"ത്ഫൂ !!...
നായിന്റെ മോന്‍ ...!"
രാഘവന്‍ നായര്‍ രാവിലെ തന്നെ മകനെ ഞാന്‍ നിന്റെ തന്തയല്ല എന്നറിയിച്ചു ..
"നാല് ചക്രം കിട്ടുന്ന കാര്യം അവന് ആക്ഷേപമാണ് പോലും ..
ബാക്കിയൊള്ളോര് ഒരോരുത്തന്റെ മുന്നീ തലേം ചൊറിഞ്ഞ് കൈയും കാലും പിടിച്ചു ഒരു വിധം ഒപ്പിച്ചെടുത്തപ്പോ ഇവിടുത്തെ തമ്പുരാന് കുറച്ചിലാണ് പോലും ..
കാശ് മാത്രമല്ല കാര്യം ..ചെയ്യുന്ന തൊഴിലിനു മാന്യത വേണമത്രേ ..
ത്ഫൂ ! സ്റ്റയിലന്‍ കഴുവേറി" !!
അയാള്‍ നീട്ടി തുപ്പുന്നതിനിടയില്‍ ഈണത്തില്‍ തെറി വിളിച്ചു .
വര്‍ഷങ്ങളായി ശ്രീമാന്‍ രാഘവന്‍ നായര്‍ അവര്‍കള്‍ സ്വപുത്രന്‍ രവിയോടുള്ള അഗാധമായ പുത്രവാത്സല്യം ഒട്ടും മറയില്ലാതെ പ്രകടമാക്കുന്ന വേളകളില്‍ ഒന്നാണ് ഇപ്പോള്‍ കണ്ടത് ..
"നിങ്ങള്‍ക്ക് രാവിലെ തന്നെ വാ തുറന്നു നല്ല വര്‍ത്തമാനം എന്തേലും പറഞ്ഞൂടെ മനുഷ്യാ ..
ഒന്നുമില്ലേലും അവനൊരു ജോലിക്കാര്യത്തിനു പോകുവല്ലേ..
'പിള്ളേ തല്ലിയാല്‍ തള്ളയ്ക്കു കൊള്ളുമെന്ന് ' ഭാര്‍ഗ്ഗവിയമ്മ..കണവനെ ബോദ്ധ്യപ്പെടുത്തി..
"പിന്നേ...മൂന്നു കൊല്ലം ഡിഗ്രിക്ക് ചെരയ്ക്കാന്‍ നടന്നിട്ട് കഷ്ടിച്ച് കിട്ടിയ പാസ് സര്‍ട്ടിഫിക്കെറ്റും കൊണ്ടു ചെന്നാലുടനെ നിന്റെ മോനെ അവര് സബ് കലക്ടറാക്കാന്‍ പോവല്ലേ ..
നാളത്തെ പത്രത്തില് നാല് കോളം വാര്‍ത്തേം കാണും ..നീ ഒരുങ്ങിയിരുന്നോ "...
"ഇതും കൂടി കിട്ടിയില്ലെങ്കിലും എന്നേക്കൊണ്ടു വയ്യാ ബ്രാണ്ടിക്കടെല് കണക്കപ്പിള്ളയാവാന്‍..
ഞാന്‍ മദ്യ വിരുദ്ധ സമിതി പ്രസിഡന്റാണെന്ന കാര്യം ഈ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാവുന്ന പകല് പോലത്തെ സത്യമാ..
ഈ കരിങ്കാലിപ്പണിക്കു പോയാ പിന്നേ അവരെടെ ഒക്കെ മുഖത്ത് ഞാനെങ്ങനെ നോക്കും" .....
രവി തന്തപ്പടിക്ക് മുന്നില്‍ തന്റെ നയം വെട്ടിത്തുറന്നു വ്യക്തമാക്കി .
"അയ്യോ ! പ്രസിഡണ്ട് സാറ് നോക്കിയില്ലെങ്കില്‍ പിന്നേ അവര് വലത്തേ കൈ കൊണ്ടു ചായേം കുടിക്കില്ലാ ..ഇടത്തേ കൈ കൊണ്ടു ചന്തീം കഴുകില്ലാ "....
അച്ഛന് വല്ലപ്പോഴുമെങ്കിലും അല്‍പ്പം സംസ്കാരത്തോടെ സംസാരിച്ചൂടെ....
"
പ് ഫാ ! തന്തെ സംസ്കരിക്കരിക്കാനെറങ്ങിയേക്കുന്നു ഒരു പുണ്യവാളന്‍ ....നാട്ടുകാര് ഇപ്പഴും പറേന്നൊണ്ട് ...പോന്റെ പഴേ കൊണവതിയാരങ്ങള്..
വെറുതെയല്ല കാര്‍ന്നോന്മാര് പണ്ടേ പറഞ്ഞു വെച്ചത് ...വാഴ വെയ്ക്കണ്ട നേരത്ത്" ..............................
"നിങ്ങളൊന്നു നിര്‍ത്തുന്നുണ്ടോ ..പ്രായമായ ചെറുക്കനോടാ പറേന്നേന്നോര്‍ക്കണം"...
ഭാര്‍ഗ്ഗവിയമ്മ ഭര്‍ത്താവിനെ അര്‍ത്ഥ ശാസ്ത്രം മുഴുവിക്കാന്‍ അനുവദിച്ചില്ല.
"മ്ഹൂം ..പ്രായം ...പുന്നയ്ക്കാ മൂത്തിട്ടെന്തിനാ...മണ്ണീ വീണു പൊടിയാന്‍ കൊള്ളാം ..
മുടിയാനായോരോ ജന്മങ്ങള് "....അയാള്‍ പിറു പിറുത്തു കൊണ്ടു പുറത്തേയ്ക്കിറങ്ങി
"മോനിതൊന്നും കാര്യമാക്കണ്ടാ ...
അല്ലെങ്കീ തന്നെ ഇതിപ്പം ആദ്യ മായിട്ടൊന്നുമല്ലല്ലോ".
അവര്‍ മകനെ സമാധാനിപ്പിച്ചു ....
"നീ നേരം കളയാണ്ട് പോകാന്‍ നോക്ക് ....പോന്ന വഴി അമ്പലത്തീ കേറി തൊഴാന്‍ മറക്കണ്ടാ.."
രവി ഇരുണ്ട മുഖത്തോടെ അമ്മയോട് യാത്ര പറഞ്ഞിറങ്ങി ..
ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ അച്ഛന്റെ പുലഭ്യം പറച്ചില്‍ നിഴല്‍ പോലെ അയാളെ ആലോസരപ്പെടുത്തുന്നുണ്ടായിരുന്നു.. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഈ തെറി കഷായത്തിന്റെ കവര്‍പ്പ് ഒരു തവണ പോലും അളവ് തെറ്റാതെ പകര്‍ന്നു തരുന്നതില്‍ അച്ഛനൊരു പ്രത്യേക വിരുതു തന്നെ പ്രകടിപ്പിച്ചു പോന്നു. സാധാരണ എല്ലാ വീടുകളിലും ഇളയ കുട്ടിയോട് ഒരു പ്രത്യേക വാത്സല്യം ..വീട്ടുകാര്‍ക്കെല്ലാം ഉണ്ടായിരിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ....എനിക്കാ പ്രത്യേകത വേണ്ടാ... മറിച്ച് അച്ഛന്റെ വായില്‍ നിന്ന് ഒരിക്കലെങ്കിലും നാമ വിശേഷ ണങ്ങളാല്‍ അലങ്കരിക്കപ്പെടാതെ നാല് ചുമരുകള്‍ പൊളിഞ്ഞു വീഴാത്ത മൃദുലതയില്‍ 'മോനേന്ന്' ഒരു വിളി ....അത്രെയെങ്കിലും കാലം തെറ്റി പിറന്ന ഒരിള മുറക്കാരന്റെ അവകാശ രേഖയില്‍ ഉള്‍പ്പെടില്ലേ.....
കുട്ടിക്കാലത്ത് പലപ്പോഴും തന്നെ മടിയിലിരുത്തി നെറ്റിയിലേക്ക് അനുസരണയില്ലാതെ പടര്‍ന്നു കിടക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കി നിറ കണ്ണുകളൊപ്പി അമ്മ പറയുമായിരുന്നു......
"അച്ഛന് രവിക്കുട്ടനോട് സ്നേഹ മില്ലാഞ്ഞിട്ടൊന്നുമല്ല ....
അനുസരണക്കേട് കാട്ടാണ്ട് ..ചീത്ത കൂട്ടൊന്നും കൂടാതെ നല്ല കുട്ടിയായി വളര്‍ന്നു മിടുക്കനാവാനല്ലേ അച്ഛന്‍ വഴക്ക് പറേന്നെ "....
പൊള്ളലേറ്റ ഒരു ബാല്യത്തിനു അമ്മയുടെ ഈ തേന്‍ പുരട്ടല്‍ കുറച്ചൊന്നുമല്ലാ ആശ്വാസം പകര്‍ന്നിരുന്നത് ....
ഒരു തവണ തെക്കിനിയിലെ സംസാരം ശ്രദ്ധിച്ചു നടന്നതാണ് ..തൂണിനു മറഞ്ഞ് നിന്നു കണ്ടു ..വടക്കേതിലെ ബാലന്‍ മാമയോടു വെടി പറഞ്ഞിരിക്കുകയാണ് അച്ഛന്‍ ..ഉണ്ണിയേട്ടന്‍ അച്ഛന്റെ പിറകില്‍ നിന്നും തോളില്‍ക്കൂടി രണ്ട് കൈയും മുന്നോട്ടു കൊരുത്ത് ഊഞ്ഞാല്‍ ആടുന്നു .......
സത്യമായിട്ടും അമ്മയുടെ തേന്‍ പുരട്ടല്‍ അങ്ങാടി മരുന്നുപോലെ വെറും കളിപ്പീര് മാത്രമാണെന്ന് മനസ്സിലായി.
അച്ഛന്റെ തുടര്‍ന്നുള്ള സംസാരം അതിന്റെ വിശ്വാസ്യതയെ ബലപ്പെടുത്തുകയും കൂടി ചെയ്തു..
"ബാലാ ...ഉണ്ണിയുടെ കാര്യത്തില്‍ എനിക്കൊരു പേടിയുമില്ലാ.
മിടുക്കനാ ഇവന്‍...ഇവന്‍ നല്ലൊരു നിലേലെത്തും ..
അതെനിക്കുറപ്പാ ....ഒരു സംശയവും വേണ്ടാ..
പക്ഷെ രണ്ടാമത്തേത് വിത തെറ്റി ഉണ്ടായതാ ...
കൂമ്പ് പോയ വാഴക്കന്ന് പോലെ ....
ഒന്നുകില് വിത്ത് ഗുണം പത്തു ഗുണാകണം ..
അല്ലാച്ചാ ഒരസുര ജന്മമെങ്കിലും..
ഇത് രണ്ടും കെട്ടതാ...വെറും മൊണ്ണ ..
ഗതി പിടിക്കുമെന്ന് തോന്നുന്നില്ലാ"...
"അങ്ങനെ തീര്‍ത്തൊരു വിധിയെഴുത്ത് വേണ്ട രാഘവേട്ടാ ...
രവി കുട്ടിയല്ലേ ...അവന്‍ നന്നായിക്കോളും ....
സമയം ഇനിയുമെത്ര കെടക്കുന്നു" ...
"ഇല്ല ബാലാ ..എനിക്ക് തീരെ പ്രതീക്ഷയില്ല ...
മുള കണ്ടാലറിയാം, വിള എങ്ങനാരിക്കൂന്നു .."
ഇടവപ്പാതിയിലെ മഴപോലെ തോര്‍ന്നു നിന്ന രണ്ട് കുഞ്ഞു കണ്ണുകള്‍ തൂണിനു പിറകില്‍ വീണ്ടും പെയ്തു തുടങ്ങി ....
വിത തെറ്റി ഉണ്ടായെതാണ് താനെന്നു പലപ്പോഴും അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട് ....പക്ഷേ അന്നൊന്നും അതിന്റെ പൊരുള്‍ പിടി കിട്ടിയിരുന്നില്ല .....
പത്താം തരത്തില് കഷ്ടപ്പെട്ടൊരു ഫസ്റ്റ് ക്ലാസ്സ് വാങ്ങീട്ടും അച്ഛന് വലിയ മതിപ്പൊന്നും ഇല്ലാരുന്നു ...
"ഇന്നത്തെക്കാലത്ത് ടെക്നിക്കലായിട്ടെന്തെങ്കിലും അറിഞ്ഞില്ലെങ്കില്‍ ജോലി തെണ്ടി തെക്കുവടക്ക് നടക്കാമെന്നെയുള്ളൂ .... പോളിക്കോ മറ്റോ നോക്കാമെന്ന് വെച്ചാല്‍ സയന്‍സിനും, കണക്കിനും കൊട്ടക്കണക്കിനാ മാര്‍ക്ക് വാങ്ങി കൂട്ടിയെക്കുന്നെ "....
അദ്ദേഹം ആധികാരികമായിത്തന്നെ ഒരു വിലയിരുത്തല്‍ നടത്തി..
അച്ഛന്‍ ഉണ്ണിയേട്ടനെ എന്ട്രന്‍സ് എഴുതിക്കുന്ന തിരക്കിലായിരുന്നു എന്നതാണ് സത്യം ...
അതിനടയില്‍ തന്റെ ഫസ്റ്റ് ക്ലാസ് വെറും ചേനക്കാര്യം മാത്രം.
ഒടുവില്‍ ബാലന്‍ മാമന്റെ മോന്‍ പ്രകാശേട്ടനാണ് കുറച്ച് ദൂരെയാണെങ്കിലും ടൌണിലെ കോളേജില്‍ പ്രീഡിഗ്രിക്ക് അഡ്മിഷന്‍ തരപ്പെടുത്തിയത് .....വീട്ടിലെ ശ്വാസം മുട്ടലില്‍ നിന്നും ശരിക്കും ഒരു മോചനം തന്നെയായിരുന്നു അത് ..
"എന്താ രവി ഇന്ന് ഇന്റര്‍വ്യൂ ഉണ്ടെന്നു തോന്നുന്നു ...
വേഷം കണ്ടിട്ട് ഊഹിച്ചതാണേ .".
എതിരെ വന്ന ശിവേട്ടന്റെ ചോദ്യം ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി ...
"മം .. പോണ വഴിയാ ..."
"എന്നാ പിന്നെ വൈകണ്ട ..
ബെസ്റ്റ് ഓഫ് ലക്ക് ..
വൈകിട്ട് ലൈബ്രറി വെച്ച് കാണാം" ..
"ശരി ശിവേട്ടാ .."..
അയാള്‍ നടത്തം തുടര്‍ന്നു ..ഇന്നിനി ഒരു വേഷം കെട്ടല് വേണോ ?
സത്യം പറഞ്ഞാല്‍ തീരെ മൂഡില്ലാ..
അല്ലെങ്കീ തന്നെ സ്ഥിരം കലാപരിപാടിക്കപ്പുറം വലിയ പ്രതീക്ഷയ്ക്ക് സ്കോപ്പില്ല താനും ...
അയാള്‍ ടൈ ഊരി പോക്കറ്റിലിട്ടു ..ഇന്‍സേര്‍ട്ട് ചെയ്തിരുന്ന ഷേര്‍ട്ടു പുറത്തിട്ടു പാടവരമ്പത്തൂടെ വായനശാല ലക്ഷ്യമാക്കി നടന്നു ..
ഇപ്പൊ കൃഷി ഇല്ലാത്തോണ്ട് വരമ്പ് നിരന്നു റോഡു പോലെ ആയിരിക്കുന്നു. അച്ഛന്‍ വില്‍ക്കണേനു മുന്‍പ് തെക്കേ കണ്ടത്തിലെ മകരക്കൊയ്ത്തു ഇപ്പഴും നല്ല ഓര്‍മ്മയുണ്ട് ..തനിക്കു ഒരു പ്രത്യേക വിളിപ്പേര് അച്ഛന്‍ ഇട്ട് തന്നത് അക്കാലത്താണ് ...പ്രീ ഡിഗ്രിക്ക് ചേര്‍ന്ന സമയമാണ് ..അച്ഛനപ്പോഴും വീട്ടു പണി എടുപ്പിക്കുന്നതില്‍ ഒരു കുറവും വരൂത്തീട്ടില്ലാരുന്നു ..നെല്ല് വിളഞ്ഞതോടെ ശനീം ,ഞായറും പാടത്ത് കിളിയെ ഓടിക്കല്‍ അധിക ഡ്യൂട്ടിയായി ..
ഒരു ദിവസം അടുക്കളേല് അമ്മയോട് സങ്കടം പറഞ്ഞു നില്‍ക്കുവാരുന്നു ...
"അമ്മേ..ഞാനിനി പാടത്ത് പോകില്ല ..
കൂട്ടുകാര് മുഴുവന്‍ എന്നെ വിളിക്കുന്നതെന്താന്നു അറിയാമോ ?
'വെട്ടുക്കിളീന്നു '..
അച്ഛനോട് പറഞ്ഞേര് ..എന്നേ കൊന്നാലും ഞാനിനി പോവില്ലാ".
ഭാഗ്യത്തിന് അച്ഛനപ്പുറത്തുതന്നുണ്ടാരുന്നു ...വടക്കേപ്പുറത്തൂന്നു ചീറിക്കൊണ്ടാണ് അടുക്കളേലേയ്ക്ക് വന്നത് ...
"ന്നാ പിന്നേ.. തമ്പുരാന്‍ കാലും കൈയും കഴുകി എലേടെ മുന്നിലോട്ടിരുന്നാട്ടെ ......
മൂന്നു നേരം വെട്ടി വിഴുങ്ങാന്‍ നിന്റെ മറ്റവന്‍ പത്തായം നിറച്ചു വെച്ചേക്കുന്നോടാ അസത്തേ.......
അവന് നാണക്കേടാണ് പോലും ...
'സ്റ്റയിലന്‍ കഴുവര്‍ടാന്‍ മോന്‍' "
പിന്നീടും പല അവസരങ്ങളിലും അച്ഛന്‍ തന്നെ ഒരു സ്റ്റയിലനായി കണ്ടിട്ടുണ്ട് ....
ഡിഗ്രി ഫൈനലിയറിന് പഠിക്കുമ്പോഴായിരുന്നു വെള്ളിടി വെട്ടി നടക്കുന്നോനെ പാമ്പ് കടിച്ചൂന്നു പറഞ്ഞ പോലെ അത് സംഭവിച്ചത് ..അഞ്ചു കൊല്ലം പഠിച്ച കോളേജില്‍ ആരുമറിയാത്ത ഒരു മൂലയ്ക്കൊതുങ്ങി മാത്രമായിരുന്നു ..പഞ്ചാരക്കുട്ടന്മാരെ കൊണ്ടു നിറഞ്ഞ കാമ്പസില്‍ നാല് ചുരിദാറു പീസുകളെ ഒന്നിച്ചു കണ്ടാല്‍ തന്നെ തന്റെ മുട്ടിടിച്ചു വഴി മാറി ഓടുമായിരുന്നു. ഈ ഒരു വിറയല്‍ കൊണ്ടു മാത്രമാണ് ഒഴിവു സമയങ്ങളധികവും കോളേജ് ലൈബ്രറിയില്‍ കഴിച്ചു കൂട്ടിയത് .ഒരു തരം ഒളിച്ചോട്ടം ...
അങ്ങനെ ഒരു വെറും നിര്‍ഗുണ പരബ്രഹ്മമായി കാലം കഴിക്കുന്നതിനിടയിലാണ് വനജയെ പരിചയപ്പെടുന്നത് ..വെളുത്ത് വട്ട മുഖമുള്ള ഒരു മീഡിയം സുന്ദരി . ബി .കോം ഫൈനലിയര്‍ ബാച്ചിലാണ് . ലൈബ്രറിയില്‍ വെച്ച് പുസ്തകങ്ങളുടെ പേരു ചോദിച്ചു തുടങ്ങിയ പരിചയപ്പെടല്‍.. പതുക്കെ അതൊരു നല്ല സൌഹൃദത്തിലേക്ക് വഴിമാറി ...പിന്നേ ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത സ്ഥിരം കാമ്പസ് ഫോര്‍മാറ്റില്‍ ഒരു പ്രണയ കഥ ...അവളെ കാണാന്‍ വേണ്ടി മാത്രം ലൈബ്രറിയിലേക്കുള്ള യാത്രകളുടെ എണ്ണം കൂടി ....
കാമ്പസിലെ പ്രണയങ്ങള്‍ വിരഹത്തിന്റെ ഇല കൊഴിക്കുന്ന മാര്‍ച്ച് മാസമായിരുന്നു അത് . പൈന്മരച്ചോട്തോറും പെയ്തൊഴിയാത്ത മേഘക്കീറുകള്‍ പോലെ മണിക്കൂറുകള്‍ സല്ലപിക്കുന്ന കുമാരികളും കുമാരന്മാരും, ..
തികച്ചും ഗൌരവപരമായ തീരുമാനങ്ങള്‍ രൂപം കൊള്ളുന്ന ഭാവിയുടെ ആസൂത്രണ കമ്മീഷന്‍ എന്ന നിലയ്ക്കാവും ഈ സമയത്തെ സല്ലാപങ്ങള്‍ ..
"നാളെ എനിക്കൊരു ജോലി ...
പിന്നേ ആരേം പേടിക്കേണ്ട കാര്യമില്ല
അത് വരെ നീ കാത്തിരിക്കില്ലേ..."
കേട്ടു മടുത്ത കുമാരന്റെ ചോദ്യത്തിന് ..
"നിനക്കെന്നെ വിശ്വാസമില്ലേ "..
എന്ന കുമാരിയുടെ പൊടി പിടിച്ച മറുചോദ്യം..
എക്സാം ഡേറ്റ് അടുത്ത സമയമായിരുന്നതിനാല്‍ കാമ്പസ് പൊതുവേ ശാന്തമായിരുന്നു ...
ലൈബ്രറിയില്‍ ചില ബുക്കുകള്‍ മടക്കി കൊടുത്തു തിരിച്ചു പോന്ന വഴി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിന്റെ
ഇടനാഴിയിലൂടെ കാന്റീന്‍ ലക്‌ഷ്യം പിടിച്ചു നടക്കുവാരുന്നു..ഇടതു വശത്തെ രണ്ടാമത്തെ ക്ലാസ് റൂമില്‍ നിന്നും ചില അടക്കിപ്പിടിച്ച സംസാരങ്ങള്‍ കേള്‍ക്കാം ..അടഞ്ഞു കിടന്ന ജനല്പ്പാളിയോടു ചെവി വട്ടം പിടിച്ചു ...ഇപ്പോള്‍ നേര്‍ത്ത ഒച്ചയില്‍ ചില ശീല്‍ക്കാരങ്ങള്‍ കേള്‍ക്കാം ..ഒരു ജിജ്ഞാസാ കുതുകിയുടെ ആവേശത്താല്‍ ഞാന്‍ ജനല്‍ പാളി തളളിത്തുറന്ന് നോക്കി ..ഞെട്ടിപ്പോയി അകത്തു പിടഞ്ഞു മാറിയ രണ്ട് അര്‍ദ്ധ നഗ്ന രൂപങ്ങള്‍ ..ആര്‍ട്സ് ക്ലബ് സെക്രട്ടറി ബിജു വര്‍ഗീസും ...ഒരു പെണ്‍കുട്ടിയും ..അവളേതാണെന്ന് പിടി കിട്ടിയില്ലാ ...അവന്‍ ജനലിലൂടെ പുറത്തേയ്ക്ക് ചാടിയതും താനവിടുന്നു ഓടിക്കഴിഞ്ഞിരുന്നു ..നേരെ കോളേജ് ഗേറ്റില്‍ ചെന്നാണ് അത് നിന്നത്..
ആദ്യം കിട്ടിയ ബസ്സിനു നേരെ വീട്ടിലേക്കു വെച്ച് പിടിച്ചു ....ഉച്ചയൂണും കഴിഞ്ഞു മുറിയില്‍ കയറി വാതിലടച്ചു ..ഏതാണ്ടൊരു പത്തു മിനിട്ടായിക്കാണും ...ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു..അച്ഛന്റെ ഹലോ വിളി ഒരു തവണ കേട്ടു . തുടര്‍ന്ന് ഒരലര്‍ച്ച കേട്ടാണ് ചാടി എഴുന്നേറ്റത്.
"എടീ അവനിവിടില്ലേ ..
എടാ രവി .."
പേടിച്ചു വിറച്ചു അച്ഛന്റെ മുന്നില്‍ ഹാജരായി ...
വലതു കൈ വീശി ഇടത്തേ കവിളില്‍ ആഞ്ഞോരടി ..
വട്ടം കറങ്ങി നിലത്തു വീണു പോയി ..
"അയ്യോ !!
അമ്മ നിലവിളിച്ചു കൊണ്ടോടി വന്നു ..
"നിങ്ങക്കിതെന്തു പ്രാന്താ...
എന്തിനാ അവനെ തല്ലിയെ" ..
"നിന്റെ പുന്നാര മോനോട് തന്നെ ചോദിക്ക്.."
അമ്മ എന്‍റെ നേര്‍ക്ക് നോക്കി ..
"എനിക്കൊന്നും അറിയില്ലമ്മേ ....സത്യം" ..
"ഇപ്പൊ ഫോണ്‍ വന്നത് ഇവന്റെ കോളേജീന്നാ."
താന്‍ അപ്പോഴും നെറ്റി ചുളിച്ചു നോക്കി ..
"ഒന്നുമറിയാത്ത പോലെ അവന്‍റെ നോട്ടം കണ്ടില്ലേ ..
തറവാടിന്റെ മാനം കളഞ്ഞ പട്ടി"..
അച്ഛന്‍ വീണ്ടും കൈ ഓങ്ങി ..
ഇത്തവണ അമ്മയുടെ സമയോചിതമായ ഇടപെടല്‍ അടുത്ത പ്രഹരത്തില്‍ നിന്നു രകഷപ്പെടുത്തി .
"നിങ്ങളെന്താ കാര്യമെന്ന് പറഞ്ഞെ ..
അമ്മ ഒച്ചയെടുത്തു ..
"ഈ സല്‍ഗുണ സമ്പന്നന്‍
ഒരു പെണ്ണിനെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു ..
പിള്ളേര് പിടിക്കാന്‍ ഓടിച്ചിട്ട് ,രക്ഷപെട്ടു വന്നേക്കുവാണത്രേ..
പെണ്ണിന്റെ വീട്ടുകാര് പോലീസ് കേസ് കൊടുക്കാന്‍ പോകുവാ ..
അതോണ്ട് ഈ പട്ടീടെ മോന്റെ തന്തയായ ഞാന്‍ എത്രയും വേഗം അവിടെത്തണമെന്ന്..
ഇത്രയുമാണ് മംഗള വര്‍ത്തമാനം ..
എന്താ പോരെ .."
"ഇല്ലമ്മേ... ഞാനല്ല ..ഞാന്‍ കണ്ടതാ അവര് രണ്ടും "........
"പ് ഫാ..വായടയ്ക്കടാ നാറീ.."
ഇത്തവണ അമ്മയ്ക്ക് പ്രവര്‍ത്തിക്കാന്‍ സമയം കിട്ടും മുന്‍പേ ഒരെണ്ണം കൂടി കിട്ടി ..
പിന്നീട് നാണം കെട്ട് നരകിച്ച കുറെ ദിവസങ്ങള്‍ ..
പുറത്തിറങ്ങിയാല്‍ ആളുകളുടെ പരിഹാസച്ചിരി ...
ആത്മഹത്യെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട് ..പിന്നേ മനസ്സിലായി അതിനും മിനിമം ആത്മ ധൈര്യം ആവിശ്യമാണെന്ന്. ഒടുവില്‍ പ്രകാശേട്ടന്റെ ചില രാഷ്ട്രീയ പിടിപാടുകള്‍ വെച്ച് അച്ഛന്‍ കുറെ പണിപ്പെട്ടാണ് എല്ലാം ഒതുക്കിയത് .
വനജയുടെ മുന്നില്‍ എല്ലാം തുറന്നു പറയാന്‍ ശ്രമിച്ചെങ്കിലും മുഴുവനാക്കാന്‍ കൂടി അവള്‍ നിന്നില്ലാ..
പിന്നീടൊരിക്കലും അവളെ കാണാന്‍ നിന്നിട്ടുമില്ലാ ..
വര്‍ഷങ്ങള്‍ക്കു ശേഷം ഒരുതവണ കണ്ടിരുന്നു ഭര്‍ത്താവുമൊന്നിച്ചു അമ്പലത്തില്‍ വെച്ച് ..
വായനശാലയ്ക്കടുത്തു പുതിയ വീട് വെച്ചിരിക്കുന്നത് അവരാണത്രെ ...
ഒരേ ഒരാശ്വാസം അമ്മ മാത്രം തന്നെ മനസ്സിലാക്കി എന്നതാണ് ..
വിതുംമ്പലുകള്‍ക്കിടയില്‍ അമ്മയുടെ മന്ത്രണം ഇപ്പോഴും കാതിലുണ്ട് ....
"ന്റെ കുട്ടി അങ്ങനൊന്നും ചെയ്യില്ലാ ..എനിക്കുറപ്പാ ...
അതെന്റെ വിശ്വാസാ ..."
ഓര്‍മ്മകളില്‍ നിന്നുണര്‍ന്നു നോക്കുമ്പോഴേക്കും മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു ..
അയാള്‍ ഒന്നു രണ്ട് ബൂക്സുമെടുത്തു പുറത്തേയ്ക്കിറങ്ങി ...
തികച്ചും യാദുശ്ചികമായിട്ടാരുന്നു എതിരെ വന്ന വനജെയും കുട്ടിയേയും കണ്ടത് ..
അവള്‍ പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു :
"രവി ലൈബ്രറീന്നാരിക്കും."
"മം ..അതേ അയാള്‍ മൂളി ."..
"ഞങ്ങള്‍ ഒന്നു ടൌണ്‍ വരെ പോയതാ .....
അടുത്താഴ്ച ഹരിയേട്ടന്‍ കുവൈത്തീന്നൂ വരുന്നുണ്ട് ..
ഫാമിലീ വിസ ശരിയായിട്ടുന്ടെന്നു പറഞ്ഞു .....
ഞങ്ങളെക്കൂടി കൊണ്ടു പോകാനുള്ള .... വരവാ"
"നന്നായി".
അയാള്‍ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു..
"രവി ഇനിയെങ്കിലും ഒരു സ്ഥിര ജോലിക്ക് ശ്രമിക്കണം ..
ഒരു കല്യാണം കഴിക്കേണ്ട പ്രായവും കടന്നു പോകുവാന്നോര്‍ക്കണം .".
"മം ..ജോലി ശരിയായാലും മംഗലം പെട്ടെന്ന് നടക്കുമെന്ന് തോന്നുന്നില്ല ...
പട്ടാപ്പകല്‍ ഒരു പെണ്ണിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചവന് അത്ര വേഗം പെണ്ണ് കിട്ടുമോ ?
നല്ല കാര്യമായി !"
"പത്തു കൊല്ലം പഴക്കമുള്ളതിന്റെ റീ പോസ്റ്റ്മോര്ട്ടത്തെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത് ...
ആദ്യം അത് മനസീന്നു കളയാന്‍ നോക്കൂ.."
"മറവി എല്ലാരേം ഒരു പോലെ അനുഗ്രഹിച്ചൂന്നു വരില്ല വനജേ ....
ചിലര്‍ക്ക് ചിലപ്പോള്‍ അത് സാഹചര്യം ആവശ്യപ്പെടുന്ന ഒഴിവാക്കാനാകാത്ത ഒന്നാവും ..
നില നില്‍പ്പിന്റെ ഡാര്‍വിന്‍ തിയറി പോലെ ..
മറ്റു ചിലര്‍ക്ക് ജീവിതാവസാനം വരെ മനസ്സ് നീറ്റാന്‍ കനിഞ്ഞു കിട്ടുന്ന ഭാഗ്യവും"..
"രവി എങ്ങോട്ടാണ് പറഞ്ഞു പോകുന്നതെന്ന് മനസ്സിലായി ...
ഞാന്‍ മറന്നിട്ടൊന്നുമില്ല...ആ ഒരു സംഭവം കൊണ്ടൊന്നുമല്ല ഞാന്‍ രവിയില്‍ നിന്നകന്നത് ...
ഞാന്‍ അതൊന്നും വിശ്വസിച്ചിട്ടുമില്ല."
"പിന്നെ, എന്ത് കൊണ്ടു ഞാന്‍ രവിക്കൊരു താങ്ങായില്ലാന്നു ചോദിച്ചാല്‍ ..താന്‍ പറഞ്ഞത് തന്നെ ഉത്തരം ..
ഒരു പെണ്ണെന്ന നിലയില്‍ എനിക്ക് പരിമിതികളുണ്ടായിരുന്നു..
കൌമാരത്തിലെ പ്രണയത്തിനെ ഏതൊരു പെണ്ണിനും അതില്‍ കൂടുതലായി നെഞ്ചോട് ചേര്‍ക്കാന്‍ കഴിയുമെന്നെനിക്ക് തോന്നുന്നില്ല...അതിന്റെ ആവിശ്യമില്ല താനും ....ഇന്നോര്‍ക്കുമ്പോള്‍ ഒരു തരം നൊസ്റ്റാള്‍ജിക്ക് ഫീലിംഗ്സ് അത്ര മാത്രം ..അന്നത്തെ ചുറ്റുപാടില്‍ എന്‍റെ വീട്ടുകാരെ അനുസരിക്കാതെ എനിക്കൊരു നില നില്‍പ്പില്ലാരുന്നു താനും ....എനിക്കിന്നും രവിയെ ഇഷ്ടമാണ് ..പൂര്‍വ കാമുകനായിട്ടല്ല ഒരു നല്ല മനുഷ്യന്‍ എന്ന നിലയില്‍ ....ഒരു നല്ല കൂട്ടുകാരന്‍ എന്ന നിലയില്‍"
"മ്ഹും ...അയാള്‍ ചുണ്ട് കോട്ടി ചിരിച്ചു ...
ഞാനൊന്ന് ചോദിച്ചോട്ടെ വനജേ ....
നാളെ ഹരി ഒരു പ്രത്യേക സാഹചര്യത്തില്‍ ...അതെന്തുമായിക്കോട്ടേ ....ഇത് പോലൊരു തിര്സ്കരണം നടത്തിയാല്‍ നീ അത് താങ്ങുമോ ?...ഇത്ര ലാഘവത്തോടെ അതിനെ കാണാന്‍ നിനക്ക് കഴിയുമോ?...
ഇല്ല ..കാരണം വ്യവസ്ഥാപിതമായ ഒരു ചങ്ങലക്കെട്ടിനുള്ളിലാണ് ആ ബന്ധം ..അതിന്റെ കണ്ണി പൊട്ടിയാല്‍ പിന്നെ ഈ കുട്ടി പോലും ഒരു ബാധ്യതയാണ് ....അത് കൊണ്ടു സൂക്ഷിച്ചേ പറ്റൂ ...
ആ ചങ്ങലക്കെട്ടിനു പുറത്തുള്ളതൊക്കെ എപ്പോ വേണേലും വലിച്ചെറിയാം ...
അന്ന് ആരോ ചെയ്ത തെറ്റിന് ഹോമിക്കപ്പെട്ട എന്‍റെ ജീവിതവും ഇങ്ങനെ തന്നെ" ..
"രവീ ഇവിടെയാണ് ഞാന്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞതും ..
അന്ന് ആരോ തെറ്റ് ചെയ്തെന്നു പറഞ്ഞു ...
എന്നിട്ടവ്ര്‍ക്കെന്തു പറ്റി..
ആരെങ്കിലും അവരെ ശിക്ഷിച്ചോ ?"
"ജീവിതത്തെ പ്രായോഗിക ബുദ്ധിയിലൂടെ കാണുന്നവര്‍ കുറ്റവാളികളെപ്പോലെ തല കുനിച്ചു നില്‍ക്കാറില്ല ....തെറ്റും ശരിക്കുമപ്പുറം പിടി കൊടുക്കാതിരിക്കലാണ് ജീവിതം ..രവി കണ്ട തെറ്റ് ഒരു പക്ഷെ ഇന്നും അവര്‍ക്ക് തെറ്റായിരിക്കില്ല..ഈ ലോകത്ത് ഓരോരുത്തരും അവരുടെ സുഖം നോക്കി തന്നെയാണ് ജീവിക്കുന്നത് ..നേരിട്ട് പറ്റാത്തത് മറവിലൂടെയും സാദ്ധ്യമാക്കി വെള്ള പൂശി ജീവിക്കുന്നു ..
അതിനിടയിലേക്ക് കോല് പോലെ വലിഞ്ഞു കേറുന്ന രവിയെപ്പോലെ ചില ത്രാണിയില്ലാത്ത കാരക്റ്റേഴ്സ് വല്ലോന്റേം വിഴുപ്പു ചുമക്കുവേം ചെയ്യും ...
അത്രേ ഉള്ളൂ ഈ ജീവിതം.."
"ഞങ്ങള്‍ നടക്കട്ടെ ..നേരം ഒരു പാടായി ..
മോളേ അങ്കിളിനു ടാറ്റാ കൊടുത്തെ ..."
അവര്‍ നടന്നു നീങ്ങുന്നതും നോക്കി അയാള്‍ കുറെ നേരം നിന്നു ..
പിന്നേ ഒരു ദീര്‍ഘ നിശ്വാസം വിട്ട് നടത്തം തുടര്‍ന്നു ....
പ്രകാശേട്ടനെ ഒന്നു കാണണം ...അടുത്ത ആഴ്ചയിലെ മീറ്റിങ്ങിന്റെ കാര്യമോന്നോര്‍മ്മപ്പെടുത്തണം ....
ഓടാമ്പല്‍ നീക്കി ഗേറ്റു തുറന്നു അകത്തു കയറി ...
മുന്‍ വാതില്‍ പൂട്ടിയിരിക്കുവാണ്..ആരുമുള്ള മട്ടില്ല ..
അയാള്‍ അടുക്കള വാതില്‍ തളളി നോക്കി ..ചാരിയിട്ടേയുള്ളൂ ...
വാതില്‍ മലക്കെ തുറന്നു അകത്തു കടന്നു ..
"പ്രകാശേട്ടാ ..ഇവിടാരുമില്ലേ" ....അയാള്‍ നീട്ടി വിളിച്ചു കൊണ്ടു ഹാളിലേക്ക് നടന്നു.
പെട്ടെന്ന് അകത്തെ മുറിയില്‍ നിന്നും കാറ്റിന്റെ വേഗതയില്‍ ഒരുത്തന്‍ രവിയെ തളളിത്തെറിപ്പിച്ച് അടുക്കള ഭാഗത്തെയ്ക്കോടി....വീഴ്ചയ്ക്കിടയിലും ഒരു മിന്നായം പോലെ രവി ആ മുഖം കണ്ടു...കല്‍പ്പണിക്കാരന്‍ മാധവന്റെ മോന്‍ വേണു ..അയാള്‍ അകത്തെ മുറിയിലേക്ക് നോക്കി ..
പ്രകാശേട്ടന്റെ ഭാര്യ വിമലേട്ടത്തി വെപ്രാളത്തില്‍ സാരി വാരി ചുറ്റി ബ്ലൌസിന്റെ കുടുക്കുകളിടാന്‍ പാട് പെടുന്നു...
മോനെ രവീ ..
അവര്‍ വിറച്ചു വിളിച്ചു ..
അയാള്‍ പെട്ടെന്ന് പുറത്തു കടന്നു ...
വനജയുടെ വാക്കുകള്‍ ചാട്ടുളി പോലെ മനസ്സില്‍ പ്രകമ്പനം കൊണ്ടു ...
"അതിനിടയിലേക്ക് കോല് പോലെ വലിഞ്ഞു കേറുന്ന രവിയെ പ്പോലെ ചില ത്രാണിയില്ലാത്ത കാരക്റ്റേഴ്സ് വല്ലോന്റേം വിഴുപ്പു ചുമക്കുവേം ചെയ്യും ...
അത്രേ ഉള്ളൂ ഈ ജീവിതം.."
രവിക്ക് പുറത്തേയ്ക്കിറങ്ങി ഓടണമെന്ന് തോന്നി .. കാലുകള്‍ നില്‍ക്കുന്നിടത്ത് ഉറച്ച പോലെ ..
ഒരു വിധം പുറത്തിറങ്ങി ഗേറ്റു വലിച്ചു തുറന്നു പുറത്തു കടന്നു കിതയ്ക്കുമ്പോള്‍ താന്‍ നടക്കുകയായിരുന്നോ അതോ ..പറക്കുകയായിരുന്നോന്നു അയാള്‍ക്ക് സംശയിച്ചു ....
കിതയ്ക്കുന്നതിനിടയിലും അയാള്‍ സ്വയം പറഞ്ഞു ..
ഇല്ല ഞാനിവിടെ വന്നിട്ടില്ല ...
ഞാനൊന്നും കണ്ടിട്ടില്ലാ ..........
നിലനില്‍പ്പിനു വേണ്ടിയുള്ള സമരം - ഡാര്‍വിന്‍ തിയറി


Labels: katha
Subscribe to:
Post Comments (Atom)
7 Comments, Post your comment:
പ്രമേയത്തില്‍ വലിയ പുതുമ തോന്നിയില്ല. എഴുത്ത് കൊള്ളാം. അച്ഛന്റെ തിരസ്കരണത്തില്‍ മനംമടുക്കുന്ന മകന്‍.. കരിഞ്ഞുപോയ പ്രണയത്തെ തമസ്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും മുന്നിലെത്തുന്നവള്‍.. ഉടുവില്‍ പ്രായോഗികതയുടെ മുഖംമൂടി അണിയുന്ന ആദര്‍ശധീരനായ, അഭിമാനിയായ നായകന്‍.. ഒട്ടേറെ കേട്ട ഒരു സബ്‌ജക്റ്റ്. എങ്കിലും അവതരണവും എഴുത്തും നിലവാരമുണ്ട് എന്നതിനാല്‍ പ്രമേയത്തിലെ ആ ക്ലീഷേ അത്രയധികം ഫീല്‍ ചെയ്തില്ല.
വിമര്‍ശനമെന്ന ലേബലില്‍ കാണരുതെന്നപേക്ഷ. എന്റെ വായനയില്‍ തോന്നിയത് മാത്രം.
വിഷയത്തിനു പുതുമ തോന്നിയില്ല. നല്ല സംഭാഷണം...
വിഷയത്തിനു പുതുമ തോന്നിയില്ല. നല്ല സംഭാഷണം...
nannaayi. aashamsakal.
രാഘവന്‍ നായര്‍ രാവിലെ തന്നെ മകനെ ഞാന്‍ നിന്റെ തന്തയല്ല എന്നറിയിച്ചു ..,വര്‍ഷങ്ങളായി ശ്രീമാന്‍ രാഘവന്‍ നായര്‍ അവര്‍കള്‍ സ്വപുത്രന്‍ രവിയോടുള്ള അഗാധമായ പുത്രവാത്സല്യം ഒട്ടും മറയില്ലാതെ പ്രകടമാക്കുന്ന വേളകളില്‍ ഒന്നാണ് ഇപ്പോള്‍ കണ്ടത് .. തുടങ്ങിയ പ്രയോഗങ്ങൾ..നന്നേ ബോധിച്ചു..പക്ഷെ..മറ്റ് കൂട്ടുകാർ പറഞ്ഞതുപൊലെ പൊലെ..ആശയത്തിൽ..ക്ലീഷേ...പഴംചൊല്ലുകൾ..കുറച്ച് കുറക്കുക..നല്ല കഥകൾ എഴുതാനുള്ള..ഭാഷയുണ്ട്..വളരുക...ചന്തുനായർ(ആരഭി )
കൊള്ളാം മാഷേ ..[പുതുവത്സരാശംസകള്‍}
വളരെ നന്നായി ...എനിക്കിഷ്ട്ടപ്പെട്ടു ...
Post a Comment