ശേഖരന്‍ മാഷിന്റെ വീടിന്റെ ഗേറ്റിലെത്തുമ്പോള്‍ സുധാകരന്‍ അകത്തേയ്ക്ക് നോക്കി ഒന്നു നിന്നു..മുറ്റത്ത് അവിടിവിടെയായി കൂട്ടം കൂടി ആളുകള്‍ നില്‍പ്പുണ്ട് ..
തണ്ടാന്‍ മാധവനും മറ്റും ചിലരും കൂടി കുഴികുത്തി നാട്ടിയ തൂണുകളിലായി ടാര്‍പ്പാള്‍ വലിച്ച് കെട്ടാനുള്ള ശ്രമമാണ് ..അയാള്‍ ഗേറ്റിന്റെ ഓടാമ്പല്‍ നീക്കി പതുക്കെ അകത്തേയ്ക്ക് നടന്നു..മുറ്റത്തെത്തിയപ്പോള്‍ ചില പരിചിത മുഖങ്ങള്‍ മരണ വീടുകളിലെ കണ്ടു മുട്ടലുകളില്‍ പങ്ക് വെയ്ക്കാറുള്ള സ്ഥിരം വിഷാദ ഭാവം ആയാസ രഹിതമെന്യേ കൈമാറി .
"ങ്ഹാ ..സുധാകരന്‍ എത്തിയതേയുള്ളൂ ?"
പിന്നില്‍ നിന്നുള്ള ചോദ്യം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി .
ചുമലില്‍ കൈ വെച്ച് കൊണ്ട് വാസുദേവനാശാരി .
"അതേ വാസുവാശാരി ...ഞാന്‍ നമ്മുടെ തേങ്ങാക്കാരന്‍ ഗോപിയെ തിരക്കിയിറങ്ങിയതാ ..അപ്പൊഴാ വീട്ടീന്ന് രമ മൊബൈലില്‍ വിളിച്ച് കാര്യം പറയണെ ..
ശരിക്കും എപ്പഴാരുന്നു ..കാലത്തോ... അതോ രാത്രി തന്നോ.. ?"
"കൃത്യമായി അറിയില്ല സുധാകരാ .. രാത്രീന്നും ..കാലത്തൂന്നുമൊക്കെ പറഞ്ഞു കേള്‍ക്കുന്നുണ്ട് ...രണ്ടുപേരും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ ..?"
"അല്ലാ താനും മാഷും നല്ല കൂട്ടല്ലേ ..ഞാന്‍ കരുതി തന്നെയാദ്യം അറിയിച്ചു കാണൂന്നാ?"
"ഞാന്‍ അവസാനം വന്നത് ഒരാഴ്ച മുന്‍പാ..അന്ന് ഇളേ മോള് ലതികേം അതിന്റെ കുട്ടീം വന്നിട്ടുണ്ടാരുന്നു ...പെന്‍ഷന്‍ വാങ്ങാന്‍ ട്രഷറീ പോയി കാത്തുകെട്ടിക്കിടക്കാന്‍ വയ്യാണ്ടായെന്നും അതോണ്ട് ബൈ പോസ്റ്റാക്കാന്‍ അപേക്ഷ കൊടുക്കാന്‍ പോവാണെന്നുമൊക്കെ പറഞ്ഞിരുന്നു .."
സുധാകരന്‍ എന്തോ ഓര്‍ക്കുന്ന പോലെ പറഞ്ഞു നിര്‍ത്തി ..
"മം ..മക്കള് മൂന്നും പലടത്തായി ചിതറിക്കിടക്കുവാ...എളേ പെങ്കൊച്ചിനെ ഇപ്പോഴും കണ്ണിനു കണ്ടൂടാ ..പിന്നെ അതിടയ്ക്കു എതിര്‍പ്പ് വകവെയ്ക്കാതെ തള്ളേ കാണാന്‍ വന്നോണ്ടിരുന്നെന്നെയുള്ളൂ ...ഇനീപ്പോ മുറു മുറുപ്പു കാണിച്ചിട്ട് കാര്യമൊന്നുമില്ല ..അവസാന കാലത്ത് നോക്കാന്‍ അതേ കാണൂന്നാ തോന്നണേ ..!!"
സുധാകരന്‍ അതിനും മറുപടിയൊന്നും പറഞ്ഞില്ല ..
"എന്നാ നീ അകത്തോട്ടു ചെല്ല് ഹാളിലാ കിടത്തിയേക്കുന്നെ ...മാഷും അവിടെ തന്നുണ്ടെന്നു തോന്നുന്നു..ഞാനാ കരയോഗം സെക്രട്ടറിയെ ഒന്നു കാണട്ടെ..കോടി ഇടുന്നോരുടെ ലിസ്റ്റ് ഉണ്ടാക്കണം "
വാസുവാശാരി നടന്നു പോയിട്ടും സുധാകരന്‍ അവിടെ തന്നെ നിന്നു ..
'അകത്തേയ്ക്ക് കയറാന്‍ ഒരു മടിപോലെ ..മാഷിനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും ..അയാള്‍ക്ക് ആകെ ഒരു അങ്കലാപ്പ് തോന്നി ..മടിച്ച് മടിച്ച് അകത്ത് കടന്നു...ഹാളില്‍ ഒരു കോണിലായി മൃതദേഹം കിടത്തിയിരുന്നു..തലയ്ക്കല്‍ കത്തിച്ചു വെച്ച നിലവിളക്കും ചന്ദനത്തിരിയുമെരിയുന്നുണ്ടായിരുന്നു..
മരിച്ച വീട്ടില്‍ എരിയുന്ന ചന്ദന തിരിയ്ക്ക് ഒരു പ്രത്യേക വാസനയാണെന്ന് അയാളോര്‍ത്തു ...ചിലപ്പോള്‍ സന്ധ്യാ നേരത്ത് വീട്ടിലെ ഉമ്മറത്തു നില്‍ക്കുമ്പോഴും ഇതേപോലെ തോന്നാറുണ്ട് ..'
അയാള്‍ ചിന്തകളില്‍ നിന്നുണര്‍ന്നു ചുറ്റും നോക്കി ..മാഷിനെ അവിടെങ്ങും കാണാനില്ല ..
അടുത്ത ചില ബന്ധുക്കള്‍ അകത്തേയ്ക്കും പുറത്തേയ്ക്കും നടക്കുന്നുണ്ട് ...
അയാള്‍ തൊട്ടടുത്ത് നിന്ന കണ്ടുപരിചയമില്ലാത്ത ഒരാളോട് അന്വേഷിച്ചു ...
"ശേഖരന്‍ മാഷ്..............."
"ഇത്ര നേരം ഇവിടിരിപ്പാരുന്നു ..ദാ ഇപ്പൊ അകത്തു കൊണ്ടോയ് കെടത്തിയേയുള്ളൂ .."
അയാള്‍ അകത്തേയ്ക്ക് ചൂണ്ടി പറഞ്ഞു..
"ഇപ്പോള്‍ കാണണോ? അതോ പിന്നെപ്പോഴെങ്കിലും എല്ലാം ഒന്നു ശാന്തമായിട്ട്........ശ്ശെ ..എന്നാലും ഈ അവസ്ഥയില്‍ ഒന്നു കാണാതെ പോയാല്‍ ............?"
സുധാകരന്റെ മനസ്സ് പല വഴികളിലും സഞ്ചരിച്ചു ..
ഒടുവില്‍ മാഷിന്റെ മുറിയിലേക്ക് തന്നെ ചുവടു വെയ്ക്കുമ്പോള്‍ ആദ്യം പറയണ്ട വാക്കിനായ് പരതുന്നതിനിടയില്‍ അയാളുടെ നാവ് വരണ്ടു തുടങ്ങിയിരുന്നു ..
അകത്തു ചെല്ലുമ്പോള്‍ ശേഖരന്‍ മാഷ് ചുമരിലേക്കു നോക്കി കണ്ണു തുറന്ന് കിടക്കുകയായിരുന്നു .സുധാകരന്‍ അടുത്ത് ചെന്ന് പതുക്കെ കൈകളില്‍ പിടിച്ചു ..മാഷ് തല ചരിച്ച് അയാളെ നോക്കി..
കാണെക്കാണേ മാഷ് വിതുമ്പുന്നതായി അയാള്‍ക്ക് തോന്നി ...സുധാകരന്‍ ശബ്ദമില്ലാതെ പലതും പറഞ്ഞു ..താന്‍ പെട്ടെന്നൊരൂമയായത് പോലെ അയാള്‍ക്ക് തോന്നി ...
"സു..ധാ..കരാ....
ഒടുവില്‍ മൌനത്തിന്റെയും വിതൂമ്പലുകളുടെയും ഇടവേളയില്‍ ഒരു വാക്ക് വിറച്ച് വീണു ..
"മാഷേ ......"
അയാള്‍ തോര്‍ത്ത് കൊണ്ട് മാഷിന്റെ കണ്ണു തുടച്ചു ..
പിന്നെയും എത്ര നേരം അവിടെയിരുന്നൂന്ന് അറിയില്ല ...ചില ബന്ധുക്കളും പരിചയക്കാരും മുറിയിലേക്ക് വന്ന സമയം നോക്കി സുധാകരന്‍ മുറി വിട്ടു പുറത്തിറങ്ങി..മക്കളെല്ലാം വൈകുന്നേരത്തോ ടെയെ എത്തൂന്ന് കൂടി നിന്നവരുടെ സംസാരത്തില്‍ നിന്ന് അയാള്‍ മനസ്സിലാക്കി...അപ്പോള്‍ അടക്കം മിക്കവാറും സന്ധ്യയായേക്കും ..സുധാകരന് അവിടെ നില്‍പ്പുറച്ചില്ല. പരിചയക്കാരുടെ ചോദ്യങ്ങള്‍ക്ക് വൈകിട്ട് വരാന്നു പറഞ്ഞൊഴിഞ്ഞു ...
വീട്ടിലെത്തി ചാരു കസേരയില്‍ മലര്‍ന്നു കിടക്കുമ്പോഴും സുധാകരന് വല്ലാത്ത അസ്വസ്ഥത തോന്നി ..തലയ്ക്കു വല്ലാത്ത ഭാരം പോലെ ...ആ കിടപ്പില്‍ അയാള്‍ തെല്ലു നേരം മയങ്ങി ..രമ വന്നു തട്ടി വിളിച്ചപ്പോഴാണ് ഞെട്ടിയുണര്‍ന്നത് ..
"ഇതെപ്പോഴാ വന്നത് ...എപ്പൊഴ ത്തെയ്ക്കാ അടക്കം ..?"
"വൈകിട്ടെ കാണൂന്നാ തോന്നുന്നെ .."
അയാള്‍ കണ്ണു തിരുമ്മി ക്കൊണ്ട് പറഞു ..
"അപ്പോള്‍ നിങ്ങള്‍ ആരോടും ചോദിച്ചില്ലേ ?"
"ഇല്ല ...ആള്‍ക്കാര് പറേന്നെ കേട്ടതാ?"
അയാള്‍ അലസമായി മറുപടി നല്‍കി .
"അത് കൊള്ളാം ..അപ്പൊ മാഷിനേം കണ്ടില്ല ..?"
"കണ്ടു ........."
"എന്തു പറഞ്ഞു ?"
"എന്തു പറയാന്‍ ?...അയാളോട് എനിക്ക് ചോദിക്കാന്‍ പറ്റുമോ ? ഭാര്യയെ എപ്പോഴാ അടക്കുന്നെന്നു ..?"
സുധാകരന്‍ ദേഷ്യത്തില്‍ ശബ്ദമുയര്‍ത്തി .
"ഇതാപ്പോ നന്നായെ അതിനെന്തിനാ എന്റടുത്തു കുതിര കേറുന്നെ ...അടക്കം എപ്പഴാന്നറിഞ്ഞാ അതടുപ്പിച്ചു പോയാല്‍ മതീന്ന് വെച്ച് ചോദിച്ചതാ ....."
അകത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു കൊണ്ടിരുന്നു .
അയാള്‍ക്ക് തെല്ലാശ്വാസം തോന്നി ....പെണ്ണിന്റെ നാവിന് നേരോം കാലോം അറീല്ലെന്ന് പറയുന്നത് വെറുതെയല്ല ...ഒറ്റ വായില് നൂറ്റമ്പത്തു ചോദ്യങ്ങളെ ?"
സുധാകരന് അപ്പോഴും ശുണ്ഠി മാറിയിരുന്നില്ല..
രണ്ടാഴ്ചയ്ക്കു ശേഷം ഒരു ശനിയാഴ്ച വൈകിട്ട് ശേഖരന്‍ മാഷ് സുധാകരനെ കാണാന്‍ വീട്ടിലെത്തി ..
മാഷെത്തുമ്പോള്‍ സുധാകരന്‍ കയ്യിലടക്കി പിടിച്ച വൈക്കോല്‍ കെട്ടുമായി തൊഴുത്തിലോട്ടു നടക്കുവാരുന്നു ..
"അല്ല ഇതാരാ മാഷോ ?"
"ഇതെന്താ സുധാകരാ ഇന്ന് രമയില്ലേ ? സാധാരണ ഇതവളുടെ പണിയാണല്ലോ.."
"ഇല്ല മാഷേ അവളും പിള്ളാരും കൂടി അവള്‍ടെ വീട്ടലേക്ക് പോയിരിക്കുവാ....അമ്മ അടുക്കളേലൊ മറ്റോ തെറ്റി വീണൂന്നു ഫോണുണ്ടായിരുന്നു ..ഉച്ച കഴിഞ്ഞു പോയതാ ..ഇനീപ്പോ നാളേ മടക്കം കാണൂ ..നാളെ കൊച്ചുങ്ങള്‍ക്ക് സ്കൂളുമില്ലല്ലോ."
"ന്നിട്ട് കാര്യമായെന്തെങ്കിലും ?"
"ഹേയ് ..ഫ്രാക്ചര്‍ ഒന്നുമില്ല ..ചെറിയ നീരുണ്ടത്രേ..പിന്നെ അറിഞ്ഞപ്പം അവള്‍ക്കു പോകാതെ പറ്റില്ലെന്നായി ..അത്രേയുള്ളൂ ..മാഷ് വന്നാട്ടെ അകത്തോട്ടിരിക്കാം.."
"ആണ്മക്കള്‍ രണ്ട് പേരും തിരിച്ചു പോയോ ?"
"മം ..രഘു സഞ്ചയനത്തിന്റെ പിറ്റേന്നേ പോയി ..മുരളി ഇന്നലെയും ...."
"മാഷിനീപ്പോ ഒറ്റയ്ക്ക് ......ആരുടേലും ഒരാടെ കൂടെ നിക്കണോന്നാ എന്റെ അഭിപ്രായം ..പ്രായോം കൂടി വരികല്ലേ ..എന്തേലും ഒരു സഹായത്തിനു അവിടെ ആരാ ഉള്ളെ ?"
"മം ....."
മാഷ് വീണ്ടും മൂളുന്നതിനിടയില്‍ കയ്യിലെ പ്ലാസ്റ്റിക് കവര്‍ മേശപ്പുറത്തു വെച്ചു.
സുധാകരന്‍ ഇതെന്താന്ന മട്ടില്‍ മാഷിനെ നോക്കി ?
"ഒരു കുപ്പി റമ്മാ .. തെക്കേലെ ശ്രീധരന്‍ ..പട്ടാളക്കാരന്‍ ....നീ അറീല്ലെ? അയാള്‍ വീട്ടില്‍ വന്നപ്പോള്‍ തന്നിട്ട് പോയതാ ?"
"നീ കുറച്ച് വെള്ളോം ഗ്ലാസ്സുമെടുക്ക്..."
"ന്നാ നമുക്ക് ചായ്പ്പി ലിരിക്കാം ..."
സുധാകരന്‍ അടുക്കളേലേയ്ക്ക് നടക്കുന്നതിനിടയില്‍ പറഞ്ഞു ..
"വേണ്ട ടെറസ്സിലിരിക്കാം ..അതാ സുഖം . "
"എന്നാ ശരി .."
സുധാകരന്‍ തല കുലുക്കി സമ്മതിച്ചു ..
മദ്യം നിറച്ച ഗ്ലാസ്സുകള്‍ ചുണ്ടോടടുപ്പിക്കുമ്പോള്‍ രണ്ട് പേരും നിശബ്ദരായിരുന്നു ..
സുധാകരന്‍ ആദ്യത്തെ പെഗ് സിപ് ചെയ്തിരിക്കുമ്പോഴേക്ക് മാഷ് രണ്ടാമത്തെ ഗ്ലാസ്സു കാലിയാക്കിയിരുന്നു..
"സുധാകരാ ......"
ചിറി തുടച്ചു കൊണ്ട് മാഷ് വിളിച്ചു.
"എന്താ മാഷേ ?"
"അവളില്ലാത്ത വീട്ടില്‍ എനിക്കുറങ്ങാന്‍ പറ്റുന്നില്ലടോ?
നാല്‍പ്പതു വര്‍ഷങ്ങള്‍ ..ഒരു പക്ഷേ അവള്‍ക്കല്ലാതെ വേറൊരു പെണ്ണിനും എന്നെ ഇത്ര കാലം സഹിക്കാന്‍ കഴിയുമാരുന്നെന്നു തോന്നുന്നില്ല ..എന്നെ അനുസരിച്ച് , സ്നേഹിച്ച് എന്റെ വാക്കിനപ്പുറം ചിന്തകളില്ലെന്നുറച്ചു വിശ്വസിച്ച് ഒരായുഷ്കാലം മുഴുവന്‍ ...."
മാഷിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു ..
"എന്നിട്ടും ലതികെടെ കാര്യത്തില്‍ മാത്രം .........."
മാഷ് പകുതിയില്‍ നിര്‍ത്തി .
"അത് പിന്നെ പെറ്റ വയറല്ലേ മാഷെ ? എത്രയായാലും .......?"
"അപ്പൊ പിന്നെ ഞാനോ ? ഞാന്‍ അവള്‍ടെ തന്തയല്ലേ ? അവളതോര്‍ത്തോ? ഇന്നലെ കണ്ട ഒരു നാറിയോടൊപ്പം ഇറങ്ങിപ്പോകുമ്പോ ? അന്നവള്‍ക്കീ പെറ്റ വയറോര്‍മ്മയുണ്ടാരുന്നോ ?നാട്ടുകാരുടെ മുന്നില്‍ കഴുവേറിപ്പോയത് എന്റെ മാനം ..അല്ലാതെന്താ ?"
സുധാകരന്‍ മറുപടി പറയാതെ ഗ്ലാസ്സില്‍ ബാക്കിയുണ്ടായിരുന്നത് വലിച്ച് മോന്തി ..
"ഒടുക്കം ഒരു കുട്ടി ആയിക്കഴിഞ്ഞപ്പോള്‍ അവള്‍ക്കു മനസ്സിലായി പോറ്റു നോവെന്താണെന്ന് ...കെട്ടി സംരക്ഷിച്ചോളാന്നു വാക്ക് കൊടുത്തവന്‍ തെണ്ടിതിരിഞ്ഞു കള്ളും വാക്കാണോമായി തെക്ക് വടക്ക് നടക്കുന്നു . പലപ്പോഴും ഞാനില്ലാത്ത നേരം നോക്കിയാ അവള് കൊച്ചിനേം കൊണ്ട് വന്ന് തള്ളേ കണ്ട് എന്തേലും വാങ്ങിക്കൊണ്ടു പോയിരുന്നെ ..അതൊക്കെ അറിഞ്ഞിട്ടും ഞാന്‍ കണ്ണടച്ചു."
മാഷ് വീണ്ടും ഗ്ലാസ്സ് നിറച്ച് തുടങ്ങി ..
"അല്ല മാഷേ ആ പെങ്കോച്ചിനൊരബദ്ധം പറ്റി , ഇനീപ്പോ അതിനെ ഉപേക്ഷിക്കുന്നത് കൊണ്ട് അതിനൊരു പരിഹാരമാകുവോ ?"
"അതും ഞാന്‍ പറഞ്ഞല്ലോ ..അവനെ ഉപേക്ഷിച്ചു വന്നാല്‍ ഞാന്‍ നോക്കിക്കോളാം അവളേം കുഞ്ഞിനേം ..അല്ലെങ്കില്‍ എങ്ങനേം മറ്റൊരു നല്ല ബന്ധത്തിനു നോക്കാം ..
എവിടെ ..അവള്‍ക്കിപ്പോഴും നേരം വെളുത്തി ട്ടില്ല ..അവനെ കളയാന്‍ പറ്റില്ല ..മോള്‍ക്ക് പിന്തുണ യുമായി അമ്മയും .."
"ഒടുക്കം കഴിഞ്ഞ മാസം ആ ചെറ്റ എന്റെ വീട്ടു മുറ്റത്ത് വന്ന് കാണിച്ച പുകില് അവനു ഞാന്‍ അവകാശം കൊടുക്കണോത്രെ ..എന്റെ മോളേ ചുമക്കുന്നതിന്റെ കൂലിയായി കരുതിക്കോളാന്‍..
ത്ഫൂ ..മാഷ് കാറിത്തുപ്പി .."
"എന്നിട്ട് ..ഞാനിതൊന്നും അറിഞ്ഞില്ലല്ലോ ??"
സുധാകരന്‍ ബാക്കി കേള്‍ക്കാനായി മാഷിന്റെ മുഖത്തേയ്ക്കു തന്നെ നോക്കിയിരുന്നു .
"വളര്‍ത്തി വലുതാക്കിയേനു മോള് തന്ന കൂലിയെ ...അവള്‍ ...അവള് കാരണമാ സുധാകരാ എന്റെ മീനാക്ഷി പോയത് ?"
സുധാകരന്‍ ഒന്നും മസ്സിലാകാത്തപോലെ നോക്കി
"മീനാക്ഷി മരിക്കുന്നേനു തലേ ദിവസം എന്നോട് ശബ്ദമുയര്‍ത്തി കയര്‍ത്തു ..നിനക്കറിയുമോ .ജീവിതത്തിലാദ്യമായി ...."
"എന്തിന് ?"
സുധാകരന്‍ ആകാംഷയോടെ ചോദിച്ചു
"അവളുടെ പേരിലുള്ള വീതം ലതികയ്ക്ക് കൊടുത്തേ പറ്റൂന്നു ..അതൊരു കല്പ്പനയായിരുന്നു സുധാകരാ ...
ഞാനടക്കി വെച്ചേക്കുന്ന അവളുടെ അവകാശം തിരിച്ചു ചോദിക്കല്‍ ..
ഇത്രേം നാളും അവളെല്ലാം സഹിച്ചിട്ടേയുള്ളൂന്ന് ..അവള്‍ടെതായി ഒരഭിപ്രായവും പറഞ്ഞിട്ടില്ലാന്ന്‍..ഇതിനു തയ്യാറല്ലെങ്കില്‍ മോള്‍ടെ കൂടെ ചിലപ്പോള്‍ പോയെക്കുവെന്ന് ..
എന്ന് വച്ചാല്‍ ഇത്രയും കാലം അവള്‍ ഒരടിമയെപ്പോലെ എന്നെ സഹിക്കുവാരുന്നൂന്ന്‍...
അതല്ലേ അതിന്റെ അര്‍ഥം ?"
മാഷ് നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു ..അയാള്‍ ഗ്ലാസ്സു മായി എണീക്കുന്നതിനിടയില്‍ വേച്ചു വീഴാന്‍ പോയി ..സുധാകരന്‍ തങ്ങിപ്പിടിച്ചപ്പോള്‍ മാഷ് നിര്‍ബന്ധിച്ചു അയാളെ ഇരുത്തി .
പാരപ്പെറ്റില്‍ പിടിച്ച് മാഷ് സുധാകരന് പുറം തിരിഞ്ഞു നിന്ന് ആലോചനയില്‍ മുഴുകി ..
സുധാകരന്‍ ഒരു തവണകൂടി തന്റെ ഗ്ലാസ് നിറച്ചു.
"സുധാകരാ... മരണത്തെപ്പറ്റി നമ്മള്‍ പറയാറില്ലേ രംഗ ബോധമില്ലാതെ കടന്നു വരുന്ന കോമാളി യെന്ന് .... ചിലപ്പോള്‍ നമ്മള്‍ ക്ഷണിക്കാതെ അറിഞ്ഞു വരും ..അപ്പോള്‍ പേരു മാറും .അതിഥി ..
എന്ന് വച്ചാല്‍ തിഥി നോക്കാതെ വരുന്നവന്‍ ..മീനാക്ഷിയുടെ കാര്യത്തില്‍ ഏതാണ്ടതുപോലാരുന്നു .. ഞാന്‍ ക്ഷണിച്ചിട്ട് തന്നെ വന്നതാ ..."
ഇത്തവണ സുധാകരന്‍ ശരിക്കും വായ് പിളര്‍ന്നിരുന്നു പോയി .......
"പക്ഷേ അതവളറിഞ്ഞിട്ടില്ല...നല്ല ഉറക്കത്തിലായിരുന്നു ....തലവണ കൊണ്ട് മുഖം അമര്‍ത്തി പിടിക്കുമ്പോള്‍ പലതവണ പുളയുന്നുണ്ടായിരുന്നു പാവം ..പക്ഷേ എന്റെ കൈകള്‍ ആണിയടിച്ച പോലെ ഉറച്ചിട്ടുണ്ടായിരുന്നു ..ഒടുവില്‍ പിടച്ചു പിടച്ചു പിന്നെ ശാന്തമായി ..ഓളമൊഴിഞ്ഞ വെള്ളപ്പരപ്പു പോലെ .."
ശേഖരന്‍ മാഷ് ചുവന്നു കലങ്ങിയ കണ്ണുകളുമായി സുധാകരനെ തറപ്പിച്ചു നോക്കി ..
സുധാകരന് കസേരയില്‍ നിന്നെണീറ്റോടണമെന്നുണ്ടായിരുന്നു...ശരീരമാകെ തണുത്തുറഞ്ഞു മരവിച്ചപോലെ അയാള വിടിരുന്നു വീര്‍പ്പു മുട്ടി...
ഒരു നിമിഷത്തിനുള്ളില്‍ പെട്ടെന്നാണത് സംഭവിച്ചത് ..
സുധാകരന്‍ നോക്കി നില്‍ക്കെ മാഷിന്റെ ശരീരം പുറകോട്ടു മലക്കം മറിഞ്ഞ് താഴേക്കു പറന്നു....
സുധാകരന്റെ തൊണ്ടയില്‍ ഒരു നിലവിളി പിടഞ്ഞു മരിച്ചു..
''മാഷ് ചാടിയതോ ...അതോ വീണു പോയതോ ..?? "
അയാള്‍ക്ക് കണ്ണുകളില്‍ ഇരുട്ട് കയറി തുടങ്ങി ..മുന്നില്‍ കട്ട പിടിച്ച ഇരുട്ട് മാത്രം ..
കാതുകളില്‍ അപ്പോഴും ശേഖരന്‍ മാഷിന്റെ ചിലമ്പിയ ശബ്ദം മാറ്റൊലി കൊണ്ടു..
'തിഥി നോക്കാതെ വരുന്നവന്‍ ............അതിഥി '..!!
തിഥി നോക്കാതെ വരുന്നവന്‍
March 19, 2011
സുരേഷ് ബാബു
Subscribe to:
Post Comments (Atom)
8 Comments, Post your comment:
നല്ല കഥ
നല്ല വായനാനുഭവം തന്ന കഥ.ആശംസകള്‍.
ലളിതമായിപ്പറഞ്ഞ... നല്ല കഥ..അവതരണവും വളരെ നന്നായി...പ്രതീക്ഷിക്കാത്ത് ക്ലൈമാക്സ്..ഭാവുകങ്ങൾ
കഥാന്ത്യം ഇഷ്ടായി ...
ആശംസകള്‍ .....
വിരോധമില്ലെങ്കില്‍ മലയാളത്തിലെ ഏക സോഷ്യല്‍ വെബ്സൈറ്റായ സുഹൃത്ത്.കോമില്‍ (www.suhrthu.com) താങ്കളുടെ രചനകള്‍ പ്രസിദ്ധീകരിക്കുക്ക,26500 അംഗങ്ങള്‍ ഉള്ള വെബ്സൈറ്റാണു,പൂര്‍ണ്ണമായും മലയാളത്തില്‍ ആണു ഈ സോഷ്യല്‍ വെബ് സൈറ്റ്,ഞാന്‍ അതിന്റെ അഡ്മിന്‍ ആണു, താങ്കളുടെ രചന അവിടെ പ്രസിദ്ധീകരിക്കുന്നത് എനിക്കും താങ്കള്‍ക്കും ഉപകാരപ്പെടും എന്ന്‍ വിശ്വസിക്കുന്നു
സ്നേഹപൂര്‍വ്വം... നല്ലതു വരട്ടെ എന്നാശംസിക്കുന്നു
അയാള്‍ ഗേറ്റിന്റെ ഓടാമ്പല്‍ നീക്കി പതുക്കെ അകത്തേയ്ക്ക് നടന്നു..
" Ithu venaayirunno..? "
Anyway good one...
ക്രൂരം
നല്ല കഥ ആശംസകള്‍.
Post a Comment