മനസ്സിനെ ഞെരുക്കുന്നതു പോലെ.അങ്ങനെയൊന്നുമില്ലെന്നു ഭാവിച്ചാലും സത്യം അതാണ്.
ഒരു നീണ്ട യാത്രയുടെ സമാപ്തി.
കുട്ടികളുമായി ദീര്‍ഘകാലമായുണ്ടായിരുന്ന സമ്പര്‍ക്കത്തിനു പൂര്‍ണവിരാമം.
ഇനി ഈ വിദ്യാലയത്തിന്റെ പടി കയറേണ്ടതില്ല.ഇവിടുത്തെ വൈവിധ്യമാര്‍ന്ന ദിനങ്ങളുടെ പങ്കുകാരി ആകേണ്ടതില്ല. ഒക്കെയും തീരുന്നു.
സഹപ്രവര്‍ത്തകരും കുട്ടികളും സ്നേഹപൂര്‍വം നല്‍കിയ ഉപഹാരങ്ങള്‍ കൈയ്യിലൊതുക്കിപ്പിടിച്ച് ശാരദടീച്ചര്‍ ഗേറ്റിനരികില്‍ വിശ്വനാഥനേയും കാത്തു നിന്നു.
അദ്ദേഹം വരും.ടീച്ചര്‍ക്ക് ഉറപ്പുണ്ട്.
എത്ര ജോലിത്തിരക്കുണ്ടായാലും ടീച്ചറെ സ്കൂളില്‍ കൊണ്ടു വന്നാക്കാനും കൂട്ടിക്കൊണ്ടു പോകാനും വിശ്വനാഥന്‍ കൃത്യമായി എത്തും.
പ്രത്യേകിച്ചും റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും പിരിഞ്ഞതിനു ശേഷം.
പക്ഷെ, കാത്തിരിപ്പിന്റെ ദൈര്‍ഘ്യമേറിയിട്ടും വിശ്വനാഥന്‍ എത്തിയില്ല എന്നതില്‍ ടീച്ചര്‍ക്ക് അത്ഭുതവും അമ്പരപ്പുമുണ്ടായി.
പതിവില്ലാത്തതാണിത്.
ഒരല്‍പം പരിഭവത്തോടെ ടീച്ചര്‍ ഓര്‍ത്തു
അറിയാവുന്നതല്ലെ ഈ ദിവസത്തിന്റെ പ്രത്യേകത.
ഇനി, ഇങ്ങനൊരു വരവും കാത്തിരിപ്പും വേണ്ടാത്തതാണ്.
സമയം കടന്നു പോകുന്തോറും ഉള്ളിലൂറിയ പരിഭവം അസ്വസ്ഥതയ്ക്കും ആപത് ശങ്കയ്ക്കും വഴിമാറുന്നത് ടീച്ചര്‍ അറിഞ്ഞു. നെഞ്ചിനുള്ളില്‍ അസാധാരണമായ ഒരു പിടച്ചില്‍...
ശരീരം തളരുന്നു.
എവിടെയെങ്കിലും ഒന്നിരുന്നാല്‍ കൊള്ളാമെന്നു ടീച്ചര്‍ക്കു തോന്നി.
അരികില്‍ ഒരു കാറുവന്നു നിന്നതും അതില്‍ നിന്നും മകന്‍ ഇറങ്ങുന്നതും
കണ്ണീരിനിടയിലൂടെ ടീച്ചര്‍ കണ്ടു.
"അമ്മ കാത്തു നിന്നു വിഷമിച്ചോ?..വരൂ... പോകാം..."
മകന്‍ തുറന്നു കൊടുത്ത വാതിലിലൂടെ കാറിനുള്ളിലേയ്ക്കു കയറുന്നതിനിടയില്‍ത്തന്നെ
ടീച്ചര്‍ ചോദിച്ചു.
"അച്ഛന്‍...?"
മകന്‍ ചിരിച്ചു.
"അമ്മയെ ഞാന്‍ കൂട്ടിക്കൊണ്ടു വരാമെന്നു പറഞ്ഞിട്ടു സമ്മതിക്കെണ്ടേ...പിന്നെ നിര്‍ബന്ധിച്ചു വീട്ടിലിരുത്തി."
മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടിലിരിക്കുന്ന ഭര്‍ത്താവിന്റെ ചിത്രം ശാരദടീച്ചറെ നോവിച്ചു.
പല പ്രാവശ്യം മകന്റെ മുന്‍പില്‍ അച്ഛന്‍ അപഹാസ്യനായിട്ടുണ്ടെന്നും ചെറുതെങ്കിലും ഒരുപാടു മോഹങ്ങള്‍ ഇങ്ങനെ ബലികഴിക്കേണ്ടിവന്നിട്ടുണ്ടെന്നും ടീച്ചര്‍ പെട്ടെന്നോര്‍ത്തു.
"പ്രായമാകുന്തോറും ഈ അച്ഛനെന്താ ഇങ്ങനെ അമ്മയുടെ പിറകെ തന്നെ നടക്കുന്നത്?"
ഒരിക്കലല്ല, പലവട്ടം ഇത്തരം സംഭാഷണങ്ങള്‍ മകനില്‍ നിന്നും കേട്ടു.
ഒന്നും കേട്ടില്ലെന്നും അഥവ കേട്ടതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും ചിന്തിക്കാന്‍ ശീലിച്ചു
ഒരിക്കല്‍ മാത്രം തമാശകേട്ടപോലെ പ്രതികരിച്ചു.
"അമ്മേടെ പിറകെയല്ലേ മോനെ. അതു സഹിക്കാവുന്ന കാര്യമല്ലെ?"
ചിരിച്ചു കൊണ്ടാണു പറഞ്ഞത് എങ്കിലും അതിന്റെ പൊരുള്‍ മകനു നന്നായി മനസ്സിലായിട്ടുണ്ടാകണം.
കാരണം ,പിന്നീടവന്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ല.
എങ്കിലും അച്ഛനെക്കുറിച്ചുള്ള അവന്റെ ധാരണകള്‍ വികലമാണെന്നു ടീച്ചര്‍ക്കറിയാം.
അച്ഛനും മകനും ഇടയില്‍ ഒരു മീഡിയേറ്ററുടെ സ്ഥാനമാണ് ടീച്ചര്‍ക്കുള്ളത്.മകനോടു പറയാനുള്ള കാര്യങ്ങള്‍ അച്ഛന്‍ അമ്മയോടു പറയുന്നു അച്ഛനുള്ള മറുപടി മകന്‍ അമ്മയെ അറിയിക്കുന്നു.
നേരിട്ടാകാന്‍ ടീച്ചര്‍ വാശിപിടിക്കും
അങ്ങനെയെങ്കില്‍ പരസ്പരം മിണ്ടാതിരിക്കുക എന്നല്ലാതെ ഒരു വിട്ടു വീഴ്ചയുംഉണ്ടാകില്ല.
മകന്റെ മനസ്സില്‍ അച്ഛനോട് സ്നേഹവും ബഹുമാനവും ഉണ്ട്.അതിലേറെ, മകനേക്കുറിച്ച് സദാ ഉത്‌കണ്ഠാകുലനാണ് ഭര്‍ത്താവ്.
രണ്ടു മനസ്സുകളും ടീച്ചര്‍ക്കു നന്നായറിയാം
മകനോട് സൗമ്യമായി സംസാരിക്കാന്‍ അച്ഛനൊരിക്കലും കഴിയാറില്ല.
ആദ്യമൊക്കെ ഉള്ളിലെന്തു തോന്നിയാലും മൗനമായിരുന്ന മകന്‍ പിന്നീട് ഒറ്റയും പെട്ടയും പറയാന്‍ തുടങ്ങിയപ്പോള്‍ ടീച്ചര്‍ വീണ്ടും വിശ്വനാഥനെ തിരുത്താന്‍ ശ്രമിച്ചു.വിശ്വനാഥന് അപ്പോഴും പറയാനുള്ള ന്യായം ഒന്നു മാത്രമായിരുന്നു.
"എന്റെ സ്വഭാവം അതാണെന്ന് അവനിനിയും മനസ്സിലായിട്ടില്ലേ?സ്നേഹമില്ലാഞ്ഞിട്ടാ..?"
ആ വാക്കുകളിലെ വെമ്പലും നൊമ്പരവും ടീച്ചര്‍ക്കേ അറിയു.
മകനു പറയാനുള്ളതും അതു തന്നെ.
"എനിക്കച്ഛനോട് സ്നേഹമില്ലാഞ്ഞിട്ടാണോ?ഒരു നല്ലവാക്ക് ഒരിക്കലും അച്ഛനു പറയാനില്ല.എപ്പോഴും ദേഷ്യം...!അതു കാണുമ്പോള്‍...."
സമാധാനിക്കാനോ ന്യായീകരിക്കാനോ വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്നത്
ടീച്ചര്‍ തന്നെ.
"അമ്മേ.. എനിക്കൊരു ബുക്ക് വേണം .."
"നീ അച്ഛനോട് പറയ്.."
"അമ്മ പറഞ്ഞാല്‍ മതി."
അച്ഛനോടു പറയുകയും കാര്യങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്യേണ്ട ബാധ്യത അമ്മയ്ക്കാണ് .ആവശ്യങ്ങള്‍ അറിഞ്ഞ് സാധിച്ചു കൊടുക്കുമ്പോഴും അച്ഛന്‍ പറയും.
"അവന് എന്നോട് ചോദിച്ചാലെന്താ..?"
ആ ചോദ്യത്തില്‍ വിഷമമുണ്ട്.
'അച്ഛാ.. എനിക്കൊരു പേന വേണം....ഷര്‍ട്ടു വേണം...'എന്നെല്ലാം ആവശ്യപ്പെടുന്നത് കേള്‍ക്കാനുള്ള അതിയായ മോഹമുണ്ട്
പക്ഷേ,
അതു പ്രകടിപ്പിക്കാനുള്ള വൈഭവം അദ്ദേഹത്തിനില്ല.
തമ്മിലെന്തു പറഞ്ഞാലും അച്ഛന്റെ സ്വരത്തില്‍ കാര്‍ക്കശ്യവും മകന്റെ സ്വരത്തില്‍ അസഹിഷ്ണുതയും തുളുമ്പുകയായി.
"അമ്മ എന്താ ആലോചിക്കുന്നത്...?"
പെട്ടെന്ന് പ്രസന്നത വീണ്ടെടുത്ത് ടീച്ചര്‍ നിഷേധിച്ചു.
"ഏയ്...ഒന്നുമില്ല.....പിന്നെ,നിനക്ക് ശ്രീജയേയും കുട്ടികളേയും കൂടി കൊണ്ടുവരാമായിരുന്നില്ലെ?"
പെട്ടെന്നോര്‍ത്തപോലെ മകന്‍ പറഞ്ഞു.
"ങാ...അതു പറയാന്‍ കൂടിയാ ഞാന്‍ വന്നത്... ശ്രീജയുടെ ലീവ് തീരാറായി.അവള്‍ ബാങ്കില്‍ പോകാന്‍ തുടങ്ങിയാല്‍ കുഞ്ഞിന്റെ അടുത്ത് ആളു വേണമല്ലൊ. അമ്മയ്ക്കു കുറച്ചു നാള്‍ ഞങ്ങളോടൊപ്പം വന്നു നിന്നു കൂടെ...?"
ടീച്ചര്‍ മറുപടി പറഞ്ഞില്ല.
തന്റെ മടിയില്‍ക്കിടന്ന പൂമാലയിലെ വാടിയ പൂക്കള്‍ മെല്ലെ നുള്ളിയെറിഞ്ഞു.
വീടിനു മുന്‍പില്‍ കാര്‍ നിര്‍ത്തി ഡോര്‍ തുറന്നു കൊടുക്കുമ്പോള്‍ മകന്‍ പറഞ്ഞു.
"അമ്മ ആലോചിക്ക്. ഞാന്‍ നാളെ വരാം."
"ഒന്നു കേറി വാ ന്റെ കുട്ട്യേ...ഇറ്റു വെള്ളം കുടിച്ചിട്ടു പോകാം..."
"വേണ്ട... പോയിട്ടു തിരക്കുണ്ടമ്മെ."
മകന്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്യുമ്പോള്‍ ടീച്ചര്‍ മടിയോടെ ചോദിച്ചു.
"നീ അച്ഛനോടു പറഞ്ഞോ?"
"ഇല്ല അമ്മ പറഞ്ഞാല്‍ മതി."
കാറു വളവു തിരിഞ്ഞു പോകുവോളം ടീച്ചര്‍ നോക്കി നിന്നു.
പട്ടണത്തില്‍ സ്വന്തം വീടെടുത്ത് മകന്‍ താമസമാരംഭിച്ചിട്ട് നാലു വര്‍ഷം കഴിഞ്ഞു.അച്ഛനേയും അമ്മയേയും വിട്ടു പോകാന്‍ അവന് താല്‍പര്യമില്ലായിരുന്നെന്ന്ടിച്ചര്‍ക്കുനന്നായറിയാം
പക്ഷേ ,രണ്ടുപേര്‍ക്കും ജോലിക്കു പോകാനുള്ള സൗകര്യം,കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങള്‍ നിരത്തി ശ്രീജ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ എതിര്‍ത്തില്ലെന്നു മാത്രം.
ശ്രീജ നിര്‍ബന്ധിച്ചതിനും കാരണമുണ്ടായിരുന്നു.
പട്ടണത്തില്‍ ജനിച്ചു വളര്‍ന്നവള്‍...അച്ഛനമ്മമാരുടെ ഓമന മകള്‍...പണത്തിന്റേയും പ്രതാപത്തിന്റേയും തലക്കനം അവളിലുണ്ടെന്നു മനസ്സിലായതിനാല്‍ പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് ഒഴിഞ്ഞു മാറി.
ഗ്രാമത്തിലെ ജീവിതം അവളെ സന്തോഷിപ്പിക്കുന്നില്ലെന്നു ആദ്യമേ മനസ്സിലായി.അതുകൊണ്ട് താമസം മാറ്റനുള്ള അവരുടെ തീരുമാനത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്.അല്‍പം അകലം കാത്തു സൂക്ഷിക്കുന്നതാണല്ലൊ ബന്ധങ്ങളുടെ കെട്ടുറപ്പിനു നന്ന്.
ഇന്നത് തികച്ചും ബോധ്യമാകുന്നു.
ഇപ്പോള്‍,ശ്രീജയെ പ്രത്യേകം ക്ഷണിച്ചു വരുത്തണമെങ്കിലും മകന്‍ കൂടെക്കൂടെ വരും.,വിശേഷങ്ങള്‍ അറിയാന്‍ ...അത്യാവശ്യങ്ങളില്‍ സഹായിക്കാന്‍...
വന്നാല്‍ അതിനേക്കാള്‍ തിരക്കില്‍ തിരിച്ചു പോകുകയും ചെയ്യും.
എന്നാലും സന്തോഷമാണ്.അത്രയെങ്കിലും ഉണ്ടല്ലൊ.
ഗേറ്റുകടക്കുമ്പോള്‍ ടീച്ചര്‍ വരാന്തയിലും ബാല്‍ക്കണിയിലും വിശ്വനാഥനെ തിരഞ്ഞു.
ഇല്ല.അകത്തെവിടെയോ ഉണ്ട്.
മകനോടുള്ള പരിഭവത്തിലാണ്.
ഇനി,
ആ പരിഭവം മാറ്റി ആളെ നോര്‍മലാക്കാന്‍ അല്‍പം പാടുപെടണം.
കൈയിലെ ഉപഹാരങ്ങളും പൂമാലയും മേശമേല്‍ വച്ച് ടീച്ചര്‍
കിടക്കമുറിയിലേയ്ക്കു ചെന്നു.
കൈകളില്‍ തലവച്ച് കണ്ണടച്ച് നീണ്ടു നിവര്‍ന്നു കിടക്കുന്നു.
ഉറക്കമല്ല.വന്നതറിഞ്ഞ ഭാവമില്ല.
മെല്ലെ തൊട്ടു വിളിച്ചു.
"ഉറങ്ങ്വാണോ?"
പെട്ടെന്നുണര്‍ന്നതു പോലെ വിശ്വനാഥന്‍ കണ്ണു തുറന്നു.
മൗനം കണ്ട് ടീച്ചര്‍ വീണ്ടും ചോദിച്ചു.
"എന്തേ....സുഖമില്ലേ?"
ചോദിക്കുക മാത്രമല്ല,നെറ്റിയില്‍ കൈവച്ച് ചൂടു നോക്കുകയും ചെയ്തു.
പെട്ടെന്ന് ആ മുഖം തെളിഞ്ഞു.
"ഒന്നുമില്ല, വെറുതെ കിടന്നതാ...?"
ഡ്രസ്സു മാറ്റുന്നതിനിടയില്‍ ടീച്ചര്‍ വീണ്ടും ചോദിച്ചു.
"മോന്‍ വന്നിട്ട് ഒന്നും മിണ്ടിയില്ലേ?"
"പ്രത്യേകിച്ച് എന്താ മിണ്ടേണ്ടത്?.വിളിച്ചിരുത്തി സത്‌കരിക്കേണ്ട വിരുന്നുകാരനൊന്നുമല്ലല്ലോ..."
ആ സ്വരത്തിലെ പരിഭവം ടീച്ചര്‍ക്കു മനസ്സിലായി.
ചിരിച്ചുകൊണ്ടവര്‍ ഭര്‍ത്താവിനെ ആശ്വസിപ്പിച്ചു.
"പോട്ടെന്നേ...മോനല്ലേ..."
വിശ്വനാഥന്‍ ഒന്നു മൂളി.ആ മൂളലില്‍ ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ടെന്ന് ടീച്ചര്‍ക്കറിയാം.
സാരി മടക്കി ഹാങ്ങറില്‍ തൂക്കി,കട്ടിലില്‍ വന്നിരുന്ന് അവര്‍ ഭര്‍ത്താവിനോടു പറഞ്ഞു.
"അവനിന്നു വന്നതു വെറുതെയല്ല.ശ്രീജയുടെ ലീവു തീരാറായി.എന്നോട് അവിടെപ്പോയി നില്‍ക്കുമോ എന്നു ചോദിക്കാനാണ്."
"മൂത്ത കുട്ടിയെ നോക്കാന്‍ രണ്ടു കൊല്ലം ലീവെടുത്തത് നീയല്ലേ."
ആ സ്വരത്തില്‍ പതിവില്ലാത്തൊരു മൂര്‍ച്ച.
അല്‍പനേരത്തെ മൗനത്തിനു ശേഷം ഒരാശ്വാസവാക്കു കേള്‍ക്കാനെന്നവണ്ണം ടീച്ചര്‍ ഭര്‍ത്താവിനോടു ചോദിച്ചു.
"ഇനി ലീവിന്റെ പ്രശ്നമില്ലല്ലൊ.അവനോട് നാളെ എന്താണ് പറയേണ്ടത്..?"
"ആവാമെന്നല്ലാതെ വേറെന്ത്..?"
വല്ലാത്തൊരു തളര്‍ച്ച ടീച്ചര്‍ക്കുണ്ടായി.
'നീ പോയാലെങ്ങനാടാ..?" എന്ന മറുപടിയാണു പ്രതീക്ഷിച്ചത്.
പക്ഷേ....!
ഭക്ഷണമൊരുക്കുമ്പോഴും മറ്റു ജോലികളില്‍ ഏര്‍പ്പെടുമ്പോഴും ഒരു നിഴല്‍ പോലെ കൂടെ നടക്കാറുള്ള ഭര്‍ത്താവ് ഇന്നു ക്ഷീണിതനായി ചടഞ്ഞു കൂടുന്നത് ടീച്ചറെ നൊമ്പരപ്പെടുത്തി.
ഗാഢമായ വായനയിലാണ് എന്ന അഭിനയം ഒട്ടും വിജയിക്കുന്നില്ലെന്ന്
വിശ്വനാഥനും അറിഞ്ഞു.
അറിയാത്തൊരസ്വസ്ഥത വലിയൊരാവരണമായി ആ വീടിനെ പൊതിഞ്ഞിരിക്കുന്നു.
പറയാന്‍ വേണ്ടി മാത്രം പറയാനും ചിരിക്കാന്‍ വേണ്ടിമാത്രം ചിരിക്കാനും ഉള്ള ശ്രമങ്ങള്‍ വിഫലമാകുന്നു.
ഇന്നത്തെ വിരസത അകറ്റാന്‍ പുതിയ വിഷയങ്ങളൊന്നും ഇല്ലാത്തതു പോലെ.
രാത്രിയില്‍ ഉറക്കം കാത്തു കിടക്കുമ്പോള്‍ ആത്മഗതം എന്നവണ്ണം ടീച്ചര്‍ മന്ത്രിച്ചു.
" ഇന്നു പറയാന്‍ ഒരുപാടു വിശേഷങ്ങള്‍ ഉണ്ടായിരുന്നു.പക്ഷെ ഒന്നും ചോദിച്ചില്ല..?!"
വിശ്വനാഥന്‍ എന്നിട്ടും മിണ്ടിയില്ല.
ഏറെ നേരത്തെ നിശ്വബ്ദതയ്ക്കൊടുവില്‍ അദ്ദേഹം ടീച്ചറോടു ചോദിച്ചു.
"ഓര്‍ക്കുന്നുണ്ടോ നമ്മുടെ മധുവിധു യാത്ര?"
ടീച്ചര്‍ അമ്പരന്നു.
"എന്തേ ഇപ്പം ചോദിക്കാന്‍..?"
"ഓ...വെറുതെ."
മറക്കുന്നതെങ്ങനെ..?!!
ഒന്നല്ല ഒരുപാടു യാത്രകള്‍...ഒരിക്കലും നടക്കാതിരുന്നവ...!!
വിശ്വനാഥന്റെ അമ്മയുടെ തളര്‍വാതമായിരുന്നു ആദ്യ യാത്ര മുടക്കിയത്.
അതൊരു തുടക്കം മാത്രം.
ആദ്യ ഗര്‍ഭം...മകന്റെ ജനനം..ഒരു ദിനം പോലും സ്വസ്ഥത തരാതിരുന്ന അവന്റെ ബാലാരിഷ്ടതകള്‍...
പിന്നെ,ഏറെ കഷ്ടപ്പെട്ട് സ്വന്തമാക്കിയ വീട്...അതിനു വേണ്ടിവന്ന കടങ്ങള്‍...സാമ്പത്തിക വൈഷമ്യങ്ങള്‍...!അതെ ഒന്നല്ലെങ്കില്‍ മറ്റോരോ കാരണങ്ങള്‍.
വര്‍ഷങ്ങളുടെ കഷ്ടതകള്‍ക്കൊടുവില്‍ ജീവിതത്തിന് ഒരടുക്കും ചിട്ടയും കൈവന്നു.
പക്ഷേ അപ്പോഴേയ്ക്കും കടന്നു പോയത് എത്ര വര്‍ഷങ്ങള്‍...
വിശ്വനാഥന്‍ ജോലിയില്‍ നിന്നും വിരമിച്ചു.
വീണ്ടും ഒരാറു വര്‍ഷത്തിനു ശേഷം ഇന്നു ടീച്ചറും.
പെന്‍ഷന്‍ പറ്റിയ രണ്ടു വൃദ്ധദമ്പതികള്‍...!!!
ശാരദടീച്ചര്‍ മെല്ലെ ചിരിച്ചു.
"ഞാനും കൂടി വരണമെന്ന് അവന്‍ പറഞ്ഞോ?"
വിശ്വനാഥന്റെ പെട്ടെന്നുള്ള ചോദ്യം ടീച്ചറെ ഞടുക്കി.
അങ്ങനെ ഒരാവശ്യം അവന്‍ പറഞ്ഞില്ലല്ലൊ.
തമാശ പറയണമെന്ന ആശ തീര്‍ക്കും പോലെ ടീച്ചര്‍ പറഞ്ഞു.
"അമ്മയുടെ പിന്നില്‍ അച്ഛനുണ്ടാകുമെന്ന് അവനറിയരുതോ..."
ആ തമാശ ആസ്വദിച്ച് വിശ്വനാഥന്‍ ചിരിച്ചു. പിന്നെ പറഞ്ഞു.
"അതു ശരിയാകില്ലെടാ...നീ പോയാല്‍ മതി.എന്തിനാ....വെറുതെ ഓരോ പ്രശ്നങ്ങള്‍...!!?"
ടീച്ചര്‍ ഒന്നും മിണ്ടിയില്ല
കാരണം ,അനുഭവങ്ങള്‍ പലതുണ്ട്.ക്രൂരമായ എത്രയോ ഫലിതങ്ങള്‍ മകന്റെ വധുവില്‍ നിന്നും കേട്ടു.
"പെന്‍ഷന്‍ പറ്റി. എന്നിട്ടും ചെറുപ്പമാണെന്ന വിചാരം. ഛേ...നാണക്കേട്."
മറ്റുള്ളവര്‍ക്ക് നാണക്കേട് ഉണ്ടാക്കുന്ന ഒന്നും വിശ്വനാഥന്‍ ചെയ്തിട്ടില്ലെന്നു ടീച്ചര്‍ക്കറിയാം.
വിശ്വനാഥന്‍ അങ്ങനെയാണ്.വീട്ടിലെത്തിയാല്‍പ്പിന്നെ ആളാകെ മാറുന്നു.
ഭാര്യയുടെ സാമീപ്യം...സ്പര്‍ശനം...സാന്ത്വനം...ഒക്കെ ആഗ്രഹിക്കുന്ന വെറുമൊരു പുരുഷന്‍...
ചിലപ്പോള്‍ കൊച്ചു കുട്ടിയേപ്പോലെ ശാഠ്യം പിടിക്കുന്നതും ടീച്ചര്‍ കണ്ടിട്ടുണ്ട്.പരസ്പരം പറഞ്ഞും പരിഭവിച്ചും സ്നേഹിച്ചും ജീവിച്ചു.
പക്ഷേ...,
അച്ഛനമ്മമാരുടെ അടുപ്പത്തില്‍പ്പോലും ദുരര്‍ത്ഥം കാണുന്ന മക്കള്‍...ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന് ഒരര്‍ത്ഥമേ അവര്‍ക്കറിയു...
ആ ബന്ധത്തിന്റെ ആത്മീയത മനസ്സിലാക്കാന്‍ അവര്‍ക്ക് എത്രനാള്‍ വേണ്ടിവരും...?
ഒന്നു കരയണമെന്ന മോഹം ടീച്ചറില്‍ കലശലായി.
ഭര്‍ത്താവിന്റെ കൈമടക്കില്‍ തലവച്ച് അവരദ്ദേഹത്തെ ചുറ്റിപ്പിടിച്ചു.ആ മുഖം തന്റെ നേരെ തിരിഞ്ഞപ്പോള്‍ ഇരുട്ടിലും ആകണ്ണുകളിലെ നീര്‍ത്തിളക്കം ടീച്ചര്‍ കണ്ടു.
ഒരുറക്കുപാട്ടിന്റെ താളമായി വിശ്വനാഥന്റെ കൈകള്‍ തന്റെ പുറത്ത് അമര്‍ന്നപ്പോള്‍ ടീച്ചറിന്റെ മിഴികള്‍ നിറഞ്ഞൊഴുകി.ആ കണ്ണുനീരിനു മുകളില്‍ മുഖം ചേര്‍ത്ത്
അദ്ദേഹം മന്ത്രിച്ചു.
"നമ്മുടെ യാത്രയ്ക്കുള്ള സമയം ഇനിയും ആയിട്ടില്ലെന്നു തോന്നുന്നു.അവന്‍ പറഞ്ഞതില്‍ കാര്യമുണ്ട്.മക്കളെ വളര്‍ത്തി ഒരു നിലയില്‍ എത്തിച്ചാല്‍പ്പോരാ, കൊച്ചു മക്കളെ വളര്‍ത്തേണ്ട കടമയും മുത്തശ്ശിക്കു തന്നെയാ."
ഒന്നു നിര്‍ത്തി ഒരു ദീര്‍ഘ നിശ്വാസത്തോടെ അദ്ദേഹം തുടര്‍ന്നു.
" പക്ഷേ...അവിടെ മുത്തശ്ശന്‍ ഒരധികപ്പറ്റാ."
ഉള്ളിലെ പിടച്ചിലടക്കി ടീച്ചര്‍ വിശ്വനാഥന്റെ വായ് പൊത്തി.
"അരുത്,,, അങ്ങനെ പറയരുത്."
വിശ്വനാഥന്‍ ചിരിച്ചു.
"ഞാന്‍ വെറുതെ പറഞ്ഞതല്ലെടാ.മക്കളുടെ നിര്‍ദ്ദേശമനുസരിച്ച് കൊച്ചു മക്കളുടെ കാര്യങ്ങള്‍ നോക്കുമ്പോള്‍.....ഈ മുത്തശ്ശിക്കും തോന്നും മുത്തശ്ശനൊരു ഭാരമാണെന്ന്"
ടീച്ചര്‍ മിണ്ടിയില്ല.
കേള്‍ക്കുന്ന വാക്കുകള്‍ മൂര്‍ച്ചയുള്ളതാണ്
കുട്ടികളെ നോക്കാന്‍ വേലക്കാരെ നിയമിക്കുന്നതിനേക്കാള്‍ മെച്ചം പെന്‍ഷന്‍ പറ്റിയ അമ്മതന്നെ.
പക്ഷേ...??!!
ഉറക്കത്തിനും ഉണര്‍ച്ചയ്ക്കും ഇടയ്ക്കുള്ള മയക്കം വിട്ടെഴുന്നേല്‍ക്കുമ്പോള്‍ ടീച്ചര്‍ക്കു ക്ഷീണം തോന്നി.ശാന്തമായുറങ്ങുന്ന ഭര്‍ത്താവിനെ നോക്കി അവര്‍ ഏറെ നേരമിരുന്നു.
ഇന്നലെ വരെ രാവിലെ ഉണര്‍ന്ന് സ്വിച്ചിട്ട പാവയേപ്പോലെ ജോലികള്‍ വേഗം വേഗം തീര്‍ത്തിരുന്നു.ഇനി തിരക്കൊന്നും ഇല്ല.എങ്കിലും,
ഇന്നു മകന്‍ വരും .അവന് ഇഷ്ടപ്പെട്ട ഭക്ഷണം ഒരുക്കണം.
അതിനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുമ്പോഴും അനാവശ്യമായ ഒരു ശൂന്യത തന്നിലുണ്ടെന്നു ടീച്ചര്‍ക്കു തോന്നി.
ഒന്നും ചെയ്യാനില്ലാത്തതു പോലെ.
ഒന്നും പറയാനില്ലാത്തതൂപോലെ...
വിശ്വനാഥന്റെ പെരുമാറ്റത്തിലും അസഹ്യമായ ഒരു മ്ലാനത അവര്‍ക്ക് അനുഭവപ്പെട്ടു.
പുറത്തു കാറിന്റെ ഒച്ച കേട്ടപ്പോള്‍ അറിയാതൊരു ഞടുക്കം ടീച്ചറിലുണ്ടായി..
മകന്റെ വരവാണ്.
'അമ്മേ' എന്നുറക്കെ വിളിച്ച് അവന്‍ പണ്ടത്തെ വികൃതിക്കുട്ടിയേപ്പോലെ അകത്തേയ്ക്ക് വന്നു.
പിന്നെ സ്വരം താഴ്ത്തി ചോദിച്ചു.
"അമ്മ അച്ഛനോട് പറഞ്ഞോ?"
അവന്റെ കൈ പിടിച്ച് ഭക്ഷണമേശയ്ക്കലിരുത്തി ചായയും പലഹാരവും എടുത്തു വച്ച്
ടീച്ചര്‍ നിര്‍ബന്ധിച്ചു.
"നീ ഇവിടുന്ന് ഭക്ഷണം കഴിച്ചിട്ട് എത്ര നാളായി....നിനക്കെപ്പോഴും തിരക്കല്ലേ?"
"എനിക്കു വേണ്ടമ്മേ .ഞാന്‍ കഴിച്ചതാ..."
ഒരു യാചനപോലെ അവര്‍ പറഞ്ഞു.
"ഒരു കപ്പ് ചായ എങ്കിലും...?"
മകന്റെ നോട്ടം ഒരു നിമിഷം അമ്മയിലായി.പിന്നെ ഒന്നും മിണ്ടാതെ ചായക്കപ്പ് കൈയ്യിലെടുത്തു.
മകന്‍ ചായ കുടിക്കുന്നതും നോക്കി ഒരല്‍പം തയ്യാറെടുപ്പോടെ ടീച്ചര്‍ പറഞ്ഞു.
"മക്കളെ ശരിയായ രീതിയില്‍ വളര്‍ത്താന്‍ അമ്മമാര്‍ക്കേ കഴിയു."
മകന്റെ മുഖത്ത് അമ്പരപ്പുണ്ടായി.
"അമ്മ ഉദ്ദേശിക്കുന്നത്....?"
"മറ്റൊന്നുമല്ല, ശ്രീജയുടെ ലീവ് നീട്ടുന്നതു തന്നെയാണ് യുക്തം"
പകുതി കുടിച്ച ചായക്കപ്പ് മേശമേല്‍ വച്ച് മകന്‍ തലകുലുക്കി.
"അപ്പോള്‍ അമ്മയ്ക്കു വരാന്‍ ഇഷ്ടമില്ല അല്ലേ?"
'ഇല്ല'എന്ന് ഉറപ്പിച്ചു പറയാന്‍ ടീച്ചര്‍ക്കായില്ല.
തന്റെ ധര്‍മ്മസങ്കടം മകന്‍ മനസ്സിലാക്കാത്തതില്‍ അവര്‍ക്ക് കഠിനമായ വ്യഥയുണ്ടായി.
എങ്കിലും അവര്‍ പറഞ്ഞു.
"മോനെ...ഒന്നു നീ മനസ്സിലാക്കണം.... വരാന്‍ അമ്മയ്ക്കു മടിയായിട്ടല്ല. നീ മറന്നാലും അച്ഛന്റെ കാര്യം ഓര്‍ക്കാതിരിക്കാന്‍ അമ്മയ്ക്കാകില്ല.''
മകന്റെ മുഖം വിളറി.
"അച്ഛനെ ഞാന്‍ മറന്നെന്നോ....എന്റെ കൂടെ വരാന്‍ അച്ഛനെ ഞാന്‍ ക്ഷണിക്കണോ അമ്മേ...!"
മകന്റെ സ്വരത്തിലെ ദൈന്യത ടീച്ചറെ തളര്‍ത്തി.
അവന്റെ ചുമലില്‍ തഴുകിക്കൊണ്ട് ടീച്ചര്‍ മൊഴിഞ്ഞു.
"അതു മാത്രമല്ല മോനേ...അമ്മയുടെ പഴഞ്ചന്‍ രീതികളൊന്നും ശ്രീജയ്ക്കു പിടിക്കില്ല."
അതിനെ എതിര്‍ത്ത് മകന്‍ ഒന്നും പറഞ്ഞില്ല എന്നതില്‍ ടീച്ചര്‍ക്ക് ആശ്വാസം തോന്നി.അവനും എല്ലാം ഓര്‍മ്മയുണ്ടാകുമല്ലോ.
"കുഞ്ഞിനെ എടുക്കാനും ഉറക്കാനും ഭക്ഷണം കൊടുക്കാനും ഒക്കെ ഒരു കൃത്യനിഷ്ട വേണം...പഴയ കാടന്‍ രീതികള്‍ ഒന്നുമല്ല ഇപ്പോള്‍."
ശ്രീജയുടെ വാക്കുകളിലെ പുച്ഛം ഇപ്പോഴും ഓര്‍മ്മയില്‍ തികട്ടുന്നു.
'വൃത്തിയില്ലാത്ത കൈകൊണ്ടു വാരിക്കൊടുത്തു,
സ്റ്റെറിലൈസ് ചെയ്യാത്ത കുപ്പിയില്‍ പാലു കൊടുത്തു.'
എത്രയെത്ര കുറ്റങ്ങള്‍...!!
"ഇനി അതൊന്നും സഹിക്കാനുള്ള കരുത്ത് അമ്മയ്ക്കില്ലാ.അന്നത്തെ അമ്മ തന്നെയല്ലേ ഞാനിന്നും"
ടീച്ചര്‍ നെടുവീര്‍പ്പിട്ടു .
."ഞാനത്രയും ചിന്തിച്ചില്ല.കുറച്ചു നാള്‍ അച്ഛനും അമ്മയും എന്റെ ഒപ്പം നില്‍ക്കുമല്ലൊ എന്നേ ഞാന്‍ വിചാരിച്ചുള്ളു... അമ്മ ക്ഷമിക്കണം"
നിര്‍ബന്ധിച്ച് ബോര്‍ഡിങ്ങില്‍ ചേര്‍ക്കപ്പെട്ട കുട്ടിയുടെ ദൈന്യഭാവം മകനില്‍ കണ്ട് ടീച്ചറുടെ നെഞ്ചു പിടഞ്ഞു.
"അരുത്...നീയൊന്നും പറയേണ്ട..എനിക്കു നിന്നെ നന്നായറിയാം .നീയും ഈ അച്ഛനേയും അമ്മയേയും മനസ്സിലാക്കണം."
അമ്മയുടെ കൈകള്‍ മെല്ലെ അമര്‍ത്തി മകന്‍ ആവശ്യപ്പെട്ടു.
"ഞാന്‍ പറഞ്ഞതില്‍ അച്ഛനും അമ്മയ്ക്കും ഒന്നും തോന്നരുത്."
നിറഞ്ഞ ആര്‍ദ്രതയോടെ മകനെ ചേര്‍ത്തുപിടിച്ച് ടീച്ചര്‍ പറഞ്ഞു.
"ഒന്നും തോന്നില്ല. മോന്‍ സന്തോഷമായിരിക്കണം. അത്രയേ വേണ്ടൂ...ഞങ്ങള്‍ കൂടെക്കൂടെ വരാം.."
പെട്ടെന്ന് വിശ്വനാഥന്റെ സ്വരം വാതില്‍ക്കല്‍ കേട്ടു.
"പക്ഷേ, അച്ഛനും അമ്മയ്ക്കും കുറച്ചു യാത്രകള്‍ ബാക്കിയുണ്ട് കേട്ടോ...പണ്ടു നടക്കാതെ പോയവ...."
നേര്‍ത്തൊരു ചിരിയോടെ മകന്‍ അച്ഛനെ നോക്കി.
"ഊട്ടി...? കൊടൈക്കനാല്‍...?"
ആ ചിരിയിലെ കുസൃതിത്തിളക്കം ടീച്ചര്‍ കണ്ടു.ആ കുസൃതിയേറ്റുവാങ്ങി വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.
"അതെയതെ...തീര്‍ന്നില്ല,കാശി...രാമേശ്വരം...തിരുപ്പതി..."
അപൂര്‍വ ധന്യമായ ഒരു ലാഘവത്വം അന്തരീക്ഷത്തില്‍ നിറഞ്ഞതുകണ്ട് ടീച്ചര്‍ കോരിത്തരിച്ചു.
38 Comments, Post your comment:
ടീച്ചറേ കഥക്ക് പേര് പ്രത്യേകം ചേർത്തില്ല. മുൻപ് വായിച്ചതാണെങ്കിലും ഇപ്പോഴും പറയുന്നു,,, നല്ല കഥ,,,
മുന്പ് വായിച്ചിരുന്നു,എങ്കിലും പുനര്‍വായന ഒട്ടും മടുപ്പിക്കുന്നില്ല,നല്ല കഥ.
നല്ല കഥ...
ishtaayi katha
All the Best
Nannaayi. Kadhayile chila bhaagangal ente veettile pole thanne. otta vathyaasam maathram. achhan, ammayude adukkalum valare moshamaayittu perumaarum, oru reethiyilum sneham purathu kaanikkilla.
Punarvayanayilum Peruthishtamayi.
ഞാനാദ്യം വായിക്കയ ഈ കഥ, നന്നായിട്ടുണ്ട് ചേച്ചി
ഹെലോ ടീച്ചര്‍..
കഥ വായിച്ചു. നന്നായിരിക്കുന്നു.. എല്ലാ ആശംസകളും
ഈ കഥ എന്റെ പുതിയ ബ്ളോഗ് പോസ്റ്റ്“വെടിയൊച്ച ഉയരുന്ന വീടുകളു” മായി കൂട്ടി വായിക്കാമെന്നു തോന്നുന്നു ടീച്ചറേ..
മുന്‍പ് വായിച്ചതായി തന്നെ ഓര്‍മ്മ. കഥ നന്നായി പറഞ്ഞു ടീച്ചര്‍
കഥ കൊള്ളാം , ഇഷ്ടമായി.
കണ്ണു നിറഞ്ഞു....എവിടെയോ ആരെയൊക്കെയോ ഓര്‍മ്മ വന്നതാണോ അതോ സ്വയം ഇത്തരമൊരവസ്ഥയില്‍ സങ്കല്പ്പിച്ചുപോയതാണോ ....അറിയില്ല.
oru nalla katha koodi vaayikkaanaayi... santhosham...
ആദ്യമായാണീ കഥ വായിക്കുന്നത്. വളരെ ഇഷ്ടപ്പെട്ടു. ആ അച്ഛന്റെ മാനസികാവസ്ഥ ഓര്‍ത്ത് കണ്ണു നിറഞ്ഞു.
കഥ പറച്ചില്‍ നന്നായി. ഒന്ന് കൂടി ഒതുക്കി പറഞ്ഞിരുന്നെങ്കില്‍ ...
പിന്നെ പേര് കൊള്ളില്ല. കഥക്ക് യോജിക്കില്ല.
അഭിനന്ദനങ്ങള്‍
superb.... superb ടീച്ചറേ.... നല്ല കഥ. ഏതോ ഒരു സിനിമയിലെ, മുരളിയുടെ കഥാപാത്രത്തെ ഓര്‍മിപ്പിച്ചു വിശ്വനാഥന്‍.
വളരെ നല്ല അവതരണം.അല്പം നീണ്ടു പോയോ എന്ന് സംശയം.
മകന്റെ നിസ്സഹായ അവസ്ഥയും മാതാ പിതാക്കളുടെ വേദനയും
മനസ്സില്‍ തറക്കുന്നു .പക്ഷെ ഇതിന്റെ മറുവശം ഉള്ള മക്കളോ?
അതാണ് ഇന്നത്തെ തലമുറയുടെ ശാപം എന്ന് തോന്നുന്നു.അല്പം
പോലും ഖേദം ഇല്ലാതെ മാതാപിതാക്കളെ മറക്കുന്നവര്‍... കൂടെ
താമസിക്കാന്‍ ഒട്ടും താല്പര്യം കാണിക്കാത്തവര്‍..
kollam ketto ...
വിശ്വനാഥനച്ഛനും ശാരദയമ്മയും ഇല്ലാത്ത വീടുകളുണ്ടാവില്ല. പ്രസവകാലത്ത് അമ്മമാരും, കുട്ടികൾ അല്പം വളർന്നുകഴിഞ്ഞാൽ അച്ഛന്മാരും കൂടെയുണ്ടാവണമെന്ന്, മക്കൾക്കും മരുമക്കൾക്കും നിർബന്ധം.അത് ഇങ്ങനെയുള്ള ആവശ്യങ്ങൾ വരുമ്പോൾ മാത്രം. ഈ വിഷയം പലരും എഴുതിയിട്ടുണ്ടെങ്കിലും, അവരുടെ മനോഗതികൾ വിവരിക്കുന്നതിൽ,നല്ല വ്യത്യസ്ഥത. അവസാനം അപ്രതീക്ഷിതമായ, ധന്യമായ ആ ലാഘവത്വത്തിൽ ശുഭകരമായി അവസാനിപ്പിച്ചത് - ഇന്നത്തെ ‘മക്കൾ’ തീർച്ചയായും കാണാനുള്ളതാണ്. ‘ അല്പം അകലം കാത്തുസൂക്ഷിക്കുന്നതാണ്, ബന്ധങ്ങളുടെ കെട്ടുറപ്പിന് നന്ന്...’ഇതാണ് ഈ കഥയിലെ അന്തർലീനമായ ആശയം. അഭിനന്ദനങ്ങൾ.......... .
നന്നായിരിക്കുന്നു,വളരെ...
നന്നായിരിക്കുന്നു,വളരെ...
നല്ല കഥയെന്നോ പറയേണ്ടത്?? ജീവിതം തന്നെ ഇത്...
ഈ കഥയിലൂടെ ഒരുപാട് കുടുംബങ്ങളിലെ നെടുവീര്‍പ്പാണ് പ്രതിദ്ധ്വനിക്കുന്നത് . ശൈലീ മാഹാത്മ്യം കൊണ്ടും ,കഥന കൌതുകം കൊണ്ടും സന്ദേശത്തിന്റെ അന്തസ്സത്ത കൊണ്ടും കഥയെ മനോഹരമാക്കി . എവിടെയൊക്കെയോ കഥാകാരിയുടെ ആത്മ നൊമ്പരങ്ങളുടെ അംശം ചിതറിക്കിടക്കുന്നത് പോലെ .അഭിനന്ദനങ്ങള്‍
കുറച്ചു കാലം മുമ്പ് വായിച്ച കഥയാണിത് എന്നാലും.ഇപ്പോള്‍ ഈ കഥ വായിച്ചപ്പോള്‍ രണ്ട് തുള്ളി കണ്ണുനീര്‍ വന്നു.അന്ന് വിശ്വനാഥനാണെങ്കില്‍ ഇന്ന് ഞാനാണ് കഥാപാത്രം
മുന്പ് വായിച്ചിരുന്നില്ല.
മനോഹരമായ അവതരണം..ശരിക്കും ഇഷ്ടപ്പെട്ടു. നന്ദി.
ഭേഷ്! മുൻപു വായിച്ചപോലെ ഒരു തോന്നൽ..” ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം” ഓർമ്മയിൽ ഓടി വരുന്നു. ഈ”ഒറ്റയും പെട്ടയും“ പാലായിലെ ഭാഷ ആവാം. എല്ലാവർക്കുംമനസ്സിലാകുമോ? ആവോ... ഈ അച്ഛനെന്താ ഇങ്ങനെ അമ്മയുടെ പിറകെ തന്നെ നടക്കുന്നത്?" എന്തു സുഖം! പെൻഷ്യൻ പറ്റിയ റ്റീച്ചറമ്മേ! അസ്സലായിട്ടുണ്ട്..ഒന്നാംതരം ശൈലി..വായനക്കൊരു സുഖം.. ഓർമ്മിക്കനോരു വസന്തം...
കഥ നന്നായിരിക്കുണൂ .. അഭിനന്ദനങ്ങള്‍ ... ആ അച്ഛന്റെ നിസ്സഹായതയും അമ്മയുടെ ആത്മസംഘര്‍ഷവും വായനക്കാരുടെ മനസ്സില്‍ത്തട്ടുന്ന അവതരണ ശൈലി ഏറെ ഇഷ്ടായിട്ടോ
മിനി,തെറ്റു ചൂണ്ടിക്കാണിച്ചതില്‍ നന്ദി.തിരുത്തിയിട്ടുണ്ട്.
വന്നവര്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ നന്ദി...
കുടുംബ ബന്ധങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് വളരെ നല്ലൊരു സന്ദേശം ഈ കഥയിൽ ഉണ്ട്..വളരെ നല്ല ആവിഷ്കാരം..എല്ലാ ആശംസകളും
മുൻപൊന്നു വായിച്ചതാണ്. വീണ്ടും വായിച്ചു;
ഇഷ്ടപ്പെട്ടു.
good,Hearty feel...
Teacher.R U mangalassery leela teacher, if i am u r student.very thanks with touch u
മന്‍സൂര്‍,ഡോക്ടര്‍,വളരെ നന്ദി.
പ്രിയ ശിഷ്യാ ,മംഗലശ്ശേരി അല്ല പുളിംപറമ്പ ആണ് .ഞാന്‍ തിരഞ്ഞിട്ട് ബ്ലോഗ് കണ്ടില്ലല്ലോ ...എന്റെ മെയില്‍ ഐഡി പ്രൊഫൈലി ലുണ്ട്.കഴിയുമെങ്കില്‍ബന്ധപ്പെടുക.
.
നല്ല കഥയാണ് ടീച്ചര്‍.
അച്ഛന്റെയും മകന്റെയും അമ്മയുടെയും മാനസികാവസ്ഥകള്‍ നന്നായി അവതരിപ്പിച്ചു.
നല്ല കഥ...
വളരെ വളരെ ഹൃദ്യമായി.
കഥ നന്നായിട്ടുണ്ട്.വൈകി വായിച്ചതിന് ക്ഷമാപണം.
അനുമോദനങ്ങള്‍.
hridyamaaya kadha.........aashamsakal
നന്നായി പറഞ്ഞിരിക്കുന്നു...
അഭിനന്ദനം ടീച്ചർ.
Post a Comment