സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



അത്രയും കാലം ആയിരുന്നത്…………..

May 18, 2010 Echmukutty

ടീച്ചർ ജോലിയിൽ നിന്ന് പിരിഞ്ഞിട്ട് പതിനഞ്ച് വർഷമാകുന്ന ദിനമായിരുന്നു അത്.

ജോലിയിൽ നിന്ന് പിരിഞ്ഞതോർക്കുമ്പോഴെല്ലാം കടുത്ത ഒരു വിഷാദം അവരെയാകമാനം വന്ന് പൊതിയാറുണ്ട്. എന്ന് വെച്ചാൽ ഇതു വരെ ആരും ജോലിയിൽ നിന്ന് പിരിഞ്ഞിട്ടില്ലേ എന്ന് ചോദിക്കാൻ വരട്ടെ.

നമ്മളെപ്പോലെ കുടുംബോം കുട്ടികളും പ്രാരബ്ധോം ഒന്നും അവർക്കുണ്ടായിരുന്നില്ല. അതു കൊണ്ട് അവർ ഒരു മുഴുവൻ സമയ ടീച്ചർ ആയിരുന്നുവല്ലോ. എന്നും സ്കൂളിൽ പോയി, ഭംഗിയായി പഠിപ്പിച്ചു, മറ്റ് ടീച്ചർമാരെപ്പോലെ ഭർത്താവിനും കുട്ടികൾക്കും വേണ്ടി അവധിയെടുക്കേണ്ട ഒരു കാര്യവും അവർക്കുണ്ടായിരുന്നില്ല. എല്ലാ ടീച്ചർമാരുടെയും അവധി ക്ലാസ്സുകൾ സന്തോഷത്തോടെ ഏറ്റെടുത്തു, ആകാവുന്ന എല്ലാ സഹായവും എന്നും എല്ലാവർക്കും ചെയ്തു പോന്നു.

അവരുടെ സഹായവും സൌമനസ്യവും സ്വീകരിച്ച എല്ലാവരും തന്നെ ‘അയ്യോ, അവരൊരു പാവം, സ്വന്തായിട്ട് ആരുല്യാത്തോണ്ട് ആർക്ക് വേണ്ടിയാ അവരു ജോലീട്ക്കാ, എല്ലാര്ക്കും വല്ലതും ഒക്കെ ചെയ്തു കൊടുക്കുമ്പോ നേരോം പോയിക്കിട്ടും’… എന്നു സഹതപിക്കുവാനും മറന്നില്ല.

ടീച്ചർ പക്ഷെ അതൊന്നും ഒരു പ്രശ്നമായി കണ്ടതേ ഇല്ല. വിരൽത്തുമ്പിൽ പോലും കുലീനത്വം തുളുമ്പുന്ന അവർ തികഞ്ഞ സച്ചരിതയും ധർമിഷ്ഠയുമായിരുന്നു.

ഇനിയിപ്പോൾ ടീച്ചർക്ക് കല്യാണോം കുടുംബോം ഉണ്ടാവാത്തതിനെപറ്റി ആലോചിച്ച് കാട് കയറാനും പോണ്ട. അങ്ങനെ പ്രത്യേകിച്ച് ഒരു കാരണം ചൂണ്ടിക്കാണിക്കാനൊന്നും ഇല്ലായിരുന്നുവെന്ന് കൂട്ടിയാൽ മതി. ആദ്യം ചില ആലോചനകളൊക്കെ വരികയുമുണ്ടായി.പക്ഷെ, എന്തുകൊണ്ടോ ഒന്നും നടക്കുകയുണ്ടായില്ല.

വലിയ സംഭവങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ ജീവിതം മാത്രമെ ടീച്ചർക്ക് ഉണ്ടായിരുന്നുള്ളൂവെന്നർഥം.

ആദ്യകാലങ്ങളിൽ വൻ നഗരങ്ങളിൽ താമസമാക്കിയ സ്വന്തം കൂടപ്പിറപ്പുകളെ പറ്റി ടീച്ചർ വല്ലതുമൊക്കെ പറഞ്ഞിരുന്നു. പിന്നെപ്പിന്നെ ആ പതിവ് അവരുപേക്ഷിച്ചു. കൂടപ്പിറപ്പുകൾക്കെല്ലാം കുടുംബവും കുട്ടികളും ഉണ്ടായിരുന്നു. പണ്ടൊക്കെ അവർ വല്ലപ്പോഴും ടീച്ചറെ കാണാൻ ദൂരയാത്രകൾ ചെയ്ത് ആ ഉറക്കം തൂങ്ങി ഗ്രാമത്തിൽ വന്നെത്തിയിരുന്നുവെങ്കിലും സ്വന്തം കുട്ടികൾ വലുതായിത്തുടങ്ങിയപ്പോൾ അവരുടെ വരവ് കുറഞ്ഞ് കുറഞ്ഞ് ഒടുവിൽ ഇല്ലാതെയാവുകയായിരുന്നു. അവർക്കും കുട്ടികളുടെ പഠിപ്പ്, ജോലിയിലെ ട്രാൻസ്ഫർ അങ്ങനെ നൂറായിരം പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടായിരുന്നുവല്ലോ. കാലം പോകെ പോകെ അവർക്കും വാർദ്ധക്യം ബാധിച്ചു, അവരും സ്വന്തം മക്കളുടെ ആശ്രയത്തിലായി മാറി. എല്ലാറ്റിനും പുറമേ വൻ നഗരങ്ങളിൽ പാർത്ത് പാർത്ത് അവരൊക്കെയും അതത് നഗരവാസികളായി മാറുകയും ചെയ്തിരുന്നു. ആ ഉറക്കം തൂങ്ങി ഗ്രാമം അവർക്ക് തികച്ചും അനാകർഷകമായിത്തീർന്നു .

ടീച്ചർക്കും കൂടപ്പിറപ്പുകൾക്കും തമ്മിൽ ഒരു വഴക്കോ വൈരാഗ്യമോ ഒന്നുമില്ലായിരുന്നു, കേട്ടൊ.. പാതയോരത്ത് പൂക്കാതെയും തളിർക്കാതെയും എന്നാൽ പട്ട് പോകാതെയും നിൽക്കുന്ന കുറ്റിച്ചെടിയെപ്പോലെ ഒരു ജീവിതമായിരുന്നു ടീച്ചറുടേത്.

സ്കൂളിലെ ജോലിയും സ്വന്തം വീട്ടിലെ ജോലിയും തീർന്നു മിച്ചം വരുന്ന സമയം ടീച്ചർ ദേവദർശനം ചെയ്തു, മഹിളാസമാജത്തിലും ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിലും പോയി. ഗ്രാമത്തിലെ വായനശാലയിൽ ചെന്നു പുസ്തകങ്ങൾ കൊണ്ടു വന്നു വായിച്ചു. പുരാണഗ്രന്ഥങ്ങളും ബംഗാളീ നോവലുകളുടെ വിവർത്തനങ്ങളുമായിരുന്നു ടീച്ചർക്കു പഥ്യം. കൈയും കഴുത്തും കണ്ണും തളരുവോളം സാരികളിൽ ചിത്രത്തുന്നൽ ചെയ്ത് പലർക്കും സമ്മാനിച്ചു. തന്റെ കൊച്ചു പുരയിടത്തിൽ പൂച്ചെടികൾ നട്ടു വളർത്തി, പൂക്കളും അവർ എല്ലാവർക്കുമായി പങ്കുവെച്ചു.

അന്ന് രാവിലെ , ജോലിയിൽ നിന്ന് പിരിഞ്ഞു പോന്ന ദിവസത്തെക്കുറിച്ച് പതിവുള്ള വിഷാദഭാരത്തോടെ ഓർമ്മിച്ചുകൊണ്ടാണു ടീച്ചർ അരിയിലെ കല്ലു പെറുക്കിക്കൊണ്ടിരുന്നത്. അതു വരെ എന്തായിരുന്നുവോ അതല്ലാതെയായി പെട്ടെന്ന് എന്ന നൈരാശ്യം അവരെ കഴിഞ്ഞ പതിനഞ്ച് വർഷമായി വിടാതെ പിന്തുടർന്നിരുന്നു. അവർ എത്രമാത്രം ഒരു ടീച്ചറായിരുന്നുവെന്ന് അറിയാൻ പറ്റാത്തവർക്ക് ഈ വിഷമം എങ്ങനെയാണു മനസ്സിലാവുക?

അപ്പോഴാണു ഇലക്ട്രീഷ്യൻ പ്രഭാകരൻ ഒരു പാസ്പോർട്ട് അപേക്ഷയുമായി കയറി വന്നത്. ടീച്ചർ മുറം നീക്കിവെച്ച് നിറഞ്ഞ സൌഹാർദത്തോടെ ചിരിച്ചു , “വാ വാ പ്രഭേ… എന്താ വിശേഷിച്ച് ?...“

“ഈ അപേക്ഷ ഒന്നു പൂരിപ്പിക്കണം ടീച്ചറെ. ഞാനും കടൽ കടന്ന് ദുബായി ഒക്കെ ഒന്നു പോയി വരാം.എനിക്കും നാലു കാശുണ്ടാവണ്ടേ. എന്നും ഇങ്ങനെ അരിഷ്ടിച്ച് കഴിഞ്ഞ് എനിക്ക് മടുപ്പായി ടീച്ചറെ..“

എല്ലാവരും നന്നായി കാണാൻ മാത്രം ആഗ്രഹിക്കുന്ന അവർക്ക് സന്തോഷമല്ലെയുള്ളൂ പ്രഭാകരനെ സഹായിക്കുവാൻ? അപേക്ഷ പൂരിപ്പിച്ച് കഴിഞ്ഞപ്പോൾ ടീച്ചർ ഒരു പാത്രം നല്ല സംഭാരം കൊണ്ടു വന്നു കൊടുത്തു. അയാൾ ഗ്ല്ഗ്ല് ശബ്ദത്തോടെ അതു കുടിക്കുന്നത് അവർ കൌതുകത്തോടെ ശ്രദ്ധിക്കുകയായിരുന്നു. വീട്ടു മുറ്റത്തു നിൽക്കുന്ന മൂവ്വാണ്ടൻ മാവിനെ സൂക്ഷിച്ച് നോക്കിക്കൊണ്ട് , പാത്രം തിരിച്ചേൽപ്പിക്കുമ്പോൾ അയാൾ ചിന്താധീനനാവുന്നത് ടീച്ചർക്കും മനസ്സിലായി.

അല്പനേരം കൂടി ചെലവാക്കി ഇറങ്ങാൻ തുടങ്ങവെ, പ്രഭാകരൻ പെട്ടെന്നു പറഞ്ഞു. “ഈ മാവ് ആൾ അത്ര ശരിയല്ല ടീച്ചറെ, വയസ്സനായി, എപ്പഴാ ഇടിഞ്ഞു പൊളിഞ്ഞു മണ്ടേല് വീഴാന്ന് പറയാൻ പറ്റില്യ. പെരേൽക്ക് ചാഞ്ഞിട്ടാ നിക്കണേ. ഇബനെ അങ്ങട് കാച്ചിക്കളയ്യാ നല്ലത്.“

‘അയ്യോ! അത് വേണ്ട പ്രഭേ എത്ര കാലായി ഈ മുറ്റത്ത് നിൽക്കണു , ഇതേ വരെ ഒരു കൊമ്പും കൂടി വീണുപദ്രവം ചെയ്തിട്ടില്യ. അതവിടെ അങ്ങട് നിന്നോട്ടെ.’

പ്രഭാകരന് ടീച്ചറുടെ നിഷേധം ബോധ്യമായില്ല. മാവിനു വയസ്സായിരിക്കണത് നമ്മൾ കണ്ടറിയേണ്ടേ? അതിങ്ങനെ കാണാണ്ടിരുന്നാൽ ആർക്കാണു കേട് ? ‘ഞാനിതാ വീഴാൻ പോകുന്നു’വെന്ന് വിളിച്ച് പറയാൻ മാവിന് പറ്റുമോ ? ഇത്ര കാലം സ്കൂളിലൊക്കെ പഠിപ്പിച്ച ടീച്ചർക്ക് അറിവില്ലാണ്ടാവാൻ മാർഗമില്ല. പിന്നെ എന്തെങ്കിലും ഒരു കുഴപ്പമുണ്ടായാൽ തന്നത്താൻ പരവശപ്പെടേണ്ടി വരും. ചെറുപ്പല്ല, വയസ്സേറി വരികയാണ്…… അങ്ങനെ പലതും അയാൾ ന്യായങ്ങളായി പറഞ്ഞെങ്കിലും ടീച്ചർ ഒട്ടും ഇളകിയില്ല. മാവു മുറിക്കേണ്ടതില്ലെന്ന് അവർ ഉറപ്പിച്ച് പറഞ്ഞു.

‘തെരക്കൊന്നൂല്യാണ്ട് നല്ലോണം ആലോചിച്ച് ചെയ്താ മതി ടീച്ചറെ ‘ എന്ന് യാത്ര പറഞ്ഞു പ്രഭാകരൻ പോയപ്പോഴാണ് അവർ മൂവാണ്ടൻ മാവിനെ ശ്രദ്ധിച്ച് നോക്കിയത്. കാര്യം പ്രഭയോട് മുറിക്കേണ്ട എന്ന് പറഞ്ഞുവെങ്കിലും മാവ് പുരയിലേക്ക് വീഴാൻ പാടില്ല എന്ന് ടീച്ചർക്കറിയാമല്ലോ. മാവിനു വാട്ടമുണ്ടോ, മാവ് പുരയിലേക്ക് ചാഞ്ഞിട്ടുണ്ടോ എന്നൊക്കെ അവർ നോക്കാതിരുന്നില്ല. കുറച്ച് നേരം സൂക്ഷിച്ച് നോക്കിയിട്ട് ഹേയ് ഒരു കുഴപ്പവുമില്ല എന്ന് സമാധാനിച്ചു.

എങ്കിലും അന്നത്തേതിനു ശേഷം എന്നും ടീച്ചർ മാവിനെ പ്രത്യേകമായി ശ്രദ്ധിക്കാൻ തുടങ്ങി. ആ കൊച്ചു പുരയിടത്തിലാകെ തണുപ്പ് പരത്തിക്കൊണ്ട് നിന്ന മാവിനു കുറച്ച് വയസ്സേറിയെന്നതു ശരി തന്നെ. പക്ഷെ, മാവില്ലാത്ത വീട്ടു മുറ്റത്തെക്കുറിച്ച് ടീച്ചർക്കു മാത്രമല്ല നാട്ടുകാർക്കും കൂടി ഓർമ്മിക്കാൻ പറ്റുന്നില്ലെന്നതാണു സത്യം. മൂവ്വാണ്ടൻ മാവാണെങ്കിലും അത് എല്ലാ കൊല്ലവും ആരോ പറഞ്ഞു വെച്ചിട്ടുള്ളതു പോലെ കുറേശ്ശേ കായ്ച്ചു. എത്ര കുറവു കായ്ച്ചാലും ടീച്ചർക്ക് അധികമാകും. ഒരാൾ തനിച്ച് എത്ര മാങ്ങ തിന്നാനാണ്, ? അതുകൊണ്ടെന്താ ബാക്കി എല്ലാവർക്കും ആ മാങ്ങകൾ ഇഷ്ടം പോലെ കിട്ടിപ്പോന്നു. മാവിന്റെ തണലിൽ കസേരയിട്ടിരുന്ന് ടീച്ചർ പുസ്തകങ്ങൾ വായിച്ചു , ചിത്രത്തുന്നൽ ചെയ്തു, നല്ല പഴുത്ത മധുരമൂറുന്ന മാമ്പഴങ്ങൾ എല്ലാവർക്കും നിറഞ്ഞ സന്തോഷത്തോടെ നൽകി. മാവിൽ ചെറു ചെറു മാങ്ങകൾ കൊച്ച് കുലകളായി തൂങ്ങി കിടക്കുന്നതു കാണുമ്പോൾ വാത്സല്യം വഴിയുന്ന കണ്ണുകളോടെ ടീച്ചർ മാവിനെ നോക്കി പുഞ്ചിരിക്കുമായിരുന്നു. അങ്ങനെയൊരു മാവിനെ വെറുതെ കാച്ചിക്കളയുകയോ ?

പാലു കൊണ്ടു വരുന്ന തങ്കമ്മയായിരുന്നു അടുത്തതായി മാവു വെട്ടിക്കളയണമെന്നു ടീച്ചറോട് പറഞ്ഞത്. മാവ് കൂടുതൽ കൂടുതൽ പുരയിലേക്ക് ചാഞ്ഞിട്ടുണ്ടെന്ന് തങ്കമ്മ ചൂണ്ടിക്കാണിച്ചപ്പോൾ അവർക്ക് പരിഭ്രമം തോന്നി.

 “വെട്ടി വെറകാക്കിയാ മതി ടീച്ചറെ, ആ വെട്ടുകാരോട് പറഞ്ഞാ അവരന്നെ കൊണ്ടോയ്ക്കോളും. ടീച്ചറ് കഷ്ടപ്പെടണ്ട. സമയം വൈകിക്കണ്ട. പണ്ടാരം പിടിച്ച മാവ് പെരേമ്മെ വീണാ എന്താ കാട്ടാ എന്റെ ടീച്ചറെ“ എന്ന് തങ്കമ്മ ഉൽക്കണ്ഠപ്പെട്ടു.

‘ഒന്നൂല്യാ തങ്കം, നമ്മൾ വെറുതെ പേടിക്കാണ്, മാവ് വീഴൊന്നൂല്യാ.. എത്ര കാലായി അതീ മുറ്റത്തിങ്ങനെ നിൽക്കണു, ഒന്നും പറ്റ്ല്യാ’… എന്നൊക്കെ പറഞ്ഞുവെങ്കിലും അവർക്ക് പഴയതു മാതിരിയുള്ള ആത്മവിശ്വാസമുണ്ടായിരുന്നില്ല.

അരിയിലെ കല്ലു പെറുക്കുമ്പോഴും തൈരു കലക്കുമ്പോഴും തുണികൾ മടക്കി വെക്കുമ്പോഴുമെല്ലാം അവർ ഇടക്കിടെ പുറത്തേക്ക് വന്ന് മൂവ്വാണ്ടൻ മാവിനെ സൂക്ഷിച്ച് നോക്കാനാരംഭിച്ചു. ഓരോ തവണ നോക്കുമ്പോഴും പ്രശ്നമൊന്നുമില്ലെന്ന് പാവം സമാധാനിക്കുകയും ചെയ്തു. എങ്കിലും മനസ്സിൽ മൂവാണ്ടൻ മാവ് ഒരു അശാന്തിയായി കനക്കാൻ തുടങ്ങി.

ഉത്സവത്തിന്റെ നോട്ടീസു തരാൻ വന്നപ്പൊഴാണ് വക്കീൽ ഗുമസ്തൻ കരുണാകരമേനോന് മൂവാണ്ടൻ മാവിനെ വിസ്തരിച്ച് നോക്കാനിട കിട്ടിയത്. വായിലെ മുറുക്കാൻ രസം പിടിച്ച് ചവച്ചുകൊണ്ട് മേനോൻ മാവിനു ചുറ്റും രണ്ട് ചാൽ നടന്നു.

പിന്നെ വളരെ ഗൌരവത്തോടെ ടീച്ചറെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ തയാറായി.“മാവു വെട്ടണ്ടാന്ന് ടീച്ചറ് എന്താലോചിച്ച്ട്ടാ പറയണേ, അതീ വീടിന്റെ മോന്തായത്തിൽ ചാഞ്ഞോണ്ട് ഇങ്ങനെ നിൽക്കണത് തന്നെ വല്യ അപകടാ,.. കഷ്ടകാലത്തിന് വല്ല കള്ളന്മാരും അതിന്റെ കൊമ്പുമ്മേ തൂങ്ങി ഓടും പൊളിച്ച് രാത്രി അകത്തേക്ക് എറങ്ങിയാ വയസ്സ് കാലത്ത് ടീച്ചറ് എന്തെടുക്കാനാ ? പേടിച്ച് അപ്ലാ പൂവ്വും നല്ല ജീവൻ. അതേ മാതിരി തന്യാ പാമ്പുകളും, ഒറങ്ങുമ്പോ പാമ്പങ്ങട് നെഞ്ചിൽക്ക് വീണാ കഴിഞ്ഞില്ല്യേ എന്റെ ടീച്ചറെ, അതിപ്പോ തന്നെ അങ്ങട് വെട്ടിക്കളയ്യാ …പകല് തന്നെ ഈ പണ്ടാരം പിടിച്ച മാവു കാരണം വളപ്പിലാകെ ഒരു ഇരുളാ, രാത്രീല് പിന്നെ പറയാൻ ണ്ടാ കാര്യം.“

ടീച്ചർ തീരേ താണ ദുർബലമായ ശബ്ദത്തിൽ പ്രതിഷേധിക്കാൻ ശ്രമിച്ചു , “ഏയ് അങ്ങനെ ഒന്നൂണ്ടാവില്ല്യാ … .“

പക്ഷെ പുറത്തേക്കു കേട്ടത് തന്റെ തന്നെ ശബ്ദമാണോന്ന് പോലും ടീച്ചർക്ക് സംശയമുണ്ടായി. മേനോനാണെങ്കിൽ നിറുത്താതെ തുടരുക തന്നെയാണ്.

“ടീച്ചറ് കണ്ടോ?”, മാവിൻ തടിയിലൂടെ വഴിഞ്ഞൊഴുകിയ ഓറഞ്ച് നിറമുള്ള മാവിൻ പശ തന്റെ തടിച്ച വിരലുകൾക്കിടയിലിട്ടുരുട്ടിക്കൊണ്ട് അദ്ദേഹം ടീച്ചറുടെ ശ്രദ്ധ ക്ഷണിച്ചു.

‘അത് പശയല്ലേ മാവിന്റെ പശ?’ എന്ന ടീച്ചറുടെ നിസ്സാരമാക്കലിനെ മേനോൻ നിറഞ്ഞ ഗൌരവത്തോടെ പ്രതിരോധിച്ചു.

“പശ തന്നെയാ. എപ്ലാ ഇതിങ്ങനെ ചാടാന്ന് നിശ്ശണ്ടോ, മാവു വീഴാറാവുമ്പളാ, മാവിനു ഉഷ്ണോം പരോശോം ആയീന്നർഥം. ടീച്ചറ് ഇനി തടസ്സോന്നും പറയേണ്ട. ഞാനേയ് ആ അമ്പല നടക്കേ ചെന്ന് നമ്മടെ ശങ്കുരൂനെ പിടീന്ന് ഇങ്ങട് പറഞ്ഞു വിടാം. അവനാവുമ്പോ നല്ല മല്ലാ, നമ്മളെ ദ്രോഹിക്കാണ്ട് പണി അവസാനിപ്പിക്കും.“

“എനിക്ക് തീരെ മനസ്സു വരണില്യാ മേന്നേ…“ എന്ന് ടീച്ചർ ദയനീയമായി പുലമ്പിയപ്പോൾ കരുണാകര മേനോൻ ഏകാകിനിയായ ആ സ്ത്രീയെ അനുകമ്പയോടെ നോക്കി. മയമുള്ള ശബ്ദത്തിൽ അയാൾ പറഞ്ഞു, “തെരക്കൊന്നൂല്യാ, ടീച്ചറ് ആലോചിച്ച് വേണ്ട മാതിരി ചെയ്താ മതി.“

ടീച്ചർ ഉണരാനാവാത്ത ഒരു പേടിസ്വപ്നത്തിലെന്ന പോലെ, ഒരിക്കലുമവസാനിക്കാത്ത ഒരു നിലവിളിയിലെന്ന പോലെ പതറിത്തുടങ്ങിയിരുന്നു. വീട്ടു മുറ്റത്തെ ആ മാവ് ഉള്ളിൽ ഒരു രാക്ഷസനെപ്പോലെ വളരാനാരംഭിച്ചു. ഏതു നിമിഷവും കറാകറാ ശബ്ദത്തോടെ മാവ് പുരപ്പുറത്തേക്ക് വീണേക്കുമെന്ന ആധിയിൽ പകലുകളിൽ ടീച്ചർ വെന്തുരുകി. രാത്രികളിൽ ഇരുണ്ട് തണുത്ത സ്വന്തം മുറിയിൽ ഒരു കള്ളന്റെ കത്തി അവരുടെ വാർദ്ധക്യം ബാധിച്ച നാഡീഞരമ്പുകളെ നീലിപ്പിച്ച് പരവശമാക്കി. മുറിയുടെ മേൽത്തട്ടിൽ നിന്ന് ഫണമുയർത്തിച്ചീറ്റി തന്റെ ദുർബല ശരീരത്തിലേക്കൂർന്നു വീഴുന്ന പാമ്പുകളെ ഭയന്ന് ടീച്ചർ രാത്രി മുഴുവൻ എണീറ്റിരുന്ന് പുറം വേദനിപ്പിച്ചു. എനിക്ക് പേടിയാവുന്നുവെന്ന് പറഞ്ഞ് ചുമലിൽ ചാരാനോ നെഞ്ചിൽ മുഖമൊളിപ്പിച്ച് തേങ്ങിക്കരയുവാനോ അവർക്ക് ഒരു വഴിയുമില്ലായിരുന്നു. അപ്പോഴൊക്കെ കിട്ടുന്ന സമാധാനത്തെയും പിന്തുണയേയും കുറിച്ചൊന്നും ആ പാവത്തിനു അറിവുമുണ്ടായിരുന്നില്ല.

അങ്ങനെ ഭയം കൊണ്ട് തകർന്നു പോയപ്പോഴാണു ടീച്ചർ വേച്ച് വേച്ച് അമ്പല നടയിലേക്ക് നടന്നത്. നാട്ടു പാതയിലെ കൂർത്ത കല്ലുകൾ അവരുടെ ചെരിപ്പിടാൻ മറന്ന ശോഷിച്ച പാദങ്ങളെ കുത്തിനോവിച്ചു, മേടസ്സൂര്യൻ പഴക്കം ചെന്ന്, അവിടവിടെ മുടി കൊഴിഞ്ഞു പോയ ആ തലയോട്ടിയെ കുത്തിത്തുളക്കുകയും ചെയ്തു. കിതച്ചുകൊണ്ട് അമ്പലനടയിലെത്തിയ ടീച്ചർ അടഞ്ഞ ശബ്ദത്തിൽ ശങ്കുരുവിനെ അന്വേഷിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല. അടിയുറച്ച മാർക്സിസ്റ്റുകാരനായ അവൻ ഒരു മീറ്റിംഗിനു പോയിരിക്കുകയാണെന്നും തിരിച്ച് എത്തിയാലുടൻ വീട്ടിലേക്ക് പറഞ്ഞു വിടാമെന്നും വൈദ്യശാലയിലെ ഗോപാലൻ അവർക്കുറപ്പു കൊടുത്തു.

പകൽ സമയമത്രയും മാവിനെയുറ്റു നോക്കിക്കൊണ്ട് മുൻ വശത്തെ വരാന്തയിൽ, തളർന്ന കാൽ വെപ്പുകളോടെ ടീച്ചർ നടന്നു. തൊണ്ട വരളുവോളം അർജുനാ ഫൽഗുനാ ജപിച്ചു, കൂണു പോലെ മുളച്ച ഭയം അമ്പലത്തിലെ ആലോളം ഉയരത്തിൽ വളർന്നപ്പോൾ അകത്തു പോയി കിടന്നു.

അങ്ങനെയാണ് പിറ്റേന്ന് രാവിലെ മാവു വെട്ടാൻ വന്ന ശങ്കുരുവിന്, ഭയം കൊണ്ട് കണ്ണ് തുറിച്ച് മരിച്ച് കിടക്കുന്ന ടീച്ചറുടെ ശവദാഹത്തിനായി ആ മരം മുറിക്കേണ്ടി വന്നത്.

മൂവാണ്ടൻ മാവ് വെട്ടിമാറ്റിയപ്പോൾ തിളയ്ക്കുന്ന വെയിൽ അവരുടെ കൊച്ച് വീട്ടിനെ തപിപ്പിച്ചു. പാതയോരത്ത് പൂക്കാതെയും കായ്ക്കാതെയും വളർന്ന് നിൽക്കുന്ന കുറ്റിച്ചെടിയെപ്പോലെ വെയിലത്ത് തിളയ്ക്കുന്ന ഏകാന്തമായ ഒരു വീട്,

ടീച്ചർ വിട്ടിട്ട് പോയ വീട്.

10 Comments, Post your comment:

ഉപാസന || Upasana said...

നല്ല കഥയാണ്. ഇഷ്ടപ്പെട്ടു.
ക്ലൈമാക്സ് കുറച്ചു വ്യത്യസ്തമാക്കാമായിരുന്നെന്നു തോന്നി
:-)
ഉപാസന

Boban said...

good story
Aashamsakal...

Unknown said...

നന്നായിരിക്കുന്നു ഈ കഥ. ഒറ്റപ്പെടലിന്റെ വേദന, നിസ്സഹായാവസ്ഥ വളരെ ഭംഗിയായി അവതരിപ്പിച്ചു.

mini//മിനി said...

മനുഷ്യന് പ്രകൃതിയുമായുള്ള ബന്ധം വിളിച്ച് പറയുന്ന നല്ല കഥ; ഒറ്റപ്പെടലിന്റെ ദുഖവും.

അഭി said...

നന്നായിരിക്കുന്നു കഥ
നല്ല ഫീല്‍ ഉണ്ട്

Typist | എഴുത്തുകാരി said...

ഇഷ്ടായി ഈ കഥ.

Vipin vasudev said...

കഥ ഇഷ്ടായി ട്ടോ .
www.venalmazha.com

Echmukutty said...

ഈ കഥ വായിച്ച് പ്രോത്സാഹിപ്പിച്ച എന്റെ കൂട്ടുകാർക്കെല്ലാം നന്ദി പറയുന്നു.
ഇനിയും വായിയ്ക്കുമല്ലോ.

വീകെ said...

പഴമയെ സ്നേഹിക്കുന്നവർക്ക് ഒരു നാൾ അതില്ലാതാവുമ്പോഴുള്ള അവസ്ഥ വളരെ സങ്കടകരമായിരിക്കും. പ്രത്യേകിച്ച് പ്രകൃതിയെ ഒരുപാട് താലോലിച്ചിരുന്ന പഴയ തലമുറയിൽ‌പ്പെട്ടവർക്ക്...
നന്നായിരിക്കുന്നു കഥ.
പഴയതാണെങ്കിലും ഇന്നാ ഞാനിതു കണ്ടത്. ആശംസകൾ...

നളിനകുമാരി said...

എനിക്ക് പേടിയാവുന്നുവെന്ന് പറഞ്ഞ് ചുമലിൽ ചാരാനോ നെഞ്ചിൽ മുഖമൊളിപ്പിച്ച് തേങ്ങിക്കരയുവാനോ അവർക്ക് ഒരു വഴിയുമില്ലായിരുന്നു.
നിരാശ്രയയായ പാവം ടീച്ചര്‍.