സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



വളര്‍ത്തുമൃഗം

November 20, 2010 Salini Vineeth

ആരെയാണു കുറ്റപ്പെടുത്തേണ്ടത്‌? അതേ, രമ തന്നെയാണ് വേണുവിനെ കൊണ്ട് അങ്ങനെ ചെയ്യിച്ചത്‌. അസൂയ! അല്ലാതെന്താ? എന്നാലും വേണു ഇങ്ങനെ മാറുമെന്ന്‌ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. സ്നേഹത്തോടെ തഴുകിയിരുന്ന കൈകള്‍ കൊണ്ടുതന്നെ വേണു... ഓര്‍ക്കുംതോറും മീനു കൂടുതല്‍ കരഞ്ഞു. കഴുത്തുവേദന മാറിയിട്ടില്ല. പൊള്ളിയിടത്തൊക്കെ വല്ലാത്ത നീറല്‍ . ആ വീട്ടിനകത്തെ ഇളം ചൂട്‌.. രുചികരമായ ഭക്ഷണം,എന്തും തട്ടിമടിച്ച്‌ ഇടാനുള്ള സ്വാതന്ത്യം. വേലിക്കരുകിലെ തണുപ്പില്‍ കിടന്നുകൊണ്ട്‌ മീനു വീണ്ടും വീണ്ടും കരഞ്ഞു.

മീനുവിന്റെ നടത്തതിനു തന്നെ ഒരു ആഡ്യത്തമുണ്ട്. പതിഞ്ഞ കാല്‌വൈപ്പുകളോടെ മൃദുസ്വരത്തില്‍ കുറുകി കൊണ്ടവള്‍ ആ വീട്ടില്‍ നടന്നിരുന്നു. അവള്‍ക്ക് കിടക്കാന്‍ കട്ടിയുള്ള കാര്‍പെറ്റ് സ്വീകരണ മുറിയുടെ മൂലയില്‍ ഇട്ടിരുന്നു.എങ്കിലും വേണുവിന്റെയടുത്തു ഇളം ചൂടുള്ള സോഫയില്‍ ഇരിക്കാനാണ് അവള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്.

വേണു ഓഫീസില്‍ നിന്ന് വന്നാല്‍ , വസ്ത്രം മാറി "രമേ ചായ.." എന്നു വിളിച്ചു പറയുമ്പോഴേയ്ക്കും മീനു കുറുകിക്കൊണ്ട് അയാളുടെ അടുത്തെത്തും.അവളെ കൈയ്യിലെടുത്തു തലോടിക്കൊണ്ട് അയാള് ടി വി യുടെ മുന്നിലെ സോഫയില്‍ ഇരിക്കും.

ഈ പണ്ടാരം വല്ല ലോറിയും കയറി ചാകുമെന്ന ആത്മഗതത്തോടെ രമ ചായ കൊണ്ടു വയ്ക്കും. രവിയെ ഒന്നു കനപ്പിച്ചു നോക്കിയിട്ട് തിരിഞ്ഞു നടന്നു പോകുകയും ചെയ്യും. അപ്പോള്‍ മീനു പകുതി കണ്ണടച്ച് സ്വപ്നരാജ്യത്തില്‍ ആയിരിക്കും. അവള്‍ രമയെ തലചെരിച്ചൊന്നു നോക്കും. പിന്നെയും സ്വപ്നത്തില്‍ മുഴുകും.പിന്നെ അത്താഴം വിളമ്പി എന്ന അശരീരി അടുക്കളയില് നിന്നു മുഴങ്ങുന്ന വരെ രവി ടി വി യുടെ മുന്നിലായിരിക്കും. മീനുവും.

വേണു അത്താഴം കഴിചു കൊണ്ടിരിക്കുമ്പോള്‍ രമ ഒരു പാത്രത്തില്‍ മീനുവിനു പാലൊഴിചു കൊടുക്കും. പാല് മുക്കാല് ഭാഗം കുടിച്ചിട്ട് പാത്രം തട്ടി മറിക്കുക എന്നത് മീനുവിന്റെ ഇഷ്ട വിനോദമാണ്. അടിക്കാനായി രമ കൈയ്യുയര്ത്തുമ്പോഴെയ്ക്കും അവള്‍ വേണുവിന്റെ കൈയ്യില്‍ അഭയം പ്രാപിക്കും.

നിനക്കതങ്ങു തുടച്ചു കളഞ്ഞാലെന്താ? നിന്റെ ദേഷ്യം ആ മിണ്ടാപ്രാണിയോടു തീര്ക്കണ്ട.. അല്ലെങ്കില്‍ തന്നെ നിനക്കിവിടെ മലമറിക്കുന്ന പണി ഒന്നുമില്ലല്ലോ? വേണുവിന്റെ ശബ്ദം ഉയരുമ്പോള്‍ രമ നിശബ്ദയായി തല താഴ്ത്തും. കുറ്റപ്പെടുത്തുന്നതു പോലെ രമയെ ഒന്നു നോക്കിയിട്ട് മീനു കാര്പെറ്റില്‍ പോയി കിടക്കും.

"നീ അധികം അഹങ്കരിക്കണ്ട മീനു.." പകല്‍ വീട്ടില്‍ തനിച്ചാകുമ്പോള്‍ രമ പറയും. മീനു അതു കേള്ക്കാത്ത ഭാവത്തില്‍ വീടിനു പുറത്തേയ്ക്കു നടക്കും. അസൂയ! അല്ലാതെന്താ?

വേണുവും രമയും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാക്കും. മീനുവിനു വഴക്കു കാണാന് ഇഷ്ട്ടമാണ്. രമ കരയുന്നതു കാണുമ്പോള്‍ ചിലപ്പോള്‍ മീനുവിനു സങ്കടം തോന്നും. പക്ഷെ അവള്‍ തിരുത്തും. രമ ഒരു മൂധേവിയാണ്...

രമ കൂടോത്രം ചെയ്തു കാണും, അല്ലെങ്കില്‍ എല്ലാം എത്ര പെട്ടെന്നാണു മാറിമറിഞ്ഞത്!

അന്നു പകല്‍ വേലിക്കിടയിലൂടെ നൂണ്ടപ്പോള്‍ മീനുവിന്റെ കഴുത്ത് അല്പം മുറിഞ്ഞു. വല്ലാത്ത വേദന. വൈകിട്ടു വരെ ഞരങ്ങിയും മൂളിയും അവള്‍ അടുക്കള പടിയില് കിടന്നു.തിന്നാന്‍ കൊടുത്തതൊന്നും മണത്തു നോക്കിയതു കൂടിയില്ല.

വൈകിട്ട് വേണുവിന്റെ മുഖം കണ്ടപ്പോഴാണു അവള്ക്കു കുറച്ച് ആശ്വാസമായത്. പരാതി പറയുന്ന മുഖവുമായി ഉറക്കെ കരഞ്ഞു കൊണ്ടവള്‍ വേണുവിന്റെ കാല് ചുവട്ടില് മുട്ടിയുരുമ്മി. പോ പൂച്ചേ എന്നു പറഞ്ഞ് വേണു അവളെ കാല് കൊണ്ടു തട്ടി മാറ്റി. വേദനയും സങ്കടവും കലര്ന്ന ഒരു കരച്ചിലോടെ മീനു വേണുവിന്റെ കാല്‍ പാദത്തില്‍ മൃദുവായി ഒന്നു പോറി, വേണുവിന്റെ രൂപം മാറിയത് എത്ര പെട്ടെന്നാണ്! കഴുത്തില് തൂക്കിയെടുത്ത് അവളെ മുറിയുടെ മൂലേയ്ക്കെറിഞ്ഞു. എന്നിട്ടും ദേഷ്യം മാറാതെ അടുക്കളയില്‍ നിന്ന് കത്തുന്ന വിറകു കൊള്ളിയെടുത്ത് വീട്ടില് നിന്ന് അടിച്ചോടിച്ചു. അടുക്കളയുടെ ഇരുട്ടില് ഇരുന്ന് രമ ചിരിക്കുന്നുണ്ടായിരുന്നോ? അവള്ക്കറിയില്ല.

ഓരോന്നോര്ത്തും കരഞ്ഞും വേദന സഹിക്കാനാവാതെ ഞരങ്ങിയും വേലിയുടെ അടുത്തു കിടക്കയാണു മീനു.നന്നേ ഇരുട്ടിയപ്പോള്‍ പാത്തും പതുങ്ങിയും ഒരു പാത്രം പാലുമായി രമയെത്തി. അവളുടെ തലയില്‍ പതുക്കെ തലോടി.

"അഹങ്കരിക്കണ്ടാന്നു ഞാന് പറഞ്ഞതല്ലേ മീനു?" രമ കയ്പ്പോടെ ചോദിച്ചു.

15 Comments, Post your comment:

സ്വപ്നസഖി said...

മിണ്ടാപ്രാണിയുടെ വികാരവിചാരങ്ങള്‍ നിറഞ്ഞൊരു കഥ കൊളളാം..ആശംസകള്‍

SUJITH KAYYUR said...

kadhayude avasaana bhagam onnu maattiyirunnenkil kooduthal manoharam aakumaayirunnu.valarthu mrigangale kurich malayaalathil maathramalla,mattu bhaashakalilum sneham manakkunna kadhakal und.nannaayi.aashamsakal.

റാണിപ്രിയ said...

ഒരു മിണ്ടാപ്രാണി യുടെ പരിഭവങ്ങളും പരാതികളും ....വളരെ നന്നായിട്ടുണ്ട്........

Pushpamgadan Kechery said...

പാവം മനുഷ്യ പ്രാണി, അല്ല മിണ്ടാ പ്രാണി .

ആശംസകള്‍ ...

റോസാപ്പൂക്കള്‍ said...

നല്ല ഭംഗിയായി എഴുതി ഭാവുകങ്ങള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

മിന്നുവെന്ന പൂച്ചയിലൂടെ കഥയൊഴുക്കിയതിനഭിനന്ദനം കേട്ടൊ

പ്രയാണ്‍ said...

കൊള്ളാം.........

Unknown said...

സ്നേഹം കൊതിക്കുന്ന ജീവികള്‍! കഥ നന്നായി.

Salini Vineeth said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി.
ഒരു കഥയെ പല രീതിയില്‍ വായിക്കാം എന്ന് ഇവിടുത്തെ അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിലായി. :)
ഞാന്‍ ഈ കഥയിലൂടെ പറയാന്‍ ശ്രമിച്ചത്‌ വേറൊന്നാണ്‌... അതെന്താണെന്ന് പറയുന്നില്ല, കാരണം അത് കഥ തന്നെ പറയേണ്ടിയിരിക്കുന്നു...
അതിനു കഥയ്ക്ക്‌ കഴിഞ്ഞില്ലേ എന്ന ഭയമുണ്ട്...

സുരേഷ് ബാബു said...

nalla avatharanam..........

Manoraj said...

ഈ കഥ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് മറ്റൊന്നായിരുന്നു. വിഢിത്തമാണെങ്കില്‍ മറന്ന് കളയുക. എങ്കിലും തോന്നിയത് പറയട്ടെ.

ഇവിടെ മീനു എന്ന പൂച്ചയുടെ സുന്ദരമായ രൂപത്തോടായിരുന്നില്ലേ വേണുവിന് സ്നേഹം എന്ന് തോന്നി. കാരണം കഴുത്ത് മുറിഞ്ഞ മീനുവിനെ എന്തുകൊണ്ടോ വേണുവിന് അസഹിഷ്ണുതയോടെയേ കാണാന്‍ കഴിഞ്ഞുള്ളൂ എന്ന് തോന്നുന്നു. എന്റെ ഈ തോന്നലും ഒരു പക്ഷെ തെറ്റാവാം. എന്തായാലും എന്റെ വായന ഇങ്ങിനെയായിരുന്നു. സൌന്ദര്യമുണ്ടെങ്കിലേ വിലയുള്ളൂ. രോഗിയായാല്‍ ഏത് സുന്ദരിക്കും / സുന്ദരനും കത്തുന്ന വിറകുകൊള്ളികൊണ്ട് തന്നെ ശിക്ഷ. ഒപ്പം പടിക്ക് പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന ശിഷ്ടജീവിതവും. ഇതാണ് എനിക്ക് തോന്നിയത്. കഥയേക്കാള്‍ വലുതായി പോയി കമന്റ്.

ഇത് ഞാന്‍ ശാലിനിയുടെ ബ്ലോഗില്‍ ഇട്ട കമന്റ്. ഇവിടെയും പേസ്റ്റ് ചെയ്യുന്നു.

Salini Vineeth said...

ഇത് ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ട കമന്റ്‌ ആണ്
-----------------------------------
പ്രിയ മനോ, ആദ്യം തന്നെ താങ്കളുടെ ആഴത്തിലുള്ള വായനയ്ക്ക് നന്ദി പറയട്ടെ..
താങ്കള്‍ വായിച്ചതിനോട് ഏകദേശം അടുത്തു നില്‍ക്കുന്നത് തന്നെയാണ് എന്റെയും കോണ്‍സെപ്റ്റ്. ഒരു വ്യത്യാസം മാത്രം, എന്റെ കാഴ്ചപ്പാടില്‍ സൌന്ദര്യം പോയി എന്നതിനേക്കാള്‍ വേണുവിനെ അസഹ്ഷ്ണു ആകുന്നതു മിനുവിന്റെ പരാതിപ്പെടുന്ന മുഖമാണ്..
എപ്പോഴും ചിരിച്ച മുഖവുമായിരിക്കുന്ന ഒരാളെയേ വേണുവിനു ആക്സെപ്റ്റ് ചെയ്യാന്‍ കഴിയൂ.. അത് പൂച്ചയായാലും സ്വന്തം ഭാര്യ ആയാലും..

പൂച്ച ഒരു പ്രതീകം മാത്രമാണ്.. ഒരിക്കല്‍ രമയ്ക്ക്‌ സംഭവിച്ചതാണ് ഇന്ന് പൂച്ചയ്ക്ക് സംഭവിച്ചത്.. അത് കൊണ്ടാണ് അവസാന ഭാഗത്ത്‌ രമ, "അഹങ്കരിക്കണ്ട എന്ന് ഞാന്‍ പറഞ്ഞതല്ലേ" എന്ന് ചോദിക്കുന്നത്...
പിന്നെ ഋതുവിലെ കമന്റ്സ് കണ്ടപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത് പറയാന്‍ കഥയ്ക്ക്‌ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം തോന്നി.
ഒപ്പം ഒരു കഥ പലര് വായിക്കുമ്പോള്‍ അതിനു പല വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നു എന്ന വസ്തുത സന്തോഷം തരുകയും ചെയ്തു..

കഥയെക്കുറിച്ച് എനിക്ക് പുതിയ കാഴച്ചപ്പാടുകള്‍ തന്ന എല്ലാവര്ക്കും നന്ദി!!
------------------------------------

ഹരിപ്രിയ said...

വായിച്ചപ്പോള്‍ ഞാനും മനോജ്‌ നെ പോലെയാണ് ചിന്തിച്ചത്....
എന്തായാലും നന്നായിട്ടുണ്ട്... ഒരുപാടിഷ്ടപ്പെട്ടു...

നിരഞ്ജന്‍ തംബുരു said...

shalini nannayi ishtaayiiii

coment enthu parayana...okk manoraj u said it ..that i thnk

കിരണ്‍ said...

നന്നായി :)