അതിഭാഷണം
**********
നഗരത്തിലെ അപഥസഞ്ചാരികള്‍ക്കിടയില്‍ പേര്‌കേട്ട വേശ്യാലയത്തിന്റെ കോണിപ്പടികള്‍ കേറുമ്പോള്‍ അയാള്‍ തികച്ചും ശാന്തനായി കാണപ്പെട്ടു.
ഇരുട്ടില്‍ പൊളിഞ്ഞു വീണേക്കാവുന്ന പൊയ്മുഖത്തെയോര്‍ത്ത് യാതോരാശങ്കയുമില്ലാതെ
പടികള്‍ ഓരോന്നായി ചവുട്ടി കയറി. മുകളില്‍ അയാളെ കാത്തെന്നോണം നിന്ന
ജൂബ്ബാ ഷര്‍ട്ടിട്ട കൊമ്പന്‍ മീശക്കാരന്‍ തടിയന്‍ ഒരു നിമിഷം നെറ്റി
ചുളിച്ച് , പിന്നെ ധൃതിയില്‍ ചോദിച്ചു ;
"ഫോണില്‍ സംസാരിച്ച ..."
"അതേ",
അയാള്‍ പരുക്കന്‍ ശബ്ദത്തില്‍ പ്രതിവചിച്ചു.
"എല്ലാം പറഞ്ഞ പോലെ തന്നല്ലേ "?
പോക്കറ്റില്‍ നിന്ന് ആയിരത്തിന്റെ രണ്ടു നോട്ടുകള്‍ തടിയന് നേരെ നീട്ടി അയാള്‍ ആരാഞ്ഞു.
"അത് പിന്നെ പ്രത്യേകം പറയണോ സാറേ .വാക്കുറപ്പുള്ള ഒരേ ഒരു കച്ചോടം
ഇതല്ലാതെ വേറെ ഏതാണ് ? പിന്നെ കാക്കിയിട്ട ഒരുത്തനും ഈ വഴി തിരിഞ്ഞു പോലും നോക്കില്ല എന്നത് സാറിനിവിടെ മാത്രം പ്രതീക്ഷിക്കാവുന്ന ബോണസ് ."
"എന്റെ കണ്ടീഷനില്‍ അതിനെക്കുറിച്ചൊന്നും ഞാന്‍ പറഞ്ഞിട്ടില്ല .അത് കൊണ്ട് തന്നെ
ഞാനത് കാര്യമാക്കുന്നുമില്ല . നിങ്ങള്‍ നേരം കളയാതെ പ്രസംഗം നിര്‍ത്തി
കാര്യത്തിലേക്ക് കടക്കു ."
"പിന്നല്ലാതെ നമ്മളെന്തിനു പാതിരാത്രി വെറുതേ നാട്ടുവര്‍ത്തമാനം പറഞ്ഞു മുഷിയുന്നു, അല്ലേ ..ഹ ഹ.. സാറ് വന്നാട്ടെ "
അയാള്‍ താക്കോല്‍ക്കൂട്ടവുമെടുത്തു ഇടനാഴിയിലൂടെ നടന്നു .
" അല്ല സാറേ , സാറെന്താണ് പെണ്ണിന്റെ മുഖം ........................."
"തന്നോട് നേരത്തെ പറഞ്ഞതല്ലേ ചോദ്യങ്ങള്‍ വേണ്ടെന്നു ?"
ആഗതന്‍ അയാളെ മുഴുമിപ്പിക്കാന്‍ അനുവദിച്ചില്ല .
"ഒരു കൌതുകം കൊണ്ട് ചോദിച്ചതാ . അല്ലെങ്കില്‍ തന്നെ തുട്ടു കിട്ടിക്കഴിഞ്ഞാല്‍
പിന്നെ നമ്മളെന്തിനാ വേണ്ടാത്തത് ചിക്കി ചികയുന്നെ ..ബഹുജനം പല വിധം
.അത്ര തന്നെ .ഞാനൊന്നും ചോദിച്ചിട്ടുമില്ല സാറൊന്നും കേട്ടിട്ടുമില്ല
.പോരേ ?"
സാറിന്റെ ഈ കൊരങ്ങന്‍ തൊപ്പിയൊന്നൂരിയിരുന്നെങ്കില്‍ മുഖം വ്യക്തമായേനെന്നു പറയാനിരുന്നതാ .ഇനീപ്പം അതും വിഴുങ്ങീരിക്കുന്നു ."
അതിനും പിന്നില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
വലത്തേയറ്റത്തെ രണ്ടാമത്തെ മുറിയുടെ പൂട്ട് തുറന്നു താക്കോല്‍ ഏല്‍പ്പിക്കുമ്പോള്‍ തടിയന്‍ ചിരിച്ചു .
" തിരിച്ചിറങ്ങുമ്പോള്‍ ഇതുപോലെ പൂട്ടിയെക്കണം "
അയാള്‍ തല കുലുക്കി അകത്തു കടന്ന് വാതിലടച്ചു .
" ഞാനിവിടെ കിടക്കയിലുണ്ട് വലതു വശത്ത് .."
ഇരുട്ടില്‍ ഒരു മധുര ശബ്ദം അയാളെ അരികിലേക്ക് ക്ഷണിച്ചു ..
കിളിനാദം മന്ത്രിച്ച ദിശയിലേക്ക് അയാള്‍ മന്ദം നടന്നു .മെത്തയിലൂടെ
ഇഴഞ്ഞു നീങ്ങിയ കൈകള്‍ നനുത്ത മൃദുലതയില്‍ തട്ടി തടഞ്ഞപ്പോള്‍ അയാള്‍
വിറച്ചു .
പൊടുന്നനെ അയാള്‍ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു .
"ഇതെന്താണ് നിങ്ങള്‍ തലയും മുഖവും മറച്ചിരിക്കുന്നത്" ? മങ്കി ക്യാപ്പാണോ ?
ചോദ്യത്തിനിടയില്‍ത്തന്നെ അവളതൂരിമാറ്റിയിരുന്നു.
"നിനക്ക് നിലാവത്ത് പൂത്ത പിച്ചിയുടെ മണം "
അവളുടെ മൂര്‍ദ്ധാവില്‍ ചുംബിക്കുന്നതിനിടെ അയാള്‍ പിറ് പിറുത്തു ..
"ഹ ..ഹ നിലാവത്ത് പിച്ചി പൂക്കുമോ ? എനിക്കറിയില്ലായിരുന്നു .."
അവള്‍ പൊട്ടിച്ചിരിച്ചു .വളപ്പൊട്ടുകള്‍ പൊടിയുമ്പോലെ..
സത്യം പറഞ്ഞാല്‍ എനിക്കല്‍ഭുദം തോന്നുന്നു .സാധാരണ എന്റടുത്തു വരുന്നവര്‍ നീല
വെളിച്ചത്തില്‍ എന്റെ മേനി കണ്ട് കൊതി തീര്‍ത്തിട്ടേ ലൈറ്റ്
അണയ്ക്കാറുള്ളൂ . നിങ്ങള്‍ മാത്രം .....
നിങ്ങള്‍ക്കെന്റെ മുഖമെങ്കിലും കാണണമെന്ന് തോന്നുന്നില്ലേ ?"
"ഇല്ല .."
അയാളുടെ ശബ്ദം പെട്ടെന്ന് പരുക്കനായി ..
"ഞാന്‍ കണ്ട മുഖങ്ങളിലെല്ലാം ചതിക്കണ്ണുകള്‍ മാത്രം ..
കാമുകിയും, ഭാര്യയുമെല്ലാം ..എല്ലാ മുഖങ്ങളോടും വെറുപ്പാണ് .."
അയാള്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു.
"അത് ശരി അതാണ് കാര്യം" .
"എങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്നതും ചതി തന്നയല്ലേ ?"
"അല്ല നിനക്കുള്ള പ്രതിഫലം ആദ്യമേ പറഞ്ഞുറപ്പിച്ചിട്ടു തന്നെയാണ് ഞാന്‍ വന്നത്. എനിക്കാരേം ചതിക്കണമെന്നില്ല ".
"ഹ ഹ ..അത് കൊള്ളാം .മുഖങ്ങള്‍ പലതവണ ചതിച്ചിട്ടും ഉടലിനോടുള്ള ദാഹം ശമിച്ചിട്ടില്ല. അതുകൊണ്ട് ഇരുട്ടില്‍ ഉടല്‍നക്കി പരസ്പരംകാണാതെ ബാധ്യതയില്ലാതൊരു മടങ്ങിപ്പോക്ക് .."
ഉം ..
അയാള്‍ മൂളിക്കേട്ടു .
"തുറന്നു പറയുന്നതില്‍ മുഷിയരുത്..നിങ്ങള്‍ ശരിക്കും ഒരു ഭീരുവാണ് ."
"ശബ്ദിക്കരുത് ."..! അയാള്‍ അലറി .
അവളെ ഊക്കോടെ പിടിച്ച് തള്ളിയിട്ട് അയാള്‍ വാതില്‍ വലിച്ചു തുറന്ന് പുറത്തേയ്ക്ക് പാഞ്ഞു ..
കോണിപ്പടി തുടങ്ങുന്നിടത്ത് കൊമ്പന്‍ മീശക്കാരന്‍ തടിയന്‍ അയാളെ കണ്ടമ്പരന്നു .
"എന്താണ് സാര്‍ ഇത്ര പെട്ടെന്ന് .....എന്ത് പറ്റി ?"
"വാക്കുറപ്പിക്കുമ്പോള്‍ നിങ്ങളോട് പറയാന്‍ മറന്നുപോയി എനിക്കൊരൂമയെ മതിയെന്ന് ...!"
മറുപടി കാക്കാതെ അലസമായി കോണിപ്പടികളിറങ്ങി അയാള്‍ മുഖമില്ലാത്ത ഇരുട്ടില്‍ ലയിച്ചു ...
അതിഭാഷണം
November 21, 2010
സുരേഷ് ബാബു
Labels: katha
Subscribe to:
Post Comments (Atom)
9 Comments, Post your comment:
എല്ലാവരാലും ചതിക്കപ്പെട്ട മനസ്സു തകര്‍ന്ന ഒരു മനുഷ്യനെ എങ്ങിനെ ഭീരുവെന്ന് വിളിക്കും?
നല്ല കഥ. ഇഷ്ടമായി. ആശംസകള്‍.
വളരെ നല്ല ഭാഷ...
തീം പുതുമയുള്ളതായി തോന്നിയില്ല.. പക്ഷേ ഭാഷയ്ക്കും അവതരണത്തിനും നൂറില്‍ നൂറു :)
നല്ല ഒഴുക്കുണ്ടായിരുന്നു, ഇനിയും എഴുതുക..
ഒന്നൂടെ വായിച്ചു കേട്ടൊ..........:)
നല്ല ഭാഷ ,നല്ല കഥ
കുറഞ്ഞവരികളില്‍ കൂടുതല്‍ കേള്‍പ്പിച്ചു
മുഖമില്ലാത്ത ഇരുട്ട്...
കാഴ്ചയുടെ സുഖം തരുന്ന ഭാഷ. ശരീരത്തിനപ്പുറത്ത് മനസ്സിന്റെ സുഖം തേടുന്ന കഥാപാത്രം.
ചതിയ്ക്കപ്പെട്ട മനസ്സിന്റെ വിഹ്വലത...കൊള്ളാം നല്ല കഥ
ചതിയ്ക്കപ്പെട്ടവന്റെ മനോവിഷമം നന്നായി വരച്ചുകാണിച്ചിരിക്കുന്നു...
ഇഷ്ടായി...***
Post a Comment