സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



കരട്

August 19, 2010 Anonymous



കലങ്ങിയ മുഖവും അതിലേറെ കലങ്ങിയ മനസ്സുമായിട്ടവന്‍ അവിടെനിന്നിറങ്ങി നടന്നു.
നടവഴി തീരുന്നിടത്ത് നിന്നിട്ടവന്‍, അവസാനമായിട്ടവളെയൊന്ന് തിരിഞ്ഞു നോക്കി....
ചാട്ടുളി പോലെ പറന്ന ആ നോട്ടം, മുന്നില്‍ നിരന്ന് നിന്നിരുന്ന അവളുടെ അപ്പന്റെയും അമ്മാവന്മാരുടെയും തോളിന്റെ ഇടയിലൂടെ ആ പൂമുഖം കടന്ന്, കൃത്യം അവളുടെ കണ്ണില്‍ തന്നെ തറച്ചു.
നല്ലതാണേലും, അല്ലേലും; കണ്ണിനെന്നും, എന്തും കരട് തന്നെ...
അവള്‍ടെ കണ്ണ് രണ്ടും നിറഞ്ഞൊഴുകിത്തുടങ്ങി.കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി, അവളുടെ സ്വപ്നങ്ങളുടെയും ജീവിതത്തിന്റെയും നെയ്ത്തുകാരനായിരുന്ന അവന്‍, പിന്നികീറിയ മോഹങ്ങളുമായി ആ വീടിന്റെ നടവഴി കടന്ന്, അവളുടെ ജീവിതത്തിന്റെ പടിയിറങ്ങി...

മൂന്നാംപക്കം, സാമാന്യം നല്ലൊരു വില പറഞ്ഞുറപ്പിച്ച്; അവള്‍ടെ അപ്പന്‍, അവള്‍ടെ കല്യാണം റോയിച്ചനുമായി നിശ്ചയിച്ചു... മുന്‍പ് കണ്ണില്‍ പറന്നു വീണ ആ കരട് അന്ന് വീണ്ടും ഒന്നിളകി.... രണ്ട് കണ്ണും നിറഞ്ഞൊഴുകിത്തുടങ്ങി.
അന്നും, അതിനു ശേഷവും അവളൊരുപാട് തവണ, ഒരുപാട് വെള്ളമൊഴിച്ച് കണ്ണ് കഴുകി, എന്നിട്ടും.....

ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും, കഴിഞ്ഞ ദിവസം നിറഞ്ഞ വയറും വെച്ച് റോയിച്ചന്റെ കൂടെ ബൈക്കില്‍ പോയപ്പോള്‍ ആ ഷര്‍ട്ടില്‍നിന്ന് അവള്‍ടെ മൂക്കിലേക്കടിച്ച ആ പെര്‍ഫ്യൂമിന്റെ മണം വീണ്ടും അവളുടെ കണ്ണിലെ ആ കരടൊന്നിളക്കി വിട്ടു. കണ്ണല്ലേ, ഉടനെ നിറഞ്ഞും തുടങ്ങി...

അതിനുമുമ്പ്, ഒരു ദിവസം വൈകുന്നേരം റോയിച്ചന്‍ നിര്‍ബന്ധിച്ച് ബീച്ചില്‍ പോയിരുന്നപ്പോ, പുള്ളി അവളുടെ കയ്യിലെ വരകളെണ്ണി കളിച്ച് തുടങ്ങിയപ്പോ, ആഞ്ഞടിക്കുന്ന ആ കടല്‍ക്കാറ്റില്‍, വീണ്ടും അവളുടെ കണ്ണിലെ ആ കരടിളകി...
റോയിച്ചന്‍ കാണാതെ, കൈ ഇട്ട് ഒരുപാട് തിരുമ്മിയിട്ടും, ആ കരട് ഇളകി കയ്യില്‍ പോന്നില്ല...

അതിനുംമുമ്പ്, ദിവസം തീരാന്‍ സെക്കെന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ,അവളുടെ മുകളില്‍ കിടന്ന് ഇളകിയാടി തിമിര്‍ക്കുന്ന റോയിച്ചന്റെ മുടിക്കിടയിലൂടെ ചേര്‍ത്ത് പിടിക്കാനായിട്ടവള്‍ കൈ നീട്ടിയപ്പോ.. ആ കരട് കണ്ണില്‍കിടന്നൊന്നിളകി...
‘ഇര‘ ആനന്ദാശ്രു പൊഴിച്ച ചാരിതാര്‍ഥ്യതില്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ റോയിച്ചന്‍ കിടക്കയിലേക്ക് ചരിഞ്ഞു.....

മാസങ്ങള്‍ക്ക് ശേഷം, ഇന്ന്; ലേബര്‍ റൂമിലെ അരണ്ട വെളിച്ചത്തില്‍ ഒരു ഓപറേഷന്‍ പോലുമില്ലാതെ,
ആ ‘കരട്’ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തിട്ട് നേഴ്സ് പറഞ്ഞു..
“ആണാ”

ആശുപത്രി വരാന്തയിലെ ചുമരിലെവിടെയോ തൂക്കിയ അവസാന ഉയര്‍പ്പിന്റെ ചിത്രം,
ഒരു ഇളം കാറ്റ്‌ പോലുമില്ലാഞ്ഞിട്ടും ഒന്നിളകിയാടി നിന്നു...

10 Comments, Post your comment:

Anonymous said...

ഇതെന്റെ ബ്ലോഗില്‍ മുന്പ് ഒരിക്കല്‍ താങ്ങിയതാ ....
ഋതുവിലെ വായനക്കാര്‍ക്കായി, ഇവിടെ ഒരു വട്ടം കൂടി താങ്ങുന്നു .....
മുന്പ് വായിച്ചവര്‍ സദയം ക്ഷമിക്കുക.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ...

കുഞ്ഞൂസ് (Kunjuss) said...

എന്താ പറയുക, എത്ര മനോഹരമായിട്ടാ ആ 'കരട്' വര്‍ണ്ണിച്ചിരിക്കുന്നത്. ജീവിതത്തില്‍ നിന്നും ഒരിക്കലും എടുത്തു കളയാനാവാത്ത ആ 'കരട്' കണ്ണീരില്‍ എങ്ങിനെ ഒലിച്ചു പോകും ല്ലേ...?

ആളവന്‍താന്‍ said...

കലക്കി മാഷേ, ചില വരികള്‍ ഉണ്ടല്ലോ ഹോ! ഇത്ര ഒതുക്കത്തിലും കഥ പറയാം അല്ലെ.?

മുകിൽ said...

നന്നായിരിക്കുന്നു.

ബിജുകുമാര്‍ alakode said...

മനോഹരമായിരിയ്ക്കുന്നു ഈ കഥ. അഭിനന്ദനങ്ങള്‍

Sam said...
This comment has been removed by the author.
റോസാപ്പൂക്കള്‍ said...

വളരെ നല്ല ഒരു കഥ . അഭിനന്ദനങ്ങള്‍ .നല്ല ചിട്ടയോടെ പറഞ്ഞിരിക്കുന്നു

അനില്‍കുമാര്‍ . സി. പി. said...

കുറച്ച് വരികളിലൂടെ നല്ലൊരു കഥ.

http://abebedorespgondufo.blogs.sapo.pt/ said...

Very good.

സുസ്മേഷ് ചന്ത്രോത്ത് said...

ഈ കഥ മുമ്പ്‌ വായിച്ചിട്ടില്ല.കരട്‌ എന്ന പ്രയോഗത്തിലൂടെ ധ്വനിപ്പിച്ചിരിക്കുന്ന പ്രണയഭംഗം ചേതോഹരമായി.അഭിനന്ദനങ്ങള്‍.