സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ഒരു ഭഗവദ്ഗീതയും രണ്ട് ചിരട്ടക്കയിലുകളും

August 11, 2010 Echmukutty

ലോകപ്രശസ്തനായിരുന്ന ഒരു സ്വാമിജിയുടെ ഗ്രാമത്തിലാണ് പത്ത് പതിനേഴു വർഷങ്ങൾ ഞാൻ ജീവിച്ചത്.
അദ്ദേഹം എത്ര വലിയ പണ്ഡിതനും മനുഷ്യസ്നേഹിയും ആഗോളപ്രശസ്തനുമാണെന്ന് ഗ്രാമീണർക്ക് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. സ്വാമിജി എഴുതിയതൊന്നും അവർ വായിച്ചറിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛനായ ബ്രാഹ്മണനേയും അമ്മയായ നായർ സ്ത്രീയേയും അറിയാം. കൂടുതൽ അറിവുകൾ ആവശ്യമുള്ളതായി ഗ്രാമീണർക്ക് തോന്നിയില്ലെന്ന് കരുതിക്കോളൂ. പിൽക്കാലത്ത് അദ്ദേഹത്തിനു പുത്തൻ തലമുറയിലെ ധനികരായ ഗ്രാമീണർ നൽകിയ അതിഗംഭീരമായ സ്വീകരണച്ചടങ്ങുകൾക്കൊന്നും അന്നു ഒരു മാർഗവുമുണ്ടായിരുന്നില്ല എന്നു സാരം.

ഇടയ്ക്ക് വല്ലപ്പോഴും ഗ്രാമത്തിൽ വരാറുള്ള സ്വാമിജിയെ കാണാൻ വളരെ ചുരുക്കം പേർ മാത്രമേ ആ പഴയ കാലങ്ങളിൽ ഒരുമിയ്ക്കാറുള്ളൂ. സ്വാമിജിയുടെ കുടുംബാംഗങ്ങളെ ഒഴിച്ച് നിറുത്തിയാൽ അതീവ ശുഷ്ക്കമാകുന്ന ഒരു സദസ്സ്. ആ സദസ്സുമായി മനസ്സു തുറന്ന് സംസാരിച്ച് കൊണ്ട് പാണ്ഡിത്യത്തിന്റേയോ പ്രശസ്തിയുടേയോ യാതൊരു വിധ ജാഡകളുമില്ലാതെ ശിവക്ഷേത്രത്തിന്റെ കൽപ്പടവുകളിലിരിക്കാറുള്ള അദ്ദേഹം അത്യന്തം ചൈതന്യപൂർണ്ണമായ ഒരു കാഴ്ച തന്നെയായിരുന്നു. കുട്ടിക്കാലത്തു കണ്ട ആ ഓർമ്മയ്ക്ക് തെല്ലും മങ്ങലുണ്ടായിട്ടില്ല.

അമ്മീമ്മ ആ ശുഷ്ക്ക സദസ്സിന്റെ ഭാഗമാവാറില്ലെങ്കിലും സ്വാമിജിയെ അമ്പലത്തിൽ ചെന്നു കാണാറുണ്ടായിരുന്നു. അവർക്ക് പരസ്പരം ഔന്നത്യമാർന്ന ബഹുമാനാദരങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. അമ്മീമ്മ കാൽ തൊട്ട് നമസ്കരിക്കുന്നതായി കണ്ടിട്ടുള്ള ഒരേ ഒരാളും അദ്ദേഹമായിരുന്നു.

ആദ്യം കണ്ടപ്പോൾ തന്നെ കൊച്ചുകുട്ടികളായ എന്നേയും അനുജത്തിയേയും അദ്ദേഹം ഒരുമിച്ച് മടിയിലിരുത്തി, കൈയിലുണ്ടായിരുന്ന പഴം ഞങ്ങൾക്ക് സമ്മാനിച്ചു, അച്ഛനേയും അമ്മയേയും കുറിച്ച് താല്പര്യപൂർവം അന്വേഷിച്ചു, നന്നായി പഠിക്കണമെന്നും, നല്ല മനുഷ്യരാകണമെന്നും ഉപദേശിച്ചു. ഇത് ഞങ്ങൾക്ക് അത്യപൂർവമായ ഒരു ബഹുമതിയായിരുന്നു.

ജാതി നഷ്ടപ്പെടുത്തി വിവാഹിതരായ അമ്മയുടേയും അച്ഛന്റേയും ബന്ധുക്കൾ ഞങ്ങളെ വിരൽ കൊണ്ട് പോലും സ്പർശിച്ചിരുന്നില്ല. അന്ന് അച്ഛനോളം വിദ്യാഭ്യാസവും അച്ഛനുണ്ടായിരുന്നത്രയും വലിയ പദവിയുള്ള ജോലിയും ആ ഗ്രാമത്തിൽ അധികമാർക്കും ഉണ്ടായിരുന്നില്ല. ഗ്രാമത്തിൽ ആദ്യമായി ബിരുദമെടുത്ത സ്ത്രീയായിരുന്നു എന്റെ അമ്മ. അമ്മയും ഉദ്യോഗസ്ഥയായിരുന്നു.

വളരെ ചുരുക്കം ബന്ധുക്കൾ മാത്രമേ വീട്ടിൽ വന്നിരുന്നുള്ളൂ. അച്ഛന്റെ ബന്ധുക്കൾ അച്ഛനോടും അമ്മയുടെ ബന്ധുക്കൾ അമ്മയോടും അമ്മീമ്മയോടും മാത്രം സംസാരിച്ച്, തീരെ പിടിക്കാത്തപോലെയും ഒരു ഓക്കാനം പുറത്ത് ചാടാൻ അവരുടെ വായിലൊരുമ്പെട്ട് നിൽക്കുന്നതു പോലെയുമുള്ള നാട്യത്തോടെയും കാപ്പിയോ പലഹാരമോ ഊണോ കഴിച്ച് തടി കഴിച്ചിലാക്കിയിരുന്നു. അപ്പോഴാണ് സ്വാമിജി ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്. ഞങ്ങളുടെ മനസ്സ് ആഹ്ലാദഭരിതമായി, ആദ്യമായി ഞങ്ങൾക്കും ഒരു പ്രാധാന്യമൊക്കെ വന്നതു പോലെ തോന്നി.

അമ്മീമ്മയുടെ അപ്പൂപ്പന്റെ ജ്യേഷ്ട സഹോദര പൌത്രനായിരുന്നു സ്വാമിജി. അവർക്ക് തമ്മിലുണ്ടായിരുന്ന വാത്സല്യത്തിനും ബഹുമാനത്തിനും ഇതുമൊരു കാരണമായിരിക്കാം. ശകലം പോലും കലർപ്പില്ലാത്ത ശുദ്ധ ബ്രാഹ്മണരൊന്നും തന്നെ സാധാരണയായി സ്വാമിജിയെ കാണാൻ പോകാറില്ല. ‘എന്നവാനാലും നായര്ചെക്കൻ താനേ‘ എന്ന് ഗ്രാമത്തിലെ തല മൂത്ത പല ബ്രാഹ്മണരും സമൂഹമഠത്തിലിരുന്ന് അദ്ദേഹത്തെ ആക്ഷേപിക്കുവാൻ താല്പര്യം പ്രദർശിപ്പിച്ചു. അദ്ദേഹത്തിന്റെ അറിവിനെ ബഹുമാനിക്കാനാവശ്യമായ ഔന്നത്യമാർന്ന വ്യക്തിത്വം അവർക്കുണ്ടായിരുന്നില്ല.

നൂറ് പേജിന്റെ ഓരോ നോട്ട് ബുക്കുകളിൽ നിറയെ ഹരേ രാമ ഹരേ കൃഷ്ണാ, എന്നും ശ്രീരാമ രാമ എന്നും ഓം നമഃശിവായ എന്നും എഴുതി അദ്ദേഹം തന്ന മേൽ വിലാസത്തിൽ അയച്ചപ്പോൾ ശ്രീകൃഷ്ണസ്തുതികളും ശ്രീരാമസ്തുതികളും മഹാദേവസ്തുതികളുമടങ്ങുന്ന ഓരോ പുസ്തകങ്ങൾ ഞങ്ങൾ കുട്ടികളുടെ പേരിൽ രജിസ്റ്റേർഡ് പോസ്റ്റായി വന്നുചേർന്നു. ഞങ്ങൾക്ക് കിട്ടിയ ആദ്യത്തെ രജിസ്റ്റേർഡ് പോസ്റ്റ് അതായിരുന്നു. ആ സ്തുതികളെല്ലാം ഞങ്ങൾ മനഃപാഠമാക്കി.

അടുത്ത തവണത്തെ വരവിൽ സ്വാമിജിക്ക് ഒരു ചെറിയ സദസ്സിനെ അഭിമുഖീകരിച്ച് പ്രസംഗിക്കേണ്ടിയിരുന്നു. അപ്പോഴാണ് ഗ്രാമത്തിലെ കുട്ടികളെ ഭഗവദ്ഗീത പഠിപ്പിക്കുന്നത് നല്ലൊരാശയമായിരിക്കുമെന്ന് എല്ലാവർക്കും തോന്നിയത്. അതു പെട്ടെന്നു തന്നെ തീരുമാനമാകുകയായിരുന്നു. സ്ഥലവും സമയവും അധ്യാപകനും നിമിഷനേരം കൊണ്ട് തയാറായി. ആവേശഭരിതരായ രക്ഷാകർത്താക്കളിൽ പലരും അപ്പോൾ തന്നെ സ്വന്തം കുട്ടികളുടെ പേരു കൊടുത്തു.

അമ്മീമ്മ ആവേശമൊന്നും കാണിച്ചില്ല. എന്തോ അതിലവർക്ക് വിശ്വാസം ഇല്ലാത്തതു പോലെ തോന്നി. പ്രസംഗമെല്ലാം തീർന്നപ്പോൾ സ്വാമിജി കഴുത്തിലിട്ടിരുന്ന പൂമാല എനിക്കും അനുജത്തിക്കുമായി സമ്മാനിച്ചു. നല്ല കുട്ടികളായിത്തീരണമെന്നും കഴിയുന്നത്ര അറിവ് നേടണമെന്നും പറഞ്ഞു. അമ്മയേയും അച്ഛനേയും അന്വേഷിക്കാനും അദ്ദേഹം മറന്നില്ല.

ഞങ്ങൾ മൂവരും അദ്ദേഹത്തെ നമസ്കരിച്ചപ്പോൾ, എന്തുകൊണ്ടോ ചില ശുദ്ധബ്രാഹ്മണക്കുട്ടികളും അദ്ദേഹത്തെ നമസ്കരിക്കുവാൻ കുനിഞ്ഞു.

ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഗീതാക്ലാസ്. ഒരു നോട്ട് ബുക്കും പെൻസിലും മാത്രം കൊണ്ടു പോയാൽ മതി. അങ്ങനെ ഞാനും അനുജത്തിയും നോട്ട് ബുക്കും പെൻസിലുമായി പുറപ്പെട്ടു. ക്ലാസ്സിലെത്തിയപ്പോൾ കുട്ടികളെല്ലാം ഇരുന്നു കഴിഞ്ഞിരുന്നു.

അധ്യാപകനായ ആൾ, വരാന്തയിൽ നിന്നിരുന്ന് ചിലരോട് നേരമ്പോക്കുകൾ പറഞ്ഞ് രസിയ്ക്കുന്നുണ്ടായിരുന്നു. അറിയപ്പെടുന്ന ഒരു സംസ്കൃത പണ്ഡിതനായിരുന്ന അദ്ദേഹം ഏതോ വലിയ വിദ്യാപീഠത്തിലൊക്കെ പഠിച്ചതാണെന്നും സംസ്കൃതത്തിൽ പച്ചവെള്ളം പോലെ സംസാരിക്കുമെന്നും ഒക്കെ കഥകളുണ്ടായിരുന്നു. ഉയർന്ന ഒരു നായർ കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം വിവാഹം കഴിച്ചിരുന്നില്ല.

‘ഉം‘?- പുരികമുയർത്തിക്കൊണ്ട് അധ്യാപകൻ ഒരു മയവുമില്ലാതെ ചോദിച്ചു. ആ ശബ്ദത്തിന്റെ കാഠിന്യം ഞങ്ങളെ പരിഭ്രമിപ്പിക്കാതിരുന്നില്ല.

‘ഗീതാക്ലാസ്സിൽ പഠിക്കാൻ വന്നതാ‘ ഞാൻ വിക്കിക്കൊണ്ട് അറിയിച്ചു.

എന്തോ ഒരു വലിയ തമാശ കേട്ടതു പോലെ അദ്ദേഹം പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങി. ഒട്ടു നേരം കഴിഞ്ഞ് ചിരിയൊതുക്കിയ ശേഷം അദ്ദേഹം പറഞ്ഞു. ‘ചെരട്ടക്കയിലുകൾക്ക് പഠിക്കാൻ പറ്റണതല്ല, ഗീത. ചെരട്ടക്കയിലു കുത്താൻ അച്ഛനാശാരിയോട് പഠിപ്പിക്കാൻ പറ.‘

വരാന്തയിൽ നിന്നവരെല്ലാം ഉറക്കെ പൊട്ടിച്ചിരിച്ചു. അവരിലാരും തന്നെ ആശാരിമാരായിരുന്നില്ല.

കരഞ്ഞു കൊണ്ട് തിരികെ വീട്ടിലേക്ക് പോകുമ്പോൾ ചെരട്ടക്കയിൽ കുത്തുന്നതെങ്ങനെയാണെന്നറിയണമെന്നും ഗീത പഠിക്കണമെന്നും ഞങ്ങൾ തീരുമാനിച്ചു.

ചെരട്ടക്കയിൽ ആശാരി സ്ത്രീകളാണുണ്ടാക്കുകയെന്ന് അന്ന് ഞങ്ങൾക്ക് അറിയുമായിരുന്നില്ല. അവരെ അതുകൊണ്ട് ചെരട്ടക്കയിലുകളെന്ന് ആക്ഷേപിക്കാറുണ്ടെന്നും അന്നു ഞങ്ങൾക്ക് അറിയുമായിരുന്നില്ല.

15 Comments, Post your comment:

ആളവന്‍താന്‍ said...

വായിച്ചു. ഇവിടെ ഒന്നും പറയുന്നില്ല.

ദീപുപ്രദീപ്‌ said...
This comment has been removed by the author.
ദീപുപ്രദീപ്‌ said...

ഒരനുഭവ കഥ ആണെന്നു തോന്നുന്നു. എന്റെ അഭിപ്രായം ഞാന്‍ പറയുന്നു, ഇതു വിലയിരുത്താന്‍ ഞാന്‍ വലിയ എഴുത്തുകാരനൊന്നുമല്ല, പക്ഷെ ഈ കഥ വായിച്ച ഒരാളെന്ന നിലയ്ക്ക്, ഞാന്‍ ഇതു പറയ്യേണ്ടിയിരിക്കുന്നു

എന്താണ്‌ ഇതു കൊണ്ട് ഉദ്ദേശിച്ചത് എന്ന്‌ മനസ്സിലായില്ല.
ഈ കഥയില്‍ കാര്യമായ എന്തെങ്കിലും ഉണ്ടെങ്കില്‍, അത് അവസാനമാണ്‌, പക്ഷെ അതിലേക്കുള്ള ദൂരം വളരെ കൂടുതലാണ്‌, നമ്മളെ പിടിച്ചിരുത്താന്‍ തക്ക ഒന്നുമുള്ളതായി തോന്നിയില്ല.

ഒരോരുത്തരുടെയും അഭിപ്രായങ്ങള്‍ പലതായിരിക്കം.

സുസ്മേഷ് ചന്ത്രോത്ത് said...
This comment has been removed by the author.
സുസ്മേഷ് ചന്ത്രോത്ത് said...

'ഒരു ഭഗവത്‌ഗീതയും രണ്ട്‌ മുലകളും' ബഷീറിന്റെ അത്രയൊന്നും നല്ലതല്ലാത്ത ഒരു കഥയാണ്‌.പക്ഷേ,ഇവിടെ വായിച്ച 'ഒരു ഭഗവത്‌ഗീതയും രണ്ട്‌ ചിരട്ടക്കയിലുകളും' വളരെ നന്നാക്കാമായിരുന്ന ഒരു കഥയായിരുന്നു.'കഥ' വാസ്‌തവത്തില്‍ അവസാനം പറയുന്ന ആശാരിസ്‌ത്രീകളുടെ കാര്യത്തിലാണ്‌.അതിലേക്ക്‌ എഴുത്തുകാരന്റെ വ്യക്ത്യനുഭവത്തെ/കഥാവസ്‌തുവിനെ സമര്‍ത്ഥമായി സംയോജിപ്പിക്കുമ്പോള്‍ ഉജ്ജ്വലമായ കഥ പിറക്കുമായിരുന്നു..ശൂദ്രന്‌ വേദം നിഷേധിച്ച കാലത്തെ നാമോര്‍ക്കുക.അതിന്റെ നൈരന്തര്യം ഈ കഥയില്‍ തെളിഞ്ഞുകിടപ്പുണ്ട്‌.അവിടവിടെ ഉളി മുട്ടിയ കല്ലായിക്കിടക്കുന്നു ഇക്കഥ.ശില്‌പം തെളിഞ്ഞുവന്നില്ല.
കാരൂരിന്റെ 'മരപ്പാവകള്‍'വായിക്കുമല്ലോ.ആനന്ദിന്റെ 'സംന്യാസ'വും.

Minesh Ramanunni said...

കലയുടെ കഥയായതു കൊണ്ട് മാത്രമാണ് ഇത് ഞാന്‍ അവസാനം വരെ വായിച്ചത്.കഥയുടെ അവസാനം, പ്രതീക്ഷിച്ച ആ 'കഥ ശില്പം' കണ്ടെത്താന്‍ തന്നെ കഴിഞ്ഞു. പക്ഷെ കലയുടെ ഒരു മികച്ച കഥയായി ഇത് കാണാന്‍ പറ്റില്ല.

ഏതോ നാടോടി ശീലുകള്‍ പോലെ, അല്ലെങ്കില്‍ ഒരു ആനന്ദ് രചന പോലെ വായിക്കാന്‍ കഴിയുമെങ്കിലും കുറെ കൂടി ഏകാഗ്രത ആവശ്യമായിരുന്നു. കഥ രചനയിലും കഥപത്ര രൂപീകരണത്തിലും കഥയുടെ ഒഴുക്കിലുമെല്ലാം.

എന്നിരുന്നാലും കഥ പറച്ചിലിലെ മറ്റൊരു വ്യത്യസ്തമായ പരീക്ഷണം എന്ന് തന്നെ പറയാം ഈ കഥയെ( ബാക്കിയെല്ലാം സുഷ്മേഷ് പറഞ്ഞു കഴിഞ്ഞു .)

ഋതു said...

പ്രിയ സുഹൃത്തെ,
തൊട്ടുമുന്‍പത്തെ കഥ കഴിഞ്ഞു 48Hrs കഴിഞ്ഞേ അടുത്ത കഥ പോസ്റ്റ്‌ ചെയ്യാന്‍ പാടുള്ളൂ എന്ന ഋതുവിലെ സുപ്രധാന നിയമം താന്കള്‍ പാലിച്ചു കാണുന്നില്ല.റൂള്‍ പ്രകാരം താങ്കളുടെ കഥ ഡിലീറ്റ്‌ ചെയ്യപ്പെടെണ്ടതാണ്.അഡ്മിന്‍ ഒരുപാട് തവണ എല്ലാ എഴുത്തുകാരെയും അറിയിച്ചിട്ടുള്ള ഒരു കാര്യമാണിത്.
അടുത്ത പോസ്റ്റ്‌ മുതല്‍ ,പോസ്റ്റിങ്ങ്‌ റൂള്‍ തെറ്റിച്ച് ആര് കഥ പോസ്റ്റ്‌ ചെയ്താലും ഉടന്‍ ഡിലീറ്റ്‌ ചെയ്യപ്പെടുന്നതായിരിക്കും.എല്ലാവരും ദയവായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

റോസാപ്പൂക്കള്‍ said...
This comment has been removed by the author.
റോസാപ്പൂക്കള്‍ said...

ചെരട്ടക്കയിൽ കുത്തുന്നതെങ്ങനെയാണെന്നറിയണമെന്നും ഗീത പഠിക്കണമെന്നും ഞങ്ങൾ തീരുമാനിച്ചു. "

എച്ച്ചുവിന്റെ മറ്റു കഥകള്ക്ക്്‌ ഒപ്പമെത്തിയില്ല . .എന്നാലും കൊള്ളാം

Echmukutty said...

നിയമം മനസ്സിലാക്കിയതിലുള്ള കുറവാണ് ഇങ്ങനെയൊരു അബദ്ധം പറ്റാൻ കാരണമെന്ന് അറിയിയ്ക്കട്ടെ.
തെറ്റ് പറ്റിയതിൽ ക്ഷമ ചോദിയ്ക്കുന്നതോടൊപ്പം ആവർത്തിയ്ക്കുകയില്ലെന്ന വാഗ്ദാനവും നൽകുന്നു.
സ്നേഹപൂർവം

ബിജുകുമാര്‍ alakode said...

ഫില്ലറുകളെല്ലാം ഒഴിവാക്കി, സത്ത് മാത്രം പിഴിഞ്ഞെടുത്ത് അവതരിപ്പിച്ചാല്‍ നന്നായിരുന്നെനെ എന്നു തോന്നുന്നു.
:-)

പട്ടേപ്പാടം റാംജി said...

അനുഭവത്തിന്റെ മണം പരത്തുന്ന കഥ എനിക്കിഷ്ടപ്പെട്ടു.

M N PRASANNA KUMAR said...

തരപ്പെട്ട പ്രതലം ലഭ്യമായിരിക്കെ
പൂമുഖത്തെക്കുള്ള ദൂരം
ഇത്ര കൂട്ടെ ണ്ടി യിരുന്നില്ല

Ajay said...

The story touched my heart somewhere though the theme is pretty old, the style is different, and unique only of echmukkutty.Keep posting.,
ajay

Echmukutty said...

കഥയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചവർക്കെല്ലാം നന്ദി.പ്രത്യേകിച്ച് സുസ്മേഷിനെപ്പോലൊരു വലിയ എഴുത്തുകാരന്റെ അഭിപ്രായം ഞാൻ ഗൌരവത്തോടെ സ്വീകരിയ്ക്കുന്നു.
ആശാരി സ്ത്രീകളുടെ കഥയല്ല, ബ്രാഹ്മണനോ ആശാരിയോ ആവാൻ പറ്റാതെ പോയ കുട്ടികളുടെ കഥയാണ് ഞാൻ പറയാൻ ശ്രമിച്ചത്. കുട്ടികളോട് പോലും അസഹിഷ്ണുത കാണിയ്ക്കുന്ന ജാത്യഭിമാനത്തെ പകർത്തുവാൻ ശ്രമിച്ചതാണ്.
സുസ്മേഷ് നിർദ്ദേശിച്ച മരപ്പാവകളും സംന്യാസവും വായിയ്ക്കാം. ഇനിയും എന്നെ പോലൊരു തുടക്കക്കാരിയുടെ കഥകൾ ശ്രദ്ധിയ്ക്കാനും അഭിപ്രായം പറയുവാനുമുള്ള വലിയ മനസ്സ് കാണിയ്ക്കുമല്ലോ.
എല്ലാവരും ഇനിയും വായിയ്ക്കുമെന്ന് കരുതുന്നു.