സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!

നിഴല്‍ക്കുത്ത്.

December 06, 2010 സുരേഷ് ബാബു

ഇരുപുറവും പടര്‍ന്നു കയറിയ കുറ്റിക്കാടിനു നടുവിലെ നടപ്പാതയിലൂടെ നടന്ന്‌ ഒടുവില്‍ വീട്ടുമുറ്റത്തെത്തിയപ്പോള്‍ അയാള്‍ പിടിച്ച് നിര്‍ത്തിയപോലെ
നിന്നു. നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ . ...ഇനി ഈ മണല്‍ത്തരികള്‍ കാലു
നക്കില്ലെന്നുറപ്പിച്ചു പടിയിറങ്ങിയതാണ് ...
എന്നിട്ടും......
ജ്വലിച്ചുനിന്ന സൂര്യന്‍ അയാളെയും നിഴലിനെയും ഒരേ ബിന്ദുവില്‍ തളച്ചു നിര്‍ത്താന്‍ പണിപ്പെട്ടു ..
ഉമ്മറത്തെയ്ക്ക് വിറച്ചു ചുവടു വെയ്ക്കാന്‍ തുടങ്ങവേ , ഇപ്പൊ പൊട്ടിവീണ പോലെ അവള്‍ വാതില്‍ക്കല്‍ .......
അയാളുടെ കണ്ണുകള്‍ അവളെ പിടച്ചു നോക്കി ....
കുതറി മാറിയ നിമിഷങ്ങളില്‍ അവളറിയാതെ മിഴികള്‍ ചാല് കീറി കവിളുകളില്‍ കളം വരച്ചു..

"ന്നാലും ........നിങ്ങള്‍.. ..ഇത്രേം നാളും ..ഒന്നു തിരിഞ്ഞു നോക്കാതെ .........
വിളറി വിറച്ച വാക്കുകള്‍ പാതി വഴിയില്‍ പിടഞ്ഞു വീണു .
ഇപ്പൊ എന്തിനാ ഈ വരവ് ..എന്റെ കൊച്ചനെ തച്ചു കൊല്ലാനോ ?
അവനെ നരകിപ്പിച്ചത് മതിയാവാഞ്ഞിട്ടാണോ പിന്നേം വന്നത് ..
ഓടിക്കളിക്കേണ്ട പ്രായത്തില്‍ തുടങ്ങി ഇപ്പഴും എന്റെ കുഞ്ഞ് പെടാപ്പാട് പെടുന്നോണ്ടാ ഞാനും മോളും ജീവിച്ചു പോന്നേ..
ചത്താലും നിങ്ങളോട് ദൈവം പൊറുക്കുകേലാ .....നോക്കിക്കോ...

കുറച്ചു നേരം കൂടി അയാള്‍ അതേനില്‍പ്പ് തുടര്‍ന്നു ..
പിന്നെ വാക്കുകള്‍ മറന്നവനെപ്പോലെ ചലിക്കുന്ന കാലുകളില്‍ മിഴിയൂന്നി സാവധാനം തിരിഞ്ഞു നടന്നു...

'നീ പറഞ്ഞതൊക്കെ ശരി തന്നെ ...
ന്നാലും ...ഓന്റെ കവിളില്‍ കുന്നിക്കുരു വലുപ്പത്തില്‍ ആ കറുത്ത മറുക് ...
എനിക്കും നിനക്കുമില്ലാത്ത കറുത്ത മുദ്ര .
നിന്‍റെ വീട്ടുകാര്‍ക്കോ എന്റെ വീട്ടുകാര്‍ക്കോ ഒന്നിനെങ്കിലും പേരിനു പോലുമില്ലാത്ത ആ അലങ്കാര മുദ്ര ..
തിളയ്ക്കുന്ന ചിന്തകള്‍ കരളിന്റെ ഭിത്തിയില്‍ എണ്ണക്കറുപ്പില്‍ ചുട്ടി കുത്തുമ്പോള്‍ ഓനെ ഞാനെങ്ങനെ നമ്മുടെ മോനെന്നു വിളിച്ചു നെഞ്ചോടണയ്ക്കും ....."
വഴുതിയുള്ള നടപ്പിനു ഗതിവേഗം കൂടുന്നതിനിടയില്‍ അയാള്‍ ശബ്ദമില്ലാതെ നിലവിളിച്ചു ...

ഇല കരിഞ്ഞ മരങ്ങളെ തഴുകി വന്ന മീനമാസത്തിലെ വരണ്ട കാറ്റ് വാതില്‍പ്പടിയോളമെത്തി നിഷ്പ്പക്ഷതയുടെ അടയാളമായ് അവളുടെ കവിളൊപ്പി .. .

16 Comments, Post your comment:

Unknown said...

അച്ഛന്‍ എപ്പോഴും മിഥ്യ

Unknown said...

എന്നാലും....! :)

റാണിപ്രിയ said...

നല്ല കഥ...

Anonymous said...

നല്ല കഥ...ചുരുങ്ങിയ വാക്കുകളില്‍ ഒരുപാട് ചിന്തകള്‍....

ആളവന്‍താന്‍ said...

കൊള്ളാം....

അന്ന്യൻ said...

നല്ല കഥ.

Pranavam Ravikumar said...

I liked this too..!

Salini Vineeth said...

നല്ല കഥ.
തീം കുറച്ചു പഴകിയതാണോ എന്നേ സംശയം ഉള്ളു.. narration നന്നായിരിക്കുന്നു..
ഇനിയും എഴ്തുക ഭാവുകങ്ങള്‍!!!

എന്‍.ബി.സുരേഷ് said...

എന്തിനാണ് ഇങ്ങനെ ഒരു കഥ. എന്താണ് കഥാകാരൻ പറയാൻ ശ്രമിച്ചത്? 12 വർഷങ്ങൾക്ക് ശേഷം അയാൾ എന്തിനാണ് അയാൾ മടങ്ങി വന്നത്? മടങ്ങിപ്പോകാനോ?
ഭാര്യ പ്രസവിച്ച കുട്ടിക്ക് മറുക് വന്നതിനാൽ സംശയിച്ച് ഒരു മോശം ഭർത്താവ് ആയ അയാളുടെ ഉള്ളിൽ നിന്നോ ഇത്തരം ആഴത്തിലുള്ള ചിന്തകൾ.

കഥ മനസ്സിൽ ഡിസൈൻ ചെയ്യണം. വിഷയവും ആഖ്യാനവും വാക്കുകളും. ഇതിലെ വിവരണമൊക്കെ വല്ലാതെ വളച്ചുകെട്ടുന്നതായി. അത്തരം പ്രയോഗങ്ങൾ(തുടക്കം) ഒക്കെ എത്രയോ ക്ലീഷേ ആയി.

നന്നായി കഥ പറയാനറിയാവുന്ന താങ്കൾ കഥയെ ധൂർത്തടിക്കരുത്.

സുരേഷ് ബാബു said...

"എന്തിനാണ് ഇങ്ങനെ ഒരു കഥ. എന്താണ് കഥാകാരൻ പറയാൻ ശ്രമിച്ചത്?"

ഇതേ ചോദ്യം ഞാന്‍ തിരിച്ചു ചോദിച്ചാല്‍ ..
എന്തിനാണ് ഇങ്ങനെ ഒരു വിലയിരുത്തല്‍ എന്നായാലോ ?
വായനക്കാരന് കഥയെ വിലയിരുത്താം ...എഴുത്തുകാരന്റെ ചിന്തകളെയും എഴുതിയതിനു പിന്നിലെ ചേതോവികാരത്തെയും കടന്നാക്രമിക്കുന്ന്തു ഒരു തരം കടന്ന് കയറ്റം തന്നെയല്ലേ ? ഈ കഥ ഒറ്റ വായനയില്‍ തന്നെ വളരെ ലളിതമായി തന്നെ പറയുന്നുണ്ട് ഇതിലെ കഥാ തന്തു വലിച്ചു നീട്ടി പരത്തി പറയുന്നതല്ല എന്ന് ..കാര്യങ്ങള്‍ പരത്തി പറയുന്ന പഴേ രീതിയില്‍ നിന്നു വ്യത്യസ്തമായി കഥയിലെ ധ്വനി നിലനിര്‍ത്തുന്ന രചനകള്‍ ഇപ്പോള്‍ വളരെയധികം കാണുന്നുമുണ്ട് ...

പിന്നെ ചെകിട്ടത്തടിക്കുന്നപോലെ ഇതുപോലൊരു കഥയുടെ ആവിശ്യമെന്തെന്നൊക്കെ ചോദിച്ചാല്‍ പാവം ഞാന്‍ കുഴഞ്ഞു പോകത്തെയുള്ളൂ...

കഥയെ ധൂര്‍ത്തടിക്കരുത്‌ എന്ന താങ്കളുടെ പ്രയോഗം ......സത്യം പറയട്ടെ ഒന്നും മനസ്സിലായില്ല ..ചിലപ്പോള്‍ എന്റെ വിവരമില്ലായ്മയുടെ പ്രശ്നമാകാം ...എന്തായാലും രണ്ടക്ഷരം കുറിച്ചിടുന്ന ഒരുത്തനും വാക്കുകളെ സ്നേഹിക്കുകയല്ലാതെ അതിനെ ധൂര്‍ത്തടിക്കുമെന്ന് ചിന്തിക്കാള്‍ സാധിക്കുന്നുമില്ല ..

അല്ലെങ്കില്‍ തന്നെ ഈ നാലുവരികള്‍ ഒരു വലിയ സംഭവമൊന്നുമല്ലല്ലോ....പിന്നെ വലിയ സംവാദത്തിന്റെ ആവിശ്യവുമില്ല ...
അതുപോലെ ഇത്തരം ധൂര്‍ത്തടികള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് തോന്നുന്നുമില്ല ..താങ്കളെപ്പോലുള്ളവര്‍ക്ക് നെറ്റി ചുളിക്കാന്‍ ചില തോന്ന്യാസികളും വേണ്ടേ ?

ഹ ഹ .....അലോസരപ്പെടുത്തിയെങ്കില്‍ ക്ഷമിക്കുക ..
ചോദ്യത്തിനനുസരിച്ച് ഉത്തരം പറഞ്ഞു ശീലിച്ചു പോയീ ........

വായനയ്ക്ക് വളരെ നന്ദി ...
എന്നെങ്കിലും ഇതുപോലെ ചില ധൂര്‍ത്തടികളുമായി വീണ്ടും കണ്ടേയ്ക്കാം ..
ഒരു വെറും പ്രതീക്ഷയെ .....അത്ര മാത്രം ..

സ്നേഹത്തോടെ സുരേഷ് ....

എന്‍.ബി.സുരേഷ് said...

നമ്മൾ ബ്ലോഗ്ഗിൽ എല്ലാം നല്ലത് എന്ന് കേട്ട്ശീലിച്ചതിനാൽ ഞാൻ പറഞ്ഞത് കേട്ടപ്പോൾ കരണത്തടിച്ചപോലെ തോന്നും. താങ്കൾ ചോദിച്ച ചോദ്യങ്ങൾ എല്ലാൻ ന്യായമാണ്. വ്യക്തിപരമായ തർക്കങ്ങൾക്ക് ഞാനില്ല. എനിക്ക് താങ്കളെയും താങ്കൾക്ക് എന്നെയും അറിയില്ല. പിന്നെ എന്ത്?

ഞാൻ താങ്കളുടെ കഥ മാത്രം മുന്നിൽ കണ്ട് ആണ് പറഞ്ഞത്.
എന്നാൽ താങ്കൾക്ക് തിരിച്ച് ചോദിക്കാം താങ്കൾ ഇപ്പറഞ്ഞത് പോലെ യൊന്നുമല്ലാതെ ഒരു കഥ എഴുതിക്കാണിക്കൂ എന്ന്. വലഞ്ഞ് പോവുകയേ ഉള്ളൂ. എഴുത്തായ അഎഴുത്തിനെയെല്ലാം വിമർശിച്ച എം.കൃഷ്ണൻ നായർ മനോരമ വാരാന്ത്യപ്പതിപ്പിൽ പണ്ട് കഥയെഴുതി മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്.

പിന്നെ എന്റെ വിമർശനം ഒരു വായനക്കാരന്റെതു മാത്രമാണ്. മനസ്സിൽ തോന്നിയത് പറയാതെ താങ്കളുടെ പ്രീതിയെ കരുതി ഞാൻ നിങ്ങളെ സ്തുതിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് ഒരു മെച്ചവുമുണ്ടാകില്ല. നിങ്ങൾ ഇപ്പോൾ മനസ്സിൽ എന്തു ചിന്തിക്കുന്നോ അതൊന്നും വരില്ല. കഥയെപ്പറ്റി നിങ്ങൾ ഗൌരവക്കാരനാകണമെന്നേ ഞാൻ കരുതീട്ടുള്ളൂ.
പിന്നെ കഥയെ ധൂർത്തടിക്കുന്ന കാര്യം. നമ്മുടെ കൈയിൽ ഒരു മാധ്യമം ഉള്ളിടത്തോളം എന്തും എഴുതാം എന്ന തോന്നൽ ബൂലോകത്ത് പൊതുവേ ഉണ്ട്. അത് തൽക്കാല ലാഭമുണ്ടാകുമെങ്കിലും ആത്യന്തികമായി പ്രയോജനമൊന്നും ചെയ്യില്ല. അപ്പോൾ നമ്മൾ ഒരു കഥ ആലോചിക്കുമ്പോൾ അതിന്റെ ക്രാഫ്റ്റ്, വിഷയത്തിന്റെ പുതുമ ഒക്കെ നോക്കണം.

ഞാൻ ചെയ്യാതെ പോയ 500 സിനിമകളാണു മലയാള സിനിമയ്ക്ക് എന്റ്റെ സംഭാവന എന്ന് ശ്രീനിവാസൻ പറഞ്ഞത് കഥയുടെ കാര്യത്തിലുമാവാം.

നിങ്ങൾക്ക് കഥ എഴുതാൻ അറിയാം. അപ്പോൾ എത്രത്തോളം എഴുതാം എന്നതിനെക്കാൾ ഒരു സാധാരണ കഥ എങ്ങനെ എഴുതാതിരിക്കാം എന്ന് ആലോചിക്കുക.

സതം സത്യമായി പറഞ്ഞാണ് ശീലം. അതിനെ ഹൃദയം നിറഞ്ഞ സാഹോദര്യമായി കാണുക. ഞാൻ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചെങ്കിൽ മാപ്പ്.

This comment has been removed by the author.
സുരേഷ് ബാബു said...

ഋതുവില്‍ മാത്രമല്ല ..വാക്ക് പോലെയുള്ള മറ്റ് ചില സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഇടയ്ക്ക് ചില കുത്തിക്കുറിക്കലുകള്‍ നടത്താറുണ്ട്‌ ..
സാധാരണ ബ്ലോഗിട്ടാല്‍ അതിന്റെ കമന്റുകള്‍ക്ക് പിറകെ പോകാറെയില്ല..അതാണ്‌ ശീലവും ..
നിങ്ങള്‍ വളരെ നന്നായി കഥ പറഞ്ഞു എന്ന് കേട്ടാല്‍ ഉടനെ അഭിപ്രായത്തിനു വളരെ നന്ദി സുഹൃത്തേ എന്ന മറുപടിയും ശീലമില്ല തന്നെ ..
നല്ല വിമര്‍ശനങ്ങള്‍ നന്നായി ഉള്‍ക്കൊള്ളാറുമുണ്ട്‌ ..അതു വേണമെന്ന് തന്നെ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു .
വിമര്‍ശിക്കാനറിയാത്ത വായനക്കാരുള്ള ലോകത്തില്‍ എഴുത്ത്കാരന് വളര്‍ച്ചയില്ലെന്നു നിസ്സംശയം പറയാം ..

ഞാന്‍ വാക്കുകളെ ധൂര്‍ത്തടിക്കുന്നു എന്ന താങ്കളുടെ പ്രയോഗം എന്നെ നന്നായി ചൊടിപ്പിച്ചു എന്ന് തുറന്നു പറയുന്നതില്‍ ഒട്ടും മടിയില്ല ..
എന്തിനെയെങ്കിലും ധൂര്‍ത്തടിക്കുന്നു എന്ന് മറ്റുള്ളവരെ ക്കൊണ്ട്‌ പറ യിക്കേണ്ടി വരിക വളരെ മോശം തന്നയല്ലേ ..
പ്രത്യേകിച്ച് വാക്കുകളെ ധൂര്‍ത്തടിക്കുന്നു എന്ന് പറയുമ്പോള്‍ വല്ലാതെ മനസ്സ് വേദനിപ്പിച്ചു ..ഞാന്‍ അങ്ങനെ ഒരുത്തന്‍ എങ്കില്‍ ഈ പണി നിര്‍ത്തിയേ പറ്റൂ എന്നൊരപകട സൂചന അതില്‍ പതിയിരിക്കുന്നില്ലേ..

ഒരു നല്ല വായനക്കാരന്റെ വിലയേറിയ അഭിപ്രായമായി ഞാന്‍ താങ്കളുടെ വാക്കുകളെ കാണുന്നു ..തീര്‍ച്ചയായും കൂടുതല്‍ ശ്രദ്ധിക്കും ..
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി ..
അലോസരപ്പെടുത്തിയെങ്കില്‍ ഞാനും മനസ്സ് തുറന്നു മാപ്പ് ചോദിക്കുന്നു ....

K.P.Sukumaran said...

കഥയെ ധൂർത്തടിക്കരുത് എന്നായിരുന്നു എന്‍ . ബി. സുരേഷ് പറഞ്ഞത്. കഥാകാരന്മാര്‍ക്ക് പൊതുവെ ബാധകമായ നല്ലൊരു നിര്‍ദ്ദേശമാണത്.

കൈയിൽ ഒരു മാധ്യമം ഉള്ളിടത്തോളം എന്തും എഴുതാം എന്ന തോന്നൽ ബൂലോകത്ത് പൊതുവേ ഉണ്ട്. അത് തൽക്കാല ലാഭമുണ്ടാകുമെങ്കിലും ആത്യന്തികമായി പ്രയോജനമൊന്നും ചെയ്യില്ല എന്ന് രണ്ടാമത്തെ കമന്റില്‍ സുരേഷ് പറഞ്ഞത് ബ്ലോഗര്‍മാര്‍ക്ക് പാഠമാകേണ്ട നല്ലൊരു ഉപദേശമാണ്. ഈ രീതിയിലുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കാന്‍ ആളുകള്‍ക്ക് മനസ്സില്‍ സ്പെയിസ് തീരെ കുറഞ്ഞുപോകുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

കഥയെ ധൂർത്തടിക്കരുത് എന്ന് സുരേഷ് പറഞ്ഞതിനെ വാക്കുകളെ ധുര്‍ത്തടിക്കരുത് എന്നാക്കി മനസ്സിലാക്കി സുരേഷ് ബാബു വേദനിക്കാനിടയായത് തെറ്റിദ്ധാരണ കൊണ്ടാണ്. രണ്ടു പ്രയോഗങ്ങള്‍ക്കും തമ്മില്‍ അജഗജാന്തരമുണ്ട് :)

ഇത് തന്നെയാണ് ഞാന്‍ പറയാന്‍ ശ്രമിച്ചതും ..
കഥയെ ധൂര്‍ത്തടിക്കരുത്‌ എന്ന് പറഞ്ഞാല്‍ ആ മാധ്യമത്തെ ധൂര്‍ത്തടിക്കരുത്‌ എന്ന് തന്നല്ലേ അര്‍ഥം ..
വാക്കുകള്‍ കൊണ്ടല്ലാതെ കഥ എന്ന മാധ്യമത്തെ എങ്ങനെ പ്രകാശിപ്പിക്കാം എന്ന് മനസ്സിലാകുന്നില്ല ..
അങ്ങനെ നോക്കുമ്പോള്‍ അത് ധൂര്‍ത്തടിക്കല്‍ തന്നെയല്ലേ ?
അക്ഷരങ്ങളെയും വാക്കുകളെയും ഒരുപാട് സ്നേഹിക്കുകയും , ബഹുമാനിക്കുകയും ചെയ്യ്ന്നതുകൊണ്ട് ആ പ്രയോഗം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നേ പറഞ്ഞുള്ളൂ ...
ധൂര്‍ത്തടിക്കല്‍ എന്നാല്‍ മുതലെടുക്കല്‍ എന്ന പച്ചയായ അര്‍ഥം കൂടിയുണ്ട് ..
അങ്ങനെ സ്വയം തോന്നിയാല്‍ ഈ മാധ്യമത്തോട് സുല്ലിട്ട്‌ പിന്മാറിയിരിക്കും.
ഉറപ്പ് !

എഴുത്ത് നന്നാക്കാന്‍ വായനക്കാരന്റെ അഭിപ്രായങ്ങളെ വേണ്ട പരിഗണനയോടെ സ്വീകരിക്കും എന്നും പറഞ്ഞല്ലോ ..
തുടര്‍ന്നും എഴുത്തിനു ഗുണം പകരുന്ന നല്ല വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കട്ടെ ..
വിശദമായ വായനയ്ക്ക് ഒരുപാടു നന്ദി..