സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



കാലിഡോസ്കോപ്പ് -റീ ലോഡഡ്

August 07, 2010 anju minesh

ഒരു നിയോണ്‍ ബള്‍ബിന്റെ വെളിച്ചത്തില്‍, വീണ ആ ബോര്‍ഡ്‌ ഒന്ന് കൂടി വായിച്ചു. "ബെര്‍ലിന്‍ .. ദൈവമേ വോഡ്ക തലയ്ക്കു പിടിച്ചോ എന്തോ ?"

ട്രെയിന്‍ ഇറങ്ങിയപ്പോള്‍ അവിടെ ഒരു മുണ്ടും നേര്യേതുമൊക്കെ ഉടുത്തൊരു കുഞ്ഞാത്തോല്‍ നിലക്കുന്നു. കഴിഞ്ഞ ആലുവ ശിവരാത്രിക്കാണോ അതോ നികേഷ് കുമാറിന്‍റെ വിട വാങ്ങല്‍ ചടങ്ങില്‍ ആണോ ഈയമ്മയെ കണ്ടത് എന്ന് ഫ്ലാഷ്ബാക്കില്‍ നോക്കുമ്പോളാണ് മനസിലായത് ആള്‍ നമ്മടെ ഹിറ്റ്ലര്‍ തിരുമേനിയുടെ ഇപ്പോഴത്തെ സംബന്ധക്കാരി ഈവ ആത്തെമ്മാര് ‍ആണെന്ന്.

ഈയമ്മയെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോയാല്‍ കരപ്രമാണി ആയ ഹിറ്റ്ലര്‍ തിരുമേനിക്ക് മുഷിച്ചില്‍ ആവൂല്ലോ എന്ന് ആലോചിച്ചു ഒരു ലോഹ്യം ചോദിച്ചു. "എന്താ ഇങ്ങള് ഇവിടെ നില്‍ക്കണേ? വല്ല ബന്ധുക്കളും മലബാറിന് വരാനുണ്ടോ? മൂപ്പര്‍ക്ക് കൊഴപ്പോന്നുല്ല്യല്ലോ? "

"ഇല്ല്യ, വിശേഷിച്ചു കൊഴപ്പോന്നുല്യ. ദാ, ഇപ്പൊ നെന്മാറ പൂരത്തിന് വണ്ടി കയറ്റി വിട്ടതാ. അത് കഴിഞ്ഞു മുസോളിനി എമ്ബ്രാന്തിരിയെയും ഹിരോഹിതോ വാര്യരെയും കൂട്ടി പോളിഷ് ഇടനാഴിയില്‍ ഒരു നാമജപം നടത്തണം എന്ന് പറയണ് കേട്ടു. അവര് മൂന്നും ഇപ്പോള്‍ അടേം ചക്കരേം പോലല്ലേ "

നാല് കോളം വാര്‍ത്തക്കുള്ള വകയുണ്ടാവുമോ എന്ന ചിന്ത മനസിലേക്ക് കടന്നു വന്നപ്പോള്‍ മെല്ലെ ഈവക്കുഞാത്തോലിനെ ഒന്ന് ചൊറിഞാലോ എന്ന് വീണ നായര്‍ ആലോചിച്ചു.

പണ്ടേ കുഞ്ഞാത്തോലുമാരെ ഏഷണി കൂട്ടുന്നതില്‍ നായരിച്ചികള്‍ കേമത്തികള്‍ ആണല്ലോ.( നാരായണപണിക്കര്‍ കേള്‍ക്കാതിരുന്നാല്‍ മതി.കേട്ടാല്‍ മൂന്നു തലമുറയ്ക്ക് എന്‍. എസ്.എസ് കോളേജില്‍ അഡ്മിഷന്‍ കിട്ടില്ല്യ!)

"അല്ല ഇങ്ങള്‍ എങ്ങന്യ ഈ നാലരയടി ഉള്ള, വികലാംഗ പെന്‍ഷന്‍ വാങ്ങിക്കുന്ന തിരുമെന്യേ ഇഷ്ടപെട്ടത്? അങ്ങേര്‍ക്കു എന്തു കോളിഫിക്കേഷന്‍ ഉണ്ട്? ആള്‍ ഖസാക്കിന്‍റെ ഇതിഹാസം വായിക്കുമോ? സിറ്റി ബാങ്ക് ക്രെഡിറ്റ്‌ കാര്‍ഡ് ഉണ്ടോ? സ്വന്തമായി ബ്ലോഗോ ഓര്‍ക്കുട്ടോ, അങ്ങനെ വല്ലതും ഉണ്ടോ? പിന്നെ, എന്താ ഇതിനു പിന്നിലുള്ള ഇങ്ങളുടെ ചേതോവികാരം ?"

കുഞ്ഞാത്തോല്‍ നെടുവീര്‍പ്പിട്ടു " ഒക്കെ സംഭവിച്ചു പോയി. ഒരു കര്‍ക്കടകത്തില്‍ ബെര്‍ലിന്‍ ചന്തയില്‍ ദശപുഷ്പം വാങ്ങാന്‍ വന്നതാ. തിരുമേനി അവിടെ മൈതാനത്ത് നവ ബെര്‍ലിന്‍ യാത്ര നടത്തുന്നു. അറിയാതെ കണ്ണൊന്നു പാളി ഒന്ന് നോക്കിയപ്പോള്‍ അദേഹം വയലാറിന്‍റെ താടക ചൊല്ലുന്നു.

"സൂര്യ വംശത്തിന്നടിയറ വെക്കുമോ
ആര്യ വംശത്തിന്‍റെ സ്വര്‍ണ സിംഹാസനം "


അത് കേട്ടതും തോന്നി ഇയാള്‍ ആള് കേമാനാണല്ലോന്നു. നേരെ വീട്ടിലെ അഡ്രെസ്സ് എസ്. എം. എസ് അയച്ചു കാത്തിരുന്നു. തിരുമേനിക്ക് അസാരം ഈ വിഷയത്തില്‍ താല്പര്യം ഉള്ളത് കൊണ്ട് വൈകുന്നേരം റാന്തലുമായി ആള്‍ സമയത്തിന് തന്നെ എത്തി. അങ്ങനങ്ങട് അത് സ്ഥിരായി "

ഇത് കേട്ടതും വീണ നായര്‍ എണീറ്റു. ഇന്നത്തെ പത്രത്തില്‍ ഇടാന്‍ പറ്റിയ വാര്‍ത്തയായി. നളിനി ജമീല എന്നൊക്കെ പറയുന്നത് പോലെ ഈവകുഞ്ഞാത്തോല്‍ മനസ്സ് തുറക്കുന്നു എന്ന് പറഞ്ഞു ഒന്ന് കാച്ചാം.

"അപ്പൊ ശരി അയമ്മേ. നിക്ക് പോയിട്ട് ഒരു ബ്ലോഗ്‌ എഴുതാന്‍ ഉണ്ട്" എന്ന് പറഞ്ഞു വീണ എണീറ്റു.

"ഹ്മം നമ്മുടെ ആള് മടങ്ങി എത്താന്‍ നാലഞ്ചു ദിവസം പിടിക്കും. അത് വരെ നാരായണീയം ജപിച്ചിരിക്കാം" ഇതും പറഞ്ഞു ഇവാത്തോലും മെല്ലെ കഴിച്ചിലായി .....

മടങ്ങി വണ്ടി കയറുമ്പോള്‍ പ്രണയത്തിന്‍റെ കാലിഡോസ്കോപിന്‍റെ ആങ്കിളുകള്‍, അതിലൂടെ കാണുന്ന കാലിച്ചന്ത,നുര, പത എന്നൊക്കെ ചോദിക്കാന്‍ മറന്നല്ലോ എന്നാലോചിച്ചു വീണ ജേര്‍ണലിസം പുസ്തകങ്ങള്‍ പിന്നെയും പരതി!

മിനേഷ് ആര്‍ മേനോന്‍

8 Comments, Post your comment:

റോസാപ്പൂക്കള്‍ said...

havoo...sambhavam kakkitto...

ദീപുപ്രദീപ്‌ said...

-റീ ലോഡഡ് വേര്‍ഷനും നന്നായിട്ടുണ്ട് ട്ടോ.
കാലിഡോസ്കോപിന്റെ തന്നെ വേറൊരു ആംഗിള്‍ നന്നായിട്ടുണ്ട് .
ഇനിയും എഴുതണം .

ബിജുകുമാര്‍ alakode said...

ഒരു വി.കെ.എന്‍ ടച്ചിങ്ങ്. :-)

vipin said...

വീ കെ എന്‍ ആവേശിച്ചുവെന്നു തോന്നുന്നു !!

മുരളി I Murali Mudra said...

ഇവിടെ കയറിയപ്പോള്‍ ആകെ ഒരു സ്ഥലജല വിഭ്രാന്തി.അഞ്ജുവിന്റെ കഥയോ മിനെഷിന്റെ കഥയോ??
രണ്ടുപേരുടെയും കൂടി കഥ( :) ) ആണെന്ന് കരുതി ഓടിവന്നപ്പോള്‍ കഥ വേറെ..
ഇനിയിപ്പോ രണ്ടു കഥയ്ക്കും കൂടി കമന്റ് ഇവിടെ ഇടാം.
:)
കാലിഡോസ്കോപ് ഉഗ്രന്‍.
റീലോഡഡ് മിനെഷ്‌ 'പയ്യന്‍' സ്റ്റൈലില്‍ എഴുതിയതുകൊണ്ട് അവതരണത്തില്‍ പഴമ മണക്കുന്നില്ലേ എന്നൊരു സംശയം.

വിനയന്‍ said...

കാലിഡോസ്കോപ്പ്‌ അഞ്ജുവിന്റെ ബ്ലോഗില്‍ വായിച്ചിരുന്നു...ഇത് കണ്ടില്ല... അപ്പോള്‍ ഇത് മിനീഷിന്റെ റീലോഡഡ് ആണല്ലേ...രസായിട്ടുണ്ട്...

Renjishcs said...

ഭേഷായി കുട്ടിയെ.....

Palakkattukaran said...

കൊള്ളം നന്നായിട്ടുണ്ട്! ഒരു ചെറിയ തിരുത്ത്‌. നെമ്മാറ പൂരമല്ല, നെമ്മാറ വേല എന്നാ അറിയപെടുന്നത്.