സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



കണ്ണുകള്‍

November 29, 2010 അനില്‍കുമാര്‍ . സി. പി.



പുറത്ത് ആള്‍ക്കാരുടെ അമര്‍ത്തിയ ഒച്ചകള്‍. ആരുടേയൊക്കെയോ അടക്കം പറച്ചിലുകള്‍‍. ആരെല്ലാമോ  വരികയും പോകുകയും ചെയ്യുന്നു. ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കുറച്ചു നേരം തനിച്ചിരിക്കണം എന്ന് തോന്നിയപ്പോഴാണ് മുറിക്കുള്ളിലേക്ക് വന്നത്.


വല്ലാത്ത പുകച്ചില്‍. പുറത്തേക്കുള്ള ജനല്‍പ്പാളികള്‍  തുറന്നു. എവിടെയും ഒരിലപോലും പോലും അനങ്ങുന്നില്ല. ജന്നലിനടുത്ത് ഒഴിഞ്ഞ കൂജ. ഫ്രിഡ്ജിന്റെ ആഡംബരം വന്നിട്ടും എന്നും കൂജയിലെ വെള്ളം കുടിക്കാന്‍ അവള്‍ക്കായിരുന്നല്ലോ കൂടുതല്‍ താല്പര്യം!

‘രാജാ’ തോളില്‍ മെല്ലെയമരുന്ന കൈപ്പടം, ദാസേട്ടനാണ്.

‘അവര് വന്നിരിക്കുന്നു...’

‘ദാസേട്ടന്‍ എന്താണെന്ന് വെച്ചാല്‍ ചെയ്തോളൂ’

‘ഉം... നീ ഈ പേപ്പറില്‍ ഒന്ന് ഒപ്പിടണം... പിന്നെ അതിനുമുമ്പ് ഒന്ന് കൂടി നിനക്കു കാണണമെങ്കില്‍..’

‘ഞാന്‍ വരാം ദാസേട്ടാ ...’

കയ്യിലിരുന്ന പേപ്പര്‍ മേശപ്പുറത്ത് വെച്ചിട്ട് ദാസേട്ടന്‍ പുറത്തേക്ക് പോയി.


മേശപ്പുറത്ത് അവളുടെ, അമ്മുവിന്റെ ഫോട്ടോ. ആ വിടര്‍ന്ന, തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി. ആ മിഴികള്‍ ഒന്ന് ചിമ്മിയടഞ്ഞുവോ? ആ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി വിരിഞ്ഞില്ലേ?

ദാസേട്ടന്‍ കൊണ്ടുവന്ന സമ്മതപത്രത്തില്‍ ഒപ്പിടുന്നതിനു മുമ്പ് ഒരുവട്ടം കൂടി കണ്ണുകള്‍ അവളുടെ ഫോട്ടോയിലുടക്കി.


‘കൈ വിറക്കുന്നുണ്ട് അല്ലേ... നോക്ക്, എന്നോട് പറഞ്ഞത് മറക്കണ്ട കേട്ടോ’

പിന്നെയും ആ ചിരിക്കുന്ന കണ്ണുകള്‍.

'ഒന്നും, ഒന്നും എനിക്ക് മറക്കാന്‍ വയ്യല്ലോ അമ്മൂ.'

എന്നായിരുന്നു ഈ കണ്ണുകള്‍ ആദ്യമായി കണ്ടത്?

ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങിന് പോയത് ഒരു തമാശയായിട്ടായിരുന്നു. പക്ഷെ, ഇടക്കെപ്പോഴോ അകത്തെ മുറിയുടെ ഇരുട്ടില്‍, ജനലഴികള്‍ക്കിടയിലൂടെ കണ്ട രണ്ട് തിളങ്ങുന്ന കണ്ണുകള്‍ തുളഞ്ഞ് കയറിയത് ഹൃദയത്തിനുള്ളിലേക്കായിരുന്നു. ഒപ്പം ആളിനേ കാണുന്നതിനു മുമ്പ് തന്നെ മനസ്സ് തീരുമാനമെടുത്തിരുന്നു, ‘ഈ കണ്ണുകള്‍ എനിക്ക് വേണം’!

ആദ്യമായി അവള്‍ക്ക് നല്‍കിയ സ്നേഹമുദ്രകളും പാതികൂമ്പിയ ആ മിഴികളിലായിരുന്നല്ലോ.

പിന്നെ എത്രയെത്ര വര്‍ഷങ്ങള്‍... ചിരിച്ചും, കളി പറഞ്ഞും, കരഞ്ഞും, പിണങ്ങിയും കുസൃതി കാട്ടിയും ഒക്കെ ആ കണ്ണുകള്‍ എന്നോടൊപ്പം. നീണ്ട പീലികളുള്ള ആ തിളങ്ങുന്ന കണ്ണുകളില്‍ നോക്കി ഒന്നും പറയാതെ, ഒരുപാട് പറഞ്ഞ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍!


പിന്നെ ഒരിക്കല്‍ എന്തോ ഔദ്യോഗിക ആവശ്യത്തിന് ഒരു അന്ധവിദ്യാലയത്തില്‍ പോകേണ്ടി വന്നപ്പോഴാണ് അവളും കൂടെ വന്നത്. പല തരത്തിലുള്ള അന്ധരായ കുഞ്ഞുങ്ങളേയും, അവരുടെ കഷ്ട്പ്പാടുകളും ഒക്കെ കണ്ടതോടെ അവളുടെ മുഖം മ്ലാനമായി. കയ്യില്‍ കരുതിയിരുന്ന സമ്മാനങ്ങളൊക്കെ ആ കുട്ടികള്‍ക്ക് കൊടുത്ത് മടങ്ങിപ്പോരുമ്പോഴും, കാറില്‍ വെച്ചും അവള്‍ ഒന്നും സംസാരിച്ചില്ല.

രാത്രി ഒരു പുസ്തകവും വായിച്ചു കിടക്കുമ്പോഴാണ് അവള്‍ അടുത്തു വന്ന് കിടന്നത്.

‘രാജേട്ടാ, ഞാനൊരു കാര്യം പറയട്ടേ?’

‘ഉം’

മെല്ലെ നെഞ്ചില്‍  തലചേര്‍ത്ത്,  രോമങ്ങളില്‍ വിരലോടിച്ച് അവള്‍ തുടര്‍ന്നു,

‘ഇന്ന് ആ കണ്ണ് കാണാന്‍ വയ്യാത്ത കുട്ടികളെ കണ്ടില്ലേ, എന്തൊരു കഷ്ടമാ അല്ലേ?’

‘ഉം’

‘രാജേട്ടാ, ഞാന്‍ എന്റെ കണ്ണ് മരണശേഷം ദാനം ചെയ്യാന്‍ വേണ്ടി നേത്രബാങ്കില്‍ പേര് കൊടുത്തോട്ടേ?’

‘ങേ .. കണ്ണ് ദാനം ചെയ്യാനോ?’ ഒരു ഞെട്ടലാണുണ്ടായത്.

‘വേണ്ട... മരണശേഷമുള്ള കാര്യമൊന്നും ഇപ്പോഴാലോചിക്കണ്ട’

പൊടുന്നനെ അവള്‍ തിരിഞ്ഞു കിടന്നു.

‘ദാ ഇപ്പറയുന്നത്... അവനോന്റെ കാര്യം വരുമ്പോ എല്ലാരും ഇങ്ങനാ... മറ്റുള്ളവരോട് കണ്ണ് ദാനം ചെയ്യണം, പുണ്യപ്രവര്‍ത്തിയാ എന്നൊക്കെ ഉപദേശിക്കാന്‍ എല്ലാര്‍ക്കും ആവും.’

‘ഉം... മറ്റുള്ളോര് കൊടുത്തോട്ടെ, ഇവിടെ ആരും കൊടുക്കുന്നില്ല.’


കുറച്ച് നേരത്തേക്ക് അവളുടെ ശബ്ദം കേട്ടില്ല. പിന്നെ മെല്ലെ ഏങ്ങലടികള്‍ ഉയരാന്‍ തുടങ്ങിയപ്പോള്‍ അവളെ ചേര്‍ത്തു പിടിച്ചു,

‘അമ്മൂ നിനക്കറിയില്ലേ, നിന്റെയീ കണ്ണുകള്‍ ഏട്ടന് ...’


‘ഉം എനിക്കറിയാം. ഒന്ന് ഓര്‍ത്ത് നോക്കിയേ , രാജേട്ടന് ഒരുപാടിഷ്ടമുള്ള എന്റെയീ കണ്ണുകള്‍ നമ്മുടെ കാലശേഷവും ഒരുപാട് കാലം ജീവിച്ചിരിക്കുന്നത്. മാത്രമല്ല രണ്ട് പാവം മനുഷ്യര്‍ക്ക് കാഴ്ച കൊടുക്കുക എന്ന പുണ്യവും.’


‘പിന്നെ രാജേട്ടനറിയാമല്ലോ, കണ്ണ് ദാനം ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ കണ്ണിലെ ‘കോര്‍ണിയ’ എന്ന ചെറിയ ഒരു പടലം എടുക്കുക  മാത്രമല്ലേ ചെയ്യുന്നുള്ളൂ, പത്തു  മിനിറ്റ് മതീന്നും  അത് എടുക്കുന്നത് തിരിച്ചറിയാന്‍ പോലും പറ്റില്ല എന്നൊക്കെയാ കേട്ടത്.’

‘ഉം ശരി, നിന്റെ ഇഷ്ടം പോലെ നടക്കട്ടെ’

ആ കണ്ണുകള്‍ നക്ഷത്രങ്ങള്‍ പോലെ തിളങ്ങി.

‘കള്ളന്‍’... തന്റെ കണ്ണടയൂരി ഇരു കണ്ണുകളിലും അവള്‍ മാറി മാറി ചുംബിച്ചു.

‘രാജാ... അവര്‍ കാത്തിരിക്കുന്നു...’ ദാസേട്ടനാണ്.

ഒപ്പിട്ട സമ്മതപത്രവുമായി പുറത്തേക്ക് ചെന്നു.


വെള്ളത്തുണിയില്‍ പൊതിഞ്ഞ് ശാന്തമായി കിടക്കുന്ന അമ്മുവിന്റെ ശരീരം. നിലവിളക്കിന്റെ തിരിനാളങ്ങള്‍ ഇനിയും നിറം മങ്ങിയിട്ടില്ലാത്ത അവളുടെ കണ്‍പീലികളില്‍ തിളങ്ങി. മെല്ലെ കുനിഞ്ഞ് അവളുടെ മിഴികളില്‍ ചുംബിക്കുമ്പോള്‍ ഒഴുകിയിറങ്ങിയ രണ്ട് കണ്ണുനീര്‍ത്തുള്ളികള്‍ ആ അടഞ്ഞ കണ്‍പോളകളില്‍ വീണ് ചിതറി.

‘അമ്മൂ, തൃപ്തിയായില്ലേ... നീ ആഗ്രഹിച്ചത് പോലെ, നിന്റെയീ കണ്ണുകള്‍ ഏതോ രണ്ട് പാവം മനുഷ്യരിലൂടെ ഇനിയും ഒരുപാട് കാലം ഈ ലോകത്തിന്റെ തിളക്കം കണ്ടുകൊണ്ടേയിരിക്കും.’
-------------------------------------
http://manimanthranam.blogspot.com

21 Comments, Post your comment:

റാണിപ്രിയ said...

ഇത് വായിച്ചപ്പോള്‍ എന്റെ മിഴികള്‍ ഈറനണിഞ്ഞു ..... കണ്ണുകള്‍ ആണല്ലോ നമ്മുടെ മുഖത്തിന്റെ ആകര്‍ഷണം...പ്രണയവും,ദുഖവും,ദേഷ്യവും എല്ലാം എല്ലാം കണ്ണ് കളിലൂടെയാനല്ലോ പ്രതിഫലിക്കുന്നത് .... നല്ല പോസ്റ്റ്‌....ഇനിയും നല്ല കഥകള്‍ക്ക് കാതോര്‍ക്കുന്നു....അഭിനന്ദനങ്ങള്‍.......

Unknown said...

വായിച്ചു തീര്‍ന്നപ്പോഴെക്കും എന്‍റെ കണ്ണുകളും നിറഞ്ഞു,

അഭിനന്ദനങ്ങള്‍!!

SUJITH KAYYUR said...

Ammu namukkidayil undaayirunnathu pole thonnunnu. Nalla kadha.

ente lokam said...

മരിച്ചവര്‍ക്ക് കണ്ണ് എന്തിനു എന്ന് ചിന്തിക്കാന്‍ പോലും
നമുക്ക് ആവുന്നില്ല.കാരണം നാം നമ്മെ തന്നെ അത്ര
മാത്രം സ്നേഹിക്കുന്നു.വേദനയും വേണ്ടപ്പെട്ടതും
വേര്‍തിരിച്ചു പറയാന്‍ എഴുത്തിനു കഴിഞ്ഞു ...

Junaiths said...

നേരത്തെ വായിച്ചിരുന്നു..
ഒരിക്കല്‍ കൂടി പറയട്ടെ..നല്ല കഥ..കണ്ണ് നനയിക്കുന്ന..നല്ലൊരു സന്ദേശം ഉള്‍ക്കൊള്ളുന്ന നല്ല കഥ..

സ്വപ്നസഖി said...

‘പിന്നെ രാജേട്ടനറിയാമല്ലോ, കണ്ണ് ദാനം ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ കണ്ണിലെ ‘കോര്‍ണിയ’ എന്ന ചെറിയ ഒരു പടലം എടുക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ, പത്തു മിനിറ്റ് മതീന്നും അത് എടുക്കുന്നത് തിരിച്ചറിയാന്‍ പോലും പറ്റില്ല എന്നൊക്കെയാ കേട്ടത്.’


നല്ല കഥ. വായനക്കാരിലേക്ക് അറിവിന്റെ വെളിച്ചം വീശിയതോടൊപ്പം കണ്ണുകളെ ഈറനണിയിക്കുകയും ചെയ്തു.

എല്ലാവരും അമ്മുവിനെപ്പോലെ ചിന്തിച്ചിരുന്നെങ്കില്‍ !!!അമ്മുവിന്റെ കണ്ണുകള്‍ ഒരുപാടുകാലം ഇനിയും ജീവിക്കട്ടെ!

ആളവന്‍താന്‍ said...

ഞാന്‍ ഇത് മുന്‍പ് വായിച്ചിരുന്നു അനിലേട്ടാ....

Sapna Anu B.George said...

അനില്‍ ...............ഈ കഥയോടെ ഞാന്‍ ഒരു കാര്യം തീരുമാമിച്ചു, ഞാന്‍ എന്റെ രണ്ടു കണ്ണും ദാനം ചെയ്യും,എന്റെ ഈ ജീവിതം കൊണ്ട് ആര്‍ക്കെങ്കിലും ഒക്കെ പ്രയോജനം ഉണ്ടാകട്ടെ.കഥയുടെ ശക്തിയും പ്രയോജനവും,മറ്റുള്ളവരില്‍ ഒരു നല്ല സന്ദേശം എത്തിക്കാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷിക്കുന്നു.

റോസാപ്പൂക്കള്‍ said...

ഇത് ഞാന്‍ വായിച്ചിരുന്നു.നല്ല സന്ദേശമുള്ള ഈ കഥക്ക് അഭിനന്ദനങ്ങള്‍

പാവപ്പെട്ടവൻ said...

പലപ്പോഴും എഴുത്തുകൾ പ്രയോചനപ്രദമാകണം.
വായണക്കരനെ ആകഥസന്ദേശത്തിലേക്കു ക്ഷണിക്കുകയല്ല നിർബദ്ധം പിടിച്ചിരുത്തുകയാണു വേണ്ടതു എന്നു തോന്നുന്നു. ഇത്തരത്തിൽ സാമുഹ്യബൊധത്തെ സ്പർശിക്കുന്ന ജീവനുള്ള കഥകൾ അതിനു വേണ്ടിവരും

അന്ന്യൻ said...

*****
:(

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മിഴിനീര്‍ത്തുള്ളിയുടെ മിഴികളും നിറഞ്ഞു...
-------------------------------
മുമ്പ് വായിക്കാന്‍ കഴിഞ്ഞിരുന്നില്ല...
ലിങ്ക് തന്ന കുഞ്ഞൂസ് ചേച്ചിക്ക് നന്ദി

ജസ്റ്റിന്‍ said...

നല്ല ഒരു സന്ദേശം. പക്ഷെ അത് ഒരു കഥയാക്കുന്നതിൽ വേണ്ടത്ര വിജയിച്ചുവോ എന്ന സംശയം ബാക്കിയാകുന്നു. അന്ധരുടെ കഷ്ടത എല്ലാവർക്കും അറിയാവുന്നത് കൊണ്ടാണ് പലരും വികാര നിർഭരമായി പ്രതികരിച്ചത് എന്ന് ഞാൻ കരുതുന്നു.

priyag said...

ammuvine orupaadu ishttapettu. aa kannukalum.

Unknown said...

വായനക്കാരിലേക്ക് നല്ല സന്ദേശം പകരുന്ന കഥ.

Typist | എഴുത്തുകാരി said...

അതെ, ആ കണ്ണുകൾ മറ്റു രണ്ടുപേർക്ക്‌ വെളിച്ചം പകരട്ടെ.

പട്ടേപ്പാടം റാംജി said...

സന്ദേശം പകരുന്ന കഥ വായിച്ചിരുന്നു.

വിജയലക്ഷ്മി said...

കഥയിലൂടെ ...ഒരു മഹത്തായ സന്ദേശം വായനക്കാരിലെത്തിക്കാന്‍ ദിനേഷിനു സാധിച്ചു .മനസ്സില്‍ നോവ്‌ പടര്‍ത്താന്‍ ...ചിന്തിപ്പിക്കാന്‍ ...ഈ കഥക്ക് സാധിച്ചു ...

സുസ്മേഷ് ചന്ത്രോത്ത് said...

കണ്ണുകള്‍ അനായാസം വായിക്കാവുന്ന നല്ല കഥയായിരിക്കുന്നു.ഭാവുകങ്ങള്‍.

Anonymous said...

കണ്ണുകള്‍ നീരണിഞ്ഞു.....എഴുതാന്‍ വാക്കുകള്‍ ഇല്ലാ...

റീനി said...

ഈ കഥ എല്ലാവരിലും ഒരു സന്ദേശമായി എത്തട്ടെ!