ചുരുട്ടിയെറിഞ്ഞ പഴന്തുണിക്കെട്ടുപോലെ തനിക്ക് ചുറ്റുമുള്ള ലോകംതന്നെ മറന്നിരിക്കുന്ന അവളെ കണ്ടപ്പോള്‍ വല്ലാതെ ദേഷ്യംവന്നു. കഴിഞ്ഞ ഒരാഴ്ചയായി അവളോടു പറയുന്നു, ഇങ്ങനെ ജോലി ചെയ്താല്‍ ശരിയാവില്ലെന്ന്. എത്രത്തോളം അവളോടു സൌമ്യമായി സംസാരിക്കാന്‍ ശ്രമിച്ചാലും അതിലേറെ അകലത്തിലേക്ക് അവളുടെ ചിന്തകളെ പറഞ്ഞുവിട്ട് ശൂന്യമായ കണ്ണുകളുമായി വെറുതെ നോക്കിയിരിക്കും. മനസ്സില്‍ അമര്‍ഷം പതഞ്ഞുയരാന്‍ തുടങ്ങിയപ്പോള്‍ അവളെ വിളിച്ചു…
‘രെഹ്‌നാ.....’
‘ങേ... സർ... ’
‘നീ എന്താണിങ്ങനെ? ഇന്നലെ തീര്‍ക്കേണ്ട പ്രൊജക്റ്റ് ഇനിയും സബ്മിറ്റ് ചെയ്തില്ലല്ലോ?’
‘ക്ഷമിക്കണം.. ഞാന്‍...’
‘നിനക്കിവിടെ ജോലി ചെയ്യാന്‍ താല്പര്യമില്ലെ? വെറുതെ എന്തിനു ആളുകളെ ബുദ്ധിമുട്ടിക്കുന്നു? റിസൈന്‍ ചെയ്തു പോകരുതോ?’
ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി… വാക്കുകള്‍ എനിക്ക് ചുറ്റും വെറുപ്പിന്റെ വളയങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു. അവളുടെ കരിഞ്ഞുണങ്ങിയ ചുണ്ടുകള്‍ ഒന്നും പറഞ്ഞില്ല.... പൂര്‍ത്തിയാകാത്ത പ്രൊജക്റ്റ് ഫയല്‍ മേശപ്പുറത്തേക്കിട്ട് ഞാന്‍ നീണ്ട വരാന്തയിലൂടെ മുറിയിലേക്ക് നടന്നു.
കോഫീ കോര്‍ണറിലെ ചിരികളുടെ ശബ്ദം നിലച്ചു. പിറുപിറുക്കലുകള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞു ജനലിനപ്പുറത്തേക്ക് പോയി.
എപ്പോഴും സൗഹൃദാന്തരീക്ഷം ഓഫീസില്‍ സൂക്ഷിക്കുന്നതിന് ശ്രമിച്ചിരുന്നു. ഉള്‍വലിയുന്നവരെ ഏകാന്തതകളിലേക്ക് തനിച്ചുവിട്ട് അവരുടെ സര്‍ഗ്ഗാത്മകതയെ പുറത്തെടുക്കാന്‍ കഴിയുന്നതില്‍ അഭിമാനം തോന്നിയിരുന്നു. പക്ഷെ ഇവള്‍ മാത്രം... പുതിയ പ്രോജക്ടില്‍ അസോസിയേറ്റ് ആയി ഏറ്റവും മികച്ച ആളിനെയാണ് നിനക്ക് തരുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞപ്പോള്‍ അതൊരു കോംപ്ലിമെന്റായി തോന്നി...
‘എക്സ്ക്യൂസ് മി... മേ ഐ...?’
കാബിനിലേക്ക് കടന്നുവന്ന പെണ്‍കുട്ടിയില്‍നിന്ന് കണ്ണെടുക്കാനായില്ല. ബിസിനസ്സ് അറ്റയറില്‍, ആത്മവിശ്വാസം സ്ഫുരിക്കുന്ന ചലനങ്ങളും ആകര്‍ഷകമായ വ്യക്തിത്വവും...
‘ഞാന്‍ രഹ്‌ന... താങ്കളുടെ പുതിയ അസോസിയേറ്റ്...’
മനോഹരമായ ഇംഗ്ലീഷ് ആക്സന്റില്‍ അവള്‍ സ്വയം പരിചയപ്പെടുത്തി.
കൃത്യമായ ഒരു ഓഫീസ് സമയക്രമം അടിച്ചേല്പിക്കാതെ സമയബന്ധിതമായി ജോലി ചെയ്തുതീര്‍ക്കുന്നതിന് സ്വാതന്ത്ര്യം ഉള്ളതിനാല്‍ നല്ല വ്യക്തിബന്ധങ്ങള്‍ ഓഫീസില്‍ ഉണ്ടായിരുന്നു, മടുപ്പില്ലാത്ത അന്തരീക്ഷവും.
ഓഫീസ് ടവറിന്റെ നാല്പതാം നിലയിലെ റിവോള്‍വിംഗ് റെസ്റ്റോറന്റില്‍ ഏറെ നീണ്ടുപോയ പകലുകളുടെ ക്ഷീണം ‘കാപ്പിച്ചുനോയുടെ’ കടുപ്പത്തില്‍ അലിയിച്ചു തീര്‍ക്കുന്ന സന്ധ്യകളില്‍ രഹ്‌ന ചിലപ്പോഴൊക്കെ അവളെപറ്റി സംസാരിച്ചു. നാട്ടിന്‍പുറത്തെ ജീവിതം നഷ്ടപ്പെട്ടതും പിന്നെ ടെക് സിറ്റിയില്‍ വളര്‍ന്നു ഒരു ‘ടെക്കി’ ആയതും. എങ്കിലും എവിടൊക്കെയോ മനപ്പൂര്‍വ്വം അകലം പാലിക്കാന്‍ അവള്‍ ശ്രമിച്ചു. ചില ദിവസങ്ങളില്‍ ദൂരെ പോര്‍ട്ടിലെക്ക് കടക്കാന്‍ കാത്തുകിടക്കുന്ന കപ്പലുകളുടെ നീണ്ട നിരയില്‍ കണ്ണുറപ്പിച്ച്, പറന്നകലുന്ന സീഗള്ളുകള്‍ തീര്‍ക്കുന്ന ആകാശചിത്രങ്ങളില്‍ അവള്‍ നിശ്ശബ്ദയായി നോക്കിയിരിക്കും. മനസ്സിലെ അസ്വസ്ഥതകളുടെ തിരയിളക്കം ഒളിപ്പിക്കാനാവാതെ, ശുഭരാത്രിയുടെ മര്യാദ പോലും മറന്ന് അവള്‍ പോകുമ്പോള്‍ വല്ലാത്ത ദേഷ്യം തോന്നും.
തന്റെ സാന്നിദ്ധ്യംകൊണ്ടുപോലും മറ്റുള്ളവരില്‍ ഊര്‍ജ്ജം പകരുന്ന രഹ്‌ന ചില ദിവസങ്ങളില്‍ മറ്റൊരാളായി മാറും. അശ്രദ്ധമായ വസ്ത്രധാരണം, വരണ്ടുണങ്ങിയ ചുണ്ടുകള്‍, തെളിച്ചം നഷ്ടമായ കണ്ണുകള്‍, എല്ലാവരോടും ദേഷ്യം, തന്നിലേക്ക് തന്നെ ഉള്‍വലിയാനുള്ള ശ്രമം... ചില ദിവസങ്ങളില്‍ ഓഫീസിലെ അവളുടെ പെരുമാറ്റം അലോസരമുണ്ടാക്കുന്നതുമായിരുന്നു.
കാബിനില്‍ വന്നിരുന്നിട്ടും മനസ്സില്‍ രഹ്‌നയുടെ മുഖം അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരുന്നു. താഴെ കാറ്റാടിമരത്തിന്‍റെ നിഴലില്‍ കൂട്ടംകൂടിനിന്നു സിഗററ്റ് വലിക്കുന്നവര്‍ .
പെട്ടെന്നുണ്ടായ ചിന്തയില്‍ മനസ്സൊന്ന് ആടിയുലഞ്ഞു... രെഹ്‌ന... ഡ്രഗ്സ് അവളേയും കീഴ്പ്പെടുത്തിയിരിക്കുമോ?! അതായിരിക്കുമോ അവളുടെ സ്വഭാവത്തിലെ ഈ മാറ്റം?
രഹ്‌നയുടെ ഇന്റര്‍കോം മറുപടിയില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്നു...
'സര്‍... രെഹ്‌ന സുഖമില്ലാതെ നേരത്തേ പോയി' സെക്രട്ടറി പറഞ്ഞു.
ശബ്ദത്തിലെ ദേഷ്യം മനസ്സിലാക്കിയിട്ടാവണം അവള്‍ തുടര്‍ന്നു, ‘രെഹ്‌നയുടെ റൂം മേറ്റിനു സാറിനോട് എന്തോ സംസാരിക്കാനുണ്ടെന്ന് പറയുന്നു.’
പൊതുവേ വാചാലയായ ബിന്‍ഷ സംസാരിക്കാന്‍ ബുദ്ധിമുട്ടി.
'പറയൂ...'
'സര്‍... അത് രഹ്‌നയെ കുറിച്ചാണ്... മറ്റാരും ഇക്കാര്യം അറിയരുത് എന്നവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു... എങ്കിലും സര്‍ ഇത് അറിയണം എന്ന്‍ എനിക്ക് തോന്നി. രഹ്‌ന ഒരു എപ്പിലപ്സി പേഷ്യന്റാണ്... ഫിറ്റ് ഉണ്ടാകുന്ന ദിവസങ്ങളിലാണ് അവളിങ്ങനെ വല്ലാതെ അപ്സെറ്റ് ആവുന്നത്...’
കാബിനില്‍ നിന്ന് പുറത്തേക്ക് പോകുന്ന ബിന്‍ഷയെ സ്തബ്ധനായി നോക്കിയിരുന്നു. അവളുടെ വാക്കുകള്‍ മുറിയിലെ വെളിച്ചം കെടുത്തി. ചുവരിലെ ചിത്രം ചാവുകടല്‍പോലെ തോന്നി.. തലയ്ക്കകത്ത് കുറ്റബോധത്തിന്‍റെ കറുത്ത പാമ്പുകള്‍ ഇഴഞ്ഞു...
മൊബൈല്‍ ഫോണിന്റെ അങ്ങേത്തലക്കല്‍ രഹ്‌നയുടെ ചിലമ്പിച്ച ശബ്ദം...
'എന്തു പറ്റി രഹ്‌നാ?'
'വല്ലാത്ത ക്ഷീണം...'
'രഹ്‌ന വിശ്രമിക്കൂ... വൈകുന്നേരം ഞാന്‍ അതുവഴി വരുന്നുണ്ട്... നമുക്ക് പുറത്തൊക്കെയൊന്നു പോകാം. അല്പം ഫ്രഷ് എയര്‍ കൊണ്ടാല്‍ ക്ഷീണം മാറും.'
ബീച്ചിലെ ഓപ്പണ്‍ കഫേയില്‍ തണുത്ത കാപ്പിക്കപ്പിനു മുന്നില്‍ തിരയില്ലാത്ത കടലില്‍ അലക്ഷ്യമായി കണ്ണുനട്ടിരുന്നു അവള്‍ . നീണ്ട മൂക്കിനു താഴെ മലര്‍ന്നു തുടുത്ത ചുണ്ടുകള്‍ അപ്പോള്‍ വിളര്‍ത്തു കരിഞ്ഞിരുന്നു....
‘സര്‍ ...എനിക്ക്…’
‘എന്നെ പേര് വിളിക്കാം, അതാണെനിക്കിഷ്ടവും...നമുക്കിടയിലുള്ള ദൂരവും കുറച്ചു കുറയട്ടെ… ഹഹഹ…’
അവള്‍ വിളറിയ ഒരു പുഞ്ചിരിയോടെ ദീര്‍ഘമായി നിശ്വസിച്ചു...
‘നിഹാല്‍ , ക്ഷമിക്കണം... ഈ പ്രോജക്റ്റ് സമയത്തിനു ചെയ്തു തരാന്‍ കഴിയുമെന്ന്‍ എനിക്ക് തോന്നുന്നില്ല...'
'രഹ്‌നാ... നിന്നേക്കാള്‍ നന്നായി അത് ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല. നാളെ സ്വസ്ഥമായി തുടങ്ങു.., ഞാനും സഹായിക്കാം...'
അടുത്ത ദിവസങ്ങളൊക്കെ മുഴുവന്‍ സമയവും രഹ്‌ന പ്രൊജക്ടിനായി ചിലവഴിച്ചു. ഇടക്കിടെ സംശയങ്ങളുമായി കാബിനില്‍ വരുമ്പോഴൊക്കെ തികച്ചും ഒരു പ്രൊഫഷണല്‍ മാത്രമായിരുന്നു അവള്‍ .സമയപരിധിക്ക് മുമ്പ് തന്നെ പ്രോജക്റ്റ് പ്രസന്റേഷന്‍ മനോഹരമായി തയ്യാറാക്കിത്തന്നു.
‘എക്സലന്‍റ് വര്‍ക്ക്… അഭിനന്ദനങ്ങള്‍ രേഹ്‌ന... ഇവിടുത്തെ കോര്‍ഗ്രൂപ്പിലേക്ക് സ്വാഗതം.’
‘താങ്ക്യു നിഹാല്‍ , എനിക്ക് കിട്ടിയ ഏറ്റവും നല്ല അവസരമാണിത്…’
ഏറെ ഉത്തരവാദിത്വമുള്ള പ്രോജക്ടുകള്‍ എപ്പോഴും അവളെ തന്നെ ഏല്പിച്ചു. രഹ്‌ന ബോധപൂര്‍വ്വം സൃഷ്ടിച്ച ഞങ്ങള്‍ക്കിടയിലെ അകലം കുറഞ്ഞുവന്നു.
“ഓഹ്… ഇവിടെ നമ്മള്‍ മൂന്നു മലയാളികള്‍ മാത്രമായതു കൊണ്ടാവും ഇത്രയും നല്ല ഓഫീസ് അന്തരീക്ഷം. മറ്റുള്ളവന്റെ മനസ്സിലേക്കുള്ള ആ അവിഞ്ഞ ഒളിഞ്ഞുനോട്ടം ഇല്ലാത്തത് തന്നെ വലിയ ആശ്വാസം” എന്നൊരിക്കല്‍ അവള്‍ പറഞ്ഞു ചിരിച്ചത് ഓര്‍മ്മയുള്ളതുകൊണ്ട് അവളെപ്പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം കാണിച്ചില്ല.
പുതിയ പ്രോജക്റ്റില്‍ സ്വയം മറന്നിരിക്കുമ്പോഴാണ് രഹ്‌ന ചോദിച്ചത്,
‘നിഹാല്‍ , മഞ്ഞ ഉന്മാദത്തിന്‍റെ നിറമാണ് അല്ലേ?’
'ഉം… എന്താ അങ്ങനെ ഒരു തോന്നല്‍ ?’
‘അല്ല, വാന്‍ഗോഗിന്‍റെ ചിത്രങ്ങളില്‍ല്‍ ഭ്രമാത്മകമായ മഞ്ഞയുണ്ട്. നിന്റെ തലക്ക് മുകളിലെ ചുവരിലും റിസപ്ഷനിലും വാന്‍ഗോഗ് ചിത്രങ്ങളാണല്ലോ. സുന്ദരികള്‍ പാറിപറക്കുന്ന ഇവിടെ മോണോലിസ്സ ആയിരുന്നില്ലേ നല്ലത്?’
‘ഉന്മാദത്തിന്റെയും ദാരിദ്ര്യത്തിന്റെയും കൊടുമുടിയില്‍ ജീവിക്കുമ്പോഴും എന്റെ ചിത്രങ്ങള്‍ക്ക് ലോകം വിലപറയുന്ന ഒരു ദിവസം വരുമെന്ന് പറഞ്ഞ വാന്‍ഗോഗിനെയാണെനിക്കിഷ്ടം.. ഒരിക്കല്‍ വിശപ്പിന്റെ കണ്ണീരുമായി ഒരു രാത്രി മുഴുവന്‍ രണ്ടു ‘സെന്റ്സ്’ തന്നാല്‍ മതി എന്നുപറഞ്ഞു തെരുവുകളിലെ ഓരോ കടയിലും കയറി ഇറങ്ങിയിട്ടും ആരും വാങ്ങാതെ പോയ ആ ചിത്രത്തിനാണ് ഇന്ന് ഏറ്റവും കൂടുതല്‍ വില… മരണം കൊണ്ട് വിഖ്യാതനായ ചിത്രകാരന്‍...’
‘ഉം.., അദ്ദേഹത്തിന്‍റെ ഉന്മാദവും വിഖ്യാതമായിരുന്നു…’
‘ഹഹഹ.... നിനക്ക് ഉന്മാദം ഇഷ്ടമാണോ?’ അവളുടെ കണ്ണില്‍ നോക്കിയാണ് ചോദിച്ചത്…
അവള്‍ ഒന്ന് പിടഞ്ഞു… പിന്നെ സംയമനം വീണ്ടെടുത്ത് പറഞ്ഞു,
‘ഒരു നേര്‍രേഖയില്‍ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ എനിക്കിഷ്ടമല്ല.’
‘അപ്പോള്‍ എന്നെപ്പോലെ കുറച്ചു ഭ്രാന്തുണ്ട് നിനക്കും അല്ലേ? ഭ്രാന്തുള്ളവര്‍ വളരെ ക്രിയേറ്റീവ് ആണെന്നറിയുമോ?’
ആത്മസംഘര്‍ഷത്തില്‍ അവളുടെ കണ്ണുകള്‍ ചുവന്നു. പിന്നെ പതുക്കെ പറഞ്ഞു...
‘അതേ, തലച്ചോറില്‍ മിന്നലുകള്‍ എരിയുന്നവന്റെ ഭ്രാന്ത്... അത് ക്രിയേറ്റീവ് അല്ല, വളരെ വളരെ ക്രിട്ടിക്കല്‍ ആണ്… നിനക്കതു മനസ്സിലാവില്ല…’
അവള്‍ പെട്ടെന്നെഴുന്നേറ്റു പുറത്തേക്കു പോയി. ഒന്നും പറയാനാവാതെ ഞാന്‍ സൂര്യകാന്തിപൂക്കളിലെ മഞ്ഞ നിറവും നോക്കിയിരുന്നപ്പോള്‍ തലച്ചോറില്‍ കടലിരമ്പങ്ങളുടെ നേര്‍ത്ത ശബ്ദം… എന്റെ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോയി…
സമയം പോയതറിഞ്ഞില്ല… ഉണര്‍ന്നപ്പോള്‍ ഇരുട്ട് വീണിരുന്നു. മുറിപൂട്ടിയിറങ്ങുമ്പോള്‍ രഹ്‌നയുടെ കാബിനില്‍ വെളിച്ചം കണ്ടു. അവള്‍ ഇനിയും പോയില്ലേ? ഞാന്‍ ചെന്നതുപോലും അവlള്‍ അറിഞ്ഞില്ല. ഗ്ലാസ് ഭിത്തിക്കരികില്‍ താഴെ നിരത്തില്‍ പല നിരകളായി ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ നോക്കിനില്ക്കുന്നു.
അവളുടെ തോളില്‍ കൈ വെച്ചു… എന്നെ നോക്കി അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.
‘രെഹന... ഇന്ന് നമുക്ക് ഡിന്നര്‍ ഒന്നിച്ചായാലോ?’
പൂള്‍സൈഡ് റെസ്റ്റോറന്റില്‍ നീന്തല്‍ക്കുളത്തില്‍ ചന്ദ്രന്‍ നീന്തിത്തുടിക്കുന്നതും നോക്കിയിരുന്നപ്പോള്‍ അവളുടെ വാക്കുകള്‍ തണുത്ത കാറ്റിനൊപ്പം തീക്കനലുകള്‍ ഹൃദയത്തിലേക്ക് കോരിയിട്ടു.
'ഒരു അപസ്മാര രോഗിയെക്കുറിച്ച്, അവന്റെ വേദനകളെക്കുറിച്ച് നിനക്കറിയുമോ, മനസ്സിലാകുമോ എന്ന് എനിക്കറിയില്ല നിഹാല്‍ ... എന്നാലും എനിക്ക് നിന്നോടു പറയാതെ വയ്യ...'
അവളുടെ കയ്യില്‍ മെല്ലെ അമര്‍ത്തി. വൈന്‍ ഗ്ലാസ്സില്‍ നിന്ന് ഒരു കവിള്‍ എടുത്ത് പറഞ്ഞു തുടങ്ങി… ആത്മവ്യഥയുടെ നീണ്ട് നീണ്ടു പോകുന്ന മൌനങ്ങള്‍ക്കിടയിലെ എന്റെ ചോദ്യങ്ങള്‍ക്കായി അവള്‍ മനസ്സുതുറന്നു.
'നിഹാല്‍ , ചിത്രശലഭങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമൊപ്പം ഊഞ്ഞാലാടി വളര്‍ന്നതായിരുന്നു എന്റെ ബാല്യം. പക്ഷെ കൌമാരവും യൌവ്വനവും കണ്ണീരിലും ചോരയിലും കുതിര്‍ന്നു പോയി.. യൂണിവേഴ്സിറ്റിയിലെ ആദ്യവര്‍ഷമാണ് എന്റെ തലച്ചോറില്‍ ഇടിമുഴക്കങ്ങള്‍ ഉണ്ടായത്...ആദ്യത്തെ എപ്പിലപ്റ്റിക് ഫിറ്റ്. .., ... എന്റെ നാവ് മുറിഞ്ഞ് ചോര ഒഴുകി… ശരീരം മുഴുവന്‍ ഇടിച്ചു പിഴിഞ്ഞ വേദന… കുഴഞ്ഞുപോകുന്ന നാവ്… തലപൊട്ടി പൊളിയുന്ന വേദന... ശരീരത്തിന്റെ ബലം മുഴുവന്‍ നഷ്ടപ്പെട്ടതുപോലെ... പിന്നെ വെള്ളിടി വെട്ടിയ രാവുകളിലെല്ലാം നക്ഷത്രഖബറില്‍ എരിഞ്ഞു വീണ നക്ഷത്രത്തിന്റെ കരിക്കട്ട പോലെ ഞാനും വീണുകിടന്നു.'
‘മരുന്ന് സ്ഥിരമായി കഴിച്ചിരുന്നില്ലേ നീ?’
‘മരുന്ന് കഴിച്ചു തുടങ്ങിയതോടെ എന്റെ ജീവിതത്തിന്‍റെ താളം തന്നെ തെറ്റി. എപ്പോഴും ഉറക്കം തൂങ്ങി... ക്രമേണ ഒന്നും ഓര്‍ത്തുവേക്കാന്‍ കഴിയാതായി... സഹതാപങ്ങള്‍ മുറിപ്പെടുത്താന്‍ തുടങ്ങി...കടുത്ത നിയന്ത്രണങ്ങള്‍ എനിക്ക് ചുറ്റും കമ്പിവേലികള്‍ തീര്‍ത്തു... ഞാന്‍ എന്റെ ലോകത്തേക്ക് ഉള്‍വലിഞ്ഞു...
‘അവിടേക്ക് കടന്നു കയറിയവരോടു നിര്‍ദ്ദയമായി പെരുമാറി, അല്ലേ?’
‘ഉം....അതാവാം പുഴയോരത്തെ വലിയ വീട്ടില്‍നിന്നും എപ്പോഴും ചൂടുകാറ്റ് വീശിയടിക്കുന്ന ഹൈദരാബാദിലേക്ക് ഞങ്ങള്‍ താമസം മാറ്റിയത്. വല്ലപ്പോഴുമൊക്കെ തലച്ചോറില്‍ അഗ്നിഗോളങ്ങള്‍ എരിഞ്ഞു... തുടര്‍ച്ചയായി 3 കൊല്ലം ഫിറ്റ് ഉണ്ടായില്ലെങ്കില്‍ മരുന്ന് നിര്‍ത്താം എന്ന് ഡോക്ടർ പറഞ്ഞിരുന്നു. പക്ഷെ ഒരിക്കലും മരുന്ന് നിര്‍ത്താന്‍ കഴിഞ്ഞില്ല. സ്വയം വെറുത്തു വെറുത്തു ഞാന്‍ ജീവിക്കാന്‍ പഠിച്ചു... എല്ലാത്തില്‍ നിന്നും ഒരു ഒളിച്ചോട്ടമായിരുന്നു ആ ജോലി.... ജോലി മാത്രമായിരുന്നു അവിടെ എന്റെ ജീവിതം…’
‘അത് നല്ല കമ്പനി ആയിരുന്നല്ലോ? എന്നിട്ടും എന്തിനാണ് അതുപേക്ഷിച്ചത്?’
‘എനിക്കവിടെ സൌഹൃദങ്ങള്‍ ഇല്ലായിരുന്നു, ബിന്‍ഷ അല്ലാതെ. തലയ്ക്കുള്ളിലെ കടലിരിമ്പങ്ങള്‍ക്ക് ചെവിയോര്‍ത്തു കിടക്കുന്ന ഒരുവളില്‍ പ്രണയം എങ്ങനെ പൂത്തുലഞ്ഞു എന്ന് എനിക്കുതന്നെ അറിയില്ല... അതുവരെ നഷ്ടമായ നിറങ്ങള്‍കൊണ്ട് തരുണ്‍ എന്റെ ദിവസങ്ങള്‍ക്ക് ചായം തേച്ചു. ഞാന്‍ കൂടെയുള്ളപ്പോള്‍ ഇനി ഒരിടിമിന്നലും നിന്നെ തളര്‍ത്തില്ല എന്ന് തരുണ്‍ പറയുമായിരുന്നു… അവന്റെ സാമീപ്യം എന്നില്‍ പെണ്‍ജീവിതത്തിന്‍റെ ആസക്തി നിറച്ചു.’
‘പിന്നെ എന്താണ് നിന്നെ ഉലച്ചു കളഞ്ഞത്? ഒന്നും ചെയ്യാതെ ഒരു ഇടവേള നിന്റെ “റെസുമെ”യില്‍ കണ്ടു...’
‘എനിക്കും അവനും ഒന്നിച്ചാണ് ഒരു ഫോറിന്‍ അസൈന്‍മെന്റ് കിട്ടിയത്. അതിന്റെ പേപ്പറുമായി അവന്‍ ഓടി വന്നപ്പോള്‍ ബിന്‍ഷ ഏതോ കിറ്റി പാര്‍ട്ടിക്ക് പോയിരിക്കുകയായിരുന്നു. എന്നെ അവന്‍ ഗാഡമായി ആലിംഗനം ചെയ്തു… മേശപ്പുറത്തിരുന്ന സോഡിയം വാല്പൊറേറ്റ് ടാബ്ലെറ്റിന്‍റെ കിറ്റെടുത്ത് അവന്‍ പുറത്തേക്കെറിഞ്ഞു. ഇനി നിനക്കിതിന്റെ ആവശ്യം ഇല്ല… മൂന്നു വര്‍ഷം നീ ഭയന്ന് ജീവിച്ചില്ലേ? ഇന്ന് നിന്റെ തലച്ചോറില്‍ എരിയുന്ന ഇടിമിന്നല്‍ നിന്റെ വികാരങ്ങളില്‍ നിറക്ക്… എനിക്ക് ഈ രാത്രി വേണം നിനക്കൊപ്പം… അവനെന്നെ ഭ്രാന്തമായി ചുംബിക്കാന്‍ തുടങ്ങി…’
‘ഭ്രാന്തമായി പ്രണയിക്കാന്‍ കഴിയുന്നത് ഒരു സൌഭാഗ്യമല്ലേ രെഹന'
'ആദ്യരതിയുടെ അശ്ലീലങ്ങള്‍ ഇല്ലാതെ ഞാനവന്റെ വികാരങ്ങളില്‍ നിറഞ്ഞു. ആലസ്യത്തിലേക്ക് ഊര്‍ന്നു വീഴുമ്പോഴേക്കും അവന്‍ എന്നില്‍ നിന്നും അകന്നുമാറി കണ്ണടച്ചു കിടന്നു. നീ ആദ്യമായിട്ടല്ല, അല്ലേ? എന്ന അവന്റെ ചോദ്യത്തില്‍ ഞാന്‍ പകച്ചുപോയി. പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ ഭോഗങ്ങളുടെ ഓര്‍മ്മക്കണക്കുകള്‍ സൂക്ഷിക്കുന്ന അവന്റെ മുന്നില്‍ എന്റെ കന്യകാത്വത്തിന് സാക്ഷ്യം പറയാന്‍ എനിക്ക് തോന്നിയില്ല. കയ്യില്‍ തടഞ്ഞ ടി ഷര്‍ട്ട് എടുത്തു കൊടുത്തിട്ട് ഞാന്‍ പറഞ്ഞു, നിനക്ക് പോകാം തരുണ്‍… ഇനി നമ്മള്‍ കാണാതിരിക്കട്ടെ… ശുഭയാത്ര…’
‘മുറിയുടെ വാതില്‍ വലിച്ചടച്ച് നേര്‍ത്ത ഗൌണിട്ട ഞാന്‍ രാത്രിയുടെ തണുപ്പിലേക്കിറങ്ങി നടന്നു… പിന്നെ ഓര്‍മ്മ വരുമ്പോള്‍ മുറിഞ്ഞ നാവും ബലമില്ലാത്ത ശരീരവുമായി ഞാന്‍ ബിന്‍ഷയുടെ മടിയില്‍ കിടക്കുകയായിരുന്നു. ഓഫീസിലെ ഡൈനിങ്ങ് റ്റേബിളുകളിലും ബാച്ചിലര്‍ പാര്‍ട്ടികളിലുമൊക്കെ എന്റെ “പെര്‍ഫോര്‍മന്‍സിന്റെ” കഥകള്‍ കറങ്ങിനടന്നു. പക്ഷെ ജോലി ഉപേക്ഷിക്കുവാന്‍ എനിക്കാകുമായിരുന്നില്ല…’
‘അധഃകൃതന്റെ ജാതിപ്പേരുപോലെ പെണ്ണിന്റെ മേലുള്ള സ്റ്റിഗ്മയാണ് അവളുടെ കന്യാചര്‍മ്മം, അല്ലേ? എനിക്ക് ഉറക്കെ ചിരിക്കാനാണ് തോന്നുന്നത്…’
‘എന്റെ മേശമേല്‍ പിന്നെയും വാല്പൊറേറ്റ് കിറ്റ് വന്നിരുന്നു. അവയില്‍നിന്നും ഞാന്‍ ദിവസവും ഒന്നിലധികം കഴിച്ചു ബോധമില്ലാതെ രാവുകള്‍ ഉറങ്ങിത്തീര്‍ത്തു. ബിന്‍ഷ ഇവിടെ ജോയിന്‍ ചെയ്തപ്പോള്‍ അവള്‍ നിര്‍ബ്ബന്ധിച്ചു എന്റെയും റെസുമേ കൊടുത്തു. അങ്ങനെ ഇവിടെയെത്തി…’
‘ജീവിതത്തിലെ ഇരുണ്ട ദിനങ്ങള്‍ ഒക്കെ കഴിഞ്ഞു പോയി രേഹന… ഇനി പുതുജീവന്റെ വെള്ളിവെളിച്ചങ്ങള്‍ ആണ്.’
‘ഇല്ല നിഹാല്‍ . ഇതെന്റെ ജീവപര്യന്തം ആണെന്ന് തോന്നുന്നു. കഴിഞ്ഞ കുറേ നാളുകളായി അസുഖം വരാതെയിരിക്കുകയായിരുന്നു. മരുന്നു നിര്‍ത്താം എന്നു സന്തോഷിച്ചിരുന്നപ്പോഴാണ് അടുത്ത കാലത്തായി വീണ്ടും....’
മുഖംപൊത്തി രെഹ്‌ന എങ്ങലടിച്ച് കരയാന്‍ തുടങ്ങി. അവളെയും ചേര്‍ത്തുപിടിച്ച് പൂളിനരികിലേക്ക് നടന്നു. കടല്‍ കടന്നെത്തിയ ഈറന്‍കാറ്റ് പുതപ്പായി... രെഹ്‌നയുടെ തേങ്ങലുകള്‍ എന്റെ തോളില്‍ മെല്ലെ മെല്ലെ തലചായ്ചു…
ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഉള്ളില്‍നിന്നും സത്യം നാവിന്‍തുമ്പോളം എത്തി. ഒരു കഷണം ഫിഷ് ടിക്കയോടൊപ്പം അത് വിഴുങ്ങിയിട്ട് അവളോട് പറഞ്ഞു...
‘ഞാന്‍ ഇതില്‍ ഗവേഷണം ചെയ്യുന്നുണ്ട്…’
‘ഗവേഷണമോ? അവള്‍ കണ്ണ് മിഴിച്ചു.’
‘ചുമ്മാ… പുതിയ അറിവുകള്‍ തലച്ചോറിനു നല്കിക്കൊണ്ടിരുന്നാല്‍ ഓര്‍മശക്തി വര്‍ദ്ധിക്കുമെടോ…’
‘ഉം... എന്നാല്‍ ഗവേഷണ ഫലം പറയു…’
‘ചിലരില്‍ ചില പ്രത്യേക നിമിഷങ്ങളില്‍ ശരീരത്തിനു വേണ്ടതിലധികം ഇലക്ട്രിസിറ്റി അവരുടെ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് ഏതാനം നിമിഷങ്ങളിലേക്ക് ശരീരത്തിന്റെ താളം തെറ്റിക്കുന്നു. അതാണ് ഈ ഫിറ്റ്സ്. കൃത്യമായ ഉറക്കവും, ജീവിതചര്യയും, മരുന്നും കൊണ്ട് ഇതിനെ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാം...’
‘ഇതൊക്കെ എന്റെ ഡോക്ടറടെ പതിവ് ഉപദേശങ്ങളാണല്ലോ…’
‘അല്ല രെഹന, ജന്മസിദ്ധമായി ക്രോണിക് എപിലപ്റ്റുകള്‍ ആവുന്നവരാണു രോഗികള്‍ . നിന്റേത് ഒരു രോഗമല്ല... ഒരു ശാരീരികാവസ്ഥ മാത്രം... അതിലുപരി ഒരു മാനസികാവസ്ഥയും…’
‘അപ്പോള്‍ എനിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടില്ല, അല്ലെ?’ അവള്‍ വരണ്ട ചിരിയോടെ ചോദിച്ചു.
‘നിനക്കായി എത്രയോ രാജവീഥികള്‍ കാലം ഒരുക്കിവെച്ചിരിക്കുന്നു. അറിയപ്പെടുന്ന ജീനിയസ്സുകളില്‍ പലരും എപ്പിലെപ്റ്റിക് ആയിരുന്നില്ലേ…? അന്ന് ഞാന്‍ തമാശ പറഞ്ഞതല്ല... ഇതുള്ളവരില്‍ ക്രിയേറ്റിവിറ്റി വളരെ കൂടുതല്‍ ആയിരിക്കും.. ഇറ്റ് ഈസ് എ ഗിഫ്റ്റ് ഓഫ് ഗോഡ്...’
രാത്രിയുടെ പാതിയും കടന്നു പോയി. ആകാശത്ത് നിലാവിന്റെ തിരിവെട്ടം തല നീട്ടി. രഹ്‌നയുടെ കണ്ണുകളില്‍ പതുക്കെ വെളിച്ചം നിറഞ്ഞു.
തിരക്കുകള്‍ ദിവസങ്ങളെ തിന്നു തീര്‍ത്തു. ഉഷ്ണം പുകയുന്ന ചിന്തകള്‍ ഉപേക്ഷിച്ച് പ്രസരിപ്പും ഊര്‍ജ്ജസ്വലതയും രെഹ്‌ന വീണ്ടെടുത്തു . ജീവനക്കാര്‍ക്കിടയില്‍ അവള്‍ നല്ലൊരു സുഹൃത്തും ലീഡറുമായി വളര്‍ന്നു. കമ്പിനിയുടെ പുതിയ പ്രസ്റ്റീജ് പ്രോജക്ടിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ദിവസമാണ് അവള്‍ ചോദിച്ചത്...,
'ഈ വീക്കെന്‍ഡ് നമുക്ക് 'തണ്ടറില്‍ ’ ആക്കിയാലോ നിഹാല്‍ ?’
നഗരത്തിലെ പ്രശസ്ഥമായ എക്സ്ക്ലൂസീവ് നൈറ്റ്‌ക്ലബ്,... ഹാളിലെ മങ്ങിയ വെളിച്ചവുമായി പൊരുത്തപ്പെടാന്‍ ഏതാനം നിമിഷങ്ങള്‍ എടുത്തു. ഡാന്‍സ് ഫ്ലോറിലെ സ്പോട്ട് ലൈറ്റുകളുടെ പ്രഭയില്‍ ഡീജെയുടെ വാചകമടിക്കൊപ്പം കുണുങ്ങി കുണുങ്ങിയെത്തി പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഇന്‍ഹൌസ് നര്‍ത്തകികള്‍ .
'നിഹാല്‍... വര്‍ഷങ്ങളുടെ ഈ മരുന്നുകഴിപ്പ് എന്റെ മനസ്സിനേയും ശരീരത്തെയും വികാരങ്ങളെയുമൊക്കെ തളര്‍ത്തിക്കളഞ്ഞിരുന്നു എന്നാണ് ഞാന്‍ കരുതിയത്...'
'ഇപ്പോഴോ?'
അവള്‍ ചുണ്ടുകടിച്ച് ചിരിച്ചു. പിന്നെ കയ്യില്‍ പിടിച്ച് ഡാന്‍സ് ഫ്ലോറിലേക്ക് കണ്ണുകാണിച്ചു. അവിടെ ഡീജെ ഡാന്‍സ് ചെയ്യാനായി ആളുകളെ ക്ഷണിക്കുന്നുണ്ടായിരുന്നു. മറ്റ് ജോഡികള്‍ക്കൊപ്പം ഫ്ലോറിലേക്ക് നടന്നു. സ്റ്റേജിലെ പാട്ടിനൊപ്പം ചുവട് വെക്കാന്‍ തുടങ്ങി... സ്പോട്ട് ലൈറ്റുകളുടെ വര്‍ണ്ണങ്ങള്‍ അവളുടെ കണ്ണുകളില്‍ പൂത്തിരി കത്തിച്ചു... പാട്ടിന്റെ താളം മുറുകി... നെഞ്ചിലേക്ക് ചാരി അവള്‍ എന്തോ പറയാന്‍ ശ്രമിച്ചു.. ചേര്‍ത്തുപിടിച്ച് സീറ്റിലേക്ക് നടക്കുമ്പോള്‍ അവളുടെ നിശ്വാസങ്ങള്‍ ഉച്ചത്തിലാവുന്നത് അറിയുന്നുണ്ടായിരുന്നു.
ബീയര്‍ ഗ്ലാസ്സില്‍ നുരഞ്ഞുപൊന്തിയ കുമിളകള്‍ ഒന്നൊന്നായി പൊട്ടിയടിഞ്ഞു! ഏറെനേരം കഴിഞ്ഞ് രെഹ്‌ന മെല്ലെ പറഞ്ഞു,
'നിഹാല്‍ നീ പറയാറില്ലേ നിന്റെ നാട്ടിലെ മഴക്കാലത്തെക്കുറിച്ച്… എനിക്കവിടെ പോകണം, ആ മലമുകളില്‍… നിന്റെ അരികിലിരുന്ന് എനിക്ക് മഴ ആസ്വദിക്കണം. കൊണ്ടുപോകില്ലേ നീ എന്നെ...?'
‘തീര്‍ച്ചയായും...’
പുതിയ പ്രോജക്ടിന്റെ ഫൈനലൈസേഷനായി ചെയര്‍മാനും ഉയര്‍ന്ന മാനേജ്മെന്റ് ടീമംഗങ്ങളും എത്തി. അവരുടെ മുന്നില്‍ പ്രോജക്റ്റ് പ്രസന്റെഷന്റെ ചുമതല രഹ്‌നയെ ഏല്പിച്ചു. നീണ്ടുനിന്ന കയ്യടികള്‍ക്കൊടുവില്‍ പ്രസന്റേഷന്‍ അവസാനിപ്പിച്ച് രെഹ്‌ന ഗാഡമായ സൌഹൃദത്തിന്റെ ഹൃദ്യമായ ചിരിയോടെ ഓടി വന്നെന്നെ ചുറ്റിപിടിച്ചു..
‘ഗ്രേറ്റ് എഫര്‍ട്... നിന്റെ പ്രിയപ്പെട്ട സുഹൃത്തായിരിക്കുന്നതു എന്റെ സൌഭാഗ്യമാണ് രെഹന...’
ഏറെ നിര്‍ബന്ധങ്ങള്‍ക്കൊടുവിലാണ് ലണ്ടനിലെ പുതിയ പ്രോജക്ടിന്റെ ചാര്‍ജ് രഹ്‌നക്ക് കൊടുക്കാന്‍ മാനേജ്മെന്റ് സമ്മതിച്ചത്. ബ്രൌണ്‍ കവറിനുള്ളില്‍നിന്നും എടുത്ത വെളുത്ത കടലാസും ചിരിച്ചു തുടുത്ത മുഖവുമായി അവള്‍ നിന്ന് കിതച്ചു…
‘ഉം..? സ്വര്‍ഗ്ഗത്തേക്കുള്ള ടിക്കറ്റ് കിട്ടിയോ?’ ഞാന്‍ കളിയാക്കി.
‘അല്ല, ലണ്ടനിലേക്ക്.. നിഹാല്‍ , ഇത് നിനക്കുള്ളതാണ്. മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ എരിഞ്ഞുതീരുമായിരുന്ന ഒരു ജീവനെ ഭൂമിയില്‍ ജീവിക്കാന്‍ പഠിപ്പിച്ചതിന്...’
‘ഹേയ്… ആര്‍ക്കും ആരെയും ഒന്നും പഠിപ്പിക്കാനാവില്ല രെഹന, അവരുടെ മനസ്സ് പഠിക്കാന്‍ തയ്യാറാകുന്നതുവരെ. നിന്റെ സ്വപ്നങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേക്ക് വളരണം… എന്നാണു യാത്ര?’
‘ഒരാഴ്ചയുണ്ട്… അതിനു മുന്‍പ് നാട്ടില്‍ ഒന്ന് പോയിവരണം.’
‘ശെരി, പിന്നെ കാണാം… എനിക്കല്പം തിരക്കുണ്ട്…’
മഞ്ഞവെയിലില്‍ തിളങ്ങുന്ന ക്രോടന്‍സ് ചെടികളില്‍ തട്ടിവന്ന കാറ്റ് അവളുടെ മുഖത്തെ ചിരിയുമെടുത്ത് അകലേക്കുപോയി. അപ്പോഴും എന്റെ കൂടെ വരില്ലേ എന്ന് അവളുടെ കണ്ണുകള്‍ ചോദിക്കുന്നുണ്ടായിരുന്നു...
സ്വപ്നങ്ങള്‍ അവള്‍ക്കൊപ്പം പോകാനൊരുങ്ങിയെങ്കിലും ഹൃദയം വഴിമാറിനിന്നു. വേണ്ട രെഹന… എരിയുന്ന മറ്റൊരു ജീവന്റെ കൂട്ട് നിനക്ക് വേണ്ട. ഒന്നിച്ചു പിടഞ്ഞുവീഴുമ്പോള്‍ മുറിയുന്ന നാക്കില്‍നിന്നും ഒഴുകുന്ന ചോരയില്‍ കുതിര്‍ന്നു പോകുന്ന ജീവനെ പ്രകൃതിപോലും നിസ്സഹായായി നോക്കി നില്ക്കയെ ഉള്ളു. പിന്നെ അഗ്നിയുടെ തണുപ്പിലേക്ക് അരിച്ചിറങ്ങുന്ന ശരീരങ്ങളില്‍ ഏതിലായിരിക്കും ജീവന്‍ അവശേഷിക്കുക എന്ന് ആര്‍ക്കറിയാം?
എന്റെയും അവളുടെയും ഓഫീസുമുറികള്‍ക്കിടയ്ക്കുള്ള വരാന്ത നടന്നു തീരാതെ നീളം വെച്ച് കിടന്നു. ഇനിയും ഇതുവഴി എന്നെങ്കിലും വന്നേക്കാവുന്ന മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ അമര്‍ന്നുപോകുന്ന ജീവന്റെ കൂടെ നടക്കാനായി തിരിഞ്ഞു നോക്കാതെ ഞാന്‍ നടന്നു…
ജനാലവിരി ഒതുക്കി കയറിവന്ന കാറ്റ് നിഹാലിന്റെ മേശപ്പുറത്തെ പൂപാത്രത്തിലെ വാടിയ പൂക്കളോടു ചോദിച്ചു...
'ശ്ശോ ..നിങ്ങള്‍ കണ്ടില്ലേ അവര്‍ രണ്ടും രണ്ടു വഴിക്ക് പോയി…!
‘സ്വയം തീര്‍ത്ത ദ്വീപില്‍ ഇരുട്ടിനു മാത്രം വെളിച്ചം നല്കി കുഞ്ഞുകുഞ്ഞു മിന്നലുകളായി പൊലിഞ്ഞുപോകുന്ന ഇങ്ങനെ എത്ര ജീവിതങ്ങള്‍ ‘ എന്ന് ചിത്രത്തിലെ സൂര്യകാന്തിപ്പൂക്കളുടെ ആത്മഗതം കാറ്റ് കേള്‍ക്കാതെ മണ്ണിന്റെ നിറമുള്ള കാര്‍പെറ്റില്‍ വീണുടഞ്ഞു…
http://manimanthranam.blogspot.com/2012/10/blog-post.html
11 Comments, Post your comment:
നന്നായിരിക്കുന്നു കഥ...
ആശംസകൾ...
നന്നായി അവതരിപ്പിച്ചിരിക്കുന്നു കഥ.
ആശംസകള്‍
തിരിഞ്ഞുനോക്കാതെ ഞാന്‍ നടന്നു ഇവിടെ നിര്‍ത്തിയാല്‍ കൂടുതല്‍ നന്നാകും.അഭിനന്ദനങ്ങള്‍
മഞ്ഞവെയിലില്‍ തിളങ്ങുന്ന ക്രോടന്‍സ് ചെടികളില്‍ തട്ടിവന്ന കാറ്റ് അവളുടെ മുഖത്തെ ചിരിയുമെടുത്ത് അകലേക്കുപോയി.
സ്വപ്നങ്ങള്‍ അവള്‍ക്കൊപ്പം പോകാനൊരുങ്ങിയെങ്കിലും ഹൃദയം വഴിമാറിനിന്നു. വേണ്ട രെഹന… എരിയുന്ന മറ്റൊരു ജീവന്റെ കൂട്ട് നിനക്ക് വേണ്ട. ഒന്നിച്ചു പിടഞ്ഞുവീഴുമ്പോള്‍ മുറിയുന്ന നാക്കില്‍നിന്നും ഒഴുകുന്ന ചോരയില്‍ കുതിര്‍ന്നു പോകുന്ന ജീവനെ പ്രകൃതിപോലും നിസ്സഹായായി നോക്കി നില്ക്കയെ ഉള്ളു.....
കഥ ഒത്തിരി ഇഷ്ടായെങ്കിലും ക്ലൈമാക്സ് വായിച്ചപ്പോ സങ്കടം തോന്നി... ആശംസകള്‍...
നന്നായിട്ടുണ്ട് ........... ബ്ലോഗില്‍ പുതിയ പോസ്റ്റ്...... അയാളും ഞാനും തമ്മില്‍ ...... വായിക്കണേ.......
nannyirikkunnu. sarikkum hridaya sparshiyaaya post. All the very besst. :)
നന്നായിരിക്കുന്നു... ഇഷ്ടപ്പെട്ടു!
നന്നായി അവതരിപ്പിച്ചിരിക്കുന്നു കഥ. ആശംസകള്‍
Thanks :)
നന്നായിരിക്കുന്നു ..എന്ന് വെറുതെ പറഞ്ഞാല്‍ മതിയോ?
ഇല്ല അതി ഗംഭീരം കേട്ടോ ....
http://rithugeetham.blogspot.com/
Good please keep writing..
Post a Comment