"അല്ലാ..സാറിനെ ഇവിടെങ്ങും കണ്ട് പരിചയമില്ലല്ലോ ?
ഇവിടെ ആരേക്കാണാനാ."?
വള്ളക്കാരന്‍ അത് ചോദിക്കുമ്പോള്‍ അയാള്‍ വെള്ളപ്പരപ്പിലേക്ക് കണ്ണെറിഞ്ഞ് അലസമായിരിക്കുകയായിരുന്നു .
"ആരേം കാണാനല്ല".
മറുപടി ഒറ്റവാക്കില്‍ ഒതുങ്ങി..
"പിന്നെ... നാടുകാണാന്‍ ഇറങ്ങിയാതിരിക്കും....അതിനാണേല്‍ എന്തെങ്കിലും സഹായം വേണേല്‍ ......
അതും നമ്മുടെ വകുപ്പാണേ .. അങ്ങനേം ചിലര് വരാറുണ്ട് ഇടയ്ക്ക് ..അതോണ്ട് ചോദിച്ചതാ .."
"അതിനുമല്ല ...."
അയാള്‍ ഒരു കൈ കൊണ്ട് വെള്ളം വീശിത്തെറിപ്പിച്ചുകൊണ്ട് പറഞ്ഞു .
"പിന്നെ ..ഒരു കാര്യവുമില്ലാതെ ആരെങ്കിലും തോളേലൊരു സഞ്ചീം തൂക്കി ഇങ്ങനെ ഊര് ചുറ്റാന്‍ ഒരുങ്ങിയിറങ്ങുവോ " ?
"ഹ. ..ഹ ഇത്രയും നേരത്തിനുള്ളില്‍ നിങ്ങള്‍ എന്നോട് എത്ര ചോദ്യങ്ങള്‍ ചോദിച്ചു . സത്യത്തില്‍ ഇതിന്റെ എന്തെങ്കിലും ആവിശ്യമുണ്ടോ,
ഒരു കരയില്‍ നിന്ന് മറു കരയിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ തിരക്കേണ്ട ഒരേ ഒരു കാര്യം മാത്രമേയുള്ളൂ ..ഞാന്‍ കൃത്യമായി തരേണ്ട കടത്തുകൂലിയെപ്പറ്റി .. അതാണെങ്കില്‍ നിങ്ങള്‍ ഇത് വരെ ചോദിച്ചിട്ടുമില്ല .."
"അതു കൊള്ളാം ..എന്തായാലും നിങ്ങള്‍ ഇടയ്ക്ക് വെച്ച് ഓടിപ്പോകാനോന്നും
പോകുന്നില്ലല്ലോ .അതുകൊണ്ട് ആ ചോദ്യം ഞാന്‍ ഒഴിവാക്കുന്നു."
വള്ളക്കാരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
"നിങ്ങള്‍ ഇത്ര വിശദമായി ചോദിച്ച സ്ഥിതിക്ക് പറയാം ..കുറച്ചു കാലത്തേയ്ക്ക് സ്വസ്ഥമായി ജീവിക്കാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചു കറങ്ങി നടക്കുവാ .."
"ങാഹാ.! അങ്ങനെ വരട്ടെ .അപ്പൊ എന്റെ കണക്കു കൂട്ടല്‍ തെറ്റിയില്ല ..സാറിനു പറ്റിയ സ്ഥലം ഞാന്‍ ശരിയാക്കിത്തരാം..ഒറ്റ നോട്ടത്തില്‍ സാറ് സമ്മതം
മൂളും..ഇതാണ് ഞാന്‍ തേടി നടന്ന ഇടമെന്ന് തലകുലുക്കി സമ്മതിക്കും ..
ഞാനിത് ഇന്നും ഇന്നലേം തുടങ്ങിയതല്ല സാറേ.. പിന്നെ സാറ് നേരത്തെ പറഞ്ഞപോലെ ഇടപാട് കഴിയുമ്പോള്‍ ന്യായമായ കൂലി ..ന്യായമായത് മാത്രം .അതാണ് നമ്മുടെ ഒരു രീതി . എന്താ പോരേ?"
"മം .."
അയാള്‍ മൂളി ..
"പക്ഷേ എനിക്കു വേണ്ട സ്ഥലം അത്ര എളുപ്പം കണ്ടുകിട്ടുമെന്നു തോന്നുന്നില്ല ..
കാരണം എനിക്കു ചില വ്യവസ്ഥകള്‍ ഉണ്ടെന്നത് തന്നെ.."
"അതു വേണമല്ലോ ..പിന്നെ , പാലിക്കാന്‍ പറ്റാത്ത ഒരു വ്യവസ്ഥയും ഈ ലോകത്തുണ്ടെന്ന് തോന്നുന്നില്ല ..
നമ്മളുണ്ടാക്കുന്ന വ്യവസ്ഥകള്‍ പാലിക്കാനാളില്ലെങ്കില്‍ പിന്നെ ആവാക്കിനു നിലനില്‍പ്പില്ലല്ലോ.."
"ഉം ....അതും ശരി തന്നെ .."
അയാള്‍ അല്‍പ്പസമയം വള്ളപ്പാടില്‍ കണ്ണുനട്ടിരുന്നു.
"എനിക്കു വേണ്ടത് ഞാന്‍ മാത്രമുള്ള ഒരിടമാണ് ..
എന്ന് വെച്ചാല്‍ പുറത്ത് നിന്ന് ശല്യമായി ഒരു രൂപവും കടന്ന് വരാത്തിടം..
മനുഷ്യന്‍ എന്ന ജീവി ദൂരക്കാഴ്ചയില്‍പ്പോലും കടന്ന് വരാത്തിടം ..
കറുത്ത ചിരിയും, നെഞ്ചു പൊട്ടിയ തേങ്ങലും.. ,
കടത്തിന് പകരം കടപ്പാടും .. ,
വിശപ്പിനു മരുന്നായ് വിഷം കലര്‍ത്തിയ ഉപ്പും,
മരണം കാത്ത് ഊര്‍ദ്ധന്‍ വലിക്കുന്ന വിശ്വാസ നിഴലുകളും,
വേര്‍പാട് ചവച്ചു തുപ്പിയ വേദനകളും ഒന്നുമില്ലാത്തിടം..
ഇരുളും വെളിച്ചവും , ഞാനും എന്റെ നിഴലും മാത്രം.
എന്താ നടക്കുവോ ?"
അയാള്‍ ചോദ്യഭാവത്തില്‍ വള്ളക്കാരനെ നോക്കി ?
"നിങ്ങള്‍ക്കു നീന്തലറിയാമോ ?"
"ഇല്ല എന്തേ ?"
"അല്ലാ ..തലയൊന്നു തണുത്താല്‍ ചിലപ്പോള്‍ ....
ഒരു പരീക്ഷണം ....ഇല്ലെങ്കില്‍ പിന്നെ ചികിത്സയല്ലാതെ വേറെ രക്ഷയില്ല .."
"ഹ..ഹ എന്ന് വെച്ചാല്‍ ഞാന്‍ തലയ്ക്കു സ്ഥിരമില്ലാത്തവന്‍ എന്നര്‍ത്ഥം ..ഞാന്‍ നേരത്തേ പറഞ്ഞില്ലേ എന്നെ സഹായിക്കുക നിങ്ങള്‍ക്കെളുപ്പമാകില്ലെന്ന് .."
"ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്നത് നേര്.."
വള്ളം കടവിലേക്ക് അടുപ്പിക്കുന്നതിനിടയില്‍ അയാള്‍ മറുപടി നല്‍കി ..
"നിങ്ങള്‍ അന്വേഷിക്കാന്‍ ഒരു വിലാസം തരൂ എന്തെങ്കിലും ഒത്ത് വന്നാല്‍ നിങ്ങള്‍ക്കു സ്വബോധമുള്ളപ്പോള്‍ ഞാന്‍ വന്നു കാണാം .."
കടത്തുകൂലി വാങ്ങി മടിക്കുത്തില്‍ തിരുകുന്നതിനിടെ വഞ്ചിക്കാരന്‍ ആരാഞ്ഞു .
"നിങ്ങള്‍ എന്തൊരു മനുഷ്യനാണ് ..ഇത്രയും നേരം കഥാപ്രസംഗം മുഴുവന്‍ കേട്ടിട്ടും പിന്നേം ചോദിക്കുന്നത് കേട്ടില്ലേ ? വീടില്ലാത്തവനോട് വിലാസം ചോദിക്കുന്നു ..!
ഈ കടവും വഞ്ചിയും വിലാസമായുള്ള നിങ്ങളെ തേടിപ്പിടിക്കുന്നതല്ലേ അതിലും എളുപ്പം ..ആവിശ്യം വന്നാല്‍ ഞാന്‍ തിരക്കി വന്നോളാം ..."
മറുപടിക്ക് കാക്കാതെ അയാള്‍ തിരിഞ്ഞു നടക്കുന്നതും നോക്കി വഞ്ചിക്കാരാന്‍ ചിറികോട്ടി ചിരിച്ചു ..
പിറ്റേന്ന് വെള്ളപ്പരപ്പില്‍ വിലാസമില്ലാത്തവന്റെ പ്രേതം ഭാരമില്ലാതൊഴുകി നടന്നു ..
പാതിയടഞ്ഞ മിഴികള്‍ , തേടിയലഞ്ഞത് കണ്ടെത്തിയവന്റെ നിര്‍വൃതിക്ക് സാക്ഷി പറഞ്ഞു ..
മേല്വിലാസം
November 27, 2010
സുരേഷ് ബാബു
Labels: katha
Subscribe to:
Post Comments (Atom)
7 Comments, Post your comment:
നന്നായി പറഞ്ഞു. പ്രത്യേകിച്ച് ആ അവസാന വരികള്‍ . ഇഷ്ട്ടപ്പെട്ടു.
ഇഷ്ട്ടപ്പെട്ടു.
നന്നായി,
നല്ല കഥ. അധികം വലിച്ചു നീട്ടാതെ ഭംഗിയായി പറഞ്ഞു
നല്ല കഥ, ആള്‍ക്ക് പറ്റിയ സ്ഥലം തന്നെ കണ്ടെത്തി
നന്നായിരിക്കുന്നു..
മേല്വിലാസം ഇല്ലാത്തോന്റെ അഭയസ്ഥലം...കൊള്ളാം നന്നായിരിക്കുന്നു
Post a Comment