സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



കുഞ്ചുണ്ണൂലിയ്ക്കും ചിലത് പറയാനുണ്ടായിരുന്നു.

August 13, 2010 LiDi

എന്നെ മറന്ന് പോയതാണോ നിങ്ങൾ?
അതോ ഈ ആൾക്കൂട്ടത്തിൽ എന്റെ മുഖം കാണാതെ പോയതോ?

നിങ്ങൾ കേട്ട് കോരിത്തരിച്ച പാട്ടുകളിലും ,നിങ്ങൾ നിലപാടുകൾ മാറ്റിച്ചവുട്ടിയ കഥകളിലും ഞാൻ എവിടെയായിരുന്നു?
ഒരു പാണനും എന്നെ കാണാൻ മാത്രം അമ്പാടിയിലോ പുത്തൂരം വീട്ടിലോ വന്നില്ല.
അവർ വരാറുണ്ടായിരുന്നു.,പലരേയും കാണാൻ.
അവർ വന്നു,പാടി,പുകഴ്ത്തി കോടിമുണ്ടും അരിയും വാങ്ങി വയറുനിറച്ചുണ്ട് പോയി.

ഇന്നും വലിയ പന്തലിൽ സദ്യയ്ക്കിടെ ആരും അന്വേഷിച്ച് വന്നില്ല എന്നെ.
ഓ ഇവൾ പതിവു പരാതിക്കെട്ട് അഴിക്കുന്നു എന്ന് കരുതി അല്ലേ?

ഇന്ന് വിജയത്തിന്റെ സദ്യ.
കോലത്തിരി നാട്ടിൽ നിന്ന് മൊഴി ചോദിച്ച് മക്കൾ ജേതാക്കളായി വന്ന ദിവസം.

ചന്തുവിന്റെ മരണം ഇവിടെ ആർത്ത് വിളിയ്ക്കാനുള്ള ആഘോഷമായിരിക്കുന്നു.
അഭിമാനം കൊണ്ട് തലയുയർത്തിയ അച്ഛന്റെ നെറ്റിയിൽ ഞരമ്പുകൾ ഉറുമി പോലെ പുളയ്ക്കുന്നു.


എനിക്ക് വയ്യ.
പതിവുപോലെ എനിക്ക് വയ്യ.
ഇടയ്ക്കിടയ്ക്ക് വന്നു നോക്കാൻ മടികാണിക്കാത്ത ചെന്നിക്കുത്തിന്റെ ഉടുക്ക് താളം.

ഞാൻ കുഞ്ചുണ്ണൂലി ആണ്‌.ആലത്തൂരപ്പന്റെ മകൾ.വെള്ളയും കരിമ്പടവും വിരിച്ച് ആരോമൽ ചേകവർ വേട്ട് കൊണ്ട് വന്ന പെണ്ണ്‌.

കാവൂട്ടും വേലയ്ക്കോ കാവിലെ പൂരത്തിനോ അഭ്യാസത്തിനിടയിലോ അറിയാതെ പോലും ഒന്ന് നോക്കിപ്പോയിട്ടില്ലാത്ത ചേകവന്റെ മനസ്സിൽ എനിക്കെന്ത് സ്ഥാനം എന്നാലോചിയ്ക്കുകയായിരുന്നു,
അമ്പാടിയിൽ നിന്ന് പുത്തൂരം വീട് വരെയുള്ള മഞ്ചൽ യാത്ര മുഴുവനും.
പണ്ടേ കേട്ടറിഞ്ഞിട്ടുണ്ട് തുമ്പോലാർച്ച എന്ന പേര്‌,ആരോമൽ ചേകവരുടെ പെണ്ണായിട്ട് തന്നെ.

വേലയ്ക്കും പൂരത്തിനും ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ടായിരുന്നു അവളേയും ഉണ്ണിയാർച്ചയുടെ കൂടെ.
മികവിൽ മികച്ച സുന്ദരിക്കോത.
പക്ഷെ മാറിനിന്നുള്ള കുശുകുശുക്കലും അടക്കിച്ചിരിയും നിഷിധമായിരുന്നില്ല ,ആരേയും ശരിബോധിക്കാത്ത ആ സുന്ദരിയ്ക്കും ആണിനോട് പയറ്റാൻ ധൈര്യമുണ്ടായിരുന്ന വീരാംഗനയ്ക്കും.

പുത്തൂരം വീട്ടിലെ ഓരോ ഊണിലും ഉറക്കത്തിലും ഓരോ ശാസനയിലും ചൂരൽക്കോലിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലിലും സ്വയം ചോദിച്ചു:
ഈ വീട്ടിൽ ഞാനാര്‌?
മാനത്ത് നിന്ന് വന്ന ചേകവന്റെ കിടപ്പറയിൽ നാലാളറിയെ കിടക്കുന്ന ഒരു പിണാത്തി.വേറാര്‌?

പകിടകളി പയറ്റിത്തെളിഞ്ഞ് മികവിൽ മികച്ചേറിയിൽ ചിറ്റം തുടങ്ങിയപ്പോഴും ,കുഞ്ഞുണ്ടായപ്പോഴും മനസ്സിൽ ശപിച്ചില്ല.
രാജസമാനനായ ചേകവന്‌ പണിക്കാരത്തി പെണ്ണിലല്ല ആദ്യകുഞ്ഞ് ജനിക്കേണ്ടതെന്ന് സമാധാനിച്ചു.
കുഞ്ഞിന്റെ മുഖം ആരുടേതു പോലായിരിക്കുമെന്ന് മനസ്സിൽ വരച്ചെടുക്കാൻ ശ്രമിച്ചു.
മാണിപ്പെണ്ണിനോട് ചോദിച്ചു.

അപകർഷതാബോധത്തിന്റെ ഉറുമികൊണ്ട് സ്വയം പ്രഹരമേല്പിച്ച്
വേദനകൊണ്ട് പുളഞ്ഞു.

അതിനിടയിൽ ചന്തുച്ചേകവരോടുള്ള മോഹത്തിന്റെ കഥയും അയലാളർക്കിടയിൽ പാട്ടാകുന്നുണ്ടെന്ന് മാണിപ്പെണ്ണ്‌ പറഞ്ഞറിഞ്ഞു.
അതിനു മുഖം കറുപ്പിച്ചതും മുടിയ്ക്ക് പിടിച്ചതും ചോറ്റുകലം വലിച്ചെറിഞ്ഞതും എന്നെ.

മംഗലം കഴിച്ചവന്റെ അവഗണനെയെപ്പറ്റി പെണ്ണൊന്ന് തേങ്ങിയാൽ അത് മറ്റാരെയെങ്കിലും മനസ്സിൽ മോഹിക്കുന്നതു കൊണ്ടാണെന്ന് വ്യാഖ്യാനിച്ചാൽ എല്ലാം എളുപ്പമാകുമല്ലോ,നാട്ടാർക്കും വീട്ടാർക്കും.

ചന്തുച്ചേകവരെ അമ്പാടിയിൽ വെച്ച് ഒരു തവണ കണ്ടിരുന്നു, പുത്തൂരം വീട്ടിൽ നിന്ന് ജാതകം ചോദിച്ച് ആളു വന്ന ആ ദിവസം.

കല്യാണപ്രായമായ ഒരു സാധാരണ പെൺകുട്ടിയെപ്പോലെ അയാളെയും ഭർത്താവിന്റെ സ്ഥാനത്ത് സങ്കല്പ്പിച്ചു നോക്കി.
കളരിയിൽ ഒറ്റയ്ക്കിരുന്ന് അയാളുടെ അഭ്യാസം കാണുന്നത്...
മുറിവിലെ ചോരയിൽ വിരലോട്ടുന്നത്.....
കാവിൽ പ്രദക്ഷിണം വെക്കുന്നത്....
ഊണു വിളമ്പുന്നതിനിടയിൽ കളി പറയുന്നത്......

പെണ്ണാലോചിച്ച് വരുന്നവരെയെല്ലാം ഇങ്ങനെ സങ്കല്പിച്ചു നോക്കാറുള്ളത് ഒരു കൗതുകത്തിന്‌...
ഒരു സാധാരണ പെൺകുട്ടിയുടെ മനസ്സിന്റെ വികൃതി.
അതിനെയാണോ നിങ്ങൾക്ക് കാമമായും മോഹമായും തോന്നാറുള്ളത്?
ബാലിശം തന്നെ.

എന്നു വെച്ച് അയാളോട് സംസാരിച്ചിരുന്നില്ല എന്നല്ല.
പുത്തൂരം വീട്ടിൽ വെച്ച് ഒന്നോരണ്ടോ തവണ കണ്ടപ്പോഴൊക്കെ അയാളോട് സംസാരിയ്ക്കാൻ ചെന്നു.
പരിചരിച്ചു.
ആ വീട്ടിലെ വീട്ടുകാരായ രണ്ട് അപരിചിതർ.
അത്രയേ കരുതിയുള്ളൂ.

ഉണ്ണിയാർച്ചയെന്ന കാവിൽ ഭഗവതി പൊന്നമ്മയെ വിളക്ക് വെച്ച് ആരാധിച്ചാവാഹിക്കുന്ന അയാളോട് സഹതാപവും തോന്നാറുണ്ട്.
ഭഗവതി അറിയുന്നുണ്ടോ ഭക്തന്റെ പരവേശം.
കുഞ്ഞിരാമനെ കല്യാണം കഴിയ്ക്കാൻ അവൾക്കും മൗനസമ്മതമായിരിക്കണം.അല്ലാതെ സുഹൃത്തിനുകൊടുത്ത വാക്ക് തെറ്റാതിരിക്കാൻ, പെങ്ങളുടെ മനസ്സ് വിഷമിപ്പിക്കുന്ന മഹാപാപമൊന്നും ചെയ്യുകില്ല പൊന്നാങ്ങള.
ആളും അനക്കവും അടിച്ചു തളിക്കാരും ഒന്നുമില്ലാത്ത എളന്തർമഠത്തിലെ,ആശ്രിതന്റെ കൂടെ എന്തിനു പാഴാക്കണം ജീവിതം എന്ന് അവളും കരുതിക്കാണണം.

അല്ലെങ്കിലും ഏതടവാണ്‌ അവൾക്ക് അപരിചിതം?

പാതിരാത്രി പുഴനീന്തിക്കടന്ന് ആറ്റുംമണമ്മേൽ , അയാൾ ഉണ്ണിയാർച്ചയുടെ അറയിൽ ചെന്നു എന്നറിഞ്ഞപ്പോൾ പാവം തോന്നി.

മലയനോട് തൊടുത്ത് മരിച്ച അച്ഛന്റെ വിവരക്കേട് ആവശ്യത്തിനു കിട്ടിയിട്ടുണ്ട് മകനും എന്നു മനസ്സ് വേദനിച്ചു.
ആ കഥ അമ്മയോട് പറഞ്ഞ് ഊണിനിടെ ഉണ്ണിയാർച്ച പരിഹസിച്ച് ചിരിച്ചപ്പോൾ,
രോഷം കൊണ്ടപ്പോൾ ,പുച്ഛം തോന്നി.

വീരാംഗന.
ഇവൾക്കേത് ആണിനെ അറിയാം.
ഏത് പെണ്ണിനെ അറിയാം, അവളെയെല്ലാതെ?
മനസ്സിൽ രോഷത്തിന്റെ കുമരം പുഴ കുത്തിയൊലിച്ചതുകൊണ്ടാകണം ചോറ്റുകലം താഴെ വീണുടഞ്ഞു.

“ഇവിടെ ചിലർക്ക് ശരിയ്ക്ക് കഞ്ഞി വാർക്കാനും അറിയില്ലേ” എന്ന പരിഹാസവും കേട്ടു അതിന്‌.
ചന്തുവിന്റെ ആത്മാഭിമാനത്തെ അവഗണനയുടെ ചുരികകൊണ്ട് വീണ്ടും വീണ്ടും കുത്തിക്കുത്തി മുറിവേല്പിക്കുന്നത നല്ലതിനെല്ലന്നു പറയണമെന്ന് തോന്നി.
പക്ഷെ ആരോട്?
ജോനകരോട് പയറ്റി ജയിച്ച മനസ്സുറപ്പുള്ള പെങ്ങളുടെ ശൗര്യത്തിനും കാരിരുമ്പിന്റെ കൈകരുത്തുള്ള ആങ്ങളയുടെ ധാർഷ്ട്യത്തിനും മുന്നിൽ ഞാനാര്‌?

പിഞ്ഞാണത്തിനും കഞ്ഞിക്കലത്തിനും മരക്കയ്യിലിനും മത്തനും വെള്ളരിയ്ക്കും വെണ്ണീറിനും ഒപ്പം അടുക്കളയിൽ മൂപ്പിളമത്തർക്കം നടത്തുന്ന പലരിലൊരാൾ.


കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന വാർത്തയും ആരിലും വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല.

വരിയ്ക്കപ്ലാവിന്റെ ചക്കയ്ക്കും മുള്ളുമൂത്തമീനിനും ഉള്ള അവകാശം സ്ഥാപിച്ചു കൊടുക്കാൻ വേണ്ടി പൊരുതാൻ വ്രതമെടുത്ത ചേകവനും കൂട്ട് പോകാൻ തയ്യാറായ മച്ചുനനും ആയിരുന്നു അന്ന് പ്രധാനവിഷയം.
അതിനിടയ്ക്ക് ആങ്ങള അങ്കം ജയിച്ചു വന്നാൽ നൂലാചാരം മടക്കിക്കൊടുത്ത് മച്ചുനന്റെ പെണ്ണാകാനുള്ള ആർച്ചയുടെ മഹാമനസ്കതയെക്കുറിച്ചും പറഞ്ഞു കേട്ടു.
വിവരക്കേട് ആർക്കും കുറവല്ല എന്ന് മനസ്സിൽ കരുതി.

അങ്കത്തിനൊടുവിൽ പേടിച്ചതെല്ലാം നടന്നു.
കാരിരുൾ മുടിയ്ക്കും ശംഖ് കഴുത്തിനും മാമ്പുള്ളി ചുണങ്ങിനും കൈകരുത്തിനും മെയ്യഴകിനും ഒപ്പം ഒരല്പം ദയ,അനുകമ്പ,വിവേകം ഇവ കൂടി കൊടുത്തില്ലല്ലോ ദൈവങ്ങളേ എന്ന് അലറിക്കരഞ്ഞു.
തുമ്പോലാർച്ചയുടെ ജാതക ദോഷവും ഓർക്കാതിരുന്നില്ല.
പിഴച്ചത് ആർക്കായാലും നഷ്ടം എനിക്ക് തന്നെ.



“കോലത്തിരി നാട്ടിൽ പുളച്ച് നടന്ന ചതിയന്റെ തലയറുത്തിട്ടും സന്തോഷമായില്ലെ നാത്തൂന്‌ ” ചോദിച്ച് ഉണ്ണിയാർച്ച വന്നു.

എന്റെ അറയിലെ ഇരുട്ടിൽ ഇടിവാളു പോലെ തിളങ്ങുന്നുണ്ട് അവളിപ്പോഴും.
അവളുടെ ആഭരണങ്ങൾ, നെറ്റിയിലെ വലിയ സിന്ദൂരപ്പൊട്ട്, മുടി നിറയെച്ചൂടിയ കുടമുല്ലപ്പൂ.
ധീരനല്ലാത്തതു കൊണ്ട് കുഞ്ഞിരാമൻ ഒരങ്കത്തിനും പോയതില്ല.
തോറ്റതില്ല.
മരിച്ചതുമില്ല.
എങ്കിലും ചോദ്യത്തിനിടയിൽ ചന്തു എന്ന പേര്‌ അവളൊരിയ്ക്കലും പറഞ്ഞില്ലല്ലൊ എന്ന് ശ്രദ്ധിക്കാതിരുന്നില്ല.

ആരോമലുണ്ണിയ്ക്ക് ആരുടെ മുഖഛായ ആണ്‌?
ഉണ്ണിയാർച്ചയുടേയോ കുഞ്ഞിരാമന്റേതോ?
രണ്ടാളുടേതുമല്ല.
അവനെ ആരോമൽചേകവരെപ്പോലെ തോന്നുന്നു.
അമ്മാവനെ ചതിച്ചുകൊന്നവനോട് മൊഴി ചോദിച്ചു വന്ന അവൻ ,
പാണരോട് അടവുകളുടെ എണ്ണം പറഞ്ഞുകൊടുക്കുന്നത് കേൾക്കാനും നില്ക്കുന്നില്ല.
എന്ത് കേട്ടാലും ഇനി ഉറങ്ങാൻ കഴിയില്ല.

ഇന്ന് രാത്രി, അവിടെ കോലത്തിരി നാട്ടിൽ ഒറ്റയ്ക്ക് കുട്ടിമാണി ഉറങ്ങിയിട്ടുണ്ടാകുമോ?

അവൾക്ക്,എനിക്ക്, ഇന്ന് ജീവതമവസാനിച്ച ആ ചേകവന്‌,
ഞങ്ങളിലാർക്കും തിരസ്കാരത്തിന്റെ കുമരം പുഴ നീന്തിക്കടക്കാൻ കഴിഞ്ഞില്ലല്ല്ലോ.

9 Comments, Post your comment:

binoj joseph said...

വളരെ മനോഹരമായ് എഴുതി. എങ്കിലും പഴയ ചന്തുവിനെയും ഉണ്ണിയാര്‍ച്ചയേയും ഒക്കെ മാറ്റിവച്ച് പുതിയ ആശയങള്‍ താങ്കളുടെ കഴിവുള്ള തൂലികയില്‍ നിന്നും പ്രതീക്ഷിക്കുന്നു.

Vayady said...

"അവൾക്ക്,എനിക്ക്, ഇന്ന് ജീവതമവസാനിച്ച ആ ചേകവന്‌,
ഞങ്ങളിലാർക്കും തിരസ്കാരത്തിന്റെ കുമരം പുഴ നീന്തിക്കടക്കാൻ കഴിഞ്ഞില്ലല്ല്ലോ."

നല്ല എഴുത്ത്. വളരെ ഇഷ്ടമായി ഈ വാചകം. കഥ നന്നായിട്ടുണ്ട്.

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ ലിഡിയ,
കുഞ്ചുണ്ണൂലിക്കും ചിലത്‌ പറയാനുണ്ടായിരുന്നു ശ്രദ്ധാപൂര്‍വ്വം വായിച്ചു.അല്‍പനേരം ആലോചിക്കുകയും ചെയ്‌തു.എന്താണ്‌ ആലോചിച്ചതെന്നോ..?നമ്മള്‍ പറയുന്ന ഓരോ കഥയിലും നമ്മള്‍ പുതിയ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നത്‌.ഉദാ-അമ്മ,ക്രിസ്‌തു,കൃഷ്‌ണന്‍,രാധ,മറിയം...ഇങ്ങനെ ആരുമാകട്ടെ.ആരായാലും നമ്മള്‍ മെനയുമ്പോള്‍ അത്‌ നമ്മുടേത്‌ മാത്രമാണ്‌.ഐഡന്റിറ്റി കൊടുക്കാന്‍ കഴിയണം എന്നര്‍ത്ഥം.അല്ലെങ്കില്‍ മോഷണം(പോരായ്‌മ/പുതുമയില്ലായ്‌‌മ) ആരോപിക്കും.
ഊര്‍മ്മിളയെപ്പറ്റി,സീതയെപ്പറ്റി,ഉണ്ണിയാര്‍ച്ചയെപ്പറ്റി,നളിനിജമീലയെപ്പറ്റി..ഒക്കെ നമുക്ക്‌ എഴുതാം.പക്ഷേ,അവര്‍ നമ്മുടേതായിരിക്കണം.അതായത്‌,മറ്റുള്ളവര്‍ പകര്‍ത്തിവച്ച വ്യക്തിത്വമാകരുത്‌,നമ്മള്‍ കൊടുക്കുന്ന വ്യക്തിത്വമായിരിക്കണെം അവര്‍ക്കുണ്ടാവേണ്ട്‌.ചില കാര്‍ട്ടൂണിസ്റ്റുകള്‍ ഇ.എം.എസിനെയോ കരുണാകരനെയോ വരയ്‌ക്കുമ്പോള്‍ അവരുടെ മൗലികമായ നിരീക്ഷണം കൊണ്ടുവരില്ല.പകരം മറ്റാരെങ്കിലും വരച്ച രൂപം പകര്‍ത്തിവയ്‌ക്കും.അത്‌ ഇ.എം.എസോ കരുണാകരനോ ഒക്കെത്തന്നെയായിരിക്കും.പക്ഷേ,കാര്‍ട്ടൂണിസ്റ്റിന്റെ കൈയൊപ്പ്‌ അതില്‍ കാണില്ല.
ലിഡിയയുടെ കൈയൊപ്പ്‌ ഇല്ലാത്ത കഥയാണിത്‌.എം.ടി യാണ്‌ അതില്‍ പരന്നുകിടക്കുന്നത്‌.എം.ടി. സൃഷ്ടിച്ച ഭാഷയിലാണ്‌ താങ്കള്‍ എവുതിയിരിക്കുന്നത്‌.ലിഡിയയുടെ കുഞ്ചുണ്ണൂലിയെ സൃഷ്ടിക്കുന്നതിലാണ്‌ സര്‍ഗ്ഗാത്മകത ഇരിക്കുന്നതെന്നു തിരിച്ചറിയുമല്ലോ.
നല്ല കഥയെഴുതാനുള്ള ആര്‍ജ്ജവം താങ്കള്‍ക്കുണ്ട്‌.അത്‌ു തിരിച്ചറിയുക.ആശംസകള്‍.

ബിജുകുമാര്‍ alakode said...
This comment has been removed by the author.
ബിജുകുമാര്‍ alakode said...

ലിഡിയയുടെ കഥ വായിച്ചു. ഒരു വാചകത്തില്‍ പറഞ്ഞാല്‍ “ പ്രതിഭയുള്ള ഒരെഴുത്തുകാരിയുടെ ശക്തമായ എഴുത്ത്”.
ശ്രീ.സുസ്മേഷിന്റെ ചില വാദങ്ങളോട് എനിയ്ക്ക് യോജിയ്ക്കാന്‍ കഴിയില്ല. ഈ കഥയില്‍ എം.ടി. പരന്നു കിടക്കുന്നതായി തോന്നിയില്ല. എം.ടി.യും ഈ കഥയുമായുള്ള ബന്ധം ചരിത്രകഥപാത്രങ്ങളുടെ ആഖ്യാനം ഉണ്ട് എന്നതുമാത്രമാണ്. എം.ടി.എഴുതിയതു കൊണ്ട് ഇനി മറ്റാര്‍ക്കും ആ വിഷയങ്ങള്‍ ആ ശൈലിയില്‍ കൈകാര്യം ചെയ്തു കൂടാ എന്നില്ല. ചിലപ്പോള്‍ കൂടുതല്‍ പ്രതിഭയുള്ള ഒരാള്‍ക്ക് എം.ടി.യെ അതിജീവിയ്ക്കാന്‍ കഴിഞ്ഞെന്നുമിരിയ്ക്കും.

ചരിത്ര കഥാപാത്രങ്ങളെ വ്യത്യസ്ഥ രീതിയില്‍ നോക്കിക്കാണുന്നതില്‍ തെറ്റില്ല. എം.ടി. ചെയ്തതുപോലെ സ്വന്തം ആഖ്യാനമാവാം അല്ലെങ്കില്‍ നേര്‍ ചിത്രീകരണമാവാം. കഥയില്‍ നിന്നു വായനക്കാരന് ലഭിയ്ക്കേണ്ടത് മികച്ച അനുഭൂതി ആണ്. വായനയിലൂടെ മനസ്സിനെ രസിപ്പിയ്ക്കാനോ അസ്വസ്ഥമാക്കാനോ ഒരു രചനയ്ക്കു കഴിയണം. അതിനു തിരഞ്ഞെടുക്കുന്ന വഴി, പ്രമേയം അതൊക്കെ എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണ്. ഒരെഴുത്തുകാരന്‍ ഇന്ന രീതിയിലേ എഴുതാവൂ എന്ന യാതൊരു നിബന്ധനയും ഇല്ല.

ശാസ്ത്രീയ സംഗീതകാരന്റെ വീക്ഷണത്തില്‍ നാടന്‍ പാട്ട് രാഗ-താള ബദ്ധമല്ലാത്തതിനാല്‍ മോശമാകാം. ഒരു കവിയുടെ വീക്ഷണത്തില്‍ അതിലെ വരികള്‍ കവിത്വമില്ലാത്തതിനാല്‍ മോശമാകാം. എന്നാല്‍ നല്ലൊരു സംഗീത സംവിധായകന്‍ അതിനെ ഭാവതീവ്രതയോടെ ചിട്ടപ്പെടുത്തിയാല്‍ കേള്‍വിക്കാര്‍ക്ക് അതില്‍ രാഗവും താളവും അര്‍ത്ഥവും കണ്ടെത്താനാകും. ആദ്യം പറഞ്ഞ “ലക്ഷണമൊത്തവ“യില്‍ അവ കണ്ടെത്താനായില്ലെന്നും വരും. അങ്ങനെയുള്ളവ എത്ര “ലക്ഷണശാസ്ത്രബദ്ധ“മായിട്ടും എന്തു കാര്യം?

എഴുത്തുകാരന്റെ ധര്‍മ്മം നല്ലൊരു സംവിധായകന്റേതാണ്. ഇവിടെ ലിഡിയ മോശമല്ലാതെ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

പിന്നെ എനിയ്ക്കുള്ള വിമര്‍ശനം, ഇതില്‍ ധാരാളം കഥാപാത്രങ്ങള്‍ ഉള്ളതിനാല്‍ അവര്‍ തമ്മിലുള്ള ബന്ധവും മറ്റും അറിയാത്തവര്‍ക്ക് കഥയുടെ മര്‍മ്മം കണ്ടെത്താന്‍ വിഷമിയ്ക്കേണ്ടി വരും. അതു പോലെ സ്ത്രീയുടെ തനതായ മനോവ്യാപാരത്തിനു മുന്‍‌തൂക്കം കൊടുത്തിരുന്നുവെങ്കില്‍ കൂടുതല്‍ ഭാവതീവ്രമായേനെ. (ലിഡിയയുടെ തന്നെ മറ്റൊരു കഥയ്ക്ക് ഞാനെഴുതിയത് ഓര്‍മ്മിയ്ക്കുമല്ലോ)വളര്‍ന്നു വരുന്ന ഈ എഴുത്തുകാരിയ്ക്ക് എന്റെ എല്ലാ ആശംസകളും!

Minesh Ramanunni said...

സുസ്മെഷിന്റെയും ബിജു കുമാറിന്റെയും കമന്റുകള്‍ കണ്ടു. അതില്‍ സുഷ്മേഷിന്റെ അഭിപ്രായം കൂടുതല്‍ യോജിക്കുന്നു എന്ന് തോന്നി. ഒരു വടക്കന്‍ വീരഗാഥക്ക് ഒരു അനുബന്ധമാണ്‌ ലിഡിയ ഉദ്ദേശിച്ചതെങ്കില്‍ ഈ രചന അതിനോട് നീതി പുലര്‍ത്തുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാലും തരക്കേടില്ലാതെ എഴുതി. കുഞ്ചുണ്ണൂലിയുടെ പെണ്‍ഭാഷ്യം . പക്ഷെ അവിടെ എം ടി യുടെ പ്രതിഭയ്ക്ക് പുറത്തു വന്നു കുറെ കൂടി ആ ഹാങ്ങ്‌ ഓവര്‍ ഇല്ലാതെ എഴുതാമായിരുന്നു എന്ന് തോന്നി.
പക്ഷെ വടക്കന്‍പാട്ടിലെ ചന്തു, ഉണ്ണിയാര്‍ച്ച, ആരോമല്‍, കുഞ്ചുണ്ണൂലി ഇവര്‍ക്ക് പുതിയ ഒരു വായന ആണ് ഉദ്ദേശിച്ചതെങ്കില്‍ (അതായതു വീരഗാഥ വിസമരിച്ചു കൊണ്ട് ഒരു പുതിയ വായന ആണ് മനസ്സില്‍ ഉണ്ടായിരുന്നുവെങ്കില്‍) ഈ രചന എങ്ങും എത്തിയില്ല. എം ടി യുടെ മനോഹരമായ രചന വൈഭവത്തിന്‍റെ കാറ്റില്‍ പെട്ട് അത്തരം ഒരു ശ്രമം തകര്‍ന്നു പോയി. ചരിത്രത്തോട് ഒട്ടും നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് തന്നെ പറയാം. കാരണം എം. ടി നമ്മുടെ മനസിലേക്ക് വളരെ സമര്‍ത്ഥമായി കയറ്റി വിട്ട ബിംബങ്ങളില്‍ അതാണ് ശരി എന്ന് തെറ്റിദ്ധരിച്ചു അതിനു പിന്നില്‍ ഇടറി വീണു പോയി ലിഡിയ.

ഉദാഹരണങ്ങള്‍ പലതുണ്ട്

1 ) മലയനോട് തൊടുത്തു മരിച്ച അച്ഛന്‍ ( ചന്തുവിന്‍റെ അച്ഛന്‍ മലയനോട് തൊടുത്തു മരിച്ചതാണ് എന്ന് എം.ടി എഴുതി ചേര്‍ത്തതാണ്( എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ - തെറ്റാണെങ്കില്‍ തിരുത്തനെ)
2 ) പുഴ നീന്തിക്കടന്നാണോ ഉണ്ണിയാര്‍ച്ചയുടെ അറയില്‍ ചന്തു കയറിയത് ? (അതും എം ടി യുടെ ഭാവനയാണ് എന്നാണ് ഓര്‍മ) കുഞ്ഞിരാമനില്ലാത്ത തക്കം നോക്കി ഉണ്ണിയാര്‍ച്ചയെ ബലമായി ആക്രമിക്കുകയായിരുന്നു എന്ന് വടക്കന്‍ ഭാഷ്യം

3 ) യുദ്ധം ജയിച്ചാല്‍ ചന്തുവിന് പെണ്ണായി കൊള്ളാം എന്ന് ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയാണ് പറയുന്നത്. ചരിത്രത്തിലെ ഉണ്ണിയാര്‍ച്ച അങ്ങനെ ഒരു വാഗ്ദാനം ചന്തുവിന് നല്‍കിയിട്ടില്ല. പകരം ഉണ്ണിയാര്‍ച്ചയെ കിട്ടാത്തത് കൊണ്ടുള്ള ദേഷ്യമാണ് ആരോമലിനെ ചതിക്കാന്‍ ചന്തുവിനെ പ്രേരിപ്പിക്കുന്നത്. അവിടെ ചന്തു ചതിയനാണ്.

മകനോടുള്ള അസൂയയല്ല പെരുന്തച്ചന്‍ മകനെ വധിക്കാന്‍ കാരണം എന്ന് പറഞ്ഞു പെരുന്തച്ചന്‍ കോമ്പ്ലെക്സ് എന്ന പ്രയോഗത്തെ എം. ടി. ഇല്ലാതാക്കിയത് പോലെ ചന്തുവിനെ വളരെ സമര്‍ത്ഥമായി അപകര്‍ഷതബോധത്തിന്‍റെ, അല്ലെങ്കില്‍ അവഗണിക്കപ്പെട്ടവന്‍റെ പ്രതിനിധിയായി സങ്കല്‍പ്പിച്ചത്‌ എം.ടി യുടെ മനോഹരമായ രചനാതന്ത്രമാണ്. ആ തന്ത്രത്തിന് ഒരു അനുബന്ധമല്ല ലിഡിയ ഉദ്ദേശിച്ചതെങ്കില്‍, വടക്കന്‍പാട്ടിലെ കുഞ്ചുണ്ണൂലിയെ ആണ് മനസ്സില്‍ കണ്ടത് എങ്കില്‍, ഈ രചന അല്പം ഗവേഷണത്തിന്‍റെ അഭാവം കൊണ്ട് വസ്തുതകളില്‍ നിന്നും അകന്നു എം ടിക്ക് ചുറ്റും തിരിയുന്ന ഒന്നായി മാറി.

ബിജുകുമാര്‍ ഒന്ന് സൂക്ഷിച്ചു വായിച്ചിരുന്നെങ്കില്‍ ഇതില്‍ എം.ടി പരന്നല്ല നിറഞ്ഞു തന്നെ നില്‍ക്കുന്നത് കാണാമായിരുന്നു. എം ടിയും ഈ കഥയുമായുള്ള ബന്ധം ചരിത്രാഖ്യാനം മാത്രമല്ല. എം ടി നിര്‍ത്തിയിടത് നിന്ന് ലിഡിയ തുടങ്ങി എന്നതാണ്.

എന്തായാലും പുതിയ വായനകള്‍ എപ്പോഴും നല്ലതാണ്. അതിനുള്ള ശ്രമത്തിനു അഭിനന്ദനങ്ങള്‍.

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ സുഹൃത്തുക്കളേ,
വിനയപൂര്‍വ്വം ബിജുകുമാറിനോട്‌ പറയുന്നു.എന്റെ പ്രതികരണം ഒന്നുകൂടി ശ്രദ്ധാപൂര്‍വ്വം വായിക്കുക.കാരണം മിനേഷ്‌ അതിനെ ഒരെഴുത്തുകാരനുവേണ്ട പാകതയോടുകൂടി വായിച്ചിട്ടുണ്ട്‌.
ചുരുക്കിപ്പറയാം.ആ കഥയില്‍ എം.ടി. പരന്നുകിടക്കുന്നതായി തോന്നുന്നത്‌ കുഞ്ചുണ്ണൂലിയുടെ സ്വഗതാഖ്യാനത്തില്‍ കഥ പറഞ്ഞതുകൊണ്ടാണ്‌.(കഥ വീണ്ടും വായിക്കുക.)എം.ടി.ആവര്‍ത്തിച്ച്‌ പ്രയോഗിച്ചിട്ടുള്ള സങ്കേതമാണത്‌.നമ്മള്‍ ഒരു മിത്തിനെയോ പുരാണകഥാപാത്രത്തെയോ എടുത്ത്‌ മാറ്റിയെഴുതാന്‍ ഉദ്ദേശിച്ചാല്‍ സംശയം വേണ്ട എം.ടി.സ്വാധീനം വരും(മലയാളത്തില്‍).അത്‌ അദ്ദേഹത്തിന്റെ നേട്ടമാണ്‌.അതേസമയം അതേപോലെ ജനമനസ്സില്‍ കയറിയ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചിട്ടുള്ള വി.എസ്‌.ഖാണ്ഡേക്കറെയോ പി.കെ.ബാലകൃഷ്‌ണനെയോ നമ്മുടെ മനസ്സില്‍ വരികയില്ല.അത്‌ എം.ടി.സ്വാംശീകരിച്ച ജനപ്രിയതയുടെ മാറ്റൊലിയാണ്‌.അതിനെ-ആ ശൈലിയെ- പുതിയ എഴുത്തുകാരന്‍ പൊളിക്കണം.പൊളിക്കാന്‍ ബാദ്ധ്യസ്ഥരാണ്‌.അല്ലെങ്കില്‍ അനുകരിച്ചു എന്ന പഴികേള്‍ക്കേണ്ടിവരും.അത്‌ മനസ്സിലാക്കാതെ പോകുന്നതാണ്‌്‌്‌ പിന്‍മുറഎഴുത്തുകാരന്‍ അകപ്പെടുന്ന കെണി.എം.ടി.ശൈലിയുടെ കെണിയില്‍ അധികവും വീഴുന്നത്‌്‌ സ്‌ത്രീ എഴുത്തുകാരാണെന്നും പറയട്ടെ.അതാണ്‌ ഞാന്‍ പറഞ്ഞുവന്നത്‌.
വി.കെ.എന്‍.'രണ്ടാമൂഴ'ത്തെപ്പറ്റി പറഞ്ഞതായി ഒരു കഥയുണ്ട്‌.അതിലെ നായകന്‍ 'ഭീമന്‍ നായര'ല്ലേ എന്ന്‌്‌്‌.അതാണ്‌ എം.ടിയുടെ വിജയരഹസ്യം.
ലിഡിയ ഈ ചര്‍ച്ചയെ എത്രത്തോളം ഗൗരവത്തോടെ കാണുന്നുണ്ട്‌ എന്നറിയില്ല.എഴുത്തുകാരന്‍ എന്ന നിലയില്‍ ലിഡിയയുടെ കമന്റ്‌ ആണ്‌ ഞാന്‍ കാത്തിരിക്കുന്നത്‌.
നല്ല എഴുത്തുകാരനാവുക ചില്ലറപ്പണിയല്ല സുഹൃത്തുക്കളേ..(ഞാന്‍ അങ്ങനെയായി എന്നല്ല..)

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ സുഹൃത്തുക്കളേ,
വിനയപൂര്‍വ്വം ബിജുകുമാറിനോട്‌ പറയുന്നു.എന്റെ പ്രതികരണം ഒന്നുകൂടി ശ്രദ്ധാപൂര്‍വ്വം വായിക്കുക.കാരണം മിനേഷ്‌ അതിനെ ഒരെഴുത്തുകാരനുവേണ്ട പാകതയോടുകൂടി വായിച്ചിട്ടുണ്ട്‌.
ചുരുക്കിപ്പറയാം.ആ കഥയില്‍ എം.ടി. പരന്നുകിടക്കുന്നതായി തോന്നുന്നത്‌ കുഞ്ചുണ്ണൂലിയുടെ സ്വഗതാഖ്യാനത്തില്‍ കഥ പറഞ്ഞതുകൊണ്ടാണ്‌.(കഥ വീണ്ടും വായിക്കുക.)എം.ടി.ആവര്‍ത്തിച്ച്‌ പ്രയോഗിച്ചിട്ടുള്ള സങ്കേതമാണത്‌.നമ്മള്‍ ഒരു മിത്തിനെയോ പുരാണകഥാപാത്രത്തെയോ എടുത്ത്‌ മാറ്റിയെഴുതാന്‍ ഉദ്ദേശിച്ചാല്‍ സംശയം വേണ്ട എം.ടി.സ്വാധീനം വരും(മലയാളത്തില്‍).അത്‌ അദ്ദേഹത്തിന്റെ നേട്ടമാണ്‌.അതേസമയം അതേപോലെ ജനമനസ്സില്‍ കയറിയ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചിട്ടുള്ള വി.എസ്‌.ഖാണ്ഡേക്കറെയോ പി.കെ.ബാലകൃഷ്‌ണനെയോ നമ്മുടെ മനസ്സില്‍ വരികയില്ല.അത്‌ എം.ടി.സ്വാംശീകരിച്ച ജനപ്രിയതയുടെ മാറ്റൊലിയാണ്‌.അതിനെ-ആ ശൈലിയെ- പുതിയ എഴുത്തുകാരന്‍ പൊളിക്കണം.പൊളിക്കാന്‍ ബാദ്ധ്യസ്ഥരാണ്‌.അല്ലെങ്കില്‍ അനുകരിച്ചു എന്ന പഴികേള്‍ക്കേണ്ടിവരും.അത്‌ മനസ്സിലാക്കാതെ പോകുന്നതാണ്‌്‌്‌ പിന്‍മുറഎഴുത്തുകാരന്‍ അകപ്പെടുന്ന കെണി.എം.ടി.ശൈലിയുടെ കെണിയില്‍ അധികവും വീഴുന്നത്‌്‌ സ്‌ത്രീ എഴുത്തുകാരാണെന്നും പറയട്ടെ.അതാണ്‌ ഞാന്‍ പറഞ്ഞുവന്നത്‌.
വി.കെ.എന്‍.'രണ്ടാമൂഴ'ത്തെപ്പറ്റി പറഞ്ഞതായി ഒരു കഥയുണ്ട്‌.അതിലെ നായകന്‍ 'ഭീമന്‍ നായര'ല്ലേ എന്ന്‌്‌്‌.അതാണ്‌ എം.ടിയുടെ വിജയരഹസ്യം.
ലിഡിയ ഈ ചര്‍ച്ചയെ എത്രത്തോളം ഗൗരവത്തോടെ കാണുന്നുണ്ട്‌ എന്നറിയില്ല.എഴുത്തുകാരന്‍ എന്ന നിലയില്‍ ലിഡിയയുടെ കമന്റ്‌ ആണ്‌ ഞാന്‍ കാത്തിരിക്കുന്നത്‌.
നല്ല എഴുത്തുകാരനാവുക ചില്ലറപ്പണിയല്ല സുഹൃത്തുക്കളേ..(ഞാന്‍ അങ്ങനെയായി എന്നല്ല..)

LiDi said...

ഞനിതിന്റെ കൂടെ ഞാൻ വായിച്ച ,അവലംബമാക്കിയ, ഒരു പുസ്തകതിന്റെ പേജ് ഉണ്ട്..അതിൽ Minesh R Menon മറുപടി ഉണ്ടെന്നു തോന്നുന്നു.
കൂടുതൽ വിശദമായ എന്തു മറുപടിയാണ്‌ എഴുതേണ്ടത്.
പിന്നെ ഇതെഴുതുമ്പോൾ ഒരു ഭർത്താവിന്റേയും അയാളുടെ പെങ്ങളുടേയും ഇടയിൽ പെട്ട ഒരു പെണ്ണായിരുന്നു എന്റെ മനസ്സിൽ..എനിക്ക് ന്യായീകരിക്കേണ്ടത് അവളെയായിരുന്നു.അതിനു ആമുഖം വേണ്ടാത്ത ഒരു പശ്ചാത്തലം തിരഞ്ഞാണ്‌ ഞാൻ വടക്കൻ പാട്ടുകളിൽ എത്തിയത്.
കൂടുതൽ മറുപടി ആവശ്യമെങ്കിൽ പിന്നീട്.
വായനയ്ക്കും ചർച്ചയ്കും നന്ദി.