സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!നസീമ ഇന്‍ സൂം...

April 02, 2010 സൂര്യ


കാറ്റ്, മഴയോടൊപ്പം അതിന്റെ ശബ്ദത്തെയും കറക്കിക്കളിക്കുന്നതു പോലെ സ്റ്റേഡിയത്തിലെ ആരവം മിന്നുന്ന ഫ്ലാഷുകള്‍ക്കൊപ്പം കറങ്ങിക്കളിച്ചു. ഒരിടിവെട്ടിന്റെ ആഘാതത്തില്‍ ഭയന്ന്, കണ്ണുകള്‍ ഇറുകെയടച്ച് നസീമ കാതുകള്‍ പൊത്തി. ഉള്ളിലെവിടെയോ തട്ടിത്തടഞ്ഞ് ഒരു പാതി അലറിക്കരച്ചിലിനോടൊത്ത് കണ്ണുതുറക്കുമ്പോള്‍ ഓഫീസിന്റെയകം ഒരു സസ്പെന്‍സ് ത്രില്ലെര്‍ മൂവിയുടെ ക്ലൈമാക്സ് രംഗമോടുന്ന തീയറ്റര്‍ പോലെ നിശ്ശബ്ദം!

എപ്പോഴോ തട്ടിത്തെറിച്ചു നിലത്തുവീണ് ചിതറിയ മൊബൈല്‍ ഫോണിന്റെ കഷ്ണങ്ങള്‍ പെറുക്കിയെടുത്ത് വെച്ച് മീന നസീമയുടെ മുഖത്തേക്ക് തുറിച്ചുനോക്കി ഇരുന്നു. 

ഇന്നിത് മൂന്നാമത്തെയോ നാലാമത്തെയോ പ്രാവശ്യമാണ് ഇങ്ങനെയവള്‍ വിചിത്രമായി...

"സംതിംഗ് ഈസ് റോംഗ്" എന്ന ഒഴുക്കന്‍ കമെന്റുകളുടെ കുശുകുശുപ്പുകളില്‍ ഓഫീസിന്റെ ഓരോ ഭാഗങ്ങളും പതിവുജോലികളിലേക്ക് തിരിച്ചുപോകുന്നു. എല്ലാ ക്യുബിക്കിളുകളുടെയും വിടവുകളിലൂടെ കുറേ കണ്ണുകളിറങ്ങിയിഴഞ്ഞുവന്ന് തന്റെ കാലുകളിലൂടെ അരിച്ചരിച്ച് കയറാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കാലുകള്‍ കസേരയിലേക്കു കയറ്റിവെച്ച് ചുരുണ്ടിരുന്നു.

കീബോര്‍ഡുകളുടെ ഹൃദയമിടിപ്പിനെ ഇടയ്ക്കിടയ്ക്ക് കീറിമുറിച്ച് പലതരം റിംഗ്ടോണുകള്‍.. ചില ബീപ് ബീപ് ശബ്ദങ്ങള്‍.. കൈകള്‍ വല്ലാതെ വിറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ മീനയുടെ കയ്യില്‍ മുറുകെപ്പിടിച്ചു.
"ലുക്ക് മീനാ.. സംതിംഗ് ഈസ് റോംഗ് വിത് മീ..."

'ഹേയ്, നതിംഗ് ലൈക് ദാറ്റ്.. അസൈന്‍ ചെയ്ത ഈ പ്രോജെക്റ്റ് തീര്‍ന്നാല്‍ തന്നെ താന്‍ ഫ്രീയാകും.. എല്ലാം ഈസിയായി എടുക്കാനുള്ള മെന്‍റ്റാലിറ്റിയാണ് ഈ ഫീല്‍ഡില്‍ വേണ്ടത്' എന്നൊക്കെ മാനേജ്മെന്‍റ് ഭാഷയില്‍ അവള്‍ ഉപദേശിച്ചുകൊണ്ടിരുന്നു.

'വാട്സ് ഗോയിംഗ് ഓണ്‍ ഹിയര്‍? ഹോപ് എവെരിതിംഗ് ഈസ് ഫൈന്‍' എന്ന് മറുപടി ആഗ്രഹിക്കാത്തതും ആവശ്യമില്ലാത്തതുമായ അന്വേഷണമെറിഞ്ഞ് മാനേജര്‍ കിരണ്‍ കടന്നുപോയിട്ടും ആ ഫ്രെയിംലെസ് കണ്ണടയ്ക്കുപിന്നില്‍ നിന്നുമിറങ്ങിവന്ന രണ്ട് ഉണ്ടക്കണ്ണുകള്‍ കുറേ നേരം കൂടി വായുവില്‍ തൂങ്ങിനിന്ന് പേടിപ്പിച്ചുകൊണ്ടിരുന്നു...

വിറയ്ക്കുന്ന ശബ്ദത്തില്‍ നസീമ പറഞ്ഞു, "മീനാ.. ഐ തിംഗ് ഐയാം മാഡ്..."

കാലത്തുമുതല്‍ അനങ്ങാതെ ഒരേയിരിപ്പില്‍ ഇരിക്കുന്നതിന്റെയും ഓവര്‍ സ്റ്റ്റെയിനിന്റെയും പ്രശ്നമാണെന്ന് പറഞ്ഞ് മീന ഒരു കടലാസില്‍ എന്തോ കുറിച്ചുകൊടുത്തു.

"നീ മെഡിക്കല്‍ സ്റ്റോറില്‍ പോയി ഈ ടാബ്ലെറ്റ് മേടിക്ക്.. ഒരെണ്ണം കഴിച്ച് ഡോര്‍മെറ്റ്റിയില്‍ പോയി കുറച്ചുനേരം കിടക്ക്.. ഇത്തിരി കഴിയുമ്പോള്‍ നിന്റെ റ്റെന്‍ഷനും പോകും.. എല്ലാം ശരിയാവുകേം ചെയ്യും.."

"ബട്ട് മീനാ.. എനിക്ക്.. എനിക്കെന്തോ..."

"ജസ്റ്റ് ഗോ ആന്റ് റിലാക്സ് ഡിയര്‍.. എനിക്കും കുറേ ജോലി തീര്‍ക്കാനുണ്ട്.." തുടര്‍ന്ന് സംഭാഷണം നടക്കാത്ത പോലെ അവള്‍ സംസാരം അവിടെ നിര്‍ത്തി..

അടുത്ത ബില്‍ഡിംഗിലാണ് ഡോര്‍മെട്റി.. ഓരോ ക്യുബിക്കിള്‍ കടന്നുപോകുമ്പോഴും ഓട്ടോ സൂം ചെയ്യുന്ന കുറേ കണ്ണുകള്‍ ഇറങ്ങി പിന്തുടരാന്‍ തുടങ്ങിയപ്പോള്‍ മുഖവും ശരീരവും ഷാളിനുള്ളിലേക്ക് ചേര്‍ത്തുപിടിച്ച് അവള്‍ നടന്നു, അല്ല, ഓടുകതന്നെയായിരുന്നു...

ഡോര്‍മെട്രിയിലേക്ക് തിരിയുന്ന മൂലയ്ക്ക് തന്റെ മൊബൈല്‍ ഫോണിലേക്ക് തുറിച്ചുനോക്കിനില്‍ക്കുന്ന ഒരു ഹൗസ് കീപ്പിംഗ് ബോയ്. പൊടുന്നനെ തലതിരിച്ച അവന്റെ കൂര്‍ത്ത പല്ലുകള്‍ക്കിടയിലെവിടെയോ ഒളിച്ചുകളിച്ച ഒരു ചിരി. വെള്ളിനിറമുള്ള കണ്ണുകള്‍ പകയുള്ള ഒരു പ്രാണിയെപ്പോലെ പിന്നാലെ വരുന്നുണ്ടെന്ന തിരിച്ചറിവില്‍ കിതച്ച ഒരോട്ടത്തിനൊടുവില്‍ മെയിന്‍ ഗേറ്റും കടന്ന് പുറത്തിറങ്ങി എതോ ഒരു ടാക്സിക്ക് അവള്‍ കൈകാണിച്ചു.
വിലാസം പറഞ്ഞ് "വേഗം വേഗം" എന്ന് ഡ്രൈവറോട് കിതച്ചുപറയുമ്പോള്‍ ഓഫീസും ഗേറ്റും വലിയ റോഡും ഒരുപാടൊരുപാട് കണ്ണുകളും പുറകോട്ടു പുറകോട്ട് വലിഞ്ഞു പോയി...

ഇടയ്ക്കിടെ റിയര്‍വ്യൂ മിററില്‍ വന്നുപോകുന്ന ഡ്രൈവറുടെ കണ്ണുകളില്‍ കൃഷ്ണമണിക്ക് പകരം വലിയ കുഴികളാണെന്ന് തോന്നിയപ്പോള്‍ നസീമ സീറ്റിനുപിന്നിലേക്ക് ഒതുങ്ങി, ഷാള്‍ കൊണ്ട് തല മൂടി. കണ്ണുകള്‍ ഇറുകെയടച്ചു...

വാതില്‍ വലിച്ചു തുറന്ന് കടക്കുമ്പോള്‍ സോഫയില്‍ സഹീര്‍, ചേച്ചിയുടെ ഭര്‍ത്താവ്...
'എന്താ നസീമാ ഒരു വല്ലായ്മ്മ?' എന്ന് ചോദിക്കുമ്പോള്‍ പെര്‍ഫ്യൂമിന്റെയും മൗത്ത് ഫ്രഷ്നറിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം. കയ്യിലെ മൊബൈല്‍ ഫോണിലേക്ക് രണ്ട് ചാണകപ്പുഴുക്കളെപ്പോലെ ഇഴഞ്ഞിറങ്ങുന്ന കണ്ണുകളെ കണ്ടതും അവള്‍ തന്റെ മുറിയിലേക്ക് കയറി വാതിലടച്ചു.

സ്വിച്ച് ഇട്ടപ്പോള്‍ വലിയ ഫ്ലഡ് ലൈറ്റുകള്‍ തെളിഞ്ഞു. കാറ്റിനോടൊപ്പം ആര്‍പ്പുവിളികള്‍ കാതിലലച്ചു. ചുറ്റില്‍നിന്നും ക്യാമറക്കണ്ണുകള്‍ വിചിത്രജീവികളെപ്പോലെ ഇറങ്ങിവന്നു. സ്റ്റേഡിയത്തിന്റെ നടുത്തളത്തില്‍ തെളിഞ്ഞ സ്പോട്ട് ലൈറ്റില്‍ നഗ്നയായി അവളിരുന്നു. ശരീരത്തിലേക്ക് അരിച്ചരിച്ചു കയറുന്ന കണ്ണുകളെ ഭയന്ന് അവള്‍ അലറിക്കരഞ്ഞു.

"ഉമ്മാ...."

"എന്താ.. എന്താ നസീമാ.. എന്താ അനക്കു പറ്റിയേ..?"

"ഉമ്മാ. സൂക്ഷിക്കണേ.. എല്ലായിടത്തും കണ്ണുകളാ.. എല്ലാം ഒപ്പിയെടുക്കുന്ന ക്യാമറകള്‍..
നിഴലുപോലെ.. പതുങ്ങിപ്പതുങ്ങിയിരിക്കുകയാ ഒപ്പിയൊപ്പിയെടുക്കാന്‍.............
ഉമ്മാ.. എനിക്കൊന്ന് മൂത്രമൊഴിക്കണം.. നമ്മുടെ ബാത്ത് റൂമിനെപ്പോലും എനിക്കിപ്പോ പേടിയാണുമ്മാ...."

പൊട്ടിക്കരയാന്‍ തുടങ്ങിയ അവളെ ഉമ്മ ചേര്‍ത്തുപിടിച്ചു... 

മിന്നിത്തെളിയുന്ന ക്യാമറക്കണ്ണുകളെ മറച്ച് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവള്‍ ഉടുപ്പിലേക്ക് മൂത്രമൊഴിച്ചു...
_______________

image courtesy: google

24 Comments, Post your comment:

സൂര്യ said...

എല്ലായിടത്തും കണ്ണുകളാ.. എല്ലാം ഒപ്പിയെടുക്കുന്ന ക്യാമറകള്‍..
നിഴലുപോലെ.....

Manoraj said...

സമകാലീക സംഭവങ്ങളെ സർഗ്ഗാത്മകതയുടെ വാതായനങ്ങൾ തുറന്ന് പറത്തിവിടാൻ കഴിവുണ്ടാകുന്നത് നല്ലത്. സമൂഹത്തിന്റെ തെറ്റുകൾക്ക് നേരെ വിരൽചൂണ്ടുന്നവൻ യഥാർത്ഥ സാഹിത്യകാരൻ എന്ന് ഞാൻ പറയും.. മറ്റുള്ളവർ അങ്ങിനെയല്ലാ എന്ന് ഇതിനർഥമില്ല.. പക്ഷെ, യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടക്കാതെ അവിടെ തന്റെ തൂലിക ചലിപ്പിക്കുമ്പോൾ അവൻ / അവൾ സമൂഹത്തിൽ അലിയുകയാണ്.. അങ്ങിനെ നോക്കുമ്പോൾ മറ്റെന്തൊക്കെ കുറവ് കണ്ടുപിടിച്ചാലും സൂര്യാ.. നിനക്ക് ചങ്കൂറ്റത്തോടെ പറയാം.. ഞാൻ കഥാകാരി തന്നെയെന്ന്..
ഒരു ഓഫ് : ഫോണ്ട് കളർ മാറ്റാതിരിക്കാൻ ശ്രമിക്കുക.. ഗ്രൂപ്പ് ബ്ലോഗുകൾക്ക് അതിന്റെ ചട്ടക്കൂട് നഷ്ടപ്പെടാതെ നോക്കാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്

കൂതറHashimܓ said...

കാലിക പ്രസക്തം, നന്നായി എഴുതി.. :)

റോസാപ്പൂക്കള്‍ said...

സൂര്യ, വളരെ നന്നായി. കഥാനായികയുടെ മനസ്സ് ശരിക്കും വായനകാരിലേക്ക് പകരാനായി

Vinayan said...
This comment has been removed by the author.
Vinayan said...

എല്ലാം മറഞ്ഞു നിന്ന് ഒപ്പിയെടുക്കുന്ന ഈ ക്യാമറ കണ്ണുകള്‍...വളരെ കാലിക പ്രസക്തമായ പ്രമേയം...ഗൂഗിളില്‍ നിന്ന് ഒപ്പിയെടുത്ത ആ ചിത്രം നന്നായി. മനുഷ്യന്റെ കഴുകന്‍ കണ്ണുകള്‍. നന്നായി എഴുതി. തീര്‍ച്ചയായും വായിക്കുന്ന ഓരോ ആളുടെ മനസ്സിലും ഒരു impact ഉണ്ടാക്കുവാന്‍ കഴിയും. Manoraj പറഞ്ഞത് ഞാനും പറയട്ടെ..ഫോണ്ട് പെട്ടെന്ന് മാറിയപ്പോള്‍ എന്തോ പോലെ...

Renjith said...

സൂര്യയുടെ(പേരിലെന്തിരിക്കുന്നു :)) കയ്യില്‍ നിന്നും ഇത്തരമൊരു കഥ ഞാന്‍ പ്രതീക്ഷിച്ചിരുന്നു നന്നായി

സൂര്യ said...

Manoraj, കൂതറHashim, റോസാപ്പൂക്കള്‍ , Vinayan, Renjith (:))...
thank you all friends...

Mano & Vinayan, i dont know how that font got changed. I did not change anything while posting. I just copied and pasted that draft from my blog. I think our administrators can help in this regard.
sorry and thank you once again....

ramanika said...

നന്നായി

സൂര്യ said...

ramanika,

thank you...

Sulthan | സുൽത്താൻ said...

നസീമയുടെ ഭ്രന്ത്‌ ശരിക്കും അനുഭവിക്കുന്നുണ്ട്‌ വായനക്കാർ.

കാലിക പ്രസക്തമായ വിഷയവും, മികവുറ്റ അവതരണവും

ആശംസകൾ.

Sulthan | സുൽത്താൻ

സൂര്യ said...

thank you sultan...

തെച്ചിക്കോടന്‍ said...

നന്നായി അവതരിപ്പിച്ചു, വിഷയം പ്രസക്തം.!

JIGISH said...

ക്യാമറയുടെ കഴുകന്‍ കണ്ണുകള്‍
ഭയപ്പെടുത്തുന്ന അനുഭവമായി മാറുന്നു.!
എല്ലാം ഒപ്പിയെടുത്തുകളഞ്ഞു,കഥ...
സൂര്യതേജസ്സുള്ള അവതരണം..

സുരേഷ് ബാബു said...

kalikamaaya vishayam..
nalla avatharanam ...

good work soorya....

mgm said...

we are in zoom....
super ayitundu surya..

സൂര്യ said...

തെച്ചിക്കോടന്‍, JIGISH, സുരേഷ് ബാബു , mgm...
thank you dears for your valuable comments...

മീരാജെസ്സി said...

സമകാലിക യാഥാർത്ഥ്യങ്ങളുടെ ഒരു യഥാർത്ഥ പരിച്ഛേദം.. നന്നായിട്ടുണ്ട്..

thalayambalath said...

വാര്‍ത്തയേക്കാള്‍ മനസ്സില്‍ ഇടംകിട്ടുന്ന രചന... ഇവിടെയാണ് ക്രിയേറ്റിവിറ്റി...... അഭിനന്ദനങ്ങള്‍

സൂര്യ said...

മീരാജെസ്സി, thalayambalath,

thank you for sharing that pain....

ചാണക്യന്‍ said...

theme nannayi..pakshe craftil endokkeyo cheriya chila kallukadikal thonni...
enkilum nannayirikkunu

ente lokam said...

ഋതു വഴി ആണ് വന്നത്.....
എത്ര മനോഹരം ആയി എഴുതിയിരിക്കുന്നു..
ആ ഉത്കണ്ട്ടയുടെയും ചിന്തകളുടെയും
ആവിഷ്കാരം വളരെ തീവ്രം ആയിത്തന്നെ
ചെയ്തിരിക്കുന്നു.ഒരു വിഷയത്തെ നന്നായി വായനക്കാരന്റെ
മനസ്സിലേക്ക് പതിപ്പിക്കാന്‍ കഴിവുള്ള എഴുത്ത്..ആശംസകള്‍..

Kunjukkuttan said...

എല്ലായിടത്തും ക്യാമറ കണ്ണുകളാ....എല്ലാം ഒപ്പിയെടുക്കുന്ന ക്യാമറകള്‍...ഇത് വളരെ അര്‍ദ്ധവതയിരിക്കുന്നു.കഴുകന്റെ കണ്ണുകളെ ശരിക്കും അവതരിപ്പിക്കാനായി........നല്ല പ്രമേയം.....ഇനിയും എഴുതുക...........

Anonymous said...

കൊള്ളാം...മനോഹരം..


binu pavithreswaram