സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ശിക്ഷാ വിധി

December 02, 2010 ജന്മസുകൃതം

ശിക്ഷാ വിധി

**************

ലീല എം ചന്ദ്രന്‍

സെന്‍ട്രല്‍ ജയിലിന്റെ കവാടം കടന്നു മെയിന്‍ റോഡിലെത്തിയപ്പോള്‍ ഗൌതമന്റെ മനസ്സ് ആഹ്ലാദാതിരേകത്താല്‍ തുടിച്ചു തുള്ളി.
സ്വതന്ത്രന്‍ ...!താനിന്നു സ്വതന്ത്രനാണ് ..
നീണ്ട പതിനാലു വര്ഷം ...ഒരു കൊലപാതകത്തിനുള്ള ശിക്ഷ.
അത് വളരെ നിസ്സാരമായേ തോന്നിയുള്ളൂ. ചെയ്തു കൂട്ടിയ പാപകര്‍മ്മങ്ങള്‍ എണ്ണം അറ്റതാണ് .
അതിനുള്ള ശിക്ഷ അനുഭവിക്കാന്‍ ഒരു ജന്മം തികച്ചും അപര്യാപ്തം.
ഈ ശിക്ഷയും ഒഴിവാക്കാവുന്നതായിരുന്നു .കരാര്‍ പ്രകാരമുള്ള തുക കൈപ്പറ്റി
സുരക്ഷിതനായി രക്ഷപ്പെടാന്‍ റയില്‍വേ സ്റ്റേഷന്‍ വരെ എത്തിയതാണ്.
നേരെ മഹാനഗരത്തിലേയ്ക്ക് ...തല്ലിനും കൊല്ലിനും സര്‍വ്വ സ്വാതന്ത്ര്യമുള്ള
തന്റെ തട്ടകത്തി
ലേയ്ക്ക് .
പക്ഷെ...,
മനസ്സിന്റെ അടിത്തട്ടില്‍ എവിടെയോ ഊറിക്കൂടിയ അസ്വസ്ഥതയുടെ ബഹിര്‍സ്ഫുരണം ആയിരുന്നുവോ..?
ചോരക്കറ പുരണ്ട മാര്‍ഗ്ഗത്തില്‍ നിന്നും പിന്തിരിയാന്‍ നിരന്തരം ഉള്ളിലിരുന്നു മന്ത്രിച്ച ഏതോ അദൃശ്യ ശക്തിയുടെ പിന്‍ വിളി ആയിരുന്നുവോ..? നിശ്ചയമില്ല
വെട്ടേറ്റു മുറിഞ്ഞ കഴുത്തില്‍ നിന്നും രക്തം ചീറ്റിത്തെറിക്കുന്നത് ക്രൂരമായ ആത്മ സംതൃപ്തിയോടെ നോക്കിനിന്നിട്ടുണ്ട്.
അതിനികൃഷ്ടമായ എത്രയെത്ര കൊലപാതകങ്ങള്‍...കൊള്ളകള്‍...
കേവലം ഒരു ഉറുമ്പിന്റെ വിലപോലും മനുഷ്യജീവന് കല്‍പ്പിച്ചില്ല.
ഓരോ കുറ്റകൃത്യങ്ങളും സ്വയം സൃഷ്ടിക്കുന്ന വലക്കണ്ണികളായി .
നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ചലിക്കുന്ന വെറും ഒരു യന്ത്രം.
ആളെ നിശ്ചയിക്കുന്നതും സമയം കുറിക്കുന്നതുമെല്ലാം മറ്റാരോ....
കൊല്ലണം എങ്കില്‍ അങ്ങനെ...ജീവന്‍ ബാക്കി വയ്ക്കണമെങ്കില്‍ അങ്ങനെ..
എന്തിനെന്ന്‍ അറിയേണ്ട . ആരാണെന്ന് ശ്രദ്ധിക്കേണ്ട.

ചോരയുടെ മണം ആസ്വാദ്യകരമായ ഒരനുഭവമായിരുന്നു.
ശങ്കിച്ചു നിന്നിട്ടില്ല .കൈ വിറച്ചിട്ടില്ല .ഒരറവുകാരന്റെ മനസ്സിലെ നിസ്സംഗതയും നിര്‍വികാരതയും.
ആ ലാഘവത്വത്തോടെ തന്നെയാണ് അന്ന് ജീപ്പില്‍ കയറിയത്.
ബോംബും സൈക്കിള്‍ ചെയിനും തോക്കും വടിവാളും ഒക്കെ മുന്നില്‍ .
സഹായികള്‍ എടുത്തു നീട്ടിയത്‌ വാളാണ് .ചെയ്യേണ്ട ജോലി വ്യക്തം ....
എല്ലാ അര്‍ത്ഥത്തിലും പരമാവധി .
ഈ ഒരു ജോലിക്കായി മാത്രം അമീര്‍ദാദയുടെ അരികില്‍ നിന്നും എത്തിപ്പെട്ടവനാണ്.
ജോലി തീര്‍ക്കുക. കനത്ത പ്രതിഫലം കൈപ്പറ്റുക. സ്ഥലം വിടുക. പക്ഷെ,
അമീര്‍ ദാദയുടെ അനുചരനില്‍ മുന്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത
ഒരു അസ്വാസ്ഥ്യം .ചാഞ്ചല്ല്യം ....!


ബലിമൃഗം മുന്നില്‍ എത്തിയപ്പോഴോ ,സഹായികളുടെ മര്‍ദ്ദനമേറ്റ്‌ കണ്‍മുന്നില്‍ക്കിടന്നു പിടഞ്ഞപ്പോഴോ ,'അരുതേ' എന്ന നിലവിളി കേട്ടപ്പോഴോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
ദയയുടെ ഒരു കണികപോലും മനസ്സില്‍ ഉണ്ടായില്ല.
അവസാന ശ്രമം പോലെ പിടഞ്ഞെഴുന്നേറ്റ്‌ ഓടാന്‍ തുടങ്ങിയ അയാളുടെ നേരെ
വടിവാള്‍ ആഞ്ഞു വീശി .നിലവിളി നിന്നു ...
ഒരു നിമിഷത്തെ നിശ്ശബ്ദത ..
പിന്നെ കുഴഞ്ഞു നിലത്തേയ്ക്ക് വീഴുംനേരം അഭയത്തിനായി നീട്ടിയ കൈകളോടെ .
ഇടറിത്തുളുമ്പിയ ഒരു വിളിയൊച്ച...
"മോനെ...''
പൊടുന്നനെ ഹൃദയത്തിലേയ്ക്ക് ആരോ ചുട്ടു പഴുത്ത ഒരു ഇരുമ്പാണി
തുളച്ചു കയറ്റിയത് പോലെ തോന്നി...
സ്ഥലകാല ബോധം ഇല്ലാതായി .
ഓര്‍മ്മയിലെന്നും അവ്യക്തമായ ഒരു ഉത്സവമേളം ഉച്ചസ്ഥായിയില്‍ കേട്ടു.
ചെവിടടപ്പിക്കുന്ന കതിനാ വെടികളും ...നക്ഷത്രപ്പൂക്കള്‍ വിരിയിക്കുന്ന വെടിക്കെട്ടുകളും
കണ്‍മുന്‍പില്‍ തെളിഞ്ഞു.
പിന്നെ...ആളിക്കത്തുന്ന തീയില്‍ നിന്നും ദൂരേയ്ക്ക് പറന്നു പറന്നു പോകും പോലെ...
കൂട്ടുകാര്‍ പിടിച്ചു വലിച്ച് ജീപ്പില്‍ കയറ്റിയപ്പോഴും പണപ്പെട്ടിയും ടിക്കറ്റും തന്നു റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചപ്പോഴും മിണ്ടാനായില്ല. കൂടെയുള്ളവര്‍ ഓരോ മാര്‍ഗത്തിലൂടെ ചിതറിയോടി രക്ഷപ്പെട്ടു.
പക്ഷെ, എന്തിനെന്നറിയാതെ കാലുകള്‍ ചലിച്ചത് പോലിസ് സ്റ്റേഷനിലേയ്ക്കാണ് .
" അതെ. ഞാനാണ് അയാളെ കൊന്നത്."
''എന്തിന്‌?' '
''നിര്‍ദ്ദേശം കിട്ടി. ചെയ്തു. ''
ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്നും എന്തിനാണ് എന്നും അറിയാത്ത കാര്യം .അറിയണം എന്ന് ആഗ്രഹിക്കാത്ത കാര്യം. അന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും മുറപോലെ നടന്നു.
കേസ് ...കോടതി...റിമാണ്ട് ....
പാര്‍ട്ടി നേതാക്കള്‍ കൈ മലര്‍ത്തി.

''ഞങ്ങള്‍ക്കിതില്‍ ഒരു പങ്കുമില്ല.''
ഏതു ദുര്‍ഘട സന്ധികളെയും തരണം ചെയ്യാറുള്ള ഗൌതമന്റെ കീഴടങ്ങല്‍
അമീര്‍ദാദയേയും അത്ഭുതപ്പെടുത്തി.
ഇത്തരക്കാരെ എത്രയും വേഗം ഇല്ലാതാക്കുക എന്നതായിരുന്നു അധോലോക നിയമം .
എന്നിട്ടും തയ്യാറാണെങ്കില്‍ രായ്ക്കുരാമാനം രക്ഷപ്പെടുത്താം എന്ന സന്ദേശമാണ്
അമീര്‍ ദാദ യില്‍ നിന്നും കിട്ടിയത്.ഗൌതമനോട് മാത്രം ഉണ്ടായിരുന്ന പ്രത്യേക പരിഗണന.
പക്ഷെ തയ്യാറായില്ല.ഈ ചോരക്കളി മതിയെന്ന് മനസ്സ് ശഠിച്ചു.
ഏതു ശിക്ഷയും ഏറ്റു വാങ്ങാനാണ് തീരുമാനിച്ചത്.
സത്യം മാത്രമേ പറഞ്ഞുള്ളൂ.
''അയാള്‍ ആരെന്നു എനിക്കറിയില്ല.എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ ഭംഗിയായി ചെയ്തു.അത്രമാത്രം''
ഒറ്റുകാരന്‍ എന്ന കുറ്റബോധം ഉണ്ടായിട്ടും വരുന്നത് വരട്ടെ എന്ന് കരുതി.
അമീര്‍ ദാദയ്ക്കും സംഘത്തിനും കുഴപ്പം ഉണ്ടാകുമെന്നത് ഉറപ്പായിരുന്നു.
അന്വേഷണങ്ങള്‍ അവിടേയ്ക്കും നീണ്ടു.
രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ തന്നെ വിലയ്ക്കെടുത്തവര്‍ സുഖമായി രക്ഷപ്പെട്ടു.
മാത്രമല്ല അവസരം മുതലെടുത്ത് എതിരാളികളുടെ പ്രതിച്ഛായ തകര്‍ക്കാനും അവര്‍ക്കായി .
തന്നെപ്പോലുള്ളവര്‍ ആണ് രാഷ്ട്രീയക്കാരുടെ കൊടുംകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഗൌതമന് ബോധ്യമായി.
തന്റെ ഈ കീഴടങ്ങല്‍ കൊണ്ട് ഒന്നും തീരുന്നില്ലല്ലോ.
തന്നെപ്പോലെ ഇനിയും എത്ര എത്രപേര്‍ ..
പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചത്.
എന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ എവിടെ നിന്നോ വീണു കിട്ടിയ സംശയത്തിന്റെ ആനുകൂല്യം...
ജീവപര്യന്തം കഠിന തടവ്.
അത് എത്ര നിസ്സാരമായ ശിക്ഷ ..പതിനാലു സംവത്സരങ്ങള്‍ ഇരുണ്ടു വെളുത്ത് കഴിഞ്ഞു പോയി.
ജയിലഴികളുടെ വിഘ്നങ്ങളില്ലാത്ത വിശാലമായ ഒരു ലോകമാണ് തനിക്കു മുന്നില്‍ എന്നോര്‍ത്തപ്പോള്‍ ഗൌതമന് അഭിമാനം തോന്നി.
ഇത്തരം ഒരനുഭൂതി ആദ്യമായാണ്‌ .കാറ്റില്‍ പെട്ട് പറന്നു പോകുന്ന ഒരു അപ്പൂപ്പന്‍ താടി പോലെ ..
അനുകൂലമായ ഒരു സാഹചര്യത്തില്‍ എത്തിപ്പെട്ട് ഒരു പുതു ജീവിതം തുടങ്ങാനാണ് അതിന്റെ യാത്ര....
പക്ഷെ ...തനിക്കോ...?!!
ഒരു പുതിയ ജീവിതം സ്വപ്നം കാണുകയായിരുന്നു ഇത്രനാള്‍ ...
ജീവഭയം കൂടാതെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്ന രാവുകള്‍...ബന്ധുക്കള്‍... സ്വന്തക്കാര്‍...
എല്ലാവരോടുമൊപ്പം ഒരു ജീവിതം...!
പക്ഷെ തനിക്ക് ആരാണുള്ളത്?
ഒരു അനാഥന്റെ ഒടുങ്ങാത്ത നിരാശ ഗൌതമനെ വീര്‍പ്പുമുട്ടിച്ചു.
വിശാലമായ മൈതാനത്തിലെ നിരത്തിക്കെട്ടിയ തമ്പുകളില്‍
കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു കൊച്ചു കുട്ടി.
വിരല്‍ അറ്റ് പോയ വികൃതരൂപിയായ ഒരു മനുഷ്യക്കോലം അവനെ ആശ്വസിപ്പിച്ചു.
വിശന്നപ്പോള്‍ കിട്ടിയ ആഹാരത്തിന്റെ പേരില്‍,
കുഷ്ഠരോഗം വികൃതമാക്കാത്ത ആ മനസ്സിലെ ദയാവായ്പ്പിന്റെ പേരില്‍,
അയാളെ അച്ഛന്‍ എന്ന് വിളിച്ചു.
പട്ടിണിയും പരിവട്ടവുമായി ആ നാട് തെണ്ടികളോടൊപ്പം നടന്നു.
വളര്‍ന്നു.അനുഭവങ്ങള്‍ നല്‍കിയ അറിവുകള്‍ മാത്രം സ്വായത്തമായി.
യാത്രയ്ക്കിടയില്‍ വഴിവക്കില്‍ എവിടെയോ വീണു മരിച്ച ആ കുഷ്ഠരോഗിയുടെ സ്നേഹം ഒരു നഷ്ടമായി തോന്നാത്ത വിധം കഠിനമായ മനസ്സോടെയാണ് നാട് വിട്ടതും അമീര്‍ ദാദയോടൊപ്പം ചേര്‍ന്നതും.
കൈക്കരുത്തും എന്തിനും പോന്ന ചക്കൂറ്റവും അമീര്‍ ദാദയുടെ പ്രിയപ്പെട്ടവനാക്കി.
ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്തു.
കിട്ടിയ പണം ധൂര്‍ത്തടിച്ച് ജീവിച്ചു.
ആരോടും ബാധ്യതയില്ലാതെ .
ആര്‍ക്കുവേണ്ടിയും നീക്കി വയ്ക്കാതെ..
സ്വന്തം നിലനില്‍പ്പിനപ്പുറം ഒരു ബന്ധവും വിലപ്പെട്ടതായില്ല.
പക്ഷെ,
ശ്വാസം നിലയ്ക്കുന്നതിനു മുന്‍പേ കേട്ട ഹൃദയം തകര്‍ന്ന ഒരു നിലവിളി....
ചാരം മൂടിക്കിടന്ന മൃദുല വികാരങ്ങളെ അത് തൊട്ടുണര്‍ത്തി .
ഒരു വഴിത്തിരിവിന് അത് പ്രേരകമായി.കിട്ടിയ ശിക്ഷ ആശ്വാസത്തോടെ അനുഭവിക്കുമ്പോഴും സ്വസ്ഥത നശിപ്പിക്കാന്‍ ആ ശബ്ദത്തിനു കഴിഞ്ഞിരുന്നു.
വെറും ഒരസ്വാസ്ഥ്യം അല്ല .ആര്‍ദ്ര മായ സാന്ത്വനം പോലെ ഉള്ളുലയ്ക്കുന്ന ഒരു വൈകാരികാനുഭവം ...!
അതിനൊരു വ്യാഖ്യാനം കണ്ടെത്താന്‍ ഇത് വരെ ആയില്ല.
ശിക്ഷകഴിഞ്ഞു പുറത്തു വന്ന ഈ നിമിഷത്തിലും ആ വിളി തന്റെ ചുറ്റും പ്രകമ്പനം കൊള്ളുന്നുണ്ടെന്ന് ഗൌതമന് തോന്നി.
ബസ് സ്റ്റോപ്പിലെ വെയ്റ്റിംഗ് ഷെഡില്‍ നിരാശയോടെ അയാള്‍ ഇരുന്നു.
എവിടെയ്ക്കാണ് പോകേണ്ടത്..? തന്റെ കീഴടങ്ങലും കുറ്റസമ്മതവും അമീര്‍ ദാദയുടെ മരണത്തിനും സംഘത്തിന്റെ നാശത്തിനും ഇടയാക്കിയെന്നു പിന്നീട് അറിഞ്ഞിരുന്നു.
തിരിച്ചു ചെന്നാല്‍ അവരില്‍ ഒരാളെങ്കിലും പ്രതികാരത്തിന് ഒരുങ്ങി എങ്കിലോ...?
അല്ലെങ്കില്‍ തന്നെ ഒരു തിരിച്ചു പോക്ക് അസാദ്ധ്യമാണല്ലോ.
''ഗൌതം..''
തന്നെ പേര് ചൊല്ലി വിളിക്കുന്നതാരാണ്? ജയിലില്‍ വെറും നമ്പര്‍ ആയിരുന്നു.
ഇടയ്ക്കൊക്കെ അമീര്‍ ദാദ പേര് വിളിച്ചിരുന്നു.
പക്ഷെ ഇപ്പോള്‍...?
കാറില്‍ നിന്നിറങ്ങി തനിക്ക് നേരെ നടന്നു വരുന്ന അപരിചിതനെ സംശയത്തോടെ നോക്കി.
''ഓര്‍മ്മയുണ്ടോ എന്നെ...?ഞാന്‍ സിദ്ധാര്‍ഥന്‍ ...നിന്റെ ചിത്തുവേട്ടന്‍ ...''
ഗൌതമിന്റെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു. .
''ഒരിക്കല്‍ നിന്നെ കാണാന്‍ ഞാന്‍ ജയിലില്‍ വന്നിരുന്നു....''
പെട്ടെന്ന് അയാള്‍ ചാടി എഴുന്നേറ്റു.
സിദ്ധാര്‍ത്ഥന്റെ കൈകള്‍ കൂട്ടി പിടിച്ച് ആവേശത്തോടെ ചോദിച്ചു.
''എവിടെ ....?ആ അമ്മ എവിടെ..?എനിക്ക് ഒരിക്കല്‍ക്കൂടി അവരെ ഒന്ന് കാണാന്‍ പറ്റ്വോ ?
പുഞ്ചിരിയോടെ സിദ്ധാര്‍ഥന്‍ ഗൌതമന്റെ തോളില്‍ തട്ടി .
''തീര്‍ച്ചയായും. അമ്മ നിന്നെ കാത്തിരിക്കുകയാണ് ...വരൂ...''
അന്തര്പ്രേരണ കൊണ്ടെന്നപോലെ ഗൌതം സിദ്ധാര്‍ഥനെ അനുഗമിച്ചു.
കാര്‍ നഗരത്തിന്റെ തിരക്കിനിടയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഗൌതമന്റെ മനസ്സ് നിറയെ ആ അമ്മയുടെ രൂപമായിരുന്നു.
അന്ന്,
തനിക്കു സന്ദര്‍ശകരുണ്ടെന്നു കേട്ടപ്പോള്‍ അമീര്‍ ദാദയുടെ ആള്‍ക്കാര്‍ ആരെങ്കിലും
ആയിരിക്കുമെന്നെ കരുതിയുള്ളു.
മറ്റാരും വരാനില്ലല്ലോ.
പക്ഷെ കണ്ടത് തന്നെപ്പോലൊരു ചെറുപ്പക്കാരനെയും ദു:ഖ ത്തിന്റെ മൂര്‍ത്തി മദ്ഭാവമായ ആ അമ്മയെയും ആണ്.
അമ്പരപ്പിനറുതി വരുത്തി ചെറുപ്പക്കാരന്‍ പറഞ്ഞു.
''വെറുതെ ....ഒന്ന് കാണാന്‍ വന്നതാണ്.''
തന്നെ നിര്‍ന്നിമേഷം നോക്കി നിന്ന അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു .
ചുണ്ടുകള്‍ വിതുമ്പുന്നുണ്ടായിരുന്നു
പ്രതീക്ഷിക്കാത്ത ഒരു നിമിഷം അവര്‍ അരികിലെത്തി വിറയ്ക്കുന്ന കൈകള്‍ക്കുള്ളില്‍ മുഖമൊതുക്കി തന്റെ നെറ്റിയില്‍ ചുംബിച്ചു .
ആ കണ്ണുനീര്‍ തന്റെ മുഖത്തും നെഞ്ചിലും പടര്‍ന്നു.
പെട്ടെന്ന് അവരെ പിടിച്ച് മാറ്റി പുറത്തേയ്ക്ക് നയിക്കുന്നതിനിടയില്‍ ആ മകന്‍ ശാസിക്കുന്നത് വ്യക്തമായി കേട്ടു.
''ഒന്ന് കണ്ടാല്‍ മാത്രം മതി എന്ന് പറഞ്ഞിട്ടല്ലേ കൊണ്ടുവന്നത്..എന്നിട്ടിപ്പോ....''
വെള്ള സാരിത്തുമ്പ് കടിച്ചു പിടിച്ച് കരച്ചിലമര്‍ത്തി തിരിഞ്ഞു തിരിഞ്ഞു നോക്കി നടന്നു നീങ്ങിയ ആ രൂപം മനസ്സില്‍ നിന്നും മാഞ്ഞതേയില്ല.
ഒന്നും പറഞ്ഞില്ലെങ്കിലും ആ മൌനം എത്ര വാചാലമായിരുന്നു.
അന്നത്തെ ചുംബനത്തിന്റെ ചൂട് ഇപ്പോഴും അനുഭവപ്പെട്ടതുപോലെ ഗൌതമന്‍ നെറ്റി തടവി.
അയാളുടെ നോട്ടം സിദ്ധാര്‍ത്ഥനില്‍ ആയി .
നോക്കും തോറും അപരിചിതത്വത്തിന്റെ മറ നീങ്ങുകയാണെന്നും
സ്വന്തം രൂപം മുന്നില്‍ കാണുകയാണെന്നും ഗൌതമിന് തോന്നി.
പേരറിയാത്ത ഒരു വികാരം ഉള്ളില്‍ ഉണര്‍ന്നു.
അയാള്‍ മന്ത്രിച്ചു. ''ചിത്തുവേട്ടന്‍ ...!'
വിളികേട്ടത്‌ പോലെ സിദ്ധാര്‍ഥന്‍ മുഖം തിരിച്ചു.ആ കണ്ണുകളില്‍ കനിവും വാത്സല്യവും തുളുമ്പി.
''എന്താണ് ആലോചിക്കുന്നത് ? ''
ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ഗൌതമന്‍ തുറന്നു പറഞ്ഞു.
''എനിക്ക് ..... എനിക്കൊന്നും ...മനസ്സിലാകുന്നില്ല.''
ആര്‍ദ്ര സ്വരത്തില്‍ സിദ്ധാര്‍ഥന്‍ ആശ്വസിപ്പിച്ചു..
''ഒക്കെ പറയാം.''
മുത്തശ്ശിക്കഥ കേള്‍ക്കാന്‍ വെമ്പുന്ന കൊച്ചു കുഞ്ഞിന്റെ ഭാവം ആയിരുന്നു ഗൌതമനില്‍.
സിദ്ധാര്‍ഥന്റെ വാക്കുകള്‍ കേള്‍ക്കുന്തോറും അത്ഭുതവും സന്തോഷവും കൊണ്ടയാള്‍ വീര്‍പ്പുമുട്ടി....
ഓര്‍മ്മകളില്‍ അവ്യക്തമായിരുന്ന കാഴ്ചകള്‍ തെളിഞ്ഞു വന്നു.
ചെവിക്കുള്ളില്‍ മുഴങ്ങുന്ന ഉത്സവമേളം...കണ്ണുകളില്‍ തിളങ്ങുന്ന നക്ഷത്രപ്പൂക്കള്‍...അച്ഛന്റെ നെഞ്ചില്‍ മുഖം ഒളിപ്പിച്ചിരുന്ന കുട്ടി...
കാതടപ്പിക്കുന്ന പൊട്ടിത്തെറി...അഗ്നിപ്രളയം ..

''എല്ലാം തീര്‍ന്നു എന്നാണ് കരുതിയത്..കത്തിക്കരിഞ്ഞു തിരിച്ചറിയാന്‍ കഴിയാത്തവരുടെ ഇടയില്‍ നിന്നും കിട്ടിയ ഒരു കൊച്ചു ശരീരം...അത് നിന്റെതെന്നു വിശ്വസിച്ചു.പക്ഷെ...''
കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ സിദ്ധാര്‍ഥന്‍ തുടര്‍ന്നു.

''കേസിന്റെ അന്വേഷണത്തിനിടയില്‍ നിന്റെ വേര് തേടി എത്തിപ്പെട്ടത് ഒരു നാടോടിക്കൂട്ടത്തില്‍
ആയിരുന്നു.നീ ഒരു കുഷ്ഠരോഗിയുടെ വളര്‍ത്തു പുത്രന്‍..അല്ലേ..?ശരിയല്ലേ?''
ഗൌതമന്‍ മറുപടി പറഞ്ഞില്ല.
ചിത്തു വേ ട്ടന്‍ ..!...അമ്മ....!.അച്ഛന്‍...!
ഗൌതമന്റെ മിഴികള്‍ നിറഞ്ഞൊഴുകി.ആശ്വസിപ്പിക്കും പോലെ സിദ്ധാര്‍ഥന്‍ മൊഴിഞ്ഞു.

''ഒരു പോലിസ് ഉദ്യോഗസ്ഥന്റെ മനസ്സായത് കൊണ്ടാകാം വ്യക്തമായ തെളിവ് കിട്ടും വരെ ഞാന്‍ വിശ്വസിച്ചില്ല. പക്ഷെ ഒറ്റ നോട്ടത്തില്‍ തന്നെ അമ്മ നിന്നെ തിരിച്ചറിഞ്ഞു.''
എന്നോ നഷ്ടപ്പെട്ട മകനെ ഒരു കൊലപാതകിയുടെ വേഷത്തില്‍ കാണേണ്ടി വന്ന അമ്മയുടെ തളര്‍ന്ന മുഖം ആയിരുന്നു ഗൌതമന്റെ മനസ്സില്‍.
കരയണോ ചിരിക്കണോ എന്നയാള്‍ സംശയിച്ചു.
ഇതൊന്നും സ്വപ്നമല്ല. താന്‍ അനാഥനല്ല .
ഈ തിരിച്ചു പോക്ക് അച്ഛനമ്മമാരുടെ സന്നിധിയിലേയ്ക്കാണ്
അരികിലിരിക്കുന്നത് സഹോദരന്‍.....
പലവട്ടം ആവര്‍ത്തിച്ചപ്പോള്‍ മനസ്സില്‍ വിശ്വാസം തോന്നി.
പക്ഷെ,
ആ സ്നേഹതീരത്ത് അണയാന്‍ തനിക്കെന്തു യോഗ്യതയാണ് ഉള്ളത്?
പാപി....മഹാപാപി...!!
മനസ്സ് വായിച്ചതുപോലെ സിദ്ധാര്‍ഥന്‍ പറഞ്ഞു.

''കഴിഞ്ഞതൊന്നും ഇനി ഓര്‍ക്കേണ്ട .കുറ്റബോധം മനസ്സിനെ പരുവപ്പെടുത്താന്‍ ശിക്ഷയുടെ കാലാവധി വേണ്ടുവോളം ഉപകരിച്ചില്ലേ?അതിനു വേണ്ടി ഉപവാസവും പ്രാര്‍ത്ഥനയുമായി ഓരോ ദിവസവും എണ്ണിത്തീര്‍ത്ത് അമ്മ നിന്നെ കാത്തിരിക്കുകയാണ്.''

ഗൌതമന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അയാള്‍ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.
ഒക്കെ മറക്കാന്‍ ശ്രമിച്ചു കൊണ്ട് വരും നിമിഷങ്ങളിലെ ആനന്ദം അയാള്‍ അനുഭവിച്ചു.
അച്ഛനമ്മമാരുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി.
സ്നേഹ ചുംബനങ്ങള്‍ ഏറ്റ് കോരിത്തരിച്ചു.
അമ്മയുടെ കൈപിടിച്ച് മുറ്റത്ത്‌ പിച്ചവച്ചു.
അച്ഛന്റെ നെഞ്ചില്‍ ചേര്‍ന്നിരുന്നു.

സിദ്ധാര്‍ഥന്‍ ചിന്തകളില്‍ നിന്നും ഗൌതമനെ തൊട്ടുണര്‍ത്തി .
''വരൂ...ഇതാണ് നമ്മുടെ വീട്....''

കാറില്‍ നിന്നിറങ്ങുമ്പോള്‍ ഗൌതമന്റെ പാദങ്ങള്‍ വിറച്ചു.
മണല്‍ത്തരികളുടെ സ്പര്‍ശം അയാളെ ഇക്കിളിപ്പെടുത്തി.
ശരീരത്തിനുള്ളില്‍ ഉഷ്ണജല പ്രവാഹം ഉറവെടുത്തു.
സിദ്ധാര്‍ഥന്റെ തോളോട് ചേര്‍ന്ന് മുറ്റത്തെത്തുമ്പോള്‍ ,
'മോനെ...'എന്ന വിളിയോടെ വാതില്‍ക്കല്‍ അമ്മ.

അടക്കാനാവാത്ത ആനന്ദത്തിരത്തള്ളലോടെ
ആ കൈകളിലേയ്ക്ക് ഗൌതമന്‍ ഓടി അണഞ്ഞു.
പെട്ടെന്ന് തീപ്പൊള്ളല്‍ ഏറ്റപോലെ അയാള്‍ പിന്നോട്ട് മാറി.
അമ്മയുടെ ദീപ്ത രൂപത്തിനും അപ്പുറം ചുവരില്‍ പൂമാല ഇട്ട് അലങ്കരിച്ച ഒരു മുഖം...

ഇതുവരെ വ്യാഖ്യാനിക്കാന്‍ കഴിയാതിരുന്ന ശബ്ദ സാന്നിധ്യം അയാള്‍ തിരിച്ചറിഞ്ഞു.
പ്രതിക്കൂട്ടില്‍ വിധിവാചകത്തിനു കാതോര്‍ത്തു നില്‍ക്കുന്ന കുറ്റവാളി ..
ന്യായാധിപന് അമ്മയുടെ മുഖം.
ദൈവം പോലും മാപ്പ് തരാത്ത കുറ്റത്തിന് മരണശിക്ഷ അല്ല
മരണം വരെ ശിക്ഷ....
സ്വീകരിക്കാതെ വയ്യാ. ...അനുഭവിക്കാതെ വയ്യാ...
ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരയുന്ന ഗൌതമനെ
സ്നേഹത്തിന്റെ കൈവിലങ്ങിനുള്ളില്‍
ആ അമ്മ പൊതിഞ്ഞു പിടിച്ചു.

15 Comments, Post your comment:

mini//മിനി said...

കാലത്തിന്റെ പ്രയാണത്തിനിടയിൽ ഒരു കുറ്റവാളി എന്നെങ്കിലും മനസ്സു മാറി നേരെയാവുമോ? അങ്ങനെ ആവാനായി കൊതിക്കുന്ന നല്ല കഥ.

lekshmi. lachu said...

nalla kadha..

Sreeni K R said...

നല്ല കഥ.....
പക്ഷെ ടീച്ചറില്‍ നിന്നും ഇതിനുമപ്പുറം എന്തോ പ്രതീക്ഷിക്കുന്നു..
വായിച്ചു കുറച്ചു എത്തുമ്പോഴേക്കും കഥാ ഗതി എന്താണെന്ന് വ്യക്തമാവുന്നു...എങ്കിലും ടീച്ചറിന്റെ ആര്‍ദ്രമായ ആഖ്യാന ശയിലി മുന്നോട്ടു വായിക്കാന്‍ പ്രേരിപ്പിക്കുന്നു...

ആളവന്‍താന്‍ said...

ടീച്ചറെ.... ആ അവസാന ഭാഗമൊക്കെ എന്തോ ഒരു വല്ലാത്ത മാനസികാവസ്ഥയില്‍ വായിച്ചു തീത്തു. നല്ല കഥ എന്നല്ല, വളരെ നല്ല കഥ.

പട്ടേപ്പാടം റാംജി said...

ഇപ്പോഴത്തെ നമ്മുടെ ചുറ്റുപാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പലരും അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ വ്യക്തമാക്കി വളരെ ലളിതമായി തന്നെ എഴുതി.
ഭാവുകങ്ങള്‍.

valsan anchampeedika said...

Good, congrats!

നീര്‍വിളാകന്‍ said...

നല്ല കഥ...അത്മസംഘര്‍ഷങ്ങളുടെ ഒരു വ്യക്തമായ ആവിഷ്കാരം.... ഭാവുകങ്ങള്‍

റാണിപ്രിയ said...

Very good story!!!!!!!!!!

Minesh Ramanunni said...

ഒരു ആര്‍ദ്രത നിറഞ്ഞു നില്‍ക്കുന്നു എഴുതിലുടനീളം. അത് ആകര്‍ഷിച്ചു. പ്രമേയത്തിലും അവതരണത്തിലും പ്രയോഗങ്ങളിലും പുതുമ തോന്നിയില്ല. എന്നാലും കഥയിലെ ജീവിതം ആ കുറവ് അറിയിച്ചില്ല. അഭിനന്ദനങ്ങള്‍ .

jinoopettan.blogspot-Oru Vazhipokkan Parayunna Katha said...

Nalla Saili...boradikkathe vayichu pokavunna ozhukku..pakshe swalpam neendu poyo ennoru samsayam..oru pakshe ente nirdoshamaya churukkam chila thonnalukalil onnavanum vazhiyundu :-)

Anonymous said...

നല്ല കഥ....രണ്ടിറ്റു കണ്ണീര്‍ത്തുള്ളികള്‍ സമര്‍പ്പിച്ച് മടങ്ങുന്നു...എഴുതുവാന്‍ വാക്കുകളില്ലാതെ

സുസ്മേഷ് ചന്ത്രോത്ത് said...

നല്ല കഥ.മനസ്സിനെ തൊടും മട്ടില്‍ പറഞ്ഞിരിക്കുന്നു.അനുമോദനങ്ങള്‍..

സുരേഷ് ബാബു said...

നല്ല കഥ.
അഭിനന്ദനങ്ങള്‍ .

ManzoorAluvila said...

കഥയുടെ ഒഴുക്ക് വയനാ സുഖം സമ്മാനിച്ചു..മനസ്സിൽ തൊട്ടു.
എഴുത്തു നന്നായ് എല്ലാ ആശംസകളും

ബിഗു said...

അഭിനന്ദനങ്ങള്‍ .