റിസോര്‍ട്ടു പോലെ തോന്നിക്കുന്ന ഇളം പച്ച പെയിന്റടിച്ച ആശുപത്രിയില്‍ ചുവപ്പ് കുഷ്യന്‍ കസേരയില്‍ വിനീതയും വിജയും തങ്ങളുടെ ഊഴവും കാത്തിരുന്നു. വിജയുടെ കണ്ണുകള്‍ ആശുപത്രിയിലെ ചുവരിലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിനീതയുടെ നോട്ടം അവനെ പിന്തുടര്‍ന്നു. 'ചില്‍ഡ്രന്‍ ആര്‍ ദ് ഗിഫ്റ്റ് ഒഫ് ഗോഡ്' എന്നെഴുതിയ വലിയ പടത്തില്‍ നീലക്കുപ്പായമിട്ട് പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന രണ്ട് കുരുന്നുകള്‍. വിജയുടെ ശ്രദ്ധ മാറ്റാന്‍ അപ്പോള്‍ വിനീത അവനോട് പലതും ചോദിച്ചു, ആഗ്രഹിക്കാത്ത ചോദ്യവും അര്‍ത്ഥമില്ലാത്ത ഉത്തരങ്ങളും . വിനീതയുടെ മനസ്‌സിലപ്പോള്‍ എന്താണെന്നറിയാന്‍ വിജയ് ആഗ്രഹിച്ചു.
നിര്‍ബന്ധത്തിനു വഴങ്ങി വിനീതയെ ആദ്യമായി കാണാന്‍ പോയ നിമിഷം വിജയിക്ക് ഓര്‍മ്മ വന്നു. കുഞ്ഞുങ്ങളുടെ പടം ഒട്ടിച്ച മുറിയിലെ മേശയില്‍ ചാരി നിന്ന വിനീതയ്ക്കും കുട്ടികളുടെ മുഖമാണെന്ന് അപ്പോള്‍ തോന്നിയിരുന്നു . 'കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമാണല്ലേ ' , എന്നു ചോദിച്ചപ്പോള്‍ നിഷ്‌കളങ്കതയോടെ തലയാട്ടിയ വിനീതയുടെ മുഖം വിജയുടെ മനസ്‌സില്‍ തെളിഞ്ഞു വന്നു. അതാണ് താന്‍ അവളോട് സംസാരിച്ച ആദ്യ വാക്യമെന്ന് ഓര്‍ത്തപ്പോള്‍ വിജയുടെ മനസ്‌സ് ആര്‍ദ്രമായി.
പിന്നീടുള്ള നാല് വര്‍ഷങ്ങളില്‍ വിനീതാ വിശ്വനാഥന്‍ എന്തു കാര്യത്തിനും വിജയ് പറയൂ എന്ന് ഉരുവിടുന്ന വിനീതാ വിജയ് ആയിയെന്നതല്ലാതെ ഒരു മാറ്റവുമുണ്ടായില്ല. ഒരു കുഞ്ഞിന്റെ ആവശ്യം തങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് ആണെന്ന് വിജയ് ഓര്‍ത്തു. വിജയിക്ക് ഒരിക്കലും അച്ഛനാകാന്‍ കഴിയില്ല എന്ന് പറഞ്ഞ ഡോക്ടറുടെ കണ്ണട വച്ച പൗരുഷമില്ലാത്ത നീണ്ട മുഖം എത്രയോ രാത്രികളില്‍ സ്വപനം കണ്ടു ഞെട്ടിയുണര്‍ന്നിട്ടുണ്ട്.
നിനക്കൊരു കുഞ്ഞ് വേണമെന്ന് തോന്നുന്നില്ലേയെന്ന് ചോദിക്കുമ്പോഴൊക്കെ തന്റെ നെറ്റിയില്‍ മൃദുവായി ഉമ്മ വച്ച് 'യൂ ആര്‍ മൈ ബേബി' എന്നു പറയുന്ന വിനീതയുടെ മനസ്‌സിലെ വികാരമെന്താണെന്ന് അറിയാന്‍ താന്‍ ആഗ്രഹിച്ചിട്ടുണ്ട്. ബന്ധുക്കളുടെ ചോദ്യത്തിന് മൂര്‍ച്ചയേറിയപ്പോഴോ അതോ സുഹൃത്തുക്കളുടെ സംശയത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെട്ടപ്പോഴോ അങ്ങനെ ഏതോ ഒരു നിമിഷത്തിലാണ് വിജയുടെ മനസ്‌സില്‍ ആ ഒരു ആശയം വന്നത്.
സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രസംഗിക്കാന്‍ വാക്കുകള്‍ കാണാതെ പഠിക്കുന്ന കുട്ടിയെ പോലെ വിനീതയോട് സംസാരിക്കാന്‍ മനസ്‌സില്‍ വാക്കുകള്‍ പെറുക്കി കൂട്ടി. വീണ്ടും വീണ്ടും ആ വാക്കുകള്‍ ഉരുവിട്ട് ആശങ്കയോടെ വിജയ് വിനീതയുടെ അടുത്തിരുന്നു.തന്റെ പേര് മനോഹരമായി കൊത്തിയ മോതിരമിട്ട അവളുടെ വിരലില്‍ അയാള്‍ തൊട്ടപ്പോള്‍ അവള്‍ അതു ശ്രദ്ധിക്കാതെ അനിമല്‍ പ്‌ളാനറ്റില്‍ ആഫ്രിക്കന്‍ ആന സിംഹത്തെ ഓടിക്കുന്ന ദൃശ്യം കൗതുകത്തോടെ നോക്കിയിരുന്നു. തന്റെ സ്പര്‍ശത്തിന്റെ അര്‍ത്ഥം പോലും വിനീതയ്ക്ക് ഇപ്പോള്‍ തിരിച്ചറിയാമെന്ന് വിജയ് ഭീതിയോടെ മനസ്‌സിലാക്കി.
നീണ്ട പുരുഷാരത്തെ അഭിമുഖീകരിക്കാന്‍ പാടുപെട്ട് വേദിയില്‍ നില്‍ക്കുന്ന കുട്ടിയുടെ പതര്‍ച്ച വിജയില്‍ പ്രകടമായി തുടങ്ങി. അയാളുടെ അസ്വസ്ഥത കണ്ട് സഹതാപം തോന്നിയിട്ടെന്ന വണ്ണം വിനീത ചോദിച്ചു'എന്താ പറയൂ'
അവളുടെ വാക്കുകളില്‍ തന്റെ പേര് ഒഴിവാക്കിയത് ബോധപൂര്‍വ്വമാണെന്ന് അയാള്‍ക്ക് തോന്നി. തന്നെ പേരെടുത്ത് വിളിക്കുന്നതിനെ വിനീതയുടെ അമ്മ ശാസിച്ചപ്പോള്‍ 1889ല്‍ ഇന്ദുലേഖയ്ക്ക് മാധവനെ പേര് വിളിക്കാമെങ്കില്‍ 2010ല്‍ വിനീതയ്ക്ക് ഭര്‍ത്താവിനെ വിജയ് എന്നു വിളിക്കാമെന്ന് അവള്‍ കുസൃതിയോടെ പറഞ്ഞതോര്‍ത്തപ്പോള്‍ വിജയുടെ കണ്ണുകള്‍ അറിയാതെ നനഞ്ഞു. പറയൂ, എന്നവള്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ കാണാതെ പഠിച്ച പ്രസംഗം പെട്ടെന്ന് പറഞ്ഞു തീര്‍ത്ത് വേദിയില്‍ നിന്ന് തിരക്കിട്ട് ഇറങ്ങാന്‍ ശ്രമിക്കുന്ന കുട്ടിയെ പോലെ വിജയ് ശ്വാസം വിടാതെ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍ഫെര്‍ട്ടിലൈസേഷന്‍ എന്ന വാക്ക് വിജയുടെ നാവില്‍ നിന്ന് വീണത് നിസ്‌സംഗതയോടെയാണ് വിനീത കേട്ടത്. ......
'വിനീതാ വിജയ്, 27 വയസ്‌സ്'
കുപ്പായമിട്ട അറ്റന്‍ഡറുടെ ഒച്ച കേട്ടപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്കായ കുട്ടിയെ പോലെ വിജയ് വിനീതയുടെ വിരലുകളില്‍ മുറുക്കെ പിടിച്ചു. അപ്പോള്‍ അവളുടെ വിരലില്‍ കിടന്ന തന്റെ പേരെഴുതിയ മോതിരം അസ്വസ്ഥതയോടെ ഞെരുങ്ങുന്നതായി അയാള്‍ക്ക് തോന്നി.
ഡോക്ടറുടെ മുറിയിലിരുന്ന വിനീതയെയും വിജയെയും കൗതുകത്തോടെയാണ് ഡോക്ടര്‍ നോക്കിയത്. ആകാശനീല നിറമുള്ള സാരി മനോഹരമായി ഞൊറിഞ്ഞുടുത്ത ഡോക്ടറുടെ കണ്ണുകളില്‍ പോലും നീല നിറം പ്രതിഫലിക്കുന്നുണ്ടെന്ന് വിജയ്ക്ക് തോന്നി. കൃത്രിമ ഗര്‍ഭധാരണത്തെക്കുറിച്ച് ഡോക്ടര്‍ വാചാലയായപ്പോള്‍ മുഖം കുനിച്ച് യാന്ത്രികമായി വിനീത അതൊക്കെ കേട്ടിരുന്നു.
കുഞ്ഞുണ്ടാവാന്‍ വേണ്ട ക്രോമോസോം മറ്റൊരാളില്‍ നിന്ന് സ്വീകരിക്കേണ്ടി വരുമെന്ന കാര്യം വിജയുടെ ശേഷിക്കുറവിനെ ചൂണ്ടിക്കാട്ടി നയതന്ത്രജ്ഞതയോടെ ഡോക്ടര്‍ അവതരിപ്പിച്ചപ്പോള്‍ തന്റെ പാതിവ്രത്യത്തിന് മുറിവേറ്റതു പോലെ വിനീതയ്ക്കു തോന്നി. അവളുടെ കണ്ണുകളിലെ ഭാവമെന്താണെന്ന് വിജയ്ക്ക് അപ്പോഴും മനസ്‌സിലായില്ല.
എന്നാലും അയാളുടെ മനസ്‌സില്‍ പണ്ടെപ്പോഴോ അവള്‍ പറഞ്ഞ വാക്കുകള്‍ ഇരച്ചു കയറി.
'വിജയ്, നമ്മുടെ വാവ വിജയെ പോലെ ഇരിക്കണം. ഈ കണ്ണുകള്‍, മൂക്ക്, എന്തിന് സ്വഭാവം പോലും ഇതു പോലെ വേണം.'
അത് വരെയാര്‍ജ്ജിച്ചു വച്ച ശക്തി ഒഴുകി പോകുന്ന പോലെ വിജയ്ക്ക് തോന്നി.വിനീത ഡോക്ടറുടെ മുഖത്ത് ദൃഢമായി നോക്കി പറഞ്ഞു.
'ഡോക്ടര്‍, എന്റെ ഗര്‍ഭപാത്രം എടുത്തു കളയണം. എനിക്കത് ആവശ്യമില്ല.'
ഡോക്ടര്‍ അതിശയത്തോടെ, വല്ലായ്മയോടെ ഇരുവരെയും മാറി മാറി നോക്കി.
വിനീതയുടെ മുഖം ശാന്തമായിരുന്നു.
വിജയ് തളര്‍ച്ചയോടെ കണ്ണുകളടച്ച് കസേരയില്‍ ചാരിയിരുന്നു. വിജയുടെ മനസ്‌സ് മന്ത്രിച്ചു;
'അതെ, ഇനി വിനീതാ വിജയ് പറയട്ടെ........
20 Comments, Post your comment:
എന്റെ ഗര്‍ഭപാത്രം എടുത്തു കളയണം. എനിക്കത് ആവശ്യമില്ല. നന്നായിരിക്കുന്നു നല്ല അവതരണം
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
അഞ്ജു,
''കുഞ്ഞുണ്ടാവാന്‍ വേണ്ട ക്രോമോസോം മറ്റൊരാളില്‍ നിന്ന് സ്വീകരിക്കേണ്ടി വരുമെന്ന കാര്യം
വിജയുടെ ശേഷിക്കുറവിനെ ചൂണ്ടിക്കാട്ടി നയതന്ത്രജ്ഞതയോടെ ഡോക്ടര്‍ അവതരിപ്പിച്ചപ്പോള്‍
തന്റെ പാതിവ്രത്യത്തിന് മുറിവേറ്റതു പോലെ വിനീതയ്ക്കു തോന്നി.''
ആശയം അവതരണം എല്ലാം ശക്തം.
നന്നായിപ്പറഞ്ഞു....
എന്ത് പറഞ്ഞു അഭിനന്ദിക്കണം എന്ന് നിശ്ചയമില്ല....
നല്ല വാക്കുകള്‍ എല്ലാം സ്വീകരിക്കു...
സ്നേഹപൂര്‍വ്വം.
മുൻപ് വായിച്ചതാണെങ്കിലും ഇപ്പോഴും പറയുന്നു, കഥ നന്നായിരിക്കുന്നു.
നേരത്തെ വായിച്ചിരുന്നില്ല അഞ്ജു. ഇത് പക്ഷെ പറഞ്ഞ് പഴകിയ പ്രമേയത്തെ വ്യത്യസ്ഥമായി ട്രീറ്റ് ചെയ്യാന്‍ അഞ്ജു ശ്രമിച്ചിട്ടുണ്ട്. അതില്‍ വിജയിച്ചിട്ടുമുണ്ട്. ഗര്‍ഭപാത്രം എടുത്തുകളഞ്ഞേക്കൂ എന്ന വാക്കുകളില്‍ കൂടെ വിനീത വിനീതയാകുമ്പോള്‍ പക്ഷെ വിജയ് വിജയിക്കുന്നതിന് പകരം പരാജയപ്പെടുകയാണോ എന്നൊരു തോന്നല്‍. എന്നിരിക്കിലും കഥ നന്നായി.
കഥയില്‍ ഇന്ദുലേഖയെയും മാധവനെയും വെറുതെ വലിച്ചിഴക്കേണ്ടായിരുന്നു. പാവങ്ങളല്ലേ അവര്‍ :)
ഇതെ അവസ്ഥയും പേറി ജീവിക്കുന്ന ഒട്ടേറെ ഹത ഭാഗ്യരുടെ കഥകളിൽ ഒന്നാണിത്.....
നന്നായി പറഞ്ഞിക്കുന്നു.
ആശംസകൾ...............
വേറിട്ട ചിന്തകൾ...
വളരെ നന്നായിറ്റുണ്ട്.
വളരെ ശക്തമായ തീം.........പലര്‍ക്കും ഇതുപോലെ വിനീതമാരാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ IVF മൂലമുണ്ടാവുന്ന അംഗവൈകല്യമുള്ള കുഞ്ഞുങ്ങളെ ഒരുപരിധിവരെയെങ്കിലും ജനിപ്പിക്കാതിരിക്കാമായിരുന്നു. നല്ല അവതരണം.
1889ല്‍ ഇന്ദുലേഖയ്ക്ക് മാധവനെ പേര് വിളിക്കാമെങ്കില്‍ 2010ല്‍ വിനീതയ്ക്ക് ഭര്‍ത്താവിനെ വിജയ് എന്നു വിളിക്കാമെന്ന് അവള്‍ കുസൃതിയോടെ...
നന്നായി അവതരിപ്പിച്ച കഥ ഇഷ്ടപ്പെട്ടു.
ഭാവിയില്‍ സംഭവിക്കാവുന്ന മൌനത്തിന് അടിവരയിട്ട വിനീതയുടെ തീരുമാനം കഥയെ കൊഴുപ്പിച്ചു.
അവതരണം നന്നായി.
ആശയവും കൊള്ളാം.
നല്ല അവതരണം.. പ്രമേയം പഴയതെങ്കിലും
ശക്തമായ ഭാഷയില്‍ വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍
വളരെ സാധാരണമായ ഒരു കഥ, പക്ഷെ അവസാനം കഥയില്‍ കൊണ്ടുവന്ന പഞ്ച് കൊണ്ടു വ്യത്യസ്തമായി.
ആശുപത്രിയും കൃത്രിമ ഗര്‍ഭധാരണവും എല്ലാം പലതവണ പ്രമേയമായി വന്നതാണ്. എന്നാല്‍ കഥയുടെ ക്രാഫ്റ്റ് അതിനെ ഒരു വേറെ തലത്തില്‍ കൊണ്ടു ചെന്നെത്തിച്ചു.
വാക്ക്യങ്ങള്‍ നീണ്ടു പോവുന്നു. നേരിട്ട് അര്‍ഥം ലഭിക്കാത്ത പോലെ തോന്നുന്നു ആദ്യ വായനയില്‍.അത് കൊണ്ടു വാക്യ ഘടനയില്‍ ഒന്ന് കൂടി അഴിച്ചു പണികള്‍ വേണോ എന്ന് തോന്നിപോവുന്നു.
കൊള്ളാം
പ്രിയ അഞ്‌ജൂ,
കഥ നന്നായിട്ടുണ്ട്.
അനുമോദനങ്ങള്‍.
:)
കഥ നന്നായിട്ടുണ്ട്.
നല്ല നിരീക്ഷണങ്ങള്‍ .. .. നല്ല കഥയും.
കുറെ ഹതഭാഗ്യരുടെ കഥ...!
kadha valare nannayi.nalla vazhiku kadha parayaan ariyum.alle.abhinandanangal.
എന്‍റെ കുടുംബത്തില്‍ ശാസ്ത്രത്തിന്റെ സഹായത്തോടെ വിളിച്ചു വരുത്തിയ എന്‍റെ അനുജത്തി സാരംഗിയുടെ ഓര്‍മയ്ക്ക്...
പഞ്ചാരക്കുട്ടന്‍ @ വായിച്ചതിനു നന്ദി, അവിടേക്ക് വരാറുണ്ട്
ലീല ചേച്ചി ഞാനിതു വരെ കേട്ടതില്‍ ഏറ്റവും മനോഹരമായ വാക്കുകള്‍ നന്ദി
മിനി ടീച്ചറെ നല്ല വാക്കിനു നന്ദി
മനുവേട്ടാ കഥ വായിച്ചതിനു നന്ദി...
നാട്ടുവഴി @ വാക്കുകള്‍ക്കു നന്ദി
അന്ന്യന്‍ @ നന്ദി
പ്രയാന്‍ @ ഓരോ ശിശുരോധനത്തിലും ഈശ്വര വിലാപമില്ലേ
റാംജി ചേട്ടാ @ വായിച്ചതിനു നന്ദി
എച്മു, ഹനീഫ, സ്വപ്നസഖി @വാക്കുകള്‍ക്കു നന്ദി
മിനേഷ്@ സഖാവിന്റെ വാക്കുകള്‍ക്കു വില കല്‍പ്പിക്കുന്നു. ഇനി എഴുതുമ്പോള്‍ ചൂണ്ടി കാട്ടിയവ ശ്രദ്ധിക്കാം. ഈ കഥ വായിക്കാന്‍ സമയം കണ്ടെത്തിയതില്‍ നന്ദി
സുദീര്‍ @നന്ദി
സുസ്മേഷ് @ നല്ലവാക്കുകള്‍ക്ക് നന്ദി
സുമോദ് ശിവകാമി രേഞ്ഞിഷ് @ നന്ദി
മുരളിയേട്ടാ @ എല്ലാ ഭാഗ്യങ്ങളും എല്ലാവര്ക്കും കിട്ടില്ലല്ലോ
സുജിത് @കഥ പറയാന്‍ അറിയുകയോന്നുമില്ല പഠിച്ചു വരുന്നു
ഈ കഥ അറം പറ്റാതിരിക്കാന്‍ നേര്‍ച്ചകള്‍ നേര്‍ന്ന എന്‍റെ അമ്മക്ക് പ്രത്യേക നന്ദി....
Post a Comment