കല്ലറയ്ക്കുള്ളില്‍ വല്ലാത്ത തണുപ്പായിരുന്നു. ഇരുട്ടും. അതിനുള്ളില്‍ ജെയിനിന്റെ ശരീരം ഇനിയും വാടിയിട്ടില്ലാത്ത പൂക്കളുടെ നടുവില്‍ തണുത്തു മരവിച്ചുകിടന്നു. ഏതാനും മണിക്കൂറുകളേ ആയിട്ടുള്ളു അവളുടെ സംസ്കാരം നടന്നിട്ട്. ദുര്മ്മരണം സംഭവിച്ച അവളുടെ ശരീരത്തിന്റെ അടുത്തു നിന്നും പോകുവാന്‍ കൂട്ടാക്കാതെ ആത്മാവ് അവളുടെ കൂടെ നിന്നു. പണ്ടേ ഇരുട്ട് പേടിയുള്ള പെണ്കുട്ടിയായിരുന്നു ജെയിന്‍. കല്യാണത്തിനു മുന്പ് കറണ്ടു പോകുന്ന ദിവസങ്ങളില് അവള്‍ മമ്മിയുടെ മുറിയിലേ ഉറങ്ങുമായിരുന്നുള്ളു. കല്യാണം കഴിഞ്ഞ് രണ്ടു ദിവസമായിക്കാണും പെട്ടെന്നു രാത്രി കറണ്ടു പോയപ്പോള്‍ ഭയന്നു കെട്ടിപ്പിടിച്ച ജെയിനിനെ ടോം കുറച്ചൊന്നുമല്ല കളിയാക്കിയത്. ആ ജെയിനാണ് ഇപ്പോള്‍ കൂരിരുട്ടില്‍ തനിയെ.... കല്ലറക്കു മുകളില്‍ നല്ല മഴ പെയ്യുന്നുണ്ട്. പെരുമഴ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി അവളുടെ ശരീരത്തെ നനക്കുമോ എന്ന് ആത്മാവ് സന്ദേഹിച്ചു..
അവളില്നിന്നും വേര്പിരിയാനുണ്ടായ സാഹചര്യങ്ങള്‍ ഓര്ത്തുകൊണ്ട് ആത്മാവ് അവളുടെ ശരീരത്തെ ചുറ്റിപ്പറ്റി നിന്നു. അല്ലാതെ പിന്നെ അതെന്തു ചെയ്യും...? അതിന് ശരീരത്തിലേക്ക് വീണ്ടുമൊരു തിരിച്ചു പോക്ക് സാധ്യമല്ലല്ലോ. ഇപ്പോള്‍ അവളുടെ ശരീരവും ആത്മാവും രണ്ടും രണ്ടായി പിരിഞ്ഞിരിക്കുന്നു. ശരീരത്തിലായിരിക്കുമ്പോള് താന്‍ അവള്‍ തന്നെയായിരുന്നു. അവളുടെ മനസ്സായിരുന്നു. ഇപ്പോള്‍ നല്ലവളായ ഈ പെണ്കുട്ടിയില്നിന്നും പിരിയേണ്ടി വന്നല്ലോ എന്ന് ആത്മാവ് ഖേദത്തോടെ ഓര്ത്തു. സംഭവങ്ങളിലേക്ക് പിന്നോട്ട് ആത്മാവ് സഞ്ചരിച്ചു തുടങ്ങി.
ഒരു മഴക്കാലത്താണ് അവളുടെ മരണം സംഭവിച്ചത്. ശവമടക്കു സമയത്തും പെരുമഴ. കൂടി നിന്നവര്ക്ക് എങ്ങനെയെങ്കിലും ആ ചടങ്ങ് ഒന്നു കഴിഞ്ഞെങ്കില്‍ എന്നായിരുന്നു. അല്ലെങ്കിലും അധികം ആളൊന്നും അവളുടെ ശവ സംസ്കാരത്തിനുണ്ടായിരുന്നില്ല. അവളുടെ അമ്മയും അടുത്ത ബന്ധുക്കളും കരഞ്ഞു കൊണ്ട് ആ മഴയത്തു തന്നെ നിന്നു. മറ്റുള്ളവര്‍ സെമിത്തേരിയില്‍ മരിച്ചവര്ക്കു വേണ്ടിയുള്ള പ്രാര്ഥനക്കായി കെട്ടിയുണ്ടാക്കിയിട്ടുള്ള ചെറിയ കപ്പേളയിലേക്ക് നീങ്ങി നിന്നു. തുള്ളിക്കൊരു കുടമുള്ള മഴയില്നിന്നും രക്ഷപ്പെടാമല്ലോ. .മഴ ശക്തിയായപ്പോള്‍ പണിക്കാരാരോ കൊണ്ടു കൊടുത്ത കുട നിവര്ത്തി ടോമിന്റെ അപ്പന്‍ അവനെക്കൂടെ അതിന്റെ ചുവട്ടില്നിറുത്തി. കുഴി മൂടിക്കഴിഞ്ഞിട്ടും ജെയിനിന്റെ അമ്മ ആലീസ് അവിടെ നിന്നും പോരാന്‍ കൂട്ടാക്കാതെ ആ പെരുമഴയത്തു നിന്നു. ഒടുവില്‍ ജെയിനിന്റെ കുഞ്ഞമ്മ ലിസ്സാമ്മ നിര്ബന്ധിച്ചു പിടിച്ചു കൊണ്ടു വന്നു കപ്പേളയിലെ ബെഞ്ചില്‍ ഇരുത്തി. നനഞ്ഞു കുതിര്ന്ന വസ്ത്രങ്ങളുമായി ആ സ്ത്രീ പ്രഞ്ജയറ്റ് പതുക്കെ ബെഞ്ചിലേക്കു വീണു.
പുരാതന തറവാടായ വലിയകുളത്തിൽ വീടിന്റെ വിശാലമായ ഹാള്‍. പോസ്റ്റുമാര്ട്ടം കഴിഞ്ഞ ജയിന്റെ മൃതദേഹം പെട്ടിയില്‍ അലങ്കരിച്ചു കിടത്തിയിരിക്കുന്നു. വീടിനുള്ളില്‍ അയല്ക്കാരും ബന്ധുക്കളും.. ആരുടെയും മുഖത്ത് ഒരു സഹതാപ ഭാവവുമില്ല. ഒരു ഞെട്ടലാണ് എല്ലാ കണ്ണുകളിലും. അവള്‍ എന്തിന് ഇതു ചെയ്തു എന്നൊരു ചോദ്യ ഭാവം എല്ലാ മുഖത്തും
നിഴലിച്ചു. അവരെല്ലാം അവളുടെ ഭര്ത്താവ് ടോമിനെ ഓര്ത്ത് ദു:ഖിച്ചു.
അവള്ക്ക് ശവസംസ്കാര ചടങ്ങുകള് ഒന്നും ഉണ്ടായിരുന്നില്ല. എപ്പോഴോ പള്ളിയില് നിന്നും അച്ചന്‍ വന്ന് പ്രാര്ഥിച്ചിട്ടു പോയി. അതു തന്നെ ആ വലിയ കുടുംബത്തെ ഓര്ത്ത് . ഏന്തൊക്കെയാണെങ്കിലും വലിയ കുളത്തില്കാ രെ പള്ളിക്കാര്ക്ക് അങ്ങനെ ഒഴിവാക്കുവാന്‍ പറ്റില്ലല്ലോ. അല്ലാതെ തൂങ്ങി മരിച്ച പെണ്ണിന്റെ അടക്കിന് പള്ളിക്കാര്‍ വരുമോ..?. പണ്ടായിരുന്നെങ്കില്‍ തെമ്മാടിക്കുഴിയിലായിരുന്നു അവള്ക്ക് സ്ഥാനം.
പുതുമ മങ്ങാത്ത റോസ് നിറത്തില്‍ നിറയെ കസവു പൂക്കളുള്ള മന്ത്രകോടിയാണ് അവളെ ഉടുപ്പിച്ചിരിക്കുന്നത്. തലയില് വെളുത്ത പൂക്കളുടെ കിരീടം. കയ്യില്‍ ചെറിയ ഒരു കുരിശും കൊന്തയും. ആറു മാസം മുന്പ് പൂക്കള് കൊണ്ടുള്ള കിരീടവും കൈകളില് ബെക്കെയുമായി വെളുത്ത ഗൌണനിഞ്ഞു വന്ന സുന്ദരിയായ മണവാട്ടിയെ കാണുവാന്‍ വന്നതിന്റെ പകുതി പോലും ആളുകള്‍ ഇപ്പോഴവിടെയില്ല. അന്ന് ആ മണവാട്ടിയുടെ ചുണ്ടുകളില്‍ മന്ദസ്മിതമായിരുന്നെങ്കില്‍ ഇന്ന് തണുത്ത മരണത്തിന്റെ നിര്ജ്ജീവത.
“വല്ലാത്ത പിടി വാശിക്കാരി പെണ്ണായിരുന്നു. ഒറ്റ മോളായി വളര്ത്തിയതിന്റെയാ...”
“അതേ..അതേ...അല്ലെങ്കില് കെട്ട്യോന്‍ എന്തോ പറഞ്ഞതിന് പെണ്ണുങ്ങള് ഇതു മാതിരി കടും കൈ ചെയ്യുമോ...?”
“പാവം ടോം. എന്തു നല്ല ചെറുക്കനാ..അവന്റെ ജീവിതം പോയി..”
“അമ്മായിയപ്പന്‍ വര്ഗ്ഗീസിന് പിടിപാടുണ്ടായതു ഭാഗ്യം. അല്ലെങ്കില്‍ ഇത്ര പെട്ടെന്നു പോസ്റ്റുമാര്ട്ടം കഴിഞ്ഞ് ശരീരം കിട്ടുമായിരുന്നോ..?”ചുറ്റും കൂടിനിന്ന പെണ്ണുങ്ങള്‍ ഓരോരുത്തരായി അടക്കം പറയുന്നുണ്ടായിരുന്നു.
ജെയിനിന്റെ ആത്മാവിനു ചിരി വന്നു അതു നിശ്ശബ്ദം ചിരിച്ചു. അതു കുറച്ചു ഉറക്കെ ചിരിച്ചാലും കുഴപ്പമില്ല. അതിനെ കേള്ക്കാന്‍ ജയിനിന്റെ ശരീരത്തിനല്ലാതെ മറ്റാര്ക്കുമാവില്ലല്ലോ. ടോം അതീവ ദു:ഖിതനായി ശവത്തിനരികെ നിന്നു. അതു ദു:ഖമല്ല, പരിഭ്രമമാണെന്ന് ആത്മാവിനു മാത്രം മനസ്സിലായി. അവളുടെ അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങല്‍ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ടിരുന്നു.
ജെയിനിന്റെ മൃതദേഹം ചുറ്റുമുണ്ടായിരുന്ന കുറച്ചാളുകളുടെ സഹായത്തോടെ പോലീസ് താഴെയിറക്കി.“അവളുടെ വീട്ടില് അറിയിക്കണ്ടേടാ… “കോണ്ട്രാക്ടര് വര്ഗ്ഗീസ് മകനോടു ചെവിയില്‍ ചോദിച്ചു. ടോം ഒന്നും മിണ്ടാനില്ലാത്തവനെപ്പോലെ അപ്പനെ നോക്കി.
“അല്ലെങ്കില്‍ വേണ്ട കുറച്ചു കഴിയട്ടെ.. ഇതൊന്നു കൊണ്ടു പോയിട്ടു മതി.“
അര മണിക്കൂര്‍ യാത്രയേ ഉള്ളു ജെയിനിന്റെ വീട്ടിലേക്ക്.
മൃതദേഹം കയറ്റിയ ആംബുലന്സ് ഗേറ്റു കടന്നു പോയപ്പോള് വര്ഗ്ഗീസിന്റെ സുഹൃത്തായ മേടയില്‍ ആണ്ട്രൂസ് ധൃതിയില് ലാന്ഡ് ഫോണിനടുത്തേക്ക് ചെന്ന് ജെയിനിന്റെ വീട്ടിലേക്ക് വിളിച്ചു വിവരമറിയിച്ചു. ആണ്ട്രൂസ് വലിയ കുളത്തില് വീടിന് വേണ്ടപ്പെട്ട ആളാണ്.വര്ഗ്ഗീസിന്റെ് വലം കൈ. രാഷ്ട്രീയത്തിലും നല്ല പിടിപാട് ഉണ്ട്.
തലേന്നു രാത്രി….ടോം കിടക്ക മുറിയുടെ പുറത്ത് ഡൈനിങ്ങ് ഹാളിലെ കസേരയില്‍ അസ്വസ്ഥനായി ഇരിക്കുന്നു. അകത്തു നിന്നും അപ്പന്‍ ജെയിനിനോട് സംസാരിക്കുന്നത് കേള്ക്കാം. അയാള്‍ അത് ചെവിയോര്ത്തു ഇരിക്കുകയാണ്.
“അതു നിനക്കായിട്ടു തന്നതല്ലേ..? പിന്നെന്തിനാ നിന്റെ മമ്മിയുടെ ഒരു സമ്മതം..?”
“മമ്മി എതിരൊന്നും പറയുകയുകയില്ല. പക്ഷേ മമ്മിയോടു ചോദിക്കാതെങ്ങനെയാ..?” ജെയിന്‍ വിഷമത്തോടെ ചോദിക്കുന്നു
“കല്യാണം കഴിഞ്ഞാല്‍ പിന്നെ കെട്ടിയ വീട്ടുകാരോടാ ചോദ്യവും സമ്മതവുമൊക്കെ. അല്ലാ.... ആ മൂന്നേക്കര്‍ തോട്ടം തന്നില്ലായിരുന്നെങ്കില്‍ നിനക്കീ വീട്ടില്‍ കാലു കുത്തുവാന്‍ പറ്റുമായിരുന്നോ..? ഈ വീടിന്റെ നിലയും വിലയും നിന്റെ വീട്ടുകാര്ക്കും അറിയാവുന്നതല്ലേ..?”
അപ്പന് ദേഷ്യം വരുന്നുണ്ടെന്നു ടോമിനു മനസ്സിലായി. ഇനി എന്തെല്ലാമായിരിക്കും സംഭവിക്കുക എന്നോര്ത്തേയാള്‍ ആശങ്കാ ഭരിതനായി. തെല്ലു നിശബ്ദതക്കു ശേഷം അപ്പന്റെ ശബ്ദം വീണ്ടും കേട്ടു.
“ഇപ്പോ എനിക്കു കുറച്ചു പൈസക്കാവശ്യം വന്നു. അതിനു വേണ്ടിയല്ലേ ആ തോട്ടമങ്ങു വില്ക്കാമെന്നു പറഞ്ഞത്. നിന്റെ മൊതല് ഈ വീട്ടിലെ മൊതലാ..അല്ലെങ്കില് ജപ്തിയാ വരാന്‍ പോകുന്നേ..ജപ്തി.. ഞാന്‍ മാത്രമല്ല നീയും ഇറങ്ങേണ്ടി വരും കെട്ട്യവന്റെ കൂടെ പെരുവഴിയിലേക്ക്. ഈ കുടുബത്തിന്റെ അന്തസ്സും കൂടെയിറങ്ങും. നാട്ടുകാരിതറിഞ്ഞാല്‍ പിന്നെ എനിക്ക് തലയുയര്ത്തി നടക്കാണോ..? വലിയ കുളത്തില്‍ തറവാട് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് നിനക്ക് നിന്റെ വീട്ടുകാരെ അറിയിച്ചേ അടങ്ങൂ..അല്ലേ…?”
“വില്ക്കുന്നതിലൊന്നും എനിക്കു തടസ്സമില്ല. മമ്മിയോടൊന്നു പറയണം എന്നേ പറഞ്ഞുള്ളു.”വീണ്ടും ജെയിനിന്റെ അപേക്ഷാ സ്വരം.
ടോം അസ്വസ്ഥനായി കൈ നഖം കടിച്ചു കൊണ്ട് കസേരയില്നിറന്നും എഴുന്നേറ്റു. അയാള്ക്കും വല്ലാതെ അരിശം വരുന്നുണ്ടയിരുന്നു. മുറിക്കു പുറത്തേക്ക് ക്രുദ്ധനായി ഇറങ്ങിയ വര്ഗ്ഗീസ് മകനോടലറി.
“ഒന്നു സമ്മതിപ്പിക്കടാ.. ആ അനുസരണകെട്ടവളെ…കെട്ടിയവനാണെന്നും പറഞ്ഞു നടക്കുന്നു.. നാണമില്ലാതെ..“
കലി തുള്ളി മുകളിലേക്കു കയറിപ്പോയ അപ്പനെ ടോം ഒരു നിമിഷം നോക്കി നിന്നു. പിന്നീട് കിടക്കമുറിയിലേക്കു പാഞ്ഞു. മുറിക്കുള്ളിലേക്കു വന്ന ടോമിനെ ജെയിന്‍ ഭീതിയോടെ നോക്കി. അവന്റെഅ അങ്ങനെയൊരു ഭാവം അവള്‍ ആദ്യമായിട്ടാണ് കാണുന്നത്.
താഴെനിന്നും ടോമിന്റെ പരിഭ്രാന്തമായ വിളികേട്ട് മുകളിലത്തെ മുറിയിലായിരുന്ന വര്ഗ്ഗീസ് അങ്ങോട്ടു ചെന്നു. ജെയിനിന്റെ ചേതനയറ്റ ശരീരം കണ്ട് അയാള്‍ മിഴിച്ച കണ്ണുകളോടെ മകനെ നോക്കി. അന്നു രാത്രി പന്ത്രണ്ടു മണിയോടെ കോണ്ട്രാക്ടര്‍ വലിയ കുളത്തില് വര്ഗ്ഗീസിന്റെ. മകന്റെ ഭാര്യ ജെയിന്‍ തൂങ്ങി മരിച്ചു. അത് ആ കുടുംബത്തിന്റെ സല്പ്പേരിന് കളങ്കമായി.
ഒരു റൌണ്ട് ഫ്ലാഷ് ബാക്ക് കഴിഞ്ഞപ്പോള് ആത്മാവ് ഇഹലോകത്തിന്റെ നാടകങ്ങളോര്ത്ത് ചിരിക്കാന്‍ തുടങ്ങി. കുറച്ച് ഉറക്കെ.. അത് കേട്ട് ജെയിന്റെ ശരീരം ചോദിച്ചു.
“എന്താ നീ സാധാരണ ആത്മാവുകളെപ്പോലെ എന്നില്നിലന്നും പിരിഞ്ഞ ഉടനെ പരലോകത്തേക്കു പോകാത്തത്..? എന്റടുത്തു നിന്നും പോകാന്‍ ഇത്ര വിഷമമാണോ നിനക്ക്..?”
“എന്താണെന്ന് എനിക്കും വ്യക്തമായി അറിയില്ല. എന്തോ അപ്പോള്‍ എനിക്കു നിന്നെ വിട്ടു പോകാന്‍ തോന്നിയില്ല. നിന്നോട് ആര്ക്കും തോന്നാത്ത കരുണ തോന്നിയതു കൊണ്ടായിരിക്കും.”
“അതു നന്നായി. നീ കൂടെയുള്ളതു കൊണ്ടു മരിച്ചിട്ടും ജീവിച്ചിരിക്കുന്നു എന്നൊരു തോന്നല്‍ എനിക്കുണ്ട്.”
ഒരു ആത്മാവും ചെയ്യാത്ത കാര്യമാണ് നിനക്കു ഞാന്‍ ചെയ്തത് …എനിക്കു പോകാന്‍ സമയമായി.. ഞാന്‍ തിരിച്ചു നിന്റെ ശരീരത്തില് കയറി ജീവന്‍ ലഭിക്കുമെന്നു നീ വിചാരിക്കുന്നുണ്ടോ..?ഏതെങ്കിലും ആത്മാവിന്‍ സാധിച്ചിട്ടുണ്ടോ അത്..?”
“ആത്മാവിനു പോകണമെങ്കില്‍ ശരീരത്തിന്റെ അനുവാദം വേണോ..?എന്റെ ശരീരത്തില്‍ നിന്നും പിരിഞ്ഞ നിന്റെ മേല്‍ എനിക്ക് എന്തു നീയന്ത്രണമാണ് ഉള്ളത്...?പിന്നെ നീ പോകാതെ നില്ക്കുന്നത് എനിക്ക് ഒരു ആശ്വാസമാണെന്നു മാത്രം.” ശരീരം മറുപടി പറഞ്ഞു
“നീ ഭൂമിയില്‍ ജീവിച്ചു കൊതി തീരാത്തവളായതു കൊണ്ടായിരിക്കും എനിക്ക് അപ്പോള്‍ പോകാന്‍ തോന്നാതിരുന്നത്.”
“ഭൂമിയില്‍ ജീവിച്ചു കൊതി തീരുക അത്ര ഏളുപ്പമുള്ള കാര്യമണോ, ഒരു മനുഷ്യ ജന്മത്തിന്..?”
“അതില്ല...പക്ഷേ നിന്റെ ഈ പ്രായത്തില്‍ ഒരു ജന്മം ഒടുങ്ങുക എന്നത് ദു:ഖകരമായ സത്യം തന്നെ.”
“അതേ.. ഞാന്‍ എത്ര ദു:ഖിക്കുന്നു. ഇഹലോകം എനിക്കു നഷ്ടപ്പെട്ടതോര്ത്ത്.. എന്റെ മമ്മിയെ ഓര്ത്ത്, ബന്ധുക്കളെ ഓര്ത്ത്. അങ്ങനെ പലതും…”
“അപ്പോള് നിന്റെ. ടോം..?”
“അവനെയും എനിക്കു സ്നേഹിച്ചു മതിയായില്ല.”
“നിന്നെ കൊന്നവനായിട്ടും..?”
“ടോമിനെ ഞാന്‍ അത്രക്കു സ്നേഹിച്ചിരുന്നതല്ലേ…? എന്റെം ആത്മാവായിരുന്നിട്ടും നിനക്ക് എന്റെന മനസ്സു വായിക്കാനാവുന്നില്ലേ…?”
“കഷ്ടം!!!!!!!!! ” ആത്മാവ് ശബ്ദമില്ലാതെ പറഞ്ഞു.
“കഴിഞ്ഞ കാര്യങ്ങള്‍ എന്തെങ്കിലും നിനക്ക് ഓര്മ്മയുണ്ടോ…?” ആത്മാവ് വീണ്ടും ചോദിച്ചു
“പൂര്ണ്ണമായും ഇല്ല. കൊല്ലണം എന്നോര്ത്തായിരിക്കില്ല ടോം എന്നെ അടിച്ചത്. ഏറ്റവും സ്നേഹം തോന്നുമ്പോള്‍ ടോം എന്റെ കഴുത്തിലാണ് ചുംബിക്കാറുള്ളത്. അടികൊണ്ട് വീഴാന്‍ പോയ എന്റെണ കഴുത്തിലേക്ക് കൈ കൊണ്ടുവന്നപ്പോള് ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു കണ്ണുകളടച്ചു പോയി. എന്നെ സാന്ത്വനിപ്പിക്കാന്‍ വരുന്നു എന്നാണ് ഞാന്‍ കരുതിയത്. അത്രയേ എനിക്കോര്മ്മയുള്ളു.പിന്നീടെന്തു സംഭവിച്ചതെന്നു എനിക്കറിയില്ല.
എന്റെ ബോധം അപ്പോള്‍ മറഞ്ഞു പോയായിരുന്നല്ലോ..“
ആത്മാവ് അവളെ സഹതാപത്തോടെ നോക്കി..പിന്നെ പറഞ്ഞു.
“അപ്പോള്‍ ഞാന്‍ നിന്നില്നിന്നും വേര്പെടാതിരിക്കുവാനുള്ള തത്രപ്പാടിലായിരുന്നല്ലോ. വേര്പെടാതിരിക്കാന്‍ ഞാന്‍ ആവതു ശ്രമിച്ചതാണ്. നീയും ദീര്ഘമായി ശ്വാസം വലിച്ച് എന്നെ പിരിയാതിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നല്ലോ. സാരമില്ല നിന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ നമ്മള്‍ തമ്മില്‍ പിരിയണം എന്നത് വിധിയായിരിക്കും“
“ഓ…നീയോര്പ്പിച്ചതു നന്നായി. നാളെ എന്റെ പിറന്നാളാണ്…“
“പിറന്നാളെല്ലാം ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്ക്കല്ലേ..നീ ഇപ്പോള്‍ ഭൂമിയില്‍ നിന്നും മറഞ്ഞവളാണ്..ശരീരവും ആത്മാവും രണ്ടായവള്‍. അതു നീ മറന്നോ..?”
“മറന്നിട്ടല്ല…എന്റെന കഴിഞ്ഞ പിറന്നാളുകള് ആഘോഷിച്ചത് ഓര്ത്ത് അറിയാതെ പറഞ്ഞു പോയതാണ്..” ശരീരം ദു:ഖത്തോടെ പറഞ്ഞു.
“ഇനിയും നിന്റെ. കൂടെ നില്ക്കുവാന്‍ എനിക്ക് സാധിക്കില്ല. ഇപ്പോള് തന്നെ ഞാന്‍ എന്റെ ലോകത്തേക്കു പോകുവാന്‍ എത്ര വൈകി. ഇനിയും വൈകിയാല്‍ ഏനിക്ക് ഇനി ആ ലോകത്തേക്ക് പ്രവേശനം നിഷേധിച്ചെന്നിരിക്കും. ഗതി കിട്ടാതെ ഭൂമിയില് അലയുക എന്നത് നമുക്കു രണ്ടുപേര്ക്കും നല്ലതല്ല.” ആത്മാവ് ഓര്മ്മിപ്പിച്ചു
“ശരി എനിക്ക് എന്റെ വിധി. നിനക്ക് നിന്റെയും“
ജെയിനിന്റെ ശരീരം മനസ്സില്ലാ മനസ്സോടെ തന്നില്‍ നിന്നും പിരിഞ്ഞ ആത്മാവിനെ അതിന്റെ ലോകത്തേക്കു യാത്രയാക്കി. ശരീരത്തെ ഒരു നിശ്വാസത്തോടെ നോക്കിയ ശേഷം അതിനെ ആറടി മണ്ണിനു വിട്ടു കൊടുത്തിട്ട് അവളുടെ ആത്മാവ് പരലോകത്തേക്കു യാത്രയായി. പോകുന്ന വഴിയില് അത് ജെയിനിന്റെ കല്ലറയെ ഒന്നു തിരിഞ്ഞു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
ജെയിന്‍ ടോം
ജനനം: 10-6-1987
മരണം: 9-6-2009
ജയിനിന്റെ മരണം ഒരു ഫ്ലാഷ് ബാക്ക്
December 17, 2010
റോസാപ്പൂക്കള്‍
Subscribe to:
Post Comments (Atom)
9 Comments, Post your comment:
ആത്മാവും ശരീരവും കൂടി കഥ പറയുമ്പോള്‍
അത്ര എളുപ്പമല്ല കാര്യങ്ങള്‍ എന്നറിയാം.
ഒരു കാര്യം കൃത്യമായ വിവരണത്തില്‍
അവതരിപ്പിച്ച കഥ നന്നായി.
നേരത്തെ വായിച്ചിരുന്നു ബ്ലോഗില്‍.
വളരെ മനോഹരമായി
ഒരു CBI ഡയറി കുറിപ്പ് എന്നാ സിനിമ ഓര്‍മിപ്പിച്ചു
റാംജി പറഞ്ഞപോലെ എഴുതാന്‍ അത്ര എളുപ്പമുള്ള സങ്കേതം അല്ല തിരഞ്ഞെടുത്തത്.. പക്ഷെ എഴുതി ഫലിപ്പിച്ചു എന്നതാണ് ഈ കഥയുടെ വിജയം.
എത്ര സാധാരണ വിഷയവും കഥ പറയുന്ന രീതി കൊണ്ടു മികച്ചതാക്കാം എന്നതിന് ഈ കഥ ഒരു ഉദാഹരണം. ഭാവുകങ്ങള്‍..
വായിച്ചതും കണ്ടതുമായ ഒരു വിഷയമായിട്ടു കൂടി എഴുതിയ രീതിയിലെ പുതുമ കൊണ്ട് ഒരുപാടിഷ്ട്ടപ്പെട്ട ഒരു കഥ, അക്ഷരത്തെറ്റുകള്‍ കാരണം അങ്ങനെ അല്ല എന്ന് പറയേണ്ടി വരുന്ന അവസ്ഥ!!!
ഇനിയെങ്കിലും ശ്രദ്ധിക്കുക. ഒരുപാട് അക്ഷരത്തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്.
ഇത് മുന്‍പൊരിക്കല്‍ റോസാപ്പൂക്കളില്‍ വായിച്ചിരുന്നതാണ്. പിന്നെ പഴയ പോസ്റ്റായത് കൊണ്ടും അവിടെ നിന്ന് ഇവിടേക്ക് കോപ്പി ചെയ്തപ്പോള്‍ ശ്രദ്ധിക്കാത്തത് കൊണ്ടുമാവും റോസ് അക്ഷരതെറ്റുകള്‍ വന്നിട്ടുള്ളത്. റോസിന്റെ മികച്ച ഒരു രചന തന്നെയിത്
കൂട്ടുകാർക്ക് കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.
അക്ഷരത്തെറ്റു ചൂണ്ടിക്കാണീച്ചതിനു നന്ദി.തിരുത്തിയിട്ടുണ്ട്
നല്ല കഥ.
കഥ പരിചിതമെങ്ങ്കിലും പറയനുപയോഗിച്ച രീതി നന്നായി. കഥയുടെ പശ്ചാത്തലവും മനോഹരമായി തോന്നി .
വ്യത്യസ്തമായ രീതിയിലുള്ള കഥനരീതി മനോഹരമായീ ട്ടോ...
Post a Comment