സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



അച്‌ഛന്‍

May 12, 2010 ezhuthukaran

വികാരങ്ങളുടെ വേലിയേറ്റത്തില്‍ കടിഞ്ഞാണ്‍ നഷ്‌ടപ്പെട്ട് പോയിരുന്ന മനസ് ഒരു ഞെട്ടലോടെ ഉണര്‍ന്നത് ഇപ്പോഴാണ്.അത് വഴി വന്നെത്തിയ ആക്ഷേപകരമായ നിലയില്‍ മനസ് പട പട ഇടിച്ചു.ചുറ്റും ഇരുട്ടായിരുന്നു.ചുക്കിരിയും പൊടിയും തന്നെ പൊതിയുന്നു.തലയ്ക്കുള്ളില്‍ തീയാളി.

വൈകിട്ട് വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു."അച്‌ഛന്റെ അസുഖം കൂടുതലാണ്.നിന്നെ കാണണമെന്ന് ശാഠ്യം പിടിക്കുന്നുണ്ട്.നീ ഇന്നു തന്നെ കയറുമോ?"

"ഓഫീസില്‍ ഒഴിവാക്കാന്‍ കഴിയാത്ത പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്.അത് തീര്‍ത്ത് നാളെ കയറും ."

"എത്രയും വേഗം എത്താന്‍ നോക്കൂ."അമ്മയുടെ ശബ്‌ദത്തിലെ ഇടര്‍ച്ച അയാളെ അസ്വസ്‌ഥനാക്കി.ഇന്ന് തന്നെ പോകേണ്ടതുണ്ടോ?സമയം വൈകുന്നേരം നാലര മണി.ഫോണ്‍ വിളിച്ച് നോക്കിയാല്‍ ഏതെങ്കിലും ട്രാവല്‍സില്‍ രാത്രിയൊരു ടിക്കറ്റ് കിട്ടാതിരിക്കില്ല.പക്ഷെ ഇന്ന് പോവുക എന്നത്....?തീരുമാനം എടുക്കാനാവാതെ അയാളുടെ മനസ് മലക്കം മറിഞ്ഞ് കൊണ്ടിരുന്നു.

ബൈക്കില്‍ റൂമിലേക്ക് പൊവുമ്പോഴും മനസ് ഇരു ദിശയിലേക്കും കുതറി നടന്നു...നാളെ പോവാം .ഉച്ച കഴിഞ്ഞ് മഴ പെയ്തിരുന്നു.ചെറിയ മഴ പോലും റോഡിനെ ചെളിക്കുണ്ടാക്കുന്നു.!അത് മൂലം ഡ്രൈവിങ്ങില്‍ പുലര്‍ത്തേണ്ടി വരുന്ന സൂക്ഷ്മത അയാളുടെ ക്ഷമ നശിപ്പിച്ചു കൊണ്ടിരുന്നു.

മുറിയിലേക്ക് തിരിയുന്ന വളവിനോട് ചേര്‍ന്ന് നിര്‍ത്തി.തൊട്ടടുത്ത ബേക്കറിയില്‍ കയറി ഒരു ചായയും സിഗരറ്റും പറഞ്ഞു."എന്തൊക്കെയുണ്ട് വിശേഷം ?ഒരു ചൂട് പപ്സ് എടുക്കട്ടെ?"

"ചൂടാണെങ്കില്‍ ഒന്ന് താ...പിന്നെ നാളെ നാട്ടില്‍ പോവ്വാ."

"ഉം ..എന്താ വിശേഷിച്ച്?"

"അച്‌ഛന്‍ സുഖമില്ല!"

"അയ്യോ,എന്തു പറ്റി?"

"കിടപ്പിലായിട്ട് കുറച്ച് നാളായി.ഇടയ്ക്ക് അസുഖം കൂടും ."

ബേക്കറിയില്‍ നിന്നും പുറത്തിറങ്ങി സിഗരറ്റുമായി ബൈക്കിനടുത്തേക്ക് ചെന്നു.പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തു.മെസേജ് വന്നിട്ടുണ്ട്.അത് വായിച്ച് പൂര്‍ത്തിയാക്കി പുക വിടാനെന്ന ഭാവത്തില്‍ തല ഉയര്‍ത്തുമ്പോള്‍ കണ്ടു.രാധാനിലയത്തിന്റെ മൂന്നാം നിലയിലെ ബാല്ക്കണിയില്‍ നിന്നും തിളങ്ങുന്ന കണ്ണുകള്‍ മിന്നിമറയുന്നു .അയാള്‍ മെസേജ് ടൈപ് ചെയ്തു."നാട്ടില്‍ നാളെയാണ്‌ പോവുന്നത്".പിന്നെ ഒഴിഞ്ഞ ബാല്ക്കണിയില്‍ നിന്നു കണ്ണുകള്‍ പറിച്ച് വണ്ടിയെടുത്തു.

മുറിയില്‍ സുഹൃത്തുക്കള്‍ എത്തിയിട്ടുണ്ടായിരുന്നു.അവര്‍ ടീവിയിലേക്ക് കണ്ണും നട്ട് മെത്തയില്‍ നീണ്ട് നിവര്‍ന്ന് കിടപ്പാണ്.സ്ക്രീനില്‍ ഏതോ അവതാരികയുടെ ഫോണിലൂടെയുള്ള കൊഞ്ചല്‍ ."ഉം ഉം ..ആര്‍ക്കാണ്‌ ഡെഡിക്കേറ്റ് ചെയ്യേണ്ടത്?"കൈയിലെ റിമോട്ട് നീട്ടി പിടിച്ച് അടുത്ത ചാനലിലേക്ക് ചാടണോ എന്ന് തീരുമാനിക്കാനാവാതെ ഒരുവന്‍ .മറ്റവന്‍ ചോദിച്ചു.

"നീ ഇന്ന് പോവുന്നുണ്ടോ?"

"ഇല്ല...നാളെയാണ്"

"എന്ത് പറ്റി?"

"ഓഫീസില്‍ നിന്നും നാളെ മാറാന്‍ പറ്റില്ല."

രാത്രി പുകഞ്ഞു തീര്‍ന്ന കൊതുക് തിരിയുടെ മണം ഇപ്പൊഴും മുറിയില്‍ തങ്ങി നില്ക്കുന്നുണ്ട്.നോക്കുമ്പോള്‍ മുറിയുടെ മൂലയില്‍ എരിഞ്ഞമര്‍ന്ന ചാരം തിരിയുടെ ആകൃതിയില്‍ തന്നെ അവശേഷിക്കുന്നു.അയാള്‍ അത് കടലാസില്‍ പൊതിഞ്ഞെടുത്ത് പുറത്തേക്കെറിഞ്ഞു.ഈ ഗന്ധത്തോടുള്ള മടുപ്പ് മൂലം രാത്രി സ്വസ്ഥതയോടെ ഉറങ്ങാന്‍ കൂടി കഴിയുന്നില്ല.എന്തു ചെയ്യാം കൊതുകുകളെ കൊണ്ട് നിവൃത്തിയില്ലാതെ വരുമ്പോള്‍ കത്തിക്കും .ഒരു ലിക്കുടേറ്റര്‍ വാങ്ങണം എന്ന് ആ നേരത്ത് മാത്രം വിചാരിക്കും .പകലോ മറക്കും .ഇനി നാട്ടില്‍ നിന്നു വന്നിട്ടവട്ടെ!

അയാള്‍ വസ്ത്രങ്ങള്‍ മാറി കുളിച്ചു.പുതിയ പിയേഴ്സ് ഉപയോഗിച്ചായിരുന്നു കുളി.അതിനു ശേഷം പതിവിന്‌ വിപരീതമായി ദേഹം മുഴുവന്‍ പൌഡര്‍ പൂശി.പുതിയ ബോഡി സ്പ്രെ അടിച്ചു.കണ്ണാടിക്ക് മുന്നില്‍ ഏറെ നേരം ചിലവഴിച്ചു.എത്രയോ കാലമായി ആവര്ത്തിച്ച് കണ്ട് കൊണ്ടിരിക്കുന്ന സ്വന്തം മുഖം പല കോണുകളിലും ഭാവങ്ങളിലും നോക്കി രസിച്ചു.ഇടക്ക് അച്ഛന്റെ ചുക്കി ചുളിഞ്ഞ പഴയ മുഖം തെളിഞ്ഞു വന്നു.അയാളില്‍ അസ്വസ്ഥത വീണ്ടും ഉയിരെടുത്തു.സമയം നോക്കി.ഇന്നിനി പോക്ക് നടക്കില്ല.അല്ല,വേണമെങ്കില്‍ പോകാവുന്നതേയുള്ളൂ.പക്ഷെ...ചിന്തകളെ മനപൂര്‍വ്വം അമര്‍ത്തി കൂട്ടുകാരുടെ അടുത്തേക്ക് ചെന്നു.

ഒരുവന്‍ ഉറങ്ങുകയാണ്‌.അപരന്‍ ചാനലുകളിലൂടെ ഓട്ടപ്രദിക്ഷണം നടത്തുന്നു.കോമഡി കിറ്റുകള്‍ ,എവിടെയുമെത്താത്ത രാഷ്ട്രീയ ചര്‍ച്ചകള്‍ ,റിയാലിട്ടി ഷോകള്‍ ,അങ്ങനെ പോയി ചാനല്‍ കാഴ്ചകള്‍ .അയാള്‍ക്ക് ഒരു സമാധാനവും തോന്നിയില്ല.സമയം ഒന്നു വേഗം കടന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു.ഒന്നു ഉറങ്ങി എഴുന്നേറ്റാലോ എന്നു കരുതി കണ്ണടച്ചു.എങ്ങനെയാണ്‌ ഉറങ്ങാനാവുക?.

ഒരു വിധത്തില്‍ ആ ഇരുപ്പ് ഏഴര വരെ ദീര്‍ഘിപ്പിച്ചു.പിന്നെ എഴുന്നേറ്റ് പോയി പുതിയ വസ്ത്രങ്ങള്‍ എടുത്തിട്ടു.കണ്ണാടിക്ക് മുന്നില്‍ ഭംഗി ഒന്ന് കൂടി ഉറപ്പ് വരുത്തി.സുഹൃത്ത് ചോദിച്ചു."നീ എങ്ങോട്ടാ?ഇന്നു പോവുന്നില്ല എന്നല്ലേ പറഞ്ഞത്?"

"ഞാനൊന്നു പുറത്ത് പോവുന്നു.ചിലപ്പോള്‍ ഇന്നു വരില്ല.."

"എങ്ങോട്ടാ..?"

"നാട്ടിലേക്ക് കുറച്ച് സാധനങ്ങള്‍ വാങ്ങണം .ഇന്ന് സിറ്റിയില്‍ ഒരു നാട്ടുകാരന്റെ കൂടെ തങ്ങും ."

അയാള്‍ പുറത്തിറങ്ങി അരണ്ട വെളിച്ചത്തിലൂടെ നടന്നു.കടന്ന് പോവുന്ന ക്ഷീണവും തിരക്കും ബാധിച്ച മനുഷ്യര്‍ അയാളുടെ കണ്ണില്‍ പെട്ടില്ല.വഴുക്കുള്ള ഒരു പ്രതലത്തിലൂടെ അയാളുടെ മനസ് ഊര്‍ന്നു പോവുകയാണ്‌.താന്‍ ബൈക്ക് എടുത്തില്ല എന്നോര്‍ത്തു.അതിന്‌ പറ്റിയ ഒരു കള്ളം കണ്ട് പിടിക്കണം .

ഏറെ നേരം ആ നടപ്പ് തുടര്‍ന്നു.ഒരു കള്ളനെ പോലെ പതുങ്ങി പതുങ്ങിയാണ്‌ പോക്ക്.വെളിച്ചം കുറഞ്ഞ ഈ പാതകള്‍ മഴക്ക് ശേഷം ചെളിയില്‍ മുങ്ങി കിടപ്പാണ്‌.ആരോ നിരത്തിയ കരിങ്കല്ലുകളിലൂടെ ചാടി ചാടിയുള്ള സഞ്ചാരം .ഇരു വശത്തും ഏച്ച് കെട്ടിയ വീടുകളില്‍ നിന്നും കുട്ടികളുടെ കരച്ചിലും മുതിര്ന്നവരുടെ അടക്കം പറച്ചിലുകളും .ഈ വന്‍നഗരത്തിന്റെ മുക്കിലും മൂലയിലുമുള്ള ജീവിതവര്‍ത്തമാനങ്ങള്‍ !

ഇങ്ങനെ നടന്നത് കൊണ്ടു കാര്യമില്ല.ഏറെ ദൂരം പോയാലും പ്രശ്നമാണ്‌.കൂട്ടുകാര്‍ തന്നെ കാണാന്‍ ഇട വരരുത്!മൊബൈല്‍ നിശബ്‌ദമാണ്.എപ്പൊഴാണോ ആ കാള്‍ വരിക?ദൂരെ ഒരു വൃത്തികെട്ട ബാര്‍ കാണാം .അതിന്‌ മുന്നിലെ നിറം പിടിപ്പിച്ച ഇറച്ചിയും മീനും വില്‍ക്കുന്ന തട്ട് കട കടന്ന് അയാള്‍ നീങ്ങി.അവിടെ ഒരു ഇന്റര്നെറ്റ് കഫെ ശ്രദ്ധയില്‍ പെട്ടു.അതിനുള്ളില്‍ കയറി സമയം കൊല്ലാം എന്ന് തീരുമാനിച്ചു.പരിചയക്കാരാരും വരുന്ന സ്ഥലമല്ല.

അവിടെയും അയാള്‍ക്ക് താത്‌പര്യം തോന്നിയില്ല.ഒരോ സൈറ്റുകള്‍ തോറും വെറുതെ അലഞ്ഞു.മടുപ്പ് തോന്നി.പക്ഷെ പുറത്തിറങ്ങി എന്ത് ചെയ്യാന്‍ ?ഒടുവില്‍ മൊബൈല്‍ ശബ്‌ദിച്ചു.മിസ്ഡ് കാള്‍ ...ശേഷം എസ് എം എസ് വന്നു."വേഗം വന്നോളൂ."

അയാള്‍ പുറത്തിറങ്ങി പായുകയായിരുന്നു.ആരെങ്കിലും കണ്ടാലോ എന്ന ഭീതി അമര്‍ത്തി കടകളിടെ മറ പറ്റി കുതിച്ചു.നേരം ഇരുട്ടിയത് കൊണ്ട് ആളുകള്‍ കുറവായിരുന്നു.

പൂട്ടാന്‍ തയാറെടുക്കുന്ന ബേക്കറിക്കരന്റെ കണ്ണില്‍ പെടാതെ രാധാനിലയത്തെ ചൂഴ്ന്ന് നില്ക്കുന്ന ഇരുളിലെത്തി.പിന്നെ നിശബ്‌ദത മുറ്റുന്ന മൃദുവായ കാലടികളോടെ മൂന്നാം നിലയിലേക്ക് കയറി.വതിലില്‍ മുന്പ് പറഞ്ഞുറപ്പിച്ച പോലെ അടയാളത്തിന്‍ മൂന്ന് തവണ കോട്ടി.പിന്നെ മൊബൈലില്‍ മിസ്ഡ് അടിച്ചു....അവള്‍ വാതില്‍ തുറന്നു.! ഇപ്പോള്‍ കണ്ണുകള്‍ മാത്രമല്ല ,അവളുടെ വസ്ത്രങ്ങളും മുഖത്തെ മേക്കപ്പും തിളങ്ങുന്നു.

"ഭര്‍ത്താവ് നേരത്തെ പോയി.മോനെ ഉറക്കാനാണ്‌ ബുദ്ധിമുട്ടിയത്."

അയാളുടെ ഉള്ളില്‍ ഒരു ആന്തലുണ്ടായി .

"ഞാന്‍ കരുതി നിങ്ങള്‍ വരില്ലെന്ന്."അവള്‍ പറഞ്ഞു.

വരാന്‍ പാടില്ലായിരുന്നു.!തന്നെ കരവലയത്തിലാക്കിയ ആ സ്ത്രീയെ അതു വരെ നയിച്ച മൃഗീയ ആകര്‍ഷണത്തിന്റെ പൂര്‍ത്തീകരണത്തിനായി അമര്‍ത്തുമ്പോയും മനസ് തരിച്ച് നിന്നു.ജീവിതത്തിലെ ആദ്യ സ്ത്രീ സ്പര്‍ശ്ത്തിന്റെ, അല്ല എത്തിപ്പെട്ട അപരിചിതമായ സന്ദര്‍ഭത്തിന്റെ ആശങ്കയോ?സുഹൃത്തുക്കള്‍ പോലും അറിയാതെ വളര്‍ത്തിയെടുത്ത ആ ബന്ധം പൂര്‍ത്തീകരിക്കുന്ന സന്ദര്ഭത്തിനായി ഒരു ജാരന്റെ എല്ലാ ആകാംഷയോടും കാത്തിരുന്ന തനിക്കോ?അവളാവട്ടെ കൊഞ്ചിക്കുഴയുകയാണ്‌.തന്നെ ആസക്തിയുടെ ഉന്മത്തതയിലേക്ക് നയിക്കുന്ന പ്രകടനമ്.അത് മനസില്‍ മുള പൊട്ടിയ വെറുപ്പിനെ കൂടി മറികടക്കുന്നു.

സമയം അതിന്റെ മായികഭാവങ്ങളോടെ കടന്ന് പോവുകയായിരുന്നു.വാതിലിലെ മുട്ട് തീര്‍ത്തും അപ്രതീക്ഷിതമായി.കാര്യങ്ങള്‍ എത്ര വേഗമാണ്‌ കീഴ്മേല്‍ മറിഞ്ഞത്.വാതില്‍ പഴുതിലൂടെ പുറത്തേക്ക് കണ്ണയച്ച അവളുടെ മുഖം വിവര്ണമായി."അയ്യോ..എന്ന മൊറവിളിയോടെ അവള്‍ വെപ്രാളപ്പെട്ടു.പിന്നെ അയാളെ പിടിച്ചെഴുന്നേല്പ്പിച്ച് കട്ടിലിനടിയില്‍ ഒളിപ്പിച്ചു.അരാണു..അവളുടെ ഭര്‍ത്താവോ?ഇരുളില്‍ വര്‍ധിക്കുന്ന അയാളുടെ നെഞ്ചിടിപ്പിന്റെ ഗതിവേഗം .

എത്ര നേരം കടന്ന് പൊയി എന്നറിയില്ല.അല്പം പോലും അവശേഷിക്കാതെ ഉരുകിയൊളിച്ച് പോയിരുന്നെങ്കില്‍ എന്നാശിച്ചു.തന്റെ മേല്‍ വന്നു ഭവിക്കാന്‍ പോവുന്ന അവസ്ഥ എത്ര ദാരുണമായിരിക്കും ?ഓര്ക്കുമ്പോളെ വിറച്ച് പോവുന്നു.

ഒന്നും ചെയ്യാനില്ല.പൊടിയും ചുക്കിരിയും മൂടി ചവറ്‌ പോലെയായ നഗ്ന ശരീരം ഒന്നു ചെറുതായി ഇളക്കാന്‍ പോലും ധൈര്യമില്ല.എവിടെയാണ്‌ തന്റെ വസ്ത്രങ്ങള്‍ ?മന്സിനെ കടിച്ചമര്‍ത്തി നിര്‍ത്താനായിരുന്നു പ്രയാസം .ഒന്നു തേങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു.അപ്പോഴാണ്‌ ഒരു കരസ്‌പര്‍ശത്തിന്റെ അനുഭവം നിറഞ്ഞത്!അത് ഇരുളിലെ ശൂന്യതയില്‍ നിന്നോ തന്റെ മീതെ വീഴുന്നു?

പനി പിടിച്ച് കിടന്ന ഒരു പഴയ രാവ്.അന്ന് താന്‍ ദൃഢഗാത്രനായ ഈ യുവാവല്ല.പനിയുടെ തീവ്രത വര്‍ധിച്ച ഉണര്‍വ്വിന്റെ ഏതോ യാമത്തില്‍ സഹിക്കാനാവാതെ ചിണുങ്ങി കരഞ്ഞു.തിരിഞ്ഞും മറിഞ്ഞും കിടന്നു.പിന്നെ അറിയുന്നത് ആശ്വാസം പകര്‍ന്ന് കൊണ്ട് നെറ്റിയിലൂടെ പായുന്ന കരസ്‌പര്‍ശം ആണ്.കട്ടിലിന്റെ അരികില്‍ അച്‌ഛന്‍ ഇരിപ്പുണ്ടായിരുന്നു.ഉറങ്ങിക്കോ...അച്‌ഛന്‍ തലോടി കൊണ്ടിരുന്നു.

അതേ കരസ്‌പര്‍ശം .ഇതൊരു മിഥ്യാബോധമോ?അയാളുടെ ഭീതി അപരിചിതമായ ഉത്കണ്ഠകള്‍ക്ക് വഴി മാറി.

ശ്..ശ്...അവളാണ്."വേഗം പൊയ്ക്കോളൂ.കള്ളു കുടിച്ച് തലക്ക് പിടിച്ചപ്പോള്‍ യാത്ര മാറ്റി അങ്ങേര്‍ മടങ്ങി വന്നിരിക്കുന്നു.അകത്ത് കിടത്തിയിരിക്കുകയാണ്.പോ"

വസ്‌ത്രങ്ങള്‍ വലിച്ച് കയറ്റി കൊണ്ട് അയാള്‍ പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങി ഓടി.ആത്മാവില്‍ കോരിച്ചൊരിയുന്ന ആത്മനിന്ദയോടെ ചെളിയില്‍ പൂഴ്ന്ന് കൊണ്ടിരിക്കുന്ന കാലുകള്‍ വലിച്ചൂരി കൊണ്ടുള്ള പാച്ചില്‍ .വികാരാവേശത്തിന്റെ നികൃഷ്‌ടതയില്‍ താനൊരു പുഴുവായിരിക്കുന്നു.ചെളിയില്‍ പുളയ്ക്കുന്ന പുഴു.മനസില്‍ ഭയാനകമായ ആ ഉത്കണ്ഠ വീണ്ടും നിറയുന്നു.അയാള്‍ മൊബൈല്‍ എടുത്ത് സ്വിച്ച് ഓണ്‍ ചെയ്ത് വീട്ടിലേക്ക് ഡയല്‍ ചെയ്തു.ലൈന്‍ കിട്ടുന്നില്ലല്ലോ?സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു.ഈ സമയം വീട്ടിലെ ഫോണ്‍ എന്തേ ബിസി ആവാന്‍ ?.

തെരുവ് വിജനമായിരുന്നു.ആ വിജനതയില്‍ ചിണുങ്ങി കരയണമെന്നും അല്പം മുന്പ് സ്വപ്നത്തിലെന്ന പോലെ തഴുകി പോയ ആ കരസ്‌പര്‍ശം വീണ്ടും അനുഭവിക്കണമെന്നും ആഗ്രഹിച്ചു.പക്ഷെ ഒരു ഇളം കാറ്റ് പോലും വന്നില്ല. .ആരെങ്കിലും തന്നെ വിളിച്ചിരുന്നോ ആവോ?ഫോണ്‍ ഓഫാക്കിയിരുന്നല്ലോ!വല്ലാത്ത ഉത്കണ്ഠയുടെ വീര്പ്പ്മുട്ടല്‍ .വീണ്ടും വീട്ടിലേക്ക് ഡയല്‍ ചെയ്തു.ഹാവൂ!,ഇത്തവണ ബെല്‍ കേള്‍ക്കുന്നുണ്ട്.അപ്പുറത്ത് ഫോണ്‍ എടുത്തത് തിരിച്ചറിഞ്ഞ ക്ഷണത്തില്‍ ,ഉഛസ്ഥായിലായ ശ്വാസോച്‌ഛാസം പിടിച്ച് നിര്‍ത്താന്‍ പാടു പെട്ടു കൊണ്ട് അയാള്‍ ആരാഞ്ഞു.

"ഞാനാ.....അച്‌ഛന്‍ ??"

(© ഹസീം മുഹമ്മദ് )

15 Comments, Post your comment:

Mohamed Salahudheen said...

കുളിയുടെ പിയേഴ്സ് വേണ്ടായിരുന്നു

Unknown said...

കഥാനായകന്റെ മനസ്സഘര്ഷങ്ങള്‍ നന്നായിട്ട് അവതരിപ്പിച്ചു, കഥ നന്നായി.

ശാന്ത കാവുമ്പായി said...

ഇങ്ങനെയൊക്കെയാണല്ലോ ഇപ്പോള്‍ സംഭവിക്കുന്നത്.എന്നിട്ടും ആര്‍ക്കും ഒട്ടും സംതൃപ്തിയും സന്തോഷവും ഉണ്ടാകുന്നുമില്ല.പകരം പുകയുന്ന അസംതൃപ്തിയും സ്വൈര്യക്കേടും ബാക്കി.

Manoraj said...

കഥ കൊള്ളാം

ദൃശ്യ- INTIMATE STRANGER said...

rithuvile priyapetta ezhuthu kaarod oru kaaryam paranjotte..ivide postingnu chila rules okke undallo alle?[pandu undaayirunnu]oru kadha post cheythu kuranjathu48hrs enkilum kazhinje aduthathu post cheyyavoo ennu..ivide ore divasam thanne pala kadakalum post cheythataayi kanunnu..ente priyapetta ezhuthukaaru posting rulesil onnu shradhichirunnenkil ezhuthunna ningalkkum vaayikkunna njangalkkum ore pole upakaaram aayene..
ee comment boxil ingane oru abhipraya prakadanam nadathiyathinu ellavarodum kshamachodichu kond...
:DRISHYA

JIGISH said...

നല്ല കഥ..! ഈ പ്രിയപ്പെട്ട അപരിചിതയുടെ
അഭിപ്രായം കൂടി എല്ലാവരും ശ്രദ്ധിക്കുമല്ലോ..?

siya said...

വായിച്ചു ........എന്തൊക്കെയോ എഴുതുവാനും പറയാനും ഉണ്ട് .പക്ഷേ ഒന്നും വരുനില്ല ...അടുത്ത ബ്ലോഗ്‌ നു കമന്റ്‌ ഇടാം .എല്ലാവരും പറഞ്ഞപോലെ നല്ല കഥ !!!!!!!

വിരോധാഭാസന്‍ said...

മനുഷ്യമനസ്സ് വിചിത്രമാണ് ..അതിലും വിചിത്രമാണ് പെരുമാറ്റങ്ങളും, ആസക്തികളും...!!


നന്നായിരിക്കുന്നു ഈ എഴുത്ത്..!

JIGISH said...

“പനി പിടിച്ച് കിടന്ന ഒരു പഴയ രാവ്.അന്ന് താന്‍ ദൃഢഗാത്രനായ ഈ യുവാവല്ല.പനിയുടെ തീവ്രത വര്‍ധിച്ച ഉണര്‍വ്വിന്റെ ഏതോ യാമത്തില്‍ സഹിക്കാനാവാതെ ചിണുങ്ങി കരഞ്ഞു.തിരിഞ്ഞും മറിഞ്ഞും കിടന്നു.പിന്നെ അറിയുന്നത് ആശ്വാസം പകര്‍ന്ന് കൊണ്ട് നെറ്റിയിലൂടെ പായുന്ന കരസ്‌പര്‍ശം ആണ്.കട്ടിലിന്റെ അരികില്‍ അച്‌ഛന്‍ ഇരിപ്പുണ്ടായിരുന്നു.ഉറങ്ങിക്കോ...അച്‌ഛന്‍ തലോടി കൊണ്ടിരുന്നു...”

നന്മതിന്മകൾ ചതുരംഗം നടത്തുന്ന ചഞ്ചലമനസ്സിൽ അച്ഛനെക്കുറിച്ചുള്ള ഓർമ്മ
കടന്നുവരുന്ന ഈ ഭാഗം അനുഭവസാന്ദ്രമാണ്.!

Vipin vasudev said...

കഥ നന്നായിട്ടുണ്ട് ട്ടോ.

മലയാളം ബ്ലോഗേഴ്സ് ലിസ്റ്റ് : Add your blog here.
http://vipin-vasudev.blogspot.com/p/add-your-blog-to-malayalam-bloggers.html

രാജേഷ്‌ ചിത്തിര said...

good narrration.

liked that twist in the story.

little more minor editing is required
in some places.

congrats

കുഞ്ഞൂസ് (Kunjuss) said...

അച്ഛന് അസുഖം കൂടുതലാണ് എന്ന് കേട്ടിട്ടും, മനുഷ്യ മനസിന്റെ വിചിത്രമായ ആസക്തിയും പെരുമാറ്റവും... നന്നായി അവതരിപ്പിച്ചു!

Manoraj said...

ഇന്റിമേറ്റ് സ്റ്റ്രേഞ്ചർ പറഞ്ഞ അഭിപ്രായം പലവട്ടം ഞാൻ ഇവിടെ സൂചിപ്പിച്ചതാണ്. പിന്നെ ആവർത്തന വിരസത എനിക്ക് തന്നെ തോന്നിയതിനാൽ പറയാതെ പോകുന്നു എന്നേ ഉള്ളൂ. മാത്രമല്ല, ഈയിടെ ഋതുവിൽ പോസ്റ്റ് ചെയ്ത കഥകൾ മുഴുവൻ ഋതുവിലെ പുത്തൻ അംഗങ്ങളുടേതുമായിരുന്നു. അപ്പോൾ അവരുടെ വികാരത്തെ മാനിക്കാമെന്ന് കരുതുന്നു.. പക്ഷെ, ഇത് ഇപ്പോൾ അഡ് മിൻ ഇടപെടേണ്ട സമയം അതിക്രമിച്ചപോലെ.. മറ്റൊന്നുമല്ല. പുതിയ ആളായാലും പഴയ ആളായാലും കഥകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നതിൽ കൂടുതൽ പേർ വായിക്കണമെന്ന ലക്ഷ്യത്തോടെയാവും. പക്ഷെ ഇപ്പോഴുള്ള ഈ രീതി തുടരുകയാണെങ്കിൽ ആരുടെയും കഥകൾ ചർച്ചചെയ്യപ്പെടാതെ പോകും എന്ന ദു:ഖകരമായ അവസ്ഥയാണ്. പോസ്റ്റ് ചെയ്യുന്നതിന് മുൻപ് എഡിറ്റ് പോസ്റ്റ് എന്ന ഒപ്ഷൻ വഴി ആരെങ്കിലും ഷെഡ്യൂൾ ചെയ്തിട്ടുണ്ടോ എന്നും അവസാന പോസ്റ്റ് രണ്ട് ദിവസമെങ്കിലും കഴിഞ്ഞോ എന്നും ശ്രദ്ധിക്കുക. .ഇത് ആരെയും വിലകുറച്ച് കാണിക്കാനല്ല ഇവിടെ പോസ്റ്റ് ചെയ്യുന്നത്. എല്ലാവരെയും എല്ലാവരും വായിക്കണമെന്ന സദുദ്ദേശം മാത്രമേ എനിക്കുള്ളൂ.. തെറ്റാണെങ്കിൽ ഞാനും ക്ഷമ ചോദിക്കുന്നു..

Renjishcs said...

ഭാവനാതീതമായ മനുഷ്യമനസ്സിന്റെ ചഞ്ചലതയെ, ചാപല്യങ്ങളെ പകർത്തിയെടുക്കാനുള്ള ഈ ശ്രമം ആശാവഹം.

നീര്‍വിളാകന്‍ said...

നല്ല കഥ.... കഥാകാരന്റെ കൂടെ മനസ്സ് സഞ്ചരിച്ചു... അത് കഥയുടെ മികവ് കൂട്ടി.... ഭാവുകങ്ങള്‍