സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ബ്യൂട്ടിഫുൾ മിസ്സിന്റെ കല്ല്യാണം

May 22, 2010 mini//മിനി

                 ‘മോളി തോമസ്’ സ്ക്കൂള്‍ കോമ്പൌണ്ടില്‍ കടന്നപ്പോള്‍ ചുറ്റുപാടും നിശബ്ദമായി. സംസാരിക്കുന്നതും കളിക്കുന്നതും നടക്കുന്നതും എഴുതുന്നതും അങ്ങനെ എല്ലാം നിര്‍ത്തിവെച്ച്; എല്ലാവരും ആ രസതന്ത്രം ടീച്ചറെ തന്ത്രത്തില്‍ നിരീക്ഷിക്കുകയാണ്. ഒന്നിച്ച് ജനിച്ച് വളര്‍ന്നവരാണെങ്കിലും ജീവിതം കൊണ്ട് ജന്മശത്രുക്കളായ ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി അദ്ധ്യാപകരെല്ലാം മോളി തോമസിനെ കാണുമ്പോള്‍ സ്വയം മറക്കുന്നു. അവര്‍ പരിസരത്തുണ്ടെങ്കില്‍ ഹൈസ്ക്കൂള്‍ അദ്ധ്യാപകന്‍ അറിയാതെ ഹയര്‍സെക്കന്ററി അദ്ധ്യാപകന്റെ ചുമലില്‍ കൈ വെക്കും. ഹയര്‍ സെക്കന്ററി ടീച്ചര്‍ ഹൈ സ്ക്കൂള്‍ ടീച്ചറുടെ വാട്ടര്‍ ബോട്ടില്‍ തുറന്ന് വെള്ളം കുടിക്കും. ക്ലാസ്സില്‍ ഭീകരാന്തരീക്ഷം നിര്‍മ്മിച്ച് പഠിപ്പിക്കുന്ന ഹാജിയാര്‍ എന്ന് പേരുള്ള കണക്ക് മാഷ് പോലും ബോര്‍ഡിലെ കണക്ക് പൂര്‍ത്തിയാക്കാതെ മോളി തോമസിനെ നോക്കി നില്‍ക്കും.
                    ഇനി മോളീ തോമസിനെപറ്റി പറയാം. പി.എസ്.സി. വഴി നിയമനം ലഭിച്ച് ഈ വര്‍‌ഷം കണ്ണൂരിലുള്ള ഞങ്ങളുടെ സ്ക്കൂളില്‍ എത്തിച്ചേര്‍‌ന്ന കോട്ടയക്കാരി; സ്ക്കൂളിലെ അദ്ധ്യാപകര്‍ മിസ്സ് ബ്യൂട്ടിഫുള്‍ എന്നും വിദ്യാര്‍ത്ഥികള്‍ ബ്യൂട്ടിഫുള്‍ മിസ്സ് എന്നും വിളിക്കുന്ന ഹയര്‍ സെക്കണ്ടറി വിഭാഗം കെമിസ്ട്രി സീനിയര്‍ അദ്ധ്യാപികയാണ് അവര്‍. ‘എണ്ണ നിറഞ്ഞ് കത്തുന്ന നിലവിളക്ക് പോലെ’ ഒരു പ്രത്യേക സൌന്ദര്യമാണവര്‍. ഐശ്വര്യാറായിയെ പോലെ ആകര്‍‌ഷകം; എന്നാല്‍ വിദ്യാര്‍‌ത്ഥിനികളടക്കം എല്ലാ പെണ്‍‌വര്‍ഗ്ഗത്തെയും ആകര്‍ഷിക്കുന്ന പ്രധാന ഘടകം മറ്റോന്നാണ്. മുടി; - ‘മോനിഷയെ പോലെ അഴകാര്‍ന്ന മുടിയഴക്‘. +1,+2, ക്ലാസ്സിനു മുന്നിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ നടക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം; ക്ലാസ്സിനകത്ത് മോളീ ടീച്ചറാണ്. അവരുടെ മുടി ഒളിഞ്ഞ് നോക്കുന്നവരില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഉണ്ട്; ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളും ഉണ്ട്. പെണ്‍‌വര്‍‌ഗ്ഗത്തെ അസൂയപ്പെടുത്താനായി അവര്‍ അത് ‘പനങ്കുല പോലെ ഒരു ക്ലിപ്പിന്റെ ഉറപ്പിന്മേല്‍ നീട്ടി താഴ്ത്തിയിടും’.
...
                       എന്നാല്‍ മോളീ തോമസിന്റെ വരവോടെ +2 വിജയ ശതമാനം കുറയും എന്ന് ചില കുശുമ്പികള്‍ പറയുന്നുണ്ട്. അവര്‍ പഠിപ്പിക്കുന്ന, അവരെ നോക്കി പഠിക്കുന്ന ക്ലാസ്സിലെ വിദ്യാര്‍‌ത്ഥികള്‍ ഉത്തരക്കടലാസില്‍ ‘രസതന്ത്രത്തിലെ ഫോര്‍‌മുലയ്ക്കു പകരം ടീച്ചറുടെ ഫോര്‍‌മുലയെപറ്റി എഴുതാനാണ് സാധ്യത’ എന്നും അസൂയാലുക്കള്‍ പറയുന്നുണ്ട്. എന്നാല്‍ എല്ലാ‍വരെയും അവഗണിച്ച് അവിവാഹിതയായ അവര്‍ അങ്ങനെ തിളങ്ങുന്ന സൌന്ദര്യവുമായി സ്ക്കൂളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
                     അധികമാരോടും സംസാരിക്കാത്ത മോളി ഞങ്ങളുടെ ‘ഫിസിക്കല്‍ എഡുക്കേഷന്‍ ടീച്ചര്‍’ ചാക്കോ മാഷുമായി കൂടുതല്‍ സംസാരിക്കും. അത് പിന്നെ ‘പള്ളിലെക്കാര്യം കര്‍‌ത്താവിനും അള്ളായ്ക്കും മാത്രം അറിയാവുന്നതായതിനാല്‍’ മറ്റുള്ളവര്‍ ശ്രദ്ധിക്കാറില്ല. സ്ക്കൂളിന്റെ എല്ലാ മുക്കിലും മൂലയിലും യഥേഷ്ടം കടന്നു ചെല്ലാന്‍ അനുവാദം അന്‍പത് കഴിഞ്ഞ ചാക്കോ മാഷിന് മാത്രം ഉള്ളതിനാല്‍ ‘ഹയര്‍ സെക്കന്ററി വിഭാഗവും ഹൈസ്ക്കൂള്‍ വിഭാഗവും തമ്മില്‍ വാര്‍ത്താവിതരണം’ നടക്കുന്നത് അദ്ദേഹത്തിലൂടെയാണ്. അതിനാല്‍ മോളിയുടെ വിശേഷങ്ങള്‍ ‘ഹൈസ്ക്കൂള്‍ സ്റ്റാഫ് റൂമിലെത്തുന്നത്‘ ചാക്കോ വഴിയാണ്.
                     അങ്ങനെ ഓണം വന്നു. പതിവു പോലെ അവധിക്ക് അന്യജില്ലക്കാര്‍ എല്ലാവരും നേരത്തെ വീട്ടിലേക്ക് യാത്രയായി; ഒപ്പം മോളി തോമസും. എന്നാല്‍ അവധി കഴിഞ്ഞ് പിന്നെയും മൂന്ന് ദിവസം കൂടി കഴിഞ്ഞാണ് അവര്‍ ഒരു ചെറുപ്പക്കാരന്റെ കൂടെ സ്ക്കൂളില്‍ പ്രവേശിക്കുന്നത്.
അല്ലാ, ഇതിനിടയില്‍ സ്ക്കൂളില്‍ ആരെയും അറിയിക്കാതെ കക്ഷിയുടെ കല്ല്യാണവും കഴിഞ്ഞുവോ? ,, 
              വിവരം അറിയാനുള്ള ആകാംക്ഷ കാരണം ഇരിപ്പുറക്കാത്ത ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ ചാക്കോമാസ്റ്ററെ ഹയര്‍ സെക്കന്ററി സ്റ്റാഫ് റൂമിലേക്ക് തള്ളിയിറക്കി. ചാക്കോമാസ്റ്റര്‍ അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് വന്നു. അത്‌ വരെ ക്ലാസ്സില്‍ പോകാതെ കാത്തിരുന്നവരെല്ലാം ചുറ്റും കൂടി. കാര്യം ഊഹിച്ചത് പോലെതന്നെ; എന്നാല്‍ വിവാഹം കഴിഞ്ഞിട്ടില്ല എന്നു മാത്രം. കൂടെ വന്ന സുന്ദരനായ പയ്യന്റെ പേര് ‘ആന്റണി’; ടീച്ചറുടെ ബന്ധുവാണ്, കളികൂട്ടുകാരനാണ്, കല്ല്യാണം തീരുമാനിച്ചതാണ്, പിന്നെ അങ്ങനെയുള്ള കൂട്ടത്തില്‍ ഒരു വിവരം കൂടി ഡ്രില്‍‌മാസ്റ്റര്‍ അറിഞ്ഞു. വിദ്യാഭ്യാസം കുറഞ്ഞ പണക്കാരനായ ആ ചെറുപ്പക്കാരനാണ് മോളി തോമസിനെ പഠിപ്പിച്ച് ടീച്ചറാക്കിയത്. ആ നല്ല ചെറുപ്പക്കാരന്‍ എല്ലാവരും നോക്കിനില്‍‌ക്കെ തിരിച്ചു പോകുമ്പോഴാണ് സ്ക്കൂളില്‍ ഒരു മുന്‍‌പരിചയക്കാരനെ കണ്ടത്; ഹൈസ്ക്കൂള്‍ ഇം‌ഗ്ലീഷ് അദ്ധ്യാപകനായ ആലപ്പുഴക്കാരന്‍ എണ്ണക്കറുപ്പ് നിറമുള്ള രാമചന്ദ്രന്‍ നായര്‍. രാമചന്ദ്രനെ പ്രതിശ്രുത വധുവിന് പരിചയപ്പെടുത്തിയിട്ടാണ് ആന്റണി തിരിച്ച് പോയത്.
                  അങ്ങനെ കൃസ്ത്‌മസ് പരീക്ഷയും അവധിയും അടുക്കാറായി. ഇതിനിടയില്‍ നമ്മുടെ രാമചന്ദ്രന്‍മാസ്റ്റർ നാലു തവണ സ്ക്കൂള്‍ ചെലവില്‍ സ്വന്തം വീട്ടില്‍ പോയി. അതായത് സ്ക്കൂളിലെ ചില കാര്യങ്ങളുടെ കുരുക്കഴിച്ച് ശരിയാക്കാന്‍ തലസ്ഥാനത്ത് പോകുന്ന വ്യക്തി രാമചന്ദ്രനാണ്. അയാള്‍ ഫയലുകളുമായി സെക്രറ്റേറിയറ്റ്, ഏജീസ് ഓഫീസ്, ഡിപിഐ ഓഫീസ്, അദിയായവ കറങ്ങി, മടക്കം ഫയലുമായി വരുമ്പോള്‍ സ്വന്തം വീട്ടിലും കയറിയിറങ്ങും. എന്നാല്‍ അടുത്ത കാലത്തായി മോളിയുടെ നിര്‍‌ദ്ദേശപ്രകാരം കോട്ടയത്തുള്ള ആന്റണിയുടെ വീട്ടിലും ഒന്ന് കയറും. അങ്ങനെ ടീച്ചര്‍‌ക്ക് ഭാവിവരന്റെ സമ്മാനങ്ങളുമായാണ് രാമചന്ദ്രന്റെ തിരിച്ചു വരവ്. അങ്ങനെ ‘ആന്റണി‌+മോളി’ അനുരാഗത്തിന് മൊബൈല്‍ ഫോണ്‍ കൂടാതെ രാമചന്ദ്രന്‍ എന്ന ഹംസം കൂടി കടന്നു വന്നു. ഈ ഇടപാടില്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകര്‍ക്ക് അമര്‍‌ഷം ഉണ്ടെങ്കിലും മോളിയുടെ കാര്യമായതിനാല്‍ മൌനം വിദ്വാന്മാര്‍ ഭൂഷണമാക്കി. 
അങ്ങനെയിരിക്കെ കൃസ്ത്‌മസ് പരീക്ഷ കഴിഞ്ഞു; 
എല്ലാവരും അവധി ആഘോഷിക്കാന്‍ വീട്ടിലേക്ക് യാത്രതിരിച്ചു.
                     പുതുവര്‍ഷം പിറക്കുന്ന ഒന്നാം തീയതി ഉത്തരക്കടലാസ് കെട്ടുമായി സ്ക്കൂളിലെത്തിയവരെ വരവേറ്റത് മോളി തോമസിന്റെ കല്ല്യാണ വാര്‍‌ത്തയാണ്. 
ഇതില്‍ അത്ഭുതപ്പെടുത്തിയത് സ്ക്കൂളില്‍ ആരെയും, ‘പ്രത്യേകിച്ച് കൃസ്ത്യാനിയായ ചാക്കോമാസ്റ്ററെ പോലും’ കല്ല്യാണത്തിന് ക്ഷണിച്ചില്ല, എന്നതാണ്. കല്ല്യാണം കഴിഞ്ഞതു കൊണ്ട് അവധിയായിരിക്കാം, ടീച്ചര്‍ എത്തിയിട്ടില്ല. കൂടുതല്‍ വിവരം അറിയാന്‍ മോളിയും ആന്റണിയുമായി അടുപ്പമുള്ള രാമചന്ദ്രന്റെ വരവിനായി എല്ലാവരും കാത്തുനിന്നു.

അപ്പോഴാണ് രാമചന്ദ്രന്‍മാസ്റ്റർ ഗേറ്റ് കടന്ന് വന്നത്; 
                       പിന്നാലെ പൂര്‍‌ണ്ണചന്ദ്രനെപ്പോലെ കസവുസാരിയും ആഭരണങ്ങളും ധരിച്ച മോളി തോമസിനെ കൂടി കണ്ടപ്പോള്‍ എല്ലാവര്‍ക്കും സംശയവും ആശ്ചര്യവും ഇരട്ടിച്ചു. രാമചന്ദ്രനും മോളിയും നേരെ സ്ക്കൂള്‍ വരാന്തയിലേക്ക് വന്നു. തന്നെ നോക്കി നില്‍ക്കുന്ന സഹപ്രവര്‍‌ത്തകരോടായി രാമചന്ദ്രന്‍മാസ്റ്റർ പറഞ്ഞു,
“ഒരാഴ്ച മുന്‍പ് എന്റെയും മോളിയുടെയും കല്ല്യാണം കഴിഞ്ഞു. കൃസ്ത്‌മസ് അവധിക്ക് ഒന്നിച്ചു പോയ ഞങ്ങള്‍ രജിസ്ട്രാപ്പീസില്‍ വെച്ച് വിവാഹിതരായി. പിന്നെ ഞങ്ങള്‍ രണ്ട്പേരും ചേര്‍‌ന്ന് സ്ക്കൂളിലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ഒരു പാര്‍ട്ടി തരുന്നുണ്ട്”. 
              തുടർന്ന് മോളി തോമസ് ഹയര്‍‌സെക്കന്ററി ക്ലാസ്സിലേക്കും രാമചന്ദ്രന്‍ നായര്‍ ഹൈസ്ക്കൂള്‍ ക്ലാസ്സിലേക്കും പഠിപ്പിക്കാന്‍ പോയി. മറ്റുള്ളവർ ക്ലാസ്സിൽ പോവാതെ ഇരുന്ന് ചിന്തിക്കാൻ തുടങ്ങി.

14 Comments, Post your comment:

ഉപാസന || Upasana said...

എഴുത്ത് ഒകെ. പക്ഷേ കഥയിലെന്തോ പോരായമ ഫീല്‍ ചെയ്യുന്നു.

ഉപാസന

വിനയന്‍ said...

രസകരമായിരുന്നു,പക്ഷെ കഥയില്‍ എനിക്ക് ഒരു ഒഴുക്ക് കിട്ടാത്ത പോലെ...

Unknown said...

എഴുത്ത് നന്നായി, വായനാ സുഖം നല്‍കുന്നു.

Mohamed Salahudheen said...

എന്തോ പറയാന് വിട്ടുവെന്നുതന്നെ തോന്നുന്നു

Anonymous said...

munp vaayichirunnu

Minesh Ramanunni said...

മണ്ണും ചാരി നിന്നവന്‍ .. ദൈവമേ !
കാമുകന്റെ കത്ത് കാത്തു നിന്ന് അവസാനം പോസ്റ്മാനെ പ്രേമിച്ച കഥ ഓര്മ വരുന്നു ..
ഇതുപോലെ ഒരു മിസ്സ്‌ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു . ഒരു ഗസ്റ്റ് ലക്ച്ചരി . ആകെ ക്ലാസ് ഹൌസ്ഫുല്‍ ആകുന്നതു ആ ടീച്ചര്‍ വരുമ്പോഴാണ്. ആ ടീച്ചറെ അവിടുത്തെ തന്നെ മറ്റൊരു അദ്ധ്യാപഹയന്‍ കെട്ടി . അന്ന് മുതല്‍ ആ ക്ലാസ് അടൂര്‍ ഗോപാലക്രിഷനറെ പടം കളിക്കുന്ന തിയേറ്റര്‍ പോലെ ആയി. മാത്രവുമല്ല ആ പഹയന്‍ ഞങ്ങളുടെ ആജന്മ ശത്രുവുമായി..:)

mini//മിനി said...

ഈ കഥ മിനിനർമ്മത്തിൽ ഏതാനും മാസം മുൻപ് പോസ്റ്റ് ചെയ്തതാണ്.
കഥ വായിച്ച് അഭിപ്രായം എഴുതിയ ഉപാസന||Upasana-, Vinayan-, തെച്ചിക്കോടൻ-, സലാഹ്-, kandaari-, Minesh R Menon-, എല്ലാവർക്കും നന്ദി.

Bob Parapurath said...

മഹത്തായ ചെറുകഥകളുമായി താരതമ്യം ചെയ്യാതെ വായിച്ചത് കൊണ്ടാണോ എന്തോ.. രസിച്ചു....
പോരായ്മ ഫീല്‍ ചെയ്തവര്‍ മഹാന്മാരാണ്... അവര്‍ക്ക് കര്‍ത്താവ്‌ നേര്‍ വഴി കാട്ടട്ടെ.

കല്യാണിക്കുട്ടി said...

hahahaha.....
very nice.............

ഒരു നുറുങ്ങ് said...

ഹാ,മനസ്സിലായി കഥ.മണ്ണും,പെണ്ണും വിനഷ്ടമായ ആ
പാവം പയ്യന്‍“ആന്‍റണീ”ടെ കാര്യാ കഷ്ടായത്....
ഇച്ചിരി കൂടെ സസ്പെന്‍സാവായിരുന്നു..

ആശംസകള്‍!

രഘുനാഥന്‍ said...

ഹ ഹ ഹ...എഴുത്ത് നന്നാകുന്നുണ്ട് മിനി ടീച്ചറെ

Ashly said...

ഇത് മുമ്പ് ഒന്ന് പോസ്റ്യത് അല്ലെ ?

ഒഴാക്കന്‍. said...

രസിച്ചു!

thalayambalath said...

മോളി ടീച്ചറെപ്പറ്റിയുള്ള വിശേഷം കേട്ടപ്പോഴേ തോന്നി ഇതിങ്ങനെയേ തീരൂ.... എന്ന്..... അഭിനന്ദനങ്ങള്‍