സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ഒരു ചെറിയ കഥ

August 24, 2010 प्रिन्स|പ്രിന്‍സ്

                 ആ പഴയ തെര്‍മോക്കോളുകള്‍ക്കിടയിലും യാതൊരു രക്ഷയുമില്ലെന്നു കണ്ട പാറ്റയ്ക്ക് പിന്നെയൊരൊറ്റയോട്ടം വച്ചുകൊടൂക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അതൊരോട്ടമായിരുന്നില്ല. മരണപ്പാച്ചില്‍! അതവസാനിച്ചത് ചില പുസ്തകങ്ങള്‍ വലിയ ചിട്ടയൊന്നും കൂടാതെ അടുക്കിവച്ചിരിക്കുന്ന ഒരു ഷെല്‍ഫിനുള്ളിലായിരുന്നു. ആ പാറ്റയെ പിന്തുടര്‍ന്നുവന്ന ഒരു ജോടി കണ്ണുകള്‍ അതിനകത്താകെ പരതി നടന്നു. പാറ്റയെ കണ്ടെത്തുവാന്‍. ഷെല്‍ഫിനകത്ത് ശബ്ദതാരാ‍വലി വൃത്തിയായി പൊതിഞ്ഞുവച്ചിരിക്കുകയായിരുന്നു. പാ‍റ്റ മലയാളത്തിനുപിന്നില്‍ ഒളിച്ചിരുന്നു. എന്നാല്‍ ആ ഒളിഞ്ഞിരിപ്പിന്റെ സുരക്ഷിതത്വത്തെക്കുറിച്ചോ ദൈര്‍ഘ്യത്തെക്കുറിച്ചോ അതിന്‍ യാതൊരറിവുമുണ്ടായിരുന്നില്ല. അതിന്റെ കുഞ്ഞുഹൃദയം ശക്തിയായി മിടിച്ചുകൊണ്ടിരുന്നു. ഉള്ളില്‍ പ്രാണഭയം കത്തിയെരിഞ്ഞുകൊണ്ടിരുന്നു. മലയാളത്തിനു പിന്നില്‍ അങ്ങനെയേറെ നേരമിരുന്നില്ല. പെട്ടെന്ന് ഘനഗാംഭീര്യമുള്ള ഒരു ശബ്ദം കേട്ടു. ആ ചെറുക്കന്റെ അച്ഛനായിരിക്കും അത്?
     
                     “കിട്ടിയോ?”
                
                     “ഇല്ല, ആ പാറ്റ ഇതിനകത്തെവിടെയോ കയറിക്കളഞ്ഞു.”
                 
                     “പുസ്തകങ്ങളൊക്കെ മാറ്റിനോക്കിയാലോ?”
                 
                     “അതിനൊക്കെ ഇനിയുമൊരുപാടു സമയമെടുക്കില്ലേ?”
                 
                     “വേണമെങ്കില്‍ മതി!”
                 
                     “വേണം വേണം, ഇല്ലാഞ്ഞാല്‍ പ്രാക്റ്റിക്കല്‍ ക്ലാസ്സില്‍ കയറാന്‍ പറ്റില്ല.”
                  
                    “പാറ്റയെ കൊണ്ടുചെല്ലണമെന്നു പറഞ്ഞിരുന്നോ?”
                  
                     “ഉം”
     
                    പാറ്റ ഒന്നു നടുങ്ങി. ഹതുകൊള്ളാം താനും കൂടിയുണ്ടെങ്കിലേ ക്ലാസ്സില്‍ കയറ്റൂവെന്ന്! താനാരാ അവന്റെ രക്ഷകര്‍ത്താവോ? ഹും, ഇന്നലെ അവന്‍ പറയുന്നത് കേട്ടിരുന്നു, നാളെത്തേക്ക് ഒരു പാറ്റയെ വേണമെന്ന്. ബയോളജിക്കു കീറിമുറിക്കാനാണത്രേ! അയ്യോ.
കൊണ്ടുചെല്ലുന്ന പാറ്റകളെ ആ അധ്യാപകന്‍ ഒരു കുപ്പിയിലെ വെള്ളത്തില്‍ പിടിച്ചിട്ട് കൊല്ലുമത്രേ. ആ കുപ്പിയില്‍ സഹോദരങ്ങള്‍ വേറെയുമുണ്ടാ‍വും. ചിലര്‍ മരണത്തിനടിപ്പെട്ടവരായിരിയ്ക്കും. ചിലര്‍ മൃതപ്രായരും മറ്റുചിലര്‍ എന്നിട്ടും മരണം വരിക്കുകയോ മൃതപ്രായക്കാരാകാത്തവരോ ആയിരിക്കും. എങ്ങനെയാ‍യാലും അന്തിമവിധി മരണത്തിനടിപ്പെടുക എന്നതാണല്ലോ? പാറ്റയെ ഒരു ബോര്‍ഡില്‍ കിടത്തി, വായ് ഭാഗങ്ങള്‍ ഒന്നൊന്നായി പറിച്ചെടുക്കുമത്രേ. കൊടും ക്രൂരത! ഒരു പക്ഷേ മരിച്ചിട്ടില്ലെങ്കില്‍ എത്രമാത്രം വേദനയായിരിക്കും അനുഭവിക്കേണ്ടി വരിക? ചുണ്ടും ചിറകുമൊക്കെ പറിച്ചെടുക്കുമ്പോള്‍... ഹൊ... പാറ്റയുടെ ശരീരത്തിലാകെയൊരു മരവിപ്പ് പടര്‍ന്നു. തന്റെ സുഹൃത്ത് ഈയിടെയായി ഷെല്‍നുകീഴില്‍ പുസ്തകങ്ങള്‍ കരണ്ടുതിന്നാന്‍ വരാത്തതിനു കാരണമിതായിരിക്കുമോ? ആണെങ്കില്‍ അവനെന്തൊക്കെ ക്രൂരതയ്ക്കിരയായിട്ടുണ്ടാകും?
     
                  ഹും... ബയോളജിയില്‍ കീറിമുറിക്കാന്‍! ബയോളജിയില്‍ പഠനവിധേയമാകുന്നത് ക്രൂരതയും കൊലയുമാണോ? ജീവശാസ്ത്രമെന്നാല്‍ കൊലയെന്നും അര്‍ത്ഥമുണ്ടോ? ഓ... ആധുനിക ജീവശാസ്ത്രം ഇതൊക്കെയായിരിക്കും! പാറ്റകള്‍, പാവങ്ങള്‍. അവയെന്തറിയുന്നു? ഒരു പാറ്റയെ കൊന്നാല്‍ ശല്യം തീര്‍ത്തു എന്നു കരുതുന്നവരാണല്ലോ ചുറ്റുമുള്ളത്.
മനുഷ്യന്‍-ക്രൂരന്‍, കൊലപാതകി, വിദ്യാര്‍ത്ഥി!
     
                   പാറ്റ ഒരുനിമിഷമൊന്നു കാതോര്‍ത്തു. ആകെയൊരു നിശബ്ദത. ആ ചാവാളിച്ചെറുക്കന്റെയോ അവന്റെ പിതാ‍വെന്ന മനുഷ്യന്റെയോ ശബ്ദമൊന്നും കേള്‍ക്കാനില്ല. ക്ഷണനേരം ശബ്ദതാരാവലിയുടെ പിന്നില്‍ത്തന്നെ നിന്നശേഷം അവിടെ നിന്നും വൈക്കം മുഹമ്മദ് ബഷീറിന്റെ പുത്തുകയറി. അവിടെനിന്നും ഗുണ്ടര്‍ട്ടിന്റെയും. എന്നാല്‍ ശബ്ദതാരാവലി പതുക്കെ ഇഴഞ്ഞുമാറുന്നത്, പാവം പാറ്റയറിഞ്ഞില്ല. ശ്രദ്ധിച്ചതുമില്ല.
     
                     പാറ്റ ഒരു ക്ഷണര്‍ദ്ധം ഒന്നു നിന്നു. ചുറ്റും നോക്കി. ശ്വാസം മുട്ടുന്നതായി തോന്നി. മുന്നോട്ടു നടന്നുനോക്കി. നീങ്ങുന്നില്ല. പെട്ടുവോ? അത് പരിഭ്രന്തനായി ചുറ്റും നോക്കി.  ചെറുക്കന്‍ തികഞ്ഞ സന്തോഷത്തോടെ നില്‍ക്കുന്നു. താന്‍ ഒരു സ്ഫടിക ഗ്ലാസ്സുകൊണ്ടു മൂടപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ അതിന്‍ ഏറെ സമയമൊന്നും വേണ്ടിവന്നില്ല. ആരെ പഴിക്കണം? മലയാളവും ബഷീറും ഗുണ്ടര്‍ട്ടും ചതില്ല. പക്ഷേ അറിഞ്ഞോ അറിയാതെയോ പൌലോ ചതിച്ചു. അതെ. താനൊരു പുസ്തകത്തിനു മുകളിലാണ്‍ നില്‍ക്കുന്നതെന്ന് അതിനു മനസ്സിലായി. പരിഭ്രാന്തനായി അതിനകത്താകെ നടക്കുന്നതിനിടയില്‍ പ്രസ്തുത പുസ്തകത്തിന്റെ പേരിലൂടെ പാറ്റയൊന്നു കണ്ണോടിച്ചു.

                 ‘വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു’- പൌലോ കൊയ്‌ലോ!

8 Comments, Post your comment:

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ കൊച്ചനിയന്‍,
കഥ വായിച്ചു.
കഥ ഇഷ്ടമായി.
നല്ല നര്‍മ്മം.തീരെ മുഷിപ്പിച്ചില്ല.
പിന്നെ,പൗലോ കോയ്‌ലോ അല്ല.പൗലോസ്‌ കോയ്‌ലോ ആണ്‌.ഇപ്പോള്‍ ഏറെ അറിയപ്പെടുന്ന മലയാളി എഴുത്തുകാരന്‍ ഇദ്ദേഹമായതിനാലാണ്‌ ചിലര്‍ ചേര്‍ന്ന്‌ പേര്‌ മാറ്റിയത്‌.
കൊച്ചനിയന്റെ എഴുത്തിന്‌ ഭാവുകങ്ങള്‍...

mini//മിനി said...

കഥയും നർമ്മവും നന്നായി,
അല്പം കാര്യം പറയട്ടെ, പാറ്റയില്ലാത്ത എന്റെ വീട്ടിൽ ഇപ്പോൾ പാറ്റകൾ നിറഞ്ഞിരിക്കയാ, ഒരു രക്ഷയുമില്ല.
രണ്ട് പേരുടെ പ്രക്റ്റിക്കൽ ക്ലാസ്സ് ആവശ്യത്തിനായി പാറ്റയെ ഏതാനും വർഷം കൊല്ലാതെ വിട്ടതാ കാരണം.

ആളവന്‍താന്‍ said...

ഹ ഹ ...ഒരു വെറൈറ്റി ഐറ്റം......

ബിജുകുമാര്‍ alakode said...

:-)

മഹേഷ്‌ വിജയന്‍ said...

കൊച്ചനിയാ...നല്ല പാറ്റ..
ക്ഷമിക്കണം നല്ല പാറ്റകഥ...:-)

kiran said...

atu kollam

വിനയന്‍ said...

കൊള്ളാം നല്ല നര്‍മ്മം...നല്ലൊരു കഥയും :)
@സുസ്മേഷ് ...അതു paulo coelho തന്നെയല്ലേ...അതെങ്ങനെയാ പൗലോസ്‌ കൊയലോ ആവുന്നത്?

noble said...

കൊള്ളാം കേട്ടോ നന്നായിരിക്കുന്നു
ഒരു കൊച്ചു കാര്യത്തില്‍ നിന്നും ഇത്രയും നല്ല ഒരു കഥ ഉണ്ടാകിയില്ലേ
നല്ല നര്‍മവും ഉണ്ടാരുന്നു കേട്ടോ ...