സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!അച്ചുവാശാന്റെ പട്ടികള്‍

April 24, 2010 പട്ടേപ്പാടം റാംജി

അച്ചുവാശാനിപ്പോള്‍ നായാട്ടുകാരാനാണ്‌.

കവിടി നിരത്തലും ജാതകനോട്ടവും കൊണ്ട്‌ വലിയ ഗുണമില്ലാത്ത സമയത്തായിരുന്നുവിവാഹം. അഞ്ച്‌ പെണ്‍കുട്ടികളുടെ അച്ഛനായപ്പോള്‍ ഭാര്യയോട്‌വെറുപ്പ്‌ തോന്നി. ജീവിതം കൂട്ടിമുട്ടിക്കാന്‍ കഴിയാതായാപ്പോള്‍ ചെറിയ ചെറിയ കളവ്‌ തുടങ്ങി. അയല്‍വീടുകളിലെ ഓട്ടുപാത്രങ്ങളാണ്‌ മോഷ്ടിക്കുന്നതെങ്കിലും കയ്യോടെ പിടികൂടുക സാധാരണ സംഭവമാണ്‌. അങ്ങിനെ അച്ചുവാശാന്‍ കള്ളനാശാനായി.

രാത്രിയില്‍ തെങ്ങില്‍ കയറി കള്ള്‌ കട്ട്‌ കുടിക്കുന്നത്‌ പതിവ്‌ പരിപാടിയാണ്‌. സഹികെട്ട്‌ ചെത്തുകാര്‌ തെങ്ങില്‍ ബ്ളെയിഡ്‌ വെക്കുകയും കള്ളുങ്കുടത്തില്‍ എന്തൊക്കെയോ കലക്കാറുണ്ട് എങ്കിലും ആശാനെ അത്‌ ബാധിക്കാറില്ല. ആരാണ്‌ കള്ള്‌ ഊറ്റി കുടിക്കുന്നതെന്ന്‌ ചെത്തുകാര്‍ക്കറിയാം. പക്ഷെപിടിക്കാന്‍കഴിഞ്ഞിരുന്നില്ല. ഒരു നാള്‍ ഭാര്യയെ താഴെ നിര്‍ത്തി ആശാന്‍ തെങ്ങില്‍ കയറി. തെങ്ങിന്റെ മുകളിലെത്തിയ സമയം ഒളിച്ചിരുന്ന ചെത്തുകാര്‌ ഭാര്യയെ പിടിച്ച്‌ തെങ്ങില്‍ കെട്ടിയിട്ട്‌ വായില്‍ തുണി തിരുകി. ഒന്നുമറിയാതെ കള്ളുമായ്‌ ഇറങ്ങിവന്ന ആശാന്‌ നാലെണ്ണം പൊട്ടിച്ച്‌ ഉടുമുണ്ടഴിച്ച്‌ തെങ്ങില്‍ കെട്ടിയിട്ടു. ഭാര്യയും ഭര്‍ത്താവും മുഖത്തോടുമുഖം നോക്കി രണ്ട്‌ തെങ്ങില്‍. നടുവില്‍ കള്ളുങ്കുടം. നേരം വെളുത്ത്‌ നാട്ടുകാരുടെ സന്ദര്‍ശനത്തിനു ശേഷം പത്ത്‌ മണിയോടെ കെട്ടഴിച്ച്‌ വിട്ടു.

സുന്ദരികളായ അഞ്ച്‌ പെണ്‍മക്കള്‍ അയാള്‍ക്ക്‌ തലവേദനയായിരുന്നു.

പകലെന്നൊ രാത്രിയെന്നൊ ഭേദമില്ലാതെ റോഡിലൂടെ പോകുന്നവരുടെ കണ്ണുകള്‍ ആശാന്റെ വീട്ടുമുറ്റത്തേക്ക്‌. പലപ്പോഴും റോഡില്‍ സൈക്കിളൊ ബൈക്കൊ കൂട്ടിയിടിച്ച്‌ അപകടങ്ങളും പതിവായിരുന്നു. രാത്രിയിലെ ശല്യങ്ങളില്‍ നിന്ന്‌ ഒഴിവാകാനാണ്‌ തെണ്ടിത്തിരിഞ്ഞു നടന്ന ഒരു ചാവാലി പട്ടിയെ സംരക്ഷിച്ചു തുടങ്ങിയത്‌. ഭക്ഷണവും പരിലാളനവും നല്‍കിയപ്പോള്‍ കറുത്ത നിറമുള്ള പട്ടി ഈറ്റപ്പുലിയായി. ശല്യങ്ങള്‍ക്ക്‌ അറുതി വന്നു.

ഈ ചാവാലിപ്പട്ടി തന്നെയാണ്‌ ആശാന്റെ ജീവിതം മാറ്റി മറിച്ചതും. ആശാന്‍ നോക്കിയിരിക്കേ ഒരുനാളൊരു പ്രാവിനെ, പതിയിരുന്ന പട്ടി പിടികൂടിയതാണ്‌പുതിയ ചിന്തകള്‍ക്ക്‌ വഴി വെച്ചത്‌. പട്ടിയെ ഉപയോഗിച്ച്‌ മുയലിനെ പിടികൂടുക എന്നതായിരുന്നു ആശയം. ചെറിയ ചെറിയ കുറ്റിക്കാടുകള്‍ക്കിടയില്‍ മുയലുകള്‍ ഉണ്ടാകും. അതിനെ പുറത്തേക്ക്‌ ചാടിച്ച് പട്ടിയെക്കൊണ്ട്‌ പിടിപ്പിക്കുക. പിന്നീട്‌ അതൊരു ഹരമായി.


യജമാനന്‍ പറയുന്നതുപോലെ അനുസരിക്കാന്‍ പട്ടി പഠിച്ചു കഴിഞ്ഞിരുന്നു.
ചെത്തുകാരെ കാണുമ്പോള്‍ വര്‍ഗ്ഗ ശത്രുവിനെ കാണുന്നതുപോലെ പട്ടി കുരക്കും. നേരം വെളുത്താല്‍ പട്ടിയുമായി പുറത്തിറങ്ങുന്ന ആശാന്‍ ഒന്നൊ രണ്ടൊ മുയലുമായി തിരിച്ചെത്തും.

വെയിലത്ത്‌ ഓടിയോടി തളര്‍ന്നു തുടങ്ങുന്ന പട്ടി,വായില്‍ നിന്ന്‌ വെള്ളമൊലിപ്പിച്ച്‌ വീട്ടിലെത്തുമ്പോള്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും എല്ലിന്‍ കഷ്ണങ്ങളും നല്‍കും. പട്ടിക്കത്‌ അമൃത് പോലെയായിരുന്നു.

അച്ചുവാശാന്‍ നായാട്ടു സംഘം വിപുലീകരിച്ചു. ഇപ്പോള്‍ ആറേഴു പട്ടികളും പണിയില്ലാതെ
നടക്കുന്ന മൂന്നനുയായികളുമായി. പട്ടികള്‍ക്ക്‌ എല്ലിന്‍ കഷ്ണങ്ങളും അനുയായികള്‍ക്ക്‌
കള്ളും കഞ്ചാവും. ലഹരി മൂത്ത്‌ നടക്കുന്ന അനുയായികള്‍ ആശാന്റെ ആജ്ഞ അനുസരിക്കാന്‍ സദാസമയവും തയ്യാര്‍. എണ്ണം കൂടിയപ്പോള്‍ പട്ടികള്‍ തമ്മില്‍ കടിപിടി കൂടുന്നത്‌ നിത്യ സഭവം. അനുയായികള്‍ തമ്മതമ്മില്‍ വാക്കേറ്റവും വഴക്കും.

ഇരകളെ കൂടുതല്‍ കിട്ടിത്തുടങ്ങിയപ്പോള്‍ സന്തോഷം ഏറി. ആശാന്‍ യജമാനന്‍ ചമഞ്ഞരിക്കുകയും അനുയായികളും പട്ടികളും നായാട്ട്‌ നടത്തുകയും പതിവ്‌. ലഹരി പിടിച്ച അനുയായികളെ വെട്ടിച്ച്‌ കിട്ടിയ ഇരകളില്‍ നല്ലൊരു പങ്ക്‌ കുറ്റിക്കാട്ടിലിരുന്ന് പട്ടികള്‍ ഭക്ഷിക്കും. വഴിക്കുവെച്ച്‌, ബാക്കിയുള്ളവയില്‍ നിന്ന് ചിലതിനെ അനുയായികള്‍ വിറ്റ്‌ കാശാക്കും.

ഒരിരയെ ഓടിച്ചിട്ട്‌ പിടിക്കുന്ന വേട്ടപ്പട്ടി അതിനെ കൊന്നതിനു ശേഷമെ താഴെ വെക്കു. കൊല്ലാതെ ലഭിക്കണമെന്നുണ്ടെങ്കില്‍ ഇരയെ പിടിച്ച ഉടനെ നായാട്ടുകാര്‍ പട്ടികളില്‍ നിന്ന്‌ വാങ്ങിയെടുക്കുകയാണ്‌ പതിവ്‌.

നായാട്ടുസംഘത്തിന്റെ വളര്‍ച്ച തുടര്‍ന്നുകൊണ്ടേയിരുന്നു. ചെറിയ കുറ്റിക്കാട്ടില്‍ നിന്ന് വനത്തിലേക്ക്‌ കയറി. സംഘബലം കൂടി. നായാട്ടിടം വികസിച്ചു. കൊച്ചുകൊച്ചു സംഘങ്ങള്‍ ചേര്‍ത്ത്‌ സംഘടന ഉണ്ടാക്കി ആശാന്‍ മുന്തിയവനായി. ചെത്തുകാരേയും നാട്ടുകാരേയും കാണുമ്പോള്‍ പട്ടികള്‍ കുരച്ചുകൊണ്ടിരുന്നു. അനുയായികള്‍ മുഷ്ക്ക്‌ കാട്ടി. ആശാന്‍ നെഞ്ച്‌ വിരിച്ച്‌ നടന്നു. പെണ്മക്കള്‍അനുയായികളൊത്ത്‌ ഉല്ലസിച്ചു നടന്നു. കണ്ടത്‌ കാണാതെയും കാണാത്തത്‌ അന്വേഷിച്ചും അയാള്‍ വീര്‍പ്പ്‌ മുട്ടി.

ഭക്ഷണമായി നല്‍കിയിരുന്ന എല്ലിന്‍ കഷ്ണങ്ങളിലെ ചതി തിരിച്ചറിഞ്ഞ പട്ടികള്‍ മോങ്ങാന്‍ തുടങ്ങി. ചിലവ മുരണ്ടും കാലുകള്‍ കൊണ്ട്‌ തട്ടിമാറ്റിയും പ്രതിഷേധിച്ചപ്പോള്‍ ചിലര്‍ ഒരു കാലുയര്‍ത്തി ‍തെങ്ങിന്റെ താഴെ മുള്ളിയാണ്‌ രോഷം കാണിച്ചത്‌. തല്ല് കിട്ടിയപ്പോള്‍ അടക്കിപ്പിടിച്ച ഓളിയിടലോടെ അവ ചുരുണ്ടു കൂടി. പട്ടികളുടെ തിരിച്ചറിവ്‌ സംഘബലം കുറച്ചെങ്കിലും ആശാന്‌ കൂശലുണ്ടായില്ല. പക്ഷെ ചെത്തുകാരെ കാണുമ്പോഴുണ്ടായ കുരയുടെ ശക്തി നേര്‍ത്തത്‌ മനസ്സിനെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു.

ഒരിക്കല്‍ നായാട്ട്‌ കഴിഞ്ഞ്‌ തിരിച്ചു വരുന്ന സംഘത്തില്‍ കറുത്ത നിറമുള്ള പട്ടി ഏറ്റവും പുറകിലായി ഞൊണ്ടി ഞൊണ്ടിവന്നു. നായാട്ടിനിടയില്‍ കാലോടിഞ്ഞതാണെന്ന് മറുപടി കിട്ടി. ആശാന്‌ ഒന്നും ആലോചിക്കാനില്ലായിരുന്നു. അകത്തുപോയി തോക്കുമായി പുറത്തു വന്നു. നിഷ്ക്കരുണം വെടിവെച്ചിട്ടു. ദയനീയമായ ശബ്ദത്തോടെ അത്‌ നിലത്ത്‌ കിടന്ന് പിടഞ്ഞു. താഴെ ചിതറിയ ചോരയില്‍ മണത്തു നോക്കി ചിലവ ഒറ്റക്കുതിപ്പിന് ആശാന്റെ മേലെ ചാടി വീണു. ബാക്കിയുള്ളവയും ഒത്തുകൂടി ഒരു കാട്ടുമൃഗത്തെ കടിച്ചു കീറുന്നതു പോലെ.....

കഞ്ചാവിന്റെ ലഹരി വിട്ടുമാറിയിട്ടില്ലാത്ത അനുയായികള്‍വേട്ടക്കിരയാകുന്ന ഒരു മൃ‍ഗത്തിന്റെ ചേഷ്ടകള്‍ കണ്ട്‌ രസിച്ചു.

ആജ്ഞകള്‍ കിട്ടാതെ...

എന്തു ചെയ്യണമെന്നറിയാതെ........!

17 Comments, Post your comment:

INTIMATE STRANGER said...

ramji sir.........
nice story..theme nannayi..
all de best

Renjishcs said...

ചിന്തിപ്പിക്കുന്ന കഥ റാംജി...... ആശംസകള്‍

Vinayan said...

Nice one...

OAB/ഒഎബി said...

ഏത് വഴിക്കാണ് ഇതിനെ ഒന്ന് സംയോചിപ്പിക്കേണ്ടത് എന്ന ആലോചനയിലാണ് ഞാന്‍.
ഏതായാലും കമന്റ് കിടക്കട്ടെ.എന്നിട്ട് ഒന്നും കൂടെ വായിച്ച് ആലോചിക്കാം.

ഇപ്പഴാണെങ്കില്‍ കഥയുടെ ലാസ്റ്റ് അനുയായികളുടെ കൈയ്യില്‍ ഒരു കേമറ മൊബൈല്‍ കൂടി കാണുമായിരുന്നു അല്ലെ ?

ഹംസ said...

കഞ്ചാവിന്റെ ലഹരി വിട്ടുമാറിയിട്ടില്ലാത്ത അനുയായികള്‍വേട്ടക്കിരയാകുന്ന ഒരു മൃ‍ഗത്തിന്റെ ചേഷ്ടകള്‍ കണ്ട്‌ രസിച്ചു.

ആജ്ഞകള്‍ കിട്ടാതെ...

എന്തു ചെയ്യണമെന്നറിയാതെ........!

പട്ടികള്‍ക്ക് ഒരു ആ ജ്ഞ വേണ്ടിവന്നില്ല .!! അനുയായികള്‍ ആജ്ഞക്കായി കാത്തിരുന്നു.!!

Manoraj said...

റാംജി നേരത്തെ വായിച്ചിരുന്നതാ.. നല്ല കഥ..

SantyWille said...

kollam ketto! pakshe enthokkeyo kurachoode pratheekshichu!

തെച്ചിക്കോടന്‍ said...

കഥയില്‍ കാര്യമുണ്ട്
രാംജി മുന്‍പ്‌ വായിച്ചിരുന്നു എങ്കിലും നന്നായി.

സലാഹ് said...

Every dog has a day

കാക്കര - kaakkara said...

"ഒരിക്കല്‍ നായാട്ട്‌ കഴിഞ്ഞ്‌ തിരിച്ചു വരുന്ന സംഘത്തില്‍ കറുത്ത നിറമുള്ള പട്ടി ഏറ്റവും പുറകിലായി ഞൊണ്ടി ഞൊണ്ടിവന്നു. നായാട്ടിനിടയില്‍ കാലോടിഞ്ഞതാണെന്ന് മറുപടി കിട്ടി. ആശാന്‌ ഒന്നും ആലോചിക്കാനില്ലായിരുന്നു. അകത്തുപോയി തോക്കുമായി പുറത്തു വന്നു. നിഷ്ക്കരുണം വെടിവെച്ചിട്ടു. ദയനീയമായ ശബ്ദത്തോടെ അത്‌ നിലത്ത്‌ കിടന്ന് പിടഞ്ഞു."


നമ്മളിൽ പലരും ഇങ്ങനെയല്ലെ പ്രവർത്തിക്കുന്നത്‌, ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുക, മാതാപിതാക്കളെപോലും...

പട്ടേപ്പാടം റാംജി said...

ഇവിടെ വന്നു എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

ചാണ്ടിക്കുഞ്ഞ് said...

പട്ടി, മുയല്‍, ചെത്തുകാര്‍, അനുയായികള്‍...ബിംബങ്ങളിലൂടെ എങ്ങിനെ ഒരു ചിന്ത പങ്കു വെക്കാം എന്ന് കാണിച്ചിരിക്കുന്നു, റാംജി...നല്ല കഥ...

അനില്‍കുമാര്‍. സി.പി. said...

ചിന്തിപ്പിക്കുന്ന നല്ല കഥ റാംജീ....

റോസാപ്പൂക്കള്‍ said...

വയിച്ചു കഴിഞ്ഞാലും മനസ്സില്‍ നിന്നു മായാതെ ചിന്തിപ്പിക്കുന്ന കഥ.അഭിനന്ദനങ്ങള്‍

Sulthan | സുൽത്താൻ said...

റാംജി,

ബിംബങ്ങളിൽ പലതും നമുക്ക്‌ ചുറ്റുമുണ്ടല്ലോ മാഷെ.

ആശംസകൾ.

ടോംസ്‌||Toms said...

നല്ല കഥ എനിക്കിഷ്ടപെട്ടു

Habby Sudhan said...

നല്ല കഥ റാംജി