രാവിലെ ബാല്‍ക്കണി കഴുകിവൃത്തിയാക്കിക്കൊണ്ടിരിക്കേ ലതിക വിചാരിച്ചു.ഇന്നെന്തായാലും ഈ മുള്ളുമരത്തിന്റെ കുറച്ചു ശാഖകളെങ്കിലും മുറിപ്പിക്കണം
“ബാലേട്ടാ ഈ മരത്തിന്റെ ചില്ലകള്‍ വല്ലാതെ ബാല്‍ക്കണിയിലേക്കു ചാഞ്ഞിരിക്കുന്നു.സന്ധ്യക്കു ചേക്കേറുന്ന കിളികളുടെ കാഷ്ടം ശല്യം ചെയ്യുന്നു” ലതികയുടെ പരാതി ബാലചന്ദ്രനെ തെല്ലൊന്നമ്പരപ്പിച്ചു .കാരണം ലതികയുടെ ഉറ്റതോഴരാണ് ആ ചെറിയ പക്ഷികള്‍.
“എന്താ നീ നിന്റെ കിളികളുമായി പിണങ്ങിയോ?” ബാലചന്ദ്രന്‍ അവളെ കളിയാക്കി ചോദിച്ചു
“അതല്ലാ ..ബാലേട്ടാ…കുറച്ചു ശാഖകള്‍ മാത്രം മുറിച്ചാല്‍ മതി..ലതിക ചിരിച്ചുകൊണ്ടു പറഞ്ഞു”
അതു ഗോപാലനെക്കൊണ്ടു ശരിയാക്കിക്കാം എന്നുപറഞ്ഞാണ് ബാലചന്ദ്രന്‍ ഓഫീസിലേക്കു പോയത്.ഗോപാലനാണ് കോളനിയിലെ അങ്ങനെയുള്ള ചില്ലറ ജോലികള്‍ ചെയ്യുന്നയാള്‍
ലതിക അടുക്കളയില്‍ പച്ചക്കറിയരിഞ്ഞുകോണ്ടിരിക്കുമ്പോള്‍ ഗോപാലന്‍ വന്ന് ഉച്ചകഴിഞ്ഞ് മരച്ചില്ലകള്‍ വെട്ടിമാറ്റാം എന്നേറ്റിട്ടു പോയി
സത്യം പറഞ്ഞാല്‍ കിളികളോട് ഒരു തരം സൌഹൃദമുണ്ടവള്‍ക്ക്.പക്ഷേ ബാല്‍ക്കണി വൃത്തികേടാക്കുന്നത് സഹിക്കാനാവുന്നില്ലാ.ബാല്‍ക്കണിയില്‍ കഴുകിയിടുന്ന തുണികളിലെല്ലാം വന്നിരുന്നു അഴുക്കാക്കുകയും ചെയ്യും.പകല്‍സമയം മിക്കവാറും കിളികള്‍ ആ പരിസരത്തെല്ലാം ചുറ്റിപ്പറ്റിയുണ്ടാകും.ശാഖകള്‍ മുറിച്ചു കളഞ്ഞാല്‍ അവരെന്നോട് പിണങ്ങുമോ എന്ന് ഒരുവേള അവള്‍ ചിന്തിച്ചു.
“സാരമില്ല.കുറച്ചു ശാഖകളല്ലേ മുറിക്കുന്നുള്ളു.അവരെന്നോട് അങ്ങനെ പിണങ്ങുകയൊന്നും ഇല്ലാ“ലതിക സമാധാനിച്ചു.ഇടക്ക് ചില കുസൃതികള്‍ ബാല്‍ക്കണിയിലെ സ്വാതന്ത്യം മുതലെടുത്ത് മുറിക്കകത്തേക്ക് പറന്നു കയറിക്കളയും
“നിങ്ങളെക്കൊണ്ട് തോറ്റു”എന്നു ശാസിച്ച് അവളവരെ പുറത്തേക്ക് പറത്തി വിടും.ഒരിക്കല്‍ മുറിയിലേക്ക് കയറിയ കിളികളെ ഓടിച്ചു വിടാനുള്ള ശ്രമത്തിനിടെ അതിലൊന്ന് അലമാരയുടെ മുകളില്‍ ചില്ലിട്ട് വച്ചിരുന്ന അച്ഛന്റെയുംഅമ്മയുടെയും ഫോട്ടോ തട്ടിയുടച്ചപ്പോള്‍ മാത്രം അവളതിനോട് ദേഷ്യപ്പെട്ടു.“നിങ്ങള്‍ക്ക് കളിക്കാനുളളവരല്ലട്ടോ ഇത്..ഇവരാരെന്നു കരുതീ നിങ്ങള്‍..? എന്റച്ഛനുമമ്മയോടുമാണോ കളിക്കുന്നത്..?മൂക്കത്തു ശുണ്ഠിക്കാരാണെന്നോര്‍മ്മവേണം”.കിളിക്ക് അതു മനസ്സിലായെന്നു തോന്നി അത് പെട്ടെന്നു പുറത്തേക്കു പറന്നു പോയി
കിളികളെന്താ ആ ഒരു മരത്തില് മാത്രം ചേക്കേറുന്നതെന്നു അവളെപ്പോഴും ആലോചിക്കാറുണ്ട്.അതാണെങ്കിലൊരു മുള്ളു മരം.പണ്ടെപ്പോഴോ തണലിനു വേണ്ടി ആരോ നട്ടതായിരിക്കണം.തൊട്ടടുത്ത് കോളാമ്പിപ്പൂവിന്റെയും ചുവന്ന അരളിയുടെയും ചെറുമരങ്ങളുണ്ട്.പക്ഷേ അവറ്റകള്‍ക്ക് ആ മുള്ളുമരം തന്നെ മതി. തന്നോടുള്ള സ്നേഹംകൊണ്ടാണ് അവര്‍ വീടിനു നേരെയുള്ള മുള്ളുമരത്തില്‍ വന്നിരിക്കുനതെന്ന് അവള്‍ വിശ്വസിച്ചു.ബാലചന്ദ്രന്‍ വീട്ടിലുള്ളപ്പോള്‍ അവളവരോട് ചങ്ങാത്തതിനു പോകാറില്ലാ.അയാള്‍ ഓഫീസില്‍പ്പോയാല്‍ പിന്നെ അവള്‍ക്ക് കിളികള്‍തന്നെ കൂട്ട്.
കിളികള്‍ എവിടെയെല്ലാം. പറന്നു നടക്കുന്നുണ്ടാകാം പകലല്‍ സമയങ്ങളില്‍ തന്റെ വീടു വരെ പറക്കുന്നുണ്ടാകുമോ...?തന്റെ മുറിക്കക്കരികെയുള്ള മാവിന്റെ കൊമ്പില്‍ പോയി ഇരിക്കുന്നുണ്ടാമോ..?അവിടെയിരുന്ന് ജനലിലൂടെ തന്റെ മുറിയിലേക്ക് നോക്കുമോ..? അവിടെ ചുമരില്‍ തൂങ്ങുന്ന താന്റെ പഴയ ഫോട്ടോകള്‍- കോളേജില്‍ പെയിന്റിങ്ങ് മത്സരത്തിനു സമ്മാനം നേടിയ ചിത്രം ഫ്രെയിം ചെയ്തത്.. പിന്നെ ആദ്യമായി സാരിയുടുത്ത്, അച്ഛന്റെയും അമ്മയുടെയും തോളില്‍ കൈയ്യിട്ടു ചിരിച്ചുനില്ക്കു ന്ന ഫോട്ടൊ… അങ്ങനെ പലതും..അതെല്ലാം അവര്‍ കാണുന്നുണ്ടാമോ. ആലോചിച്ചപ്പോള്‍ അവള്ക്ക് സങ്കടം വന്നു…താന്‍ പോരുമ്പോളിരുന്നതുപോലെ തന്നെയായിരിക്കുമോ ആ മുറി ഇപ്പോഴും. അതോ തന്നോടുള്ള ദേഷ്യത്തിന് അമ്മയും അച്ഛനും അതെല്ലാം മാറ്റിയിട്ടുണ്ടാകുമോ?
തന്റെ അച്ഛനെയും അമ്മയെയും എന്നും കിളികള്‍ കാണുന്നുണ്ടാകും.. കിളികള്‍ക്ക് സംസാരിക്കാനറിയാമെങ്കില്‍ പറഞ്ഞേനെ അവരുടെ ലതിയിവിടെ തനിച്ചിരിക്കുന്നകാര്യം…അവരെ കാണാന്‍ കൊതിക്കുന്നകാര്യം…തന്നെ അച്ഛനുമമ്മയും അന്വേഷിക്കുന്നുണ്ടാകുമോ എന്ന് കിളികളോട് ചോദിച്ചറിയാമെന്നുവച്ചാല്‍ അവള്ക്ക് .അവരുടെ ഭാഷയറിയില്ലല്ലൊ.
ചോദിക്കാതെ തന്നെ അറിയാം…. അച്ഛനുമമ്മയും മനം നൊന്ത് ശപിച്ചിട്ടുണ്ടാകും. അവര്ക്ക് അപമാനം വരുത്തിവെച്ചതിന്…,ബാലേട്ടന്റെകൂടെ ഇറങ്ങിപ്പോന്നതിന്.
“ഇല്ലാ ലതീ അവര്‍ താമസിയാതെ ഇവിടെ വരും. നീ നോക്കിക്കോ…നിന്നെ അധികം നാള്‍ കാണാതിരിക്കാനാകുമോ അവര്ക്ക് .. ഏതൊരു അച്ഛനുമമ്മയും ചെയ്യുന്നതു പോലെയേ അവരും ചെയ്യുന്നുള്ളു.എനിക്കണെങ്കിലോ ആരുണ്ട് വരാന്‍…?.അവരുടെ ഒരു ശല്യം ഒഴിവായി എന്നു കരുതുകയല്ലാതെ.ഏതെങ്കിലും രണ്ടാനമ്മ ഭര്ത്താണവിന്റെ ആദ്യ മകനെപ്പറ്റിച്ചിന്തിക്കാറുണ്ടോ...?അച്ഛന്‍ അവരു പറയുന്നതിപ്പുറത്തേക്ക് പണ്ടേ സഞ്ചരിക്കാറുമില്ല ”
ബാലേട്ടന്‍ തന്നെ ആശ്വസിപ്പിക്കനായി പറയാറുള്ള വാക്കുകള്‍.ചിരിച്ചു കൊണ്ടാണ് പറയുന്നെങ്കിലും മുഖത്തെ വിഷമം വായിച്ചെടുക്കാവുന്നതേയുള്ളു. ബാലേട്ടനങ്ങനെയാണ്. ഒരു വിഷമവും പുറമേ കാണിക്കുകയില്ല. അച്ഛനും അമ്മയും സമ്മതിക്കുന്നതു വരെ കാത്തിരിക്കാം എന്നാണ് ആദ്യം പറഞ്ഞത്. അവരോടു സംസാരിക്കുവാന്‍ ചെന്നപ്പോള്‍ ആട്ടിയിറക്കിയതിലും പരിഭവമില്ല.ഒടുവില്‍ താന്‍ മറ്റൊരാളുടേതാകും എന്നു വന്നപ്പോള്‍ മാത്രമാണ് ഇറങ്ങിവരുവാന്‍ സമ്മതിച്ചത്..അല്ലാതെന്തു ചെയ്യുവാന്‍ കഴിയുമായിരുന്നു തനിക്ക്.
ഉച്ചമയക്കത്തിലായിരുന്ന ലതിക ഗോപാലന്റെ കോളിങ്ങ് ബെല്ലടി കേട്ടാണ് ഉണര്ന്നവത്.
“എന്റെ കാശു തന്നേക്ക് കുഞ്ഞേ.. നല്ല ഭംഗിയായി വെട്ടിയിട്ടുണ്ട്.ഇനി ബാല്ക്ക്ണിയില്‍ തുണിയെല്ലാം ഇടാം നല്ല വെയിലും കിട്ടും.“
കൂലി കൊടുത്തു ലതിക ബാല്ക്ക ണിയിലേക്ക് നടന്നു. അവിടെ കണ്ട കാഴ്ച അവളെ ഞെട്ടിച്ചു കളഞ്ഞു!! മുള്ളു മരത്തിന് ഒറ്റ ശാഖപോലുമില്ല.തായ്ത്തടി മാത്രം !!! വൈകുന്നേരം കിളികള്‍ വരുമ്പോള്‍ എന്തു ചെയ്യും..? അവര്‍ ക്ഷമിക്കുമോ തന്നോട്…?അവള്ക്ക് കരച്ചില്‍വന്നു. മരത്തിന്റെ വെട്ടിയ ശാഖകളെല്ലാം ഗോപാലന്‍ എടുത്തു കൊണ്ടു പോകുന്നത് കണ്ടു.
ലതിക തളര്ന്ന് മുറിക്കുള്ളില്‍ വന്നിരിരുന്നു.അവള്ക്ക് ബാലചന്ദ്രനെ ഫോണ്‍ ചെയ്യണമെന്നു തോന്നി.പിന്നെ വിചരിച്ചു. വേണ്ട.കിളികളുടെ കാര്യം പറയുമ്പോഴെല്ലാം കുട്ടിത്തം മാറിയിട്ടില്ലെന്നു പറഞ്ഞു കളിയാക്കാറുള്ളതാണ്
അന്നു വൈകുന്നേരത്തെ സായാഹ്ന സവാരിക്കിറങ്ങിയ ലതികയുടെ അടുത്തേക്ക് ഒരു പ്രാപ്പിടിയന്‍ താണു വരുന്നത്കണ്ട് അവള്‍ ഭയന്നു പോയി . കിളികള്‍ ചെന്ന് ആ പ്രാപ്പിടിയനോട് പരാതി പറഞ്ഞുകാണുമോ….
.അതിന്റെ കാലിലെ കൂര്ത്ത് നഖങ്ങള്‍ അവളെ തൊട്ടു തൊട്ടില്ല എന്നപോലെയാണ് താഴേക്ക് പറന്നു വന്നത്. പിന്നീടാണവള്‍ കണ്ടത് ഏതോ ഇര താഴെക്കിടന്നത് അത് കൊത്തിയെടുക്കുന്നു.. ഇല്ല… കിളികള്ക്കണങ്ങനെയൊന്നും അവളോട് പ്രതികാരം ചെയ്യാനാവില്ല. അവള്‍ അവരുടെ പ്രിയ കൂട്ടുകാരിയല്ലേ. പക്ഷേ ഇന്ന് വൈകിട്ട് അവരെവിടെ ചേക്കേറും? .അവരവിടം വിട്ടു പോകുമോ..? അവളുടെ ചിന്ത മുഴുവനും അതായിരുന്നു
തിരിച്ചു വീടിനു മുന്നിലെത്തിയ ലതിക സന്തോഷകരമായ ആ കാഴ്ച കണ്ടു കിളികളെല്ലാം കോളാമ്പിച്ചെടിയില്‍ ചേക്കേറിയിരിക്കുന്നു!!അവള്‍ കോളാമ്പിച്ചെടിയുടെ അടുത്തുചെന്നു നോക്കി .പാവങ്ങള്‍… ഒരു പരാതിയുമില്ല. അവള്‍ക്ക് പശ്ചാത്താപം തോന്നി. എത്ര പെട്ടെന്നു അവരെല്ലാം മറന്നു…?
ആശ്വാസത്തോടെ വീടിനുള്ളിലേക്ക് കയറുമ്പോള്‍ ബാലേട്ടന്‍ വന്നിട്ടുണ്ടെന്നു മനസ്സിലായി.ആരുമായോ സംസാരിക്കുന്നതും കേള്‍ക്കാം.ഏതോ അഥിഥികളെത്തിയിരിക്കുന്നു.തിടുക്കത്തില്‍ വീടിനുള്ളിലേക്ക് കയറിയ ലതിക, തടിച്ച കണ്ണാടിക്കകത്തെ അച്ഛന്റെ ചിരിക്കുന്ന കണ്ണുകളും “ലതീ“ എന്ന് കരച്ചിലിന്റെ ശബ്ദത്തില്‍ വിളിച്ചുകൊണ്ടടുത്തേക്കു വരുന്ന അമ്മയുടെ ഇളം നീല സാരിയും മാത്രമേ കണ്ടുള്ളു…..അവള്‍ ഒരു സ്വപ്നാടകയെപ്പോലെ അകത്തേക്കു കടന്നു… കണ്ണീര്‍പ്പാട അവളുടെ കാഴ്ച മറച്ചു..
.അമ്മയുടെ തോളില്‍ കണ്ണടച്ച് തല ചായ്ചുനിന്ന ലതിക കിളികളുടെ ശബ്ദം കേട്ട് കണ്ണു തുറന്നു ജനലിലൂടെ നോക്കി കോളാമ്പിച്ചെടികളുടെ ശാഖകളിലിരുന്ന് സന്തോഷസൂചകമായുള്ള അവരുടെ സംസാരം അവള്‍കേട്ടു.അന്നാദ്യമായി കിളികളുടെ ഭാഷ അവള്‍ക്ക് മനസ്സിലായി..അവരവളോട് ചോദിക്കുന്നു..“ഞങ്ങള്‍ ചെന്നു പറഞ്ഞാല്‍ വരാതിരിക്കാനാവുമോ നിന്റെ അച്ഛനുമമ്മക്കും…?”
@Rosili
റോസാപ്പൂക്കള്‍
കിളികളുടെ ഭാഷ
February 17, 2010
റോസാപ്പൂക്കള്‍
Labels: കഥ
Subscribe to:
Post Comments (Atom)
25 Comments, Post your comment:
സത്യം പറയാലോ...കഥ മനസ്സിനെ ടച്ച് ചെയ്തൂട്ടോ
Great one....
പുതുമയുണ്ട്. അതൊരു വലിയ അശ്വാസമാണ്.
ഒരേ അച്ചിൽ വാർത്ത രചനകളിൽ നിന്നൊരു മോചനം..
അവസാനഭാഗത്ത് സ്വപ്നവും സത്യവും ഇടകലരുന്ന ഭാഗം വളരെ ഇഷ്ടമായി..പ്രകൃതിയോടുള്ള അനുതാപം കഥയ്ക്കു പുതിയ മാനങ്ങൾ
നൽകുന്നു.!!
ലളിതമായ ഭാഷ.. പ്രകൃതിയും കഥയുടെ ഭാഗമാകുന്നതിന്റെ ചന്തം.. ഇഷ്ടമായി..
പ്രകൃതിയും, പരിസ്ഥിതിയും, ജീവനും പരസ്പരം ഇടകലര്‍ന്ന നല്ല കഥ.
ആശംസകള്‍
ജീവിതത്തോട് ചേര്‍ത്തു വച്ച് വായിക്കുമ്പോഴാണ് പ്രകൃതിയെ നാം കൂടുതലറിയുന്നത്.ഈ കിളികളുടെ ഭാഷ പറയുന്നതും പ്രകൃതിദര്‍ശനത്തിലൂന്നിയ ജീവിതം തന്നെ.ആഖ്യാന ശൈലിയിലെ ലാളിത്യം വായന ആസ്വാദ്യകരമാക്കുന്നു.മടുപ്പിക്കുന്ന കഥപറച്ചില്‍ രീതികളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത് കൊണ്ട് വായനക്കാരിലേക്ക് നേരിട്ടിറങ്ങിചെല്ലാന്‍ കഥയ്ക്ക് കഴിയുന്നുണ്ട്.
നല്ലൊരു രചന.
ലളിതം
മനോഹരം..
കഥ രസമുണ്ട്. ജീവിതത്തിലും കിളികളെ നോക്കി നിക്കാറുണ്ടോ ?
കഥ രസമുണ്ട്. കഥാകൃത്തും കിളികളെ നോക്കി നിക്കാറുണ്ടോ? അത്തരം ഒരുത്തനെ പറ്റി ഞാനും
എഴുതിയിട്ടുണ്ട്
ജീവനും പ്രകൃതിയും പരിസരവും ഒത്തുചേര്‍ന്ന കഥ.
നന്നായി.
മനോഹരമായ ഈ കഥപറച്ചില്‍
ലളിതം...അതിസുന്ദരം....
ഇഷ്ടായി ട്ടോ...
കഥ വളരെ നന്നായിരിക്കുന്നു....
ശരിക്കും മനസ്സിൽ തട്ടി...
ആശംസകൾ....
എന്താ പറയുക
ഹൃദയം
മനോഹരം
നന്ദി,
ഏറക്കാടന്‍,ഒറ്റവരിരാമന്‍,ജിഗിഷ്,
പ്രൊമിത്യൂസ്,തെച്ചിക്കോടന്‍,മുരളി,കുമാരന്‍,അരുണ്‍,റാംജി,കൊച്ചുതെമ്മാടി,വീക്കേ,രമണിക.
എന്റെ ബാല്‍ക്കണിയിലെ മുള്ളുമരത്തിന്റെ ശഖകള്‍ മുഴുവനും മരംവെട്ടുകാരന്‍ വെട്ടിയതിന്റെ സങ്കടത്തില്‍ നിന്ന് ജനിച്ചതാണ് ഈ കഥ.കിളികള്‍ കോളാമ്പിച്ചെടിയില്‍ ചേക്കേറിയതും,പ്രാപ്പിടിയനും സംഭവിച്ച കാര്യങ്ങള്‍ തന്നെ
കഥ ഇഷ്ടായീട്ടോ. അഛനും അമ്മയും വന്നല്ലോ.
നല്ല കഥ
ലളിതം സുന്ദരം .
സത്യത്തിൽ ഇത്തരമൊരു വിഷയം കഥയെഴുതാനായി തിരഞ്ഞെടുത്തതിന് ആദ്യം അഭിനന്ദനം. പിന്നെ അതിനോടിഴുകിചേരുന്ന ക്രാഫ്റ്റിനും. ഗ്രെയ്റ്റ്....
കുറച്ചു സമയത്തേക്കെങ്കിലും ലതയുടെയും ലതയുടെ പ്രിയപ്പെട്ട കിളികളുടേതുമായ ആ ലോകത്തു കൂടീ നടന്നതു പോലെ.
നന്ദി ടൈപ്പിസ്റ്റ്,ശ്രീ,അരുണ്‍,റെഞ്ജിഷ്
എനിക്ക് വിഷമം വരുന്നു റോസിലിച്ചേച്ചി.. സത്യമായും.. കിളികളെ ഓര്‍ത്ത്.. എന്റെ കണ്ണ്‍ നിറയുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ..?? വിശ്വസിക്കണം.. സത്യമാണ്.. എനിക്ക് കണ്ണ് നിറയാന്‍ അധികം കാരണമൊന്നും വേണ്ട..
കഥാന്ത്യം ശുഭകരമായത് നന്നായെങ്കിലും ശിഖരങ്ങളില്ലാത്ത മുള്ളുമരം എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്നു..
ചേച്ചീ.. ഈ കഥക്ക് ഞാന്‍ പണ്ടേ കമന്റ് പറഞ്ഞതായിരുന്നു. എങ്കിലും ഒന്നു കൂടി പറയാന്‍ മടിയൊന്നുമില്ല. മനോഹരമായി എഴുതിയ നല്ല കഥ.
വീണ്ടും വായിച്ചു ചേച്ചീ...
ഭാവുകങ്ങൾ!
മനസ്സില്‍ തൊട്ടു ഈ വായന.
Its great!
Post a Comment