ഇരുളിന്റെ കറുത്ത കരിമ്പടം പുതച്ച് തെരുവുകളെല്ലാം വിജനമായിക്കിടന്നു. പ്രധാന തെരുവുകളിലെ വിളക്കുകാലുകളില്‍ കത്തിച്ചു വെച്ചിരുന്ന തെരുവു വിളക്കുകള്‍ എണ്ണ തീര്‍ന്നു കരിന്തിരി കത്തി അണഞ്ഞു. പ്രഭാതമാകാറായി എന്നറിയിച്ചു കൊണ്ട് ആകാശത്തില്‍ പെരുമീന്‍ പ്രത്യക്ഷപ്പെട്ടു. സുള്‍ഫിക്കരുടെ കൊച്ചു കുടിലിനുള്ളില്‍ മാത്രം വിളക്കെരിയുന്നുണ്ട്.
കണ്ണിലേക്ക് വെളിച്ചം അടിച്ചപ്പോള്‍ ഹസീന പെട്ടെന്നു കണ്ണു തുറന്നു. നേരം പുലര്‍ന്നോ..? സുള്‍ഫിക്കര്‍ ഇന്ന് നേരത്തെ ഉണര്‍ന്നിരിക്കുന്നു. മുറിയുടെ മൂലയില്‍ കത്തിച്ചു വെച്ച മണ്‍ ചിരാതിനു മുന്‍പിലിരുന്ന് മഹാറാണിക്കു വേണ്ടി നെയ്തെടുത്ത പട്ടുവസ്ത്രം ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയാണ്
ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുന്‍പേ അതിന്റെ മിനുക്കു പണിയെല്ലാം തീര്‍ത്ത് ഭംഗിയായി മടക്കി സഞ്ചിയിലാക്കിയിരുന്നതാ ണ് . ഇന്ന് അതു കൊട്ടാരത്തിലേക്ക് കൊണ്ടു പോകുന്നതിനു
മുന്‍പ് ഒരിക്കല്‍ കൂടി അതിന്റെ ഭംഗി ഉറപ്പു വരുത്തുവാന്‍ എടുത്തു നോക്കിയതാണെന്ന്
അവള്‍ക്കു മനസ്സിലായി.
മുന്‍പ് ഒരിക്കല്‍ കൂടി അതിന്റെ ഭംഗി ഉറപ്പു വരുത്തുവാന്‍ എടുത്തു നോക്കിയതാണെന്ന്
അവള്‍ക്കു മനസ്സിലായി.
കൊട്ടാരം നെയ്ത്തുകാരില്‍ പ്രധാനിയാണ് സുള്‍ഫിക്കര്‍. മഹാറാണി മുംതാസിനു ജന്മദിന സമ്മാനമായി നല്‍കുവാനുള്ള വസ്ത്രം നെയ്യുവാന്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഏല്‍പ്പിച്ചത് അയാളെയാണ് . പറഞ്ഞ ദിവസങ്ങള്‍ക്കും എത്രയോ മുന്‍പ് സുള്‍ഫിക്കറതു നെയ്തു കഴിഞ്ഞു. ഇളം നീല നിറത്തിലുള്ള പട്ടു തുണിയില്‍ സ്വര്‍ണ്ണ ഹംസങ്ങള്‍ ചിറകടിച്ചു പറക്കുന്ന ആ ഉടയാട അതിമനോഹരമായിരുന്നു.
ഹസീന സാവധാനം എഴുന്നേറ്റു സുള്‍ഫിക്കറുടെ അടുത്തു വന്നു ചോദിച്ചു.
“എന്താ..ഇത് കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ലേ..?”
“കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതിരുക്കുവാന്‍ ഇത് എന്റെ ബീവില്ലല്ലോ” സുള്‍ഫിക്കര്‍ അവളെ അശ്ലേഷിച്ചു കൊണ്ടു പറഞ്ഞു.
“കൊട്ടാരത്തില്‍ എത്തിയാല്‍ പിന്നെ ഇത് റാണിയുടേതാകും. ഓരോ വസ്ത്രവും സ്വന്തമെന്നോണമാണ് ഞാന്‍ നെയ്യുന്നത്. അതു തീര്‍ത്ത് ഉടമക്കു കൈമാറുമ്പോള്‍ മനസ്സിനുള്ളില്‍ പറയാനാവാത്ത ഒരു നൊമ്പരം ഉണ്ടാകും. എത്ര പ്രതിഫലത്തിനും ആ നൊമ്പരത്തെ മറികടക്കാനാവുകയില്ല.”
“ഇതിന് ചക്രവര്‍ത്തി ധാരാളം പണം തരുമായിരിക്കും അല്ലേ..?”ഹസീന പ്രതീക്ഷയോടെ ആരാഞ്ഞു.
“ആയിരിക്കും. അത്രമേല്‍ ശ്രദ്ധിച്ചാണ് ഇതിന്റെ ഓരോ നൂലും ഞാന്‍ പാകിയിട്ടുള്ളത്. ഇതിനു സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പറഞ്ഞേനെ ഈ സുള്‍ഫിക്കര്‍ എത്രമേല്‍ അവന്റെ കൈയ്യും മനസ്സും ഇതിനായി അര്‍പ്പിച്ചു എന്ന്. ഇതിനു കിട്ടുന്ന പ്രതിഫലം കൊണ്ടു വേണം എന്റെ ബീവിക്ക് ഒരു സമ്മാനം വാങ്ങുവാന്‍.”
സുള്‍ഫിക്കര്‍ ഹസീനയെ നോക്കി സ്നേഹത്തോടെ പറഞ്ഞു.
“ഒന്നും വേണ്ട എന്റെ പൊന്നേ...കിട്ടുന്ന പണം സൂക്ഷിച്ചു വെച്ചുവേണം നമ്മുടെ ഈ കുടിലിനു പകരം ഒരു കൊച്ചു വീടുണ്ടാക്കുവാന്‍.” ഹസീന അയാളുടെ തോളില്‍ തല ചായ്ച്ചു. .പിന്നെ പതുക്കെ ചെവിയില്‍ മന്ത്രിച്ചു.
“ആ വീട്ടിലുവേണം നമ്മുടെ കുഞ്ഞുങ്ങള്‍ പിറക്കുവാന്‍.“
“സംസാരിച്ചു നില്‍ക്കുവാന്‍ സമയമില്ല. നേരം പുലര്‍ന്നാലുടന്‍ ഞാന്‍ പുറപ്പെടുകയാണ് . മഹാരാജാവ് ദര്‍ബാറിന് പോകുന്നതിനു മുന്‍പ് എനിക്ക് ഇതു കാഴ്ച വെക്കണം. നിനക്കും കൊട്ടാരത്തിലേക്ക് പോകുവാനുള്ളതല്ലേ..?”
“അതേ പുലര്‍ന്നാലുടന്‍ എനിക്ക് പൂക്കള്‍ ശേഖരിക്കുവാന്‍ പോകണം.പിന്നീടവ കെട്ടിയെടുത്തശേഷം വേണം അന്തപ്പുരത്തില്‍ കൊണ്ടു കൊടുക്കുവാന്‍.“
അവര്‍ സംസാരിച്ചു കൊണ്ടിരിക്കേ കൊട്ടരത്തില്‍ നിന്നും പ്രഭാത മണി മുഴങ്ങി. ഉടനെ തന്നെ സുള്‍ഫിക്കര്‍ കൊട്ടാരത്തിലേക്ക് യാത്രയായി.
പൂക്കള്‍ അന്തപ്പുരത്തിലെ ദ്വാരകപാലകനെ ഏല്‍പ്പിച്ച് വീട്ടിലേക്ക് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഹസീനക്ക് തന്റെ നടത്തത്തിന് വേഗത പോരെന്നു തോന്നി.. മുകളില്‍ തിളക്കുന്ന സൂര്യന്‍. പക്ഷേ അതൊന്നും അവളെ തളര്‍ത്തിയില്ല. അവള്‍ കാലിയായ പൂക്കുട തലയില്‍ വെച്ച് സൂര്യതാപത്തെ തടഞ്ഞു. സുള്‍ഫി ഇപ്പോള്‍ വീട്ടിലെത്തിക്കാണും. എത്രയും പെട്ടെന്ന് സുള്‍ഫിക്കറുടെ അടുത്തെത്താനുള്ള വെമ്പലായിരുന്നു അവള്‍ക്ക്. എന്തു വിലപ്പെട്ട സമ്മാനമായിരിക്കും അദ്ദേഹത്തിനു ലഭിച്ചിരികുക…? സുള്‍ഫി ഇന്നേ വരെ നെയ്തിട്ടുള്ളതില്‍ ഏറ്റവും മനോഹരമായിരുന്നല്ലോ ആരും കൊതിച്ചു പോകുന്ന ആ ഉടയാട. മഹാരാജാവിന്റെ സമ്മാനം കാണുവാനുള്ള ആകാംഷയില്‍ അവള്‍ ഓടിയും നടന്നും വീട്ടിലേക്കു പാഞ്ഞു. വീടിനുള്ളിലേക്കു ഉത്സാഹത്തോടെ കയറവേ ഹസീന വിളിച്ചു ചോദിച്ചു.
“എന്തു പറഞ്ഞു ചക്രവര്‍ത്തി തിരുമനസ്സ്..? എന്തു സമ്മാനമാണ് കിട്ടിയത്..”?
ഒരു മറുപടിയും അവള്‍ക്കു ലഭിച്ചില്ല. വീടിനുള്ളില്‍ നിശ്ശബ്ദത. ആ നിശ്ശബ്ദത അവളുടെ ഉത്സാഹമെല്ലാം ചോര്‍ത്തിക്കളഞ്ഞു. കുടിലിനുള്ളിലെങ്ങും സുള്‍ഫിയെ കണ്ടില്ല. അവള്‍ വീടിനോടു ചേര്‍ന്നുള്ള നെയ്ത്തു പുരയിലും അയാളെ തേടി. അയാള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് അവള്‍ക്ക് മനസ്സിലായി. അവള്‍ തിരിച്ചെത്തും മുന്‍പേ തിരിച്ചെത്തേണ്ട ആളാണ് . രണ്ടു പേരും കൊട്ടാരത്തിലേക്കാണ് പോയതെങ്കിലും അന്തപ്പുരത്തിലേക്കുള്ള കവാടം വേറെയായതു കൊണ്ട് തമ്മില്‍ കാണുവാന്‍ കഴിയുമായിരുന്നില്ല. .ഇനിയിപ്പോള്‍ കൊട്ടാരത്തില്‍ നിന്നും കിട്ടിയ പ്രതിഫലം കൊണ്ട് തനിക്ക് സമ്മാനമെന്തെങ്കിലും വാങ്ങുവാന്‍ പോയിരിക്കുമോ..? വന്ന് വിശേഷങ്ങള്‍ പറയാതെ അങ്ങനെ എങ്ങും പോകാറില്ലല്ലോ..?. ഇന്നിപ്പോള്‍ എന്താണാവോ....? ഹസീന ആകെ വിഷമത്തിലായി.
സുള്‍ഫിക്കറെ കാത്ത് അവള്‍ കുടിലിനുള്ളില്‍ അക്ഷമയായി സമയം പോക്കി. പകല്‍ സ്ന്ധ്യക്കു വഴിമാറുവാന്‍ തുടങ്ങിയപ്പോള്‍ ഹസീന തെരുവിലെക്കിറങ്ങി. ജോലി കഴിഞ്ഞു വരുന്ന മണ്പാത്രക്കാരന്‍ ഹുസൈനോടും പാല്‍ക്കാരന്‍ മഹേന്ദ്രനോടും അവള്‍ സുല്‍ഫിക്കറെക്കുറിച്ച് അന്വേഷിച്ചു. അവരാരും ഇന്ന് അവനെ കണ്ടിട്ടില്ല.
പാണ്ടികശാലയില്‍ നിന്നും വില്‍പ്പന കഴിഞ്ഞ് പോകുന്ന കച്ചവടക്കാരുടെ ഒട്ടക വണ്ടികള്‍ നിരയായി അവളെ കടന്നു പോയി. തെരുവു വിജനമാകുവാന്‍ തുടങ്ങി. പടിഞ്ഞാറേക്കു ചാഞ്ഞ സൂര്യന്‍ ചക്രവാളത്തില്‍ മറഞ്ഞു കഴിഞ്ഞു. ഇനി എന്തു ചെയ്യണമെന്നറിയാതെ അവള്‍ വഴിയോരത്തെ ഇരുളില്‍ പകച്ചു നിന്നു.
ഇനിയിപ്പോള്‍ കൊട്ടാരത്തില്‍ നിന്നും തിരിച്ചു വന്നില്ലായിരിക്കുമോ...? ചക്രവര്‍ത്തി വിശേഷാല്‍ എന്തെങ്കിലും ജോലി കൊടുത്തിരിക്കും. ജോലി തീര്‍ത്ത് നാളെ അദ്ദേഹം എത്തുമായിരിക്കും എന്ന് സ്വയം സമാധാനിച്ച് അവള്‍ വീട്ടിലേക്കു പോയി. നാളെ അതീവ സന്തോഷത്തില്‍ വീട്ടില്‍ വന്നു കയറുന്ന സുള്‍ഫിയുടെ മുഖം അവള്‍ സങ്കല്‍പ്പിച്ചു. എങ്കിലും സുള്‍ഫിക്കറുടെ അഭാവം അവളെ അതീവ ദുഖിതയാക്കി. രാത്രി ഉറക്കം വരാതെ അവള്‍ കനത്ത ഇരുളിലേക്ക് നോക്കി കിടന്നു.ആദ്യമായിട്ടാണ് സുള്‍ഫിയില്ലാതെ ആ വീട്ടില്‍ ഒരു രാവ് അവള്‍ തള്ളി നീക്കുന്നത്. എന്തെന്നില്ലാത്ത ഒരു വ്യഥയുടെ ഇരുള്‍ അവളുടെ മനസ്സില്‍ നിറഞ്ഞു നിന്നു.
പിറ്റെ ദിവസം അതിരാവിലെ തന്നെ പൂക്കള്‍ ശേഖരിച്ച് ഹസീന കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. പതിവുപോലെ അന്തപ്പുരത്തിലെ ദ്വാരകപാലകനെ പൂക്കള്‍ ഏല്‍പ്പിച്ചു. പണം കിട്ടിയിട്ടും തിരികെപ്പോകാതെ നിന്ന ഹസീനയോട് അയാള്‍ ആരാഞ്ഞു.
“എന്താ..ഹസീനാ ഇന്നു നിനക്ക് പണം കുറഞ്ഞു പോയോ..?”
“അതല്ല..“അവള്‍ പതുക്കെ പറഞ്ഞു. “എന്റെ ഭര്‍ത്താവ് ഇന്നലെ മഹാറാണിക്കുള്ള ഉടയാട നെയ്തു കൊണ്ടു വന്നിരുന്നു. ഇതുവരെ അദ്ദേഹം തിരികെ എത്തിയിട്ടില്ല. അദ്ദേഹം എവിടെയുണ്ടെന്ന് എങ്ങനെയാണ് അറിയുവാന്‍ കഴിയുക..?”
“ഓ..ആ നെയ്ത്തുകാരന്‍ സുള്‍ഫിക്കറിന്റെ ബീവിയാണോ..നീ..?” അയാള്‍ സഹതാപത്തോടെ ചോദിച്ചു
“അതേ...“ അവളുടെ തൊണ്ടയിടറി.
“അപ്പോള്‍ നീ വിവരമൊന്നും അറിഞ്ഞില്ലേ..? അവനെ ചക്രവര്‍ത്തി തുറുങ്കിലടച്ചു. പറഞ്ഞപോലെയല്ലത്രേ അവനതു നെയ്തത്. വെറുതെ സ്വര്‍ണ്‍ന നൂലും പട്ടും പാഴാക്കി കളഞ്ഞില്ലേ...? അവന്റെ ശിഷ്ട ജീവിതം ഇനി കാരഗ്രഹത്തില്‍. ജോലി അടിമകള്‍ക്കൊപ്പം. നീ ഇനി അവനെ കാക്കേണ്ട. ചക്രവര്‍ത്തി തിരുമനസ്സിന്റെ തീരുമാനമല്ലേ. ഇനി ആര്ക്കും ഒന്നും ചെയ്യാനാവില്ല.”
അയാള്‍ പറഞ്ഞ അവസാന വാക്കുകള്‍ ഹസീന കേട്ടില്ല. പൂക്കൂടയുമായി അവള്‍ ആ കവാടത്തിനു മുന്നില്‍ കുഴഞ്ഞു വീണു.
അന്നും ഹസീന പൂക്കള്‍ നിറച്ച പൂക്കൂടയുമായി വില്‍പ്പനക്കിറങ്ങി. വര്‍ഷങ്ങളെത്രയായി അവള്‍ ഏകാന്ത ജീവിതം നയിക്കുന്നു. എന്നും കൊട്ടാരത്തിലേക്ക് പൂക്കളുമായി പോകുമ്പോള്‍ അവനെ അവസാനമായി കണ്ട ദിവസം അവള്‍ ഓര്‍ക്കും. എങ്കിലും കൊട്ടരത്തിന്റെ പ്രവേശന കവാടം കാണുമ്പോള്‍ അവള്‍ ആശ്വസിക്കും.എന്റെ സുള്‍ഫി ഇവിടെ ജീവനോടെ ഉണ്ടല്ലോ. എന്നെങ്കിലും പരമകാരുണ്യവാനായ ദൈവം സുള്‍ഫിയെ എന്റെ മുന്‍പില്‍ കൊണ്ടുവരില്ലേ..?വരും എന്നു തന്നെ അവള്‍ ഉറച്ചു വിശ്വസിച്ചു.
അവന്റെ ആളനക്കമില്ലാത്ത നെയ്ത്തു പുര കാണുമ്പോള്‍ അവളുടെ ഹൃദയം നുറുങ്ങും. അവള്‍ എന്നും നെയ്ത്തുപുരയില്‍ പോയി അവന്റെ പ്രിയപ്പെട്ട നെയ്ത്തുതറി തുടച്ചു വൃത്തിയാക്കും. നെയ്ത്തുതറിക്കടുത്ത് നെയ്ത്തു സാമഗ്രികളും നൂലുകളും അവനെയും കാത്ത് അവിടെത്തന്നെയിരുന്നു. സുള്‍ഫി മടങ്ങിവന്ന് ഈ നെയ്ത്തുപുര സജീവമാകുന്ന നാളുകള്‍ അവള്‍ സ്വപ്നം കണ്ടു.
ഹസീനയുടെ കാത്തിരിപ്പില്‍ കാലം പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. ഇതിനിടെ ദേശത്ത് എന്തെല്ലാം സംഭവിച്ചു !!!! മഹാറാണി മുംതാസിന്റെ പെട്ടെന്നുള്ള മരണം. ആ അഘാതത്തില്‍ നിന്നും കൊട്ടാരം ഇപ്പോഴും ഉണര്‍ന്നിട്ടില്ല. വര്‍ഷമൊന്നു കഴിഞ്ഞിട്ടും ചക്രവര്‍ത്തി ഷാജഹാന്‍ അതീവ ദുഖിതനാണ് .
പൂക്കള്‍ വിറ്റ് ഒഴിഞ്ഞ പൂക്കൂടയുമായി രജവീഥിയിലൂടെ സാവധാനം നട്ക്കവേ പെട്ടെന്ന് നിരത്തില്‍ പൊടി പടലങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് നിരനിരയായി കുതിര വണ്ടികള്‍ അവളെ കടന്നു പോയി. എല്ലാ വണ്ടികളിലും ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. ഇവരെല്ലാം ഇതെവിടെപ്പോകുന്നു....? അവള്‍ ഒരു വഴി പോക്കനോട് തിരക്കി.
“അറിഞ്ഞില്ലേ.. ചക്രവര്‍ത്തി ഷാജഹാന്‍മുംതാസ് റാണിക്ക് സ്മാരകം നിര്‍മ്മിക്കുവാന്‍ പോകുന്നു. അതിന്റെ പണിക്കു യമുനാതീരത്തേക്കു പോകുന്ന അടിമകളാണ് ആ വണ്ടികള്‍ക്കുള്ളില്‍”
“നേരോ..ഞാനിതറിഞ്ഞതേ ഇല്ല..” പാഞ്ഞു പോകുന്ന വണ്ടികള്‍ക്കു നേരെ നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു.
പെട്ടന്ന് ഹസീനയുടെ മനസ്സിലേക്ക് ഒരു കുളിര്‍ കാറ്റു പരന്നു. . സൂള്‍ഫിക്കറും കാണുമായിരിക്കും ആ പണിക്കാരുടെ കൂടെ. ഓടിപ്പോകുന്ന ഓരോ കുതിര വണ്ടികളിലേക്കും അവള്‍ ആകാംഷയോടെ നോക്കി. അതിവേഗം പായുന്ന വണ്ടിയില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ആളുകള്‍ക്കിടിയില്‍ അവള്‍ക്ക് അവനെ കണ്ടുപിടിക്കാനായില്ല. ഒടുവില്‍ അവളെ നിരാശയാക്കി അവസാനത്തെ വണ്ടിയും കടന്നു പോയി. സുള്‍ഫിക്കറെ കണ്ടുപിടിക്കാനാവാതെ
അവള്‍ ആ വണ്ടികള്‍ക്കു പിന്നാലെ സമനില തെറ്റിയവളെപ്പോലെ ഓടി. ഒടുവില്‍ കുതിര
വണ്ടികളുയര്‍ത്തിയ ധൂളികള്‍ മാത്രം അവളുടെ ധൃഷ്ടി പഥത്തില്‍ നിന്നു. പിന്നെ അതും മറഞ്ഞു.
അവള്‍ ആ വണ്ടികള്‍ക്കു പിന്നാലെ സമനില തെറ്റിയവളെപ്പോലെ ഓടി. ഒടുവില്‍ കുതിര
വണ്ടികളുയര്‍ത്തിയ ധൂളികള്‍ മാത്രം അവളുടെ ധൃഷ്ടി പഥത്തില്‍ നിന്നു. പിന്നെ അതും മറഞ്ഞു.
കൊട്ടാരത്തിലെ പൂക്കാരി ഹസീന ഇപ്പോള്‍ യമുനാതീരത്തെ പൂക്കാരിയാണ്. എന്നെങ്കിലും സൂഫിക്കറെ കാണ്ടുമുട്ടാം എന്ന പ്രതീക്ഷയില്‍ എന്നും പൂ വില്‍പ്പന കഴിഞ്ഞ് അവള്‍ പണി നടക്കുന്ന മന്ദിരത്തിന്റെ പരിസരത്ത് പോയി നിലക്കും. അവിടെ പല ദേശത്തുനിന്നുമുള്ള അനേകായിരം ജോലിക്കാര്‍. അപരിചിതമായ വസ്ത്ര രീതികളും ഭാഷയും ഉള്ളവര്‍. അവള്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്ഥമായ ഒരു ലോകം. പണി നടക്കുനതിനടുത്തേക്ക് അന്യര്‍ക്കു പ്രവേശനമില്ല. ആയിരങ്ങള്‍ പണിയുന്നിടത്തു സുള്‍ഫി ഉണ്ടെങ്കില്‍ത്തന്നെ എങ്ങനെ കണ്ടുപിടിക്കാനാണ്..?
പണിക്കാവശ്യമായ വെള്ളം അടിമകള്‍ യമുനാ നദിയില്‍ വന്നാണ് എടുക്കുന്നത്. പ്രതീക്ഷ കൈവെടിയാതെ അവര്‍ക്കിടയിലും അവള്‍ എന്നും അവനെ അന്വേഷിച്ചു കൊണ്ടിരുന്നു. പക്ഷേ അവള്‍ പറഞ്ഞ ലക്ഷണങ്ങളുള്ള സുള്‍ഫിക്കറെ ആര്‍ക്കും അറിയില്ല. അവളുടെ മുന്നില്‍ സംവത്സരങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.
ഇപ്പോള്‍ സ്മാരക മന്ദിരത്തിന്റെ പണി മിക്കവാറും കഴിയാറായിരിക്കുന്നു. കാലം അവളില്‍ വളരെയേറെ മാറ്റം വരുത്തിയിരിക്കുന്നു നീണ്ട കാത്തിരിപ്പിനിടെ . അവളുടെ യൌവ്വനം വാര്‍ധക്യത്തിനു വഴി മാറി. നീണ്ടു ചുരുണ്ട സമൃദ്ധമായ മുടി വെള്ളി കെട്ടി ശുഷ്കമായി. കാഴചക്കും മങ്ങലേറ്റിരിക്കുന്നു. എങ്കിലും ആ നയനങ്ങള്‍ പ്രതീക്ഷാ നിര്‍ഭരമായിരുന്നു.
ഒരിക്കല്‍ യമുനാതീരത്തു കണ്ടുമുട്ടിയ യൂസഫ് എന്ന അടിമ തനിക്ക് ഒരു സുള്‍ഫിക്കറെ അറിയാം എന്നവളോട് പറഞ്ഞു. അത് അവളില്‍ വലിയ പ്രതീക്ഷയുണ്ടാക്കി. കോമളനായ തന്റെ സുള്‍ഫിയെപ്പറ്റി അവള്‍ അവനെ വര്‍ണ്ണിച്ചു കേള്‍പ്പിച്ചു.
“അല്ല. നീ പറഞ്ഞതു പോലെയല്ല ഈ സുള്‍ഫിക്കര്‍. ഇതു വേറെയാരോ… ”യൂസഫ് പറഞ്ഞു.
“എന്റെ സുള്‍ഫി നെയ്ത്തുകാരനായിരുന്നു. അലങ്കാര വേലകളിലും കേമനായിരുന്നു.” ഹസീന അഭിമാനത്തോടെ പറഞ്ഞു.
“ഓ….ഇപ്പൊള്‍ എനിക്ക് മനസ്സിലായി. അയാള്‍ തന്നെ നിന്റെ സുള്‍ഫി..“
“ഉവ്വോ…?”
തന്റെ കാത്തിരിപ്പിന്റെ അവസാനമായതിന്റെ സന്തോഷത്തില്‍ ഹസീനക്ക് ശ്വാസം നിലച്ചുപോകും എന്നു തോന്നി.
“പക്ഷേ നീ വിചാരിക്കുന്നതു പോലല്ല അവനിപ്പോള്‍. വൃദ്ധനായിരിക്കുന്നു. വര്‍ഷങ്ങളായി പൊരി വെയിലിലെ പണി അവന്റെ അരോഗ്യമെല്ലാം നശിപ്പിച്ചിരിക്കുന്നു.”
അത് കേട്ട് അവളുടെ മനസ്സു നിശ്ശബ്ദം നിലവിളിച്ചു. പക്ഷേ സുള്‍ഫി ഇവിടെയുണ്ടെന്ന് ഇപ്പോഴെങ്കിലും അറിയാന്‍ സാധിച്ചല്ലോ. അതവളെ അഹ്ലാദ പുളകിതയാക്കി.
“നിനക്ക് സുള്‍ഫിക്കറെ കാണണമെന്ന് ആഗ്രഹമുണ്ടോ ..?”
“ഉണ്ടെന്നോ..? ഇത്രയും കാലം ഈ ഹസീന ജീവിച്ചിരുന്നതു സുള്‍ഫിയെ ഒരു നോക്കു കാണുന്നതിനു വേണ്ടിയാണ്‍ സഹോദരാ..“.
“അലങ്കാരവേലയില്‍ വിദഗ്ദനായതു കൊണ്ട് സുള്‍ഫിക്കറിനു ഞങ്ങളെപ്പോലെ കല്ലും വെള്ളമൊന്നും ചുമക്കേണ്ട. അവന്‍ എപ്പോഴും രണ്ടു മൂന്നു സഹായികളും കാണും. ഇപ്പോള്‍
യമുനയുടെ വശത്തെ മിനാരത്തിലാണ് പണി ചെയ്യുന്നത്. വെളിയില്‍ നിന്ന് നോക്കിയാല്‍ അവനെ കാണുവാന്‍ സാധിക്കും. അവിടെ ഇപ്പോള്‍ അധികം പണിക്കാരില്ല. “
യമുനയുടെ വശത്തെ മിനാരത്തിലാണ് പണി ചെയ്യുന്നത്. വെളിയില്‍ നിന്ന് നോക്കിയാല്‍ അവനെ കാണുവാന്‍ സാധിക്കും. അവിടെ ഇപ്പോള്‍ അധികം പണിക്കാരില്ല. “
“ഈ മനുഷ്യരുടെ ഇടയില്‍ നിന്ന് ഞാന്‍ എങ്ങനെ സുള്‍ഫിയെ കണ്ടുപിടിക്കും….?എത്രയോ വര്‍ഷങ്ങളായി ഞാന്‍ അതിനു ശ്രമിക്കുന്നു.”
“അതിനെന്താ പ്രയാസം…? അവന്‍ എപ്പോഴും ചുവന്ന തലപ്പാവാണ് ധരിക്കുന്നത്.“
“അതെയോ…? പണ്ടേ ചുവന്ന തലപ്പാവായിരുന്നു സുല്‍ഫിക്ക് പ്രിയം” അവള്‍ സന്തോഷത്തോടെ പറഞ്ഞു.
“ഇനി കാണുമ്പോള്‍ നിന്നെ കണ്ട കാര്യം അവനോടു പറയാം.”
“ജീവനുണ്ടെങ്കില്‍ ഞാന്‍ കാത്തിരിക്കും എന്ന് അദ്ദേഹത്തിനറിയാം. ഞാന്‍ ഈ യമുനയുടെ തീരത്തു തന്നെ ജീവിച്ചിരിപ്പുണ്ട്. എന്നു പറഞ്ഞാല്‍ മതി.” ഹസീന നന്ദിയോടെ അയാളെ അറിയിച്ചു.“
“പണി തീരുമ്പോള്‍ ഞങ്ങളെയെല്ലാം മോചിപ്പിക്കുമായിരിക്കും. എന്നാണെല്ലാവരും പറയുന്നത്.”
അയാള്‍ പ്രതീക്ഷയോയ്ടെ അവളോടു പറഞ്ഞു. ആ വാര്‍ത്ത അവളിലും ശുഭ പ്രതീക്ഷ യുണ്ടാക്കി.
അടുത്ത ദിവസം യമുനയുടെ വശത്തെ മിനാരത്തില്‍ പണി ചെയ്യുന്ന ചുവന്ന തലപ്പാവു ധാരിയെ ഹസീന കണ്ടു പിടിച്ചു. അതേ...അതു തന്റെ സുള്‍ഫി തന്നെ. അവളുടെ ഹൃദയമിടിപ്പ് ശക്തിയായി . നിരന്തരമായ കഠിന ജോലി മൂലം അയാളുടെ ശരീരം കൂനിപ്പോയിരുന്നു. എങ്കിലും ഹസീനക്ക് അവളുടെ സുള്‍ഫി തിരിച്ചറിയാതിരിക്കാനാവുമോ..? ഇത്രയും വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അദ്ദേഹത്തെ ദൈവം അവളുടെ കണ്മുന്നില്‍ എത്തിച്ചല്ലോ. തന്റെ കാത്തിരിപ്പിന് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും ഫലമുണ്ടായല്ലോ. അവള്‍ മുകളിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൃഷ്ടാവിന് നന്ദി പറഞ്ഞു.
പിന്നീടുള്ള അവളുടെ ജീവിതം ആ ചുവന്ന തലപ്പാവു രൂപത്തെ ചുറ്റിപ്പറ്റിയായി. യമുനയുടെ തീരത്തെ ആ പൂക്കാരി വൃദ്ധ എപ്പോഴും തലയുയര്‍ത്തി മിനാരത്തെ നോക്കിക്കൊണ്ടിരുന്നു. ആ ചുവന്ന തലപ്പാവ് ചലിക്കുമ്പോള്‍ അവളുടെ നരച്ചു തുടങ്ങിയ മിഴിയിണകള്‍ തുടിക്കും. ഇടക്കിടക്ക് ആ ചുവന്ന തലപ്പാവു രൂപം തല ഉയര്‍ത്തി ദൂരെക്കു നോക്കുന്നത് അവള്‍ കാണും. താനിവിടെയുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരിക്കുമോ..? തന്നെ അദ്ദേഹത്തിന് കാണുവാന്‍ സാധിക്കുന്നുണ്ടാകുമോ..? ശബ്ദവീചികള്‍ക്ക് എത്താനാവാത്ത ദൂരെ നില്‍ക്കുന്ന സുള്‍ഫിയെ നോക്കി ഹസീനയുടെ മനസ്സ് ഉച്ചസ്ഥായിയില്‍ വിളിച്ചു കൂവും.
“സുല്‍ഫീ…ഇവിടെ നോക്കു …ഇവിടെ….ഞാനിവിടെയുണ്ട്….“
“സുല്‍ഫീ…ഇവിടെ നോക്കു …ഇവിടെ….ഞാനിവിടെയുണ്ട്….“
തന്റെ വസന്തകാലം തിരിച്ചു വന്നതായി ഹസീനക്ക് അനുഭവപ്പെട്ടു.
നാളുകള്‍ നീങ്ങവേ പെട്ടൊന്നൊരു ദിവസം ആ ചുവന്ന തലപ്പാവ് മിനാരത്തില്‍ മുകളില്‍ കാണാതായി. സുള്‍ഫിയുടെ ജോലി വേറെയിടത്തേക്ക് മാറിയിരിക്കും. ഹസീന വിചാരിച്ചു. ഇനി എവിടെ നോക്കിയാലാണ് തനിക്ക് സുള്‍ഫിയെ കാണുവാന്‍ സാധിക്കുക..? അവനെ കാണാതെ ഒരു നാഴിക പോലും തള്ളി നീക്കാനാവാതെ അവള്‍ വിഷമിച്ചു. ഇത്രയും വര്‍ഷങ്ങള്‍ അദ്ദേഹത്തെ കാണാതെ താന്‍ എങ്ങനെ ജീവിച്ചു എന്നത് അവളെത്തന്നെ അതിശയിപ്പിച്ചു. അവള്‍ യമുനാതീരത്ത് വെള്ളമെടുക്കുവാന്‍ വരുന്ന യൂസഫിനെ കാത്തിരുന്നു.
“എന്റെ സുള്‍ഫി എങ്ങോട്ടു മാറിപ്പോയി എന്നു പറയൂ….സഹോദരാ…അദ്ദേഹത്തെ കാണാതെ എനിക്കു ജീവിക്കാനാവുന്നില്ല.“
യൂസഫ് അവളെ സഹതാപത്തോടെ നോക്കി.മറുപടി പറയാനാവാതെ കുഴങ്ങി
“എന്താ…നിങ്ങള്‍ ഒന്നും പറയാത്തത്..? എന്റെ സുള്‍ഫി എവിടെ…? അദ്ദേഹത്തിന്റെ രൂപം ദൂരെ നിന്നു കണുമ്പോഴെല്ലാം എന്റെ കൂടെത്തന്നെയുണ്ടെന്നു കരുതിയാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്.
യൂസഫ് ദുഖത്തോടെ പറഞ്ഞു.
“അക്കാര്യം നീ അറിഞ്ഞെന്നാണ് ഞാന്‍ കരുതിയത്. കഴിഞ്ഞ ദിവസം മിനാരത്തിനു മുകളില്‍ കയറുമ്പോള്‍ സുള്‍ഫിക്കര്‍ കാല്‍ വഴുതി വീണു.”
“എന്നിട്ട്..?” ഒരു ഞെട്ടലോടെ ഹസീന ചോദിച്ചു.
യൂസഫിനു മറുപടിയുണ്ടായില്ല. അയാള്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
ഹസീന വര്‍ഷങ്ങളായി മനസ്സില്‍ മനോഹരമായി കെട്ടിപ്പൊക്കി സൂക്ഷിച്ചിരുന്ന സ്നേഹ സൌധം തകര്‍ന്നടിഞ്ഞു. അവള്‍ ഒരു തളര്‍ച്ചയോടെ യമുനാതീരത്തെ പൂഴി മണ്ണിലേക്കിരുന്നു. മുന്നില്‍ ഒന്നുമറിയാതെ ഒഴുകുന്ന യമുന. അതിലെ ഓളങ്ങള്‍ക്ക് അവളെ ആശ്വസിപ്പിക്കാനാവുമോ..?
സുള്‍ഫിയുടെ മാന്ത്രിക വിരലുകള്‍ മനോഹരമാക്കിയ സ്മാരക സൌധത്തെ അവള്‍ തല ഉയര്‍ത്തി നോക്കി. ഇല്ല സുള്‍ഫി മരിച്ചിട്ടില്ല….എന്റെ മനസ്സില്‍ സുള്‍ഫിക്കു മരണമില്ല...നമ്മുടെ സ്നേഹത്തിനു മരണമില്ല…. അവള്‍ ഒരു സ്വപ്നാടകയെപ്പോലെ ആ സ്മാരക സൌധത്തിനടുത്തേക്ക് നടന്നു.
പണിപൂര്‍ത്തിയായ താജ്മഹല്‍ എന്ന വെണ്ണക്കല്‍ സൌധം പൌര്‍ണ്ണമി ദിനങ്ങളിലെ ചന്ദ്രികയില്‍ വെട്ടിത്തിളങ്ങി. അത്രയും മനോഹരമായ ഒരു സൌധം ലോകത്തെങ്ങുമുണ്ടായിരുന്നില്ല. അതിന്റെ കീര്‍ത്തി ലോകമെങ്ങും പരന്നു. വിദൂര ദേശങ്ങളില്‍ നിന്നും സഞ്ചാരികള്‍ ആ മനോഹര സൌധം കാണുവാനെത്തിക്കൊണ്ടിരുന്നു. അതിനുള്ളില്‍ മുംതാസ് മഹാറാണി അന്ത്യ നിദ്രയില്‍ കിടന്നു. അവളെ ജീവനു തുല്യം സ്നേഹിച്ച ഖുറം രാജകുമാരന്‍ എന്ന ഷാജഹാന്‍ യമുനയുടെ മറുതീരത്തെ തന്റെ തടവറയില്‍ കിടന്ന് ആ സ്നേഹ സൌധത്തെ നോക്കി തന്റെ ശിഷ്ട കാലം കഴിച്ചു.
താജ്മഹലിനു മുന്നിലെ തെരുവോരത്ത് ഹസീന എന്ന വൃദ്ധ ആരോരുമില്ലാതെ മൃത പ്രായായി കിടന്നു. മരണം ആസന്നമായിരുന്നിട്ടും അവളുടെ പ്രഞ്ജ മറഞ്ഞിരുന്നില്ല. കാഴ്ച തീരെ മങ്ങിയെങ്കിലും അവള്‍ മനോഹരമായ താജ്മഹലിനെ നോക്കി കിടന്നു. അതു ജീവനുതുല്യം സ്നേഹിച്ചിരുന്ന ഹസീന എന്ന ഭാര്യയുടെയും സൂള്‍ഫിക്കര്‍ എന്ന ഭര്‍ത്താവിന്റെയും സ്നേഹ സ്മാരകമാണെന്ന് മരണ സമയത്തും അവള്‍ വിശ്വസിച്ചു.
@ റോസാപ്പൂക്കള്‍
42 Comments, Post your comment:
താജ്മഹല്‍ പോലെ മനോഹരം ഈ കാത്തിരിപ്പിന്റെ കഥ
അനന്തമായ കാത്തിരിപ്പിന്റെ കഥ, നെടുവീർപ്പിന്റെയും.
ആശംസകൾ.
Sulthan | സുൽത്താൻ
മനോഹരമായിരിക്കുന്നു..! ഷാജഹാന്റെ പ്രണയത്തിനു സമാന്തരമായി അതിനേക്കാൾ
ഊഷ്മളമായ, വിരഹാർദ്രമായ മറ്റൊരു പ്രണയത്തെ സങ്കല്പിച്ചുവല്ലോ..?
സുന്ദരമായ ഭാവന തന്നെ..!കാലത്തിലൂടെ
പിന്നിലേക്കു സഞ്ചരിക്കാനുള്ള കഴിവും വികാരനിർഭരമായ പരിചരണവും ഈ കഥയ്ക്കും
താജിന്റെ അഭൌമസൌന്ദര്യം നൽകുന്നു.!!
bhayangaram! valare vishadam thonni!
മനോഹരമായിരിക്കുന്നു ഈ കഥ, ഭാവനയിലൂടെ പിറകോട്ടു സഞ്ചരിച്ചു ഹൃദയഹാരിയായ ഒരു സമാന്തര പ്രണയ കഥ തീര്‍ത്തിരുക്കുന്നു.
ആശംസകള്‍.
മനോഹരമായി പറഞ്ഞു.. അഭിനന്ദനങ്ങൾ
ഷാജഹാന്റെതിനേക്കാള്‍ തീവ്രമായി ഹസീനയുടെ പ്രണയം !
ചരിത്രത്തിലൂടെ സഞ്ചരിച്ചു,മനോഹരമായ പ്രണയകഥ പറഞ്ഞതിന് അഭിനന്ദനങ്ങള്‍....
താജ്മഹലെന്നാല്‍ മുംതാസും ഷാജഹാനും മാത്രമായിരുന്നു എനിക്ക് ഇതുവരെ..... താജ്മഹലിന്റെ പ്രൗഢിയുടെ പിന്നില്‍ തീവ്രമായ മറ്റൊരു ഒരു പ്രണയകഥ പറഞ്ഞുതന്നതിന് നന്ദി.... അഭിനന്ദനങ്ങള്‍
പണക്കൊഴുപ്പില്‍ തിമിര്‍ത്ത താജ്മഹലിന്റെ നാരായവേരുകളില്‍ കുരുങ്ങിക്കിടന്ന് ആട്ടും തുപ്പും സഹിക്കേണ്ടിവന്ന അടിമകളുടെ മനസ്സിലെ സ്നേഹ സ്മാരകം ഒരു നോക്ക് കാണലിന് വേണ്ടി തുടി കൊണ്ടിയ കഥ. അവസാനം ഒരു നൊമ്പരം പോലെ വേരറ്റു വീഴുമ്പോള്‍ കഥ അവസാനിക്കുന്നു.
നന്നായ്.
വളരെ നന്നായി...ആശംസകള്‍.
വളരെ നല്ല ഒരു തീം.
വീണ്ടും താജ് മഹല്‍ കാണുമ്പൊള്‍
മുംതാസിനും ഷാജഹാനും ഒപ്പം
ഒരു പാട് പ്രണയിനികളുടെ ഓര്‍മ്മ
മനസ്സിനെ പുണരുന്നുണ്ടാവാം.....
അവതരണം ഒന്നു കൂടി നന്നായിരുന്നെങ്കില്‍
ഈ കഥ ഇതിലും വലിയ ഒരു അനുഭവം ആയെനെ....
നന്ദി ...അഭിനന്ദനങ്ങള്‍ ; റോസാപ്പൂക്കാള്‍...
നന്നായി പറഞ്ഞു … ആശംസകള്‍
നല്ല രസം വായിക്കാന്‍,
ഷാജഹാന്‍ -മുംതാസിനേക്കാളും മനസ്സില്‍ തട്ടിയ ഒരു പ്രണയം ഹസീന-സുള്‍ഫിക്കര്‍ ..!!
thanks my dear friends
അടുത്ത് കാലത്ത് വായിച്ച ഏറ്റവും നല്ല കഥ. കൊതിയാവുന്നു ആ എഴുത്തു കണ്ടിട്ട്. പിന്നെ മുന്താസ് എന്നാണോ എഴുതുന്നത് മുംതാസ് എന്നല്ലേ..ഒരു സംശയം...ആരോടെങ്കിലും അഭിപ്രായം ചോദിച്ച് തിരുത്തിക്കോളൂ
നല്ല കഥ.
കുറച്ചു കൂടി ചെറുതാക്കാമായിരുന്നു.
നല്ല ഭാവനയും ഭാഷയും.
അഭിനന്ദനങ്ങൾ
thaj mahal sulfiyudeyum haseenayudeyum pranayathinte smarakam thanne......
താജ്മഹൽ പോലെ സുന്ദരം അല്ലെങ്കിൽ അതിനേക്കാൾ പ്രണയത്തിനു എപ്പോഴും ഒരു മുഖമാണു പ്രണയത്തിന്റെ മുഖം അതിനു പ്രായമോ ജാതിയോ ഒന്നും പ്രശനമല്ല ആ കാത്തിരിപ്പിനും ഒരു സുഖമുണ്ട് ആശംസകൾ പ്രാർഥനകൾ....
വളരെ മനോഹരം ...നന്നായി അവതരിപ്പിച്ചിരിക്കുന്നു .....ആശംസകള്‍
'അതു ജീവനുതുല്യം സ്നേഹിച്ചിരുന്ന ഹസീന എന്ന ഭാര്യയുടെയും സൂള്‍ഫിക്കര്‍ എന്ന ഭര്‍ത്താവിന്റെയും സ്നേഹ സ്മാരകമാണെന്ന് മരണ സമയത്തും അവള്‍ വിശ്വസിച്ചു.'
എനിക്കും ഇപ്പൊ അങ്ങനെ വിശ്വസിക്കാനാണ് തോന്നുന്നത്..
ഭയങ്കര എഴുത്ത്..
വെട്ടിമാറ്റാന്‍ ഒരു വാക്കു പോലും ഏറെയില്ല.
വായിച്ചു വായിച്ചു തീര്‍ന്നതറിഞ്ഞില്ല.
ഹസീനയും
സുല്‍ഫിയും
നൊമ്പരമായി ബാക്കി നില്‍ക്കുന്നു..
ഭാവുകങ്ങള്‍..
വളരെ മനോഹരമായൊരു പ്രണയകാവ്യം പോലെ..
വിരഹവും നൊമ്പരവും കലര്‍ന്ന ഒരു പ്രണയകഥ...
വളരെ നന്നായി റോസാപ്പൂക്കള്‍...
kadha nannayi.....nalloru pranaya kadha..kaathiripinte kada..
വളരെ നൊംബരത്തോടുകൂടിയാണ് മുഴുവനും വായിച്ച് തീർത്തത്!
നാന്നായി വളരെ നന്നായി. നന്ദി.
കമന്റ് എഴുതാനാവുന്നില്ല......
കഥ ഒത്തിരി ഇഷ്ടമായി...കുഞ്ഞു നാളില്‍ കണ്ട താജ് മഹല്‍ ഒരിക്കല്‍ കൂടി കണ്മുന്നില്‍ തെളിഞ്ഞു.....സസ്നേഹം
കഥ നന്നായി റോസ് !
ഈ കഥയെ കുറിച്ച് വട്ടന്‍ എന്ന ബ്ലോഗില്‍ ഞാന്‍ പറഞ്ഞ അഭിപ്രായത്തിനു അവര്‍ തന്ന മറുപടിയാണ് താഴെ ആ അഭിനന്ദനം ഇവിടെ അറിയിക്കുന്നു.
----------------------------------------------------------------------------------------------------------------------
“”ഞാനും വായിച്ചതാ ഹംസ, സുള്‍ഫീക്കറിന്റെയും ഹസീനയുടെയും പ്രണയം. അങ്ങനെ പറയാന്‍ കഴിയാത്ത നൂറു നൂറു കഥകള്‍ക്ക് മുകളിലാണ് ഷാജഹാന്‍ താജിനെ ഉയര്‍ത്തിയത്... റോസാപൂക്കളെ അഭിനന്ദനങള്‍. അയാള്‍ ആരാണെന്നറിയില്ല. എങ്കിലും നല്ലൊരു കഥ തന്നതിന്റെ നന്ദി എന്നില്‍ ഉണ്ട്. ഈ വഴി വന്നു എനിക്ക് റോസാപ്പൂക്കളുടെ നറുമണം തന്ന ഹംസയോടും“”
കഥ ഇഷ്ട്ടമായി നന്നയി തന്നെ പറഞ്ഞു
എല്ലാവര്‍ക്കും കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
ഹംസക്ക് നന്ദി
വളരെ മനോഹരമായിരിക്കുന്നു .
സമന്തരമായൊരു പ്രണയവും കാത്തിരിപ്പും
ആശംസകള്‍
ഹൃദയസ്പർശിയായ അവതരണം. അഭിനന്ദനങ്ങൾ
@ എറക്കാടൻ,
മുംതാസ് തന്നെ ശരി.. മുന്താസല്ല
നന്നായിരിക്കുന്നു റോസ്
നിസ്സാര കാര്യങ്ങള്‍ക്ക് പോലും തടവും വധശിക്ഷയും
വിധിച്ചിരുന്ന ചക്രവര്‍ത്തിമാര്‍ക്ക് പ്രജകളുടെ മനോവേദന മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സാമ്രാജ്യത്വം തുലയട്ടെ എന്ന മുദ്രാവാക്യം അന്ന് തടവറയില്‍ കഴിഞ്ഞ ഹതഭാഗ്യരുടെ മനസ്സില്‍
ഉടലെടുത്തതാവണം. മനോഹരമായ ഒരു പ്രണയകഥ വായിക്കാനായി എന്ന സന്തോഷം ഉണ്ട്.
Palakkattettan.
പാവം :(
സ്വപ്ന സുന്ദരമായ ഭാവന.....
സുല്‍ഫി തടവിലാകുന്ന ഭാഗത്ത് അല്പം ധൃതി കാട്ടി എന്നു തോന്നി, അതൊഴിച്ചാല്‍ മനോഹരമായ കഥപറച്ചില്‍.
താജ്മഹല്‍ ഉറപ്പായും ഒന്നിലധികം സുല്‍ഫിമാരുടെയും ഹസീനമാരുടെയും സ്മാരകം കൂടിയാവും.
ഹൃദയസ്പർശിയായ ഒരു പ്രണയകഥ.. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു...
സുന്ദരമായ ഭാവന. നന്നായിരിക്കുന്നു.
ഭാവുകങ്ങള്‍!
എങ്കിലും ഞങ്ങളുടെ പേരുകള്‍ ഇതിനകത്ത് എങ്ങനെവന്നു?
-സുല്‍
ഇനിയിപ്പോ തജ്മഹലെന്നു കേള്‍ക്കുമ്പോ
ഹസീന-സുള്‍ഫിക്കര്‍ പ്രണയമാവും മനസ്സിലെത്തുക..
മനസ്സില്‍ പതിഞ്ഞു പോയ ചില ചിത്രങ്ങള്‍ ഒരു കഥ കൊണ്ട്
മാറ്റി മറിച്ച ആ ഭാവനാ വിലാസം സ്തുത്യര്‍ഹം തന്നെ...
ആയിരം അഭിനന്ദനങ്ങള്‍ !!!!
ഈ തീഷ്ണ ഭാവം ചോരാതെ തന്നെ വിവരണം അല്പം ചെറുത് ആകാമായിരുന്നു.
അതിനുള്ള കഴിവ് വാചകങ്ങള്‍ക്ക് ഉണ്ടല്ലോ..യമുനാ തീരത്ത് ഇരുന്നു
താജ് മഹലിനെ ഈ ഹസീനയുടെ കണ്ണുകളിലൂടെ കാണുമ്പോള്‍ ഷാജഹാനോട്
പലപ്പോഴും വിദ്വേഷം തോന്നുന്നു.അവസാനം തടവറയില്‍ കിടന്നു ഈ മനോഹര
സൗധത്തെ നോക്കി കാണേണ്ടി വന്നത് അയാള്കുള്ള വലിയ ശിക്ഷ.ഇങ്ങനെ
എത്രയോ ആയിരക്കണക്കിന് ദുഖങ്ങളുടെ മുകളില്‍ ആണ് അത് പണിതു ഉയര്‍ത്തിയത്..
ഒരു മുംതാസിനു വേണ്ടി (അതും അയ്യാളുടെ മാത്രം മുംതാസ്) രാജ്യം കുട്ടിചോര്
ആക്കാന്‍ സത്യത്തില്‍ ഷാജഹാന് അവകാശം ഇല്ലായിരുന്നു..
Titanic അത്യാഹിതത്തിന്റെ മറവില്‍ ഒരു മനോഹര പ്രണയകഥ പറഞ്ഞു James cameron! മുങ്ങിപ്പോകുന്ന കപ്പലിന്റെ കഥ മുന്‍പും നമ്മള്‍ കേട്ടിട്ടുണ്ട്. അത് വെറും ഒരു മുങ്ങിപോകലായിരുന്നെങ്കില്‍ (Titanic കപ്പലായാല്‍ പോലും)നമ്മളെ ആകര്‍ഷിച്ചെന്ന് വരില്ല. (ചരിത്രകഥ സത്യസന്ധമായി പറഞ്ഞത് കൊണ്ടാണ് പഴശ്ശിരാജ അത്രക്കങ്ങ് ദഹിക്കാതെ പോയത്,അതും മഹാരഥന്മാര്‍ അതിനു പുറകില്‍ ഉണ്ടായിട്ടും!) അവിടെയാണ് യുവമിഥുനങ്ങളുടെ നൊന്വരങ്ങള്‍ ഇഴചേര്‍ത്ത James ന്റെ മികവ് വെളിപ്പെടുന്നത്. അതും ഇതും തമ്മിലുള്ള ബന്ധം നിങ്ങള്‍ക്ക് മനസ്സിലായിക്കണും എന്ന് വിചാരിക്കുന്നു. അതേപോലെ ആയിരങ്ങളുടെ സ്വപ്നങ്ങളുടെയും വിഹ്വലതയുടെയും കഥപറയാനുണ്ടാകും ഓരോ ചരിത്ര ബിംബങ്ങള്‍ക്കും.അത് കണ്ടെത്തുന്നതും മിടുക്ക്! ആ വേദന സ്വന്തം വേദനയായി മനസ്സിനെ മുറിപ്പെടുത്തുന്വോള്‍ ചില മഹത്തായ രചനകളുണ്ടാകുന്നു. ഒരു വടക്കന്‍ വീരഗാഥപോലെ,വൈശാലിപോലെ(മുകളില്‍ പറഞ്ഞ അതേ മഹാരഥന്മാരെന്ന് ഒരു ലജ്ജയില്ലാതെ പറയട്ടെ!)അഭിനന്ദിക്കുന്നതില്‍ പിശുക്ക് കാണിക്കുന്നത് അല്പത്തരമാണ്. മനോഹരം.വളരെ മനോഹരം.
can i post stories here...?
http://pakalnakshathram.blogspot.com
very nice
Post a Comment