സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പരിണാമത്തിലെ പിഴവുകള്‍

October 05, 2012 പട്ടേപ്പാടം റാംജി

പട്ടേപ്പാടം റാംജി


നട്ടുച്ചനേരത്ത് പുലിയിറങ്ങിയെന്ന വാർത്ത മലയുടെ താഴ്വരയിൽ കത്തുന്ന വെയിൽ പോലെ പരന്നു.

കേട്ടവർ കേട്ടവർ മലയടിവാരത്ത് ഒത്തുകൂടി. പലയിടങ്ങളിലും പുലിയിറങ്ങിയെന്ന വിവരങ്ങള്‍ കേൾക്കാറുണ്ടെങ്കിലും ഇവിടെയിത് ആദ്യമായാണ്.
 പല വീടുകളിലേയും വളർത്തു മൃഗങ്ങളെ കാണാതായതിനും നാട്ടിലെ മൂന്നാലാളുകൾ അപ്രത്യക്ഷമായതിനും കാരണം ഈ പുലിയായിരിക്കുമോ എന്ന സംശയം ചിലർ പ്രകടിപ്പിച്ചു. പിന്നെ വാർത്തക്ക് നീളം കൂടി. പുലിയെ ഓടിച്ചിട്ടു പിടിക്കുന്നത് റ്റീവികളിലൂടെ കണ്ടിരുന്നതിനാൽ ഇനി എന്തു ചെയ്യണമെന്ന ചിന്ത നാട്ടുകാർക്കുണ്ടായിരുന്നില്ല. ഒത്തു കൂടിയവർ കമ്പിയും വടിയും ശേഖരിച്ച് യുദ്ധത്തിനു തയ്യാറായി. നീളം കൂടിയ വാർത്ത പുലിയോടുള്ള പ്രതികാരത്തിന്റെ തോത് ഇരട്ടിപ്പിച്ചു.

വെടിമേരിയുടെ പറമ്പിനപ്പുറം മുതലാണ്‌ ചെറിയ കുറ്റിക്കാടുകളോടുകൂടി മലയുടെ തുടക്കം. തുടർന്നങ്ങോട്ട് നരച്ച മൊട്ടക്കുന്നു പോലെ മല. നേരെയുള്ളവ നശിപ്പിക്കുന്ന മനുഷ്യന്റെ പ്രവൃത്തികൾ നേരെ വളർന്ന മരങ്ങളുടെ കടയ്ക്കൽ ആദ്യം കോടാലി താഴ്ത്തി. അവശേഷിക്കുന്ന കുറ്റിക്കാടുകളിൽ മൃഗങ്ങളുടെ സുരക്ഷ, ഭീഷണി നേരിട്ടത് കൂടാതെ അന്നം തേടി നാട്ടിലിറങ്ങേണ്ട അവസ്ഥയ്ക്ക് കാരണമായി.

ഒറ്റപ്പെട്ട വീടാണ്‌ മേരിയുടേത്. താഴെ നിന്നും അല്പം മുകളിലായി മലയിലേക്കു കയറി നില്‍ക്കുന്ന വീടായതിനാല്‍ താഴ്വാരക്കാഴ്ചകള്‍ ഒരു ചിത്രമെന്ന പോലെ അവിടെ നിന്നും കാണാനാകും.  മണ്ണൊലിപ്പും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഭയന്ന് മലയടിവാരത്തോടു ചേർന്നു താമസിക്കാൻ പലരും ഭയപ്പെട്ടിരുന്നു. ദൂരക്കഴ്ചകൾ മറയ്ക്കുന്ന വീടിനു മുന്നിലെ ചെറിയ പച്ചപ്പുകൾ മേരിയുടെ തൊഴിലിനും കുടിലിനും അനുഗ്രഹമാണ്‌.

അന്ന്, മലയിറങ്ങിയ പുലി ആദ്യം കാണുന്ന മനുഷ്യത്തിയായിരുന്നു മേരി. ആദ്യമായി പുലിയെക്കണ്ട മേരി ഭയന്നു വിറച്ച് കുടിലിനകത്തേക്ക് ഓടിക്കയറി. അന്നും ഒരുച്ച സമയമായിരുന്നു. മുറ്റത്തുനിന്ന് പരിസരവീക്ഷണം നടത്തുന്ന പുലിയെ കുടിലനകത്തു നിന്ന് മേരി ഒളിഞ്ഞു നോക്കി. അല്പസമയത്തെ നിരീക്ഷണത്തിനു ശേഷം പുലി കുടിലിന്റെ വാതിലിനോടഭിമുഖമായി കാലുകൾ നീട്ടിവെച്ച് മുറ്റത്ത് കിടന്നു.

മേരിയുടെ ചങ്കിടിപ്പ് വർദ്ധിച്ചു. ശ്വാസഗതിയുടെ ശബ്ദം പുറത്തു വരാതിരിക്കാൻ ആവത് ശ്രമിച്ചു. നിശ്ശബ്ദമായ അന്തരീക്ഷം ഭയത്തിന്റെ താവളമായപ്പോഴും ശ്രദ്ധ കൈവിടാതെ, കണ്ണെടുക്കാതെ, പുലി കാണാതെ, അകത്തു നിന്നുള്ള നോട്ടത്തിൽ കണ്ണൊന്ന് ചിമ്മതിരിക്കാൻ പാടുപെട്ടു. ഒരനക്കം മതി, നോട്ടമൊന്ന് പിഴച്ചാൽ മതി പുലിക്ക് ചാടി വീഴാൻ.

എത്ര സമയം അതേ നില്പ് തുടർന്നു എന്നറിയില്ല. ആദ്യ ഭയം കുറഞ്ഞു വന്നുവെന്നത് നേര്. ചെങ്കല്ലിന്റെ ചുവപ്പു നിറത്തിൽ കറുത്ത വരകളോടു കൂടിയ ഒത്തൊരു പുലി. ക്രമേണ അതിന്റെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങിയത് ഭയത്തിന്റ ഭാരം കുറച്ചു കൊണ്ടിരുന്നു. രക്ഷപ്പെടാനാകില്ലെന്ന പൂർണ്ണ വിശ്വാസം നിർവ്വികാരാവസ്ഥയിലെത്തിച്ചു. പുലിയെ പാട്ടിലാക്കാതെയുള്ള മറ്റു വഴികളെല്ലാം ശൂന്യം.

ഇത്ര സമയം അതവിടെ കാത്ത് കിടന്നതിനാൽ ഇനി എഴുന്നേറ്റു പോകും എന്ന് കരുതാനും വയ്യ. അധികം വൈകാതെ ഇരുട്ട് വ്യാപിക്കും. അതിനു മുൻപ് അതിനെ ഓടിച്ചില്ലെങ്കിൽ മരണം ഉറപ്പ്.

രണ്ടും കല്പിച്ചാണ്‌ മേരി വാതിൽ തുറന്നത്. ശബ്ദം കേട്ടപ്പോൾ പുലി തലയുയർത്തി നോക്കി. പിന്നെ പഴയപടി നീട്ടിവെച്ച കാലിൽ തല ചരിച്ചുവെച്ച് മേരിയെ നോക്കിക്കിടന്നു. ചങ്കിടിപ്പ് വർദ്ധിച്ചു. ധൈര്യം സംഭരിച്ച് പുലിയുടെ കണ്ണുകളിലേക്കു നോക്കി വാതില്പടിയിൽ ഇരുന്നു. പറയുന്നത്ര ക്രൂരതയൊന്നും അതിന്റെ കണ്ണുകളില്‍ മേരിക്ക് കണ്ടെത്താനായില്ല. ശോകമൂകമായ ഒരു ദയനിയഭാവമായിരുന്നു അതിന്‌, മേരിയോടെന്തോ ആവശ്യപ്പെടുന്നതു പോലെ.

ഇരയെ പിടിക്കാനുള്ള ഒരടവായിരിക്കാം അത്. ഇനി ക്ഷീണം കൊണ്ടാവുമോ ഇങ്ങിനെ കിടക്കുന്നത്? ചിലപ്പോൾ പെൺപുലിയായിരിക്കും. ഗർഭിണി ആകാനും മതി.അപ്പോഴും ഒരു വയ്യായ്ക ഉണ്ടാവാമല്ലോ. വേറെ മൃഗങ്ങൾ കൂട്ടത്തോടെ ആക്രമിച്ചതായിരിക്കുമൊ? ഏയ്...അതാവാൻ വഴിയില്ല. അത്ര നിസ്സാരക്കാരനല്ലല്ലൊ പുലി. ഇരയുടെ ചലനം നോക്കി ചാടിവീഴാനായിരിക്കും ഈ കാത്തിരിപ്പ്. വിശന്നിട്ടാണെങ്കിലോ.....


പുലി നോട്ടം പിൻവലിച്ച് തളർന്നു കിടക്കുകയാണ്. ഇതുതന്നെ അവസരമെന്ന് മേരി മനസ്സിൽ കരുതി. അനക്കമുണ്ടാക്കാതെ കട്ടിളപ്പടിയിൽ നിന്ന് എഴുന്നേറ്റു. പുലി പിടഞ്ഞെണീറ്റ് മേരിയെ നോക്കി. മേരി ഭയന്നുവിറച്ച് ഇളകാതെ നിന്നു.

തൊണ്ട വരളുന്നു. ഉമിനീര്‌ വറ്റി. ശ്വാസമെടുക്കാൻപോലും പേടി തോന്നി. വീഴാൻ പോയതിനാൽ ഒരു കാലെടുത്ത് മുന്നോട്ടു വെച്ചു. പുലി പിന്തിരിഞ്ഞ് പതിയെ നടന്നു.

അല്പദൂരം നീങ്ങിയിട്ട് പുലി തല തിരിച്ച് മേരിയെ നോക്കി, അതേ ദയനിയ ഭാവത്തോടെ. പിന്നീട് വളരെ സാവധാനം കുറ്റിക്കാട്ടിലേക്ക് നടന്നുപോയി.

മേരിയുടെ കുടിലും കഴിഞ്ഞ് പത്തമ്പത് മീറ്റർ മാത്രം ദൂരെയുള്ള കുറ്റിക്കാട് പുലിക്കൊളിക്കാൻ സുരക്ഷിതമാണ്‌.

ശ്വാസം നേരെ വീണ മേരി പുലിയുടെ പോക്കു നോക്കി മുറ്റത്തിറങ്ങി നിന്നു. ശരീരത്തിന്റെ വിറയൽ അവസാനിക്കുന്നില്ല. പുലി എന്നു കേൾക്കുമ്പോഴൊക്കെ മേരിയുടെ മനസ്സിൽ ഒരു  രൂപമുണ്ടായിരുന്നു. കനാലുകളുള്ളിടത്തെ പച്ചപ്പ് നിറഞ്ഞ പറമ്പിൽ തടിച്ചുകൊഴുത്തു വളരുന്ന ഒരു മൂരിക്കുട്ടനെപ്പോലുള്ള രൂപം. ഇത് വെറുമൊരു പുലിക്കോലം. അതെഴുന്നേറ്റപ്പോഴാണ്‌ അതിനെ കൂടുതൽ ശ്രദ്ധിച്ചത്. വയറൊട്ടി തൊലിയെല്ലാം ഞാന്ന് തല മാത്രം വലുതായ ഒരു ജീവി. ഇതിന്‌ ഗർഭവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല.

പുലി കുറ്റിക്കാട്ടിലൊളിച്ചിട്ടും മേരിയുടെ ചിന്തകൾ അവസാനിച്ചിരുന്നില്ല. ഇതാരെയെങ്കിലും ഉടനെ അറിയിച്ചില്ലെങ്കിൽ സമാധാനം കിട്ടില്ലെന്നു വിട്ടുമാറാത്ത അത്ഭുതത്തിനിടയിലും മേരിക്ക് തീർച്ചയായിരുന്നു.

അങ്ങിനെയാണ്‌ മേരിയുടെ പറ്റുകാരിൽ മാന്യനായ ലാസറിനോട് കാര്യങ്ങൾ പറയാൻ തീരുമാനിച്ചത്.

"ഞാനൊരു കാര്യം പറഞ്ഞാ ലാസറേട്ടൻ വിശ്വസിക്ക്യോ?" ലാസർ, മേരിയുടെ ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചു തുടങ്ങിയപ്പോൾ ചോദിച്ചു.

"ആദ്യം കാര്യം കേക്കട്ടെ. എന്ന്ട്ടല്ലെ വിശ്വസിക്കണൊ വേണ്ടേന്ന് തീരുമാനിക്കാൻ?"

"എന്റെ മിറ്റത്ത് ഇന്നൊരു പുലി വന്നു. കൊറേ നേരം ഉമ്മറത്ത് കെടന്നു. പിന്നെ എഴ്ന്നേറ്റ് പോയി."

"ഹ.ഹ.ഹ. നിന്നെ വെറ്‌തെയല്ല ആളോള്‌ വെടി മേരീന്ന് വിളിക്ക്ണ്. നൊണ പറയണോരേം വെടീന്ന് തന്ന്യ പറയാ. നിനക്ക് എല്ലാങ്കൊണ്ടും യോജിച്ച പേരു തന്നെ. നിന്റെ മോന്ത കണ്ട് അത് മയങ്ങീട്ട്ണ്ടാവും...എന്നെ പേടിപ്പിച്ച് നിർത്താനല്ലെ നിന്റെ ഈ പുതിയ അടവ്. അത് എന്റട്ത്ത് ചെലവാവുല്യടി മോളേ..."

ഇനി ഇക്കാര്യം ആരോടും പറയേണ്ടെന്ന് മേരി തീരുമാനിച്ചു. മരണത്തിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തോടെ അന്നുറങ്ങി.

നേരം വെളുത്തിട്ടും പുലിയുടെ വിചിത്ര സ്വഭാവം തന്നെയായിരുന്നു മേരിയുടെ ചിന്ത. മുറ്റത്തിറങ്ങി കുറ്റിക്കാട്ടിലേക്ക് നോക്കി. ഫലമുണ്ടായില്ല. അതിനെ ഇനിയും കാണണമെന്ന് ഒരു കൊതി. ഇന്നലെത്തന്നെ അത് മല കയറി അതിന്റെ പാട്ടിനു പോയിട്ടുണ്ടാകും. ചെറിയ നിരാശയോടെ പല്ലു തേയ്ക്കുമ്പോൾ തൊട്ടുമുന്നിൽ പത്തുപതിനഞ്ചടി ദൂരെ പുലി നില്‍ക്കുന്നു. ഒന്ന് ഞെട്ടിയെങ്കിലും തീരെ ഭയം തോന്നിയില്ല. കുറച്ചുനേരം നോക്കിനിന്ന് അത് വീണ്ടും തിരിച്ചുപോയി. 


അധികം വൈകാതെ പുലിയും മേരിയും തമ്മിൽ ഭയമില്ലാത്ത ഒരടുപ്പം സംഭവിച്ചു. അതിനെ  ഒന്നു തൊടണമെന്ന് മേരിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. വളർത്തു നായയെപ്പോലെ മുറ്റത്ത് ചടഞ്ഞുകൂടി കിടന്നാലും മേരി അടുക്കുമ്പോൾ അതെഴുന്നേറ്റു പോകും. കുടിലിനകത്തേക്കൊന്നും കയറില്ല.

ഇതിനെവിടെ നിന്നാണാവോ ഭക്ഷണം കിട്ടുന്നതെന്ന് പലപ്പോഴും മേരി ചിന്തിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഇറച്ചി വാങ്ങിക്കൊടുക്കും. അതെല്ലാം മടി കൂടാതെ അകത്താക്കും. താഴ്വാരത്തിലെ ചില വീടുകളിൽ ആടുകളേയും പശുക്കുട്ടികളേയും കാണാതായി എന്ന് കേട്ടപ്പോൾ കള്ളന്റെ കള്ളത്തരം ബോദ്ധ്യപ്പെട്ടു. ചില രാത്രികളിലെ നിറുത്താതെയുള്ള പട്ടികുരയും മേരി ഓർത്തെടുത്തു. 

ഒരു ദിവസം സുമുഖനായ ഒരു ചെറുപ്പക്കാരൻ മേരിയെ തേടിയെത്തി. ആദ്യത്തെ സന്ദര്‍ശനമാണ്. മുഖം മാത്രമെ സുന്ദരമായുള്ളു. അവനൊരു പരാക്രമിയായിരുന്നു.

തിടുക്കത്തിൽ ഷർട്ടെടുത്തു തോളത്തിട്ട് പാന്റിന്റെ സിബ് വലിച്ചുകയറ്റിക്കൊണ്ട് അകത്തുനിന്ന് ധൃതിയിലവൻ പുറത്തേക്കു കടന്നു. വസ്ത്രം ധരിക്കുന്നതിനു പോലും സമയം കൊടുക്കാതെയുള്ള അവന്റെ തിടുക്കത്തിൽ സംശയം തോന്നിയ മേരി അവനു പുറകെ വിവസ്ത്രയായി മുറ്റത്തേക്കിറങ്ങി. പാന്റടക്കം ബെൽറ്റിനു കുത്തിപ്പിടിച്ച് അവനെ പിടിച്ചു നിർത്തി.

"കാശെവിടെ?"

"ആദ്യത്തേത് സാമ്പിളല്ലെ ചേച്ചി."

"അത് നിന്റെ അമ്മേടെ അടുത്ത്. എടുക്കട പട്ടി കാശ്." അതിലവൻ മേരിയെ തള്ളിമാറ്റി കവിളത്ത് ആഞ്ഞടിച്ചു.

മേരിക്ക് കണ്ണ്‌ മഞ്ഞളിച്ച് തല കറങ്ങുന്നതു പോലെ തോന്നി. മഞ്ഞളിച്ച കാഴ്ചയിൽ ആകാശം ഇടിഞ്ഞു വീഴുന്നതു പോലെ എന്തോ ഒന്ന് അവനു മേലേയ്ക്ക് ചാടി വീണതായി മേരി അവ്യക്തമായി കണ്ടു.

താഴെക്കിടന്നു പിടയുന്ന അവന്റെ കഴുത്തിൽ പുലി കടിച്ചുപിടിച്ച് കുടഞ്ഞു. ഒന്നുരണ്ടു കുടച്ചിലോടെ അവന്റെ ചലനമറ്റു. മേരി പരിഭ്രമത്തോടെ ഒന്നും ചെയ്യാനാകാതെ മിണ്ടാട്ടം മുട്ടി ഭയന്നുവിറച്ചു. നഗ്നയാണെന്ന ബോധമൊന്നും അപ്പോൾ മേരിക്കില്ലായിരുന്നു. താഴെപ്പരന്ന ചോര കണ്ട മേരിക്ക് ശരീരം തളരുന്നതു പോലെ തോന്നി.

ചത്തെന്ന് ഉറപ്പു വരുത്തി, പുലി അവന്റെ കഴുത്തിൽ നിന്നു കടിവിട്ട് തലയുയർത്തി മേരിയെ നോക്കി. വായിൽ നിന്നിറ്റുവീഴുന്ന ചോരയോടെ പുലി മേരിയുടെ അടുക്കലേക്കു വന്നു. ശ്വാസമടക്കി കണ്ണടച്ച് അനങ്ങാതെ നിന്നു. ചോര വാർന്നു വീണുകൊണ്ടിരുന്ന നാവു നീട്ടി മേരിയുടെ അകത്തുടയിൽ പുലി നക്കി. വിറയ്ക്കുന്ന കാലുകൾ അനക്കാതെ മേരി കണ്ണു തുറന്നു. കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് നെഞ്ചോടു ചേർത്ത് ഈശോയെ മനസ്സിൽ വിളിച്ചു.

പിൻതിരിഞ്ഞ പുലി അവനെ കടിച്ചുവലിച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. ഭീകരദൃശ്യത്തിനു സാക്ഷിയാകേണ്ടിവന്ന മേരി വിറയൽ വിട്ടുമാറാതെ അകത്തു കയറി വസ്ത്രം ധരിച്ചു.

ഒരാഴ്ചയെടുത്തു മനസ്സൊന്നു നേരേയാവാൻ. ദിവസവും പുലിയെ കാണാറുണ്ടെങ്കിലും അത് പഴയതു പോലെ അകലം പാലിച്ച് നിന്നതേയുള്ളു. ഇങ്ങിനെയൊരു സംഭവം നടന്നതായി ഒരു ഭാവഭേദവും അതിന്റെ മുഖത്ത് കാണാനില്ലായിരുന്നു. അങ്ങിനെയൊരു  കഴിവ് കിട്ടിയിരുന്നെങ്കിലാശിച്ചു.

നാലഞ്ചു മാസത്തിനുള്ളിൽ ഇതുപോലെ മൂന്നു സംഭവം കൂടി ആവർത്തിച്ചു. മേരിയെ ഉപദ്രവിക്കുന്നതു കണ്ടാൽ പുലി അവന്റെ പണി കഴിച്ചിരിക്കും. മേരിയല്ലാതെ മറ്റാരും ഈ വിവരം അറിഞ്ഞിരുന്നില്ല. ആദ്യ സംഭവം മനസ്സിലുണ്ടാക്കിയ ഭയപ്പാടുകൾ പിന്നീടുള്ള ഓരോന്നിലും കുറഞ്ഞുകൊണ്ടിരുന്നു. ആരെങ്കിലും കയർത്ത് സംസാരിക്കാനോ കൈയ്യേറ്റത്തിനോ ശ്രമിച്ചാൽ അവരെ മയപ്പെടുത്താൻ നഷ്ടങ്ങൾ സഹിച്ചും മേരി പ്രത്യേകം ശ്രദ്ധിച്ചു. പുലിയോടു പറഞ്ഞാൽ അതിനു മനസ്സിലാകില്ലല്ലൊ. അത് മൃഗമല്ലെ....?

അന്ന്, തുടയില്‍ നക്കിയതു പോലെ അതിനിയും നക്കുമെന്നും കൂടുതൽ അടുക്കുമെന്നും മേരി ആശിച്ചത് വെറുതെയായി. കോക്രി കാട്ടിയും, പല്ലിളിച്ചും, കണ്ണ്‌ തുറുപ്പിച്ചും, ഡാൻസു കളിച്ചും, ഉടുതുണി പൊക്കിക്കാട്ടിയും അതിനെ അനുനയിപ്പിക്കാൻ നോക്കി. ഫലമൊന്നും ലഭിച്ചില്ല. പഴയതുപോലെ അടുത്തു ചെല്ലുമ്പോൾ അതൊഴിഞ്ഞു പോകും.

ഈയിടെയായി പുലിയുടെ ക്ഷീണമെല്ലാം മാറി ഒന്നു നന്നായിട്ടുണ്ട്. എങ്ങിനെ നന്നാവാതിരിക്കും? നല്ല തീറ്റയല്ലെ. മുറ്റത്ത് കിടക്കുന്ന പുലിയെ നോക്കി മേരി ചിന്തിച്ചുകൊണ്ടിരുന്നു. ഇതിനെ ഒന്നടുപ്പിക്കാൻ ഇനി എന്താണൊരു വഴി? തുടയില്‍ നക്കിയത് ഒരു കുളിര്‌ പോലെ മനസ്സിൽ തെളിഞ്ഞു. പെട്ടെന്ന് മേരിക്ക് ബുദ്ധി തെളിഞ്ഞു.

മുറ്റത്തേക്കിറങ്ങിനിന്ന് ബ്ലൗസഴിച്ച് ഇറയത്തേക്കിട്ടു. ബലൂണിൽ വെള്ളം നിറച്ചത് പോലെ മുലകൾ ഞാന്നു. പിന്നീട് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചെടുത്ത് ഇറയത്തേക്ക് വീക്കി.

പുലി പതിയെ എഴുന്നേറ്റ് അടിവെച്ച് മുന്നോട്ടു വന്നു. മേരിയുടെ കാൽവിരലുകൾ മണപ്പിച്ച് തുടയോടു  മുട്ടിയുരുമി നിന്നു. വർദ്ധിച്ച സന്തോഷത്തോടെ മേരി പുലിയെ തൊട്ടു. പിന്നീട് അതിനെ പിടിച്ച് ഇറയത്ത് ചെന്നിരുന്നു. കാല്‌ നീട്ടിയിരുന്ന മേരിയുടെ മടിയിൽ കൊച്ചു കുട്ടികളെപ്പോലെ പുലി തലവെച്ചു കിടന്നു. അതിന്റെ കീഴ്ഭാഗത്തെ വെളുത്തു നുനുത്ത രോമങ്ങളിലൂടെ മേരിയുടെ വിരലുകൾ ഇഴഞ്ഞു നീങ്ങിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത നിവൃതിയിൽ മേരിയുടെ കണ്ണുകൾ കൂമ്പി വന്നു.

പുലിയുടെ നാറ്റം കൂടിവരുന്നതായി അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ മേരി എഴുന്നേറ്റു, കൂടെ പുലിയും.

നല്ലതുപോലെ വെള്ളം കോരിയൊഴിച്ച് കുളിപ്പിച്ചു. സോപ്പ് പതപ്പിച്ച് രോമങ്ങൾക്കിടയിൽ കയ്യിട്ട് തേച്ചു കഴുകി. പുലി അനങ്ങാതെ നിന്നു കൊടുത്തു. കുളി കഴിഞ്ഞപ്പോൾ പുലി ശരീരം വിറപ്പിച്ച് ഒന്നു കുടഞ്ഞു.

ചെറുതായൊന്ന് അറച്ചെങ്കിലും മേരിയോടൊപ്പം പുലി അകത്തു കയറി. കതകടച്ച മേരി പുലിയെ പിടിച്ച് അരുകിലിരുത്തി. രണ്ടു കൈകൊണ്ടും അതിന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് സ്വന്തം ദേഹത്തോടു ചേർത്തി നിറുകയിൽ ഉമ്മ വെച്ചു. പിന്നെ ചെവിയിൽ 'പുലിക്കുട്ടാ' എന്നു വിളിച്ചു. അപ്പോൾ മേരിക്ക് ലോകം പിടിച്ചടക്കിയ ഭാവമായിരുന്നു. പൂച്ചക്കുട്ടികൾ കളിക്കുന്നതുപോലെ രണ്ടും കൂടി തറയിൽ കിടന്നു കുത്തിമറഞ്ഞു.

രാത്രിയായപ്പോൾ പോ എന്നു പറഞ്ഞ് മേരി പുറത്തേക്ക് കൈ ചൂണ്ടി. കൈ ചൂണ്ടിയ ഭാഗത്തേക്ക് പോയി പുലി അതേപോലെ തിരിച്ചുവന്നു. എന്തൊക്കെ ചെയ്തിട്ടും അത് പുറത്തു പോകുന്നില്ല. ഓടിക്കുമ്പോൾ വട്ടം കറങ്ങി താഴെക്കിടന്ന് ഉരുണ്ടുമറിയും. എന്തു പറഞ്ഞ് പുറത്താക്കും എന്നറിയാതെ മേരി കുഴങ്ങി.

ഇനിയും ഇവനോടൊത്ത് കളിച്ചിരുന്നാൽ ശരിയാവില്ലെന്നു കരുതി മേരി ഉടുപ്പെടുത്തിട്ടു. പുലിയിറങ്ങി പുറത്തേക്കു പോയി.

പുലിയും മേരിയും തമ്മിലുള്ള ചങ്ങാത്തം ആഴത്തിലുറച്ചു. മേരിയുടെ ആംഗ്യങ്ങൾ പുലി മനസ്സിലാക്കി. ‘പുലിക്കുട്ടാ’ എന്ന വിളി കേട്ടാൽ എവിടെയായിരുന്നാലും ഓടിയെത്താന്‍ പഠിച്ചു. പുലിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുക എന്നത് മേരിയുടെ പതിവായി.

ഈ പുലിയെയാണ്‌ നാട്ടുകാരിപ്പോൾ ഓടിച്ചിട്ടു പിടിയ്ക്കാൻ തെരച്ചിൽ തുടങ്ങിയിരിക്കുന്നത്.

മേരി മുറ്റത്തുള്ള ഒരു മരത്തിനു പിന്നിൽ ഒളിഞ്ഞുനിന്ന് താഴേക്കു നോക്കി. ധാരാളം ജനങ്ങളുണ്ട് കമ്പിയും വടിയുമായി. ചങ്ക് പൊട്ടുന്നതു പോലെ തോന്നി. വളരെ സൂക്ഷിച്ച് ഓരോരുത്തരും വടികൊണ്ട് പുല്ലിലും ചെറിയ പൊന്തക്കാട്ടിലുമൊക്കെ തട്ടിനോക്കി സാവധാനം മുന്നോട്ടു വരികയാണ്.  തട്ടി നോക്കുന്നെങ്കിലും എല്ലാരിലും ഭയമാണ്. ലാസറേട്ടനും പരിചയക്കാരുമാണ്‌ നേതൃത്വം കൊടുക്കുന്നത്. ‘പുലിക്കുട്ടാ’ എന്ന് ശബ്ദം താഴ്ത്തി വിളിച്ചു നോക്കി.  അടുത്തുണ്ടെങ്കിൽ  വരേണ്ടതായിരുന്നു. ഇനി അവർക്കിടയിൽ പെട്ടിരിക്കുമോ ഈശോയേ...

തിരയുന്നവരുടെ മുന്നിലെ കുറ്റിക്കാട്ടിൽ നിന്നു പുലി പെട്ടെന്നുയർന്നു ചാടി. വടിയുപേക്ഷിച്ച് ജനങ്ങൾ പിറകോട്ടു തിരിഞ്ഞോടി. ഓടിയവർ തിരിഞ്ഞു നോക്കിയപ്പോൾ പുലി ചാടിയിടത്ത് ഒരനക്കം പോലുമില്ല. വീണ്ടും ആദ്യം മുതൽ തിരച്ചിലാരംഭിച്ചു. മൂന്നുനാലു മണിക്കൂർ കഴിഞ്ഞിട്ടും പിന്നീട് പുലിയെ കാണാൻ ആർക്കും സാധിച്ചില്ല. വെയിലിനു കനം കുറഞ്ഞുകൊണ്ടിരുന്നു. മേരിക്കാശ്വാസം തോന്നിയെങ്കിലും പുലിയെ പിടിച്ചേ ഇരിക്കു എന്ന വാശി അവർക്കുള്ളതുപോലെ.

ഒരു മുരളൽ കേട്ട് മേരി തിരിഞ്ഞു നോക്കി. കുടിലിനോടു ചേർന്ന് പുലി നില്‍ക്കുന്നു. നന്നായി കിതക്കുന്നുണ്ട്. ആരുടെയും കണ്ണിൽ പെടാത്ത ഭാഗത്താണ്‌ അതിന്റെ നില്പ്. മേരി അടുത്തു ചെന്നപ്പോൾ അത് പുറകോട്ടു മാറി. അകത്തേക്കു പോകാൻ കൈ ചൂണ്ടി മേരി ആംഗ്യം കാണിച്ചു. പുലി അങ്ങോട്ടുമിങ്ങോട്ടും നടന്നതേ ഉള്ളു.

മേരി അകത്തു പോയി ഉടുപ്പൂരി പുറത്തു കടന്നപ്പോൾ പുലി പമ്മിപ്പമ്മി അകത്തേക്കോടിക്കേറി. പുറകെ മേരിയും അകത്തു കടന്ന് അതിന്റെ തലയിൽ തടവി. പുലിയെ ആശ്വസിപ്പിച്ചു കിടത്തിയ മേരി പുറത്തു കടന്ന് കതകടച്ചു. താഴെയുള്ളവര്‍ കാണത്തക്ക വിധത്തിൽ നിന്നുകൊണ്ട് മേരി വിളിച്ചു കൂവി. “പുലി മല കയറിപ്പോയി”

അലർച്ച പോലെ മുഴങ്ങിയ വാക്കുകൾ മലയടിവാരത്തിൽ പ്രതിദ്ധ്വനിച്ചു. നൂൽബന്ധമില്ലാതെ നിൽക്കുന്ന മേരിയെ കണ്ട ജനം സ്തപ്ധരായി. ലാസറിൽ ഊറിക്കൂടിയ സംശയം അന്നത്തെ തെരച്ചില്‍ അവസാനിപ്പിക്കാന്‍ കല്പിക്കുകയായിരുന്നു.

പുലിയുടെ കാലിനു ചെറിയൊരു തട്ടു കിട്ടിയിട്ടുണ്ട്. അവിടെ തടവിക്കൊടുത്തു. പുലി മേരിയുടെ കയ്യിൽ നക്കി. ഇരുട്ടാകുന്നതു വരെ തളർന്നു കിടക്കുന്ന പുലിയുടെ കഴുത്തിൽ തലവെച്ച് ചേർന്നു കിടന്നു. നേരം ഇരുട്ടിയപ്പോൾ മേരി എഴുന്നേറ്റ് തീപ്പെട്ടി തപ്പിയെടുത്ത് പുലിയേയും കൊണ്ട് പുറത്തു കടന്നു. അല്പം ദൂരേക്കു മാറി നിന്ന് തീപ്പെട്ടിക്കൊള്ളിയുരച്ച് കുടിലിനു മുകളിലേക്കിട്ടു. തീ കത്തി ഉയര്‍ന്നപ്പോൾ പുലി അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു. ചിലപ്പോഴൊക്കെ തിയ്യിലേക്ക് ചാടാൻ പോകുന്നത് പോലെ വെപ്രാളപ്പെട്ടു. മേരിയുടെ അരികെ ചെന്ന് മുഖത്തേക്കുനോക്കി, ദയനിയമായ അതേനോട്ടം. പിന്നേയും കുടിലിനടുത്തേക്ക് ഓടിച്ചെന്നു...

കുടിലിനെ വിഴുങ്ങുന്ന അഗ്നിയുടെ പ്രകാശത്തിൽ പുലിയെ വിളിച്ച് കുറ്റിക്കാടുകൾക്കിടയിലൂടെ മേരി മല കയറാൻ തുടങ്ങി. തിരിഞ്ഞു നോക്കിക്കൊണ്ടാണെങ്കിലും പുലി അറച്ചറച്ച് മേരിയോടൊപ്പം നടന്നു.

തുണിയുടുക്കാത്ത ആദിവാസിപ്പെണ്ണിനെപ്പോലെ ഒരു നിഴൽ രൂപമായ് മല കയറുന്ന മേരി ശൂന്യമായ മനസ്സോടെ എന്തോ നഷ്ടപ്പെട്ടതു പോലെ തിരിഞ്ഞു നോക്കി. “പുലിക്കുട്ടാ...പുലിക്കുട്ടാ...”മേരി ഹൃദയം തകരുന്നതുപോലെ വിളിച്ചു കൊണ്ടിരുന്നു.

പുലി മലയടിവാരം ലക്ഷ്യമാക്കി സാവധാനം തിരിച്ചു നടക്കുകയായിരുന്നു,  തിരിഞ്ഞു പോലും നോക്കാതെ.....


http://pattepadamramji.blogspot.com/2012/09/blog-post.html


1 Comments, Post your comment:

Cv Thankappan said...

വിത്യസ്തമായ രചനാശൈലി!
നന്നായിരിക്കുന്നു കഥ.
ആശംസകള്‍