൽഫായിരുന്നു വിമല ആലോചിച്ചു വെച്ചത്.പടികളുടെ ആകൃതിയിൽ.
നീലയും മഞ്ഞയും നിറത്തിലുള്ള മത്സ്യങ്ങൾ എമ്പോസ്സ് ചെയ്ത, മീതേ ഗ്ലാസ്സ് കൊണ്ടുള്ള ഒരു ഷെൽഫ്.
ആഴക്കടലിലേക്കുള്ള പടികളിലിരുന്ന് പുസ്തകങ്ങൾ വായിക്കാൻ കഴിയുന്നതു പോലെ.
‘ പുതിയ വീട്ടിലേക്കില്ല.. കിട്ടേട്ടന്റെ വീട്ടിലേക്ക് പോകാം ’ പിന്നെ അയാൾ വിശ്വസിക്കുന്ന ഒരു കള്ളവും ചേർത്തു: ‘ ഭരതേട്ടനും ആദിയും ഒന്നുമില്ലാതെ..'
അമ്പലങ്ങളിലേക്കുള്ള യാത്രയും സമയവും വഴിപാടുകളും നിശ്ചയിച്ചത് കിട്ടേട്ടനാണ്.വിമലയ്ക്ക് അതിലൊന്നും താല്പര്യം തോന്നിയില്ല.
ദൈവം മനസ്സിലാണുള്ളതെന്ന് അവൾ വിശ്വസിച്ചു.അല്ലാതെ ഇടനിലക്കാരനായ മനുഷ്യൻ വാതിലടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനനുസരിച്ച് കാണുകയും കേൾക്കുകയും , സാരിയുടുത്തോ ഷർട്ടഴിച്ചോ എന്നൊക്കെ ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരാളായി ദൈവത്തെ കാണാൻ അവൾക്ക് പ്രയാസം തോന്നി.
’ ഭണ്ണാരത്തിലിടണ്ടേ? ‘ എന്ന കിട്ടേട്ടന്റെ ചോദ്യത്തിന് സ്വന്തമായി സമ്പാദിക്കാത്ത പണം കാണിക്കയായിടുന്നതിന്റെ അർത്ഥമില്ലായ്മ ഓർത്ത് അവൾ സ്വയം ചിരിച്ചു.
’ എല്ലാം കിട്ടേട്ടൻ തന്നെ ചെയ്യൂ ‘ എന്ന് പറയുകയും ചെയ്തു.
യാത്രകൾക്കിടയിലെല്ലാം മഴയും മരങ്ങളും കണ്ട് തീർക്കുകയായിരുന്നു അവൾ.
ഒരുപാട് മരങ്ങൾ.
മൃഗങ്ങളിലെ ചോര പോലെത്തന്നെ മരങ്ങളിലെ ഹരിതകവും..
അടുത്ത് കാണുമ്പോഴുള്ള രൂപങ്ങളിലെ വൈവിധ്യത്തിനപ്പുറത്ത് ഒരു അകലം കഴിഞ്ഞാൽ പിന്നെ വേർതിരിയ്ക്കാനാവാത്ത സാമ്യതകൾ..
ഓരോരുത്തരിലും ഒരു മരം വളരുന്നുണ്ടെന്ന് തോന്നി വിമലയ്ക്ക്.
ആകാശത്തിന്റെ വഴിയിൽ എത്രദൂരം നടന്നാലും പിറവിയുടെ മണ്ണ് മുറുകെപ്പിടിക്കുന്ന വേരുകളുള്ള ഒരു മരം.
പരസ്പരം പ്രണയിച്ചു ശീലിച്ച പുരുഷനും സ്ത്രീയ്ക്കും ഒപ്പം പരിത്യാഗിയായ ഒരു സന്ന്യാസി കൂടി തന്റെ മനസ്സിൽ അലയുന്നത് വിമല അറിഞ്ഞു.
അപ്രായോഗികമാണ് തോന്നലുകളെല്ലാം.
വൈരുദ്ധ്യമായ പലപല ആഗ്രഹങ്ങൾ കൊണ്ട് അപ്രായോഗികമായിപ്പോകുന്ന തോന്നലുകൾ.
വഴിയിലൊരിടത്ത് മഴ മാറിയ ഒരു വൈകുന്നേരം മഴവില്ല് കൂടി കണ്ടവൾ.
യാത്രയുടെ ദിശയിൽ തന്നെയായിരുന്നതു കൊണ്ട് ഏറെ നേരമുണ്ടായിരുന്നു ആ കാഴ്ച.
’ ഫോട്ടോ എടുക്കായിരുന്നു ‘
കിട്ടേട്ടൻ ആഗ്രഹിച്ചു.
വേണ്ടെന്ന് പറഞ്ഞു വിമല.ഒരു ക്യാമറയുണ്ടാകുമ്പോൾ ഫോട്ടോ നന്നാകണമെന്നേ ഉണ്ടാകൂ..മനസ്സിലേക്ക് കാഴ്ച നിറയ്ക്കാൻ കഴിയില്ല.
യാത്രയിലൊടുക്കം താൻ ജനിച്ചു വളർന്ന വീട്ടിലേക്കും പോകണമെന്നുണ്ടായിരുന്നു അവൾക്ക്.
ആരും നില്ക്കാനില്ലാത്തതു കൊണ്ട് ആർക്കോ വിറ്റുപോയ ഒരു പഴയ വീട്.
വീട് വില്ക്കുമ്പോൾ തന്റെ മുറിമാത്രം ഒഴിച്ച് നിർത്തി വില്ക്കാമോ എന്നൊരു വിഡ്ഢിത്തം കൂടി ചോദിച്ചിരുന്നു അവൾ
അച്ഛനോട് തന്നെക്കാണാൻ ഇങ്ങോട്ട് വരുമോ എന്ന് ചോദിച്ചു വിമല.പിന്നെ കിട്ടേട്ടൻ തന്നെ പറഞ്ഞു:
’ ബാംഗ്ലൂരിപ്പോയ്ട്ട് സാറിനെ കാണാന്നെ ‘
കാറിലാണെങ്കിൽ വയ്യെന്ന് പറഞ്ഞു വിമല.
റോഡ് മോശം.
പുതുമഴയുടെ ദിവസങ്ങളിൽ ടിന്നിലടച്ചിടുന്ന വണ്ടിനെപ്പോലെ സ്വയം ശബ്ദിച്ചും ഇളകിയും മുകളിലേക്ക് തെറിച്ചും ശർദ്ദിച്ചും സമയം കൊല്ലാം.
’ ട്രെയിൻ മതി ‘
അതാകുമ്പോൾ ചില ഓർമ്മകൾ കൂടി കൂട്ടുണ്ടാകും.
പണ്ട് അവളെഴുതാറുള്ള ഡയറിയിൽ പാതിയും ട്രെയിനിന്റെ ലോഹകമ്പികളിൽ നെറ്റിചേർത്ത് കാറ്റിലേക്ക് കൈകൾ പറത്തിവിട്ട് കണ്ട കാഴ്ചകളാണ്..
പഴയ വീട് വില്ക്കുന്നതിനിടെ തന്റെ പുസ്തകങ്ങൾ,ഡയറികൾ എല്ലാം എന്തു ചെയ്തു എന്ന് ചോദിക്കാൻ മറന്നു പോയല്ലോ എന്നോർത്തു അവൾ.
ഇനി ചോദിച്ചിട്ടും കാര്യമില്ല.
അച്ഛൻ കാത്ത് നില്പ്പുണ്ടായിരുന്നു.
പ്രായം കുറഞ്ഞു വരികയാണല്ലേ എന്ന് കളി പറഞ്ഞു.
ആദിയേയും ഭരതിനേയും എത്ര കാലമായി കണ്ടിട്ടെന്ന പരാതി അച്ഛന്.
’ അച്ഛ്നുമമ്മയും ഞങ്ങളുടടുത്ത് മാത്രം വന്ന് നില്ക്കില്ലല്ലോ ‘
അച്ഛൻ സ്മിതചേച്ചിക്കൊപ്പം ബാംഗ്ലൂരിൽ.അമ്മ ജപ്പാനിൽ, രേണു ചേച്ചിക്കൊപ്പം.
അത് ശരിയാണെന്ന് ഒരിയ്ക്കലും തോന്നാറില്ല വിമലയ്ക്ക്.
വയസ്സാകുമ്പോഴാണ് ഒരുമിച്ച് നില്ക്കേണ്ടത്.
അല്ലാതെ ലോകത്തിന്റെ രണ്ടറ്റത്തിരുന്ന് ലാപ്ടൊപ്പിന്റെ ഇത്തിരിക്കുഞ്ഞൻ സ്ക്രീനിൽ മുഖം കണ്ട് ശബ്ദം കേട്ട്..
പക്ഷേ പുറത്ത് പറയാറില്ല.ഒരു കലഹമുണ്ടാക്കണ്ട ചേച്ചിമാരുമായി എന്ന് കരുതി മാത്രം.
മുൻപ് സ്മിതചേച്ചിയുടെ കൂടെ ബാംഗ്ലൂരിൽ നില്ക്കുമ്പോൾ അയലത്ത് ഒരു പഞ്ചാബി കുടുംബമുണ്ടായിരുന്നു. അതിലെ മുത്തശ്ശനും മുത്തശ്ശിക്കും രാവിലെയും വൈകിട്ടും ഒന്നിച്ചൊരു നടത്തമുണ്ടായിരുന്നു.
വിമല ടെറസിനു മുകളിലിരുന്ന് ആ യാത്ര കാണും.
അവൾക്ക് കൊതി തോന്നും.
വേഗം വിവാഹം കഴിച്ച്..വേഗം വയസ്സായി..ഒന്നിച്ച് നടക്കാൻ..
സ്മിതചേച്ചിയുടെ അടുക്കളയിലിരുന്ന് അതെല്ലാം ഓർത്ത് വീണ്ടും ചിരിച്ച് പോയി വിമല.
‘അവരെവിടെ..ആ സുരീന്ദർ സിംഗും ഫാമിലിയും?’
വിമല ചോദിക്കാതിരുന്നില്ല.
പത്ത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
‘നീ ഒന്നും മറക്കുന്നില്ലേ..അവരു തിരിച്ച് പോയി..ആ വീട്ടിലിപ്പോ നായിഡു കുടുംബമാണ്’
ലുധിയാനയിലെ വഴികളിലൂടെ ഓറഞ്ച് തലപ്പാവുകെട്ടിയ വൃദ്ധനും നീളത്തിൽ പിരിച്ചു കെട്ടിയ വെള്ളിമുടിയുള്ള വൃദ്ധയും നടക്കുന്നുണ്ടാകുമെന്ന് അവൾ ആശിച്ചു.
പിന്നെ മറ്റൊരു ചിന്തകൾക്കും ഇടം കൊടുക്കാതെ ഭരതും ആദിയും അവളുടെ മനസ്സിൽ നിറഞ്ഞു.
അവരെല്ലാം അടുത്തുണ്ടാകുമ്പോൾ,അവർക്കെല്ലാം സുഖമാണെന്നറിയുമ്പോൾ, മാത്രമാണ് പ്രണയാക്ഷരങ്ങളിലൂടെ സ്നേഹം ശീലിപ്പിക്കുന്ന പുരുഷനും സ്നേഹത്തോട് അത്യാഗ്രഹം തോന്നുന്ന സ്ത്രീയും ഊരു തെണ്ടിയായ സന്യാസിയും തന്നെ പരീക്ഷിക്കാൻ വരുന്നുള്ളൂ എന്ന് വിമല തിരിച്ചറിഞ്ഞു.
ഇനി മടങ്ങിപ്പോക്ക്..
എല്ലാം സ്വസ്ഥമാണെന്ന് നിശ്ചയിക്കുമ്പോൾ തുടങ്ങുന്ന വികാരവിചാരങ്ങളിലേക്ക്.
വിമലയുടെ യാത്രകൾ
October 14, 2010
ലിഥി
14 Comments, Post your comment
Labels: 'കഥ'
ഗാന്ധര്വ്വമോക്ഷം
October 13, 2010
Manoraj
ഈ വർഷത്തെ പ്രോഫഷണൽ നാടകങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നാടകത്തിനും സംവിധാനത്തിനുമുൾപ്പെടെ എട്ട് അവാർഡുകളുമായി കലാധാര കലാവേദിയുടെ ഗാന്ധര്വ്വമോക്ഷം അവാർഡുകളിൽ നിറഞ്ഞു നിന്നു. അകാലത്തിൽ മലയാള നാടകവേദിയെ വിട്ട് പിരിഞ്ഞ നടനും സംവിധായകനുമായ ശ്രീ കലാധാര ബാലനാണ് ഈ നാടകത്തിന്റെ സംവിധായകൻ. ഈ വർഷത്തെ മികച്ച സംവിധായകനുള്ള അവാർഡ് മരണാനന്തര ബഹുമതിയായി കലാകേരളം അദ്ദേഹത്തിനു സമർപ്പിക്കുന്നു. മറ്റു അവാർഡ് വിവരങ്ങളിലേക്ക്.... ടി.വി. ഓഫ് ചെയ്ത് നാണുവാശാൻ ചാരുകസേരയിലേക്ക് മെല്ലെ കിടന്നു. അകത്തെ മുറിയിൽ നിന്നും ബാലന്റെ വിധവ പൂർണ്ണിമയുടെ ഏങ്ങലടിയിൽ നാണുവാശാന്റെ മനസ്സ് അസ്വസ്ഥമായി..
ടെലിഫോൺ തുടർച്ചയായി അടിച്ചുകൊണ്ടിരുന്നു. നാണുവാശാൻ ഒരു സ്തംഭം കണക്കെ ഇരിപ്പാണ്. വലിച്ചുവാരി ചുറ്റിയ സാരിയുടെ കോന്തലയിൽ കരഞ്ഞ് കലങ്ങിയ കണ്ണൂകൾ ഒപ്പിക്കൊണ്ട് പൂർണ്ണിമ റിസീവർ കൈയിലെടുത്തു.
"ഹലോ..." പൂർണ്ണിമയുടെ ശബ്ദം ചിലമ്പിച്ചിരുന്നു..
"ചേച്ചീ ഇത് ഞാനാ.. ആശാനില്ലേ അവിടെ?" ബിജുവിന്റെ ശബ്ദം തിരിച്ചറിഞ്ഞ പൂർണ്ണിമ ഫോൺ ആശാനുനേരെ നീട്ടിയിട്ട് വിതുമ്പിക്കൊണ്ട് മുറിയിലേക്ക് പോയി. നിർവ്വികാരനായി ആശാൻ റിസീവർ കൈപറ്റി. "ഹും" ഒരു മൂളൽ മാത്രം. അതിനപ്പുറം വാക്കുകൾ ആ പിതാവിന്റെ തോണ്ടയിൽ ആന് കുടുങ്ങി.
"ആശാനേ.. വാർത്ത കേട്ടില്ലേ? അവിടെ ആരെങ്കിലും വിളിച്ചായിരുന്നോ? ഓഫീസിൽ എല്ലാവരും വന്നിട്ടുണ്ട്. നമ്മൾ എന്താ ചെയ്യേണ്ടത്?" ഒറ്റ ശ്വാസത്തിൽ അത്രയും ചോദ്യങ്ങൾ ചോദിച്ച ബിജു ദ്വേഷ്യം കൊണ്ട് വിറക്കുകയായിരുന്നു..
പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് ഫോൺ ഡിസ്കണക്റ്റ് ചെയ്യുമ്പോൾ എന്തായിരുന്നു മനസ്സിൽ എന്ന് നാണുവാശാനും അറിയില്ലായിരുന്നു. മരുമോളുടെ കണ്ണൂനീരിനു മുൻപിൽ തനിക്ക് ഒന്നിനും കഴിയുന്നില്ല എന്ന തിരിച്ചറിവ് കൂടുതൽ വിഷമിപ്പിച്ചു എന്ന് മാത്രം.
നാണുവാശാൻ വീണ്ടും കസേരയിൽ ഇരുന്നു. ഓരോന്ന് ഓർത്തു. യാതനകൾ ഒട്ടേറെ അനുഭവിച്ച ആദ്യകാലം..
തെരുവ് നാടകങ്ങളുമായി നാടു ചുറ്റിയിരുന്ന കാലം. തന്നെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു കുടുംബം. പലപ്പോഴും നാടക കളരിയിൽ തന്നെയായിരുന്നു താമസവും. ഭാര്യയും മകനും മകളും യാതൊരു പരാതികളുമില്ലാതെ എന്നും കൂടെയുണ്ടായിരുന്നു. മക്കളുടെ വിദ്യാഭ്യാസം പോലും തന്നിലെ നാടകക്കാരൻ മറന്നു. അല്ലെങ്കിലും ഊരു തെണ്ടി നടക്കുമ്പോൾ എങ്ങിനെയാ പഠനത്തെക്കുറിച്ചൊക്കെ ചിന്തിക്കുന്നേ. മാത്രവുമല്ല, തന്റെ വിപ്ലവമനസ്സിൽ അന്ന് നാടകം മാത്രമേ ഉണ്ടായിരുന്നുള്ളല്ലോ. അങ്ങിനെ എപ്പോഴോ ബാലനും തെരുവുനാടകകാരിൽ ഒരുവനായി. പലപ്പോഴും തങ്ങളുടെ നാടകങ്ങൾ ഉന്നതരായ പലരേയും അസ്വസ്ഥരാക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും, അല്ലെങ്കിൽ പലപ്പോഴായി പലരിൽ നിന്നും മുന്നറിയിപ്പ് കിട്ടിയിട്ടും അതേ വഴി തുടർന്നതിനുള്ള ശിക്ഷ..!! തന്റെ ഭാര്യയെയും മകളെയും തെരുവു വേശ്യകളെന്ന് ചിത്രീകരിച്ച് ജയിലിലടച്ച് പീഢിപ്പിച്ചു ആ സാമദ്രോഹികൾ. അവരുടെ സ്വാധീനശക്തിക്ക് മുൻപിൽ തകർന്ന് പോയില്ലേ അന്ന്. സമിതിയംഗങ്ങളുടെ പിൻതുണ കൊണ്ട് മാത്രമാണ് വീഴാതെ ഇരുന്നത്. ഒടുവിൽ നാട്ടുകാരുടെ പരിഹാസം സഹിക്കാനാവാതെ, ജയിലഴികൾക്കുള്ളിൽ വച്ച് ഏമാന്മാർ പാകിയ വിത്തുകൾ മുളപൊട്ടി എന്ന തിരിച്ചറിവിൽ അടുത്തുള്ള പുഴയുടെ ആഴങ്ങളിൽ കണ്ണാരം പൊത്തിക്കളിക്കാൻ ഒന്നിച്ച് കൈപിടിച്ചിറങ്ങിയ അമ്മയും മകളും!! ഒരു തരം മരവിപ്പോടെ മാത്രമേ ഇന്നും തനിക്കത് ഓർമ്മിക്കാൻ കഴിയുന്നുള്ളൂ.
അതോട് കൂടി തളർന്ന് പോയി. എല്ലാം അവസാനിപ്പിച്ചതാണ്. പക്ഷെ, ബാലൻ കീഴടങ്ങാൻ കൂട്ടാക്കിയില്ല. അവൻ നാടകം ഉപജീവനമാർഗ്ഗമാക്കാൻ തിരുമാനിച്ചു. പല സമതികളിലായി ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി, പതുക്കെ അവൻ അറിയപ്പെടാൻ തുടങ്ങി. എന്നാലും തെരുവുനാടകക്കാരന്റെയും തെരുവുവേശ്യയുടെയും മകൻ എന്ന ആ വിളിപ്പേരു അവനെ വിട്ട് പോയില്ല. ഒന്നിനെക്കുറിച്ചും അവൻ ചിന്തിച്ചില്ല. ഒരു പെണ്ണിനെക്കുറിച്ച് പോലും. ഒടുവിൽ അവിടെയും വിധി അവനെ വെറുതെ വിട്ടില്ല. കൂടെ നായികയായി അഭിനയിക്കാൻ വന്ന പെൺകുട്ടിയെയും അവനെയും ചേർത്തായി പുതിയ കഥകൾ... ഒടുവിൽ നാടകത്തിനായി പലപ്പോഴും ഉറക്കം പോലും ഉപേക്ഷിച്ച അവൾ ഒരു കുഞ്ഞുകുപ്പിയുടെ സഹായത്തോടെ നിത്യനിദ്രയെ മാറോടണക്കാൻ തുനിഞ്ഞപ്പോൾ, പാതികൂമ്പിയ കണ്ണുകളുമായി തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിയ അവൾക്ക് കാവലിരിക്കുമ്പോൾ അവളെ കൂടെകൂട്ടാൻ അവൻ തിരുമാനിച്ചിരുന്നു.. എന്നിട്ട് പോലും ബാലൻ നാടകകളരിയെ വിട്ടുപിരിഞ്ഞില്ല.. കൂടെയുണ്ടായിരുന്നവർ നൽകിയ ആത്മബലത്തിന്റെ പിൻതുണയോടെ സ്വന്തം ട്രൂപ്പ് എന്ന സംരംഭവുമായി അവൻ മുന്നോട്ട് വന്നപ്പോൾ പുറംതിരിഞ്ഞ് നിൽക്കാൻ തനിക്കും കഴിഞ്ഞില്ല. നേരിന്റെ നേർക്കുള്ള കണ്ണാടിയാവണം നാടകമെന്നും നാടകവും ജീവിതവും രണ്ടല്ല എന്നും വിശ്വസിച്ച് ജീവിച്ച ഞങ്ങൾക്കൊക്കെ അല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല.
വീണ്ടും ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് നാണുവാശാൻ എഴുന്നേറ്റു. ഓഫീസിൽ നിന്നും തന്നെയാണ്. അവിടെ എല്ലാവരും കാത്തിരിക്കുകയാണെന്നും പെട്ടെന്ന് ചെന്നിട്ട് വരാമെന്നും പൂർണ്ണിമയോട് പറഞ്ഞ്, അവൾക്ക് മുഖം കൊടുക്കാതെ ഇറങ്ങാൻ തുടങ്ങി. പുറകിൽ ഒരു തേങ്ങൽ അമർത്താൻ ആ കുട്ടി പാട് പെടുന്നത് മനസ്സിലായി. "മോളേ". വാക്കുകൾ തോണ്ടയിൽ കുടുങ്ങുന്നത് ശരിക്കറിഞ്ഞു.
"ഇല്ല.. അച്ഛൻ പൊക്കോളൂ.. എനിക്കൊന്നും ഇല്ല.. പോയി ഉചിതമായ തീരുമാനങ്ങൾ എടുക്കൂ അച്ഛാ... അച്ഛൻ കൂടി തളർന്നാൽ പിന്നെ...." സത്യത്തിൽ മരുമോളോട് ബഹുമാനം കൂടിയ നിമിഷങ്ങൾ. ഇവൾക്കിതെങ്ങിനെ സാധിക്കുന്നു!!
നാണൂവാശാൻ പോയി കഴിഞ്ഞപ്പോൾ അടക്കിവച്ചിരുന്ന കരച്ചിൽ മുഴുവൻ പൂർണ്ണിമയിൽ നിന്നും അണപൊട്ടി. ആശാന്റെ മുൻപിൽ വച്ച് കണ്ണ് നനയരുതെന്ന് തിർച്ചപെടുത്തിയിരുന്നു. അച്ഛനെ ഒരിക്കലും വിഷമിപ്പിക്കരുതെന്ന് ബാലേട്ടനു നിർബന്ധമായിരുന്നു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ.. കണ്ണുകൾ തെക്കേതൊടിയിലേക്ക് പാളി. അദ്ദേഹത്തെ ദഹിപ്പിച്ച സ്ഥലത്ത് നവധാന്യങ്ങൾ മുളപൊട്ടിയിട്ടുണ്ട്. കുഞ്ഞ് തുളസി കാറ്റിൽ ആടുന്നു. ‘സാരമില്ലെടോ’ എന്ന് പറയും പോലെ. അച്ഛനെ അടക്കിയതിനടുത്ത് എന്തോ തിരഞ്ഞ് കൊണ്ട് ദയമോൾ നിൽക്കുന്നു. ഒരു പക്ഷെ അവൾക്കുള്ള കൈനീട്ടം നൽകാതെ ഒളിച്ചിരിക്കുന്നതിനുള്ള പയ്യാരം പറയുകയാവും. പാവം കുഞ്ഞ്!! മനസ്സിൽ നിന്നും ആ ദിവസം മായുന്നില്ല. ഇന്നിപ്പോൾ പതിനേഴ് രാത്രികൾ പിന്നിട്ടെന്ന് തോന്നുന്നേയില്ല.
രാവിലെ ശരിക്കൊന്ന് യാത്രകൂടി പറയാതെയല്ലേ അന്ന് ബാലേട്ടൻ പോയത്. അവസാനയാത്രയാവുമതെന്ന് ഒരിക്കലും നിരീച്ചില്ല. ചെറുതായി ഒന്ന് പിണങ്ങുകയും ചെയ്തല്ലോ ഞാനാ പാവത്തോട്.
അന്ന് വിഷുവായിരുന്നു. രാവിലെ എഴുന്നേൽക്കുന്ന ശീലം പൊതുവെ കുറവായതിനാൽ കണികാണാനൊന്നും വിളിച്ചില്ല. അല്ലെങ്കിലും കോഴി കൂവാറാവുമ്പോൾ വീട്ടിൽ വന്ന് കട്ടിലിലേക്ക് തളർന്ന് വീഴുന്ന നാടകക്കാരന് എന്ത് വിഷുക്കണി. ഫോൺ റിംഗ് ചെയ്യുന്നത് കേട്ടിട്ടും പുതപ്പ് തലവഴി മൂടി കിടക്കുന്ന ബാലേട്ടനെ കണ്ടപ്പോൾ പാവം തോന്നി.
"ദേ ഫോൺ അടിക്കുന്നു, ഒന്നെഴുനേൽക്കെന്നേ.. വിഷുവായിട്ട്." ഒരു വിധം കുത്തിപൊക്കി. ഫോൺ അറ്റെന്റ് ചെയ്ത് കഴിഞ്ഞ് കാര്യം പറഞ്ഞപ്പോൾ തന്നെ വിളിക്കാതിരുന്നാൽ മതിയായിരുനെന്ന് തോന്നി. ചങ്ങനാശ്ശേരിയിൽ നാടകം ഇന്ന് കളിക്കണമത്രെ. പരിപാടിയിൽ എന്തോ ഭേദഗതി. വേണ്ടപ്പെട്ട ആൾക്കാരാ. ഒഴിവു പറയാൻ പറ്റില്ല. അത് തനിക്കും അറിയാം. എന്നാലും... ഇന്ന്..വിഷുവായിട്ട്..അറിയാം, ഇത് നാടകക്കാരന്റെ വിധിയാണെന്ന്. വേണ്ടപ്പെട്ടവർ മരിച്ച് കിടന്നാൽ പോലും ബുക്ക് ചെയ്ത ദിവസം കളിനടന്നേ പറ്റു. ഒത്തിരി കുടുംബങ്ങളുടെ ജിവിത മാർഗ്ഗമാണ്. പക്ഷെ, അന്നേരം അതൊന്നും മനസ്സിൽ തോന്നിയില്ല. ഒരു സാദാ വീട്ടമ്മയാവാനേ കഴിഞ്ഞുള്ളു.
മോൾക്ക് ഇനി അച്ഛന്റെ കൈനീട്ടം മാത്രമേ കിട്ടാനുള്ളൂന്ന് പറഞ്ഞു പിണങ്ങിയാ അപ്പുറത്തെ വീട്ടിലേക്ക് പോയതെന്ന് പറഞ്ഞു നോക്കി. അപ്പോൾ അവളെ വിളിക്കെന്നായി. കൊടുത്തിട്ട് പോകാത്രെ.. അതു കേട്ടപ്പോൾ എന്തോ വീണ്ടും വഴക്കടിക്കാനാ തോന്നിയത്. വിളിക്കാൻ കൂട്ടാക്കിയുമില്ല. ബാലേട്ടൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും ഞാൻ പിണങ്ങിയാൽ ഒന്നും മിണ്ടാതെ കേൾക്കാറാ പതിവ്. അപ്പോഴേക്കും നാടക വണ്ടി വന്നിരുന്നു. വണ്ടിയിൽ കയറിയിട്ട് തിരിഞ്ഞെന്നെ നോക്കി. അത് പതിവില്ലാത്തതാണ്. അത് അവസാന നോട്ടമാണെന്ന്.... മനസ്സ് ഇപ്പോളും വിങ്ങുകയാണ്. എന്തോ തെറ്റു ചെയ്തപോലെ..
പക്ഷെ ബാലേട്ടനു തന്നോട് പിണക്കമൊന്നും ഇല്ലായിരുന്നല്ലോ? അല്ലെങ്കിൽ പിന്നെ, പോകുന്ന വഴി അരമണിക്കൂറിനു ശേഷം ഇങ്ങോട്ട് വിളിക്കുമോ? അതും പതിവില്ലാത്തതായിരുന്നു. വിളിച്ചിട്ട് മോളോട് പിണങ്ങരുതെന്നും രാത്രി വരുമ്പോൾ അവളുടെ കൈനീട്ടം തരുമെന്നും പറയാനും... അച്ഛനോട് പറയാതെയാണ് പോന്നതെന്നും ധൃതിയിൽ മറന്നാതാണെന്ന് സൂചിപ്പിച്ചേക്കണമെന്നും ഒപ്പം വിഷു കഞ്ഞി എടുത്ത് വേച്ചേക്കണമെന്നും… അങ്ങിനെ അങ്ങിനെ… കൂടെ കുറെ സോറിയും പറഞ്ഞു. അപ്പോളും അതൊന്നും അവസാനമായി തന്നെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നതാണെന്ന് തോന്നിയില്ല. പാവത്തിന്റെ അവസ്ഥയോർത്ത് സങ്കടം വന്നു. ഇപ്പോൾ അച്ഛൻ കളിക്ക് പോകാത്തത് കാരണം ഉത്തരവാദിത്വങ്ങൾ ഏറിയിരിക്കുന്നല്ലോ എന്നത് താൻ മറക്കാൻ പാടില്ലായിരുന്നെന്ന് ഓർത്തുപോയി.
അടുക്കളയിലെ പണികളൊക്കെ തിർക്കുന്നതിനിടയിലാണ് അച്ഛനോട് പറഞ്ഞില്ലല്ലോ എന്നോർത്തത്. വരാന്തയിലേക്ക് ചെല്ലുന്നതിനിടയിൽ വീണ്ടും ഫോൺ റിംഗ് ചെയ്തു. എടുത്തപ്പോൾ ബിജുവായിരുന്നു. "ചേച്ചീ" എന്തോ ഒരു പന്തികേട് തോന്നി ആ വിളിയിൽ. ആശാനെന്തിയേ എന്ന് ബിജു ചോദിച്ചപ്പോൾ തിരിച്ച് ബാലേട്ടനെന്തിയേ എന്ന് ചോദിച്ചുപോയി. എന്തോ . . അങ്ങിനെ തോന്നി. ഫോണിന്റെ മറുതലക്കൽ എന്തൊ ഒരു പന്തിയില്ലായ്മ തോന്നിയതിനാൽ വീണ്ടും വീണ്ടും ചോദിച്ച് കൊണ്ടിരുന്നതോർമ്മയുണ്ട്. പിന്നെ ബിജു പറഞ്ഞതൊന്നും ഇന്നും വിശ്വസിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. ഇവിടേക്ക് വിളിച്ച് കഴിഞ്ഞ് വണ്ടിയിൽ വച്ച് തന്നെ പതിവു പോലെ ഒരു ചെറിയ റിഹേഴ്സൽ എടുക്കുന്ന ബാലേട്ടൻ. പിറകിൽ നിന്നും നിയന്ത്രണം വിട്ട് വന്ന ഒരു ലോറി.. ട്രൂപ്പിന്റെ വണ്ടിയിൽ ഇടിച്ചെന്നോ... പിറകിൽ നിന്ന് റിഹേഴ്സൽ എടുക്കുകയായിരുന്ന ബാലേട്ടൻ ഇടിയുടെ ആഘാതത്തിൽ തെറിച്ച് മുൻപിൽ വീണെന്നോ.. ഓടിക്കൂടിയ നാട്ടുകാർ അടുത്തുള്ള ഏതോ ഹോസ്പിറ്റലിൽ എത്തിക്കുമ്പോളേക്കും.... എല്ലാം കേട്ടത് താൻ തന്നെയാണോ എന്ന് തോന്നി. ബോധം മറയുന്നപോലെയും.
വണ്ടിയിൽ നിന്നും നാണുവാശാനോടൊപ്പം ഇറങ്ങുമ്പോൾ ബാലേട്ടാ എന്ന് അലറിവിളിച്ച് ഓടി വരുന്ന പൂർണ്ണീമേച്ചിയെ ആണ് കണ്ടത്. വന്നത് ഞങ്ങളാണെന്ന് മനസ്സിലാക്കിയപ്പോൾ സാരിത്തുമ്പ് കടിച്ച് പിടിച്ച് പാവം ഉൾവലിഞ്ഞു. ചിലപ്പോൾ അന്നത്തെ ഓർമ്മയാവും. അന്നും ഇങ്ങിനെ തന്നെയായിരുന്നു. അലമുറയിട്ട് കൊണ്ട്.. ബിജു അന്നത്തെ ദിവസത്തിലേക്ക് ഊളിയിട്ടു.
വണ്ടിയുടെ പിറക് വശത്തായി നാടകത്തിന്റെ ക്ലൈമാക്സിലെ ഒരു മരണരംഗം റിഹേഴ്സൽ എടുക്കുന്ന ബാലേട്ടൻ.. ഒറ്റക്കുള്ള സീനായിരുന്നു.. മാത്രമല്ല നാടകത്തിന്റെ മർമ്മവും അത് തന്നെ. ഞങ്ങളെല്ലാം വികാരഭരിതമായ ആ അഭിനയം കണ്ട് കോരിത്തരിച്ച് ഇരിക്കുകയാണ്. പെട്ടെന്ന് വണ്ടി ഒന്ന് പാളി. എന്താണെന്ന് ശരിക്കും മനസ്സിലായുമില്ല. ബാലേട്ടൻ തെറിച്ച് മുന്നിൽ വീഴുന്നത് കണ്ടു. പിന്നീട് കാണുന്നത് നിലത്ത് വേദനകൊണ്ട് പിടയുന്ന ബാലേട്ടനെയാ.. ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു. അപ്പോളേക്കും...... എല്ലാം കഴിഞ്ഞ് ബോഡി ഹോസ്പിറ്റലിൽ നിന്നും ആംബുലൻസിലേക്ക് കയറ്റുമ്പോഴേക്കും ഒരു വൻ ജനാവലി തന്നെ അവിടെ തടിച്ച് കൂടിയിരുന്നു. എന്നും എല്ലാവരുടേയും കണ്ണിലെ കരടായിരുന്ന ഞങ്ങളുടെ ബാലേട്ടൻ പെട്ടെന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയായ പോലെ!! ആ അതുല്യ പ്രതിഭയുടെ ഭൗതീക ശരീരം 8 കിലോമീറ്റർ അപ്പുറത്തുള്ള ഹോസ്പിറ്റലിൽ നിന്നും വിട്ടിലെത്തിക്കാൻ വേണ്ടി വന്നത് 8 മണിക്കൂറോളം ആയിരുന്നു. അതുവരെ ശത്രുക്കൾ ആയിരുന്നവരെല്ലാം പെട്ടെന്ന് മിത്രങ്ങളായി. ഞെട്ടൽ രേഖപ്പെടുത്തലായീ.. മുതലകണ്ണീരായി... തെരുവുവേശ്യയുടെ മകനിൽ നിന്നും ബാലേട്ടൻ നടനകലയുടെ തമ്പുരാനിലേക്ക് എടുത്തുയർത്തപ്പെട്ടു. ഫൂ..!! കള്ള നായിന്റെ മക്കൾ..!!! എന്നിട്ടിപ്പോൾ അവർ ആ ശവകുടീരത്തിൽ അവസാന ആണികൂടി അടിക്കുകയാ. മികച്ച സംവിധായകൻ... ആഗ്രഹിച്ചിരുന്നു ബാലേട്ടൻ അത്.. ഒരിക്കൽ... പക്ഷെ, ഇത്.. അന്നത്തെ ചേച്ചിയുടെ ആർത്തലച്ചുള്ള കരച്ചിൽ..ഒന്നും മിണ്ടാതെ ഇരിക്കുന്ന ആശാൻ.. പകപ്പോടെ എല്ലാം കണ്ട കൊച്ചുദയമോൾ.
“ബിജുമാമാ, കൈനീട്ടം തന്നിലേല്ലും ദയമോൾക്ക് പിണക്കമില്ല. അച്ചായിയോട് മിണ്ടാൻ പറ മാമാ..” ദയമോളെ വാരിയെടുത്ത് തിരിഞ്ഞ് നോക്കുമ്പോൾ വിതുമ്പിക്കരയുന്ന ചേച്ചി.. തകർന്നിരിക്കുന്ന ആശാൻ... ചേച്ചിയുടെ നെറ്റിയിൽ ഇന്നും മായാതെ നിൽക്കുന്ന പടർന്നൊലിച്ച സിന്ദൂരത്തിന്റെ ചെറിയ ഭൂപടം. അതാ ബാലേട്ടനെ അവിടെ കണ്ടാല്ലോ.. ഇപ്പോൾ.. ബാലേട്ടൻ അവിടെയിരുന്ന് എന്തോ പറയും പോലെ.. എടാ ബിജുവേ എന്ന് വിളിക്കും പോലെ... ആ സിന്ദൂരപൊട്ടിൽ എന്റെ ബാലേട്ടന്റെ ആത്മാവ് ഉറങ്ങുന്നുണ്ട്. എനിക്ക് കാണാം എന്റെ ബാലേട്ടനെ അവിടെ.
ഒരു നനുത്ത കാറ്റായി ആ ഗന്ധർവ്വൻ എല്ലാവരെയും തഴുകുന്നുണ്ടോ? എല്ലാവരുടേയും മുഖത്ത് എന്തോ ഒരു പുതിയ തീരുമാനത്തിലെത്തിയതിന്റെ ദാർഢ്യം. ഒരു സംവിധായകന്റെ ഭാവഹാവാദികളോടെ എല്ലാവർക്കും നിർദ്ദേശം കൊടുത്ത് ബാലേട്ടൻ ഇവിടെയില്ലേ? പെട്ടെന്ന് എന്തോ തീരുമാനിച്ചപോലെ നാണുവാശാൻ എഴുന്നേറ്റു. ചേച്ചിയുടെ കണ്ണുകളിൽ പോലും എന്തോ നിശ്ചയിച്ച ഭാവം. ഒരു ടെലിപ്പതി പോലെ!!!
ഭിത്തിയിലെ ഫോട്ടോയിൽ ഇരുന്ന് എല്ലാം കണ്ട് ബാലേട്ടൻ പുഞ്ചിരിതൂകി. ഫോട്ടോയുടെ അടിയിൽനിന്നും ഒരു ഗൗളി ചിലച്ച് കൊണ്ട് കുതിച്ചു.
© മനോരാജ്
Subscribe to:
Posts (Atom)
