പ്രായം ചെന്ന മൂന്നു സ്ത്രീകൾ കിടക്കുന്ന ഈ മുറിക്കു മുൻപിൽ കുറെ നേരമായി കാത്തിരിക്കുന്നു.
നാശം, വല്ലാത്ത തിരക്കാണുള്ളിൽ.
ഒന്ന് കയറി നോക്കാൻ പോലും സാധിക്കുന്നില്ല.
തിക്കും തിരക്കുമായി ആരേയും കാണുവാൻ ഒരു താല്പര്യവുമില്ല. ഒരൽപ്പം സാവകാശത്തോടെ കാണുന്നതാണ് നല്ലതെന്ന് കരുതി വാതിലിനടുത്തിട്ടിരിക്കുന്ന വെളുത്ത ബെഞ്ചിൽ അയാൾ താടിക്ക് കൈയും കൊടുത്ത് ഇരിക്കുകയായിരുന്നു.
മൂന്നു പേരെയും പരിശോധിക്കാൻ ഡോക്ടർമാരും നേഴ്സുമാരും വളരെ ധിറുതിയിൽ മുറിയിലേക്ക് കയറിപ്പോവുകയും ഇറങ്ങി വരികയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാൽ ഒരാളും അയാളുടെ സാന്നിധ്യം ശ്രദ്ധിച്ചില്ല. ഇത്തിരി മുൻപ് വന്ന പ്രധാന ഡോക്ടർ മാത്രം വാതിലിനരികിൽ നിന്ന് ആരേയൊ തിരയുന്ന മാതിരി ചുറ്റും നോക്കുന്നുണ്ടായിരുന്നു. എങ്കിലും അയാളെ കണ്ണിൽ പെട്ടതായി അദ്ദേഹവും ഭാവിച്ചില്ല.
ക്ഷമയോടെ അയാൾ കാത്തിരുന്നു.
അല്ലെങ്കിലും ധിറുതിയൊന്നും ഒരിക്കലും കാണിക്കാറില്ല. പിന്നെ ചിലരെയൊക്കെ ഓർക്കാപ്പുറത്ത് ചെന്നു കാണേണ്ടി വരാറുണ്ട്. അതത്ര ഇഷ്ടമായിട്ടല്ല. എങ്കിലും അത്തരം ബുദ്ധിമുട്ടുകൾ സാധാരണയായി സഹിക്കുകയാണ് പതിവ്.
ആദ്യത്തെ സ്ത്രീ ഒരു സന്യാസിനിയായിരുന്നു. അവരെ അയാൾക്ക് തീരെ പരിചയമുണ്ടായിരുന്നില്ല. ആ സ്ത്രീ പാർത്തിരുന്ന ആശ്രമത്തിൽ പലരെയും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇവരെ ഒരിക്കലും കാണുകയുണ്ടായിട്ടില്ല. സാധാരണയായി ആരുമായും ബന്ധം പുലർത്താത്ത വിചിത്രമായ ചില ആചാര രീതികളാണ് ആശ്രമത്തിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് കൂടിയാവാം ജനലിനപ്പുറത്തു നിൽക്കുമ്പോഴോ വാതിൽ കടന്നു പോകുമ്പോഴോ ഇതു പോലെ വരാന്തയിൽ കാത്തിരിക്കുമ്പോഴോ ഒന്നും ഒരിക്കലും കാണുവാൻ ഇടവന്നിട്ടില്ല. പക്ഷെ, ഇന്ന് കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.
അയാൾ സ്വയം പറഞ്ഞു , ‘അതെ, കണ്ടേ തീരു.‘
പെട്ടെന്നാണ് അരികിലിരുന്ന വയസ്സൻ ചോദിച്ചത്, ‘എന്താ, എന്തെങ്കിലും പറഞ്ഞോ‘? അയാൾ ‘ഇല്ല‘എന്ന അർഥത്തിൽ തല കുലുക്കി.
വയസ്സൻ പറഞ്ഞു, ‘നടുവിലെ ബെഡ്ഡിൽ കിടക്കുന്നത് എന്റെ ഭാര്യയാണ്. ഒരു രക്ഷയുമില്ല എന്നാണ് ഡോക്ടർ പറയുന്നത്‘.
അയാൾ മൌനം പാലിച്ചതേയുള്ളൂ.
വരാന്തയുടെ അരികെയുള്ള ചവിട്ട് പടികളിൽ ഒരു കാലിറക്കി വെച്ച് തൂണും ചാരി നിന്നിരുന്ന ചെറുപ്പക്കാരൻ വയസ്സന്റെ അടുത്തേക്ക് വന്ന്, ബെഞ്ചിൽ ഇരുന്നു.
ആ മുഖത്ത് പ്രകടമായ ക്ഷീണമുണ്ടായിരുന്നു. ഉറക്കം തളം കെട്ടിയ കണ്ണുകളും ഷേവു ചെയ്യാത്ത മുഖവും പ്രായക്കൂടുതൽ തോന്നിപ്പിച്ചു.
വയസ്സൻ പിറുപിറുത്തു, ‘എത്ര നാളായി ഇങ്ങനെ കിടക്കുന്നു, ഇതൊന്നവസാനിക്കുന്നതാണ് എല്ലാവർക്കും നല്ലത്. നിനക്കും ലീവ് കിട്ടുവാൻ വിഷമമുള്ളപ്പോൾ…..‘
‘അച്ഛൻ ഒന്നു മിണ്ടാതിരിക്കു, ഓഫീസിനെ പറ്റി ഓർമ്മിക്കുമ്പോൾ ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നുന്നു. അമ്മ രണ്ട് മാസം കഴിഞ്ഞ് കിടപ്പിലായിരുന്നെങ്കിൽ ഞാൻ ഇവിടെ തന്നെ നിൽക്കുമായിരുന്നു.‘
ചെറുപ്പക്കാരൻ മടുപ്പോടെ കൈകൾ കൂട്ടിത്തിരുമ്മി, പിന്നെ കോട്ടുവായിട്ടു.
‘ഇവിടെ നിന്ന് എന്തു ചെയ്യാനാണ്? നിന്റെ അമ്മ എന്നും ഇങ്ങനെയായിരുന്നു, എപ്പോഴും പ്രശ്നങ്ങൾ, അതുകൊണ്ടല്ലേ ഞാൻ പ്രൊമോഷനൊക്കെ വേണ്ടാ എന്നു വെച്ച് ഈ നശിച്ച നാട്ടിൽ തന്നെ നിന്നത്? ജീവിതത്തിൽ ഒരു സുഖവും എനിക്കുണ്ടായില്ല, എപ്പോഴും ചികിത്സയും പഥ്യങ്ങളും തന്നെ….‘
വയസ്സന്റെ ശബ്ദത്തിൽ കയ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആ വയസ്സിയെ മുൻപ് ഒന്നു രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നു.
ആദ്യം കണ്ടപ്പോൾ അവർക്ക് ക്ഷയ രോഗം മൂർച്ഛിച്ചിരിക്കുകയായിരുന്നു. അവർ വലിയ ശബ്ദത്തിൽ ശ്വസിച്ച് കൊണ്ടിരുന്നു. ഓക്സിജൻ റ്റ്യൂബ് അകറ്റിക്കളയുമ്പോഴൊക്കെയും വയസ്സൻ വഴക്ക് പറഞ്ഞിരുന്നു.അന്ന് കുറെ നേരം അവരെ നോക്കി നിന്നുവെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ല.
രണ്ടാമത് കണ്ടപ്പോൾ അവർക്ക് ഒരു അബോർഷൻ സംഭവിച്ചിരിക്കുകയായിരുന്നു. അപ്പോഴും അവരെ ആരും സമാധാനിപ്പിക്കുവാൻ ഉണ്ടായിരുന്നില്ലെന്ന് അയാൾ ഓർമ്മിച്ചു. ‘ഇത്രയും കാലം കഴിഞ്ഞിട്ട് നാശം ഇങ്ങനെ വേണമായിരുന്നോ‘ എന്ന് ശപിച്ച് വയസ്സൻ അന്നും മുറിയിൽ ഉലാത്തിയിരുന്നു.
ചെറുപ്പക്കാരൻ പതിനഞ്ചിന്റെ കൌമാരവുമായി മുറിയിലിട്ടിരുന്ന സോഫ മേൽ കലങ്ങിയ കണ്ണുകളോടെ കിടന്നിരുന്നു.
സ്ത്രീയാകട്ടെ വിളർത്ത് ക്ഷീണിച്ച് ഇമകൾ പോലും അനക്കാനാകാതെ കുറെ റ്റ്യൂബുകളിൽ പിണഞ്ഞു വളരെ നേരിയതായി ശ്വസിച്ചുകൊണ്ടിരുന്നു.
അന്നും കുറെ കഴിഞ്ഞ് മടങ്ങിപ്പോവേണ്ടതായി വന്നു.
പക്ഷെ, ഇന്ന് കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.
അയാൾ പറഞ്ഞു , ‘അതെ, കണ്ടേ തീരു.‘
ചെറുപ്പക്കാരൻ സ്വരം താഴ്ത്തി വയസ്സനോട് അന്വേഷിക്കുന്നത് അയാളുടെ ചെവിയിൽ വീഴാതിരുന്നില്ല, ‘അച്ഛൻ ശ്രദ്ധിക്കാതിരുന്നതാണോ, അതോ…..‘
‘എന്താണ് നീ പറയുന്നത്?‘
‘അമ്മയുടെ അപ്പുറത്ത് കിടക്കുന്ന ആ സ്ത്രീ……. അതിനെ അറിയുമോ.‘
‘അവളെ അറിയാത്ത ആണുങ്ങളുണ്ടോ ഈ നാട്ടിൽ?‘ വയസ്സന്റെ മുഖത്തെ അശ്ലീലച്ചിരി മകനിലേക്കും മെല്ലെ പടർന്നെങ്കിലും അത് അവിടെ തന്നെ ഉറഞ്ഞു.
‘എന്നിട്ട് അമ്മയെ അവിടെ കിടക്കാൻ അനുവദിച്ചത്…..‘
‘ഈ മൂന്നു സ്ത്രീകൾക്കും ഒരേ രോഗമാണ്, ഒരേ സ്റ്റേജാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതു കേട്ടപ്പോൾ എനിക്ക് അസഹ്യത തോന്നി.‘
‘മറ്റേത് ആ ആശ്രമത്തിലെ സന്യാസിനിയമ്മയല്ലേ? അവരെ ഇതിനു മുൻപ് അമ്പലങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്നിട്ട്……തൊട്ടപ്പുറത്ത് ഈ സ്ത്രീ… അതിനു പണമുണ്ടായിരിക്കും ധാരാളം. അതല്ലേ ജനറൽ വാർഡിലൊന്നും പോകാതെ……‘
ആ സ്ത്രീയേയും അയാൾ വളരെ വർഷങ്ങൾക്ക് മുൻപ് കണ്ടിട്ടുണ്ടായിരുന്നു.
ഒരു കൂട്ട ബലാത്സംഗത്തിനു ശേഷം റോഡരികിൽ മലർന്നു കിടക്കുകയായിരുന്നു ആ നഗ്ന ശരീരം.
വാർന്നൊഴുകിയ രക്തവും ആഴത്തിലേറ്റ മുറിവുകളുമായി ബോധം കെട്ടു കിടന്ന ആ ശരീരത്തെ പോലീസുകാർ ആംബുലൻസുമായി വന്ന് അതിനുള്ളിലേക്ക് കയറ്റി വെക്കുന്നതും നോക്കി, അന്നു കുറെ സമയം ചെലവാക്കി.
പിന്നീട് ആശുപത്രിയിലും പോയി വന്നു. എങ്കിലും അവരെ അപ്പോൾ കാണാൻ കഴിഞ്ഞില്ല.
അവിടത്തെ ഡോക്ടറെ മാത്രമേ കാണാൻ സാധിച്ചുള്ളൂ , അതാകട്ടെ വളരെ ധിറുതിയിലും.
പക്ഷെ, ഇന്ന് കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.
അയാൾ മന്ത്രിച്ചു, ‘അതെ, കണ്ടേ തീരു.‘
മുറിയിൽ നിന്ന് പുറത്തേക്ക് വന്ന നേഴ്സിന്റെ മുഖത്തിന് തീരെ തെളിച്ചമില്ലായിരുന്നു. ചെറുപ്പക്കാരൻ ഉൽക്കണ്ഠയോടെ ‘എന്താണ് സ്ഥിതി‘ എന്നന്വേഷിച്ചു.
‘ചെയ്യാനുള്ളതൊക്കെ പരമാവധി ചെയ്യുന്നുണ്ട്, എന്നാലും എല്ലാവരേയും വിവരമറിയിക്കുന്നതാണു നല്ലത്‘.
ചെറുപ്പക്കാരൻ വാച്ച് നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നപ്പോൾ, വയസ്സനും പിന്തുടർന്നു.
അയാൾക്കപ്പോഴാണു മുറിയിൽ കയറാൻ സാവകാശം കിട്ടിയത്.
നടുവിലെ ബെഡ്ഡിൽ കിടക്കുന്ന സ്ത്രീക്കരികിലുള്ള മേശപ്പുറത്തു മാത്രമേ, ഫ്ലാസ്ക്കും മറ്റ് ചില വീട്ടുസ്സാധനങ്ങളും കണ്ടുള്ളൂ. മറ്റു രണ്ട് രോഗിണികളുടേയും മേശപ്പുറങ്ങൾ അവരെപ്പോലെ തനിച്ചും ശൂന്യവുമായി കാണപ്പെട്ടു.
പെട്ടെന്ന് മുറിയിലേക്ക് കടന്നു വന്ന നേഴ്സ് അയാളോട് ചോദിച്ചു, ‘നിങ്ങൾ ഈ സ്ത്രീയുടെ ആരെങ്കിലുമാണോ?‘
വിളറി വെളുത്ത്, പ്രയാസപ്പെട്ട് ശ്വാസം കഴിയ്ക്കുന്ന സ്ത്രീയുടെ കട്ടിലിലേക്ക് വിരൽ ചൂണ്ടിയാണ് നേഴ്സ് സംസാരിച്ചത്.
അയാൾ മൌനമായി നിന്നതേയുള്ളൂ.
‘അല്ലാ, സന്യാസിനി മരിച്ചാൽ ആശ്രമത്തിലറിയിക്കാൻ പറഞ്ഞിട്ടുണ്ട്, ആ കൊച്ച് സ്വാമി. ഇവരെ ഇവിടെയാക്കി പണവും കെട്ടി പോയവർ പിന്നെ വന്നതേയില്ല. ഒന്നും പറഞ്ഞിട്ട് കാര്യമില്ല, പല ആണുങ്ങൾക്കൊപ്പം ജീവിച്ചാൽ ………‘.
അയാളുടെ നിശ്ശബ്ദത കണ്ടിട്ടാവണം നേഴ്സ് ചില ട്യൂബുകളെല്ലാം നിവർത്തി ശരിയാക്കീട്ട് പുറത്തേക്ക് ഇറങ്ങി.
വ്രതാനുഷ്ഠാനങ്ങളും അസുഖവും, ഭർത്താവും മകനും വിവിധങ്ങളായ രോഗങ്ങളും, പല പുരുഷന്മാരും ദീനവും എല്ലാം ഏറിയും കുറഞ്ഞുമുള്ള കാലയളവുകളിൽ അതിഥികളായി ഉപയോഗിച്ച് ശീലിച്ച ആ സ്ത്രീ ശരീരങ്ങളെ, അയാൾ പതിയെ, വളരെ പതിയെ നിശ്ബ്ദമായി സ്പർശിച്ചു. കാറ്റായി മുക്തിയും മഴയായി ദയയും മഞ്ഞായി സൌഹൃദവും അയാളുടെ സ്പർശനത്തിൽ വാർന്നൊഴുകി.
സന്യാസിനി കണ്ണുകൾ തുറന്നടച്ചു .
ഭർത്താവും മകനുമുള്ള സ്ത്രീയുടെ വിരൽ അയാളുടെ വിരലുകളിൽ മുറുകി.
ശ്വാസം വിലങ്ങുന്ന സ്ത്രീ പുഞ്ചിരിക്കാൻ ശ്രമിച്ചു.
അതിനു ശേഷം അയാൾക്ക് അവിടെ ആരേയും കാത്തിരിക്കുവാനുണ്ടായിരുന്നില്ല.
മൂന്നു സ്ത്രീകൾ
October 11, 2010
Echmukutty
12 Comments, Post your comment
Labels: 'കഥ'
ദശാസന്ധി
October 03, 2010
anju minesh
'108' ആബുലന്‍സിന്റെ ഭയാനക ശബ്ദം ചെവിയില്‍ നിറഞ്ഞു നില്ക്കുന്നതു പോലെ ശാലുവിന് തോന്നി. വര്‍ണ്ണക്കൂട്ടുകള്‍ നിറഞ്ഞ ആ ആബുലന്‍സിന്റെ ഉള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് താനാണെന്നതിരിച്ചറിവില്‍ ശാലുവിന്റെ ശരീരം ഒന്നു വിറച്ചു. ആ വിറയലില്‍ അവളുടെ കണ്ണുകള്‍ തുറന്നു. ഞെട്ടിയുണര്‍ന്ന ശാലു ലൈറ്റ് തെളിയിച്ചു.
കിടയ്ക്കക്കരികിലിരുന്ന വലിയ കണ്ണാടിയില്‍ കാണുന്ന രൂപം തന്റേതല്ലെന്നവള്‍ക്ക് തോന്നി. കറുത്തചുരിദാറും തോള്‍ വരെ മുറിച്ചിട്ട മുടിയും ഷേപ്പ് ചെയ്ത പുരികങ്ങളും ഫെയര്‍നെസ് ക്രീമിന്റെഉപയോഗത്തില്‍ മിനുസപ്പെട്ട മുഖവും ശാലുവില്‍ അപരിചിതത്വം സൃഷ്ടിച്ചു. നിറയെ ഞൊറിയിട്ടുടുക്കുന്നകസവുപുടവയും മുടിക്കെട്ടില്‍ കനകാംബര മാലയും ഇല്ലാത്ത തന്റെ രൂപം സങ്കല്‍പ്പിക്കാനേഅവള്‍ക്ക് അപ്പോള്‍ കഴിയുമായിരുന്നില്ല.
രാവിലെ ഡൈനിംഗ് ടേബിളില്‍ പ്രാതലിനു വന്നിരുന്ന അനിലിന്റെയും ദീപുവിന്റെയും കണ്ണുകള്‍അതിശയത്തില്‍ വിടര്‍ന്നു. ആവി പറക്കുന്ന കഞ്ഞിയും പയറുതോരനും കാന്താരിമുളക് ചമ്മന്തിയുംചുട്ടപപ്പടവും.
'അച്ഛാ, സത്യത്തില്‍ ഈ അമ്മയ്ക്ക് എന്താ പറ്റിയേ?'
ദീപുവിന്റെ വാക്കുകളില്‍ കുസൃതി തുളുമ്പി. അനില്‍ കൗതുകത്തോടെ ശാലുവിനെ നോക്കി. ഇത്തിരിയുള്ളമുടിയില്‍ മുല്ലപ്പൂവ് തിരുകി പുളിയിലക്കര പുടവ ചുറ്റി ചന്ദനക്കുറിയണിഞ്ഞ് മുന്നില്‍ നില്ക്കുന്ന ഭാര്യയില്‍വന്ന മാറ്റം അനിലിനു വിശ്വസിക്കാനായില്ല.
രാത്രി ഉറങ്ങാതെ അസ്വസ്ഥയായി കിടക്കുന്ന ശാലുവിനോട് അനില്‍ ചോദിച്ചു.
'എന്താ നിനക്കു പറ്റിയേ? ഹോസ്പിറ്റലില്‍ പോകണോ?'
പെട്ടെന്നവള്‍ക്ക് 108 ആബുലന്‍സ് ഓര്‍മ വന്നു. രക്തത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധം അവള്‍ക്ക്അനുഭവപ്പെട്ടു. വയറിലെ ആഴമുള്ള മുറിവില്‍ ഇപ്പോഴും സ്വര്‍ണ്ണപിടിയുള്ള തിളങ്ങുന്ന വാള്‍വിശ്രമിക്കുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി.
'നിനക്കെന്താ പറ്റിയേ?'
ഇടറുന്ന ശബ്ദത്തില്‍ അനില്‍ ചോദിച്ചു.
ആ ശബ്ദത്തിനും തനിക്കുമിടയില്‍ കാലങ്ങളുടെ ദൂരമുണ്ടെന്ന് ശാലുവിന് തോന്നി.പിറ്റേന്ന് കണ്ണാടിയുടെമുന്നില്‍ നിന്ന് ശാലു വാലിട്ട് കണ്ണെഴുതുന്നത് ദീപുവാണ് അനിലിനു കാട്ടിക്കൊടുത്തത്. ദീപുതമാശയോടെ ആ രംഗം നോക്കി നിന്നപ്പോള്‍ അനിലിന്റെ നെഞ്ചില്‍ വേദനയുടെ മുള പൊട്ടി. 'എന്തര്‌ടേ നോക്കണത്?'
ശാലു തിരിഞ്ഞു നോക്കി ചോദിച്ചു. ദീപു അതു കേട്ട് പൊട്ടിച്ചിരിച്ചു.
'നിന്റെ സംസാരത്തിനെന്താ ഒരു തിരുവനന്തപുരം ചുവ.'
അനിലിന്റെ സ്വരം അവനരിയാതെ കടുത്തു.
'അതേയ്, ഞാന്‍ ശുദ്ധ തിരുവനന്തപുരത്തുകാരിയാ. ദ് റോയല്‍ ട്രാവന്‍കൂര്‍!'
അനില്‍ വേദനയോടെ ശാലുവിന്റെ ചുമലില്‍ തൊട്ടു പറഞ്ഞു.
'നിന്റെ ഇപ്പോഴത്തെ പെരുമാറ്റം കണ്ട് പേടിയാകുന്നു. നമുക്കൊരു സൈക്യാട്രിസ്റ്റിനെ കണ്ടാലോ?'
ശാലു വിടര്‍ന്ന കണ്ണുകളോടെ അനിലിന്റെ മുഖത്തേക്കുറ്റു നോക്കിയിരുന്നു. ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ്മുറിയിലെ ഗണപതിയുടെ ചിത്രങ്ങളെ നോക്കി ശാലു ഇരുന്നു. അനില്‍ അപ്പോള്‍ ശാലുവിന്റെമാറ്റത്തെക്കുറിച്ച് ഡോക്ടറോട് വാചാലനാകുകയായിരുന്നു. ഇതൊന്നും തന്നെപ്പറ്റിയല്ല എന്ന മട്ടില്‍അവള്‍ മേശപ്പുറത്തിരുന്ന സ്ഫടികരൂപത്തിലുള്ള കുഞ്ഞുഗണപതിയെ കൈയിലെടുത്തു താലോലിച്ചുകൊണ്ടിരുന്നു.
അനിലിനെ പുറത്തിറക്കി ശാലുവിനോട് വാത്സല്യത്തോടെ ചോദിച്ചു.
'എന്താ ശാലുവിന്റെ പ്രശ്്‌നം?'
വിടര്‍ന്ന ചിരിയോടെ പതറാതെ ശാലു പറഞ്ഞു.
'എന്താ ഡോക്ടര്‍ ഞാന്‍ പറയുക? എനിക്കു എന്നെ കൊണ്ട് പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞാല്‍ഡോക്ടര്‍ വിശ്വസിക്കുമോ? ഞാന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ എന്നോട് ആരോ വന്നു സംസാരിക്കുന്നതുപോലെ തോന്നുന്നുവെന്ന് പറഞ്ഞാല്‍ ഡോക്ടര്‍ വിചാരിക്കും, ഓഡിറ്ററി ഹാലൂസിനേഷന്‍, സ്‌കിസോഫ്രീനിയയുടെ ലക്ഷണം; ഡോക്ടര്‍ അപ്പോള്‍ എനിക്ക് ആന്റി സൈക്കോട്ടിക്‌സ് കുറിക്കും. ഇനിയിപ്പോള്‍ ഞാന്‍ എന്റെ മൂഡ് പെട്ടെന്ന് മാറുന്നുവെന്ന് പറഞ്ഞാല്‍ , മൂഡ് സ്‌റ്റെബിലൈസര്‍ കുറിച്ച് അസുഖത്തെ ബൈപോളാര്‍ എന്നു വിളിക്കും. ഡോക്ടര്‍ ഞാനും കുറേകാലം മനശ്ശാസ്ത്രം പഠിച്ചതാണ്. ഇപ്പോഴും അഞ്ച് ലക്ഷണങ്ങള്‍ കേട്ടാല്‍ കൃത്യമായി രോഗം നിര്‍ണ്ണയിക്കാന്‍ എനിക്ക് കഴിയുമെന്ന്അഭിമാനത്തോടെയും അല്‍പ്പം അഹങ്കാരത്തോടെയും ഞാന്‍ പറയട്ടെ.
എനിക്കതൊന്നുമല്ല പ്രശ്‌നം, കുറെനാളുകളായി എന്റെ മനസ്‌സിനെ അതോ തലച്ചോറിനോ അവള്‍കീഴടക്കിയിരിക്കുന്നു. എന്റെ ഭര്‍ത്താവിനെക്കാള്‍, മകനെക്കാള്‍ എന്റെ മനസ്‌സിനെ ഇപ്പോള്‍ അവള്‍സ്വാധീനിച്ചിരിക്കുന്നു.'
''ആര്?'
ഡോക്ടറുടെ വാക്കുകളില്‍ ജിജ്ഞാസ കലര്‍ന്നിരുന്നു.
'അവള്‍ സുഭദ്ര, ഡോക്ടര്‍ക്ക് അറിയില്ലേ? തിരുവിതാംകൂറിനെ തന്റെ ബുദ്ധി കൊണ്ട് രക്ഷിച്ച്, ഒടുവില്‍അതിനു വേണ്ടി അമ്മാവന്റെ വാള്‍ത്തുമ്പില്‍ ജീവന്‍ നഷ്ടപ്പെട്ട സ്ത്രീ. തിരുവിതാംകൂറിലെ പുഴയ്ക്കും മഴയ്ക്കുംഎന്തിന് യക്ഷിക്ക് പോലും സുഭദ്രയുടെ സൗന്ദര്യമാണെന്ന് ഡോക്ടര്‍ കേട്ടിട്ടില്ലേ? അവളെക്കുറിച്ച്എഴുതാന്‍ കുറെ നാളായി ശ്രമിക്കുന്നു. പക്ഷേ, എനിക്കു പിടി തരാതെ എന്നെ മോഹിപ്പിച്ചു കൊണ്ട്അവളുടെ വിഷമങ്ങള്‍ സന്തോഷങ്ങള്‍ ചലനങ്ങള്‍ ഭാവങ്ങള്‍ ഒക്കെ ഒളിച്ചു കളിക്കുന്നു.
ഒരു ദശാസന്ധി, റൈറ്റേഴ്‌സ് ബേ്‌ളാക്ക് എന്നു പറയാം. അവളെ അറിയാന്‍ വേണ്ടി, അവളുടെഹൃദയത്തുടിപ്പുകള്‍ കേള്‍ക്കാന്‍ വേണ്ടി ഞാന്‍ പലപ്പോഴും അവളാകാന്‍ ശ്രമിക്കാറുണ്ട്. അപ്പോഴുണ്ടാകുന്ന ഒരു അസ്വസ്ഥത അത്രയേയുള്ളൂ. റൊഷാര്‍ക്കോ ടി എ ടിയോ ഏതു ടെസ്റ്റ്വേണമെങ്കിലും ചെയ്‌തോളൂ, ഇതിലപ്പുറം ഒരുത്തരം നല്കാന്‍ എനിക്കാവില്ല ഡോക്ടര്‍.'
ആത്മവിശ്വാസത്തോടെ തന്റെ മുന്നിലിരിക്കുന്ന ശാലുവിനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ഡോക്ടര്‍ അനിലിനെ അകത്തേക്ക് വിളിപ്പിച്ചു.
ഷി ഈസ് പെര്‍ഫെക്ട്‌ലി ഓള്‍റൈറ്റ് എന്ന ഡോക്ടറുടെ വാക്കുകളെ സംശയത്തോടെയാണ് അനില്‍സ്വീകരിച്ചത്.പുറത്തിറങ്ങിയപ്പോള്‍ അനിലിന്റെ വിരലുകളില്‍ മുറുക്കെ പിടിച്ച് ശാലു ചോദിച്ചു.
'എനിക്ക് ഭ്രാന്താണെന്ന് തോന്നുന്നോ?'
അനില്‍ പതര്‍ച്ചയോടെ അവളെ നോക്കി. ശാലു വല്ലാതെ ചിരിച്ചു കൊണ്ട് പറഞ്ഞു.
'എല്ലാ പ്രശ്‌നങ്ങളും അസ്വസ്ഥതകളും സംശയങ്ങളുമൊക്കെ തീരും. അവള്‍ വരട്ടെ, അവള്‍ വരും; ഉടന്‍ തന്നെ വരും.....'
ആര്? എന്ന ചോദ്യം അനിലിന്റെ മുഖത്ത് തെളിയുന്നത് ശാലു കണ്ടില്ലെന്ന് നടിച്ചു.
26 Comments, Post your comment
Labels: കഥ
