സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ

April 28, 2010 Manoraj

സമയം നട്ടുച്ച. നഗരത്തിലെ തിരക്കേറിയ റോഡിലൂടെ അലക്ഷ്യമായുള്ള ഒരു അലച്ചിലിലായിരുന്നു ഞാൻ. നാളേ വിഷുവായതിനാൽ നിരത്തുകൾ മുഴുവൻ വഴിവാണിഭക്കാർ കൈയടക്കിയിരിക്കുകയാണ്. എങ്ങും തിരക്ക്‌ പിടിച്ച്‌ പായുന്ന മനുഷ്യർ. തിരക്ക്‌ പൊതുവെ ഇഷ്ടമല്ല. എന്നും തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ്‌ മാറി നടക്കുകയാണ് പതിവുരീതിയും. അതുകൊണ്ട്‌ തന്നെ എല്ലാവരും എപ്പോഴും ഒറ്റപ്പെടുത്താറുമുണ്ട്‌. ഇന്ന് പക്ഷെ തിരക്കിൽ പെട്ട്‌പോയതാണ്. പതിവില്ലാത്ത വിധം ഇന്ന് ഓഫീസിനു അവധി പ്രഖ്യാപിച്ചു. പ്രൈവറ്റ്‌ മാനേജ്‌മന്റിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്ത ഒരു കാര്യം. എവിടെയോ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് മുഴുവൻ കറന്റ്‌ ഉണ്ടാവില്ല എന്ന് അറിയിപ്പ്‌ വന്നതിന് തൊട്ടുപിന്നാലെ ഫാക്ടറിക്ക്‌ അവധിനൽക്കികൊണ്ട്‌ ഡയറക്ടർ സർക്കുലർ ഇറക്കി. തീരെ താൽപര്യം തോന്നിയില്ല.. മുടിഞ്ഞ ചൂടിൽ ഓഫീസിലെ എയർ കണ്ടീഷനറുടെ ശീതളിമ തരുന്ന ഒരു സുഖം നഷ്ടപ്പെടും എന്നതിനേക്കാൾ ഒരു പകുതി ദിവസം കൊണ്ട്‌ ഒന്നും ചെയ്യാനില്ല എന്നതായിരുന്നു.

എന്തൊ പെട്ടെന്ന് ശ്രദ്ധ ഒരു കുട്ട നിറയെ ശ്രീകൃഷ്ണ വിഗ്രഹവുമായി ഇരിക്കുന്ന ഒരു പെൺകുട്ടിയിലേക്ക്‌ തിരിഞ്ഞു. എന്ത്‌ ഭംഗിയാണു ശ്രീകൃഷ്ണ പ്രതിമകൾ കാണാൻ.. പീലിത്തിരുമുടിയും ഓടക്കുഴലും എല്ലാമായി.. അതിനടുത്തിരിക്കുന്ന അവളുടെ നിറവും കൃഷ്ണയുടെ തന്നെ.. ശ്യാമവർണ്ണം. മെല്ലെ അവളുടെ അടുത്തേക്ക്‌ ചെന്നു..

"സാർ.. നല്ല പ്രതിമകളാണു സാർ.. കണികണ്ടുണരാൻ പറ്റിയ വിഗ്രഹങ്ങൾ..." അവളുടെ മുഖത്ത്‌ പ്രതീക്ഷയുടെ സ്ഫുലിംഗങ്ങൾ. കണ്ണൂകളിൽ യാചനാ ഭാവം..

അച്ഛന്റെ മരണം കാരണം വർഷം ആഘോഷങ്ങൾക്കെല്ലാം അവധിയാണ്.. ജീവിച്ചിരുന്നപ്പോൾ കാട്ടാത്ത ആദരവ്‌ മരിച്ച്‌ കഴിയുമ്പോളാണല്ലോ മനസ്സിൽ മുളപൊട്ടുന്നത്‌.. ആഘോഷങ്ങൾക്ക്‌ അവധിയായതിനാൽ തന്നെ ഇന്ന് പ്രത്യേകിച്ച്‌ ഒരു പർച്ചേസ്‌ ആവശ്യമില്ല.. അല്ലെങ്കിൽ വിഷുവും ഓണവുമെല്ലാം മാസവരുമാനക്കാരനായ എന്റെ കീശ കാലിയാക്കാൻ വേണ്ടി മാത്രം ഉള്ളതായേ തോന്നിയിട്ടുള്ളൂ...

കുട്ടിയുടേ മുഖത്തെ പ്രതീക്ഷ കണ്ട്‌ സങ്കടം തോന്നി..

"എത്രയാ വില.." ആവശ്യമില്ലെങ്കിലും വെറുതെ ചോദിച്ചു..

"സാർ, വലിയ പ്രതിമക്ക്‌ 200 രൂപയേ ഉള്ളൂ സാർ.. ഒരെണ്ണം എടുക്കട്ടെ.." കൂട്ടത്തിൽ ഏറ്റവും വലിപ്പമുള്ള ഒരെണ്ണം ചൂണ്ടി കാട്ടി തിളങ്ങുന്ന കണ്ണുകളോടെ അവൾ പറഞ്ഞു.

200 രൂപ.. ദൈവത്തിനു വിലനിശ്ചയിക്കപ്പെട്ടിരിക്കുന്നു..!!! അത്‌ തീരുമാനിച്ചത്‌ ഒരു ചെറിയ പെൺകുട്ടി.. ആകാംഷയോടെ എന്റെ പ്രതികരണം ശ്രദ്ധിച്ച്‌ ഇരിക്കുകയാണവൾ. "സാർ, വില കൂടുതലാണെന്ന് തോന്നുന്നെങ്കിൽ..."

"അതുകൊണ്ടല്ല കുട്ടി.. എനിക്ക്‌ വിഗ്രഹം വേണ്ട.." സത്യത്തിൽ ചിരി വന്നു. ദൈവത്തിന്റെ വില കൂടുതലാണേൽ കുറക്കാമെന്ന്.. അപ്പോൾ കുറച്ച്‌ സമയത്തേക്കെങ്കിലും നമുക്ക്‌ ദൈവത്തിന്റെ വില തീരുമാനിക്കാം.. ദൈവത്തിന്റെ വില നിശ്ചയിക്കാൻ കെൽപ്പുള്ളവൻ!!! ഓർത്തപ്പോൾ മനസ്സാകെ ഒന്ന് കുളിർത്തു.. പക്ഷെ, അവളുടെ മുഖം മ്ലാനമായി..

നിരാശ പുറത്ത്‌ കാണിക്കാതെ അവൾ വീണ്ടും പ്രതിമകളുടെ ഗുണനിലവാരത്തെകുറിച്ചും അതിന്റെ നിർമ്മാണപ്രക്രിയയെ കുറിച്ചും ഒരു തികഞ്ഞ ബിസിനസ്സുകാരിയെ പോലെ സംസാരിച്ചു കൊണ്ടിരുന്നു..

"ഇതൊക്കെ ആരാ ഉണ്ടാക്കുന്നേ?"

"ഞാൻ തന്നെയാ സാർ.. അച്ഛൻ പഠിപ്പിച്ചതാ.. ചെറുപ്പത്തിൽ.."

"നിന്റെ അച്ഛൻ?.." സംശയിച്ചാണു ചോദിച്ചത്‌...

"അച്ഛൻ ഇപ്പോൾ കിടപ്പിലാ സാർ.. മണ്ണിന്റെ അലർജിയാന്നാ ഡോക്കിട്ടറേമാൻ പറഞ്ഞേ.." - ശരിക്ക്‌ കഷ്ടം തോന്നി..

"സാർ.. ഒരു പ്രതിമ വാങ്ങു സാർ.." അവൾ ദയനീയമായി എന്നെ നോക്കി..

കുട്ടീ എന്റെ വീട്ടിൽ കൃഷ്ണവിഗ്രഹം ഉണ്ട്‌.. ഇത്ര വലിപ്പമില്ല എന്നേ ഉള്ളു.. അവളുടെ മുഖം നിരാശയിലാഴുന്നത്‌ ഞാൻ കണ്ടു.. നാളെ വിഷുവായിട്ട്‌ എന്ത്‌ ചെയ്യും എന്ന ഭാവമാണ് മുഖത്ത്‌.. സ്ഥിരം കള്ള കണ്ണനെ കണികണ്ടിട്ടും തന്റെ ദിവസങ്ങൾക്ക്‌ ഒരു മാറ്റവുമില്ലല്ലോ എന്നോർത്ത്‌ വിഷണ്ണയായി അവൾ നിന്നു.

അവൾക്ക്‌ വേണ്ടി ഒരു കൊച്ച്‌ കൃഷ്ണവിഗ്രഹം ഞാൻ വാങ്ങി.

നഗരത്തിലെ തിരക്കിലൂടെയുള്ള നടത്തം അവസാനിപ്പിച്ച്‌ വൈകുന്നേരം തിരികെ വീട്ടിലേക്ക്‌ ഒരു കടലാസ്‌ പൊതിയിൽ കൊച്ച്‌ വിഗ്രഹവുമായി തിരിച്ച ഞാൻ ബസ്സ്‌ അവളെ കണ്ടുമുട്ടിയ സ്ഥലമെത്തിയപ്പോൾ വെറുതെ പുറത്തേക്ക്‌ നോക്കി. അവിടേ വലിയൊരു ആൾക്കൂട്ടം.. എന്തോ അരുതാത്തത്‌ സംഭവിച്ചെന്നൊരു തോന്നൽ.. ഓടിതുടങ്ങിയ ബസ്സിൽ നിന്നും ഒരു വിധം ഞാൻ ചാടിയിറങ്ങി. എന്റെ മനസ്സ്‌ പിടക്കുകയായിരുന്നു.. അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച..

പൊട്ടിയ കൃഷ്ണവിഗ്രഹങ്ങൾ അവിടവിടെയായി ചിതറി കിടക്കുന്നു.. പലതിലും ചോര പുരണ്ടിട്ടുണ്ട്‌.. മുത്തുകൾ പോലെ ചിതറിതെറിച്ച തലച്ചോറിന്റെ അരികൾ.. അത്‌.. കുട്ടിയുടെതാണോ? അതോ, വിഗ്രഹങ്ങളുടെ തന്നെയോ? ഏതോ സമനിലതെറ്റിയ വണ്ടി ഇടിച്ച്‌ തെറിപ്പിച്ചത്‌ ഒരു കൊച്ച്‌ കുടുംബത്തിന്റെ ജീവിതമായിരുന്നു.. പൊലിഞ്ഞത്‌ ഒരു അച്ഛന്റെ താങ്ങായിരുന്നു..

എന്റെ കൈയിലെ കടലാസിനു ഒരു നനവ്‌ പോലെ.. ചോരയാണോ? അതോ കണ്ണീരോ? എന്റെ കൈയിൽ നിന്നും കൊച്ച്‌ കൃഷ്ണൻ താഴെ അവന്റെ അമ്മയുടെ അരികിലേക്ക്‌ അലമുറയിട്ട്‌ കൊണ്ട്‌ ഊർന്നിറങ്ങി.



© മനോരാജ്

24 Comments, Post your comment:

Vayady said...

മനു, ഇതു നടന്ന സംഭവമല്ലാതിരിക്കട്ടെ എന്ന് ആശിക്കുന്നു. ഈ കഥ മനസ്സിനെ നൊമ്പരപ്പെടുത്തിയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

"എന്റെ കൈയിൽ നിന്നും കൊച്ച്‌ കൃഷ്ണൻ താഴെ അവന്റെ അമ്മയുടെ അരികിലേക്ക്‌ അലമുറയിട്ട്‌ കൊണ്ട്‌ ഊർന്നിറങ്ങി.."
ഈ വരികള്‍ കണ്ണു നനയിപ്പിച്ചു.
എഴുത്ത് ഗംഭീരമായിട്ടുണ്ട്.

Neena Sabarish said...

അവസാനവരികള്‍ക്ക് പകരം വെയ്ക്കാനില്ല മനൂ ഒരു അഭിനന്ദനം പോലും.....

എന്‍.ബി.സുരേഷ് said...

കഥ വേഗം പറഞ്ഞു തീര്‍ക്കാന്‍ മനോയ്ക്കുള്ള ഒരു തിടുക്കം ഈ കഥയിലുമൂണ്ട്. ജീവിതത്തിന്റെ ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ചോദ്യം ഈ കഥയില്‍ കൊണ്ടുവരാമായിരുന്നു. ഈശ്വരനെ കൂടെ കൊണ്ടുനടക്കുന്ന ഒരു പാവം പെണ്‍കുട്ടിയുടെ കൂടെ ദൈവം ഇല്ലന്നോ? അതോ ദൈവത്തെ വില്‍ക്കാന്‍ ശ്രമിച്ചതിന്റെ പണിഷ്മെന്റോ?

ഒരു വൈകാരികമായ സന്ദര്‍ഭത്തെ അതിന്റെ ഫീലിങ്സ് ചോര്‍ന്നു പോകാതെ എങ്ങനെ പറയാം എന്നു നാം ധ്യാനിക്കുക അതന്നെ വേണം. മനോ വിഷയം കണ്ടെത്തുന്നതില്‍ മിടുക്ക് കാണിക്കുന്നു. പക്ഷെ അതു ട്രീറ്റ് ചെയ്യുന്ന കാര്യത്തില്‍ തീരെ അവധാനത പുലര്‍ത്തുന്നില്ല.

ആ പെണ്‍കുട്ടിയെ അപകടത്തില്‍ പെടുത്തുന്നതില്‍ ഒരു സ്വാഭാവികത വരുത്തണമായിരുന്നു.

കഥാകാരന്‍ നേരിട്ടു ജീവിതത്തിന്റെ തത്ത്വങ്ങള്‍ അവതരിപ്പിക്കുന്നതിനു പകരം ജൈവികമായി കഥയില്‍ ഉള്‍ച്ചേരട്ടെ ജീവിതപാഠങ്ങള്‍.
കഥയില്‍ മുന്നേറൂ പാത സൂക്ഷിച്ചു വെട്ടിത്തെളിച്ച്.

പട്ടേപ്പാടം റാംജി said...

ഒരു കൊച്ചു കഥ.
ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.
അല്പം കൂടി വിശദീകരിച്ചു പറയാം എന്ന് തോന്നി.
ആകസ്മികമായി വന്നുചേരുന്ന അപകട മരണം വരച്ചപ്പോള്‍ പെണ്‍കുട്ടിയുടെ പ്രയാസങ്ങളും മനസ്സിലുടക്കി.
ആശംസകള്‍ മനു.

റോസാപ്പൂക്കള്‍ said...

ഒരു സാധാരണ കഥ .പക്ഷേ ആ അവസാന വരികള്‍ കഥയെ അതിമനോഹരമാക്കി. അഭിനന്ദനങ്ങള്‍

ദൃശ്യ- INTIMATE STRANGER said...

ezhuthinte reethiye kuricho shailiyekuricho onnum valiya valiya kaaryangal enik parayanilla..ullathu ore ore comment maathramm..
manassuniranju pareva "enikistaayi orupaad"

കണ്ണനുണ്ണി said...

അവസാനത്തെ വരി മനസ്സില്‍ നില്‍ക്കുന്നു..ശരിക്കും

JIGISH said...

നല്ലൊരു പ്രമേയം..അവസാനമെത്തിയപ്പോഴാണ്
കഥയിൽ കലയുടെ സ്പർശമുണ്ടായത്..! തിടുക്കത്തിൽ എഴുതിയപ്പോൾ ആഴത്തിനു പകരം അല്പം പരന്നോ എന്നു സംശയം..

രാജേഷ്‌ ചിത്തിര said...

അവസാന വരികള്‍ മനോഹരമാക്കി..

:)

vinus said...

നല്ല പ്രമേയം നല്ല വരികൾ വലിച്ചു നീട്ടിയതുമില്ല .നന്നായി ഈ കഥ മനോരാജ്

എറക്കാടൻ / Erakkadan said...

ശ്ശോ...അത്രേ പറയാനുള്ളൂ.....സങ്കടായി

Sulthan | സുൽത്താൻ said...

മനോരാജ്‌,

നല്ലോരു പ്രമേയം, കൈയൊതുക്കത്തോടെ പറഞ്ഞിരിക്കുന്നു.

ആശംസകൾ.

Raveena Raveendran said...

ഒരുപാട് കൃഷ്ണവിഗ്രഹം കൈയിലുണ്ടായിട്ടും ...
പാട്ടില്‍ പറഞ്ഞതു പോലെ അവ കളിമണ്‍പ്രതിമകളായിരിക്കും .
അഭിനന്ദനങ്ങള്‍..!

Santosh Wilson said...

valare manoharamayi dukhippichu!

Manoraj said...

വായാടീ : ആദ്യ കമന്റിനുള്ള നന്ദി.. നടന്ന സംഭവമല്ല കേട്ടോ.. യാത്രക്കിടയിൽ റോഡിൽ പതിച്ച കലാഭവൻ മണിയുടെ “പുള്ളിമാൻ” എന്ന ചിത്രത്തിന്റെ വലിയ പോസ്റ്ററും (അതിൽ മണി ഒരു കൃഷ്ണവിഗ്രഹം പിടിച്ച് മീരാ നന്ദയുമായി നിൽക്കുന്നതാ) ഒപ്പം കളമശ്ശേരി - ആലുവ റോഡിന്റെ ഓരത്ത് പ്രതിമ നിർമ്മിച്ച് കഴിയുന്ന കുറച്ച് കുടുംബങ്ങളുണ്ട്.. അവരുടെ ദൈന്യതയാർന്ന മുഖങ്ങൾ എന്റെ നിത്യ കാഴ്ചയാണ്. ഓഫീസിൽ നിന്നുള്ള തിരിച്ച് വരവിൽ .. ഇത് രണ്ടും പിന്നെ വിഷുവും അന്നത്തെ ഓഫീസിന്റെ അവധിയും എല്ലാം കൂടി ഒരു അവിയൽ ഉണ്ടാക്കിയതാ..

സുരേഷ് : കഥയിൽ നിന്ന് തന്നെ ആ ചോദ്യം വായനക്കാരന് കിട്ടും എന്നായിരുന്നു ഞാൻ കരുതിയത്. കിട്ടിയില്ലെങ്കിൽ അത് എന്റെ മാത്രം കുഴപ്പമാകും. ഒരു ആക്സിഡന്റിനെ വർണ്ണിക്കാൻ തോന്നാതിരുനന്ത് കൊണ്ടും കഥ വലിച്ച് നീട്ടെണ്ട എന്ന് കരുതിയുമാണ് അത്രയും പറഞ്ഞ് അവസാനിപ്പിച്ചത്. പിന്നെ ഇനിയും ക്രിയാത്മകമായ ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ പ്രതീക്കിക്കുന്നു.

ജിഗീഷ് : ഒതുക്കി പറയാനാ ശ്രമിച്ചത്. പരന്ന് പോയോ?

നീന, റാംജി, റോസാപ്പൂക്കൾ, ഇന്റിമേറ്റ് , കണ്ണനുണ്ണി, രാജേഷ്, വിനു, ഏറക്കാടൻ, സുൽത്താൻ, രവീണ, സാന്റി എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

അരുണ്‍ കരിമുട്ടം said...

നല്ല കഥ, സ്ഥിരം സെന്‍റി പാറ്റേണില്‍ ഉള്ളത്, പക്ഷേ സങ്കടപ്പെടുത്തി.
(അതങ്ങനാ, ആരെങ്കിലും മരിച്ചെന്ന് കേട്ടാല്‍ സങ്കടപ്പെടുന്നത് മലയാളികളുടെ മനസ്സിന്‍റെ നന്മയാ.മനോരാജ് അഭിപ്രായം പോസ്റ്റിറ്റീവായി മനസിലാക്കും എന്ന് വിശ്വസിക്കുന്നു)

jayanEvoor said...

നല്ല കുഞ്ഞു കഥ, മനോരാജ്!

thalayambalath said...

മനോ, നല്ല കഥ... അഭിനന്ദനങ്ങള്‍

Sreejith said...

ആശംസകള്‍ മനു......

jyo.mds said...

അനുഭവം പോലെ തോന്നി.

the man to walk with said...

ishtaayi

Typist | എഴുത്തുകാരി said...

നല്ല കഥ. ഇഷ്ടായി.

Unknown said...

മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചു, ഇത് നല്ല കഥ.

വിനയന്‍ said...

കഥ ഇഷ്ട്ടപ്പെട്ടു. അവസാന വരികള്‍ പ്രത്യേകിച്ചും. കുഞ്ഞു കഥ മനസ്സില്‍ തട്ടുന്ന വണ്ണം അവതരിപ്പിച്ചു. തുടക്കത്തില്‍, കേട്ട് പഴകിയ ഒരു സാധാരണ കഥ എന്ന മട്ടിലേ തോന്നിയുള്ളൂ. അവസാനമാണ് ശരിക്കും ഇഷ്ട്ടപ്പെട്ടത്‌.