കാർമേഘങ്ങൾ വിരിഞ്ഞു നിന്ന ആകാശത്തിന്റെ ഇരുളിമയിൽ, മഴ പെയ്യാൻ തുടങ്ങുന്ന ഒരു സന്ധ്യയിലാണ് ഞാനവനെ അവസാനമായി കണ്ടത്. പതിവില്ലാത്ത ഒരു ചിരിയോടെ വളരെ പതുക്കെയാണ് അവൻ നടന്നടുത്തത്. തണുത്ത കാറ്റ് എന്റെ മുടിയിഴകളെ തലോടി. അതെന്റെ കണ്ണുകളിൽ വിടരാൻ തുടങ്ങിയ കണ്ണീർ തുള്ളികളെ ഘനീഭവിപ്പിച്ചു. ദൂരെയുള്ള കുന്നുകൾ നീല നിറത്തിൽ പുകഞ്ഞു നിന്നു.
എന്റെ മനസ്സ് ഒരിക്കലെങ്കിലും അവനറിഞ്ഞിരുന്നുവോ? കണ്ണുനീരിന്റെ പടലത്തിൽകൂടി കണ്ട അവന്റെ അവ്യക്ത രൂപം നോക്കി നിൽക്കവെ ഞാൻ ചിന്തിച്ചു. ഒരിക്കലെങ്കിലും? വർഷങ്ങളുടെ സുഹ്രുത്ബന്ധത്തിൽ ഒരിക്കലെങ്കിലും? അവൻ എന്റെ സുഹ്രുത്തു മാത്രമായിരുന്നില്ല. കുസ്രുതി കാട്ടുന്ന ഒരേട്ടനായി, കരുതലുള്ള ഒരഛനായി…. എന്റെ ആത്മാവെനിക്കു നഷ്ടപ്പെട്ടപ്പോൾ അവന്റേതെനിക്കായി പകുത്തു തന്നതും അവനായിരുന്നു. പിന്നെ, മഴയുള്ള രാത്രിയിൽ എന്നെ തഴുകുന്ന മഴയുടെ തണുത്ത കരങ്ങളായി. എന്റെ അളകങ്ങളെ മാടിയൊതുക്കുന്ന കാറ്റിന്റെ കുസ്രുതിക്കരങ്ങളായി.
മഴ വീണു കുതിർന്ന കോളേജ് വരാന്തയിൽ എവിടെയോ വച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടത് . മഴയിൽ കുതിരാൻ തുടങ്ങുന്ന ഒരു ഫിസിക്സ് റെക്കോഡുമായി എന്റെ കുടയിൽ അഭയം ചോദിച്ച് അവനെത്തി. പിന്നീട് പതിവായി കുടയില്ലാതെ അവനാ വരാന്തയുടെ അറ്റത്തു പ്രത്യക്ഷപ്പെടാൻ തുടങ്ങി. എന്തിനായിരുന്നു എല്ലാം?
പിന്നീട് എന്റെ കണ്ണുകൾ അവനായി തിരഞ്ഞു തുടങ്ങിയപ്പോൾ ഞാൻ ഭയപ്പെട്ടു.
ഇന്നും ഞാനോർക്കുന്നു. ലൈബ്രറിയുടെ പടിക്കെട്ടിൽ ഉച്ചവെയിൽ പരന്നൊഴുകുന്ന ഒരു മധ്യാഹ്നത്തിൽ, എന്റെ കണ്ണുനീർ വീണു കുതിർന്ന പുതുമണ്ണിന്റെ ഗന്ധത്തിൽ, ഞങ്ങൾ ആദ്യമായി കലഹിച്ചു. എല്ലാം തീർന്ന പോലെ തോന്നി. പക്ഷേ പിന്നീടെത്രയോ ഇണക്കങ്ങളും പിണക്കങ്ങളും, ചിരിയും കരച്ചിലും, സാന്ത്വനങ്ങളും.
എപ്പോഴും ഞങ്ങൾക്കിടയിൽ ഒരു മതിൽക്കെട്ടുണ്ടായിരുന്നു. പക്ഷേ എപ്പോഴാണെന്റെ മനസ്സു ആ പരിധി വിട്ടു പോയതു? അതിലും കൂടുതൽ വേണമെന്നു ആശിച്ചത്? സ്വയം ശാസിച്ചു ഞാൻ. പക്ഷെ വീണ്ടും വീണ്ടും അവന്റെ അസുലഭമായ പുഞ്ചിരിക്കായി ഞാൻ കൊതിച്ചു കൊണ്ടേയിരുന്നു. എന്റെ സ്വന്തമല്ലെന്നറിഞ്ഞിട്ടും അവൻ കൈവിട്ടു പോകുമോ എന്നു ഞാൻ ഭയന്നതെന്തിനായിരുന്നു? അറിയില്ല. അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്ന ഭാവങ്ങൾ എപ്പോഴുമെന്നെ കുഴക്കിയിരുന്നു. പക്ഷേ ആ ഭാവങ്ങളുടെ മാസ്മരികതയില്ലാതെ ഒരു നിമിഷം പോലും എനിക്കാവില്ലെന്നറിഞ്ഞപ്പോൾ ഞാൻ തളർന്നു.
ഭാരിച്ച ദിവസങ്ങളുടെ അന്ത്യത്തിൽ, മാനഞ്ചിറയിലെ പുൽമേട്ടിൽ ഞങ്ങൾ പറഞ്ഞു തീർത്ത വിശേഷങ്ങളിൽ, ഞാൻ ചൊരിഞ്ഞ പരിഭവങ്ങളിൽ,ഒരിക്കലും ഞാനവനോടു പറഞ്ഞില്ല, ഈ സ്നേഹം ഞാൻ എന്നും ആഗ്രഹിക്കുന്നുവെന്ന്, ഈ കണ്ണുകളിൽ ഉറങ്ങുന്ന കവിതയെ ആരാധിക്കുന്നുവെന്ന്.പറയാൻ ഞാൻ ഭയപ്പെട്ടു. സ്നേഹം ചോദിച്ചു വാങ്ങുന്നത് ഒരു ന്യൂനതയായതിനാലാവാം.
ഞങ്ങളുടെ പ്രണയ സങ്കല്പങ്ങൾ ഒരിക്കലും പൊരുത്തപ്പെട്ടിരുന്നില്ല.എനിക്കു പ്രണയം ഒരു ആഘോഷമായിരുന്നു. പക്ഷേ അവനു പ്രണയം രാത്രിയിൽ നാമറിയാതെ പെയ്യുന്ന മഴ പോലെ ആയിരുന്നു. മഴ പെയ്തൊഴിയുമ്പോൾ നീണ്ടു നിൽക്കുന്ന നേർത്ത തണുപ്പു പോലെ, മണ്ണിന്റെ നനഞ്ഞ ഗന്ധം പോലെയായിരുന്നു അത്.
പക്ഷേ എനിക്കുറപ്പായിരുന്നു അവനെന്നെ അറിഞ്ഞിരുന്നുവെന്ന്. അവന്റെ കണ്ണുകളിൽ ഒളിഞ്ഞിരുന്ന ചിരിയുടെ പകുതി, എന്റെ ആത്മാവിന്റെ സൌന്തര്യം ആയിരുന്നെന്ന്.
ഞങ്ങളുടെ സൌഹ്രുദത്തെ ശിശിരവും വസന്തവും പല തവണ തഴുകി. അവിടെ വർഷമുണ്ടായി, പൂക്കളുണ്ടായി, നനുത്ത മഞ്ഞുണ്ടായി.ഓരോ നിമിഷവും അവന്റെ ഗന്ധം, സുഖകരമായ അവന്റെ സാമീപ്യം വരാൻ പോകുന്ന ഒരു ദുഖത്തെ,പറയാതെ ഞാൻ നഷ്ടപ്പെടുത്തുന്ന സുരക്ഷയുടെ കരവലയത്തെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.
ആ അവസാന ദിവസവും ഒന്നും പറയാൻ എനിക്കു കഴിഞ്ഞില്ല.ഒഴുക്കാനാകാത്ത ആയിരം കണ്ണുനീർ തുള്ളികളുടെ ആർദ്രത ഒരു നിശ്വാസത്തിലൊളിപ്പിച്ച് ദൂരെയുള്ള കുന്നുകളെ നോക്കി ഞങ്ങൾ വളരെ നേരം നിന്നു.
നഷ്ടപ്രണയം
April 01, 2011
Salini Vineeth
Labels: കഥ
Subscribe to:
Post Comments (Atom)
11 Comments, Post your comment:
കൃത്യമായി പറഞ്ഞാല്‍ 6 വര്ഷം പഴക്കമുണ്ട് ഈ കഥയ്ക്ക്. ബോറടിച്ചിരുന്ന ഒരു ക്ലാസ്സ് റൂമില്‍ വച്ച് എഴുതിയത്.
എന്റെ പ്രിയപ്പെട്ട കഥയാണിത്. ഒരുപാടു സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ച ഒരു കഥ.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ?
ആറു വര്‍ഷം പഴക്കം പക്ഷെ പ്രമേയത്തിന് തോന്നിക്കുന്നില്ല.കാലിക പ്രസക്തമായ പ്രമേയം.നല്ല അവതരണവും.ആശംസകള്‍.
കുറച്ചു കൂടി ഷാര്‍പ് ആക്കാമായിരുന്നു എന്ന് തോന്നി. ഇത്തരം കഥകള്‍ വീണ്ടും എഴുതുമ്പോള്‍ ഒന്ന് കൂടി മനസിലിട്ട് ഷേപ്പ് ചെയ്തു എടുക്കാം. കാരണം വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മളും നമ്മുടെ ചിന്തകളും സമൂഹവും മാറുമല്ലോ. ഒരു ക്ലാസ് റൂമിന്റെ സുരക്ഷിതത്വത്തില്‍ നിന്നും ജീവിതത്തിന്റെ വിശാലതയിലേക്ക് എത്തിപ്പെടുമ്പോള്‍ ചിന്തകളും കാഴ്ചപാടുകളും കൂടുതല്‍ തെളിച്ചം വെക്കുമല്ലോ. ആ തെളിച്ചം ഈ കഥയില്‍ കാണുന്നില്ല എന്ന് തോന്നുന്നു. ഇതില്‍ ഇപ്പോഴും ആ ക്യാമ്പസ് ശാലിനി മാത്രം :)
വ്യക്തിപരമായ ഒരു പരാമര്‍ശം മാത്രമാണിത്. ശാലിനിയുറെ ഭാഷ പൊതുവേ നല്ലതാണ്. നല്ല പ്രമേയങ്ങളും ആവിഷ്ക്കരണങ്ങളും കൂടി ആയാല്‍ ഇതിലും മനോഹരമായ കഥകള്‍ ശാലിനിയില്‍ തീര്‍ച്ചയായും ഉണ്ടാവും
നശിപ്പിച്ചു... ഞാന്‍ എന്തൊക്കെ പ്രതീക്ഷിച്ചു..... :-)
ഇഷ്ടമായി കഥ ....
എന്നാലും....
ഒരു ആത്മാര്‍ഥതയും
ഇല്ലാത്ത എത്രയോ
കാമ്പസ് പ്രണയങ്ങള്‍ക്കിടയില്‍,
ഇത്രയും നല്ല ഒരു പ്രണയം....
ഇത് ഒരു നഷ്ടപ്രണയം ആക്കണ്ടായിരുന്നു...
"പക്ഷേ അവനു പ്രണയം രാത്രിയിൽ നാമറിയാതെ പെയ്യുന്ന മഴ പോലെ ആയിരുന്നു. മഴ പെയ്തൊഴിയുമ്പോൾ നീണ്ടു നിൽക്കുന്ന നേർത്ത തണുപ്പു പോലെ, മണ്ണിന്റെ നനഞ്ഞ ഗന്ധം പോലെയായിരുന്നു അത്."
അവന്റെ മഴ പ്രണയം, മനോഹരം...
നല്ല കഥ, ശാലിനി...ആശംസകള്‍...
ബോറടിച്ചിരുന്ന ഒരു ക്ലാസ് റൂമില്‍ വെച്ച് ഇത്രയും നന്നായി എഴുതിയെങ്കില്‍, ഏറ്റവും പ്രിയപ്പെട്ട എഴുത്ത് മേശക്കു ചുറ്റുമിരുന്നു ലയിചെഴുതിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ..?
മിനേഷ് ആര്‍ മേനോന്‍ പറഞ്ഞതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല..
ഒരിക്കല്‍ എഴുതി തീര്‍ത്ത ഒരു കഥയില്‍ ഭാഷാപരമായ തെറ്റുകള്‍ തിരുതതുന്നതിനപ്പുറം ഒരു പുനരെഴുത്ത് പാടില്ല...
ഓരോ കാലത്തെയും രചനകള്‍ അതാതു കാലത്തെ കഥാകാരന്റെ മനസ്സിന്റെ പ്രതിബിംബം കൂടിയാണ്...
അതിലെ കുറ്റങ്ങളും കുറവുകളും അക്കാലത്തെ എഴുത്തുകാരന്റെ പക്വതയുടെയും ചാപല്യങ്ങളുടെയും കൂടി സാക്ഷിപത്രമാകുന്നു...
ഏത് പ്രായത്തിലും ആ പഴയ കാലത്തിലേക്ക് എഴുത്തുകാരനെയും ഒപ്പം വായനക്കാരനെയും കൂട്ടികൊണ്ട് പോകുന്നതായിരിക്കണം അത്തരം രചനകള്‍...
എനിക്കറിയാം ഒരു പക്ഷെ ശാലിനി ഏറ്റവും അധികം വായിച്ചിട്ടുള്ള, ഇനിയും ഒരുപാട് തവണ വായിക്കാന്‍ ആഗ്രഹിക്കുന്ന കഥയും ഇതായിരിക്കാം...
എന്ത് കൊണ്ടാണങ്ങനെ വായിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
നന്ദി ഷാനവാസ്.
Minesh - താങ്കളുടെ അഭിപ്രായത്തിനു നന്ദി. മാറ്റിയെഴുതാന്‍ ഒരുപാടു പ്രാവശ്യം ഈ കഥയും എടുത്തു ഇരുന്നിട്ടുണ്ട് ഞാന്‍. എന്നാല്‍ ഒരു വാക്ക് പോലും മാറ്റാന്‍ അനുവദിക്കാതെ, എന്തോ ഒന്ന്, ഈ കഥയെ എന്റെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു. കാലികമായ ഒരു പഴക്കം എല്ലാവര്ക്കും ഫീല്‍ ചെയ്യും, എന്ന് തോന്നിയിട്ടാണ് ആദ്യം തന്നെ മുന്‍കൂര്‍ ജാമ്യം എടുത്തത്. ഇന്നത്തെ കുട്ടികള്‍ പ്രണയിക്കുന്നത് ഇങ്ങനെ ഒന്നുമല്ലല്ലോ! :)
അനോണി - അതിമോഹം ആപത്തു! :)
ലിപി - വായനയ്ക്ക് നന്ദി.
മഹേഷ് - ഞാന്‍ പറയാന്‍ ആഗ്രഹിച്ചത് തന്നെ പറഞ്ഞതിന് നന്ദി.താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. പണ്ടത്തെ എന്നെ വായിച്ചെടുക്കാന്‍ ഈ കഥയൊക്കെ(അന്നെഴുതിയത് മിക്കതും) ഞാന്‍ അത് പോലെ സൂക്ഷിച്ചിരിക്കുകയാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചതും ഇനി വായിക്കാന്‍ പോകുന്നതും ഈ കഥ തന്നെ!
പഴമ തോന്നിക്കുന്നില്ല.
'പ്രണയം' ഏറ്റവും കൂടുതല്‍ നമ്മള്‍ എഴുതിയതു, വായിച്ചതും അതിനെക്കുറിച്ചാണ്.
എന്നാലും ബോറടിപ്പിക്കാതെ കഥ നീങ്ങിയിരിക്കുന്നു. പക്ഷെ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. ചിലയിടത്ത് അക്ഷരതെറ്റുകള്‍ കണ്ടു, 'സുഹൃത്ത്' എന്ന വാക്കിലൊക്കെ. ശരിയാക്കിയാല്‍ നന്നായിരിക്കും.
ഭാവുകങ്ങള്‍.
എപ്പോഴും ഞങ്ങൾക്കിടയിൽ ഒരു മതിൽക്കെട്ടുണ്ടായിരുന്നു. പക്ഷേ എപ്പോഴാണെന്റെ മനസ്സു ആ പരിധി വിട്ടു പോയതു? അതിലും കൂടുതൽ വേണമെന്നു ആശിച്ചത്? അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്ന ഭാവങ്ങൾ എപ്പോഴുമെന്നെ കുഴക്കിയിരുന്നു. പക്ഷേ ആ ഭാവങ്ങളുടെ മാസ്മരികതയില്ലാതെ ഒരു നിമിഷം പോലും എനിക്കാവില്ലെന്നറിഞ്ഞപ്പോൾ ഞാൻ തളർന്നു.
ഞങ്ങൾ പറഞ്ഞു തീർത്ത വിശേഷങ്ങളിൽ, ഞാൻ ചൊരിഞ്ഞ പരിഭവങ്ങളിൽ,ഒരിക്കലും ഞാനവനോടു പറഞ്ഞില്ല, ഈ സ്നേഹം ഞാൻ എന്നും ആഗ്രഹിക്കുന്നുവെന്ന്, പറയാൻ ഞാൻ ഭയപ്പെട്ടു. സ്നേഹം ചോദിച്ചു വാങ്ങുന്നത് ഒരു ന്യൂനതയായതിനാലാവാം.
പക്ഷേ എനിക്കുറപ്പായിരുന്നു അവനെന്നെ അറിഞ്ഞിരുന്നുവെന്ന്. അവന്റെ കണ്ണുകളിൽ ഒളിഞ്ഞിരുന്ന ചിരിയുടെ പകുതി, എന്റെ ആത്മാവിന്റെ സൌന്ദര്യം ആയിരുന്നെന്ന്.
ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു. എന്റെ മനസ്സ് അന്നും,ഇന്നും മന്ത്രിക്കുന്ന വരികള്‍ .എത്ര പഴക്കം ചെന്നാലും, കാമത്തിനു വഴിമാറാത്ത പ്രണയമൊരു സുഖമുള്ള നോവായി മനസ്സില്‍ കിടക്കും.
ശാലിനി,
നല്ല കഥ, പ്രണയം എന്ന കോണ്‍സെപ്റ്റ് വളരെ മനോഹരമായി എഴുതിയിരിക്കുന്നു ....ഇനിയും നല്ല കഥകള്‍ എഴുതാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ
പ്രണയത്തിന് പല ഭാവങ്ങളാണ് കാറ്റായ് തഴുകും മഴയായ് പെയ്യും പുഴയായ് ഒഴുകും അഗ്നിയായ് പടരും
ഇടിച്ചുകുത്തി പെയ്യുന്ന മഴപോലെയാണ് പ്രണയം പലപ്പോഴും ശക്തിയായുള്ള പെയ്യല്‍ പയ്യെ പയ്യെ നേര്‍ത്തു ഇല്ലാതാകും പല പ്രണയങ്ങളും അങ്ങിനെയാണ് അവസാനിക്കുന്നത് .ചില പ്രണയങ്ങളോ ഒരു ചെറുകാറ്റായ് എപ്പോഴും നമ്മളെ തഴുകി കടന്നുപോകും നാമതറിയുന്നില്ല ,ചില പ്രണയങ്ങളോ പുഴപോലെയാണ് ഏറ്റവും ഇറക്കുവും ഉണ്ടെങ്കിലും ഒഴുകികൊണ്ടെയിരിക്കും
ശാലിനിയുടെ കഥ നന്നായിരിക്കുന്നു പല പ്രണയങ്ങളും ഇങ്ങനെയായിരുന്നു പറയാന്‍ കഴിയാതെ പോകുന്ന സ്നേഹവും അറിയാന്‍ കഴിയാതെ പോകുന്ന സ്നേഹവും വല്ലാത്തൊരു വേദനയാണ്
Post a Comment