സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



മരണാനന്തരം

March 01, 2011 ദീപുപ്രദീപ്‌

ഞാന്‍ മരിച്ചു.
ആരും കരഞ്ഞില്ല.
വാഴയിലയ്ക്ക് ആളു പോയെങ്കിലും, എന്‍റെ നീളമുള്ള വാഴയില കിട്ടിയില്ല.
പിന്നെ കുറേപേര്‍ക്ക് വേണ്ടത് ഒരു മാവായായിരുന്നു,എനിക്ക് ചിതയൊരുക്കാന്‍. അക്കൂട്ടര്‍ പറമ്പിലേക്കിറങ്ങിനോക്കി,മാവും കണ്ടില്ല.
പക്ഷെ, ഇന്നലെ 'ജീവനോടെയുള്ള ഞാന്‍'എഴുതിയ ഒരു കുറിപ്പുകണ്ടു.
"നാളെ... ഞാന്‍ മരിക്കും....
തെക്കേമുറിയിലെ താക്കോലുകളഞ്ഞുപോയ അലമാറ കുത്തിത്തുറക്കണം.അതില്‍ നിറയെ ഞാനെഴുതി മുഴുമിപ്പിക്കാതെവെച്ച കഥകളാണ്‌.ആ കടലാസുകെട്ടുകള്‍ പുറത്തെടുത്ത് അതുകൊണ്ടെനിക്കൊരു ചിതയൊരുക്കണം.ഞാന്‍ എരിഞ്ഞടങ്ങേണ്ടത് ആ തീയിലാവണം."
ആരോ അതു ചെയ്തു.
കണ്ടുനിന്നവരാരും തടയാന്‍ പോയില്ല."മാവു ലാഭം!"
എന്‍റെ ചിത കത്തിത്തുടങ്ങി.
അന്തരീക്ഷത്തില്‍, കാലങ്ങളായി ആ വെള്ളകടലാസുകളില്‍ ഞാന്‍ ഒഴുക്കിക്കളഞ്ഞിരുന്ന മഷിയുടെ ഗന്ധം പരന്നു. സാമ്പ്രാണിപുകയ്ക്ക് മണമില്ലാതായി.
ആ കടലാസുകൂംബാരത്തില്‍ ഞാന്‍ വേവുമ്പോള്‍ എല്ലാവരും ഒരു കരച്ചില്‍ കേട്ടു.
അതെന്‍റെതായിരുന്നില്ല, എന്നെ പൊതിഞ്ഞുകിടന്ന എന്‍റെ കഥാപാത്രങ്ങളുടേതായിരുന്നു. ഞാന്‍ ജീവന്‍ കൊടുത്തിട്ടും വളര്‍ത്താതിരുന്ന ഭ്രൂണങ്ങളുടെ അവസാനത്തെ കരച്ചില്‍.
ഇതിനുമുന്‍പും അവര്‍ കരഞ്ഞിട്ടുണ്ട്.
എത്രയോ രാത്രികളില്‍, കാലുകള്‍ മേശപ്പുറത്തേക്കു നീട്ടിവെച്ച്, റെറ്റിങ്ങ്പാഡ് തുടയില്‍ അമര്‍ത്തിവെച്ച്, പുതിയ കഥയുടെ ബീജത്തിനായി കണ്ണടയ്ക്കുമ്പോള്‍, ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു ഇതേ കരച്ചില്‍.
ആ കരച്ചില്‍ എനിക്കൊരാസക്തിയായിരുന്നു. മരിച്ചിട്ടും ഞാനടിമപെട്ടിരിക്കുന്ന ലഹരി! അതുകൊണ്ടാണെന്‍റെ ചിത ഇങ്ങനെയായത്.

ആ കരച്ചില്‍ നിലവിളികളായി.
ആ നിലവിളികേട്ട ആരോഒരാള്‍ ചിതയിലേക്ക് വെള്ളമൊഴിച്ചു.
എന്‍റെ ചിത കെട്ടു.
കരിയാന്‍ തുടങ്ങിയ എന്‍റെ കഥാപാത്രങ്ങളെയെല്ലാം അയാള്‍ എന്നോട് ചോദിക്കാതെ വാരിയെടുത്തുകൊണ്ടുപോയി.
കൂടിനിന്നവര്‍ കഷ്ടം വെച്ച് പിരിഞ്ഞുപോയി. പാതിവെന്ത ഞാന്‍ മാത്രം ബാക്കിവന്നു.
ചോര വറ്റിയ, മാംസം കരിഞ്ഞുതീരാത്ത, എന്‍റെ ശവം ആ നനഞ്ഞ മണ്ണില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍, ദൂരെ എന്‍റെ ഭ്രൂണങ്ങള്‍ ചിരിക്കുന്നതു ഞാന്‍ കേട്ടു.
അവര്‍ക്കീ കാഴ്ച്ച ഒരു ലഹരിയായിയിരുന്നിരിക്കണം.


ദീപുപ്രദീപ്
www.deepupradeep.wordpress.com

15 Comments, Post your comment:

SHANAVAS said...

Good story.I enjoyed it.expecting more such imaginations.
best regards.

റോസാപ്പൂക്കള്‍ said...

ചെറുതെങ്കിലും മനോഹരമായി എഴുതിയ കഥ

റോസാപ്പൂക്കള്‍ said...
This comment has been removed by the author.
നിശബ്ദവീണ said...

നന്നായിട്ടുണ്ട്

ദീപുപ്രദീപ്‌ said...

SHANAVAS, റോസാപൂക്കള്‍ , നിശബ്ദവീണ : നന്ദി

Minesh Ramanunni said...

ദീപു കൊള്ളാം, നന്നായിട്ടുണ്ട്.
ഇനിയും എഴുതുക. ആശംസകള്‍

Kalavallabhan said...

കണ്ടുനിന്നവരാരും തടയാന്‍ പോയില്ല."മാവു ലാഭം!"

abith francis said...

മനോഹരം..ഞാന്‍ എവിടെയോ വായിച്ചതോര്‍ക്കുന്നു...രചയിതാവിന്റെ മരണശേഷം മാത്രം പുറംലോകം കാണുന്ന കുറെ രചനകളെക്കുറിച്ച്...നന്നായിട്ടുണ്ട്...

മഴനിലാവ് said...

തിരിച്ചറിയപ്പെടാതെ പോയ ഒരു കലാകാരന്റെ നൊമ്പരം...,തന്നോടൊപ്പം തൂലിക പകര്‍പ്പുകളെയും കൊണ്ടുപോയി അയാള്‍.
കൊള്ളാം ദീപു ..ആശംസകള്‍.

ദീപുപ്രദീപ്‌ said...

@ Minesh R Menon :നന്ദി

@ abith francis :അയ്യോ , ഇത് മോക്ഷണമൊന്നുമല്ല ട്ടൊ. ഞാന്‍ എഴുതിമുഴുമിപ്പിക്കാതെ വെച്ച എന്റെ കഥകളുടെ എണ്ണം എന്നെ തന്നെ അദ്ഭുതപെടുത്തി. വായിച്ചു നോക്കിയപ്പോള്‍ ഇതൊക്കെ ഞാന്‍ തന്നെ എഴുതിവെച്ചതാണോ എന്നാശ്ചര്യം.
അപ്പൊ തോന്നിയ ഒരു കഥയാണ്‌.നന്ദി.

@ മഴനിലാവ് by Lee :നമുക്കീ ഭൂമിയില്‍നിന്ന് ഒന്നും തന്നെ കൊണ്ട്പോകാനാവില്ല.നന്ദി.

abith francis said...

@ദീപു...അയ്യോ,ഞാന്‍ അങ്ങനെയല്ല ഉദേശിച്ചത്‌...എവിടെയോ കേട്ടിരുന്നു ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച്...ദീപു അത് കഥയാക്കിയപ്പോള്‍ മനോഹരമായി എന്നാണ് ഞാന്‍ പറഞ്ഞത്...ശെരിക്കും നമ്മുക്ക് ഉണ്ടായ അനുഭവങ്ങള്‍ മറ്റൊരാളുടെ വാക്കുകളില്‍ കേള്‍ക്കുമ്പോള്‍ തോന്നുന്ന ഒരു ഫീലിങ്ങ്സ്‌ ഇല്ലേ...ഞാന്‍ അതായിരുന്നു പറയാന്‍ ശ്രമിച്ചത്..തെറ്റിദ്ധരിച്ചതില്‍ സോറി ട്ടോ...ഒരിക്കല്‍ക്കൂടി പറയുന്നു...മനോഹരം..

ഏറനാടന്‍ said...

നന്നായിട്ടുണ്ട്.

നികു കേച്ചേരി said...

നല്ല അവതരണ ശൈലി.
ആശംസകൾ.

ഋതു said...

very good

ദീപുപ്രദീപ്‌ said...

@ abith:വളരെ നന്ദി അബിത്ത്.എന്റെ കഥകളിലേക്ക് ഇനിയും താങ്കളുടെ വിലപ്പെട്ട കമന്റുകള്‍ ക്ഷണിക്കുന്നു.

@ ഏറനാടന്‍ , nikukechery, arathikrishna : നന്ദി