സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ലോക്ക്ഡൌൺ

May 10, 2020 abith francis

മുടിയാകെ വളർന്നു. കൊറോണ പൂർവ കാലത്തിൽ മാസത്തിൽ ഒരു വട്ടമെങ്കിലും മുടി വെട്ടിയില്ലെങ്കിൽ ആശ്വാസം കിട്ടില്ലാതിരുന്ന എന്റെ തല കഴിഞ്ഞ മൂന്നു മാസമായി ഒരു കത്രികക്കായി കൊതിച്ചിരിക്കുന്നു. സ്വതമേ തെക്കോട്ടു ചീവി വച്ചാൽ വടക്കോട്ടു പോകുന്ന എന്റെ മുടി ഇപ്പൊൾ വളർന്നു പടർന്നു പന്തലിച്ച് കുടപ്പനയുടെ ഓലകൾ പോലെ ആയി. പലരുടെയും സ്റ്റാറ്റസുകൾ കണ്ട ഭാര്യ "എന്നെ നിർബന്ധിക്കുവാണെങ്കിൽ ഞാൻ വേണോങ്കിൽ വെട്ടി തരാം.." എന്ന ഓഫർ മുൻപോട്ടു വച്ചെങ്കിലും, അവൾ വെട്ടുക മുടിയാണോ അതോ മുടിയിരിക്കുന്ന തലയാണോ  എന്ന് ചെറിയൊരു കൺഫ്യൂഷൻ തോന്നിയതുകൊണ്ട് ആ ഓഫർ സ്നേഹത്തോടെ നിരസിച്ചു. ലോക്ക്ഡൌൺ കാരണം ഒരു ആക്രമണം ഏതു നേരവും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.

വീട്ടിലിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകൾ പലതു കഴിഞ്ഞു. ആദ്യം വീട്ടിലിരിക്കാൻ ഒരു ആക്രാന്തം. പിന്നെ വീട്ടിലെ പണിയും ഓഫീസിലെ പണിയും ഒരുമിച്ചു  കിട്ടി തുടങ്ങിയപ്പോൾ വെറുപ്പ്. അത്  കഴിഞ്ഞെപ്പോളോ വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് സ്നേഹമായി. കാര്യങ്ങൾ അവിടെയും നിന്നില്ല. സ്നേഹം നിസ്സംഗതയായി, മരവിപ്പായി, മടുപ്പായി... പുറം ലോകം കാണാൻ, ട്രാഫിക് ജാമിൽ കിടക്കാൻ, കുറച്ചു കരിയും പുകയും ശ്വസിക്കാൻ, കെ എസ് ആർ ടി സി ബസിൽ ഇടിച്ചു തൂങ്ങി നിൽക്കാൻ, കണ്ടക്ടറിന്റെ ചീത്ത കേൾക്കാൻ, പാതിരക്കും നിർത്താതെയുള്ള ഹോൺ അടി സംഗീതം കേൾക്കാൻ, അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു ഘോര ഘോരം പ്രസംഗിക്കാൻ, മാർക്കറ്റിൽ പോയി സാധനം വാങ്ങാൻ, തിരക്കുപിടിച്ച ജീവിതത്തെപ്പറ്റി പരിതപിക്കാൻ , അഞ്ച് ദിവസം പണിയെടുത്തു രണ്ടു ദിവസത്തെ അവധിക്കായി ദിവസങ്ങൾ എണ്ണി എണ്ണി ഒടുവിൽ "ഹോ, ഇന്ന് വെള്ളിയാഴ്ചയായി" എന്ന് പറഞ്ഞു ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിടാൻ... എന്തൊക്കെ കാര്യങ്ങൾ ആണല്ലേ മിസ് ചെയ്യുന്നത്.

ഓഫീസിലേക്ക് പോകുന്ന ഇടവഴികളിൽ പച്ച പുല്ലുകൾ കിളിർത്തിട്ടുണ്ടാവും. കാർ പാർക്കിങ്ങിലെ പനിനീർ ചാമ്പയിലെ കായെല്ലാം താഴെ വീണു പോയിക്കാണും. വളഞ്ഞു തിരിഞ്ഞു പോകുന്ന ടാർ റോഡിൽ ഇലകൾ വീണു മൂടിക്കാണും. ഓഫീസ് ഫ്ലോറിലെ ബാൽക്കണിയിൽ വച്ചിരിക്കുന്ന  ഒരു ചെടിയുണ്ട്, ഞാൻ എന്നും ഭിത്തിയിൽ ചാരി ഫോണിൽ സംസാരിച്ചുകൊണ്ട് ഇലകൾ പറിച്ചെടുക്കുന്ന പേരില്ലാത്ത ഒരു ചെടി, അതിലിപ്പോൾ നിറച്ചും ഇലകൾ വന്നുകാണും. കൈയിലിപ്പോഴും ഉണ്ട് ആ ഇലകളുടെ മണം. എന്റെ കസേര ചക്രം ഉരുട്ടി ഞാൻ കൊന്നുകൊണ്ടിരുന്ന ഉറുമ്പുകളുടെ ആത്മാക്കൾ ആ കസേരയെ ബാക്കി വച്ചിട്ടുണ്ടാകുമോ ആവോ. കീബോർഡും മൗസും പ്രതിഷ്ഠിച്ചിരിക്കുന്ന വലിക്കുന്ന ട്രെയിൽ ചിലന്തികൾ എന്തായാലും ഉണ്ടാവും.



തനിമൊഴി

January 28, 2016 Salini Vineeth


ബാംഗ്ലൂർ ചർച്ച് റോഡിലെ ബ്ലോസ്സം ബുക്ക്‌ സ്റ്റാളിന്റെ മുകൾ നില പുസ്തകങ്ങളുടെ ഒരു കാടാണ്. ചില്ലിട്ട ചുവരലമാരകളിൽ പട്ടാള ചിട്ടയിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളുടെയല്ല.  മറിച്ച്, അലമാരകളിൽ നിന്ന്  എത്തി നോക്കിയും, വെറും നിലത്ത് ചെരിഞ്ഞും മറിഞ്ഞും മൂക്ക് കുത്തിയും കിടന്ന് സ്വാതന്ത്ര്യം ആഘോഷിക്കുന്ന വയസ്സൻ പുസ്തകങ്ങളുടെ ഒരു കാട്!  മാർക്വേസം കാഫ്കയും ഓർവെല്ലും  ഗോർക്കിയുമടങ്ങിയ സാഹിത്യ സിംഹങ്ങൾ മേയുന്ന ആ കാട്ടിൽ വച്ചാണ് L V ശ്രീനിവാസനെ ഞാൻ പരിചയപ്പെടുന്നത്.

"കാലമാടൻ വരുന്നുണ്ട്!"

തണുത്ത പ്രഭാതത്തിലെ  വിളർത്ത വെളിച്ചം പരന്നപ്പോഴേയ്ക്കും തന്റെ ബ്രീഫ് കേസും  ഹാൻഡിലിൽ  തൂക്കി,  സൈക്കിൾ ചവിട്ടി വരുന്ന മൂർത്തി സാറിനു മനോയുടെ പ്രഭാത വന്ദനമാണ്. "അനന്തനാരായണൻ  രാമമൂർത്തി" എന്ന  മൂർത്തി  സാർ എന്റെ പി എച് ഡി  ഗൈഡാണ്. "മനോ" എന്ന മനോജ്‌ എന്റെ ലാബ് പാർട്ട്ണറും. ഡിസ്ക്രീറ്റ് മാത്തമാറ്റിക്സിൽ റിസേർച്ച്  എന്ന ഓമനപ്പേരിൽ ഞാനും മനോയും മൂർത്തി  സാറിനു കീഴിൽ അടിമപ്പണിയെടുക്കാൻ തുടങ്ങിയിട്ട് വർഷം നാലാകുന്നു. ഞങ്ങൾ കൊടുക്കുന്ന റിപ്പോർട്ടുകളും മറ്റും വായിച്ചു നോക്കാതെ മൂർത്തി  സാർ വലിച്ചു കീറി കളയുന്നു എന്നാണു മനോയുടെ ബുദ്ധിപരമായ നിഗമനം. എന്നാൽ "കാലമാടൻ" എന്ന പ്രത്യേക പദവി സാറിന് ചാർത്തി കൊടുക്കാൻ മനോയ്ക്ക് ഒരു പുതിയ കാരണം കൂടിയുണ്ട്.  ക്രിസ്മസ് വെക്കേഷനിൽ കൂട്ടുകാർക്കൊപ്പം രാജസ്ഥാനിൽ പോയി അടിച്ചു പൊളിക്കാനിരുന്ന മനോയെ "സ്പെഷ്യൽ അസൈൻമെന്റ്" എന്നൊരു കൂച്ചു വിലങ്ങിട്ട് നിറുത്തിയിരിക്കുകയാണ് മൂർത്തി സാർ.
രണ്ടു ദിവസം മുൻപ് സാർ ഞങ്ങളെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു. ഡിസ്ക്രീറ്റ് മാത്തമാറ്റിക്സിലെ വളരെ കടുപ്പമേറിയ ഒരു ഹൈപ്പോതീസിസിന് തെളിവ് കണ്ടു പിടിക്കുക എന്നതാണ്  സ്പെഷ്യൽ അസൈൻമെന്റ്.  മനോയുടെ ഭാഷയിൽ "പുതിയ പാര". ക്രിസ്മസ് അവധി കഴിയുന്നതിന്റെ പിറ്റേ ദിവസം അസൈൻമെന്റ് തന്റെ മേശപ്പുറത്ത് കാണണം എന്നാണു ഉഗ്രശാസന. ഇല്ലെങ്കിൽ പി എച് ഡി ക്കായി ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരും എന്ന ഭീഷണിയും. 
ഉറക്കമില്ലാത്ത രാത്രികളും പകലുകളുമായി ഒരാഴ്ച കടന്നു പോയി. സ്വയം ശ്രമിച്ചിട്ടോ ഗൂഗിളിൽ തപ്പിയിട്ടോ യാതൊരു ഫലവുമില്ലെന്നു ഞങ്ങൾക്ക്  ബോധ്യമായി. ഒരു അവസാന ശ്രമമെന്ന  നിലയ്ക്കാണ് ഡിസംബറിലെ ആ രണ്ടാം ശനിയാഴ്ച ഞങ്ങൾ ബ്ലോസ്സം ബുക്ക്‌ സ്റ്റാളിന്റെ മുകൾ  നിലയിൽ എത്തിയത്. പഴഞ്ചൻ പുസ്തകങ്ങൾക്കിടയിൽ ഒരുപാട് അരിച്ച് പെറുക്കിയതിനു  ശേഷമാണ് ഹാർഡ് ബൈൻഡ് ചെയ്ത ആ പുസ്തകം കയ്യിൽ തടഞ്ഞത്. അല്പം ബലത്തിൽ മറിച്ചാൽ പൊടിഞ്ഞു പോകും എന്ന് തോന്നിക്കുന്ന മഞ്ഞ നിറമുള്ള താളുകൾ. ഡിസ്ക്രീറ്റ് മാത്തമാറ്റിക്സിലെ ഒരുപാട് തിയറികളും ഹൈപ്പോതീസീസുകളും -  ഞങ്ങളുടെ അസൈൻമെന്റ് അടക്കം - ആ പുസ്തകത്തിൽ ഉണ്ടായിരുന്നു. എന്നാൽ ചോദ്യങ്ങൾ മാത്രമേ ഉള്ളൂ. ഉത്തരങ്ങളില്ല! നിരാശയോടെ മനോ വെറും നിലത്ത് തളർന്നിരുന്നു.
അപ്പോഴാണ്‌, പടർന്നു തുടങ്ങിയ കടും വയലറ്റു മഷിയിൽ ചില കുത്തിക്കുറിപ്പുകൾ ഞാൻ കാണുന്നത്. വളരെ പ്രയാസപ്പെട്ട്  നന്നേ ചെറിയ ആ അക്ഷരങ്ങൾ വായിച്ചപ്പോൾ സന്തോഷം കൊണ്ട്  എനിക്ക് ബോധം നശിക്കുന്നതുപോലെ തോന്നി. "L S " എന്ന് ഇനിഷ്യൽ ചെയ്ത ആ കുറിപ്പുകൾ ഓരോന്നും ഉത്തരങ്ങളായിരുന്നു. പുസ്തകത്തിന്റെ ആദ്യ താളിൽ "L V ശ്രീനിവാസൻ M Sc മാത്തമാറ്റിക്സ്‌ , മദ്രാസ് ക്രിസ്ത്യൻ  കോളേജ് - 1964" എന്നെഴുതിയിരുന്നു. 
പിന്നീടുള്ള ഒരാഴ്ച ഞാനും മനോയും ഒരു കയ്യിൽ ഭൂതക്കണ്ണാടിയും മറുകൈയ്യിൽ  L V ശ്രീനിവാസനെയും പിടിച്ചാണ് ജീവിച്ചത്. താഴെ വച്ചാൽ പുസ്തകത്തിലെ ആ ദുർബലമായ കുറിപ്പുകൾ മാഞ്ഞു പോകുമോ എന്ന് പോലും മനോ പേടിച്ചു. 
പറഞ്ഞതിലും ഒരാഴ്ച മുൻപേ റിപ്പോർട്ട് കൊടുത്തപ്പോൾ മൂർത്തി സാർ നന്നായി ഒന്ന് ഞെട്ടി. അല്പം സംശയത്തോടെയും  അതിലേറെ ആശ്ചര്യത്തോടെയും സാർ  "ഗുഡ്" എന്ന് പറഞ്ഞപ്പോൾ മനോ സന്തോഷം കൊണ്ട് കരഞ്ഞു പോയി. റിപ്പോർട്ട് കൊടുത്ത് തിരിച്ചു പോയി ഞങ്ങൾ ആദ്യം ചെയ്തത് "L V ശ്രീനിവാസൻ" എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്യുകയാണ്. "L V ശ്രീനിവാസൻ" എന്ന ജീനിയസ്സിനെ കണ്ടു പിടിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നാണ്  ഞങ്ങൾ കരുതിയത്. എന്നാൽ ഞങ്ങൾക്ക്  നിരാശപ്പെടേണ്ടി വന്നു. 
"ഈ ശ്രീനിവാസൻ ഇപ്പൊ എവിടെയായിരിക്കും? വല്ല വൻ കോളേജിലും പ്രോഫെസ്സർ ആയിരിക്കും. മൂർത്തി സാറിനെ പോലെ നെറ്റ് അലർജി ആണെന്നാ  തോന്നുന്നത്." മനോയുടെ ആത്മഗതമാണ്. 
കഴിഞ്ഞ ഒരാഴ്ചയായി എന്റെ മനസ്സിനെയും അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു അത്. കണക്കിലെ മാന്ത്രികനായ  L V ശ്രീനിവാസനെയല്ല മറിച്ച് കണക്കു പുസ്തകത്തിന്റെ അവസാന താളിൽ  ഭാരതിദാസന്റെ കവിത കുറിച്ചിട്ട ശ്രീനിവാസനെയാണ്  ഞാൻ ആഗ്രഹിച്ചത്. മറ്റു കുറിപ്പുകൾ  പോലെ ഇതും "L S" എന്ന് ഇനിഷ്യൽ ചെയ്തിരുന്നു. അതിനു താഴെ  27th  ജനുവരി 1965  എന്ന തീയതിയും.
"തമിഴുക്കും അമുദെന്നു  പേർ,
അന്ത തമിഴ് ഇമ്പ തമിഴ് എങ്കൾ ഉയിരുക്കു നേർ,
തമിഴുക്കും നിലവെന്നു  പേർ,
ഇമ്പ തമിഴ് എങ്കൾ സമൂഹത്തിൻ വിളയ് വിക്ക് നീർ..."
"എനിക്ക് ഈ ശ്രീനിവാസനെ കണ്ടു പിടിക്കണം മനോ. അവസാന താളിലെ ആ കവിത, അതിനു പുറകിൽ ഒരു കഥയുണ്ടെന്നു  തോന്നുന്നു."
"നിന്റെ വട്ടു പിന്നേം തുടങ്ങിയോ? പത്തു നാല്പതു വർഷം പഴക്കമുള്ള ഈ ബുക്കും വച്ച്  നീയെങ്ങനെ ശ്രീനിവാസനെ കണ്ടു പിടിക്കും? ഗൂഗിളിനു പോലും കണ്ടു പിടിക്കാൻ പറ്റിയില്ല. പിന്നയല്ലേ?" ബാക്ക് പാക്കും കെട്ടിപ്പെറുക്കി  രാജസ്ഥാനു  വണ്ടി കയറുന്നതിനു മുൻപ് മനോ എന്നെ പ്രോത്സാഹിപ്പിച്ചു. 
"മദ്രാസ് ക്രിസ്ത്യൻ  കോളേജ് -1964" ഇതായിരുന്നു എന്റെ പിടിവള്ളി. കോളേജ് റെക്കോർഡുകളിൽ നിന്ന് എന്തെങ്കിലും വിവരം കിട്ടിയേക്കാം. അല്ലെങ്കിലും ഇത്രയും മിടുക്കനായ ഒരു വിദ്യാർഥിയെക്കുറിച്ച്  ആർക്കെങ്കിലും പറഞ്ഞു കേട്ട  അറിവെങ്കിലും ഉണ്ടാകും.

 "നേരിട്ട് വന്നാൽ പഴയ  റെക്കോർഡുകൾ  തപ്പി നോക്കാം" എന്ന് മദ്രാസ് ക്രിസ്ത്യൻ  കോളേജിൽ നിന്നും മറുപടി കിട്ടി.
അദൃശ്യമായ കൊളുത്തുകളിൽ ആകാശത്ത് നിന്നും തൂങ്ങിക്കിടക്കുന്ന മേഘങ്ങൾ കടലിൽ നിഴൽ വീഴ്ത്തുന്നതും നോക്കി ബാംഗ്ലൂർ-ചെന്നൈ ഫ്ലൈറ്റിന്റെ വിൻഡോ സീറ്റിൽ ഞാനിരുന്നു. ഒരു ധ്യാനത്തിലെന്ന പോലെ. മനോ പറഞ്ഞത് പോലെ, ഇതൊരു വട്ടു തന്നെയായിരിക്കും. 
മദ്രാസ് ക്രിസ്ത്യൻ  കോളേജിലെ പഴയ റെക്കോർഡുകളിൽ നിന്ന് 1964 M. Sc  ബാച്ചിലെ ഒരു  L V ശ്രീനിവാസന്റെ അഡ്രസ്‌ കിട്ടി. എന്നാൽ ഞാൻ പ്രതീക്ഷിച്ചതു പോലെ ഒരു വീട്ടഡ്രസ്  ആയിരുന്നില്ല അത്. എഗ്മോറിലെ പോന്നൈയമ്മൻ കോവിൽ സ്ട്രീറ്റിലെ "വിനോളിയ വൈറ്റ്  സോപ്പ്" കമ്പനിയുടെ ഓഫീസ്  അഡ്രസ്സാണ്  എനിക്ക് കിട്ടിയത്. 
"ഈ L V ശ്രീനിവാസനു  M. Sc  ക്ക് റാങ്കുണ്ടായിരുന്നോ?" അറിയാനുള്ള ഒരു കൌതുകം കൊണ്ട് ഞാൻ ചോദിച്ചു പോയി.
"L V ശ്രീനിവാസനെ രണ്ടാം വർഷം പകുതിക്കു വച്ച് സസ്പെണ്ട് ചെയ്തതായാണ് പഴയ ഇന്റെർണൽ റിമാർക്കിൽ കാണുന്നത്!"  ക്ലാർക്ക് പറഞ്ഞു.
മദ്രാസ് ക്രിസ്ത്യൻ  കോളേജിൽ  നിന്ന് എഗ്മൂറിലെയ്ക്കുള്ള ടാക്സിയിൽ ഇരിക്കുമ്പോൾ മനസ്സിൽ പല ചോദ്യങ്ങളും തിരമാലകളെന്ന പോലെ വന്നു കൊണ്ടിരുന്നു. "L V ശ്രീനിവാസൻ കോളേജിൽ  നിന്ന് പുറത്താക്കപ്പെടാൻ എന്തായിരിക്കാം കാരണം? ഈ   വിനോളിയ വൈറ്റ്  സോപ്പ് കമ്പനിയും ശ്രീനിവാസനും തമ്മിലുള്ള ബന്ധമെന്തായിരിക്കും?" 
എഗ്മോറിലെ പോന്നൈയമ്മൻ കോവിൽ തെരുവ് പഴയ കെട്ടിടങ്ങളുടെ ഒരു ശവപ്പറമ്പാണ്. ചുവന്ന ഇഷ്ടികകൾ വെളിപ്പെടുത്തുന്ന, ചുണ്ണാമ്പ്  അടർന്നു തുടങ്ങിയ ചുവരുകളും, പഴയ ചുവരുകളിൽ നിന്നും പടുമുള പൊട്ടി വളർന്നു നിൽക്കുന്ന ചെറിയ മരങ്ങളും! സമയം നിലത്തു വീണുടഞ്ഞു  നിശ്ചലമായ ഈ തെരുവിലെവിടെയോ  ആണ് പഴയ വിനോളിയ വൈറ്റ് സോപ്പ് കമ്പനി പ്രവർത്തിച്ചിരുന്നത്. വിജനമായ ആ തെരുവിലൂടെ ദുർബലമായ കാൽവയ്പ്പുകളോടെ നടക്കവേ, യാതൊരു പരിചയവും ഇല്ലാത്ത ഒരാളെ തേടി ഒരു വിവരവും ശേഖരിക്കാതെ ഇറങ്ങി പുറപ്പെട്ടതിനു ഞാൻ എന്നെത്തന്നെ ശാസിച്ചു. തെരുവിന്റെ ഒരറ്റത്തുള്ള ഒരമ്പലത്തിൽ  നിന്നും മണിയൊച്ച കേൾക്കാൻ തുടങ്ങി. ഒരല്പം ആശ്വാസത്തോടെ ഞാൻ അങ്ങോട്ട്‌ നടന്നു.

പ്രായം അറുപതിനോടടുത്ത ഒരു പൂജാരി മാത്രമാണ് അമ്പലത്തിൽ ഉണ്ടായിരുന്നത്. മനോഹരമായി ഇംഗ്ലീഷ്  സംസാരിക്കുന്ന, ഉയർന്ന മൂക്കും വീതിയുള്ള നെറ്റിത്തടവുമുള്ള ഒരു സുബ്രമണ്യ സ്വാമി. "വിനോളിയ വൈറ്റ് സോപ്പ് കമ്പനി"  എന്ന് കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തൊരു പരിചിത ഭാവം.

"എന്റെ അച്ഛൻ കമ്പനിയിലെ ഒരു ക്ലാർക്ക് ആയിരുന്നു. അച്ഛന് വയസ്സ് നൂരിനോടടുത്തു. കാഴ്ചയും കേൾവിയും ഓർമയും  കുറവാണ്. ഒരു പക്ഷെ കുട്ടി അന്വേഷിക്കുന്ന ആളെ അച്ഛന് പരിചയം കാണും."
അദ്ദേഹം പ്രതീക്ഷയോടെ പറഞ്ഞു. മങ്ങി നിന്ന എന്റെ ഉത്സാഹം തിരിച്ചു വന്നു. ഇരു വശവും ഫ്ലാറ്റുകൾ തിങ്ങിയ ഇടുങ്ങിയ തെരുവുകളിലൂടെ ജിജ്ഞാസയോടെ ഞാൻ സുബ്രമണ്യ സ്വാമിയെ പിന്തുടർന്നു.

തിളങ്ങുന്ന കല്ലു വച്ച ഒരു മൂക്കുത്തിക്കാരിയാണ് സുബ്രമണ്യത്തിന്റെ വീട്ടിൽ എന്നെ സ്വീകരിച്ചത്. കടുപ്പമുള്ള ഒരൗൺസ് ഫിൽറ്റർ കോഫിക്കൊപ്പം  സുബ്രമണ്യ സ്വാമി  എന്റെ വരവിന്റെ ഉദ്ദേശം അവരോടു വിവരിച്ചു.

വിനോളിയ വൈറ്റ് സോപ്പ് കമ്പനിയുമായി ബന്ധമുള്ള ഒരു L V  ശ്രീനിവാസനെ അറിയില്ല എന്ന്  സുബ്രമണ്യ സ്വാമിയുടെ അച്ഛൻ തറപ്പിച്ചു പറഞ്ഞു. പക്ഷെ, ദശാബ്ദങ്ങൾക്ക്  മുൻപ് അടച്ചു പോയ ഒരു കമ്പനിയിലെ ആളെ തേടി ഇന്ന് ഞാൻ വരാനുള്ള കാരണം അദ്ദേഹത്തിനു കൗതുകകരമായി തോന്നിയിരിക്കണം. വളരെ പ്രയാസപ്പെട്ട് എന്റെ കഥ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എല്ലാത്തിന്റെയും തുടക്കമായ ആ പുസ്തകം കാണിച്ചു.

അതും മറിച്ച്  നോക്കി അദ്ദേഹം അൽപനേരം നിശബ്ദനായി.

"ഇത് വെങ്കിട്ട സ്വാമിയുടെ മകൻ ശ്രീനിയുടെ പുസ്തകമായിരിക്കണം." എന്റെ ഹൃദയമിടിപ്പ്‌ ഉച്ചത്തിലാകുന്നത് ഞാൻ അറിഞ്ഞു. ഇതാ, അവസാനം ശ്രീനിവാസനെ അറിയാവുന്ന ഒരാളെ ഞാൻ കണ്ടു മുട്ടിയിരിക്കുന്നു.

എന്റെ ആവേശം തിരിച്ചറിഞ്ഞു അദ്ദേഹം പെട്ടെന്ന് പറഞ്ഞു.

"വെങ്കിട്ടസ്വാമിയും കുടുംബവും എഗ്മൂറിൽ ഇല്ല. വിനോളിയ വൈറ്റ് സോപ്പ് കമ്പനിയുടെ മാനേജർ  ആയിരുന്നു ശ്രീനിയുടെ അപ്പ വെങ്കിട്ടസ്വാമി. ശ്രീനിവസൻ മദ്രാസ് ക്രിസ്ത്യൻ  കോളേജിൽ പഠിക്കുക്കയാണെന്നും വലിയ ബുദ്ധിമാനായിരുന്നെന്നും ഒക്കെ കേട്ടിട്ടുണ്ട്. ഞാൻ നേരിൽ കണ്ടിട്ടില്ല. പക്ഷെ..." സംശയിച്ചിട്ടെന്ന പോലെ അദ്ദേഹം ഒന്നു  നിറുത്തി.

"കാലം ഇത്ര കഴിഞ്ഞത് കൊണ്ടും, ശ്രീനിയെ അന്വേഷിച്ച് ഇത്രയും ദൂരം വന്നത് കൊണ്ടും മാത്രം പറയാം. ശ്രീനി ഏതോ പോലീസ് കേസിൽ പെട്ടപ്പോൾ വെങ്കിട്ട സ്വാമിയും കുടുംബവും രാത്രിക്ക് രാത്രി പോണ്ടിച്ചേരിയിലേയ്ക്കു ഒളിച്ചോടി എന്നാണ് ഞാൻ കേട്ടത്. അതിൽ എത്ര സത്യമുണ്ട് എന്നറിയില്ല. വെറുമൊരു ക്ലാർക്കായ എനിക്ക് അതിലധികം അറിയാൻ അവസരം ഉണ്ടായില്ല."

അതിൽ കൂടുതൽ ഒന്നും അദ്ദേഹത്തിനു  അറിയില്ലായിരുന്നു. പക്ഷെ എനിക്ക് നിരാശ തോന്നിയില്ല. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ  എത്രയോ സംഭവബഹുലമാണ് ശ്രീനിവാസന്റെ ജീവിതമെന്നു ഞാൻ അറിഞ്ഞു തുടങ്ങുകയായിരുന്നു.

ഒരു വശത്ത് മനോഹരമായ കടൽത്തീരവും, മറുവശത്ത്  കൊച്ചു മുക്കുവ ഗ്രാമങ്ങളുമുള്ള  ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ കാർ പാഞ്ഞു കൊണ്ടിരുന്നു. "മാഡം  ഇവിടെയാണ്‌ എലിയറ്റ്  ബീച്ച്.. ഇവിടെയാണ് മഹാബലിപുരം.." എന്നൊക്കെ ഡ്രൈവർ പറയുന്നുണ്ടായിരുന്നു. എന്നാൽ അതിലൊന്നും മനസ്സിനെ ലയിപ്പിക്കാൻ അനുവദിക്കാതെ ശ്രീനിവാസന്റെ പകുതി മുറിഞ്ഞ ജീവിതകഥ എന്നെ അലട്ടിക്കൊണ്ടിരുന്നു.

പോണ്ടിച്ചേരി തമിഴ് ക്വാർട്ടറിൽ  ഒരു ലൈബ്രറിയുടെ പേര് സുബ്രമണ്യ സ്വാമി പറഞ്ഞു തന്നിരുന്നു. അവിടുത്തെ ലൈബ്രേറിയൻ സുബ്രമണ്യ സ്വാമിയുടെ ഒരു സുഹൃത്താണ്. പോണ്ടിച്ചേരിയിലെ പഴയ തമിഴ് താസക്കാരെക്കുറിച്ച് അയാൾക്ക് അറിവുണ്ടാകുമെന്നും  എന്ന്  സുബ്രമണ്യ സ്വാമി പറഞ്ഞിരുന്നു.

"ഒറോ ശിഖ " എന്ന സുഗന്ധദ്രവ്യക്കടയുടെ അടുത്തുള്ള ഒറ്റ മുറിയിലാണ് ആ വൃദ്ധനായ ലൈബ്രേറിയൻ താമസിച്ചിരുന്നത്. തമിഴ്നാട്ടിലെ എഗ്മോറിൽ  നിന്ന് വന്നു താമസമാക്കിയ വെങ്കടസ്വാമി എന്ന  ആരെയും അദ്ദേഹത്തിനു അറിയില്ല. അവസാന പിടിവള്ളിയായി, കണക്കിൽ  മിടുക്കനായ ഒരു L V  ശ്രീനിവാസനെ പരിചയമുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം ആശയക്കുഴപ്പത്തിലായി.  "കണക്കിൽ  മിടുക്കനായ ഒരു L V  ശ്രീനിവാസൻ  ഉണ്ട്. പക്ഷെ അത് നിങ്ങൾ അന്വേഷിക്കുന്ന ആളാകാൻ ഒരു സാധ്യതയുമില്ല."

"അദ്ദേഹത്തെ ഒന്ന് കാണാൻ സാധിക്കുമോ?" പ്രതീക്ഷയും ഉദ്വേഗവും ഇടകലർന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു.

"തിരക്കുള്ള ആളാണ്‌. എന്നാലും, വരൂ, ഒന്ന് പോയി നോക്കാം." എന്ന് പറഞ്ഞു കൊണ്ട് നടന്നു തുടങ്ങിയ അദ്ദേഹത്തെ ഞാൻ പിന്തുടർന്നു.

മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയരുന്നു. ശ്രീനിവാസൻ ഒരു പ്രൊഫസർ ആയിരിക്കുമോ? അല്ലെങ്കിൽ ഒരു ബാങ്ക് മാനേജർ? ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ലൈബ്രേറിയൻ "സുഭദ്ര സിൽക്സ്" എന്ന ഭീമൻ തുണിക്കടയ്ക്ക് മുന്നിൽ നിന്നു. മനോഹരമായി അലങ്കരിച്ച, നാലോ അഞ്ചോ നിലകളുള്ള ആഡംബരപൂർണ്ണമായ  ഒരു വലിയ ഷോറൂം. എന്നെ പുറത്ത് നിറുത്തി കാഷ്യറോട്  എന്തോ സംസാരിക്കാനായി അദ്ദേഹം അകത്തേക്ക് പോയി.

"വരൂ അദ്ദേഹം കാണാമെന്നു പറയുന്നു" കാഷ്യറാണ് ഞങ്ങളെ അകത്തേക്കു നയിച്ചത്.

കൈവിരലുകളിൽ സ്വർണ്ണമോതിരങ്ങളും, തടിച്ച മാലയും,  സിൽക്ക്  ഷർട്ടും അണിഞ്ഞ ഒരു അറുപതുകാരനെയാണ്  ഞാൻ ഓഫീസിൽ  കണ്ടത്. കണ്ട മാത്രയിൽ ഇതെന്റെ ശ്രീനിവാസനല്ല എന്നാണെനിക്കു തോന്നിയത്.

അദ്ദേഹം എന്നോട് ഇരിക്കാൻ പറഞ്ഞു. അധികം സംസാരിക്കാതെ ഞാൻ ശ്രീനിവാസന്റെ പഴയ പുസ്തകം  അദ്ദേഹത്തിനു നീട്ടി. പ്രത്യേക ഭാവഭേദമൊന്നുമില്ലാതെ ആ പുസ്തകത്തിന്റെ പേജുകൾ മറിക്കവേ അദ്ദേഹം നിസംഗനായി പറഞ്ഞു.

"എന്റെ M Sc യുടെ പുസ്തകമാണിത്."  അത്രമാത്രം. കൂടുതൽ ചോദ്യങ്ങളോ ഉത്തരങ്ങളോ ഉണ്ടായില്ല. ഞാനാരാണെന്നോ ഈ പുസ്തകം എന്റെ കയ്യിൽ  എങ്ങനെയെത്തിയെന്നോ ചോദ്യമുണ്ടായില്ല. അല്പം ഈർഷലോടെ  ഞാൻ ഇതുവരെയുള്ള എന്റെ യാത്രയുടെ കഥ അദ്ദേഹത്തോട് പറഞ്ഞു. ആ കവിതയെക്കുറിച്ച് പറഞ്ഞപ്പോൾ മാത്രം മുഖത്ത് ഒരു ഇടർച്ച വന്നുവോ എന്നെനിക്കു തോന്നി.

"അപ്പോൾ എന്റെ കഥയറിയണം അല്ലേ? ഇവിടെ ആരും എന്റെ പഴയകാലത്തെ പറ്റി  ചോദിച്ചിട്ടില്ല. ഞാൻ പറഞ്ഞിട്ടുമില്ല. പക്ഷെ കുട്ടി എന്നെ അന്വേഷിച്ച് ഇത്രയും എത്തിയ സ്ഥിതിക്ക് പറയാൻ ഞാൻ ബാധ്യസ്ഥനാണ്. ഇപ്പോൾ ഞാൻ കുറച്ച് തിരക്കിലാണ്. വൈകുന്നേരം അഞ്ചു മണിക്ക് പ്രൊമനേഡിലുള്ള ലെ  കഫെയിൽ വച്ച് കാണാം. " അതും പറഞ്ഞു അദ്ദേഹം തന്റെ തിരക്കുകളിലേക്ക് തിരിഞ്ഞു.

പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ ഞാൻ മുറി വിട്ടിറങ്ങി. ഞാൻ അന്വേഷിക്കുന്ന ശ്രീനിവാസൻ ഇത് തന്നെയാണെന്ന് എനിക്കുറപ്പായി. വാക്കിലും നോക്കിലും ഒരു ഗണിതജ്ഞന്റെ  കൃത്യതയും കണിശതയും ശ്രീനിവാസനിൽ പ്രകടമായിരുന്നു.

ശ്രീനിവാസൻ പോണ്ടിച്ചേരിയിലെ  അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരനാണെന്നും, തെക്കേ ഇന്ത്യയിലെ  മിക്ക പട്ടണങ്ങളിലും  തുണിക്കടകളും ജ്വല്ലറികളും അദ്ദേഹത്തിനുണ്ടെന്നും, അവിവാഹിതനാണെന്നും  ഒക്കെ കടയിലെ കാഷ്യർ എന്നോട് പറഞ്ഞു. ധനികനും ആരാധ്യനുമായ അദ്ദേഹത്തിന്  ഒരു ഇരുണ്ട ഭൂതകാലം ഉണ്ടായിരുന്നെന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസം തോന്നി.

വൈകുന്നേരം കൃത്യം അഞ്ചു മണിക്ക് ഞാൻ അദ്ദേഹത്തെ ലെ കഫെയിൽ വച്ച് കണ്ടു. വേഷത്തിലും ഭാവത്തിലും യാതൊരു വ്യത്യാസവുമില്ല. സപ്ലയേഴ്സ്  അദ്ദേഹത്തെ ആദരവോടെ സലാം വയ്ക്കുന്നത് ഞാൻ കണ്ടു. കടൽ ഭിത്തിക്കരികിലുള്ള തുറന്ന സ്ഥലത്തെ മേശയിലിരുന്നു  അദ്ദേഹം മനോഹരമായ ഇംഗ്ലീഷിൽ  സംസാരിച്ചു തുടങ്ങി. പ്രത്യേക മുഖവുരയൊന്നും കൂടാതെ തന്നെ.

"1965- ഞാൻ MSc ക്ക് പഠിക്കുന്ന കാലം. മാറ്റങ്ങളുടെ കാലമായിരുന്നു അത്. അപകടകരമായ ആത്മാഭിമാനത്തിന്റെയും. സ്വാതന്ത്ര്യാനന്തര ഭാരതം സമത്വത്തിന്റെയും സമൃദ്ധിയുടെയും പറുദീസയായിരിക്കും എന്ന് സ്വപ്നം കണ്ട റൊമാന്റിക്‌ വിപ്ലവകാരികൾക്ക് കിട്ടിയ ആദ്യത്തെ അടിയായിരുന്നു വിഭജനം. അതിനു ശേഷം, കൊടിയ ദാരിദ്ര്യമായിരുന്നു. ലോക രാജ്യങ്ങൾക്ക് മുന്നിൽ  ഭക്ഷണത്തിനായി പോലും ഇരക്കേണ്ട  ഗതികേട് ഇന്ത്യക്കുണ്ടായി. നെഹ്രുവിന്റെ മരണത്തിനു ശേഷം രാഷ്ട്രീയമായ ഒരു അരക്ഷിതാവസ്ഥ നിലനിന്നിരുന്നു. സംസ്ഥാനങ്ങൾക്ക്  കേന്ദ്ര ഭരണത്തിലെ വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ആയിടക്കാണ്‌  തെക്കേ ഇന്ത്യയെ പ്രത്യേകിച്ച് തമിഴ്നാടിനെ പിടിച്ചുലച്ച ഒരു സംഭവം ഉണ്ടാകുന്നത്.  1965-ൽ,  കൃത്യമായി പറഞ്ഞാൽ  റിപ്പബ്ലിക് ഇന്ത്യ ജനിച്ച് കൃത്യം പതിനഞ്ച് വർഷത്തിനു ശേഷം, ഇന്ത്യ ഒട്ടാകെ ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണം  എന്ന കേന്ദ്ര സർക്കാർ നയത്തെ കടുത്ത അമർഷത്തോടെയാണ്  തമിഴ്നാട് വീക്ഷിച്ചത്. കോളേജിലെ രാഷ്ട്രീയ ചർച്ചകളിൽ അതൊരു ചൂട് പിടിച്ച വിഷയമായിരുന്നു. പല പ്രധിഷേധ പദ്ധതികളും ഞങ്ങൾ ആസൂത്രണം ചെയ്തു. ആത്മാവിൽ അലിഞ്ഞ  ഭാഷയിൽ നിന്നും മറ്റൊന്നിലെയ്ക്കുള്ള കൂടുമാറ്റം ആത്മഹത്യക്ക് തുല്യമാണെന്ന് ഞങ്ങൾ വിശ്വസിച്ചു. സമരം കോളേജിൽ  നിന്ന് തെരുവുകളിലെയ്ക്ക് വ്യാപിച്ചു. പോലീസും വിദ്യാർഥികളും ഏറ്റുമുട്ടി. എത്രയോ നിസ്സാരം എന്ന് പ്രത്യക്ഷത്തിൽ  തോന്നാവുന്ന ഒരു വിഷയം നിയന്ത്രണാതീതമായ അക്രമത്തിലും അനേകം മരണങ്ങളിലും കലാശിച്ചു. തമിഴ്നാടിന്റെ രാഷ്ട്രീയ തലവര മാറ്റി മറിച്ച  ഒരു സംഭവമായിരുന്നു അത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന  ലാൽ ബഹാദൂർ ശാസ്ത്രി  ഹിന്ദി ഭാഷാ നയം പിൻ വലിക്കാൻ നിർബന്ധിതനായി. സമരം ആസൂത്രണം ചെയ്ത വിദ്യാർഥി  നേതാക്കളെ പോലീസ് തിരയാൻ തുടങ്ങി. എന്നെ അറസ്റ്റ്  ചെയ്തേക്കുമെന്ന് എന്റെ അപ്പ ഭയന്നു. അക്രമം നടന്നതിനു പിറ്റേന്ന് രാത്രി കൈയ്യിൽ കിട്ടിയതെല്ലാം എടുത്ത്, അപ്പ ഞങ്ങളെയും കൊണ്ട് നാട് വിട്ടു. അന്ന് വൈകുന്നേരം സുഭദ്ര എന്നെ കാണാൻ വന്നിരുന്നു. അവൾക്കു ഞാൻ കൊടുത്ത പുസ്തകമാണ് കുട്ടിയുടെ കൈയിലുള്ളത്."
സുഭദ്ര ആരാണെന്ന് ഞാൻ ചോദിച്ചില്ല. ആ ചോദ്യത്തിനു പ്രസക്തിയുണ്ടെന്ന് തോന്നിയില്ല. 
"പഠിത്തം തുടർന്നില്ലേ  പിന്നെ? ഒരു ഗണിത ശാസ്ത്രജ്ഞനെയും പ്രതീക്ഷിച്ചാണ് ഞാൻ യാത്ര തുടങ്ങിയത്..." ഞാൻ മുഴുമിപ്പിച്ചില്ല.
"കണ്ടു മുട്ടിയത് ഒരു ജൗളിക്കടക്കാരനെ അല്ലെ?"  അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ തുടർന്നു.
"അമുദ കണക്കിലെ  ഒപ്റ്റിമൈസേഷൻ  പഠിച്ചിട്ടില്ലേ? എന്റെ ജീവിതവും ഒരു ഒപ്റ്റിമൈസേഷൻ  പ്രശ്നമായിരുന്നു. ഒരു വശത്ത്  പോലീസ്, മറു വശത്ത് എന്നെ പോലീസിനു വിട്ടു കൊടുക്കാതിരിക്കാൻ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച് അഭയാർഥികളായ അപ്പയും പെങ്ങന്മാരും, ഈ പരിമിധികൾക്കുള്ളിൽ  നിന്ന് വീണ്ടും ഒരു കോളേജിൽ  ചേർന്ന് ഗവേഷണം തുടരുക എന്നത് അപ്രായോഗികമായിരുന്നു. കുറേക്കാലം ഒളിവിൽ കഴിയുക, പിന്നെ അധികമാരുടെയും ശ്രദ്ധയാകർഷിക്കാതെ എന്തെങ്കിലും ബിസിനസ് തുടങ്ങി ജീവിതത്തിനെ മുഖ്യധാരയിൽ ലയിക്കുക. ജീവിതം എനിക്ക് തന്ന ഏറ്റവും ഒപ്റ്റിമമായ  ഒരു സൊലൂഷൻ അതായിരുന്നു. അത് ഞാൻ സ്വീകരിച്ചു. ജീവിതത്തിന്റെ പിരിഞ്ഞു പോയ കൈവഴികളിലേയ്ക്ക്  കണ്ണ് നട്ടിരുന്നു മനസ്സ് വിഷമിപ്പിക്കാൻ ഞാൻ തയ്യാറായിരുന്നില്ല."
അദ്ദേഹം ലാഘവത്തോടെ പറഞ്ഞു നിറുത്തി. പകുതിയാക്കി വച്ച കാപ്പി കുടിക്കാൻ തുടങ്ങി.  അലകൾ അടങ്ങിയ മനസോടെ  ഞാൻ കടലിനെ നോക്കിയിരുന്നു. 

മണം...

June 11, 2015 abith francis

കുറെ നാളുകൂടി ഇത്തിരി ചൂടും വെളിച്ചവും ഉണ്ടായിരുന്ന ഒരു വൈകുന്നേരം വെറുതെ നടക്കാൻ ഇറങ്ങിയതായിരുന്നു... തെക്കോട്ടും വടക്കോട്ടും നോക്കി അങ്ങനെ നടക്കുന്ന വഴിയിൽ എവിടുന്നോ ഒരു മണം എന്നെ പിടിച്ചു നിർത്തി...എവിടുന്നാനെന്നോ എന്താണെന്നോ മനസിലാകുന്നില്ല.. പക്ഷെ കഴിഞ്ഞു പോയ കാലങ്ങളിൽ എവിടെയോ എനിക്ക് അത്രയും പരിചിതമായിരുന്നു ആ മണം...
പണ്ടൊരു കൂട്ടുകാരൻ പറഞ്ഞത് ഓർമ വന്നു... എപ്പോഴെങ്കിലും നാടൻ ബീഡിയുടെ മണം കേൾക്കുമ്പോൾ അച്ഛനെ ഓർമ്മ വരും എന്ന്... ഓൾഡ്‌ സ്പൈസ് ആഫ്റ്റർ ഷേവിംഗ് ലോഷന്റെ മണം ആയിരുന്നു തന്റെ അച്ഛന് എന്ന് എവിടെയോ വായിച്ചിട്ടും ഉണ്ട് ...
കുറച്ച് മനസമാധാനം എന്നതിൽ കവിഞ്ഞു പ്രത്യേകിച്ചു ലക്ഷ്യസ്ഥാനം ഒന്നും ഇല്ലാതിരുന്നതുകൊണ്ട് അൽപസമയം ആ മണത്തിന്റെ പിന്നാലെ ചുറ്റി പറ്റി നടക്കാൻ ഞാൻ തീരുമാനിച്ചു... അങ്ങനെ ഞാൻ നടന്നു നടന്നു വർഷങ്ങൾ പുറകിലെത്തി... കഴിഞ്ഞു പോന്ന വഴികളിൽ എവിടെയൊക്കെയോ വച്ച് ഓർമക്കുറിപ്പുപോലെ എന്നിൽ ഒട്ടിച്ചേർന്ന പല ഗന്ധങ്ങൾ , ശബ്ദങ്ങൾ, കാഴ്ചകൾ....


നോവെല്ല ഭാഗം 2 - സീസറച്ചന്റെ ലോട്ടറി പ്രസംഗം.

July 09, 2014 Salini Vineeth

ആദ്യ ഭാഗം ഇവിടെ വായിക്കാം: നോവെല്ല ഭാഗം 1 - സീസറച്ചൻ 

കൊല്ലപ്പരീക്ഷ കഴിഞ്ഞു സ്കൂൾ അടക്കാൻ കാത്തിരിക്കുന്ന കുട്ടിയെപ്പോലെയാണ്  സീസറച്ചൻ അടുത്ത ഞായറാഴ്ച്ചയാകാൻ കാത്തിരുന്നത്. അവധിക്കാലത്ത് താൻ ചെയ്യാൻ പോകുന്ന കാര്യങ്ങളോർത്ത് കുളിരണിയുന്ന കുട്ടിയെപ്പോലെ, തന്റെ പദ്ധതികളെപറ്റി ആലോചിച്ചപ്പോൾ  അച്ചന് നേർത്ത രോമാഞ്ചവും അതേ സമയം നെഞ്ചിന്റെ ഇടത്ത് ഭാഗത്ത് നേരിയ കാളലും അനുഭവപ്പെട്ടു. കടന്ന കയ്യാണ്, പക്ഷേ പിടിച്ചു നില്ക്കണ്ടേ?

ഞായറാഴ്ച കാലത്ത് ആറുമണി കുർബാനയ്ക്കുള്ള മണിയടിച്ചപ്പോൾ സീസറച്ചൻ അകാരണമായി ഒന്ന് ഞെട്ടി. അൾത്താരയിലേയ്ക്ക് പ്രവേശിക്കവേ, പള്ളിയിൽ തിങ്ങി നിറഞ്ഞിരിക്കുന്ന ഇടവക ജനത്തെ കണ്ടു ജീവിതത്തിൽ ആദ്യമായി സീസറച്ചനു സഭാകമ്പം ഉണ്ടായി. എങ്കിലും മുഖത്തെ പ്രസന്നത അദ്ദേഹം വെടിഞ്ഞില്ല. അന്നത്തെ സുവിശേഷം 'ധനവാന്റെയും ലാസറിന്റെയും(1)' ആണെന്നത് അച്ചനെ ഗൂഡമായി സന്തോഷിപ്പിച്ചു. തന്റെ പദ്ധതിക്ക് ദൈവം തരുന്ന പിന്തുണയുടെ കോസ്മിക് അടയാളമാണിതെന്നു വിശ്വസിക്കാൻ ശ്രമിച്ചു കൊണ്ട് സുവിശേഷ വായന അവസാനിപ്പിച്ച്  അച്ചൻ സുവിശേഷ പ്രസംഗത്തിനായി പ്രസംഗ പീഠത്തിലേയ്ക്ക് നടന്നു.  ഇടവകയുടെ ചരിത്രത്തിലെ പ്രധാനമായ ഒരു നാഴികക്കലായിരുന്ന ആ പ്രസംഗം പില്ക്കാലത്ത് "സീസറച്ചന്റെ ലോട്ടറിപ്രസംഗം" എന്ന പേരിൽ അറിയപ്പെട്ടു. ഇടവകയിലെ ധനവാന്മാരെ അഭിസംബോധന ചെയ്തു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ഇഹലോകത്തെ സകല സുഖങ്ങളിലും മദിച്ചു ജീവിച്ചിരുന്ന അഭിനവ ധനവാന്മാർക്ക് സ്വർഗത്തിലേയ്ക്കു ഒരു ഫ്രീ- പാസ് ഒപ്പിക്കാനുള്ള എളുപ്പ വഴി എന്ന നിലയിലാണ് അച്ചൻ കാര്യങ്ങൾ അവതരിപ്പിച്ചത്.ഇടവകയിലെ ലാസർമാരുടെ രോദനം കേൾക്കാത്ത ധനവാന്മാർ, നരകത്തിലെ ഉമിത്തീയിൽ നീറാനുള്ള സാദ്ധ്യത ഏറെയാണെന്ന ഭീഷണിയോടെ അച്ചൻ കാര്യത്തിലേയ്ക്ക് കടന്നു.

"ധനവാൻ നരകത്തിൽ പോയത് എന്തിനാണെന്ന് മനസ്സിലാക്കണമെങ്കിൽ ധനവാന്മാരും ലാസർമാരും എങ്ങനെ ഉണ്ടാകുന്നു എന്ന് ആദ്യം മനസ്സിലാക്കണം. ഒരു ജന്മിയും കുടിയാനും ഉണ്ടാകുന്ന അതേ രീതിയിൽ തന്നെയാണത്. ഈ മലയോര മേഖലയിൽ ജീവിക്കുന്ന നമ്മുടെ പലരുടെയും പൂർവികർ കുടിയേറ്റ കർഷകർ ആയിരുന്നല്ലോ! അതിനാൽ തന്നെ, ഞാൻ പറയാൻ പോകുന്ന ഈ ഉപമ നിങ്ങൾക്ക് വളരെയെളുപ്പം മനസ്സിലാകും"

കർത്താവ് പറഞ്ഞ ഉപമ പോരാഞ്ഞിട്ട് സീസറച്ചന്റെ ഉപമ കൂടി, അതും ശ്വാസം വിടാൻ പോലും ഇടമില്ലാത്ത ഈ പള്ളിക്കകത്തിരുന്നു കേൾക്കേണ്ടി വരുന്നതിലെ ഗതികേടോർത്ത് പലരും ദീർഘനിശ്വാസം പുറപ്പെടുവിച്ചു. അച്ചൻ അത് കണ്ടില്ലെന്നു നടിച്ചു പ്രസംഗം തുടർന്നു.

"നൂറു നൂറ്റിയിരുപതു വർഷങ്ങൾക്കു മുൻപാണ്, നമ്മുടെ മണ്ണ് കാടും തരിശുമായി കിടന്നിരുന്ന കാലം. മനുഷ്യവാസം ഇല്ലാതിരുന്ന, കാട്ടു മൃഗങ്ങൾ യഥേഷ്ടം  വിലസിയിരുന്ന ഒരു കാലത്തെ കഥയാണിത്. ആ കാലത്ത് രണ്ട് കുടിയേറ്റ കർഷകർ ഈ നാട്ടിലെത്തി. നമുക്കവരെ മത്തായി എന്നും, വറീതെന്നും വിളിക്കാം. അധ്വാനശീലരായ, ആരോഗ്യ ദൃഡഗാത്രരായ ഒന്നാന്തരം രണ്ടു കർഷകർ. അവർ വേലി കെട്ടി ഭൂമി തിരിച്ചെടുത്തു. നിലമൊരുക്കി കൃഷിയിറക്കി. ആകാശം സമൃദ്ധമായി മഴപെയ്യിച്ചു. ഭൂമി സമൃദ്ധമായി വിള കൊടുത്തു. അറപ്പുരകൾ നിറഞ്ഞു. അവർക്ക് അനുയോജ്യരായ വധുക്കൾ വന്നു, കുട്ടികൾ ഉണ്ടായി. ജീവിതം പുഷ്ടിപ്പെട്ടു. ധനവാനാകാനുള്ള പാതയിൽ ആയിരുന്നു രണ്ടു പേരും. കൃഷിയിലോ, ജീവിതത്തിലോ അവർ കള്ളത്തരങ്ങൾ കാണിച്ചില്ല. എളുപ്പവഴികൾ അന്വേഷിച്ചതും ഇല്ല.അങ്ങനെ ജീവിതം സന്തോഷകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കാലത്ത്, ഒരു ദിവസം ചന്തയിൽ പോയി മടങ്ങിയ വറീതിനെ അതിലെ പറന്നു പോയ ഒരു കൊച്ചു കൊതുക് കടിച്ചു. അയാൾ അതറിഞ്ഞതു  പോലുമില്ല. രണ്ടാം നാൾ മലേറിയ ബാധിച്ച് വറീത് കിടപ്പിലായി. വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഇല്ലാതിരുന്ന ആ കാലത്ത്, രണ്ടാം ആഴ്ച അയാള് മരിച്ചു! യുവതിയായ ഭാര്യയും, പറക്കമുറ്റാത്ത കുഞ്ഞുങ്ങളും പെരുവഴിയിലായി. ഉള്ള കൃഷിയിടങ്ങൾ പരിപാലിക്കാനോ, കൃഷിയിറക്കാനോ ആരുമില്ലാത്ത അവസ്ഥ. വിളവുകൾ എല്ലാം വിറ്റു  തീർന്നപ്പോൾ പട്ടിണി വാതിലിൽ മുട്ടി. വറീതിന്റെ ഭാര്യ മത്തായിയുടെ വീട്ടിൽ വേലയ്ക്കു പോയി തുടങ്ങി. മത്തായി ആകട്ടെ, തന്റെ നിലങ്ങളിൽ നിന്ന് സമൃദ്ധമായി വിളവുണ്ടാക്കി.  ഒരു ധനവാനും ലാസറും അവിടെ ജനിച്ചു!

 അപ്പോൾ പറഞ്ഞു വന്നത്, ഇന്ന് പലരും ധനവാന്മാർ ആയിരിക്കുന്നതിനു പല കാരണങ്ങളും ഉണ്ട്. മത്തായിയെ പോലൊരു പൂർവികൻ നിങ്ങൾക്കും ഉണ്ടായിരുന്നിരിക്കാം, നിങ്ങൾ കൃഷി ചെയ്യുന്ന വിളയ്ക്ക് വില കൂടിയിരിക്കാം. രോഗങ്ങളോ മറ്റു ബാധ്യതകളോ നിങ്ങളെ അലട്ടുന്നില്ലായിരിക്കാം, നിങ്ങളുടെ മകളുടെ ഭർത്താവ് മദ്യപിച്ചു കുടുംബം മുടിക്കുന്ന ഒരുത്തൻ അല്ലായിരിക്കാം. നിങ്ങളുടെ കഴിവിനെയും അധ്വാനത്തെയും ഞാൻ വില കുറച്ച് കാണുകയാണെന്ന് കരുതരുതേ. വിതക്കുന്നവൻ മാത്രമേ കൊയ്യുകയുള്ളൂ എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, പക്ഷേ, വിതച്ചിട്ടും കൊയ്യാൻ കഴിയാത്ത ഒരു കൂട്ടം ഹതഭാഗ്യർക്ക്‌ വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ധനവാനായിരിക്കുക എന്നത് ഒരു 80% സ്വന്തം അധ്വാനവും കഴിവും അച്ചടക്കവും വഴി  എത്തിപ്പിടിക്കാവുന്ന   അവസ്ഥയാണ് പക്ഷേ, ബാക്കി 20% ഭാഗ്യം, ദൈവാനുഗ്രഹം, വിധി എന്നൊക്കെ പേരിട്ടു വിളിക്കാവുന്ന ഒരു ഘടകമാണ്. സ്വന്തം സ്വത്ത്, തന്റെ കഴിവ് കൊണ്ട് മാത്രം ഉണ്ടായതാണെന്ന് വിശ്വസിക്കുമ്പോഴാണ് അത് മറ്റൊരാളുമായി പങ്കു വയ്ക്കാൻ ബുദ്ധിമുട്ട് തോന്നുന്നത്.മറിച്ച്, താൻ ഈ സ്വത്തുകളുടെ ഉടമസ്ഥനല്ല, മറിച്ച് സൂക്ഷിപ്പുകാരൻ മാത്രമാണെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ഈ സ്വത്തൊക്കെ ഏതു നിമിഷവും തിരിച്ചെടുക്കപ്പെടാം എന്ന് മനസ്സിലാവുമ്പോൾ പങ്കു വയ്ക്കൽ എളുപ്പമാകും. അങ്ങനെ ഒരു പങ്കുവെക്കലിനാണ് ഞാൻ ഇന്ന് നിങ്ങളെ ക്ഷണിക്കുന്നത്."

ഇത്രയും പറഞ്ഞു നിറുത്തിയിട്ടു, അച്ചൻ തന്റെ മുന്നിലിരിക്കുന്ന ദൈവജനത്തെ  അർത്ഥഗർഭമായി ഒന്ന് നോക്കി. അച്ചൻ എങ്ങോട്ടാണ് പറഞ്ഞു കൊണ്ട് പോകുന്നതെന്ന് മനസ്സിലാകാതെ അന്തം വിട്ടിരിക്കുകയായിരുന്നു പലരുമെങ്കിലും, ഒരു മ്ലാനത, പ്രത്യേകിച്ചും മുതലാളിമാരുടെ മുഖത്ത്, തെളിഞ്ഞു നിന്നു. വർദ്ധിച്ച ആത്മവിശ്വാസത്തോടെ അച്ചൻ തുടർന്നു.

"നമ്മുടെ ഇടവകയിൽ സഹായം ആവശ്യമുള്ള വളരെയേറെ പേരുണ്ട്. പള്ളിക്ക് അവരെയൊക്കെ സഹായിക്കണമെന്ന ആഗ്രഹവും ഉണ്ട്. ഇല്ലാത്തത് ആവശ്യത്തിനുള്ള പണം മാത്രമാണ്.പള്ളി പണി നീണ്ടു പോകുന്ന ഈ സാഹചര്യത്തിൽ ഇടവക ജനം എത്രയൊക്കെ പിരിവു തന്നാലും അത് മതിയാകാത്ത അവസ്ഥയുമാണ്. നിങ്ങളുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കാൻ പള്ളി ആഗ്രഹിക്കുന്നുമില്ല. അതിനാൽ തന്നെ പള്ളി ഇനി രണ്ടു വർഷത്തേയ്ക്ക് യാതൊരു പിരിവുകളും നടത്തുന്നില്ല എന്ന് തീരുമാനിച്ചിരിക്കുന്നു. പക്ഷെ, പിരിവു കൂടാതെ തന്നെ നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ഒപ്പം  പുത്തൻ പള്ളിയുടെ പണിയും  മുൻപോട്ടു കൊണ്ട് പോകാൻ ഈ ഇടവകയിലെ ഓരോ കുടുംബത്തിന്റെയും പ്രാർഥനയും, പിന്നെയൊരു നൂറു രൂപയും ആവശ്യമുണ്ട്"

" അത്തരത്തിൽ പിരിവിൽ നിന്ന് ഒഴിവു വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് നമ്മുടെ ഇടവകയിൽ കേരള സർക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറി വിൽക്കുന്ന ചാക്കോ എന്ന സഹോദരന്റെ അടുത്തു നിന്ന് നൂറു രൂപ കൊടുത്തു ഒരു ക്രിസ്മസ് - ന്യൂ ഇയർ ബംബർ എടുത്ത് അടുത്ത ആഴ്ച പള്ളിയിൽ ഏൽപ്പിക്കാം. ലോട്ടറി എടുത്തു പള്ളിയിൽ  എല്പിക്കുന്നവർക്ക് ആകർഷകമായ പല ആനുകൂല്യങ്ങളും ലഭിക്കും- ലോട്ടറി നറുക്കെടുത്ത്  ഫലം വരാൻ രണ്ടു മാസം കൂടിയുണ്ട്, അത് വരെ യാതൊരു പിരിവും, തരേണ്ടി വരില്ല എന്ന് മാത്രമല്ല, ഇടവകയിൽ നിന്ന് ലഭിച്ച ലോട്ടറി ടിക്കറ്റിൽ ഒരെണ്ണമെങ്കിലും സമ്മാനാർഹമായാൽ പിന്നെ, അടുത്ത രണ്ടു വർഷത്തേയ്ക്ക് പള്ളി പണിക്കോ, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ, ലോട്ടറികൾ എടുത്ത ആരും തന്നെ ഒരു രൂപ പോലും പിരിവു തരേണ്ടി വരില്ല. കേരള സർക്കാർ നടത്തുന്ന മഹത്തായ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാം എന്നതിനോടൊപ്പം തന്നെ നമ്മുടെ പുത്തൻ പള്ളിയെയും  ഇടവകയിലെ ദരിദ്രരായ സഹോദരങ്ങളെയും രക്ഷിക്കാനുള്ള ഒരു അവസരം കൂടിയാണിത്"

"ലോട്ടറി എടുക്കാൻ ആർക്കു മേലും ഒരു സമ്മർദവും ഇല്ല എന്നും ഇക്കൂട്ടത്തിൽ വ്യക്തമാക്കി കൊള്ളട്ടെ. ലോട്ടറി എടുക്കാൻ താത്പര്യം ഇല്ലാത്തവർ, തങ്ങൾ ഇതുവരെ തന്നു കൊണ്ടിരുന്നത് പോലെ തന്നെ പിരിവുകൾ കൃത്യമായി തന്നാൽ മാത്രം മതിയാകും. ഇനി ഒരു ലോട്ടറി അടിച്ചാൽ തന്നെ, ഇപ്പോൾ ഈ പദ്ധതിയിൽ ചേരാത്ത എല്ലാവരും തുടർന്നും പിരിവുകൾ യഥാസമയം തന്നു കൊണ്ടിരിക്കണം എന്ന് കൂടി ഓർമിപ്പിക്കട്ടെ!" 

ഇത്രയും പറഞ്ഞു നിറുത്തിയിട്ടു അച്ചൻ പ്രസംഗപീഠത്തിൽ നിന്നും ഇറങ്ങി, അൽത്താരയിലേയ്ക്ക്  നടന്നു.യാതൊന്നും സംഭവിക്കാത്തത് പോലെ, കുർബാന തുടർന്നു. പള്ളിയിൽ ഉയരുന്ന മുറുമുറുപ്പുകൾ അച്ചൻ കേട്ടില്ല എന്ന് നടിച്ചു.

കുർബാന കഴിഞ്ഞു പള്ളി മുറിയിലേയ്ക്ക് സീസറച്ചൻ കടന്നു വന്നപ്പോൾ കണ്ടത് മുഖത്തൊരു ചോദ്യ ചിഹ്നവുമായി നില്ക്കുന്ന കപ്യാരെയാണ്. അയാള് ഇടവക ജനത്തിന്റെ മുഴുവൻ ചോദ്യങ്ങളുടെയും പ്രതിനിധി ആണെന്നതും, കപ്യാരോട് പറയുന്നതെന്തും നിമിഷങ്ങൾക്കകം കാട്ടു തീ പോലെ ഇടവകയിൽ പടരും എന്നതും വ്യക്തമായി അറിയാമായിരുന്ന സീസറൻ നിഷ്കളങ്കമായി ഒരു ചോദ്യമെറിഞ്ഞു.

"എന്നാ  കപ്യാരെ? "

"അച്ചോ, ഇത് കൊറച്ച് കടന്ന കയ്യല്ലേ?, ലോട്ടറിയെടുത്ത് പള്ളി പണീകാ എന്നൊക്കെ വച്ചാ, കൊറച്ചിലല്ലേ?"

ഇത്തരം ചോദ്യങ്ങൾ പ്രതീക്ഷിച്ചിരുന്ന അച്ചൻ ഒട്ടും കുലുങ്ങിയില്ല.

"ലോട്ടറി   നിയമവിരുദ്ധം ഒന്നുമല്ലല്ലോ, നാഴികയ്ക്ക് നാല്പതു വട്ടം ടി വി യിൽ സർക്കാര് തന്നെ പരസ്യം കൊടുക്കുന്നതല്ലേ?  ഇതൊരു പ്രേക്ഷിത പ്രവർത്തനമാ കപ്യാരെ. കാര്യം നടക്കണേ കുറച്ചു ബുദ്ധി വേണം..."

കപ്യാരുടെ സംശയം അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല.

" അല്ലാ, ഇടവകേ എല്ലാ വീട്ടുകാരും ഈ ലോട്ടറി എടുക്കും എന്നതിന് എന്നാ  ഒറപ്പ്? എടുത്താ തന്നെ അടിക്കും എന്നതിന് എന്നാ ഒറപ്പ്?"

"കപ്യാര് എന്നാ ചെയ്യും എന്ന് പറ, ഇപ്പൊ നൂറു രൂപാ മൊടക്കി പിരിവീന്നു ഒഴിവാകുവോ, അതോ ലോട്ടറി എടുക്കുന്നത് കൊറച്ചിലാണെന്ന് വച്ച് എല്ലാ മാസവും പിരിവു തരുവോ? പിന്നെ ലോട്ടറി അടിക്കുന്ന കാര്യം, നാളെ കാലത്ത് കപ്യാര് കെടക്കപ്പായേന്നു എണീക്കും എന്നതിനും എന്നാ ഒരു ഉറപ്പ്? വിശ്വാസം അതല്ലേ എല്ലാം, കപ്യാരെ? നമ്മള് ഒന്ന് മുട്ടി നോക്കുന്നു, കർത്താവ്‌ തുറന്നു തരും!"

"അതിപ്പോ, അങ്ങനെ ചോദിച്ചാ?..." കപ്യാർക്ക് ഉത്തരം മുട്ടി.


"എന്നാ പിന്നെ, എല്ലാരുടെം കയ്യീന്ന് നൂറു രൂപാ വാങ്ങിച്ചിട്ടു, അച്ചനു തന്നെ ലോട്ടറി എടുത്താ പോരെ? എന്നാത്തിനാ ഇത്രേം വളഞ്ഞ വഴീക്കോടെ പോകുന്നെ?" കപ്യാര് അടിയറ പറയാൻ  തയ്യാറായിരുന്നില്ല.

" അതിനു ലോട്ടറി എടുക്കണം എന്നുള്ളത് പള്ളിയുടെ തീരുമാനം അല്ലല്ലോ, ഞാൻ ആരോടും ലോട്ടറി എടുക്കണം എന്ന് പറഞ്ഞിട്ടില്ല, പിരിവീന്നു ഒഴിവാകാൻ ഒരു ബുദ്ധി പറഞ്ഞു കൊടുത്തു എന്നേയുള്ളു. അത് പ്രയോഗിക്കാൻ തയ്യാറുള്ളവർക്ക് പരീക്ഷിക്കാം. ഇല്ലത്തോർക്ക് സാധാരണ പോലെ പിരിവു തരാം. ലോട്ടറി എടുക്കണം എന്നുള്ളത് പള്ളിയുടെ ആവശ്യം അല്ല കപ്യാരെ, പള്ളിയുടെ ആവശ്യം കെട്ടിടം പണിക്കുള്ള കാശ് പിരിച്ചെടുക്കുക എന്നത് മാത്രമാണ്. ഇപ്പൊ കപ്യാർക്കു കാര്യങ്ങളുടെ കെടപ്പ് വശം മനസ്സിലായോ?പിന്നെ വ്യക്തി പരമായി എനിക്ക് ഈ ലോട്ടറി എന്ന പ്രസ്ഥാനത്തെ കുറിച്ചു വല്യ മതിപ്പൊന്നും ഇല്ലെടോ. എന്നാ ജീവകാരുണ്യം എന്നൊക്കെ പറഞ്ഞാലും അന്തി വരെ എല്ലുമുറിയെ പണിയെടുക്കുന്നവന്റെ  പ്രതീക്ഷയും കാശും ഊറ്റി കുടിക്കുന്ന ഒരു പ്രസ്ഥാനം തന്നെയാ അത്. പിന്നെ, പണ്ടാരാണ്ടോ പറഞ്ഞ പോലെ, "All is fair in war and real estate! "
 

കേട്ടത് മുഴുവൻ ദഹിക്കാതെ വാ പൊളിച്ചു നിന്ന കപ്യാരെ മറികടന്നു സീസറച്ചൻ പ്രാതല് കഴിക്കാനായി പോയി. കപ്യാരുടെ അവസ്ഥയിൽ തന്നെയായിരുന്നു ഇടവക ജനം മുഴുവനും. എന്നാൽ കൂട്ടത്തിൽ ഒരാള് മാത്രം തന്റെ ഭാഗ്യത്തെ ഓർത്ത് കർത്താവിനും സീസറച്ചനും മൌനമായി നന്ദി പറഞ്ഞു. അത് ലോട്ടറിക്കാരൻ  ചാക്കോയായിരുന്നു.(തുടരും..)


 ©

1. http://en.wikipedia.org/wiki/Rich_man_and_Lazarus 

June 09, 2014 eenam

ഋതുവില്‍ എഴുത്തുകാര്‍ കൂടിയതിനാല്‍ എല്ലാവര്‍ക്കും അവസരം ലഭിക്കാനായി ഒരാള്‍ക്ക് ഒരു മാസം ഒരു കഥ എന്ന രീതിയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു കഥ പോസ്റ്റ് ചെയ്തതിനുശേഷം കുറഞ്ഞത് രണ്ടു ദിവസം കഴിഞ്ഞുവേണം(48Hrs)അടുത്ത രചന പോസ്റ്റ് ചെയ്യുവാന്‍ എന്ന നിബന്ധന നിര്‍ബന്ധമായും പാലിക്കുവാന്‍ എല്ലാ എഴുത്തുകാരോടും അഭ്യര്‍ത്ഥിക്കുന്നു.! ഈ രണ്ടു നിബന്ധനകളും പാലിക്കാത്ത കഥകള്‍ ഉടന്‍ തന്നെ ഋതുവില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും. തൊട്ടു മുന്‍പത്തെ കഥയ്ക്ക് 48Hrs കഴിഞ്ഞ് താങ്കള്‍ക്കു കഥ ഷെഡ്യൂള്‍ ചെയ്യാം.ഷെഡ്യൂള്‍ ചെയ്യാന്‍ അറിയാത്തവര്‍ ദയവായി കഥ ഡ്രാഫ്റ്റ്‌ ആയി സേവ് ചെയ്യുക..താങ്കളുടെ പേരില്‍ തന്നെ കഥകള്‍ യഥാസമയത്ത് പബ്ലിഷ് ചെയ്യപ്പെടുന്നതായിരിക്കും. യാതൊരു കാരണവശാലും പോസ്റ്റുകളുടെ ഫോർമാറ്റ്‌ വ്യത്യാസപ്പെടുത്തരുത്‌. ഒരേ ഫോണ്ട്‌, ഒരേ വലിപ്പം തുടങ്ങിയ പൊതുഘടകങ്ങളിൽ മാറ്റം വരുത്തരുത്‌. കോപ്പിറൈറ്റ്‌ പ്രശ്നങ്ങളില്ലാത്ത ചിത്രങ്ങൾ ചേർക്കാവുന്നതാണ്‌. ഒപ്പം എഴുത്തുകാരന്റെ ഫോട്ടോയും. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയുടെയും പൂര്‍ണ്ണമായ ഉത്തരവാദിത്തം എഴുത്തുകാരിൽ നിക്ഷിപ്തമായിരിക്കും.തികച്ചും നിഷ്പക്ഷമായി ഓരോ രചനകൾക്കും അഭിപ്രായം രേഖപ്പെടുത്തുക. അംഗങ്ങൾ സ്വന്തം ബ്ലോഗുകളിൽ ‘ഋതു’വിന്റെ കോഡോ ലിങ്കോ ചേർത്ത്‌ കൂടുതൽ ഉഷാറാക്കുക. രചനയുടെ താഴെ (© രചയിതാവ്‌ )എഴുത്തുകാരന്റെ പേര്‌ കൂടി ചേർക്കുക.ലേബല്‍ ആയി 'കഥ' എന്ന് ചേര്‍ക്കാന്‍ ശ്രദ്ധിക്കുമല്ലോ.. എല്ലാവർക്കും നന്ദി.. ശുഭദിനം! ഇനി ഇത്‌ ഡിലിറ്റ്‌ ചെയ്ത ശേഷം കഥ സേവ് ചെയ്തോളു..

നോവലൈറ്റ്‌ ഭാഗം 1 - സീസറച്ചൻ

Salini Vineeth

പണി തീരാത്ത ആ കെട്ടിടത്തിനു മുന്നിൽ അയാൾ ഒരു നെടുവീർപ്പോടെ നിന്നു. ബെൽറ്റ്‌ വാർത്ത്, തറ കെട്ടിക്കഴിഞ്ഞിരുന്നു ."ഇനിയെന്ത്?" എന്ന ചോദ്യം പോലെ, തുരുമ്പെടുത്തു തുടങ്ങിയ ഇരുമ്പു കമ്പികൾ അവിടിവിടെയായി പൊങ്ങി നിന്നു. നന്നേ തണുത്ത ഒരു പ്രഭാതമായിരുന്നിട്ടും അയാളുടെ നെറ്റിയിൽ വിയർപ്പു ചാലുകൾ ഒഴുകി. ഏഴര കുർബാനയ്ക്കുള്ള മണിയടിച്ചപ്പോഴാണ് അയാൾക്ക്‌ പരിസരബോധം വന്നത്.

കുർബാന ചൊല്ലേണ്ട വികാരിയച്ചൻ പുത്തൻ പള്ളിയുടെ തറയ്ക്ക് മുന്നിൽ മ്ലാനവദനനായി നില്ക്കുകയാണെന്നറിയാതെ, കപ്യാർ ആവേശത്തോടെ വീണ്ടും വീണ്ടും മണിയടിച്ചു.

"ഈ സീസറച്ചൻ എവിടെപ്പോയി കെടക്കുവാ?...." പഴയ പള്ളിക്കകത്ത്‌ പ്രാർത്ഥിക്കാനായി വീർപ്പുമുട്ടി നിന്നിരുന്ന ഇടവക ജനം പിറുപിറുത്തു.

അഞ്ചു മിനിട്ട് വൈകി അൾത്താരയിൽ രംഗപ്രവേശം ചെയ്തപ്പോഴും  സീസറച്ചനെന്ന ഫാ.ജോർജ് പള്ളിത്താനത്തിന്റെ മുഖം ക്രൂശിതനായ യേശു ക്രിസ്തുവിനെ പോലെ മുറുകിയിരുന്നു. ഭൗതിക ചിന്തകൾ അകറ്റണമേയെന്നും ആന്തരിക ശക്തി നൽകണമേയെന്നും ആമുഖ പ്രാർത്ഥന സമയത്ത്  മനമുരുകി പ്രാർത്ഥിച്ചിട്ടും എഴുന്നു നിന്നിരുന്ന തുരുമ്പെടുത്ത കമ്പികളും, തഴച്ചു വളർന്നു നിന്നിരുന്ന കമ്മ്യുണിസ്റ്റ് പച്ചയും വികാരിയച്ചന്റെ മനസ്സിനെ അലോസരപ്പെടുത്തി.പള്ളിയിൽ തിങ്ങി നിറഞ്ഞിരുന്ന ഇടവക ജനം പ്രസംഗ സമയത്ത് ഇരിക്കാൻ സ്ഥലം കിട്ടുമോയെന്ന ആശങ്കയിലായിരുന്നു അന്നേരം.

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയാണ്. ഇടവകയിൽ നൂറോ ഇരുനൂറോ മാത്രം ആൾക്കാർ ഉണ്ടായിരുന്നപ്പോൾ പണി കഴിപ്പിച്ചത്. ഇന്നാകട്ടെ ഇടവകയിൽ ആയിരത്തിലേറെ ആൾക്കാർ. കത്തുന്ന വേനൽ കാലങ്ങളിൽ , ഞായറാഴ്ച കുർബാന സമയത്ത് പള്ളിയിൽ ജനം തിങ്ങി നിറഞ്ഞു. സുഗന്ധ ദ്രവ്യങ്ങളുടെയും അധോവായുവിന്റെയും സമ്മിശ്ര ഗന്ധത്തിൽ പലരും വിയർത്തു കുളിച്ച് പള്ളിയിൽ തല കറങ്ങി വീണു. പുതിയ പള്ളി വേണമെന്നുള്ളത് ന്യായമായ ഒരു ആവശ്യമായിരുന്നു.വൈകാതെ ആ അവശ്യം അരമയിൽ പിതാവിന്റെ അടുത്തും എത്തി.

പള്ളി പണിയണം എന്ന ആവശ്യം ഉയർന്നപ്പോൾ തന്നെ ബിഷപ്പിന്റെ മനസ്സിൽ ഫാ.പള്ളിത്താനത്തിന്റെ മുഖമാണ് തെളിഞ്ഞു വന്നത്. റിയൽ എസ്റ്റെറ്റ് ബിസിനസ്സുകാരുടെ കുടുംബത്തിൽ നിന്ന് വന്ന നല്ല ഒന്നാന്തരം കോട്ടയംകാരൻ. കെട്ടിടം പണി ഒരു ആവേശവും, പ്രേക്ഷിത ദൗത്യവും ആയിരുന്നു പള്ളിത്താനം അച്ചന്. സാമ്പത്തിക പരാധീനതകൾ കാരണം മുടങ്ങി പോകുമെന്ന് കരുതിയിരുന്ന എത്രയോ കെട്ടിടങ്ങൾ അച്ചന്റെ കാർമികത്വത്തിൽ പൊങ്ങി വന്നിരിക്കുന്നു. ആശുപത്രി,സ്കൂൾ,പള്ളികൾ,കണ്‍വെൻഷൻ ഹാളുകൾ എന്ന് വേണ്ട, അച്ചൻ കൈ വെയ്ക്കാത്ത മേഖലകളില്ല! അങ്ങനെ, "കെട്ടിടം പണിയുടെ മധ്യസ്ഥൻ" എന്ന് രൂപതയിലെ കുറച്ചു പേരെങ്കിലും കളിയാക്കിയും, അല്പം അസൂയയോടെയും വിളിച്ചിരുന്ന ഫാ.ജോർജ് പള്ളിത്താനം പുത്തൻ പള്ളിയുടെ ബ്ലൂ പ്രിന്റും ആത്മവിശ്വാസമുള്ള ചിരിയുമായി ഇടവക വികാരിയായി ചാർജെടുത്തു.ഇടവകിൽ വന്നിറങ്ങിയ ഉടൻ അച്ചൻ ചെയ്തത്, അവിടുത്തെ അതി സമ്പന്നരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക എന്നതായിരുന്നു.നാട്ടിലെ അബ്കാരികൾ, കോണ്‍ട്രാക്റ്റെർമാർ, സ്വർണക്കടക്കാർ, മരുന്ന്-പെട്രോൾ വില്പനക്കാർ എന്നിവരടങ്ങുന്ന ബൂർഷ്വാ മുതലാളിമാരുടെ ഒരു ലിസ്റ്റ്! ആ ലിസ്റ്റിൽ പതിനാറു പേരുണ്ടായിരുന്നു എന്ന് കണ്ട് അച്ചൻ സന്തോഷിച്ചു.മുന്നറിയിപ്പൊന്നും കൂടാതെ  ആദ്യത്തെ അബ്കാരിയുടെ വീട്ടിൽ ഉച്ച സമയത്ത്  "ആദ്യമായി നിങ്ങളുടെ വീട്ടിലാ വരുന്നത്, അത് പിന്നെ അങ്ങനെയല്യോ വേണ്ടിയത്?" എന്ന മുഖവുരയോടെ  ചെന്നു കയറിയ അച്ചനു ബീഫ് വരട്ടിയതും ആട്ടിൻ സ്റ്റൂവും പാലപ്പവും നെടിയരി ചോറും ഒടുവിൽ കഴിക്കാൻ സ്ട്രോബെറി പഴവും കിട്ടി.അച്ചൻ ഉടനെ ഒരു പത്തു ലക്ഷം കണക്കിൽ കൂട്ടി.

ഏകദേശം ഒരു മണിക്കൂറത്തെ പ്രബോധനത്തിന് ശേഷവും, "പച്ചരി വാങ്ങാനുള്ള കാശേയുള്ളൂ" എന്ന പ്രസ്താവനയിൽ നിന്ന് അബ്കാരി ഒരടി പോലും പുറകോട്ടു പോയില്ല. ഒടുവിൽ കിട്ടിയ പതിനായിരം രൂപയും വാങ്ങി പടിയിറങ്ങുമ്പോൾ മട്ടൻ സ്റ്റൂവും ബീഫ് വരട്ടിയതും  പാലപ്പവും നിശ്ശേഷം ദഹിച്ചിരുന്നു. അടുത്തതായി പോയ സ്വർണക്കടക്കാരന്റെ വീട്ടിലും ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി. പിന്നീട് പോയ രണ്ടു വീടുകളിൽ നിന്ന് അച്ചനു വെറും കട്ടൻ ചായയെ കിട്ടിയുള്ളൂ. ഒരു അബ്കാരിയും മൂന്നു സ്വർണ കടക്കാരും എല്ലാ മരുന്ന് കച്ചവടക്കാരും നിരീശ്വര വാദികളായി മാറിയിരിക്കുന്നുവെന്നും, അതിനാൽ അച്ചൻ അവരുടെ വീടുകളിൽ ചെല്ലേണ്ടതില്ലെന്നും കത്ത് മുഖാന്തിരം അറിയിപ്പ് കിട്ടി. ഒടുക്കം അതി സമ്പന്നരുടെ പട്ടിക അവസാനിച്ചപ്പോൾ അച്ചനു കിട്ടിയത് വെറും നാല്പതിനായിരം രൂപ! അച്ചനു കിട്ടിയ ആദ്യത്തെ അടിയായിരുന്നു അത്. കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പത്തിൽ നടക്കുന്ന നാടല്ല ഇതെന്ന് അച്ചനു വളരെ പെട്ടെന്ന് മനസ്സിലായി. ഞായറാഴ്ച കുർബാനകളിൽ പള്ളി പണിയേണ്ടതിന്റെ ആവശ്യകതയെ പറ്റിയും, അത് തന്റെ മാത്രമല്ല ഇടവകയുടെ മൊത്തം ആവശ്യകത ആണെന്നും അച്ചൻ ആവേശത്തോടെ പ്രസംഗിച്ചു. മഹാനായ സീസർ ചക്രവർത്തി തന്റെ മരണ ശേഷം ഇരു കൈകളും ശവപ്പെട്ടിക്കു പുറത്തേയ്ക്ക് നീട്ടി വയ്ക്കണം എന്ന് പറഞ്ഞ കഥ അച്ചൻ തന്റെ പ്രസംഗങ്ങളിൽ സ്ഥിരമായി ഉൾപ്പെടുത്തി. മഹാനായ സീസർ പോലും മരണശേഷം അഞ്ചു പൈസ  പരലോകത്തെയ്ക്കു കൊണ്ടു പോയില്ല എന്നതായിരിന്നു ഗുണപാഠം. ഗുണപാഠകഥ ഇടവക ജനത്തിന്റെ കണ്ണ് തുറപ്പിച്ചില്ല എന്ന് മാത്രമല്ല, ഇടവകയിലെ ചില തല തിരിഞ്ഞ ന്യൂജെനറേഷൻ പിള്ളേർ, സീസറല്ല, അലക്സാണ്ടർ ചക്രവർത്തിയാണ് അങ്ങനെ പറഞ്ഞതെന്ന് ഇൻറർനെറ്റിൽ നോക്കി കണ്ടു പിടിക്കുകയും, "ഫൂളാക്കല്ലേ" എന്ന് അച്ചനോട് പറയാൻ ധൈര്യപ്പെടുകയും ചെയ്തു! അച്ചൻ ഗുണപാഠ കഥ അതോടു കൂടി നിറുത്തിയെങ്കിലും, പള്ളിത്താനം അച്ചനു "സീസറച്ചൻ" എന്ന ഇരട്ടപ്പേര് ഇടവകക്കാർ പതിച്ചു നല്കി.


ഇടവകയിലെ സമ്പന്നരിൽ നിന്നും സംഭാവന വാങ്ങിച്ചെടുക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകത്തെ സൂചിക്കുഴയിലൂടെ കടത്തി വിടുന്നതാണെന്ന് സീസറച്ചനു  ക്രമേണ മനസ്സിലായി. തന്റെ ആവനാഴിയിലെ മറ്റു ശരങ്ങളായ ഫുഡ്‌ ഫെസ്റ്റിവൽ, കാർണിവൽ, കലണ്ടർ വിൽപന അങ്ങനെ പലതും എടുത്തു പ്രയോഗിച്ചെങ്കിലും, പിരിഞ്ഞു കിട്ടിയത് കൈ വിരലിൽ എന്നാവുന്ന ലക്ഷങ്ങൾ മാത്രം. അങ്ങനെ ഇരിക്കെയാണ് സ്ഥലത്തെ പ്രധാന റിയാൽ എസ്റ്റേറ്റ്‌ മുതലാളി പത്തു ലക്ഷം രൂപ സംഭാവനയുമായി വന്നത്. തന്റെ പ്രബോധനങ്ങൾ ലക്‌ഷ്യം കണ്ടു തുടങ്ങിയതായി സീസറച്ചനു തോന്നി. എന്നാൽ പത്തു ലക്ഷത്തിനു പകരമായി, പുത്തൻ പള്ളിയുടെ അൾത്താരയിൽ തന്റെ പുതിയ ഫ്ലാറ്റു സമുച്ചയത്തിന്റെ രണ്ടു പരസ്യ ബോർഡുകൾ വയ്ക്കണമെന്ന ആവശ്യം പറഞ്ഞപ്പോൾ അച്ചൻ അയാളെ പള്ളി മുറിയിൽ നിന്ന് ആട്ടി പുറത്താക്കി. ജറുസലേം ദേവാലയത്തിൽ നിന്ന് ചാട്ടവാറിനടിച്ച് കച്ചവടക്കാരെ ഒഴിപ്പിച്ച യേശു ക്രിസ്തുവിന്റെ മുഖഛായ ആയിരുന്നു സീസറച്ചനപ്പോൾ. കറകളഞ്ഞ ഒരു വിപ്ലവകാരിയുടെ മുഖം!


അങ്ങനെ, ആഘോഷപൂർവം പണി തുടങ്ങിയ തറയിൽ, പുത്തൻ പള്ളി മുരടിച്ചു നിന്നു.

ആ തണുത്ത പ്രഭാതത്തിലെ ഏഴര കുർബാനയ്ക്ക് ക്രൂശിതനായ ക്രിസ്തുവിനെ പോലെ പള്ളിക്കകത്ത്‌ നിന്നത് സീസറച്ചൻ മാത്രമായിരുന്നില്ല. പള്ളിയുടെ ദ്രവിച്ചു തുടങ്ങാറായ ഒരു തൂണിൽ  കെട്ടിപ്പിടിച്ച്, തന്റെ സ്വാധീനമുള്ള ഒരു കാലിൽ ഊന്നി, മറ്റേക്കാൽ ഊന്നുവടിയിൽ ചാരി, ലോട്ടറിക്കാരൻ ചാക്കോ പള്ളിയിലെ തിരക്കിൽ വളഞ്ഞൊടിഞ്ഞു നിന്നു. കുർബാന കഴിഞ്ഞു, തങ്ങളുടെ മൊബൈലും ഞെക്കിക്കൊണ്ട് പുറത്തേയ്ക്ക് പായുന്ന ജനം തന്നെ തട്ടി താഴെയിടുമെന്നും, അവരുടെ ചവിട്ടു കൊണ്ട് താൻ ചാകുമെന്നും അയാൾ ഭയപ്പെട്ടിരുന്നു. പക്ഷെ അയാളെ കൂടുതൽ അലട്ടിയിരുന്നത് രണ്ടു ദിവസത്തിനകം രണ്ടാമത്തെ മകളുടെ ബി സി എ പരീക്ഷാ ഫീസ്‌ കൊടുക്കണമെന്ന ചിന്തയായിരുന്നു. രണ്ടു ദിവസം കൊണ്ട് എത്ര ലോട്ടറി വിറ്റാലും ആ തുക ഒക്കാൻ പോകുന്നില്ലെന്നു അയാൾക്കറിയാമായിരുന്നു, സീസറച്ചനെ കണ്ടാൽ കഴിഞ്ഞ തവണത്തെപ്പോലെ എന്തെങ്കിലും പോംവഴി ഉണ്ടാക്കുമെന്ന പ്രതീക്ഷയിൽ കുർബാന കഴിഞ്ഞു അയാൾ പള്ളിമുറിയുടെ പരിസരത്ത് ചുറ്റിപറ്റി നിന്നു.

"കൊച്ചിന് പരീക്ഷാ ഫീസ് കൊടുക്കണാരുന്നു... ഒരഞ്ഞൂരു രൂപാ കിട്ടിയാല്.. "

തിരുവസ്ത്രങ്ങൾ മാറ്റി ളോഹയണിഞ്ഞു സീസറച്ചൻ പുറത്തേയ്ക്ക് വന്നപ്പോൾ ചാക്കോ പറഞ്ഞു. സീസറച്ചന്റെ കണ്ണുകൾ ചാക്കോയുടെതുമായി കൂട്ടിമുട്ടി. ക്ലേശമനുഭവിക്കുന്ന രണ്ടു ജോഡി കണ്ണുകൾ! സീസറച്ചൻ തന്റെ പിഞ്ഞി തുടങ്ങിയ ലെതർ പേഴ്സിൽ നിന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത്  തിക്കും പോക്കും നോക്കിയിട്ട് ചുരുട്ടി ചാക്കോയ്ക്ക് കൊടുത്തു.കരയിൽ നിന്ന് വെള്ളത്തിലേയ്ക്ക് വീണ മീനപ്പോലെ ചാക്കോ ഒരു ദീർഘ നിശ്വാസമുതിർത്തു.

"ചാക്കോച്ചാ, കാശിനു വേണ്ടി  എപ്പോഴും ഇങ്ങനെ  വന്നാ തരാൻ എന്റെ കയ്യിൽ കാണത്തില്ല കേട്ടോ! പള്ളി പണി നടക്കുവാന്നു ചാക്കോച്ചനറിയത്തില്യോ? മൂത്തവള് അടുത്ത മാസം പ്രസവത്തിനു വരുവാന്നല്ലേ പറഞ്ഞത്? ചാക്കോച്ചൻ വല്ലോം കരുതീട്ടുണ്ടോ? "

ചാക്കോച്ചൻ വീണ്ടും കരയിൽ വീണ മത്സ്യത്തിന്റെ അവസ്ഥയിലായി.

ധനികർക്ക് സംഭവിക്കുന്നത്‌ പോലെ ഒരു ഹാർട്ട് അറ്റാക്കോ മറ്റോ വന്നു  ഈ കഷ്ടപ്പാടുകളുടെ ലോകത്ത് നിന്ന് തന്നെ കര കയറ്റിയിരുന്നെങ്കിൽ എന്ന ചിന്തയോടെ ഒരു കണ്ണുനീർ തുള്ളി നെറ്റിയിലെ വിയർപ്പുമായി കലർന്ന് ചാക്കോയുടെ മൂക്കിൻ തുമ്പിൽ നിന്ന് അടർന്നു വീണു. ചരിത്ര പ്രാധാന്യമുള്ള ഒരു നിമിഷമായിരുന്നു അത്. കാരണം, ആ നിമിഷമാണ് ഇടവകയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെടാൻ പോകുന്ന ഒരു തീരുമാനം സീസറച്ചൻ എടുത്തത്. ഒരു വെടിക്ക് പല പക്ഷികളെയും വീഴിക്കാൻ പോന്ന, നവീനമായ ഒരു ആശയം. പുത്തൻ പള്ളിയുടെ ഭാഗധേയം മാറാൻ പോകുകയായിരുന്നു. ചാക്കോയുടെയും... (തുടരും)

 ©

ചുവരിനപ്പുറത്തെ കുട്ടി

January 13, 2014 Salini Vineeth

ഒന്നാം നിലയിലെ വീടിനു മുന്നിൽ കിതപ്പടക്കാനായി ഞാൻ അല്പനേരം നിന്നു. മൂന്നു നിലയും ഓടിക്കയറാൻ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു, പണ്ട്! ഇപ്പോഴൊക്കെ ഒരു നില കയറിക്കഴിയുമ്പോഴേ കിതപ്പ് തുടങ്ങുന്നു. നാൽപ്പത്തഞ്ചാം വയസ്സിലേ ഹൃദയം ദുർബലമായി തുടങ്ങിയോ? മൂന്നു നിലയും കയറി, എന്‍റെ വീടിന്‍റെ മുന്നിലെത്തുമ്പോള്‍ ചെവിയില്‍ മൂളലും കൈകാലുകള്‍ക്ക് പഞ്ഞിയുടെ ലഘുത്വവും അനുഭവപ്പെടുന്നു.

വൈകുന്നേരങ്ങളില്‍ എന്‍റെ വരവ് ഏകദേശം ഇങ്ങനെയാണ്. ചുമലില്‍ ലാപ്ടോപ്പ് ബാഗ്. ഇരുകൈകളിലും ജൂസും,ലേയ്സും, പച്ചക്കറികളും മറ്റും പ്ലാസ്റ്റിക്‌ ബാഗുകളില്‍. പ്രത്യേകിച്ച് ആവശ്യം ഒന്നും ഇല്ലെങ്കിലും എന്തെങ്കിലുമൊക്കെ വാങ്ങിക്കൂട്ടുന്നത് ഒരു ശീലമായിപ്പോയി.വീടിന്‍റെ താഴു തുറന്നു ഉള്ളില്‍ കയറിയ ഉടന്‍ അകത്തു നിന്ന് രണ്ടു കൊളുത്തുകളും ഇടുന്നു. 94.3 എഫ് എം ഓണ്‍ ചെയ്യുന്നു. സമയം അപ്പോള്‍ 7.30 ആയിരിക്കും. പ്രഥ്വിയും നേഹയും റേഡിയോയില്‍ കലപില കൂട്ടാന്‍ തുടങ്ങിയിരിക്കും.  അടുക്കളയില്‍ കടന്നു ചായയുണ്ടാക്കുമ്പോഴും, ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോഴും, റേഡിയോ ചിലച്ചു കൊണ്ടേയിരിക്കും. മുന്‍വശത്തെ മുറിയില്‍ ആരൊക്കെയോ ഇരുന്നു സംസാരിക്കുകയാണെന്ന് ഞാന്‍ വെറുതെ സങ്കല്‍പ്പിക്കും.ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ വേറൊരു ആളെക്കുടി വീട്ടില്‍ താമസിപ്പിച്ചു കൂടെ എന്ന് നിങ്ങൾ ചോദിച്ചേക്കാം.മറ്റൊരാളെ കൂടെ താമസിപ്പിച്ച്, അവരുടെ ശീലങ്ങളുമായി പൊരുത്തപ്പെട്ടു പോകാനുള്ള മഹാമനസ്കതയൊന്നും എനിക്കില്ല. എന്റെ ഞരമ്പുകൾക്കു ബലം വളരെ കുറവാണ്. അവ മിക്കപ്പോഴും വലിഞ്ഞു മുറുകി പൊട്ടാൻ പോകുന്നതുപോലെ തോന്നും. ചെറിയ  കാര്യങ്ങൾക്കു പോലും കരയുകയും, കാരണമൊന്നും ഇല്ലാതെ പൊട്ടിച്ചിരിക്കുകയും ചെയ്യും.പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല. 1991-ൽ ബാംഗ്ലൂരിൽ വരുമ്പോൾ പ്രായം 22. ലാങ്ങ്പിയിൽ ആദ്യമായി പ്രീഡിഗ്രിയും, ഷോർട്ട് ഹാൻഡ്‌ - ടൈപ്പ് റൈട്ടിങ്ങും പഠിച്ച ആദ്യ പെണ്‍കുട്ടി ഞാനാണെന്ന്  ബാബ വിരുന്നുകാരോടെല്ലാം അഭിമാനത്തോടെ  പറഞ്ഞിരുന്നു. ബാംഗ്ലൂരിൽ ബാബയുടെ അമ്മായിയും കുടുംബവും താമസിച്ചിരുന്നു. അവരാണ് ഒരു വലിയ ഓഫീസിൽ സ്റ്റെനൊഗ്രാഫറായി ജോലി ശരിയാക്കി തന്നത്.നിറയെ മരങ്ങളും തണുപ്പുമുള്ള ശാന്തമായ ഒരു നഗരമായിരുന്നു അന്നത്തെ ബാംഗ്ലൂർ. ആദ്യ കാലങ്ങളിൽ എന്റെ ചെലവുകളെല്ലാം കഴിഞ്ഞു 800  രൂപ വീട്ടിലേയ്ക്കു  അയക്കാൻ കഴിഞ്ഞിരുന്നു.ആ നോട്ടുകൾ ബാബയ്ക്ക് എന്നെക്കാൾ പ്രിയപ്പെട്ടതായി മാറാൻ അധികം കാലം വേണ്ടി വന്നില്ല.
ആദ്യത്തെ ക്രിസ്മസ്സിനു ഒരു കുന്നു വസ്ത്രങ്ങളും മൂത്ത ചേച്ചിമാരുടെ കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും പേറിക്കൊണ്ടു ഞാൻ വീട്ടിലെത്തിയപ്പോൾ ബാബ മുഖം കറുപ്പിച്ചു. സമ്മാനങ്ങൾക്കും വണ്ടിക്കൂലിക്കുമായി ചെലവാക്കിയ തുകയെക്കുറിച്ചായിരുന്നു ബാബയ്ക്കു ചോദിക്കാനുണ്ടായിരുന്നത്. അത് മാത്രം! പിന്നെ, കഴിഞ്ഞ ഇരുപത്തി മൂന്നു വർഷത്തിൽ മൂന്നു പ്രാവശ്യമേ ഞാൻ വീട്ടിലേയ്ക്കു പോയിട്ടുള്ളൂ. ഇളയ മൂന്നു സഹോദരിമാരുടെ വിവാഹത്തിന്. ഞാൻ വീട് വിട്ടു പോരുമ്പോൾ, അഞ്ചു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന റിം ചിം രണ്ടു വർഷം മുൻപാണ് വിവാഹിതയായത്. ആ കല്യാണത്തലേന്നു "നിന്റെ ജീവിതം" എന്ന് അവ്യക്തമായി പറഞ്ഞു കൊണ്ട് അമ്മ അല്പ നേരം തേങ്ങിക്കരഞ്ഞു.

ടൈപ്പ് റൈട്ടിങ്ങിന്റെയും സ്റ്റെനോഗ്രാഫിയുടെയും കാലം കഴിഞ്ഞു. പിന്നെ കുറച്ചു നാൾ ടീച്ചറായി.കംപ്യുട്ടറുകളുടെ കാലമായപ്പോൾ, സ്പോക്കണ്‍ ഇംഗ്ലീഷ് പഠിച്ച് ഒരു കാൾ സെന്ററിൽ ജോലി നേടി. കമ്പനിയിൽ പദവികൾ ഉയർന്നു. ഇപ്പോൾ ജീവിക്കാനുള്ള ചുറ്റുപാടൊക്കെ ആയി.

ഞാൻ താമസിക്കുന്ന അതേ  നിലയിൽ വേറെയും രണ്ടു വീടുകൾ കൂടിയുണ്ട്. അടുക്കളയുടെ ചുവർ  ഒന്നായതുകൊണ്ട് അടുത്ത വീട്ടിലെ ശബ്ദങ്ങളും അനക്കങ്ങളും എന്റെ വീട്ടിൽ കേൾക്കാം. ഒരു ദിവസം, ഞാൻ ജോലിക്കു പോയ സമയത്താണെന്ന് തോന്നുന്നു, തൊട്ടടുത്ത വീട്ടിലെ താമസക്കാർ വന്നത്. കട്ടിലും കസേരകളും വലിച്ചു നീക്കുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ഇതിനു മുൻപ് ആ വീട്ടിൽ താമസിച്ചിരുന്നത് നാല് ചെറുപ്പക്കാരാണെന്ന് തോന്നുന്നു. അവരുടെ പേരോ, നാടോ, ജോലിയോ ഒന്നും എനിക്കറിയില്ല.ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോൾ അവർ വീടൊഴിഞ്ഞു പോയിരുന്നു. രണ്ടു ദിവസം കൊണ്ട് എന്തൊക്കെയോ റിപ്പയർ ചെയ്ത്, വെള്ള വലിച്ച് ഹൌസ് ഓണർ ആ വീട് വീണ്ടും വാടകയ്ക്ക് കൊടുത്തു.

പുതിയ വീട്ടുകാർ  താമസം തുടങ്ങി രണ്ടു മൂന്നു ദിവസങ്ങൾക്ക് ശേഷമാണ്, ഒരു കുഞ്ഞിന്റെ മനോഹരമായ ചിരി അടുക്കളച്ചുവരിനപ്പുറത്ത് നിന്ന് മുഴങ്ങിക്കേട്ടത്. ഒരു കുഞ്ഞിന് ഇത്ര മനോഹരമായി ചിരിക്കാൻ കഴിയുമോ എന്നതിനേക്കാൾ ഇത്ര ഉച്ചത്തിൽ ചിരിക്കാൻ കഴിയുമോ എന്നാണു ഞാൻ അതിശയിച്ചത്.ചുവരിൽ ചെവി ചേർത്തപ്പോൾ കുടുതൽ  ചിരികളും, കുഞ്ഞുങ്ങൾക്ക്‌ മാത്രം അറിയാവുന്ന സ്വർഗീയ ഭാഷയിൽ കൊഞ്ചലുകളും കേൾക്കാൻ തുടങ്ങി.കളിചിരികൾക്കിടയിൽ ചിലപ്പോൾ പെട്ടെന്നവൻ നിശബ്ദനാകും. ഉറങ്ങി പോകുന്നതായിരിക്കും.കുഞ്ഞുങ്ങൾ  ഉറങ്ങി വീഴുന്നതിന്റെ എത്രയോ രസകരമായ വീഡിയോകൾ ഞാൻ യു-ടുബിൽ കണ്ടു രസിച്ചിട്ടുണ്ട്!
ചിലപ്പോളൊക്കെ കുഞ്ഞിനെ അമ്മ കളിപ്പിക്കുന്നതിന്റെയും ഇക്കിളി കൂട്ടി ചിരിപ്പിക്കുന്നതിന്റെയും ശബ്ദം കേൾക്കാം. അവനൊരു വെളുത്തുരുണ്ട കുട്ടിയായിരിക്കണം. ചീർത്ത കവിളുകളും നനുനനുത്ത മുടിയുമുള്ള ഒരു കുട്ടി.
ദിവസങ്ങൾ കഴിയുന്തോറും ചുവരിനപ്പുറത്തെ കുട്ടിയെ കാണണമെന്ന് എനിക്ക് കലശലായ മോഹം തോന്നി. ചതിയനായ ഒരു കാമുകനെങ്കിലും ഒരു കുഞ്ഞിനെ സമ്മാനിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു തുടങ്ങി. അച്ഛനും അമ്മയും കുഞ്ഞുമുള്ള ആ വീട്ടിൽ എന്തു രസമായിരിക്കും! അച്ഛൻ മുപ്പതോ മുപ്പത്തഞ്ചോ വയസ്സുള്ള ഒരു യുവാവായിരിക്കും.സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകാനാണു  സാദ്ധ്യത. ക്ലീൻ ഷേവ് ചെയ്ത, ആഫ്റ്റർ  ഷേവ് ലോഷന്റെ മണമുള്ള കവിളുള്ള, അല്പമെന്നു പറയാവുന്ന കുടവയറുള്ള, വെളുത്ത് ഉയരം കൂടിയ ഒരാളായിരിക്കണം. കയ്യിൽ നേർത്ത നീല  ഞരമ്പുകളുള്ള മെലിഞ്ഞ സുന്ദരിയായിരിക്കും ഭാര്യ. അവൾ ദിവസവും വൈകുന്നേരം തന്റെ ഭർത്താവിനായി ആലൂ പരാത്തയും, ഭൂന്തി  റയിത്തയും, ചന മസാലയും ഉണ്ടാക്കുന്നുണ്ടായിരിക്കണം.അത്താഴത്തിനു ശേഷം അവളും ഭർത്താവും കുഞ്ഞിനെയെടുത്ത് സ്വീകരണ മുറിയിൽ ഇരുത്തി കളിപ്പിക്കും.രാത്രി വൈകിയും കേൾക്കുന്ന ചിരികൾ അതാകാൻ മതി. കുഞ്ഞുറങ്ങി കഴിയുമ്പോൾ ഭർത്താവ് അവളുടെ അരയിൽ  കൈ കോർത്തു പിടിച്ച് കഴുത്തിൽ മൃദുവായി ചുംബിക്കുന്നുണ്ടാകണം.

ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും, അടുത്ത വീട്ടിലെ കുഞ്ഞിനെയോ അവന്റെ അച്ഛനമ്മമാരെയോ പുറത്ത് കണ്ടില്ല. രാവിലെ ഏഴരയ്ക്ക് വീടിനു മുൻ വശത്തെ റോഡിൽ വന്നു ഹോണടിക്കുന്ന കാൾ സെന്റര് കാറിൽ കയറാനായി ഓടുമ്പോൾ ഞാനവരുടെ ജനാലയിലേയ്ക്ക്‌ പാളി നോക്കിയിരുന്നു. കട്ടി കുടിയ കറുത്ത കർട്ടനുകൾ കാരണം എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല. ചുവരിനപ്പുറത്തെ കുട്ടി കളിയും ചിരിയും കരച്ചിലുകളും നിർബാധം  തുടർന്നു.

ഈ ദിവസങ്ങളിൽ എനിക്ക് എന്തെന്നില്ലാത്ത അസ്വസ്ഥതകൾ അനുഭവപ്പെട്ടു. പിരിമുറുക്കത്തിന് കഴിക്കുന്ന മരുന്നുകൾ ദിവസവും വേണ്ടി വന്നു. വീട്ടിൽ നിന്ന് ഫോണ്‍ വരുന്ന ദിവസം മാത്രം കഴിക്കേണ്ടി വരുന്ന ഉറക്ക ഗുളിക എല്ലാ ദിവസവും വേണമെന്ന് വന്നു.

"സൊപ്പു" എന്നു  വിളിക്കപ്പെടുന്ന  ഞങ്ങളുടെ പച്ചക്കറിക്കാരിയും അടുത്ത വീട്ടിലെ വാതിൽ  തുറക്കപ്പെടാതിരുന്നതിൽ അസ്വസ്ഥയായിരുന്നു. ഈ ഫ്ലാറ്റിലെ മറ്റു വീട്ടുകാരുടെ കഥകൾ എനിക്ക് പറഞ്ഞു തരാറുള്ളത് അവരാണ്. ഒന്നാം നിലയിലെ താമസക്കാർ എന്തോ മോഡി കെയർ എന്നോ മണി ചെയിൻ  എന്നോ മറ്റോ പറഞ്ഞു കാശ് തട്ടിച്ചത്, പിന്നെ രായ്ക്കു രാമാനം സ്ഥലം വിട്ടത്, വീട്ടുടമയുടെ മകൾ കൂടെ പഠിക്കുന്ന ഒരു ചെറുക്കന്റെ കുടെ ഒളിച്ചോടിയിട്ടു പിടിച്ചു കൊണ്ട് വന്നത്,എല്ലാം ഞാനറിഞ്ഞത് സൊപ്പിൽ നിന്നായിരുന്നു. 
 വീട്ടിനകത്ത് നിന്നു ചില ശബ്ദങ്ങൾ കേൾക്കാറുണ്ട് എന്നല്ലാതെ ആ വീട്ടുകാരെ കുറിച്ച് അവൾക്കും അറിവില്ലായിരുന്നു..

ആഴ്ച ഒന്ന് കഴിഞ്ഞു. ആകാംഷ സഹിക്കാവുന്നതിലും ഏറെയായപ്പോൾ  ഞാൻ രണ്ടും കൽപ്പിച്ച് അവരുടെ വാതിലിൽ മുട്ടി. രണ്ടു മിനിറ്റു നേരത്തേയ്ക്ക് അകത്തു നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ല. ഒന്നു കൂടി മുട്ടിയപ്പോൾ അകത്തു നിന്ന്  പതിഞ്ഞ കാൽവയ്പ്പുകൾ കേൾക്കാൻ  തുടങ്ങി. കാരണം അറിയാത്ത ഒരു സംഭ്രമം എന്നെ പിടികൂടിയതു പോലെ തോന്നി. വാതിൽ  തുറക്കപ്പെട്ടു. കണ്ണിനു ചുറ്റും കറുത്ത വളയങ്ങളും നരച്ചു തുടങ്ങിയ ചെമ്പൻ മുടിയുമുള്ള ഒരു സ്ത്രീയാണ് കതകു തുറന്നത്. അകത്തേക്ക് പാളി നോക്കിക്കൊണ്ട്‌ ഞാൻ ഹിന്ദിയിൽ ചോദിച്ചു.

"നിങ്ങളുടെ യജമാനത്തി ഇവിടെ ഇല്ലേ?"

"യജമാനത്തിയോ? ഈ വീട്ടില് ഞാൻ മാത്രമേയുള്ളൂ."

സൗഹൃദം തൊട്ടു തീണ്ടിയിട്ടില്ലാത്ത  ഭാവത്തോടെ അവൾ പറഞ്ഞു. അവളുടെ നൈറ്റി നിറം മങ്ങിയതും കരിമ്പനടിച്ചതുമായിരുന്നു. വാതിൽ  പടിയിൽ കൈകൾ വച്ചപ്പോൾ അത് വരണ്ടതും ചളി പിടിച്ചതുമാണെന്നു ഞാൻ കണ്ടു.

"നിങ്ങളുടെ ഭർത്താവ് ഇവിടില്ലേ?"

എന്റെ അന്വേഷണങ്ങളിൽ അവൾ അസ്വസ്ഥയാകുന്നു എന്ന് തോന്നി.

"എനിക്ക് ഭർത്താവില്ല..."

"ഇവിടെ നിന്നൊരു കുഞ്ഞിന്റെ ശബ്ദം കേൾക്കാറുണ്ട്. അവനെ കാണാനാണ് ഞാൻ വന്നത്"

"കുഞ്ഞോ? അവൻ ഉറങ്ങുകയാണ്..." വെറുപ്പ്‌ കലർന്ന ഒരു നോട്ടം എനിക്ക് സമ്മാനിച്ചു കൊണ്ട് അവൾ പറഞ്ഞു.


അവിടെ നിന്ന് എത്രയും പെട്ടെന്ന് ഓടി പോരാനാണ് എനിക്ക് തോന്നിയത്. എങ്കിലും ആ കുഞ്ഞിനെ ഒന്ന് കണ്ടില്ലെങ്കിൽ ഇനിയും പല ദിവസങ്ങളിലെ ഉറക്കം നഷ്ടപ്പെടും എന്ന് പേടിച്ച് ഞാൻ വീണ്ടും ചോദിച്ചു,

"എപ്പോഴാ അവൻ ഉണരുക?"

"അവൻ ഉറങ്ങുകയാണ്..." എന്റെ ചോദ്യത്തിനു ഉത്തരം തരാൻ മെനക്കെടാതെ, ദൂരെയെവിടെയോ ദൃഷ്ടി പതിപ്പിച്ചു കൊണ്ട് അവൾ അലക്ഷ്യമായി പറഞ്ഞു. വാതിൽ അടയ്ക്കാൻ എന്നതു പോലെ അല്പം മുന്നോട്ടു ഉന്തുകയും ചെയ്തു. അവൾ ഉദ്ദേശിച്ചത് എന്നോട് കടന്നു പോകാനാനെന്നു മനസ്സിലാക്കി ഞാൻ പറഞ്ഞു.

"ഞാൻ അടുത്ത വീട്ടിലാണ് താമസം. സമയം കിട്ടുമ്പോൾ.."

എന്നെ മുഴുമിക്കാൻ അനുവദിക്കാതെ അവൾ വാതിൽ കൊട്ടിയടച്ചു. അപമാനത്തെക്കാൾ ഏറെ ആശ്ചര്യമാണ് എനിക്ക് തോന്നിയത്. എത്ര വിചിത്രമായ പെരുമാറ്റം! ചിരിക്കാൻ കൂട്ടാക്കാത്ത ആ തണുത്ത മുഖം ഇനിയൊരിക്കലും കാണില്ലെന്ന് നിശ്ചയിച്ച് ഞാൻ എന്റെ വീട്ടിലേയ്ക്കു മടങ്ങി. ഒരു കുട്ടിയുടെ കളിയും ചിരിയും വൈകുന്നേരവും മുഴങ്ങി. അവളുടെ കുട്ടി ഉണർന്നു കാണും.!

പിന്നെയും ഒരാഴ്ച കഴിഞ്ഞു. വാടക കൊടുക്കാനായി പോയപ്പോൾ ഹൌസ് ഓണർ ചോദിച്ചു.

"നിങ്ങൾ അടുത്ത വീട്ടിലെ സ്ത്രീയെ ശല്യപ്പെടുത്താറുണ്ടോ?"

ആ ചോദ്യം കേട്ട് ഞാൻ ചിരിച്ചു പോയി.

"ശല്യപ്പെടുത്താൻ ഒന്നുമല്ല, അവരുടെ കുഞ്ഞിനെ ഒന്ന് കാണാൻ പോയതാണ്."

"ഏതു കുട്ടി? അവർ അവിടെ ഒറ്റക്കാണ് താമസം. നിങ്ങളെ പോലെ തന്നെ ഒരു കാൾ സെന്ററിൽ ആയിരുന്നു ജോലി. ഇപ്പോൾ എന്തോ കാരണം കൊണ്ട് ജോലിക്കു പോകുന്നില്ല. നിങ്ങൾ ഏതു കുട്ടിയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല"  ആശ്ചര്യത്തോടെ ഓണർ പറഞ്ഞു നിറുത്തി.

യാന്ത്രികമായ ഒരു ഭാവത്തോടെ വാടക കൊടുത്തു മൂന്നാം നിലയിലേയ്ക്കുള്ള പടികൾ കയറുമ്പോൾ ഏതു വികാരമാണ് എനിക്ക് തോന്നിയതെന്നറിയില്ല. ആശ്ചര്യവും, ജാള്യവും, ഇഛാഭംഗവും അല്പം ദുഖവും, എന്താണെന്ന് വ്യക്തായി പറയാനാവുന്നില്ല. ചുവരിലെ കണ്ണാടിയിൽ  പ്രതിഫലിച്ച എന്റെ രൂപം കണ്ടു ഞാൻ ഭയന്നു പോയി. അതെന്റേതായിരുന്നില്ല. നരച്ച മുടിയും, കുഴിഞ്ഞ കണ്ണുകളുമുള്ള ക്ഷീണിതയായ ഒരു സ്ത്രീയെയാണ് ഞാൻ കണ്ണാടിയിൽ  കണ്ടത്.
 --


ആതി

December 26, 2013 ശ്രീക്കുട്ടന്‍

ആതി

ഏകദേശം രണ്ടര കിലോമീറ്ററോളം നീളത്തില്‍ നീണ്ട് നിവര്‍ന്നുകിടക്കുന്ന വയലേലകള്‍. വയലിന്റെ ഇരുകരകളിലുമായി നൂറുകണക്കിനു കുടുംബങ്ങള്‍. ഒട്ടുമുക്കാല്‍ പേരും ദരിദ്രര്‍. എന്നാല്‍ മുഴുപ്പട്ടിണിക്കാരെന്നും പറഞ്ഞുകൂടാ. വയലില്‍ പണിയെടുക്കുന്നവരും കൂലിപ്പണിക്ക് പോകുന്നവരും പശുവിനെ വളര്‍ത്തുന്നവരും ഒക്കെയായി കഴിയുകയാണവര്‍. വയലിനെ രണ്ടായി പകുത്തുകൊണ്ട് ഒരു കൊച്ചു തോടൊഴുകുന്നുണ്ട്. നല്ല വേനല്‍കാലത്തുമാത്രം വെള്ളം വറ്റിപ്പോകും. അല്ലാത്തപ്പോഴെല്ലാം വെള്ളമുണ്ടാകും. വര്‍ഷകാലത്ത് തോട് കുലം കുത്തിയൊഴുകും. കരയിലുള്ള ഒട്ടുമിക്ക ആള്‍ക്കാരുടേയും കുളിയും നനയും തുണിയലക്കലും ഒക്കെ ഈ തോട്ടില്‍ നിന്നു തന്നെ. വയലുകള്‍ ആരംഭിക്കുന്ന തെക്കു മുകള്‍ ഭാഗത്ത് ഒരിക്കലും വറ്റാത്ത ഉറവയുള്ള ഒരു കുളമുണ്ട്. പുറമ്പോക്ക് ഭൂമിയിലാണാ കുളം. അതില്‍ നിന്നും നിറഞ്ഞൊഴുകുന്ന വെള്ളമാണ് ആദ്യമൊരു അരുതോടായും പിന്നെ ചെറുതോടായും മാറി വയലേലകള്‍ക്ക് നടുവിലൂടെ ഒഴുകി അങ്ങ് താഴെയുള്ള ഒരു വലിയ ചിറയില്‍ ചെന്നു ചേരുന്നത്. നാലഞ്ചേക്കര്‍ വിസ്തൃതിയില്‍ കിടക്കുകയാണീ ചിറ. ഇതിലെ വെള്ളം വീണ്ടും താഴേക്കൊഴുകി ഒരു നദിയില്‍ ചെന്നു ചേരുന്നു.

ചിറയില്‍ ധാരാളം മീനുകള്‍ ഉണ്ട്. നദിയില്‍ നിന്നും ഒഴുക്കിനെതിരേ നീന്തിക്കയറിവന്ന്‍ ചിറയില്‍ കുടിയേറിപാര്‍ത്തവരാണിവര്‍. മഴക്കാലത്ത് തോട്ടിലൂടെ വെള്ളം കലങ്ങിമറിഞ്ഞ് കുത്തിയൊഴുകുമ്പോള്‍ ചിറയില്‍ നിന്നും മീനുകള്‍ തോട്ടിലൂടെ മുകളിലേക്ക് കയറിവരും. രാത്രിയില്‍ ടോര്‍ച്ചുകളും പന്തങ്ങളും ഒക്കെയായി കാത്തിരിക്കുന്ന കരക്കാരുടെ കൈകളിലെത്തിച്ചേരാനായാണാ യാത്ര. ക്രോം ക്രോം വിളിക്കുന്ന മാക്കുക്കുണ്ടമ്മാരും ചീവീടുകളും പിന്നെ പേരറിയാത്ത നിരവധി ഒച്ചകളും വിളികളുമൊക്കെയായി അന്തരീക്ഷം മുഖരിതമാകും. ഓരോ മഴക്കാലവും നാട്ടുകാര്‍ക്ക് ഉത്സവങ്ങള്‍ പോലാണ്.

നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകള്‍ നിറയെ ആദ്യം ഹരിതനിറവും പിന്നെ പഴുത്തുലഞ്ഞ സ്വര്‍ണ്ണവര്‍ണ്ണവും ആയി നില്‍ക്കുന്നത് കാഴ്ചയ്ക്ക് തന്നെ എത്ര ഹൃദ്യമായിരുന്നു. തന്നെ പ്രതീക്ഷിച്ച് വിത്തിറക്കി പ്രതീക്ഷാനിര്‍ഭരമായ കണ്ണുകളോടെ നോക്കിയിരിക്കുന്നവര്‍ക്ക് അധ്വാനത്തിന്റെ പതിഫലമെന്നോണം കതിര്‍ക്കുലകള്‍ ധാരാളമായി വിളയിച്ചു മറിയിച്ചുകൊടുക്കുന്ന ഭൂമി. ആള്‍ക്കാരിഷ്ടപ്പെട്ടിരുന്നു അവളെ. പരിപാലിച്ചിരുന്നു അവളെ. പുലര്‍ച്ചെ അമ്പലത്തിലെ സുപ്രഭാത കീര്‍ത്തനം മുഴങ്ങുന്നതിനുമുന്നേ വയലുകളില്‍ കൊയ്ത്തുകാരുടെ കലപില ഉയരുമായിരുന്നു. കൊയ്ത്തും മെതിയും കഴിഞ്ഞ് കൂലിയായ് കിട്ടിയ നെല്ലുമായി അവര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ കുട്ടികള്‍ വയലില്‍ അരിച്ചുപെറുക്കാനിറങ്ങും. കൊയ്ത്ത് സമയത്ത് പൊഴിഞ്ഞടര്‍ന്നുവീണ നെല്‍ക്കതിര്‍ക്കുലകള്‍ പെറുക്കിയെടുക്കാനാണാ പരതല്‍. പിന്നെ ദിനങ്ങള്‍ പലതുകഴിയുമ്പോള്‍ ഉണങ്ങിവരണ്ട് കളിസ്ഥലമായി മാറും അവിടം. കുട്ടികളുടെ സാമ്രാജ്യം.

മണല്‍നാടുകളില്‍ വിയര്‍പ്പൊഴുക്കി കീശനിറയെ കാശുമായി വന്ന ഒരാള്‍ പാടത്തു നിന്നും ചെളിയും പുരണ്ട് കയറിവന്ന പിതാവിനെ മുഖം ചുളിപ്പിച്ചുനോക്കി. കഷ്ടപ്പെടുന്ന കാശ് കൊണ്ട് വയലില്‍ തള്ളുന്നതില്‍ അമര്‍ഷം പൂണ്ടു. കാശത്രയുമിറക്കിയിട്ട് എന്തു ലാഭമാണുണ്ടാകുന്നതെന്ന്‍ പറഞ്ഞ് ദേക്ഷ്യപ്പെട്ടു. വീണ്ടും മണല്‍ക്കാടിലേക്ക് പോകുന്നതിനുമുന്നേ ആദ്യമായി വയലുകളിലൊന്നിനെ മണ്ണിട്ട് പകുതി നികത്തി അവളുടെ മാറില്‍ മുറിവേല്‍പ്പിച്ചു. അധ്വാനിച്ച് നടുവൊടിഞ്ഞ് സമ്പാദിച്ചവന്‍ സ്വന്തം നാട്ടിലെ അധ്വാനത്തിന് വില കല്‍പ്പിച്ചില്ല. അതൊരു തുടക്കമായിരുന്നു. മുറിവുകള്‍ കൂടിക്കൂടി വന്നു. പച്ചപ്പിന്റെ വ്യാസം കുറയാനാരംഭിച്ചു. മണല്‍ഭൂവില്‍ നിന്നുള്ള ധനമൊഴുക്ക് കൂടിയപ്പോള്‍ വയലില്‍ നിന്നും ശരീരത്തില്‍ ചെളിപറ്റുന്നത് വൃത്തികേടായി പലര്‍ക്കുമനുഭവപ്പെട്ട് തുടങ്ങി. ചാലുകീറാതെയും വിത വിതയ്ക്കാതെയും മണ് വെട്ടി വീഴാതെയും വയലുകള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. കളകള്‍ നിറഞ്ഞ് തരിശുകളായി മരിക്കാന്‍ തുടങ്ങിയ വയലുകല്‍ ആര്‍ത്തു നിലവിളിച്ചുകൊണ്ടിരുന്നു. ശബ്ദമില്ലാത്ത അവയുടെ നിലവിളികള്‍ ആരുകേള്‍ക്കാന്‍. തവളകലുടേയും ചീവീടുകളുടേയും ശബ്ദങ്ങള്‍ പതിയെപതിയെ ഇല്ലാതായിത്തുടങ്ങി. പുറമ്പോക്കി ഭൂമി ആരോ സ്വന്താമാക്കുകയും ആ കുളം മണ്ണിട്ട് മൂടുകയും ചെയ്തതൊടെ തോടിന്റെ ശവക്കുഴിയും തോണ്ടപ്പെട്ടു. കലങ്ങിമറിഞ്ഞുവരുന്ന വെള്ളത്തില്‍ നീന്തിക്കയറിവരാനാകാതെ മീനുകള്‍ സങ്കടപ്പെട്ടു. കളിസ്ഥലങ്ങള്‍ അപ്രത്യക്ഷമായി അവിടേ വാഴയും തെങ്ങും മരിച്ചീനിയുമൊക്കെ നില്‍ക്കുന്നതുകണ്ട കുട്ടികളും സങ്കടപ്പെട്ടു. ഒടുവില്‍ അവയുമൊക്കെ അപ്രത്യക്ഷമായി റബ്ബര്‍ തൈകള്‍ നിറയാന്‍ തുടങ്ങി. ഒരിക്കലും വറ്റാതിരുന്ന കിണറുകളില്‍ പലതും ഉണങ്ങിവരണ്ടു. അപൂര്‍വ്വം ചില കിണറുകളില്‍ ഉണ്ടായിരുന്ന വെള്ളത്തിനായി ആള്‍ക്കാര്‍ ആ വീട്ടുകാരോട് യാചിച്ചു ക്യൂ നിന്നു. വല്ലപ്പോഴും മാത്രം പൈപ്പിലൂടെ വരുന്ന പൊടിയും അഴുക്കും നിറഞ്ഞ വെള്ളം പിടിക്കാനായി ഉന്തും തള്ളും വഴക്കുമായി. കുത്തരിച്ചോറുണ്ണുക എന്നത് സങ്കല്‍പ്പം മാത്രമായി. പാവം പഴമനസ്സുകള്‍ മാത്രം മരണമടഞ്ഞ വയലേലകള്‍ക്ക് മുന്നില്‍ "ആധി"യെരിയുന്ന മനസ്സുമായി ഇനിയെന്തെന്ന ചോദ്യവുമായി നിന്നു. ഇരുകൂട്ടരും കരയുകയായിരുന്നു. ആര്‍ത്തലച്ച് ഒച്ചയൊട്ടുമില്ലാതെ.......

വികസനമെന്ന പേരിട്ട് ഒരു സംസ്കൃതിയെ മൊത്തം ഉന്മൂലനാശനം ചെയ്യുന്ന നവസംസ്ക്കാരത്തിന്റെ പിണിയാളുകളും അവയുടെ ബലിയാടുകളും ചേര്‍ന്നതാണ് "ആതി". വന്‍ കിട കയ്യേറ്റങ്ങള്‍ എപ്രകാരം ഒരു വലിയ വിഭാഗം ജനങ്ങളെ വഴിയാധാരമാക്കുന്നുവെന്ന്‍ ആതി തുറന്നുകാട്ടുന്നു. സമൃദ്ധവും ശുദ്ധവുമായ ജലത്തില്‍ തങ്ങളുടേ അന്നന്നത്തെ അന്നത്തിനു വക കണ്ടെത്തി സന്തോഷസമേതം ജീവിച്ചിരുന്ന ഒരു ജനവിഭാഗം. കഥാരാവുകളും സ്വന്തം ആചാരാനുഷ്ടാനങ്ങളും വിശ്വാസപ്രമാണങ്ങളുമായി അവരങ്ങിനെ കഴിയുകയാണ്. പരസ്പ്പരം ബഹുമാനിച്ച് അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കി. നഗരകാപഠ്യങ്ങളൊന്നും അലോസരപ്പെടുത്താതെ മീന്‍ പിടുത്തവും കൃഷിയും ഒക്കെയായി കഴിയുന്ന അവര്‍ക്ക് അതിമോഹങ്ങള്‍ ഇല്ലായിരുന്നു. തെളിനീരാര്‍ന്ന ജലദേവത അവരുടെ ഇടയില്‍ വസിച്ചിരുന്നു. ഏതൊരു പൊയ്കയും അശുദ്ധമാക്കാന്‍ ഒരു ചെളിത്തുണ്ട് മതിയാവുമെന്ന്‍ പറയുന്നതുപോലെ ഒരുനാള്‍ കുമാരന്‍ ആതിയില്‍ അവതരിക്കുകയാണ്. പാരമ്പര്യകൃഷിയും മറ്റുമൊക്കെ കെട്ടിപ്പിടിച്ചിരുന്ന്‍ ജീവിതം തുലയ്ക്കുന്നതില്‍ അമര്‍ഷം പൂണ്ട് അതിരുകാണാ ആകാശം വെട്ടിപ്പിടിക്കുവാന്‍ ആതിയില്‍ നിന്നും ഒരിക്കല്‍ ഓടിപ്പോയ അതേ കുമാരന്‍. ഇന്ന്‍ അവന്‍ മടങ്ങിവന്നിരിക്കുന്നത് സര്‍വ്വശക്തനായാണ്. ആതിയുടെ നാശവും ആതിവാസികളുടെ "ആധിയും" അവിടെ തുടങ്ങുന്നു.

ആതിയുടെ സ്വത്ത് ജലമായിരുന്നു. ആതിവാസികള്‍ക്ക് സര്‍വ്വവും നല്‍കുന്ന ജലം. ആതി പറയുന്നത് ഒരു ജലയുദ്ധവും. മുമ്പ ആതിവാസി ആയിരുന്ന, ഇപ്പോള്‍ മുതലാളിയായിതീര്‍ന്ന കുമാരന്‍ ആദ്യം കൈവയ്ക്കുന്നതും ജലത്തെതന്നെയാണ്. ആതിയെ സമ്പന്നമാക്കിയിരുന്ന ജലപ്രയാണത്തിനു തടയിട്ട്കൊണ്ട് അവര്‍ കൃഷിചെയ്തിരുന്ന ഒരു വലിയ പാടശേഖരം അതിന്റെ ഉടമയില്‍ നിന്നും വിലകൊടുത്തുവാങ്ങി അത് മണ്ണിട്ട് നികത്തുന്നു. തന്റെ ഒഴുക്ക് നഷ്ടപ്പെടുത്തിയിടത്ത് വന്ന്‍ തലതല്ലിക്കരയുന്ന ജലത്തെക്കണ്ട് കണ്ണ്‍ നിറഞ്ഞന്തം വിട്ടിരിക്കുന്ന കുഞ്ഞിമാതുവിനെപ്പോലെ വായനക്കാരനും അന്തം വിട്ടുപോകും. പഴഞ്ചന്‍ രീതികള്‍ പിന്തുടരുന്ന ആതിയെ സ്വര്‍ഗ്ഗസമാനമായ നഗരമാക്കിമാറ്റുവാനാണ് കുമാരന്‍ അവതരിച്ചിരിക്കുന്നത്. ആതിയിലെ ജനങ്ങളെ രണ്ടായി വിഭജിക്കുവാനും അവരില്‍ പകുതിയെ ഒപ്പം നിര്‍ത്തുവാനും കഴിയുന്നിടത്ത് കുമാരന്‍ വിജയം തുടങ്ങുകയാണ്. നഗരമാലിന്യങ്ങളുടെ ശ്മശാനഭൂമിയായ് ആതി മാറുവാന്‍ സമയമേതുമെടുക്കുന്നില്ല. ആതിയിലെ ജലത്തെ ഇല്ലായ്മ ചെയ്തുകൊണ്ട്, കണ്ടല്‍ക്കാടുകളെ നശിപ്പിച്ചുകൊണ്ട്, മീനുകളുടെ ആവസവ്യവസ്ഥയെ തകര്‍ത്തെറിഞ്ഞുകൊണ്ട് വികസനം വരികയാണ്. പണമുള്ളവ്നൊപ്പം മാത്രം നില്‍ക്കുന്ന ഭരണനിയമവ്യവസ്ഥകളുടേ സഹായത്തൊടെ. എതിര്‍പ്പിന്റെ സ്വരമായ് വരുന്ന ദിനകരന്മാരൊക്കെ സത്യത്തില്‍ ആര്‍ക്കും വേണ്ടാത്തവരാണ്. ആസന്നമരണമടഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിക്കുപോലും വേണ്ടാത്തവര്‍. അവള്‍ സര്‍വ്വം സഹിക്കാന്‍ ശീലിച്ചിരി‍ക്കുന്നു.

വളരെ വലിയ വായനയും ചര്‍ച്ചയും ആകേണ്ടുന്ന ഒന്നാണ് ശ്രീമതി സാറാ ജോസെഫ് എഴുതിയ ഈ നോവല്‍. അനിയന്ത്രിതമായ രീതിയില്‍ നമ്മുടെ പരിസ്ഥിതിയേയും ജൈവവിവിധ്യങ്ങളേയും കൊള്ളയടിക്കുകയും ഒരു സംസ്കൃതിയെ മുഴുവന്‍ നാശോന്മുഖമാക്കിതീര്‍ക്കുകയും ചെയ്യുന്ന വികസനം എന്താണു നമ്മുടെ നാടിനു സമ്മാനിക്കുന്നത്. ഹരിതവര്‍ണ്ണം നിറഞ്ഞു നിന്നിരുന്ന, കാറ്റും മഴയും സുലഭമായിരുന്ന, തെളിനീരൊഴുക്കിയൊഴുകിയിരുന്ന എണ്ണമറ്റ നദികള്‍ ഉണ്ടായിരുന്ന, കണ്ണെത്താദൂരത്തോളം വയലേലകള്‍ നിറഞ്ഞുനിന്നിരുന്ന, തുമ്പയും തെച്ചിയും തൊട്ടാവാടിയും ശലഭങ്ങളും മിന്നാമിനുങ്ങുകളും ഒക്കെ ഉണ്ടായിരുന്ന തൊടികളും ഒക്കെ ഇന്നെവിടെയാണ്. ഏതു പാതാളദേശത്തേക്കാണിവര്‍ എന്നെന്നേയ്ക്കുമായെന്നവണ്ണം അപ്രത്യക്ഷമായത്. മലിനമല്ലാത്ത ഒരു ജലാശയം നമുക്കിന്ന്‍ കണ്ടെത്തുവാന്‍ കഴിയില്ല. എവിടെനോക്കിയാലും ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ മാത്രം. ഇതാണോ വിഭാവനം ചെയ്യപ്പെട്ട വികസനം. ഹരിത നിബിഡഭൂമിയെ കോണ്‍ഗ്രീറ്റ് കാടുകളായി രൂപാന്തിരപ്പെടുത്തുന്ന വികസനം.

ആതി ഒരടയാളപ്പെടുത്തലാണ്. സമീപഭാവിയില്‍ തന്നെ വരാന്‍ പോകുന്ന ഒരു ജലയുദ്ധത്തിന്റെ അടയാളപ്പെടുത്തല്‍.

ഭൂമി എല്ലാം സഹിക്കുവാനും പൊറുക്കുവാനും പഠിച്ചിരിക്കുന്നു. അവള്‍ക്കറിയാം ദുരമൂത്തവര്‍ കെട്ടിപ്പൊക്കിയുയര്‍ത്തുന്ന മണിമാളികകളുടെ ആയുസ്സെത്രയാണെന്ന്‍. തന്നോട് ചെയ്യുന്നതിന്റെ ഫലമനുഭവിപ്പിക്കാതെ അവള്‍ ആരെയും വിടുമെന്ന്‍ പ്രതീക്ഷിക്കുകയേ വേണ്ട. നാലുവശവും വെള്ളം നിറഞ്ഞ ഭൂമിയില്‍ നിന്നുകൊണ്ട് ഒരു തുള്ളി ശുദ്ധവെള്ളം കുടിയ്ക്കുവാനായി കേണുവിളിക്കുന്നവരുടെ തലമുറകളുടെ ദയനീയത ഓര്‍ത്തവള്‍ പൊട്ടിച്ചിരിക്കും. ഒടുവില്‍ വെള്ളം കുടിയ്ക്കാനാവാതെ തൊണ്ടപൊട്ടി മരിച്ച് മാസംവും മലവും പ്ലാസ്റ്റിക്കും ചപ്പുചവറുകളും നിറഞ്ഞ് കറുത്ത് കൊഴുത്തു അസഹ്യനാറ്റവും പ്രസരിപ്പിച്ച് കുത്തിയൊഴുകി നടക്കുന്നവളുടെ മടിത്തട്ടില്‍ പുതഞ്ഞ് കമിഴ്ന്നും മലര്‍ന്നും കിടക്കുന്നവരെ അമ്മാനമാടി അവള്‍ രസിക്കും. പ്രതികാരദാഹിയെപ്പോലെ

ആതി വായിച്ചുതീര്‍ന്നപ്പോള്‍ മനസ്സു വിങ്ങിപ്പോയി. ആതിദേശക്കാരുടെ സങ്കടം എന്റേതുകൂടിയല്ലേ. ഈ എഴുത്തില്‍ ആദ്യമെഴുതിയിട്ടിരിക്കുന്നത് എന്റെ സ്വന്തം ഗ്രാമവും അതിന്റെ ഇന്നത്തെ അവസ്ഥയുമാണ്. ആരോ പറഞ്ഞിട്ടുള്ളതുപോലെ അവസാനത്തെ മരവും മുറിച്ചുനീക്കിയിട്ട്, അവസാനകൃഷിഭൂമിയും മണ്ണിട്ടുമൂടിയിട്ട്, അവസാനതുള്ളിവെള്ളവും മലിനമാക്കിതീര്‍ത്തിട്ട് മനുഷ്യന്‍ മനസ്സിലാക്കും. പച്ചനോട്ടുകെട്ടുകള്‍ തിന്നുതീര്‍ത്താല്‍ മാത്രം വയറുനിറയത്തില്ലെന്ന്‍..ആതി എന്റെ സങ്കടമാണ്..എല്ലാവരുടേയും സങ്കടമാണ്..വരാനുള്ള തലമുറയ്ക്കായ് കരുതിവച്ചിരിക്കുന്ന ദുരന്തത്തിന്റെ പതിപ്പാണ്. നാം ഇനിയെങ്കിലും ഉണരണം..ഇല്ലെങ്കില്‍..........

ശ്രീക്കുട്ടന്‍