സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!നഷ്ടപ്പെട്ട അവസാനപുറം

August 03, 2010 Salini S

പുറത്ത് വർണ്ണങ്ങൾ ചോർന്നു പോയ പൂക്കളാണ്. കാർഡ് തുറന്നാൽ അകത്ത് നിറമുള്ള പൂക്കളും. മനോഹരമായ ഒരു ബർത്ത്ഡേ കാർഡ്. കാർഡിൽ അഭിയുടെ കൈയ്യക്ഷരം. പെൻസിൽ കൊണ്ടെഴുതിയ വലിയ അക്ഷരങ്ങൾ.

“ഏട്ടാ, ഹാപ്പി ബർത്തഡേ…“

സ്കൂൾ ഹോസ്റ്റലിന്റെ അഡ്രസ്സും പേറി, പതിനാറാം പിറന്നാളിന്റെ തലേന്നു ആ കാർഡ് വന്നു. മറക്കാനാവില്ല, അത് കൈയ്യില്‍ കിട്ടിയ നിമിഷം...കണ്ണുകൾ നിറഞ്ഞൊഴുകി. അഭിയും, അച്ഛനും അമ്മയും ഇല്ലാത്ത ആദ്യത്തെ പിറന്നാൾ. അമ്മയുടെ ചൂടു ചോറും സാമ്പാറും ഇല്ലാത്ത, അഛന്റെ അമർത്തി മൂളലുകളും “പഠിക്കുന്നുണ്ടോ?” എന്ന ചോദ്യവും ഇല്ലാത്ത ദിനങ്ങൾ. പക്ഷേ ഹൃദയം വിങ്ങിയത്, അഭിക്കു വേണ്ടി മാത്രമായിരുന്നു.

ആ വർഷം ഓണത്തിനു അമ്മയെഴുതിയ കത്ത്. ആഘോഷിക്കാൻ കഴിയാതെ പോയ ഒരുപാട് ഓണങ്ങളുടെ തുടക്കം. കണ്ണുനീർത്തുള്ളികൾ വീണു പരന്ന അക്ഷരങ്ങൾ. എഴുതുമ്പോൾ അമ്മ കരഞ്ഞിരിക്കണം. വായിച്ചപ്പോൾ ഞാനും. കത്തിന്റെ അവസാന പുറത്ത്, അഭിയുടെ പെൻസിൽ അക്ഷരത്തെറ്റോടെ കോറിയിട്ടു.
“ചേട്ടാനില്ലാത്തകൊണ്ട് കളിക്കാൻ രസല്ല. മുറ്റത്തെ പുളിയിൽ ഊഞ്ഞാലു കെട്ടി.എത്ര പറഞ്ഞാലും അച്ഛൻ ആട്ടിത്തരില്ല. സമയല്ലാത്രെ!നമ്മടെ തെച്ചിപ്പൂവൊക്കെ മാലു കൊണ്ടോയി. അമ്മാമ എനിക്ക് അഞ്ഞൂറു രൂപ….”

തേൻ കുടിക്കുന്ന പൂമ്പാറ്റയുടെ ചിത്രമുള്ള മഞ്ഞ കാർഡ്. വലിയ അക്ഷരങ്ങളിൽ അഭിയെഴുതി.
”All the best ഏട്ടാ…”

അവന്റെ അക്ഷരങ്ങൾക്കു പെനിസിലിൽ നിന്നു പേനയിലേയ്ക്കു സ്ഥാനക്കയറ്റം കിട്ടിയിരുന്നു. എൻട്രൻസ് പരീക്ഷയ്ക്കുള്ള തിരക്കിട്ട പഠിത്തത്തിടയിൽ വന്ന കാർഡ്.അതും നെഞ്ചോടടുക്കിപ്പിടിച്ച് ഏറെ നേരം ഇരുന്നതോർക്കുന്നു.

എൻജിനീയറിങ്ങിനായി അടുത്ത ഹോസ്റ്റലിലേയ്ക്കു കൂടുമാറി. അമ്മയുടെ കത്തുകൾ മുടക്കമില്ലാതെ വന്നു കൊണ്ടിരുന്നു. കത്തുകളുടെ അവസാന പുറം അഭിക്കവകാശപ്പെട്ടതായിരുന്നു.ഞാൻ വായിച്ചു തുടങ്ങിയിരുന്നതും അവസാന പുറത്തു നിന്നാണ്. അഭി എല്ലാ വിശേഷങ്ങളും വിസ്തരിച്ചെഴുതി.പുതിയ സൈക്കിൾ വാങ്ങിയെങ്കിലും പഠിപ്പിക്കാൻ ആളില്ലാത്തതിന്റെ ദുഖവും, സ്കൂൾ വിട്ടു വരുമ്പോൾ കൃഷ്ണേട്ടന്റെ കടത്തിണ്ണയിൽ കിടക്കുന്ന പട്ടി കടിക്കുമോയെന്ന ഭയവും അങ്ങനെയങ്ങനെ… അവസാന വരി മിക്കപ്പോഴും ഒന്നായിരുന്നു.”ഏട്ടൻ എന്നാ വര്വാ?“

ഞാനില്ലാതെ അവൻ വളർന്നു. സൈക്കിൾ ഓടിക്കാനും പഠിച്ചു.

അസ്തമയ സൂര്യനെ ആവാഹിച്ച മനോഹരമായ ഈ കാർഡ് എൻജിനീയറിങ്ങ് നാലാം വർഷം എന്റെ കയ്യിലെത്തി. കൂട്ടുകാരുടെ പലരുടെയും കൈകളിൽ കയറിയിറങ്ങിയാണ് അതെത്തിയത്. അനിയനാണതയച്ചതെന്ന് ആരും വിശ്വസിച്ചില്ല. അന്ന് അഭി ഒൻപതാം ക്ലാസ്സിലായിരിക്കണം.
“missing you,
Like mist in the mornings,
And shade in the noons.
Missing you,
Like fragrance in the dusk,
And like twinkles in the night.
എന്റെ അഭിയെങ്ങനെ ഇത്രയും തെറ്റു കൂടാതെയെഴുതിയെന്നു ഞാൻ അത്ഭുതപ്പെട്ടു. മനസ്സ് എന്തിനോ വിങ്ങി. പക്ഷേ കൂട്ടുകാരുടെ ചിരിയിൽ അതു മുങ്ങിപ്പോയി.

ഓരോ തവണയും വീട്ടിൽ പോകുമ്പോൾ, അഭിക്കു ഉയരം കൂടിവരുന്നതായും, നനുത്ത മീശ മുളച്ചതായും, സൈക്കിളിനു പകരം അച്ചന്റെ ബൈക്ക് ഓടിക്കാൻ തുടങ്ങിയതായും കണ്ടു ഞാൻ അമ്പരന്നു. കൌമാരത്തിന്റെ വർണ്ണപ്പകിട്ടിലായിരുന്നു അഭിയന്ന്. ഞാൻ യൌവനത്തിന്റെ തീവ്രതയിലും. അവനു ഒരുപാടു പുതിയ കൂട്ടുകാരുണ്ടായി, നദിയുടെ രണ്ടു കൈവഴികൾ പോലെ ഞങ്ങളുടെ ജീവിതം ഒഴുകിത്തുടങ്ങി.

അമ്മയെഴുതിയ കത്തുകൾ, പിന്നീടു പല വർഷങ്ങളിലായി വന്നത്. മിക്കതിന്റേയും ഉള്ളടക്കം ഒന്നു തന്നെ.പക്ഷേ, കത്തുകൾക്ക് അവസാന പുറം ഉണ്ടായിരുന്നില്ല. അഭി ഹോസ്റ്റൽ ജീവിതം തുടങ്ങിയിരുന്നു. സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും മിഴിവാർന്ന ആ ദിനങ്ങളിൽ, ശൂന്യമായ അവസാന പുറം എന്നെ അലോസരപ്പെടുത്തിയതേയില്ല.

അഭിയുടെ കൈയ്യക്ഷരമുള്ള ഒരു കാർഡും ഇനി ഈ കൂട്ടത്തിലില്ല. എവിടെയോ ഒരു നേർത്ത പട്ടുനൂൽ മുറിയുന്ന വേദന. ഒരുപാടു വൈകിപ്പോയി..ഒരു തിരിച്ചു വരവിന് കഴിയാത്ത വിധം ഞാനും അഭിയും വളർന്നും പോയി.

9 Comments, Post your comment:

വഴിപ്പോക്കന്‍ said...

ഇഷ്ടായി...ഏട്ടനേം, അഭിനേം എല്ലാം...!

ബിജുകുമാര്‍ alakode said...

:-)

Manoraj said...

ശാലിനി

വായിച്ച് തുടങ്ങിയപ്പോള്‍ ഏതോ ഒരു ഹോസ്റ്റല്‍ ജീവിതത്തിലെ പതിവ് റാഗ്ഗിങ്ങ് കഥ അങ്ങിനെയെന്തീങ്കിലും ആവും എന്ന് കരുതി. പക്ഷെ ഇത് കൊള്ളാം. ഒന്ന് തുറന്ന് പറയട്ടെ. ഒരു പൂര്‍ണ്ണത കുറവ് എന്നിലെ വായനക്കാരന്‌ ഫീല്‍ ചെയ്തു. അത് കുറവാണൊ അതോ എന്റെ വായനയുടെയാണോ എന്ന ഒരു സന്ദേഹമുണ്ട്. ഏതായാലും ഇനിയും എഴുതുക.

ചന്ദ്രകാന്തന്‍ said...

മനോരാജ് പറഞ്ഞതുപോലെ പൂര്‍ണ്ണതക്കുറവോ കൂടുതലോ ഒന്നുമറിയില്ലെനിക്ക്.. ഒരുപക്ഷേ മറ്റു പൂര്‍ണ്ണതകളേക്കാളേറെ വൈകാരികതയുടെ പൂര്‍ണ്ണത ഇതിനുള്ളതുകൊണ്ടായിരിക്കാം കുറവുകളൊന്നും എനിക്ക് അനുഭവപ്പെടാഞ്ഞത്.. എന്തായാലും ഒന്നേ പറയാനുള്ളു.. ഈ ബ്ലോഗ് എന്റെ കണ്ണ് നിറച്ചു.. പെട്ടെന്ന് ഞാന്‍ അങ്ങ് ദൂരെ മറ്റൊരു ഭൂഖണ്ഡത്തിലിരുന്ന് എന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്ന എന്റെ ചേട്ടനെ ഓര്‍ത്തുപോയി.. നെഞ്ചിനുള്ളില്‍ ഒരു ഭാരം പോലെ.. ശാലിനിക്ക് ഒത്തിരി നന്ദി.. ഈ കഥയ്ക്ക്...

Ajuajinas said...

യഥാര്‍ത്ഥ സ്നേഹത്തിന്‍റ് വില അല്ലെങ്കില്‍ വേദന മനസ്സിലാകുന്നത്‌ അത് നമ്മില്‍ നിന്നും അന്ന്യമാകുമ്പോള്‍ ആണ്. ഓര്‍മകളില്‍ എന്നും താലോലിക്കാന്‍ സ്നേഹത്തിന്റെ കൊച്ചു നിമിഷങ്ങള്‍ മാത്രം.. ഒരു നല്ല സാഹോദര്യത്തിന്റെ കഥ പറഞ്ഞ കൂട്ടുകാരിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ...

Sulthan | സുൽത്താൻ said...

ശാലിനി,

ഒരുപാട്‌ വൈകിപ്പോയി, തിരിച്ച്‌വരവിന്‌ കഴിയാത്തവിധം.

കുറഞ്ഞ വരികളിൽ, നൊമ്പരപ്പെടുത്തിയല്ലോ ശാലിനി.

ഇഷ്ടമായിട്ടോ, ആശംസകൾ.

അവസാനവരികൾ ഒന്നൂടെ എഡിറ്റാമോ? (ഒരുപാടു വൈകിപ്പൊയിപ്പോൾ)

Sulthan | സുൽത്താൻ

LEE said...

സന്തോഷഭരിതമായ എന്റെ ബാല്യത്തിലേക്ക് ഒരിക്കല്‍കൂടെ ഞാന്‍ തിരിച്ചുപോയി ..
നന്ദി ശാലിനി .
അഭിയുടെ കൈയക്ഷരമുള്ള കത്തുകളില്‍ നിന്നും ഇന്നിലെക്കുള്ള ദൂരത്തിന്റെ അളവും അതിലുപരി അതുളവാക്കിയ ശൂന്യതയുടെ വേദനാജനകമായ വ്യാപ്തിയും വളരെ ഭംഗിയായി പറഞ്ഞു .
ഇനിയും എഴുതുക .
ഭാവുകങ്ങള്‍ .

ശാലിനി said...

പ്രിയപ്പെട്ടവരേ, എല്ലാ അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.
ഈ കഥ വായിച്ചു ആര്‍ക്കെങ്കിലും സ്വന്തം സഹോദരന്/സഹോദരിക്ക് ഒരു ഫോണ്‍ കോള്‍ ചെയ്യണമെന്നു തോന്നിയാല്‍ തന്നെ എന്റെ മനസ്സ് നിറഞ്ഞു.
ആത്മാര്‍ഥത നിറഞ്ഞ കമന്റ്‌കള്‍ക്ക് നന്ദി പറയട്ടെ.

@സുല്‍ത്താന്‍, പറഞ്ഞ പോലെ എഡിറ്റ്‌ ചെയ്തിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിനു നന്ദി.

ലിഡിയ said...

ഇപ്പോഴാണ്‌ വായിച്ചത്..ഇതിനു തുടർച്ചയായി എഴുതി വെച്ച അവസാനപുറം എന്നാ
ണ്‌ ഞങ്ങൾക്ക് വായിക്കാൻ തരിക?