സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



സ്വര്‍ണ നിറത്തിലുള്ള ഒരു പേന

May 07, 2010 ദുശ്ശാസ്സനന്‍

     വളരെ വൈകിയാണ് രവി ബാന്ദ്രയില്‍ നിന്ന് ട്രെയിനില്‍ കയറിയത്. റെയില്‍വേ ഗേറ്റിനടുത്ത ഇബ്രാഹിമിന്‍റെ കടയില്‍ നിന്ന് ആ ഫ്ലവര്‍ വേസ് വാങ്ങി അടുത്ത ട്രെയിന്‍ പിടിച്ചപ്പോഴേക്കും നേരം വൈകി. പേരിനു ബോളിവുടിലാണ് ജോലി ചെയ്യുന്നതെന്ന് പറയാമെങ്കിലും ഒരു കലാ സംവിധാന സഹായിയുടെ ജീവിതം ഇപ്പോഴും ദുരിതം നിറഞ്ഞതാണ്‌. കേരളത്തില്‍ നിന്ന് ഇത് പോലെ തന്നെ ട്രെയിന്‍ കയറി വന്നു ആളായ, ഇന്ന് ബോളിവുഡിലെ എണ്ണം പറഞ്ഞ കലാ സംവിധായകനായ ഒരാളുടെ കീഴിലാണ് രവി ജോലി ചെയ്യുന്നത്. അദ്ദേഹം ഇന്റെര്‍നെറ്റിലും പുസ്തകങ്ങളിലും ഒക്കെ തപ്പി കണ്ടു പിടിക്കുന്ന സാധനങ്ങള്‍ സംഘടിപ്പിക്കേണ്ട ഉത്തരവാദിത്വം രവിക്കും അത് പോലെ തന്നെ ഉള്ള കുറച്ചു സഹ പ്രവര്‍ത്തകര്‍ക്കും ആണ്. ഏതെങ്കിലും കോളേജ് സ്റ്റോറി ആണ് എങ്കില്‍ അത്രയ്ക്ക് ബുദ്ധിമുട്ടില്ല. പീരീഡ്‌ സിനിമ എന്നൊക്കെ വിളിക്കുന്ന ബുദ്ധി ജീവി പടങ്ങള്‍ വരുമ്പോ ആണ് പ്രശ്നം. കഥ ആവശ്യപ്പെടുന്നു എന്ന് പറഞ്ഞു നാട്ടിലില്ലാത്ത വെറ്റില കോളാമ്പി,ഹൂക്ക മുതലായ സാധനങ്ങള്‍ കണ്ടെത്തണം .അത് മാത്രമല്ല. ഇനി അതൊക്കെ ഒപ്പിച്ചാല്‍ തന്നെ ചിലപ്പോ ബോസ്സിന് പിടിക്കണം എന്നില്ല. അങ്ങേര്‍ക്കു ഇതിന്‍റെ ബുദ്ധിമുട്ടൊന്നും അറിയണ്ടല്ലോ.

     അങ്ങനെ ഇരിക്കെ ആണ് ഒരു ഉഗ്രന്‍ പടം വന്നു ചേര്‍ന്നത്‌. ഇന്ത്യയിലെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗല്ഭന്‍  ആയ സംവിധായകന്‍റെ ഡ്രീം പ്രൊജക്റ്റ്‌ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമ. അതിലേക്കായാണ് ഈ ഫ്ലവര്‍ വേസ്. ഇതിന്‍റെ പ്രത്യേകത എന്താണ് വച്ചാല്‍ ചെമ്പില്‍ ചെയ്ത ഒരു ഡിസൈന്‍ ആണ്. ലോകത്ത് തന്നെ ഇപ്പൊ എങ്ങും കിട്ടാനില്ലാത്ത ഒരു ഗംഭീര സാധനം. ഇനി സെറ്റില്‍ എത്തുന്നതിനു മുമ്പ് വേറൊരു സ്ഥലത്ത് കൂടി പോകണം. വിലാസം തന്നിട്ടുണ്ട്. ട്രെയിന്‍ ജോഗേശ്വരിയില്‍ എത്തി. പുറത്തേക്കു ഒഴുകി ഇറങ്ങുന്ന നൂറു കണക്കിന് ആള്‍ക്കാരില്‍ ഒരാളായി രവിയും പുറത്തേക്ക്. ആ വിലാസം കണ്ടു പിടിച്ചു. നിറം മങ്ങിയ ഒരുപാടു കെട്ടിടങ്ങള്‍ക്കിടയില്‍ നരച്ച ബോര്‍ഡ്‌ വച്ച ഒരു വാതില്‍. ഗേറ്റില്‍ ഒരു ചെറിയ പിത്തള മണി കെട്ടി തൂക്കിയിട്ടിട്ടുണ്ട്. ഗേറ്റ് തുറന്നപ്പോ തന്നെ ആ മണി ശബ്ദം അവിടെ മുഴങ്ങി. തിരക്ക് പിടിച്ച ഒരു ഇടനാഴി പോലെ ആണ് ആ റോഡ്‌. ആ ചെറിയ വഴിയിലൂടെ റിക്ഷകളും മനുഷ്യരും നിരന്തരം പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇവിടെ ഒക്കെ ആള്‍ക്കാര്‍ എങ്ങനെ താമസിക്കുമോ ആവോ. രവി മനസ്സിലോര്‍ത്തു. ആ മണി ശബ്ദം കേട്ടിട്ട് ആരോ അകത്തു നിന്ന് വരുന്ന കാലൊച്ച. അതി സുന്ദരി ആയ ഒരു പെണ്‍കുട്ടി. 'എന്താ വേണ്ടത് ? ആരാ ? " എന്ന് അവള്‍ ചോദിച്ചു. ആ മണി മുഴങ്ങുന്ന പോലെ തന്നെ മധുരമായ ശബ്ദം. ഇബ്രാഹിം പറഞ്ഞിട്ടാണ് വരുന്നതെന്നും അയാള്‍ പറഞ്ഞ ആ സാധനം വാങ്ങാന്‍ ആണെന്നും പറഞ്ഞു. അത് കേട്ടതും അവളുടെ മുഖം മങ്ങി. ആ മുഖത്തെ വെളിച്ചം മാഞ്ഞു. ഒന്നും മിണ്ടാതെ അവള്‍ ഉള്ളിലേക്ക് പോയി. കുറച്ചു കഴിഞ്ഞു അവള്‍ എന്തോ ഒരു സാധനം ഒരു പട്ടു തുണിയില്‍ പൊതിഞ്ഞു കൊണ്ട് വന്നു. അയാള്‍ അത് വാങ്ങി. തുറന്നു നോക്കി. പ്രതീക്ഷിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സാധനം. ഒരു പേന. സ്വര്‍ണ നിറത്തിലുള്ള ഒരു പഴയ പേന. കറുത്ത ഒരു വലയം ഉണ്ട് അതില്‍. ഷീഫെരിന്റെ ഒരു പഴയ വിലപിടിപ്പുള്ള മോഡല്‍. അത് കണ്ടിട്ട് ഒരുപാടു ചോദ്യങ്ങള്‍ ഉള്ളില്‍ നിന്ന് വന്നെങ്കിലും അയാള്‍ ഒന്നും ചോദിച്ചില്ല. അവരോടു യാത്ര പറഞ്ഞിറങ്ങി. ബോസ്സിന് ഇത് എന്തിനാണാവോ ? 

     ഓഫീസില്‍ എത്തി. ആ പേന കാണിച്ചു. അത് കണ്ടതും ബോസ്സിന്‍റെ മുഖത്ത് ഒരു മന്ദഹാസം വിടര്‍ന്നു. 'നമ്മള്‍ ജയിച്ചു രവീ. ഈ ഒരു സാധനം ആണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തു. ഈ കഥയിലെ ഏറ്റവും നിര്‍ണായകമായ ഒരു ഘടകം . ഇത്രയും പഴക്കവും ഭംഗിയും ഉള്ള ഒരു പേന വേറെ എവിടെ കിട്ടും എന്നറിയില്ല. വീ ആര്‍ ലക്കി. എഴുപതുകളിലെ കല്‍ക്കട്ടയില്‍ നടക്കുന്ന ഒരു കഥ ആണ്. ഒരു ബിരുദ വിദ്യാര്‍ത്ഥിയും അയാളുടെ ക്ലാസ്സ്‌ മേറ്റും തമ്മിലുള്ള ഒരു പ്രണയ കഥ. ഒന്നാം തരം ഒരു ദുരന്ത കഥ. കാമുകി കാമുകന് അയാളുടെ പിറന്നാള്‍ ദിവസം സമ്മാനിക്കുന്ന ഒരു സമ്മാനം ആണ് ഈ പേന. ബിരുദം കഴിയുന്നതോടെ കോളേജ് പിരിയുന്ന അവര്‍ ജീവിതത്തിലും വേര്‍ പിരിയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം കാമുകിയെ അയാള്‍ അവിചാരിതമായി കണ്ടുമുട്ടുന്നു. ആ പേന അയാള്‍ അവിടെ വച്ച് അവളെ തിരികെ ഏല്‍പ്പിക്കുകയാണ്. അങ്ങനെ ആണ് ആ കഥ അവസാനിക്കുന്നത്‌. ഒരു ടിപിക്കല്‍ പ്രണയ കഥ ആണെങ്കിലും സംവിധായകന്‍റെ കയ്യടക്കം കൊണ്ട് അത് നല്ലത് പോലെ വികസിച്ചു വന്നിരിക്കുകയാണ്. 

     ഷൂട്ടിങ്ങിനിടയില്‍ ആ പേനയുടെ സൂക്ഷിപ്പുകാരന്‍ രവി ആയിരുന്നു. ആ പേന കയ്യില്‍ എത്തുമ്പോഴെല്ലാം ആ സുന്ദരിയായ പെണ്‍കുട്ടിയുടെ വിഷാദം നിറഞ്ഞ മുഖം അയാളുടെ മനസ്സിലേക്ക് ഓടി വന്നുകൊണ്ടിരുന്നു. നായകനായി അഭിനയിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ ഇടവേളകളില്‍ എല്ലാം ഒരു ലോലിപോപ്പ് കടിക്കുന്ന പോലെ ആ പേന കടിച്ചു കൊണ്ടിരിക്കുന്നത് രവി കണ്ടു. വീട്ടില്‍ റബ്ബര്‍ ബോണ്‍ കടിച്ചു കൊണ്ട് സമയം കളയുന്ന മോട്ടുവിനെ ആണ് രവിക്ക് ഓര്മ വന്നത്. ഇടയ്ക്കിടയ്ക്ക് രവി പോയി അത് സെറ്റ് പ്രോപെര്‍ടി ആണെന്നും കിട്ടാന്‍ പ്രയാസമുള്ള ഒരു സാധനമാണെന്നും സ്നേഹ പൂര്‍വ്വം പറഞ്ഞു അതില്‍ കടിക്കരുതെന്ന് അഭ്യര്‍ഥിച്ചു. പക്ഷെ നായികാ ആയി അഭിനയിക്കുന്ന നടിയെ കാണുമ്പോ പുള്ളി അത് വീണ്ടും മറക്കും. അവസാനം രവിക്കും മടുത്തു. അല്ലെങ്കില്‍  തന്നെ ഇങ്ങനുള്ള സാധനങ്ങളോട് എന്തിനാ ഒരു ഒരു അടുപ്പം കാണിക്കുന്നത്. ഈ സിനിമ കഴിയുന്നതോടു കൂടി ആ സാധനത്തിന്‍റെ പ്രസക്തി നഷ്ടപ്പെടും. നിങ്ങള്‍ പല സിനിമകളിലും സ്ക്രീനില്‍ കണ്ടിട്ടുള്ള സൌന്ദര്യം ഉള്ള പല വസ്തുക്കളും ഇങ്ങനെ എന്തൊക്കെയോ കഥകള്‍ പറയാനുള്ളവ ആയിരിക്കും അല്ലെ ? ഒരു സിനിമയുടെ പണി കഴിയുമ്പോ അതില്‍ ഉപയോഗിച്ചിരുന്ന സെറ്റുകളും മറ്റും പൊളിച്ചു കളയുമ്പോ പോലും ഇല്ലാത്ത ഒരു വിഷമം ഇത്തരം ഒരു ചെറിയ പേനയോടു എന്തിനാ എന്നൊക്കെ രവി മനസ്സില്‍ പറഞ്ഞു. പക്ഷെ.. ആ മുഖം. അത് തന്നെ വിട്ടു പിരിയുന്നില്ല.
     അങ്ങനെ ഒടുവില്‍ ആ പടം അവസാനിച്ചു. ആ ചിത്രത്തില്‍ ഉപയോഗിച്ച എല്ലാ വസ്തുക്കളും തിരികെ സ്റ്റുഡിയോയിലേക്ക് കൊണ്ട്  പോയെങ്കിലും രവി ആ പേന ആര്‍ക്കും കൊടുത്തില്ല. ബോസ്സ് അത് രവിക്ക് ഒരു സമ്മാനമായി കൊടുത്തു. ഒരു മാസം കഴിഞ്ഞു സിനിമ റിലീസ് ആയി. അവാര്‍ഡുകള്‍ പലതും വാരിക്കൂട്ടിയ ആ ചിത്രം പല അന്താരാഷ്ട്ര ചലച്ചിത്രോല്‍സവങ്ങളിലേക്കും പോയി. ബോസ്സിനും കിട്ടി ഒന്ന് രണ്ടു അവാര്‍ഡ്‌ ഒക്കെ.. ആ സന്തോഷം പങ്കു വെക്കാന്‍ അയാള്‍ ഒരു പാര്‍ട്ടി അറേഞ്ച് ചെയ്തു. ഒരു ശനിയാഴ്ച ആയിരുന്നു അത് . രാത്രി ഏറെ വൈകി പാര്‍ട്ടി കഴിഞ്ഞപ്പോള്‍. ഇനി രാത്രി വണ്ടി കിട്ടുമോ എന്തോ..നേരെ റെയില്‍വേ സ്റെഷനിലേക്ക് വിട്ടു. ഭാഗ്യം ലാസ്റ്റ് ലോക്കല്‍ കിട്ടി. ജോഗേശ്വരി എത്താറായി. അന്ന് ആ പേന വാങ്ങാന്‍ പോയ ദിവസം അയാള്‍ക്ക് ഓര്‍മ വന്നു. എന്തോ ഒരു ചിന്തയില്‍ അയാള്‍ ആ സ്റെഷനില്‍ ഇറങ്ങി. നേരെ ആ റോഡിലേക്ക് നടന്നു. രാത്രി ഏറെ ആയെങ്കിലും റോഡില്‍ ഇപ്പോഴും തിരക്കുണ്ട്‌. ബോംബെയുടെ മാത്രം പ്രത്യേകത. ആ മണി തൂക്കിയിരിക്കുന്ന ഗേറ്റ് കണ്ടു പിടിച്ചു. പുറത്തു ആരെയും കാണാനില്ലെങ്കിലും അകത്തു ഒരു വിളക്ക് എരിയുന്നുണ്ട്‌.  ചെന്ന് നോക്കാം. അയാള്‍ കതകില്‍ മുട്ടി. ആരോ വരുന്നുണ്ട്. വാതിലില്‍ ഉറപ്പിച്ചിരിക്കുന്ന ഗ്ലാസില്‍ കൂടി അവ്യക്തമായി കാണാം. വളരെ പ്രായമായ ഒരാള്‍. ഞാന്‍ രവി ആണെന്നും അന്ന് ഇവിടെ വന്നു മകളുടെ കയ്യില്‍ നിന്ന് ഒരു പേന വാങ്ങിയിട്ടുണ്ടെന്നും അത് തിരിച്ചു കൊടുക്കാന്‍ ആണ് വന്നതെന്നും ഒക്കെ ഒരു വിധം പറഞ്ഞു പിടിപ്പിച്ചു. അയാള്‍ രവിയെ അകത്തേക്ക് ക്ഷണിച്ചു. അന്ന് പേന വാങ്ങി പോയതും അത് സിനിമയില്‍ ഉപയോഗിച്ചതും ഇപ്പൊ അതിനു അവാര്‍ഡുകള്‍ ഒക്കെ കിട്ടിയതും രവി വിശദമായി പറഞ്ഞു. പക്ഷെ അത് കേട്ടിട്ട് അയാളുടെ മുഖത്തില്‍ ഒരു ഭാവ വ്യത്യാസവും കാണാനില്ല. അപ്പൊ തന്നെ രവിക്ക് എന്തോ പന്തികേട്‌ തോന്നി. ആ കുട്ടി ആരായിരുന്നു എന്ന് രവി ചോദിച്ചു. അയാള്‍ ഒന്നും മിണ്ടുന്നില്ല. പകരം അയാളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകാന്‍ തുടങ്ങി. ചുവരില്‍ തൂക്കിയിരിക്കുന്ന ഒരു ഫോട്ടോ അയാള്‍ ചൂണ്ടി കാണിച്ചു. അവ്യക്തമായി ആയ വെളിച്ചത്തിലും അയാള്‍ക്ക് ആ കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞു. അടുത്തിരിക്കുന്ന ചെറുപ്പക്കാരന്‍ ആരാണെന്നു വ്യക്തമല്ല.

     'അവള്‍ .. എന്‍റെ ഒരേ ഒരു മകള്‍ ആയിരുന്നു. എന്‍റെ പ്രതീക്ഷയും സ്വപ്നവും.. എല്ലാം ആയിരുന്നു. ആ വൃദ്ധന്‍ പതിയെ പറയാന്‍ തുടങ്ങി. പണ്ട് അവള്‍ കഥകള്‍ എഴുതുമായിരുന്നത്രേ. യൌവനത്തിന്റെ  തുടക്കത്തില്‍ തന്നെ അവള്‍ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഒരു ചെറുപ്പക്കാരനുമായി അടുത്തു. പച്ച നിറത്തിലുള്ള കണ്ണുകളും തവിട്ടു നിറം കലര്‍ന്ന മുടിയും ഉള്ള ആ ചെറുപ്പക്കാരന്‍ എവിടുന്നാണ് വന്നത് എന്ന് ആര്‍ക്കും അറിയില്ല. അയാള്‍ ഒരു ചിത്രകാരന്‍ ആയിരുന്നു. ദിവസങ്ങള്‍ കൊണ്ടു അവര്‍ വളരെ അധികം അടുത്തു.. വീട്ടില്‍ അത് പ്രശ്നമായി. പക്ഷെ പിന്നെ എല്ലാവരും തീരുമാനിച്ചു ഇത് നടത്തി കൊടുക്കാം എന്ന്. അങ്ങനെ അവരുടെ വിവാഹം നടന്നു. വളരെ അധികം സന്തോഷം നിറഞ്ഞ ഒരു ജീവിതം ആയിരുന്നു അവരുടേത്. അവള്‍ പുതിയ പല കഥകളും എഴുതി.. അതൊക്കെ വെളിച്ചം കണ്ടു. അവാര്‍ഡുകള്‍ ഒക്കെ കിട്ടി. അയാളുടെ പെയിന്റിങ്ങുകള്‍ക്കും . അവര്‍ രണ്ടുപേരുടെയും സൃഷ്ടികളില്‍ ജീവിതത്തിലുള്ള നിറഞ്ഞു തുളുമ്പുന്ന ആ സന്തോഷം അതിന്‍റെ എല്ലാ വര്‍ണങ്ങളിലും കാണാമായിരുന്നു.

     അങ്ങനെ ഇരിക്കെ ആണ് ആ ചെറുപ്പക്കാരന്‍ തനിക്കു ചെന്നൈയില്‍ എന്തോ ജോലി കിട്ടിയിട്ടുണ്ടെന്നും ഉടന്‍ പോകണം എന്നും അവരെ അറിയിച്ചത്. ആദ്യമാദ്യം മുടങ്ങാതെ വന്നിരുന്ന കത്തുകള്‍ പതിയെ നിന്നു. അവള്‍ ഒരു മൌനത്തിലേക്ക്‌ വഴുതി വീണു. കളിയും ചിരിയും എല്ലാം നിന്നു. കഥകള്‍ എഴുതാതെ ആയി. അയാള്‍ പണ്ട് സമ്മാനമായി കൊടുത്ത ആ പേന തെരുപ്പിടിപ്പിച്ചു അവള്‍ വെറുതെ അങ്ങനെ ഇരിക്കും. വീട്ടുകാര്‍ക്കും വിഷമമായി. സായാഹ്നത്തില്‍ സൂര്യന്‍ മാഞ്ഞു പോകുന്നത്  പോലെ ആ ജീവിതത്തില്‍ നിന്നു സന്തോഷം ഇരുണ്ടിരുണ്ട് ഇല്ലാതായി. അപ്പോഴാണ് ആ പേനയും അന്വേഷിച്ചു രവിയുടെ വരവ്. അത് പോയതിനു ശേഷം അവള്‍ ഒന്ന് കൂടി ദുഖിതയായി. സമ്മര്‍ദം കൂടി നിന്നു സഹിക്ക വയ്യാതായ ഒരു ദിവസം ഒരു കൂട് ഉറക്ക ഗുളികകളില്‍ ആ കുട്ടി ജീവിതം അവസാനിപ്പിച്ചു. അത് വരെ കഥ കേട്ടിരുന്ന രവി ഒന്ന് ഞെട്ടി. അത്തരം ഒരു സംഭവം അയാള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അപ്പൊ ബോസ്സിന് ഈ പേനയുടെ കാര്യം എങ്ങനെ അറിയാം ? പെട്ടെന്ന് ഒരു മിന്നല്‍ ചെറുതായി വീശി. ആ അരണ്ട വെളിച്ചത്തില്‍ അയാള്‍ ഫോട്ടോയിലെ ചെറുപ്പക്കാരനെ ഒന്ന് കൂടി നോക്കി.. ഈ മുഖം ഞാന്‍ കണ്ടിട്ടുണ്ട്.. ഇത്... ?

(©  ) ദുശാസ്സനന്‍

5 Comments, Post your comment:

Manoraj said...

വിഷയം വ്യത്യസ്ഥതയോടെ പറയാൻ ശ്രമിച്ചു. പക്ഷെ കഥക്കിടയിൽ തന്നെ ക്ലെമാക്സ് വായനക്കാരനിലേക്ക് എത്തുന്നുണ്ട്. .എങ്കിലും എഴുത്തുകാരന്റെ മികച്ച അവതരണവും കൈയൊതുക്കവും കൊണ്ട് അവാർഡുകൾ ഒത്തിരി വാരിക്കൂട്ടി ഈ കഥ.. വായനക്കാരൻ നൽക്കുന്ന അവാർഡ്..

Unknown said...

കഥാ പശ്ചാത്തലം വ്യത്യസ്തം, വേറിട്ട രീതിയില്‍ കഥ പറഞ്ഞു. നന്നായി.

റോസാപ്പൂക്കള്‍ said...

കഥ ഇഷ്ടമായി.എന്നാലും കുറച്ചുകുടെ നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു

വിനയന്‍ said...

കഥ ഇഷ്ട്ടമായി.ചില ത്രില്ലെര്‍ നോവലുകളില്‍ കാണാറുള്ളത് പോലെ ക്ലൈമാക്സിലേക്ക് കുറച്ചു മുന്‍പേ എത്തി നോക്കിയത് പോലെ...എങ്കിലും കഥയിഷ്ട്ടപ്പെട്ടു. പ്രത്യേകിച്ച് പുതുമയുള്ള കഥാപശ്ചാത്തലം.

Renjishcs said...

കൊള്ളാം വായിച്ചിരിക്കാം.... മോശമായില്ല..