സമയം ഒത്തിരി വൈകി. രാവിലെ തന്നെ എഴുന്നേൽക്കുന്നത് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. പക്ഷെ, എന്തു ചെയ്യാം അരുന്ധതി ജോലിക്ക് പോയില്ലെങ്കിൽ വീട്ടിലെ കാര്യങ്ങൾ ഒന്നും നേരെ ചൊവ്വെ മുന്നോട്ട് പോകില്ല. അതൊക്കെ പറയാനാണെങ്കിൽ ഒത്തിരി ഉണ്ട്.. ഇപ്പോൾ അതൊക്കെ ചിന്തിച്ചു നിന്നാൽ ബസ്സ് അതിന്റെ പാട്ടിനു പോകും.. വെളുപ്പിനു നാലുമണിക്ക് ഉറക്കം ഉണർന്നതാ..ഇപ്പോളും പണികൾ ഒതുങ്ങിയില്ല... ശരിക്കു പറഞ്ഞാൽ മടുത്തു തുടങ്ങി.. ഈ നശിച്ച ജീവിതം എന്നാ ഒന്ന് പച്ച പിടിക്കുക...
"മോളേ.. ആമീ... " അകത്ത് നിന്നും ഭർത്താവിന്റെ സ്നേഹപൂർവ്വമായ വിളി.. എന്തുൾവിളിയാണാവോ ഇപ്പോൾ കിട്ടിയത്. .അല്ലെങ്കിൽ ഈ നേരത്തൊന്നും ഉണരാത്തതാണല്ലോ.. സാധാരണ അരുന്ധതി ഓഫീസിൽ ചെന്ന് അവിടെനിന്നും ഫോൺ ചെയ്താലേ രഘുനാഥൻ ഉണരൂ.. ഓരോ ശീലങ്ങൾ.. എന്തിനാ അദ്ദേഹത്തെ കുറ്റം പറയുന്നേ.. എല്ലാം എന്റെ തലയിലെഴുത്തല്ലേ.. അല്ലെങ്കിൽ സ്നേഹിച്ച ചെറുക്കനോടൊപ്പം ജീവിക്കാൻ വീട്ടുകാർ സമ്മതിക്കാത്തതിൽ പ്രതിഷേധിച്ച് താൻ തന്നെയല്ലേ ഇയാളെ വിവാഹം കഴിക്കാൻ നിർബന്ധം പിടിച്ചേ.. ഹോ, ഈ സമയമില്ലാത്ത നേരത്ത് മനസ്സിൽ വരാൻ കണ്ട കാര്യങ്ങൾ... നാശം.. "എന്താ എന്നെ വിളിച്ചേ? നേരം പോയീട്ടോ.." അരുന്ധതി മുടി കോതിക്കൊണ്ട് തന്നെ ബെഡ് റൂമിലേക്ക് ചെന്നു...
"മോളെ, ചായ വേണമായിരുന്നു.. " സത്യം പറഞ്ഞാൽ പെരുവിരലിൽ മുതൽ വിറഞ്ഞു കയറിയതാ.. ക്ഷമിച്ചു.. "ചായ അല്ലേ ഈ ഇരിക്കുന്നേ.. ദേ ഞാൻ ഇറങ്ങുകാ. ഇന്നേ ഓഫീസിൽ ഓഡിറ്റിംഗ് ഉള്ളതാ...ഇനി അവിടെ ചെന്ന് വിളിക്കുകൊന്നുമില്ലാട്ടോ..."
ചോറ്റുപാത്രവും ബാഗിൽ തിരുകി, ഒരു ദോശയെടുത്ത് നിന്ന നിൽപ്പിൽ വിഴുങ്ങി, കുറച്ച് വെള്ളവും കുടിച്ച് ബസ്സ് സ്റ്റോപ്പിലേക്ക് ഓടി.. ഈ ഓട്ടം ഒരിക്കലും അവസാനിക്കില്ലെന്നാ തോന്നുന്നേ... ഓഫീസിലാണേൽ ഇന്ന് പിടിപ്പത് പണിയുണ്ട്... ഇന്നലെ വൈകുന്നേരം ഓവർ ടൈം നിന്ന് കുറെ ഫയലുകൾ തീർക്കാൻ പറഞ്ഞപ്പോൾ രാവിലെ വന്ന് തീർത്തോളാം എന്ന് പറഞ്ഞത് സാറിനു ഇഷ്ടമായിട്ടില്ല.. ഇന്ന് എന്തെങ്കിലും കുഴപ്പം ആഡിറ്റർമാർ കണ്ടുപിടിച്ചാൽ ആ മാർവ്വാഡി എന്നെ ചിത്ത പറഞ്ഞ് കുളിപ്പിക്കും.. എന്തു പറയാനാ.. നമ്മുടെ പങ്കപാടുവല്ലതും അങ്ങോർക്കറിയണോ?
ഒരു വിധത്തിൽ ഓടിയും നടന്നും ബസ്സ് സ്റ്റോപ്പിലെത്തിയപ്പോൾ സഹയാത്രികരെല്ലാം എത്തിയിട്ടുണ്ട്.. എന്റെ ധൃതിയിലുള്ള വരവുകണ്ടാവണം സാമിന്റെ മുഖത്ത് ചിരിവരുന്നുണ്ട്.. ഇവനൊക്കെ വെറുതെ ചിരിച്ചാൽ മതി.. രാവിലെ ഭാര്യ ഉണ്ടാക്കി കൊടുത്തതും വിഴുങ്ങി, കുളിച്ച് കുറിയും ചാർത്തി ചമഞ്ഞ് വന്ന് നിന്നാൽ പോരേ.. ദ്വേഷ്യം വന്നു. ഈയിടെയായി അരുന്ധതിക്ക് പെട്ടന്ന് ദ്വേഷ്യം വരുന്നുണ്ട്. ഉള്ളിൽ വന്ന അരിശം പുറത്ത് കാട്ടാതിരിക്കാൻ അവൾ കുറെ പണിപ്പെട്ടു. മുഖത്ത് സ്വേദകണങ്ങളോടൊപ്പം ഒരു പുഞ്ചിരി വരുത്താൻ വൃഥാ ഒരു ശ്രമം നടത്തി.
"ടെൻഷൻ അടിക്കേണ്ട.. നമ്മുടെ സർക്കാർ ബസ്സല്ലേ. അതു വരാൻ ഇനിയും സമയമെടുക്കും" സാം ഒന്ന് കളിയാക്കി..
വെറുതെ ചിരിച്ചു. അല്ലാതെ ഇവനോടൊക്കെ എന്തു പറയാൻ.. തന്റെ പ്രശ്നങ്ങൾ ഇവനോടൊക്കെ പറഞ്ഞ് വെറുതെ എന്തിനാ സ്വയം പല്ലിട കുത്തി നാറ്റിക്കുന്നേ.. ഭാഗ്യത്തിനു രമചേച്ചി സ്റ്റോപ്പിലുണ്ട്.. അല്ലെങ്കിൽ ഇവന്റെ പുളിച്ച തമാശകളും വെടക്ക് നൊട്ടവും സഹിക്കേണ്ടി വന്നേനേ.. രമച്ചേച്ചിയുള്ളപ്പോൾ എന്തോ ഒരു സുരക്ഷിതത്വബോധമുണ്ട്.. അത് തനിക്കു മാത്രമല്ലല്ലോ.? ആ ബി.എഡിനു പഠിക്കുന്ന രശ്മിയും ഒരിക്കൽ പറഞ്ഞതോർക്കുന്നു.. എന്തോ, രണ്ട് ദിവസമായി ആ കുട്ടിയെ കണ്ടിട്ട്.. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂഡ് ഔട്ട് ആയി തോന്നിയെന്ന് രമച്ചേച്ചിയും പറഞ്ഞിരുന്നു..
"അരുന്ധതിക്ക് ഓട്ടം ഒഴിഞ്ഞ ദിവസമില്ല അല്ലേ?" രമച്ചേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു. ഒരു വളിച്ച ചിരി സമ്മാനിച്ചു. ചേച്ചിയോട് പ്രത്യേകിച്ച് മറുപടിയുടെ ആവശ്യമില്ലാത്തതിനാൽ വേറെ ഒന്നും പറഞ്ഞില്ല... പക്ഷെ, ചേച്ചിയുടെ ചോദ്യത്തിൽ തനിക്ക് ഒട്ടും ദ്വേഷ്യം തോന്നിയില്ലാല്ലോ? ആ ചോദ്യത്തിൽ ഒരു വാൽസല്യമുണ്ടായിരുന്നോ? ഒരു ചേച്ചിയുടെ, അല്ലെങ്കിൽ അമ്മയുടെ സ്ഥാനം!!!.. ഓ, ഇപ്പോളാ ഓർത്തേ, ഈ മാസം അമ്മാവുക്ക് മരുന്ന് വാങ്ങിയില്ല... പാവം, ഇപ്പോൾ മരുന്ന് തീർന്നിട്ട് ഒരാഴ്ചയായി കാണും.. എന്നാൽ ഒന്നോർമ്മിപ്പിച്ചൂകൂടെ.. ! ഞാൻ അന്യയൊന്നുമല്ലല്ലോ... ഇല്ല, വാങ്ങി കൊടുക്കരുത്.. മനസ്സ് പറഞ്ഞു. പെട്ടന്ന് തന്നെ തിരുത്തി.. ഒരു പക്ഷെ, എന്റെ കഷ്ടപാടുകൾക്കിടയിൽ ഇതുകൂടെ പറഞ്ഞ് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാവണം.. ഒരു പാവമാ അത്.. പ്രായമായിട്ടും എന്നെ ഓർത്തുള്ള ആധി തീർന്നിട്ടില്ല... എന്നോട് ഒന്നും പറയില്ല.. പറഞ്ഞാൽ ഞാൻ എല്ലാം അമ്മവുടേയും അപ്പാവുടെയും തലയിൽ കെട്ടിവക്കും.. അറിയാം ഇതൊക്കെ സ്വയം വരുത്തിവച്ചതാണെന്ന്.. എന്നാലും സമ്മതിച്ച് കൊടുക്കാൻ തോന്നാറില്ല ...
ഓരോന്നോർത്ത് നിന്നപ്പോൾ ബസ്സ് വന്നത് കണ്ടില്ല.. രമചേച്ചി തട്ടിവിളിച്ചില്ലായിരുന്നേൽ ഒരു പക്ഷെ, ഇന്ന് ചീത്തവിളി കേട്ട് കാത് പൊട്ടിയേനേ... വീണ്ടും രമച്ചേച്ചിയെ നന്ദിയോടെ നോക്കി.. സർക്കാർ ബസ്സായതിനാൽ ഉള്ള ഒരു ഡോറിൽ കൂടി ഇടിച്ചുകയറാനുള്ള എല്ലാവരുടെയും ശ്രമമാ.. പതുക്കെ ഒഴിഞ്ഞു നിന്നു.. തിരക്ക് ചിലർക്കൊരു ഹരമാ.. തിരക്കുണ്ടാക്കി, അതിനിടയിൽ കരകൌശലവേലചെയ്യുന്നവരാ കൂടുതലും.. ഇവർക്കൊക്കെയാ സർക്കാർ പാരമ്പര്യതൊഴിൽ ചെയ്യുന്നവർക്കുള്ള പെൻഷൻ അനുവദിച്ച് വീട്ടിലിരുത്തേണ്ടത്.. ഒന്നുമില്ലേലും മറ്റുള്ളവർക്ക് മന:സ്സമാധാനത്തോടെ യാത്ര ചെയ്യാല്ലോ? ഒടുവിൽ ബസ്സിൽ കയറുക എന്ന കടമ്പയും കടന്നു.. ഏന്തീ വലിഞ്ഞ് നോക്കുമ്പോൾ രമചേച്ചി കണ്ണുകാട്ടി വിളിച്ചു. അങ്ങിനെ സീറ്റും കിട്ടി. ഇരുന്ന പാടെ കണ്ണടച്ചു. അത് രമചേച്ചിക്കറിയാവുന്നതാ.. തന്റെ ജീവിതത്തിലെ ഉറക്കത്തിന്റെ മുക്കാൽ ഭാഗവും ബസ്സിലാണെന്ന്.. ചേച്ചി പുഞ്ചിരിച്ചു കൊണ്ട് പുറം കാഴ്ചകളിലേക്ക് തിരിഞ്ഞു..
സാധാരണ ബസ്സിലെ സീറ്റു കണ്ടാൽ തന്നെ ഉറക്കം പിടിക്കുന്നതാ.. ഇന്നതിനും കഴിഞ്ഞില്ല.. ഒരു മാന്യദേഹം അവന്റെ ദേഹം കൊണ്ടുള്ള ചില പ്രയോഗങ്ങൾ തുടങ്ങിയപ്പോൾ ഉറക്കം പമ്പകടന്നു.. ഇവനോക്കെ പടകാളിയെപ്പോലുള്ളവർ തന്നെ വേണം..അതു പറഞ്ഞപ്പോളാ .. തിരിഞ്ഞു നോക്കി.. പടകാളിയെ കണ്ടില്ല.. കയറേണ്ട സ്റ്റോപ് കഴിഞ്ഞു.. ഒരു പക്ഷെ, ചമ്മലാവും.. ഇന്നലത്തെ സംഭവം ഒാർത്ത് ചെറുതായി ചിരിവന്നു. പക്ഷെ പടകാളിക്ക് വലിയ ചമ്മൽ ഒന്നും കാണില്ല.. ആളു നല്ല ബോൾഡാ.. പടകാളിയെ കുറിച്ചോർത്തപ്പോൾ ഒരു നിമിഷം കോളേജിലേക്ക് മനസ്സ് പാഞ്ഞു.. കോളേജ് എത്തിയാൽ മനസ്സിന്റെ കടിഞ്ഞാൺ വിടും.. നാശം.. വീണ്ടും ഓഫീസിലെ ഫയലുകളുടെ കാര്യങ്ങൾ ഒാർക്കാൻ ശ്രമിച്ചു. പക്ഷെ, കഴിയുന്നില്ല.. വീണ്ടും കണ്ണടച്ചു. ഞാൻ ഒന്നു കണ്ണടക്കാൻ കാത്തു നിൽക്കുന്ന പോലെയാ അയാളുടെ അഭ്യാസങ്ങൾ തുടങ്ങാൻ.. തറപ്പിച്ച് നോക്കി.. അടുത്ത സീറ്റിലിരുന്ന സാമിന്റെ വെടക്ക് ചിരികൂടിയായപ്പോൾ പൂർത്തിയായി..
ബസ്സ് ഏന്തി വലിഞ്ഞ് ഊർദ്ദൻ വലിച്ചാ പോകുന്നേ.. സർക്കാരിന്റെയായതു കാരണം ഡ്രൈവർക്കും വലിയ ധൃതിയൊന്നും ഇല്ല.. മുതലാളിയുടെ വക തെറി കേൾക്കുകയൊന്നും വേണ്ടല്ലോ? മനസ്സ് വീണ്ടും അതിന്റെ വഴിവിട്ട യാത്ര തുടങ്ങി. ഒരു വെളുത്ത ഫ്രോക്ക്കാരി നോക്കി ചിരിച്ചു. നല്ല മനോഹരമായ പല്ലുകൾ. അരുന്ധതിക്ക് ഫ്രോക്ക് വലിയ ഇഷ്ടമായിരുന്നു. ഒരിക്കലും ഇടാൻ കഴിയാത്ത ഒരു വസ്ത്രത്തോടുള്ള ഇഷ്ടം. ചെറുപ്പത്തിൽ പട്ടുപാവാടയും ബ്ലസുമായിരുന്നല്ലോ തന്റെ വേഷം. പാട്ടിയെ പേടിച്ചാ, അല്ലെങ്കിൽ അപ്പാവുക്കും ഇഷ്ടമായിരുന്നു തന്നെ പുതിയ രീതിയിലുള്ള വസ്ത്രങ്ങളൊക്കെ ധരിപ്പിക്കാൻ. പാവം അപ്പാവ്!!
അപ്പയുടെയും, അമ്മാവുടെയും പാട്ടിയുടെയുമെല്ലാം ഒാമനയായി വളർന്ന കുട്ടിക്കാലം... ഒന്നിന്റെയും കുറവ് അപ്പാവു തന്നെ അറിയിച്ചിരുന്നില്ല... ചോദിക്കുന്നതെല്ലാം തനിക്ക് വാങ്ങിത്തരുവാൻ എന്നും തിടുക്കം കാട്ടിയ അപ്പാവു... കൃഷ്ണവേണിയെന്ന വീട്ടിലെ ചെല്ലപ്പേരു പോലും അപ്പാവു വിളിക്കുമ്പോൾ ഒരു സുഖമായിരുന്നു.. അപ്പാവിനും തന്നെ അങ്ങിനെ വിളിക്കാനായിരുന്നു കൂടുതൽ ഇഷ്ടം.. രാഗേന്ദു എന്ന പേരിനോടുള്ള തന്റെ അമർഷം താൻ അറിയിച്ചപ്പോൾ പുഞ്ചിരിച്ച അപ്പാവുവിന്റെ മുഖം.. ഓ, അതിനെക്കുറിച്ച് പറഞ്ഞാൽ ഒത്തിരി ഉണ്ട്. രാഗേന്ദു എന്ന തന്റെ ആദ്യ പേർ...! അരുന്ധതിയെന്ന പേരിലേക്കുള്ള കൂടുമാറ്റം!! അതിലേക്കുള്ള പരിവർത്തനത്തിന്റെ കഥകൾ!!!
സ്കൂളിലും കോളേജിലും എല്ലാവരും തന്നെക്കാണുമ്പോൾ മൂളിപ്പാട്ട് പാടിയിരുന്നത് ഓർത്തുപോയി..
"രാഗേന്ദു കിരണങ്ങൾ ഒളിവീശിയില്ല...
രജനീ കതംബങ്ങൾ മിഴിചിമ്മിയില്ല..
മദനോൽസവങ്ങൾക്ക് നിറമാല ചാർത്തി..
മനവും തനുവും മരുഭൂമിയായി...
നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകൾ..."
അവസാന വരിക്ക് ആൺപിള്ളേർ ഒരു ഊന്നൽ കൊടുക്കുമ്പോൾ അപ്പാവെ കൊല്ലാനുള്ള ദേഷ്യം വരും.. വീട്ടീൽ ചെന്ന് അപ്പാവോട് മിണ്ടാതിരിക്കും. അപ്പാവുടെ ചിരികൂടിയായാൽ പൂർത്തിയായി. പിന്നെ, പേരു മാറ്റിതന്നില്ലെങ്കിൽ കെട്ടിത്തൂങ്ങി ചാവും എന്ന ഭീക്ഷിണീ.. പട്ടിണി സമരം.. എത്ര നേരം!! തനിക്ക് സഹിക്കാൻ കഴിയാത്ത ഒരേ ഒരു കാര്യം വിശപ്പാണെന്ന് അപ്പാവുക്കും അറിയാം. ഞാൻ പട്ടിണി സമരം തുടങ്ങിയാൽ അരിയിടിച്ചുണ്ടാക്കിയ ഉണ്ടയുമായി അപ്പാവ് എന്റെ മുന്നിൽ വന്നിരുന്നു തിന്നും.. എന്നിട്ട് അപ്പാവ് അരിയുണ്ടയുടെ രസം ആസ്വദിക്കുന്നത് കാണുമ്പോൾ തന്നെ പട്ടിണി സമരം അവസാനിക്കും. പിന്നെ, വീട്ടിലുള്ള മൊത്തം അരിയുണ്ടയും തിന്നിട്ടേ താൻ അടങ്ങുമായിരുന്നുള്ളൂ. ആ പഴയ കുട്ടിയാ ഇപ്പോൾ നിന്ന് കൊണ്ട് എന്തെങ്കിലും കഴിച്ചെന്ന് വരുത്തി ഓടുന്നത്. എല്ലാം കാലത്തിന്റെ വികൃതി!! അല്ലെങ്കിൽ ഒരു കാലത്ത് താൻ വെറുത്തിരുന്ന പേരിനെ പിന്നീട് താൻ ഒത്തിരി സ്നേഹിക്കുമോ? ആ പേരു വിവാഹത്തിനു മുൻപ് മാറ്റണമെന്ന് രഘുവേട്ടൻ ആവശ്യപ്പെട്ടപ്പോൾ... ഗത്യന്തരമില്ലാതെ, പൊട്ടിക്കരഞ്ഞുപോയത്....
"അതേയ്, ഉറങ്ങിയത് മതി. ഇനി നാളെയുറങ്ങാം.." സാമിന്റെ മുന്നിൽ വീണ്ടും വളിച്ച ചിരി വരുത്തിണ്ടി വന്നു. ബസ്സിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടന്ന് ഓഫീസിലേക്ക് കയറിയപ്പോൾ തന്നെ വേഗം എം.ഡി.യെ കാണാനുള്ള അറിയിപ്പുമായി സുധാകരേട്ടൻ നിൽപ്പുണ്ടായിരുന്നു. രൂക്ഷമായി ഒന്ന് നോക്കി. ആ പാവം ചിരിയോടെ വഴിമാറി തന്നു. തന്നെ നന്നായറിയാവുന്നത് കൊണ്ട് കുഴപ്പമില്ല. രജിസ്റ്ററിൽ മുദ്ര ചാർത്തി, പഞ്ചിംഗ് മേഷീനീൽ കാർഡും സ്വാപ് ചെയ്ത് തിരിഞ്ഞുനോക്കിയത് മാർവ്വാഡിയുടെ ചപ്പിയ മാങ്ങാണ്ടി കണക്കുള്ള മോന്തായത്തിലേക്കാ.. നശിച്ചു.. ഇന്നത്തെ ദിവസം പോക്കാ.. മനസ്സിൽ പ്രാകി. തന്നെ എം.ഡി നേരിൽ വിളിച്ചത് കൊണ്ടാവണം അങ്ങോരുടെ മുഖം ഇഞ്ചി കടിച്ച കുരങ്ങന്റെ കൂട്ടിരിക്കുന്നേ.. അല്ലെങ്കിലേ ഇയാൾക്ക് തന്നെ കണ്ടുകൂടാ.. ഇപ്പോൾ ഇതു കൂടിയാകുമ്പോൾ.. എന്തിനാണാവോ ഇനി എം.ഡി. അന്വേഷിക്കുന്നേ?
എം.ഡിയുടെ മുറിയുടെ വാതിലിൽ തട്ടി അനുവാദം ചോദിച്ച് അകത്ത് കടന്നു. അങ്ങോർ ആരോടൊ സംസാരിക്കുകയാ? ഒരു ഫയൽ തന്റെ നേരെ നീട്ടിയിട്ട് "അസിസ്റ്റ് ഹിം" എന്ന് മാത്രം പറഞ്ഞു. ഇതു പറയാനാണോ ഇയാൾ നേരിൽ കാണണമെന്ന് പറഞ്ഞത്. പിന്നെ, അയോളോട് ദേഷ്യം തോന്നിയില്ല. കാരണം പെണ്ണിനെ കാണൂമ്പോൾ ഒലിപ്പിക്കുന്ന സ്വഭാവം ഒന്നുമില്ലാത്ത ഒരു മനുഷ്യനാ.. അതിന്റെ ഒരു ബഹുമാനം എന്നും അങ്ങേർക്ക് കൊടുത്തിട്ടുമുണ്ട്. പക്ഷെ, ഇതിപ്പോൾ മാർവ്വാഡിയുടെ നോട്ടപ്പുള്ളിയായത് മെച്ചം. "യെസ് സർ" എന്ന് പറഞ്ഞ് എതിരെ ഇരിക്കുന്ന മനുഷ്യന്റെ നേരെ തിരിഞ്ഞപ്പോൾ അസ്ത്രപ്രജ്ഞയായിപ്പോയി. ഇന്നത്തെ ദിവസം ആരെയാണാവോ കണികണ്ടത്. എന്നെ തന്നെയാവും!! അതെങ്ങിനെയാ, രാത്രിയിൽ എപ്പോൾ എഴുന്നേറ്റാലും ചരിഞ്ഞുകിടന്നുറങ്ങുന്ന എന്നെ കാണണമെന്ന നിർബന്ധത്തോടെ ഒരു വലിയ കണ്ണാടിയല്ലേ കട്ടിലിനോട് ചേർത്ത് സ്ഥാപിച്ചിരിക്കുന്നേ.. ഒരോ വട്ട്!!! സ്നേഹമുള്ളയാളാ.. അത് സമ്മതിക്കാതെ വയ്യ!! പക്ഷെ, താനോ? ശരിക്ക് സ്നേഹിച്ചിട്ടുണ്ടോ ആ മനുഷ്യനെ?.... നാശം, പിടിച്ചാൽ കിട്ടാത്ത ഈ മനസ്സിനെ കൊണ്ട് തോറ്റു.
"എവിടെയോ കണ്ട് മറന്ന മുഖം. യെസ്!! രാഗേന്ദു.. രാഗേന്ദുവല്ലേ?" - അയാളുടെ ചോദ്യത്തിൽ ഒരു നിമിഷം ഞെട്ടി. അയാളോ? ഒരു കാലത്ത് ഇവൻ തനിക്കാരായിരുനു. ഇവനുമൊത്തല്ലാതെ ജീവിക്കില്ല എന്ന് വാശിപിടിച്ചത്... പാട്ടിയുടെ വീടുവിട്ട് പോകുമെന്നുള്ള ഭീഷിണി...അമ്മാവിന്റെ ഏങ്ങലടികൾ..അപ്പാവിന്റെ ദയനീയമായ മുഖം!!! ഒരു മുസൽമാനെ അംഗീകരിക്കാൻ സമുദായത്തിന്റെയും പഴയ തലമുറയുടെയും ദ്രവിച്ച മനസ്സിനു കഴിയാതായപ്പോൾ പകരം, സമുദായത്തിൽ തന്നെയുള്ള തനിക്ക് ചേരാത്തതെന്ന് മനസ്സിൽ തോന്നിയ ബന്ധത്തിനായുള്ള പിടിവാശി!! ഒടുവിൽ എല്ലാവരുടേയും കണ്ണീർ കണ്ട് ക്രൂരമായി സന്തോഷിച്ചത്... ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന രഘുവേട്ടനെ താൻ സ്വീകരിച്ചത്!!! മറ്റുള്ളവർ മുഴുവൻ തന്റെ ത്യാഗത്തെ വാഴ്ത്തിയപ്പോളും അപ്പാവെയും അമ്മാവെയും നോക്കി ക്രൂരമായി മന്ദഹസിച്ചത്!!! പാട്ടിയുടെ കണ്ണീരിൽ സന്തോഷം കണ്ടെത്തിയത്...എല്ലാം ..എല്ലാം.. എന്നിട്ട്, ഇന്നും മനസ്സിൽ ആരാധിക്കുന്ന ആ രൂപം മുന്നിൽ വന്നപ്പോൾ , എന്താ സംഭവിച്ചേ? എന്താ അവൻ തന്നോട് ചോദിച്ചേ? എവിടെയോ കണ്ട് മറന്ന മുഖമെന്നോ!!! "ഈ മുഖത്തേക്ക് എത്ര നേരം നോക്കിയിരുന്നാലും എന്റെ കൊതി തീരുന്നില്ലല്ലോ" എന്നല്ലേ പണ്ട് അവൻ പറഞ്ഞിരുന്നേ? എന്നിട്ട് ഇപ്പോൾ...
"നോ.. യു ആർ മിസ്റ്റേകൺ.. ഓ, സോറി.. ഇറ്റ്സ് മൈ മിസ്റ്റേക്. ഐ അം നോട്ട് ഇൻട്രൊഡൂസ് ഹെ ർ ടൂ യു. മീറ്റ് മിസ്സിസ് അരുന്ധതി. അരുന്ധതി രഘുനാഥ്. ഷീ ഈസ് ഹാൻഡിലിംഗ് ദീസ് വർക്ക്സ് ഇൻ ഔർ പ്രെമിസെസ്". എം.ഡിയുടെ മറുപടി ആണു അരുന്ധതിയെ തിരികെ കൊണ്ടുവന്നത്. "അരുന്ധതി, മീറ്റ് ഔർ വെരി ഇംപോർട്ടന്റ് ഗസ്റ്റ് മിസ്റ്റർ ഗസൽ മുഹമ്മദ്" എം.ഡിക്കറിയില്ലല്ലോ തന്റെ പൂർവ്വ കഥ. തന്റെ പഴയ പേരിനെക്കുറിച്ച് ഓഫീസിൽ ആകെ അറിയാവുന്നത് എച്ച്.ആർ. മാനേജർ സക്സേനക്ക് മാത്രമാണ്. അയാൾ ഒരു പ്രത്യേക ടൈപ്പ് ആയതുകൊണ്ടും ആരുമായും വലിയ അറ്റാച്ച്‌മന്റ് ഇല്ലാത്തതുകൊണ്ടും വേറെ ആർക്കും ആ ഒരു പഴയ പേരിനെക്കുറിച്ചറിയില്ല...
"ഹെല്ലോ" - മുഖത്ത് ഒരു പുഞ്ചിരി വരുത്താനുള്ള ശ്രമം പാഴായെന്നു തോന്നുന്നു. ഓഫീസിൽ എം.ഡിയുടെ വാക്കുകൾ പ്രതിധ്വനിച്ചു. "അരുന്ധതി, മീറ്റ് ഔർ വെരി ഇംപോർട്ടന്റ് ഗസ്റ്റ് മിസ്റ്റർ ഗസൽ മുഹമ്മദ്" അതെ, തന്റെ പഴയ ഗദ്ദൂ...
"ഹായ്. നൈസ് ടു മീറ്റ് യു. സോറി, ആം ടോടലി കൺഫൂസ്ഡ്. വൺ ഓഫ് മൈ ഓൾഡ് കോളേജ് മേറ്റ് ലുക്സ് ലൈക് യു. ദാറ്റ്സ് വൈ ഐ കാൾ യൂ ദ നെയിം രാഗേന്ദു."
"ഓഹ്. ദാറ്റ്സ് ഗ്രേറ്റ്.!!" - എം.ഡി.
പിന്നീട് അവർ തമ്മിൽ പറഞ്ഞത് തന്റെ പഴയകാലത്തെ കുറിച്ചാണെങ്കിലും ഒന്നും മനസ്സിൽ കേറിയില്ല.. എന്തോ ഒരു പകപ്പായിരുന്നില്ലേ മനസ്സിൽ... സംഭവിക്കാൻ പാടില്ലാത്തതെന്തോ സംഭവിച്ചെന്ന ഒരു തോന്നൽ!!! എം.ഡിയുടെ പൊട്ടിച്ചിരി കേട്ടാണ് മനസ്സ് വീണ്ടും തിരികെ വന്നത്. എന്താ സംഭവിച്ചത്. അദ്ദേഹം ഒരിക്കലും ഇതു പോലെ ചിരിച്ച് കണ്ടിട്ടില്ല.. അല്ലെങ്കിലും വാചകമടിച്ച് ഒരാളെ വീഴ്ത്താൻ ഗദ്ദുവിനെ കഴിഞ്ഞല്ലേ ഉള്ളൂ.. ഒരു പരിധിവരെ താനും അങ്ങിനെയല്ലേ ഇവനിലേക്ക് അടുത്തത്.
ഭാഷ ഇത്ര അനായാസേന കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ പലപ്പോഴും കൊതിച്ചിട്ടുണ്ട്. അതു പറഞ്ഞുതന്നെ എത്ര വട്ടം തമ്മിൽ ഉടക്കിയിരിക്കുന്നു. കോളേജിലെ ഏറ്റവും നല്ല പ്രാസംഗികൻ, കവി, നാടകനടൻ.. വിശേഷണങ്ങൾ പലതായിരുന്നു ഗദ്ദുവിനു.. അതോടൊപ്പം തന്നെ എല്ലാ തല്ലിപ്പൊളിക്കും മുന്നിൽ ഉണ്ടാവുമായിരുന്നു. അങ്ങിനെതന്നെയാണു ആദ്യം പരിചയപ്പെട്ടതും... പരിചയം പിന്നെ....
ഒരു തരം മരവിപ്പോടെയാണു അന്നത്തെ ഓഡിറ്റിംഗ് ജോലികൾക്ക് അസിസ്റ്റ് ചെയ്തത്. ഒന്നു രണ്ട് വട്ടം മാർവ്വാഡി രൂക്ഷമായി നോക്കിയതും ഓർമയുണ്ട്. ഒന്നും തലയിൽ കയറിയില്ല. തനിക്ക് പ്രിയപ്പെട്ട കണക്കുകൾ പോലും പലപ്പോഴും കൈവിട്ട് പോയപ്പോൾ പകച്ചു. അല്ലെങ്കിലും തന്റെ കണക്ക് കൂട്ടലുകൾ മിക്കതും തെറ്റിയല്ലോ! എന്തൊക്കെയോ കാട്ടിക്കൂട്ടി ഓഡിറ്റിംഗ് തീർത്തു എന്ന് പറയാം. ലഞ്ച് സെർവ്വ് ചെയ്യുമ്പോൾ വീണ്ടും അവൻ പഴയ കോളേജ് ജീവിതം എടുത്തിട്ടപ്പോൾ അലോസരം തോന്നി. പക്ഷെ എം.ഡിയും മറ്റുമിരിക്കുമ്പോൾ ഇറങ്ങിപോകാൻ പറ്റില്ലല്ലോ? മാത്രമല്ല, തന്നെയാണ് അവനെ അസിസ്റ്റ് ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നതും. എന്തുകൊണ്ടോ ഇത്തരം ചെറിയ കാര്യങ്ങൾക്ക് അധികം ചെവികൊടുക്കാത്ത ആളാണ് എം.ഡി. ഇതിപ്പോൾ ഓഡിറ്ററെ മുഷിപ്പിക്കേണ്ട എന്ന് കരുതിയാവും.
“രാഗേന്ദുകിരണങ്ങൾ“ പാട്ടുപാടിയുള്ള കളിയാക്കലിൽ തന്നെയാണ് ഗദ്ദുവുമായുള്ള ബന്ധം തുടങ്ങിയത് തന്നെ. പാട്ട് പാടി കളിയാക്കിയിട്ട് അച്ഛൻ സീമയുടെ ഫാനാണോ എന്നും അവളുടെ രാവുകൾ ഇറങ്ങിയ വർഷമാണോ തനിക്ക് തറക്കല്ലിട്ടതെന്നും ചോദിച്ചപ്പോൾ എന്തോ അതുവരെ ചെയ്യാത്ത വിധം പൊട്ടിത്തെറിച്ചു. കൈ നിവർത്തി അവന്റെ കരണം പുകച്ചത് മാത്രം ഓർമയുണ്ട്. പിന്നീടാണു അതിന്റെ ഭവിഷ്യത്തുകൾ മനസ്സിലായത്. സീനിയർ വിദ്യാർഥിയെ തല്ലി എന്ന് പറഞ്ഞ് എന്തൊരു പുകിലായിരുന്നു. ഒടുവിൽ ഗദ്ദു തന്നെയാണ് അതിൽ നിന്നും തന്നെ രക്ഷിച്ചത്.. അതിലൂടെയാണ് അടുപ്പമായതും..അതുകൊണ്ട് തന്നെ അന്ന് മുതൽ രാഗേന്ദു എന്ന പേർ പിന്നെ തനിക്ക് പ്രിയപ്പെട്ടതാവുകയായിരുന്നു. പിന്നീടുണ്ടായതെല്ലാം ചരിത്രമാണു.. പക്ഷെ, ഇവൻ.. എല്ലാം അവനു തമാശയായിരുന്നോ? എന്തോ...
എന്തൊക്കെയോ കാട്ടിക്കൂട്ടി അന്നത്തെ ദിവസം അവസാനിപ്പിച്ചു. വൈകീട്ട് വീണ്ടും പഞ്ചിംഗ് കാർഡും സ്വാപ് ചെയ്ത് ഓഫീസിനു വെളിയിൽ ഇറങ്ങിയപ്പോളാണ് അറിയുന്നത്. ബസ്സുകളുടെ മരണപ്പാച്ചിലിനിടയിൽ പെട്ട് ഏതോ ഒരു പിഞ്ചുകുഞ്ഞ് മരണമടഞ്ഞു എന്നും അതിന്റെ പേരിൽ നാട്ടുകാർ ബസ്സുകൾ തല്ലിതകർത്തു എന്നും .. ചുരുക്കി പറഞ്ഞാൽ വാഹനഗതാഗതം തന്നെ ഏതാണ്ട് പൂർണ്ണമായി നിലച്ച മട്ടാണ്. എന്ത് ചെയ്യും. പരുങ്ങിയുള്ള നിൽപ്പ് കണ്ടിട്ടാവണം ഗദ്ദു കാര്യം തിരക്കി. ഒടുവിൽ ഗത്യന്തരമില്ലാതെ അവന്റെ വണ്ടിയിൽ കയറേണ്ടി വന്നു. ഒരു നിമിഷം സുധാകരേട്ടനെ മനസ്സിൽ ചീത്ത വിളിച്ചു. അല്ലെങ്കിൽ ഒരു പത്ത് മിനിറ്റ് കൂടി കാത്ത് നിന്നിരുന്നേൽ മറ്റു സ്റ്റാഫിനെ കൊണ്ടുപോകുന്ന കൂട്ടത്തിൽ എനിക്കും പോകാമായിരുന്നു. സ്ഥിരം യാത്രിക അല്ലാത്തതിനാലാവാം ആ പാവം അതോർക്കാതിരുന്നത്. ഗദ്ദുവിന്റെ കാറിന്റെ മുൻസീറ്റിൽ എരിക്കുമ്പോൾ എ.സിയുടെ തണുപ്പിലും അരുന്ധതി വിയർത്തു. എന്ത് പറയണം.. ഒന്നും അറിയാതെ പകച്ച് ഇരുന്നു.
"രഘുനാഥനു സുഖമല്ലേ ഇന്ദൂ.. "
"സുഖം തന്നെ.. ങേ. എന്താ ചോദിച്ചത് .. രഘുനാഥനോ? ആരാ അത്.." സമനില വീണ്ടെടുക്കാൻ കുറച്ച് സമയമെടുത്തു.
"ഹ..ഹ.. എന്താ ഇന്ദു എനിക്ക് നിന്നെ മനസ്സിലായില്ല എന്ന് കരുതിയോ നീ.."
"നീ...നീ എന്താ പറഞ്ഞേ..?" അരുന്ധതിക്ക് ക്ഷോഭം നിയന്ത്രിക്കാനായില്ല..
"എനിക്കെല്ലാം അറിയാം ഇന്ദു.. നീയെന്താ വിചാരിച്ചേ.. അന്നത്തെ സാഹചര്യത്തിൽ നിന്നെ വിവാഹം കഴിക്കൻ മാത്രം ഒരു വിഡ്ഡിയാണു ഞാൻ എന്നോ? അതും എന്റെ വിശ്വാസങ്ങളെയും എന്റെ വീട്ടുകാരെയും അതിനേക്കാളേറെ എനിക്ക് കിട്ടാനുണ്ടായിരുന്ന എന്റെ സ്വത്ത് വകകളെയും എനിക്ക് വേണ്ടി മാത്രം കാത്തിരുന്നിരുന്ന എന്റെ ഫസിയയേയും വിട്ട് ഒരു കോളേജ് റൊമാൻസിന്റെ പിറകെ ചുറ്റാൻ ഞാൻ എന്താ ഒരു ഭ്രാന്തനാ? നിന്നെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ നിന്റെ അപ്പാവും രഘുനാഥനും എന്റെ അടുക്കൽ വന്നിരുന്നു. നിന്നെ സ്വീകരിക്കണമെന്ന് പറഞ്ഞുകൊണ്ട്.. നിനക്കറിയില്ല.. നിന്റെ രഘുനാഥൻ അയാൾ എത്ര നല്ല മനുഷ്യനാണെന്ന്..."
"സ്റ്റോപ് ഇറ്റ്. ഐ സെ സ്റ്റോപ് ദി കാർ!!! എന്റേത് ഗർജ്ജനം തന്നെ ആയിരുന്നു എന്ന് തോന്നുന്നു. രണ്ട് ബൈക്ക് യാത്രികരെ വെട്ടിച്ച് വണ്ടി ഒതുക്കി നിറുത്തിയ ഗസലിന്റെ മുഖത്തെ പകപ്പ് അത് നല്ല പോലെ വെളിപ്പെടുത്തി. അരുന്ധതിയും കിതക്കുകയായിരുന്നു. എന്താ കേട്ടത്. അതും താൻ മനസ്സിൽ എല്ലാക്കാലത്തും ആരാധിച്ചിരുന്ന ഗദ്ദുവിൽ നിന്നും..
കൂടുതൽ ഒന്നും കേൾക്കാൻ തോന്നിയില്ല.. പകയോടെ വണ്ടിയിൽ നിന്നിറങ്ങി ഓടി.. ആരോടായിരുന്നു പക.. പ്രണയം നടിച്ച് ചതിച്ച ക്രൂരനായ ഗസൽ മുഹമ്മദിനോടോ? ...അതെ, തന്റെ മാത്രമെന്ന് കരുതിയിരുന്ന ഗദ്ദു.. അതോ.. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലെന്ന് നടിച്ച് തന്നെ ഒത്തിരി സ്നേഹിച്ച രഘുവേട്ടനോടോ? അതോ തനിക്ക് വേണ്ടി ഇവന്റെ കാലു പിടിക്കാൻ പോയ അപ്പാവോടോ? അതോ തന്നെ മനസ്സറിഞ്ഞ് സ്നേഹിച്ചിട്ടും തരിമ്പുപോലും മനസ്സാക്ഷിയില്ലാതെ അവരെയൊക്കെ സ്നേഹിക്കുന്നതായി നടിക്കുകമാത്രം ചെയ്ത് മനസ്സ് കൊണ്ട് ഈ ദുഷ്ടനെ മാറോട് ചേർത്ത ക്രൂരയായ തന്നോട് തന്നെയോ?
13 Comments, Post your comment:
അരുന്ധതിയുടെ ദിവസങ്ങൾ തുടർന്നുകൊണ്ടേയിരുന്നു...
ഒതുക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു
എന്നാല്‍ പ്രമേയം കാലപ്പഴക്കമേറിയതാണ്
nannayi manoraj! valare nalla feel undu! a realistic type...
nerathe blogil vaayichirunna pole ormikku..
good one...mano
കഥ നന്നായി..പറഞ്ഞ രീതി, പക്ഷെ പ്രമേയം ഒന്ന് കൂടി നന്നാക്കാമായിരുന്നു
അരുന്ധതിയുടെ ദിവസങ്ങള്‍ ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും..
മനോരാജ്....
നന്നായി കഥ പറഞ്ഞു.....
ഇവിടെ അഭിപ്രായം അറിയിച്ച ജയിംസ്, സാന്‍ഡി , രാജേഷ്, ശ്യാമ, എഴുത്തുകാരി ചേച്ചി, മനോജ്, എല്ലാവര്ക്കും നന്ദി. രാജേഷ് പറഞ്ഞപോലെ ഇത് നേരത്തെ എന്റെ ബ്ലോഗായ തേജസില്‍പോസ്റ്റ് ചെയ്തിരുന്നു. അവിടെ വായിക്കത്തവര്‍ക്ക് വേണ്ടി ഒരിക്കല്‍ കുടി പോസ്റ്റ് ചെയ്തു എന്നെ ഉള്ളു
എറക്കാടന്‍ പറഞ്ഞത് തെറ്റി. മനു ഇത്തവണ ഞങ്ങളെ കരയിപ്പിച്ചില്ലാട്ടോ. കഥ ഇഷ്ടപ്പെട്ടു..
ഈ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. വീണ്ടും പോസ്റ്റ് ചെയ്തത് നന്നായി.
അരുണ്ഡതിമാരുടെ യാത്രകൾ തുടരട്ടെ.
നല്ല കഥ!!!!!
വളരെ വ്യത്യസ്തമായ ഒരു പ്രമേയം, നന്നായിട്ടൊണ്ട്
കഥ വളരെ നന്നായി.അവസാന ഭാഗം വളരെ ഇഷ്ടപ്പെട്ടു
palappolum jeevitham nammala chathikkunnu
Post a Comment