സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



അതിര്‍ത്തിത്തര്‍ക്കം

February 23, 2010 Jayesh/ജയേഷ്

ഒരു സന്ധ്യനേരത്ത് വേലായുധനും പൌലോസും കാറ്റ് കൊണ്ടിരിക്കുകയായിരുന്നു. നല്ല ചൂടുള്ള പകലായിരുന്നു അന്ന്. വിയര്‍ക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. വൈകുന്നേരം കുറച്ചാശ്വാസത്തിന്‌ വേണ്ടി ആണുങ്ങള്‍ പുഴയില്‍ കുളിക്കാന്‍ പോയിരുന്നു. വേലായുധനും പൌലോസും അങ്ങിനെ കുളി കഴിഞ്ഞ് വരുന്ന വഴിയിലാണ്‌ കാറ്റ് കൊള്ളാനിരുന്നത്. പുഴയില്‍ നല്ല തിരക്കായിരുന്നു, ബഹളവും . അത് കാരണം അവര്‍ വേഗം കുളി കഴിഞ്ഞ് വന്നു. വേലായുധന്‍ തോര്‍ ത്തിന്റെ അറ്റം പിരിച്ച് ചെവിയില്‍ തിരുകി വെള്ളം വലിച്ചെടുത്തു. അങ്ങിനെ ചെയ്തില്ലെങ്കില്‍ അയാള്‍ക്ക് ചെവി വേദന വരും . പൌലോസിന്‌ അങ്ങനത്തെ പ്രശ്നമൊന്നുമില്ല. തല ഇടത്തോട്ടും വലത്തോട്ടും ചെരിച്ച് ഓരോ തട്ട്. അത്രേയുള്ളൂ.


കുറേ നടന്നതിന്റെ കിതപ്പാറിയിരുന്നു രണ്ടാള്‍ക്കും . അത് കാരണം കുറച്ച് നേരത്തേയ്ക്ക് അവര്‍ ഒന്നും സംസാരിച്ചില്ല. അപ്പുറവും ഇപ്പുറവും കിടക്കുന്ന രണ്ട് പറമ്പുകളില്‍ കൃഷിയായിരുന്നു അവരുടെ തൊഴില്‍ . വാഴയും ഇഞ്ചിയും മാവും പ്ലാവും ഒക്കെയായി പറമ്പുകള്‍ എക്കാലവും ഉണര്‍ന്നിരിക്കും . അതിരാവിലെ എഴുന്നേറ്റ് രണ്ട് പേരും കൈക്കോട്ടെടുത്ത് പണിയ്ക്കിറങ്ങും . എട്ടര, ഒമ്പത് മണി വരെ കിളയ്ക്കലും കുഴിക്കലുമായി പോകും . അപ്പോഴേയ്ക്കും അവരുടേ വീട്ടുകാരത്തികള്‍ കാപ്പിയും പലഹാരവുമായെത്തും . കപ്പയോ കഞ്ഞിയോ വല്ലതും . അത് കഴിച്ച് കുറച്ച് വിശ്രമിച്ച് പിന്നേം പണി തുടരും . ഉച്ചയ്ക്ക് വീട്ടിലേയ്ക്ക് പോയി കുളിച്ച് ഊണ്‌ കഴിഞ്ഞ് ചെറുതായൊന്ന് മയങ്ങി വീണ്ടും പറമ്പിലേയ്ക്ക്. വൈകുന്നേരം ചായ. ഇരുട്ടാവുവോളം പണി. രാത്രി അത്താഴം കഴിഞ്ഞ് കുറച്ച് നേരം ചീട്ട് കളി. ഉറക്കം . ഇങ്ങനെയായിരുന്നു അവരുടെ ദിനചര്യകള്‍ . ഇടയ്ക്ക് സഹായത്തിന്‌ വേലായുധന്റെ മകന്‍ വാസുവും പൌലോസിന്റെ മകന്‍ ജോണിയും എത്തും . അവര്‍ കോളേജില്‍ പഠിക്കുന്നവരാണ്‌. എന്നാലും കൃഷിയിലൊക്കെ വലിയ താല്പര്യവുമാണ്‌. അങ്ങനെ സുഖസുന്ദരമായ ജീവിതമായിരുന്നു അവരുടേത്.

പുഴയില്‍ നിന്നും കുളി കഴിഞ്ഞ് വരുന്നവര്‍ എന്തെല്ലാമോ സം സാരിച്ച് കൊണ്ട് അവരെ കടന്ന് പോയി. അവരെയെല്ലാം അവര്‍ക്കറിയാമായിരുന്നു. എന്നാലും ഒന്നും ചോദിക്കാനും പറയാനും പോയില്ല. വേലായുധന്‍ അര്‍ഥം വച്ച് പൌലോസിനെ നോക്കി. പൌലോസ് ചിരിച്ചു. എന്നിട്ട് പറഞ്ഞു

' എന്നാലും വേലുവണ്ണാ, കാര്യം നമ്മടെ പിള്ളേരൊക്കെയാണെങ്കിലും തന്തയില്ലായ്മയല്ലേ കാണിച്ചത്?'

' ഞാനെന്ത് പറയാനാ പൌലൂ, നമ്മളൊക്കെ വയസ്സന്മാരായില്ലേ. അവര്‍ക്കാണെങ്കി ചെറുപ്പോം . ഇപ്പഴ്ത്തെ ചെറുപ്പക്കാര്‌ടെ വിചാരൊന്നും നമ്മുക്ക് പിടികിട്ട്വോ'

' അതും സെരിയാണ്‌. പക്ഷേ ആരാ ആ വേലി പൊളിച്ച് മാറ്റിക്കെട്ട്യതെന്നാ ഇപ്പഴും മനസ്സിലാകാത്തേ' നമ്മള്` തലേന്ന് രാത്രി പോകണ വരെ അതിനൊരു കൊഴപ്പോം ഇല്ലാരുന്നല്ലോ'

' അതിന്‌ പിറ്റേന്ന് ഉച്ചയ്ക്കല്ലേ പ്രശ്നം തുടങ്ങ്യേ. അത് വരെ നമ്മളാരും അത് നോക്കീതുമില്ല. നിന്റെ പറമ്പിലെ ആ പത്ത് വാഴ വാസു വന്ന് വെട്ട്യപ്പോഴല്ലേ നമ്മള്‌ തന്നെ കാര്യം അറീണത്'

' ങ്ഹാ..അവന്‍ കാണിച്ചത് തനി പോക്രിത്തരമായിപ്പോയി വേലുവണ്ണാ, ന്റെ മുമ്പില്‌ വച്ചാ അവന്‍ അത് ചെയ്തത്. അത്രേം നാളും അപ്പച്ചാന്നല്ലേ അവനെന്നെ വിളിച്ചിട്ടുള്ളൂ, എന്നിട്ട് ഒടുക്കം കള്ളനസ്രാണീന്ന് വരെ വിളിച്ചു അവന്‍ '

' അവനെ മാത്രം എന്തിനാ പറേണേ, ജോണിക്കുട്ടി എന്നെ വിളിക്കാത്ത തെറിണ്ടാ? ന്റെ ചങ്ക് മരവിച്ച് പോയി. അവന്റെ കണ്ണൊക്കെ ചൊകന്ന് പോയിരുന്നു. ഹോ, ഇപ്പഴും ഓര്‍ക്കുമ്പം നെഞ്ചിലെരിച്ചിലാ'

' ജോണിക്കുട്ടി നിവൃത്തില്ലാഞ്ഞിട്ടല്ലേ അങ്ങിനെയൊക്കെ ചെയ്തത് വാസുവണ്ണാ, അല്ലെങ്കിത്തന്നെ വാസൂന്റെ അന്നേരത്തെ കാട്ടായം കണ്ടപ്പോ എനിക്കും അവനിട്ട് രണ്ടെണ്ണം പൊട്ടിക്കണം ന്ന് തോന്നീതായിരുന്നു.'

' വളര്‍ത്ത് ദോഷം എന്നല്ലാണ്ടെന്താ പറയാ? '

വേലായുധന്‍ അത്രയും പറഞ്ഞ് അകലത്തേയ്ക്ക് കണ്ണ്‌ പായിച്ചു. ഇരുട്ട് കനത്തിരുന്നു. അന്തരീക്ഷം തണുത്ത് തുടങ്ങിയിട്ടുണ്ട്. ദീപാരാധന കഴിഞ്ഞ് അമ്പലത്തില്‍ നിന്ന് പൂജാരിയും ഷാരോടിയും തിരിച്ച് വരുന്നുണ്ടായിരുന്നു. അവര്‍ ടോര്‍ച്ച് തെളിച്ച് കൊണ്ടാണ്‌ വരുന്നത്. ആ വഴി അത്ര നല്ലതല്ല. ഇരുട്ടായാല്‍ കാല്‌ തെറ്റാതെ നടക്കാന്‍ പ്രയാസമാണ്‌. പോരാത്തതിന്‌ ഇഴജന്തുക്കളും കാണും . ഇന്നാളൊരിക്കല്‍ പാമ്പ് കടിച്ച് മരിച്ച് പാപ്പച്ചനെ അടുത്തുള്ള സെമിത്തേരിയിലാണ്‌ അടക്കം ചെയ്തിട്ടുള്ളത്. അന്ന് അവന്റെ ശവം കാണാന്‍ അവര്‍ പോയിരുന്നു. ഭീകരമായിരുന്നു കാഴ്ച. ദേഹമാകെ നീലിച്ച്, കണ്ണ്‌ തുറിച്ച് ഒരു മാതിരി കിടപ്പ്. ഇപ്പോഴും അതോര്‍ക്കുമ്പോള്‍ വേലായുധന്‌ ആധികേറും .

അന്ന് നടന്ന സം ഭവങ്ങള്‍ ഓര്‍ക്കുകയായിരുന്നു പൌലോസ്. പതിവില്ലാതെ വീട്ടില്‍ പോയി പ്രാതല്‍ കഴിക്കുകയായിരുന്നു അന്ന്. കുറേ നേരം കഴിഞ്ഞപ്പോള്‍ പറമ്പില്‍ അടി നടക്കുന്നെന്ന് പറഞ്ഞ് ആരോ വന്നു. വേലായുധനേയും കൂട്ടി അവിടെ ചെന്നപ്പോള്‍ മുട്ടന്‍ വഴക്കാണ്‌ വാസുവും ജോണിക്കുട്ടിയും തമ്മില്‍ . നോക്കിയപ്പോള്‍ പൌലോസിന്റെ പറമ്പിലെ എട്ട് പത്ത് വാഴകള്‍ വെട്ടിയിട്ടിരിക്കുന്നു. വാസുവിന്റെ കൈയ്യിലെ വാക്കാത്തിയില്‍ വാഴക്കറ ഇറ്റുന്നുണ്ടായിരുന്നു. ജോണിക്കുട്ടി തന്റെ ആളുകളേയും കൂട്ടി വാസുവിനെ നേരിടാനുള്ള പുറപ്പാടാണ്‌. സംഭവം മൂക്കുന്നതിന്‌ മുന്നേ വേലായുധന്‍ വാസുവിനെ അടക്കി. പൌലോസ് ജോണിക്കുട്ടിയേയും . കാര്യം അന്വേഷിച്ചപ്പോഴാണ്‌ എല്ലാം വ്യക്തമായത്. പൌലോസിന്റെ വേലി വേലായുധന്റെ പറമ്പ് കൈയ്യേറിയിരിക്കുന്നു.

അത് ജോണിക്കുട്ടി ചെയ്തതാണെന്നാണ്‌ വാസു പറയുന്നത്. അങ്ങിനെ ഒന്ന് താനറിഞ്ഞിട്ട് പോലുമില്ലെന്ന് ജോണിക്കുട്ടി. ആകെ കുഴപ്പത്തിലായത് വേലായുധനും പൌലോസും . അവര്‍ മക്കളെ വീട്ടിലേയ്ക്കയച്ച് ഒത്ത് തീര്‍ പ്പാക്കി. പിന്നെ ജോണിക്കുട്ടിയും വാസുവും കണ്ടാല്‍ കീരിയും പാമ്പും പോലെയായി. എപ്പോഴും അടിപിടി തന്നെ. അവരുള്ളപ്പോള്‍ സമാധാനമായിട്ട് പറമ്പില്‍ പണി ചെയ്യാന്‍ പറ്റാത്ത അവസ്ഥ. അത് കൊണ്ടൊന്നും അവരുടേ ചങ്ങാത്തത്തിന്‌ ഇടിവൊന്നും സം ഭവിച്ചില്ലായിരുന്നു. അവര്‍ പതിവ് പോലെ ഒന്നിച്ച് പണി ചെയ്യുകയും ഒന്നിച്ച് പുഴയില്‍ കുളിക്കാന്‍ പോകുകയും എല്ലാം തുടര്‍ന്നു.

എന്നിട്ടൊരു ദിവസം .. വേലായുധന്‍ ഓര്‍ ക്കുകയായിരുന്നു….

പണി കഴിഞ്ഞ് കുറച്ച് വൈകിയിട്ടാണ്‌ അയാള്‍ വീട്ടിലേയ്ക്ക് തിരിച്ചത്. പൌലോസ് നേരത്തേ തന്നെ പോയിരുന്നു. നല്ല ഇരുട്ടായിരുന്നു. ഒരിടവഴിയില്‍ വച്ച് എന്തോ ശബ്ദം കേട്ട് നിന്നു. ആരുടേയോ കാല്പ്പെരുമാറ്റമായിരുന്നു. ആരാണെന്ന് ചോദിച്ചിട്ട് ഉത്തരമില്ല. പെട്ടെന്ന് മുഖത്തേയ്ക്ക് ആരോ ടോര്‍ച്ചടിച്ചു. പിന്നെ കുറേപ്പേര്‍ ഓടിയടുക്കുന്ന ശബ്ദം . അടിവയറ്റില്‍ കത്തി കയറിയിറങ്ങുന്ന ഉരസല്‍ . എല്ലാം പെട്ടെന്ന് കഴിഞ്ഞു.

' എന്നാലും പൌലൂ, എനിക്കിപ്പഴും വിശ്വസിക്കാന്‍ കഴിയണില്ല..ജോണിക്കുട്ടി അങ്ങനെ ചെയ്യുമായിരുന്നെന്ന്. എന്നെ കൊല്ലാന്‍ മാത്രം ദേഷ്യം ഉണ്ടായിരുന്നോ അവന്? '

' ഹും ..എനിക്കും അറിയില്ല. വേലുവണ്ണനെ കുത്തിയ വിവരം അറിഞ്ഞ് ഞാന്‍ അങ്ങോട്ട് വരാനിരുന്നതായിരുന്നു. ജോണിക്കുട്ടി സമ്മതിച്ചില്ല. മരിച്ചതറിഞ്ഞിട്ട് പോലും ഒന്ന് കാണാന്‍ സമ്മതിച്ചില്ല. വാസുവാണെങ്കി എന്നെ ഒറ്റയ്ക്ക് കിട്ടാന്‍ കാത്തിരിക്കാരുന്നില്ലേ.'

'ഹും ..വാസു നിന്നെ കൊല്ലുമെന്ന് എനിക്കറിയാമായിരുന്നു. '

' ഹൊ..അതൊരു ഒടുക്കത്തെ പണിയായിപ്പോയി. ലോറിം ഓടിച്ച് അവന്റെ വരവ് കണ്ടപ്പോത്തന്നെ എനിക്ക് മനസ്സിലായിരുന്നു, പണി തീര്‍ന്നെന്ന്. ചതച്ചരച്ച് കളഞ്ഞില്ലേ എന്നെയവന്‍ !'

' എന്നിട്ടെന്തായി, രണ്ടും ഇപ്പഴും തമ്മിത്തല്ലി നടക്കണൂ'

‘അവള്‍ ടെ കാര്യം ഓര്‍ ക്കുമ്പഴാ ഒരു വെഷമം !’

‘ഉം ..എനിക്കും അതാ ‘

പൌലോസ് ഒരു ദീര്‍ഘനിശ്വാസത്തോടെ മൂളി

നേരം നന്നേ ഇരുട്ടിയിരുന്നു. വീടുകളില്‍ വിളക്കുകള്‍ അണയാന്‍ തുടങ്ങി. വേലായുധന്‍ തോര്‍ ത്ത് തലയില്‍ കെട്ടി എഴുന്നേറ്റു. പൌലോസും . അപ്പോള്‍ ആരോ വരുന്നത് കണ്ടു

' അല്ലാ ചേട്ടന്മാരേ, നിങ്ങളിവിടെരിക്കാരുന്നാ? ഞാന്‍ അന്വേഷിക്കാത്ത സ്ഥലൂല്ല. രാത്രി സമയത്ത് ആളോളെ പേടിപ്പിക്കാന്‍ നിക്കാതെ പോയിക്കിടന്നൊറങ്ങാന്‍ നോക്ക്'

പാമ്പ് കടിച്ച് മരിച്ച പാപ്പച്ചനായിരുന്നു അത്.

20 Comments, Post your comment:

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayittundu............ aashamsakal......

Martin Tom said...

ഉഗ്രന്‍ കഥ.
മരിക്കാത്ത സൌഹൃദത്തിന്റെ തിരുശേഷിപ്പുകള്‍....

മുരളി I Murali Mudra said...

അതിര്‍ത്തികളില്ലാത്ത ബന്ധത്തിന്റെ കഥ..
ഇങ്ങനെ ഒരുപാട് പേര്‍ നമുക്കിടയിലിരുന്നു പലതും ചര്‍ച്ച ചെയ്യുന്നുണ്ടാവും അല്ലെ?? ഒരുപക്ഷേ ജീവിച്ചിരിക്കുമ്പോഴുള്ളതിനേക്കാളും കാഴ്ചയും കേള്‍വിയും മരിച്ചു കഴിയുമ്പോഴാവും കൈവരുന്നത്.
കഥ കൊണ്ടുചെന്നവസാനിപ്പിച്ച അവസാന വരി അതിഗംഭീരമായി.
നല്ല ക്രാഫ്റ്റ്‌..

Manoraj said...

അവസാന വരിയിലേക്ക്‌ കഥയുടെ അച്ചുതണ്ട്‌ ഒളിപ്പിച്ച്‌ വച്ചു. മനോഹരമായ കൈയൊതുക്കം വെളിവാക്കുന്നു..

Manoraj said...

അവസാന വരിയിലേക്ക്‌ കഥയുടെ അച്ചുതണ്ട്‌ ഒളിപ്പിച്ച്‌ വച്ചു. മനോഹരമായ കൈയൊതുക്കം വെളിവാക്കുന്നു..

mini//മിനി said...

ജീവിച്ചിരിക്കുമ്പോൾ നിർമ്മിക്കുന്ന മതിലുകളും വേലികളും മരണശേഷം തകർന്ന് വീഴുന്നു. നല്ല കഥ.

റോസാപ്പൂക്കള്‍ said...

നല്ലൊരു കഥ.ഒരു സധാരണ കഥ എന്നാണ് വായിച്ചു തുടങ്ങിയപ്പോള്‍ തോന്നിയത്.
തീരെ പ്രതീക്ഷിക്കാത്ത രീതിയില്‍ അവസാനിപ്പിച്ചതിന് അഭിനന്ദനങ്ങള്‍

Unknown said...

മരിച്ചാലും തീരാത്ത നല്ല സൌഹൃദത്തിന്റെ ഒരു നല്ല കഥ

JIGISH said...

പ്രമേയം അതിസാധാരണമെങ്കിലും
അവതരണത്തിലെ പുതുമ ശ്രദ്ധേയം..!
മരിക്കാത്ത സൌഹൃദത്തിന്റെ ഓര്‍മ്മയ്ക്ക്..

KS Binu said...

ഹഹഹ... കൊള്ളാം.. നല്ല കഥ.. സരസമായും ലളിതമായും പറഞ്ഞിരിക്കുന്നു.. ലാഘവത്വത്തോടെ വായിച്ച് പോവാന്‍ കഴിഞ്ഞു.. മരിക്കുമ്പോള്‍ വെട്ടിപ്പിടിച്ചതെന്തെങ്കിലും കൊണ്ടുപോവുന്നുണ്ടോ അല്ലേ..?? സ്നേഹം മാത്രം ശേഷിക്കുന്നു..

Renjishcs said...

സൗഹ്യദം അതിന്റെ പരിമിതികളെയെല്ലാം തകര്‍ത്തെറിഞ്ഞ് മുന്നേറുന്ന സുന്ദരമായ കാഴ്ച...........

ഗുഡ് വണ്‍.......

Jayesh/ജയേഷ് said...

വായിക്കാനും അഭിപ്രായം അറിയിക്കാനും ക്ഷമ കാണിച്ച എല്ലാവര്‍ക്കും നന്ദി

പ്രൊമിത്യൂസ് said...

ലളിതം, സുന്ദരം..

തൂവലാൻ said...

തുടക്കത്തിൽ വളരെ ഗൌരവത്തോട് കൂടി വായിച്ച്പോന്നു.പിന്നെ ഇടയ്ക്ക് ഗൌരവം കുറച്ച് കുറഞ്ഞത് പോലെ തോന്നി.പക്ഷെ അവസാ‍നം എത്തിയപ്പോൾ ആണ് മനസ്സിലായത്,കഥയുടെ ശരിക്കുമുള്ള ഗൌരവം....തീർച്ചയായും അഭിനന്ദനമർഹിക്കുന്ന കഥ.

jayanEvoor said...

രസകരം.
അവസാനത്തെ ട്വിസ്റ്റ് നന്നായി.

രാജേഷ്‌ ചിത്തിര said...

കിടുക്കന്‍ കഥ ജയേഷേ

ഏകതാര said...

തീരെ സാധാരണമായ ഒരു കഥ മാത്രമായിരുന്നു ,അവസാന പാരഗ്രാഫ് വരെ.
അവസാന വരികള്‍ അതിനെ അസാധാരണവും സുന്ദരവും ആക്കി മാറ്റി.
അഭിനന്ദനങ്ങള്‍.

Anonymous said...

കഥ കലക്കി കട്ടിലൊടിച്ചു ട്ടോ....
പാപ്പച്ചനെ പറ്റി പറഞ്ഞപ്പോ കരുതിയില്ല,
പാപ്പച്ചനാ വന്ന് കഥ തീര്‍ക്കുവാ എന്ന്.....
മനോഹരമായ അവതരണം...

ഇഷ്ടായി.....

Anonymous said...

ഉപയോഗിച്ച് പഴകിയ technique ആയിപ്പോയി .. അതിനു വേണ്ടി മാത്രം ഒരു അതിര്‍ത്തി തര്‍ക്കം കഥ പറയേണ്ടായിരുന്നു..

Jayesh/ജയേഷ് said...

ellavarkkum nandi..

anony- svantham peril ithu parayaamayirunnu. athra valiya kuttamonnumalla paranjathu..nandi

( ilamozhi thurakkan pattunnilla..athu kondaanu manglish..kahsamikkuka)