സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



അമ്മ

August 01, 2010 അനില്‍കുമാര്‍ . സി. പി.


അമ്മയെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്ത് തിരിച്ചു വീട്ടിലേക്ക് പോരുമ്പോള്‍ മനസ്സാകെ അസ്വസ്ഥമായിരുന്നു.

എന്റെ ഓര്‍മയില്‍ ആദ്യമായാണ് അമ്മയെ ഒരു ആശുപത്രിയില്‍ കിടത്തി ചികിത്സിപ്പിക്കേണ്ടി വരുന്നത്. അല്പം ഗുരുതരമായ അവസ്ഥയായിരുന്നതിനാല്‍, പരിശോധനാമുറിയില്‍ സ്കാനിങ്ങ് റിപ്പോര്‍ട്ടും ഫിലിമുകളും ഡോക്ടര്‍ തിരിച്ചും മറിച്ചും നോക്കുന്നതും, അദ്ദേഹത്തിന്റെ മുഖത്ത് വിവിധ ഭാവങ്ങള്‍ മാറിമാറി വരുന്നതും വല്ലാത്തൊരു ആകാംക്ഷ ഉണ്ടാക്കി. അവസാനം പിരിമുറുക്കത്തിനു അയവു വരുത്തി അദ്ദേഹം പറഞ്ഞു,

‘വിഷമിക്കാനൊന്നുമില്ല, എങ്കിലും കുറച്ചു ദിവസം ഇവിടെ കിടക്കട്ടെ’

വീല്‍ചെയറിലിരുത്തി അമ്മയെ മുറിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആ മുഖം വല്ലാതെ വാടിയിരുന്നു. പ്രായത്തിനു തളര്‍ത്താന്‍ കഴിയാത്ത സജീവതയുമായി ഓടിച്ചാടി നടന്നിരുന്ന അമ്മക്ക് പെട്ടെന്ന് പത്തു വയസ്സ് കൂടിയത് പോലെ! എന്റെ കയ്യില്‍ പിടിച്ചിരുന്ന അമ്മയുടെ വിരലുകളുടെ വിറയല്‍ ഒരു നോവായി എന്നിലും അരിച്ചു കയറാന്‍ തുടങ്ങി.

പെട്ടെന്ന് ബ്രേക്കിട്ടതിന്റെ കുലുക്കവും, റോഡില്‍ ഉച്ചത്തില്‍ ടയറുരഞ്ഞതിന്റെ ശബ്ദവും പിന്നെ ഡ്രൈവറുടെ ആരോടോ ഉള്ള ഉച്ചത്തിലുള്ള ശകാരവും കേട്ടാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്.

‘ചാവാനായി ഓരോന്നിറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താനായി!’

‘എന്തു പറ്റി?’

‘ഏതോ ഒരു തള്ള കാണുന്ന വണ്ടിക്കൊക്കെ കൈ കാണിക്കുന്നു. ഇപ്പോള്‍ നമ്മുടെ വണ്ടിയുടെ മുന്നില്‍ ചാടിയേനേ, എന്തായാലും രക്ഷപ്പെട്ടു’

അപ്പോഴാണ് ഞാന്‍ കാറിനടുത്ത് നില്‍ക്കുന്ന പ്രായമായ സ്ത്രീയെ ശ്രദ്ധിച്ചത്. ഒരല്പം മുഷിഞ്ഞ വസ്ത്രങ്ങള്‍, വെള്ളി കെട്ടിയ തലമുടി, കുഴിഞ്ഞു താണ ക്ഷീണിച്ച കണ്ണുകളില്‍ വല്ലാത്തൊരു ദയനീയത. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ പുറംകൈ കൊണ്ടു തുടച്ച്, ചുണ്ടുകടിച്ചുപിടിച്ച് വിതുമ്പലൊതുക്കാന്‍ പാടുപാടുന്ന ഒരു സ്ത്രീ. ആ ക്ഷീണിച്ച മുഖത്ത് അപ്പോഴും എന്തോ ഒരൈശ്വര്യം ബാക്കി നില്‍ക്കുന്നത് പോലെ.

കാറിന്റെ വിന്‍ഡോ ഗ്ലാസ്‌ താഴ്ത്തി,

‘എന്തു പറ്റി, എവിടേക്കാണ് പോകേണ്ടത്?’

നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുയര്‍ത്തി അവര്‍ എന്നെ നോക്കി, പിന്നെ യാചനയുടെ സ്വരത്തില്‍ ചോദിച്ചു,

‘മോനേ, എന്നേയും കൂടി കൊണ്ടുപോകാമോ?’

‘അതിപ്പോള്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് പറയാതെ ...?’

അതിനിടയില്‍ അപ്പോഴും കലിയടങ്ങിയിട്ടില്ലാത്ത ഡ്രൈവര്‍ ഇടപെട്ടു,

‘സാര്‍, ഏതാ എന്താ എന്നൊന്നുമറിയാതെ ആവശ്യമില്ലാത്ത കുരിശൊന്നും എടുത്തു തലയില്‍ വെക്കണ്ട’.


ആ സ്ത്രീയുടെ ദൈന്യത നിഴലിക്കുന്ന മുഖത്തേക്ക് നോക്കിയപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. കാറിന്റെ വാതില്‍ തുറന്നു കൊടുത്തു. ഡ്രൈവറുടെ നീരസത്തോടെയുള്ള നോട്ടം കണ്ടില്ലെന്ന് വെച്ചു.

ഉടുത്തിരുന്ന സെറ്റ്മുണ്ടിന്റെ കോന്തല കടിച്ചു പിടിച്ച് കരച്ചിലടക്കാന്‍ പാടുപെട്ട് സീറ്റിന്റെ ഓരം ചേര്‍ന്ന് അവര്‍ ഇരുന്നു.

‘അമ്മക്ക് എവിടേക്കാണ് പോകേണ്ടത്?’

ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി! പിന്നെ മുറിഞ്ഞു വീണ വാക്കുകളിലൂടെ അവര്‍ പറഞ്ഞു,

‘എനിക്ക്... എനിക്ക് അറിയില്ല മോനേ’.

പകച്ചിരിക്കുന്നതിനിടയില്‍ ‘ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ’ എന്ന അര്‍ത്ഥത്തില്‍ ഡ്രൈവര്‍ എന്നെയൊന്നു നോക്കി!

‘അപ്പോള്‍ പിന്നെ ഇവിടെ എങ്ങനെയെത്തി, എവിടെയാണ് വീട്?'

‘ഉം..വീട്!'

അവര്‍ പുറത്തേക്ക് നോക്കി ഏറെനേരം നിശ്ശബ്ദയായി ഇരുന്നു.

പിന്നെ സെറ്റ്മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണുതുടച്ച് അവര്‍ പറഞ്ഞു തുടങ്ങി.


"എനിക്കുമുണ്ടായിരുന്നു മോനേ ഒരു വീടും, വീട്ടുകാരുമൊക്കെ..... ഭര്‍ത്താവു സ്നേഹമുള്ള ആളായിരുന്നു, ആകെയുള്ളൊരു മോന്‍ പഠിക്കാന്‍ നല്ല മിടുക്കനും. നാട്ടിന്‍പുറത്തെ ഒരു പെണ്ണിന് സന്തോഷിക്കാന്‍ ഇതൊക്കെ പോരെ? ഞാനും വളരെ സന്തോഷത്തിലാ കഴിഞ്ഞിരുന്നെ. പക്ഷെ, ആ സന്തോഷം അധികനാളുണ്ടായില്ല. ഭര്‍ത്താവിന്റെ പെട്ടന്നുള്ള മരണം... അതോടെ എന്റെ സന്തോഷമൊക്കെ തീര്‍ന്നു. എന്നാലും മകന് വേണ്ടി ജീവിച്ചു. ജീവിതത്തിന്റെ നല്ല പ്രായത്തില്‍ വിധവയാകേണ്ടി വന്നപ്പോള്‍ വീട്ടുകാരും, നാട്ടുകാരുമൊക്കെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതായിരുന്നു...... പക്ഷെ, എല്ലാ കഷ്ടപ്പാടുകളും സഹിച്ച് മകനെ ഒരു കരയെത്തിച്ചപ്പോള്‍, വിജയിച്ചു എന്ന തോന്നലായിരുന്നു. സ്നേഹവും ബഹുമാനവുമൊക്കെ ആവശ്യത്തിലേറെ അവനും തിരിച്ചു തന്നിരുന്നു."


നിറയാന്‍ തുടങ്ങിയ കണ്ണുകള്‍ വീണ്ടും തുടച്ച് അവര്‍ തുടര്‍ന്നു.

‘മകന്റെ കല്യാണം കഴിഞ്ഞതോടെയാണ് അവന്‍ എന്നില്‍ നിന്നും കുറേശ്ശേയായി അകലാന്‍ തുടങ്ങിയത്.  ഓരോരോ  കാരണങ്ങള്‍ പറഞ്ഞു സ്വത്തുക്കള്‍ ഓരോന്നായി അവന്‍ എഴുതി വാങ്ങിയപ്പോഴെല്ലാം അവയെല്ലാം അവനു തന്നെയുള്ളതാണല്ലോ എന്ന ആശ്വാസമായിരുന്നു. അവസാനം ഏതോ ലോണിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് വീട് കൂടി അവന്റെ പേരില്‍ എഴുതി വാങ്ങി. അതോടെ  വീട്ടിലെ എന്റെ സ്ഥാനം ഒരു ജോലിക്കാരിയുടേത്‌  മാത്രമായി. എന്നിട്ടും എല്ലാം സഹിച്ചത്,അവന്‍ എന്റെ മകനല്ലേ എന്നോര്‍ത്താണ്. പിന്നെ,  മനസ്സിന്റെ വേവലാതിയും പ്രായവും കൊണ്ടാകാം  ഓരോ രോഗങ്ങള്‍ എന്നെ പിടികൂടിയതോടെ ഞാന്‍ അവര്‍ക്ക് ഒരു ബാധ്യതയായി. കണ്ണിലെണ്ണയൊഴിച്ചു വളര്‍ത്തിയ എന്റെ മകന് എന്നേ കാണുന്നത് പോലും ചതുര്‍ത്ഥിയായി!'

ഏങ്ങലടികള്‍ ഒന്നൊതുങ്ങിയപ്പോള്‍ അവര്‍ തുടര്‍ന്നു.

‘ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഒന്നും എനിക്കില്ലാതെ പോയി!’

‘പിന്നെ ഇപ്പോള്‍, ഇവിടെ എങ്ങിനെയെത്തി?'

‘ഒരുപാടു നാളു കൂടിയാ, ഇന്നലെ മകന്‍ എന്നോട് സ്നേഹത്തോടെ സംസാരിച്ചത്, ‘നാളെ ഞാന്‍ ഗുരുവായൂരിനടുത്ത് ഒരാവശ്യത്തിന് പോകുന്നുണ്ട്, വേണമെങ്കില്‍ അമ്മയും പോന്നോളൂ, അവിടെ തൊഴാം’ എന്നു പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. മരുമോള്  കൂടി നിര്‍ബന്ധിച്ചപ്പോള്‍, അവസാനം എന്റെ പ്രാര്‍ത്ഥനകളൊക്കെ ദൈവം കേട്ടല്ലോ എന്ന ആശ്വാസമായിരുന്നു. പിന്നെ, വെളുപ്പിനേ എപ്പോഴോ ആണ് ഇവിടെ എത്തിയത്.

തട്ടുകടയില്‍ നിന്നും കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ മകന്‍ പറഞ്ഞു, ‘അമ്മ ഇവിടിരിക്ക്, ഞാന്‍ മൊബൈല്‍ എടുക്കാന്‍ മറന്നു, കാപ്പി കുടിച്ചു കഴിയുമ്പോഴേക്കും അടുത്ത ബൂത്തില്‍ നിന്നും അത്യാവശ്യമായി ഒന്നു ഫോണ്‍ ചെയ്തിട്ട് വരാം’. എന്നും പറഞ്ഞു അവന്‍ അന്നേരം പോയതാണ്, പിന്നെ ഇപ്പോള്‍ ഈ സമയം വരെ ഞാന്‍ ഇവിടെ കാത്തിരുന്നു. ഇപ്പോഴാണ് മോനേ എനിക്ക് മനസ്സിലായത്, അവനെന്നെ ഇവിടെ ഉപേക്ഷിച്ചിട്ട് പോയതാണെന്ന്!’

ഇരു കൈകളിലും മുഖം പൊത്തി അവര്‍ പൊട്ടിപ്പൊട്ടി കരയാന്‍ തുടങ്ങി.

‘എങ്കില്‍ ഞാന്‍ അമ്മയെ വീട്ടില്‍ കൊണ്ട് വിടട്ടേ?’

‘ഇനി ആ വീട്ടിലേക്ക് ചെന്നാല്‍ എന്നെ അവര്‍ കൊന്നുകളയില്ല എന്നു ഞാന്‍ എങ്ങനെ വിശ്വസിക്കും മോനേ?'

അവരുടെ മെലിഞ്ഞ കൈവിരലുകള്‍ കയ്യിലെടുത്ത് ഞാന്‍ ചോദിച്ചു,

‘എങ്കില്‍ അമ്മയെ ഞാനെന്റെ വീട്ടിലേക്ക് കൊണ്ട്പോകട്ടേ, ജോലിക്കാരിയായല്ല, എന്റെ കുട്ടികളുടെ മുത്തശ്ശിയായി?’

അവരുടെ മുഖത്ത് ഒരു നിമിഷം കണ്ണുനീരില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി വിടര്‍ന്നു.

‘വേണ്ട മോനേ, നാളെ ഒരു പക്ഷേ നിങ്ങള്‍ക്കും ഞാനൊരു ബാധ്യതയാകും. ഇനി മറ്റൊന്ന് കൂടി സഹിക്കാനുള്ള ത്രാണി എനിക്കില്ല! കഴിയുമെങ്കില്‍, ബുദ്ധിമുട്ടാവില്ലെങ്കില്‍... ഏതെങ്കിലുമൊരു അനാഥാലയത്തില്‍ എന്നെ ഒന്നെത്തിച്ചു തരുമോ കുട്ടി?’

ഒരു നിമിഷം എന്തു പറയണം എന്നറിയാതെ അമ്പരന്നു; എവിടെയാണിപ്പോള്‍ അനാഥാലയം അന്വേഷിച്ചു പോവുക! പൊടുന്നനെയാണ് ഒരു സുഹൃത്ത്, തനിക്ക് ഓഹരിയായി കിട്ടിയ തറവാട് ‘സ്നേഹാശ്രമം’ എന്ന പേരില്‍ അനാഥരായ വൃദ്ധര്‍ക്ക് താമസിക്കാനുള്ള ഒരു ഷെല്‍റ്റര്‍ പോലെ നടത്തുന്ന കാര്യം ഓര്‍മ്മ വന്നത്. പലപ്പോഴും അതിന്റെ നടത്തിപ്പിനായി ഞാനും സംഭാവന നല്‍കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ തന്നെ അവനെ മൊബൈലില്‍ വിളിച്ചു, കാര്യങ്ങളൊക്കെ കേട്ടതോടെ ‘വന്നോളൂ, ഉള്ള സ്ഥലത്ത് ശരിയാക്കാം’ എന്നു പറഞ്ഞതോടെ ആശ്വാസമായി.

പിന്നെ ‘സ്നേഹാശ്രമത്തില്‍’ ആ അമ്മയെ ഏല്‍പ്പിച്ച്  മടങ്ങാനൊരുങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു,

‘അമ്മ വിഷമിക്കരുത്, ഇടയ്ക്കു ഞാന്‍ വരാം‘

യാത്ര പറയാന്‍ തുടങ്ങുമ്പോള്‍ എന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ആ അമ്മ പറഞ്ഞു,

‘അടുത്ത ജന്മത്തിലെങ്കിലും ഇങ്ങനെയൊരു മകന്റെ അമ്മയാകാനുള്ള ഭാഗ്യം ഈശ്വരന്‍ എനിക്ക് തരട്ടെ’

കാറില്‍ കയറിയിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍ എന്നെത്തന്നെ നോക്കി നിറകണ്ണുകളോടെ ആ അമ്മ സ്നേഹാശ്രമത്തിന്റെ പൂമുഖത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

പിന്നെ ഡ്രൈവറോട് പറഞ്ഞു,


'തിരിച്ച് ആശുപത്രിയിലേക്ക് തന്നെ വിട്ടോളൂ, എനിക്കെന്റെ അമ്മയെ ഒന്ന് കാണണം.'
 

10 Comments, Post your comment:

thalayambalath said...

ബ്ലോഗില്‍ വായിച്ചിരുന്നു..... വീണ്ടും എന്റെ കണ്ണു നനയിപ്പിച്ചു.....

manaf said...

very very good.
sathyam parayukayanenkil njan sharikkum karanju.
iniyum ithupoleyulla story kal pratheekshikkunnu.

Prasanth Iranikulam said...

കഥയും കവിതയുമെല്ലാം മിക്കവാറും വായിക്കാറുണ്ടെങ്കിലും കമന്റുകളെഴുതാതെ പോകുകയാണ്‌ പതിവ്, പക്ഷേ ഇവിടെയതു വയ്യ !
വളരെ ഭംഗിയായി എഴുതിയിരിക്കുന്നു അനില്‍‌ . ആശംസകള്‍ .

അനില്‍കുമാര്‍ . സി. പി. said...

തലയമ്പലത്ത്,
മനാഫ്,
- നന്ദി.

പ്രശാന്ത്: സന്തോഷം. വായിക്കാനും, അഭിപ്രായം അറിയിക്കാനും സമയം കണ്ടെത്തിയതിനു നന്ദി.

ആളവന്‍താന്‍ said...

vaayichirunnu.

binoj joseph said...

ഇഷ്ട്ടമായ്. അഭിനന്ദനങ്ങള്‍.
ആരും കേറാത്ത ഒരു ബ്ലോഗിന്റെ ഉടയോനാണ് ഞാന്‍.
വല്ലപ്പോഴും ഒന്നു നോക്കി അഭിപ്രായം പറയൂ ഭൂലോകരേ!!!!

മുരളി I Murali Mudra said...

ഇമോഷണലി വളരെ ടച്ചിംഗ് ആയി തോന്നി.നല്ല കഥ ശ്രീ അനില്‍കുമാര്‍.
ആശംസകള്‍.

മഴനിലാവ് said...

അമ്മക്ക് പകരം വെയ്ക്കാന്‍ ഈ ലോകത്ത് ഒന്നുമില്ല.
മികവുറ്റ അവതരണം,
കണ്ണുകളെ നനയിച്ചു.
Best wishes..

Ajuajinas said...

വളരെ വളരെ നന്നായിരിക്കുന്നു. വെറും കഥയെന്നതിനപുരം ഒരു തിരിച്ചറിവിലേക്ക് കണ്ണ് തുറപ്പിക്കുന്ന ഇത്തരം കഥകള്‍ ഇനിയും ഒരു പാട് എഴുതാന്‍ കയിയട്ടെയെന്നു ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും

അനില്‍കുമാര്‍ . സി. പി. said...

ആളവന്താന്‍: സന്തോഷം.

ബിനോജ്: ഞാന്‍ വരുന്നുണ്ട് താങ്കളുടെ ബ്ലോഗിലേക്ക്. ഈ വരവിനു നന്ദി.

മുരളി: നല്ല വാക്കുകള്‍ക്ക് നന്ദി.

ലീ: ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.

അജു: നന്ദി, ഇനിയും വരിക.